Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, June 23, 2006

ജാതകം

ഏടത്തി ഇനിയും ഒരുങ്ങിയില്ലേ?” വിമലയാണ്.

കണ്ണാടിയിലേക്ക്‌ വെറുതേ നോക്കി. മുഖം മാത്രം പ്രതിഫലിപ്പിക്കും. മനസ്സോ? മറ്റുള്ളവരുടെ മനസ്സില്‍ ആണ്‌‍ തങ്ങളുടെ മനസ്സ്‌ ശരിക്കും പ്രതിഫലിച്ചു കാണുക എന്ന് ആരോ പറഞ്ഞത്‌ ഓര്‍ത്തു. ഷീലയോ രാജിയോ. ഓര്‍ക്കുന്നില്ല.

"ഇനി മുടിയും കൂടെ ശരിയാക്കിയാല്‍ മതി. ഏടത്തി സുന്ദരി ആയി." അവള്‍ മുടി പിടിച്ച്‌ നേരെയാക്കാന്‍ തുടങ്ങി.

അതെ. സുന്ദരിയായിട്ട്‌ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കുന്നത്‌ എത്രാമത്തെ തവണ ആണെന്നുകൂടെ മറന്നിരിക്കുന്നു. ആദ്യമൊക്കെ എണ്ണിയിരുന്നു. പിന്നെ ഒക്കാത്ത ഒരു ജാതകം ആണ് എല്ലാം മറക്കാന്‍ പഠിപ്പിച്ചത്‌. ഇഷ്ടമായീന്നു പറഞ്ഞുപോകുന്നവരുടെ പിന്നെയുള്ള അറിയിപ്പ്‌ ജാതകദോഷവുമായാണ് എത്തുന്നത്‌. അച്ഛന്‍ ഇടയ്ക്ക്‌ എടുത്ത്‌ ശ്രദ്ധിച്ച്‌ നോക്കുന്നത്‌ കാണാം. ജാതകക്കെട്ടുകള്‍. എല്ലാവരുടേയും. എവിടെയാണ് യോജിപ്പില്ലാത്തത്‌ എന്ന് ചിന്തിച്ചിട്ടുണ്ട്‌. ജാതകമോ സ്ത്രീധനമോ ഒക്കാതെ ഇരുന്നിട്ടുണ്ടാവുക എന്നും ചിന്തിച്ച്‌ നോക്കിയിട്ടുണ്ട്‌. അറിയാത്ത രണ്ടാള്‍ക്കാരെ ബന്ധിച്ച്‌ നിര്‍ത്തുന്ന കടലാസിലെ കുറച്ച്‌ വരികള്‍. അത്ഭുതം തോന്നാറുണ്ട്‌ പലപ്പോഴും. മനസ്സില്‍ ഒരു ഒത്തൊരുമ ആവശ്യം ഉണ്ടാവില്ലേന്ന്.

"ഇനി ആദ്യം ജാതകം നോക്കീട്ട്‌ മതി, കാണാന്‍ വരവ്‌ " എന്ന് മുത്തശ്ശി ഉറപ്പിച്ച്‌ പറഞ്ഞത്കൊണ്ടാണു ഇത്തവണ "ഒത്ത" ജാതകവുമായി വന്നിട്ടുള്ളത്‌. ജാതകം രക്ഷപ്പെട്ടു എന്ന് ഓര്‍ക്കുകയും ചെയ്തു.

"ഏടത്തീ ശരിയായി. വരൂ " വിമല കൈ പിടിച്ച്‌ വലിച്ചു.

“വരാം.”

തളത്തില്‍ എത്തിയപ്പോള്‍ അമ്മ ചായക്കപ്പുകള്‍ വെച്ച ട്രേ ഏല്‍പ്പിച്ചു. വിമല പലഹാരങ്ങളുമായി പിന്നാലെ വന്നു. എല്ലാവര്‍ക്കും ചായ കൊടുത്തു. ചോദ്യങ്ങള്‍ ആയി. പേര് പഠിപ്പ്‌, ജോലി.

വെറുതേ കുറച്ച്‌ ചോദ്യങ്ങള്‍. ഉത്തരങ്ങളും.

ജോലിയ്ക്ക്‌ എന്തായാലും പോകണമെന്നാണ് താല്‍പര്യം എന്ന് പറഞ്ഞതിനാണ് ഏതോ ഒരു ആലോചന തെറ്റിപ്പോയതെന്ന് മുത്തശ്ശി ഒരിക്കല്‍ പറഞ്ഞു. അതുകൊണ്ട്‌ പിന്നീട്‌ ജോലിയെപ്പറ്റി ചോദ്യം വന്നപ്പോഴൊക്കെ സൌകര്യമനുസരിച്ച്‌ ചെയ്യാം എന്ന മറുപടി ആണ് കൊടുത്തത്‌.

ഇന്റര്‍വ്യൂ തീര്‍ന്നിരിക്കുന്നു. വേഷവിധാനങ്ങളൊക്കെ മാറി അണിയാം.

"ഏടത്തീ, അവരൊക്കെ പോയി. ഇത്‌ നടക്കും എന്നാണു പറയുന്നത്‌".

നടക്കുമെങ്കില്‍ നടക്കട്ടെ. മനസ്സ്‌ എപ്പോഴേ ശൂന്യമായതാണ്.

ഒരാഴ്ച കഴിഞ്ഞാണ് തീരുമാനം വന്നത്‌. അവര്‍ക്ക്‌ വിമലയെ ആണ് താല്‍പ്പര്യം. അയാളുടെ ജോലിയും, ജീവിതരീതിയും, താമസസ്ഥലവും വെച്ച്‌ നോക്കുമ്പോള്‍ വിമലയാണത്രേ കൂടുതല്‍ അനുയോജ്യം. എല്ലാവരും കൂടെ ചര്‍ച്ച ചെയ്യുന്നിടത്ത്‌ നിന്ന് മുറിയിലെ ഏകാന്തതയിലേക്ക്‌ തിരിച്ച്‌ വരുമ്പോള്‍ കണ്ടു. അച്ഛന്റെ മേശപ്പുറത്ത്‌ ജാതകക്കെട്ട്‌. പാവം. എത്രയോ പഴി അത്‌ വെറുതേ കേട്ടിരിക്കുന്നു. അതിനും ജീവനുണ്ടാവുമോ എന്തോ? എന്നാല്‍ തീര്‍ച്ചയായും അത് ആശ്വസിച്ചിരിക്കും. തെറ്റ് തന്റേതല്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞതില്‍.

അത്ഭുതങ്ങളുടെ ആകെത്തുകയായ ജീവന്റെ ഗതി നിയന്ത്രിക്കുന്നത്‌ ഒരു കടലാസ്സിലെ കുറച്ച്‌ അക്ഷരങ്ങളും വരകളും ആണോ?

വിധി എഴുതിച്ചേര്‍ത്ത, എഴുതാനും മായ്ക്കാനും കഴിയാത്ത കുറിപ്പിനു മുന്നില്‍, ജാതകക്കുറിപ്പുകള്‍ വെറുതേ കിടന്നു.

13 Comments:

Blogger ബിന്ദു said...

ജാതകം മൂലം തകരുന്ന എത്രയെത്ര ജീവിതങ്ങള്‍ ! നന്നായി അവരുടെ ഫീലിങ്ങ്സ്‌ എഴുതിയിട്ടുണ്ട്‌.

Fri Jun 23, 11:09:00 PM IST  
Blogger തണുപ്പന്‍ said...

നന്നായിട്ടുണ്ട് സൂചേച്ചി.

ജാതക ദോഷം കൊണ്ട് ഇന്നും കല്യാണം കഴിക്കാത്ത ഒരു ടീച്ചര്‍ എന്നെ എല്‍.പി സ്കൂളില്‍ പഠിപ്പിച്ചിരുന്നു. ഞാന്‍ ആത്മബന്ധം പുലര്‍ത്തുന്ന വളരെ ചുരുക്കം ഗുരുക്കന്‍ മാരില്‍ ഒരാള്‍. ഇപ്പോള്‍ പ്രായം കൊണ്ട് അത്യധികം പരീക്ഷിണയാണ്.എല്ലാ തവണയും നാട്ടില്‍ പോകുമ്പോള്‍ ഒരുച്ചയൂണിന് അവിടെ പോകാറുണ്ടായിരുന്നു. കഴിഞ്ഞതവണ ചില തിരക്കുകളും കുറഞ്ഞ സമയവും കാരണം പോകാന്‍ സാധിച്ചിരുന്നില്ല.ആരില്‍ നിന്നോ കേട്ടറിഞ്ഞ് ആ പാവം, ഒരു പൊതിയില്‍ കെട്ടിയ മധുരങ്ങളുമായി അത്തവണ എന്നെ കാണാന്‍ വന്നു.

തനിക്കില്ലാതിരുന്ന മക്കള്‍ക്ക് കൊടുക്കാന്നുള്ള സ്നേഹമായിരുന്നു ആ മധുരമെന്നെനിക്ക് തോന്നി.

Sat Jun 24, 01:09:00 AM IST  
Anonymous Anonymous said...

എന്താ പറയാ, പറ്റുമെങ്കില്‍ പെണുകുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെ... അപ്പോള്‍, ജാതകവും വിധിയും ഒന്നും ആരും കാരണങ്ങളായി പറയില്ല...ഒക്കെ പാട്ടിനു പോവുന്നതു കാണാം..

Sat Jun 24, 01:36:00 AM IST  
Blogger വക്കാരിമഷ്‌ടാ said...

പക്ഷേ, ഇവിടെ ജാതകം ചേര്‍ന്നിട്ടും ഇഷ്ടപ്പെട്ടത് വിമലയെ ആണല്ലോ. അപ്പോള്‍ ഇതിനു മുന്‍‌പും പലരും ജാതകം ചേര്‍ന്നില്ല എന്നു പറഞ്ഞത് ചിലപ്പോള്‍ ഒരു ഒഴിവുകഴിവ് ആയിരുന്നിരിക്കും. ഒഴിവാക്കാന്‍ പറയുന്ന ഒരു കാരണമായും പലപ്പോഴും ജാതകത്തെ ഉപയോഗിക്കുന്നുണ്ട്, പലരും. പാവം ജാതകം!

ആ ഏടത്തിയുടെ സങ്കടം മനസ്സില്‍ തട്ടുന്നു. റോജ സിനിമയിലും ഇതുപോലൊരു സീനുണ്ടായിരുന്നല്ലോ. എനിക്ക് ഇന്ത പൊണ്ണിനെ പിടിച്ചിറിക്ക് എന്നോ മറ്റോ അരവിന്ദ് സ്വാമി പറയുന്നത്. പക്ഷേ അവിടെ സാഹചര്യം വേറെയായിരുന്നു എന്ന് തോന്നുന്നു. ആ പിടിച്ചിറുക്ക കാരണം എല്ലാവരും ഹാപ്പി. ഇവിടെ ഏടത്തി പിന്നെയും ഒറ്റപ്പെട്ടു..........

Sat Jun 24, 07:03:00 AM IST  
Blogger Satheesh :: സതീഷ് said...

സൂ, നന്നായി എഴുതിയിരിക്കുന്നു. ഇതുപോലുള്ള topic സൂവിനു നന്നായി വഴങ്ങുന്നു..
വക്കാരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. പലപ്പോഴും ജാതകം വെറുതെ ഒരു പഴി മാത്രം. ഇപ്പോ ജാതകം ചേരില്ലാന്നു പറഞ്ഞാല്‍ അതൊരു ‘authentic and genuine reasoning' ആവുമല്ലോ! നാലു പണിക്കരോട് ചോദിച്ചാല്‍ എട്ടു തരം ഉത്തരം കിട്ടുമെന്നുള്ളത് ഇതിനെ പഴിക്കാന്‍ കുറച്ച് കൂടി സൌകര്യം തരുന്നു! എന്റെ ഒരു senior ഉണ്ടായിരുന്നു. ജാതകം ചേരുന്നില്ലാന്ന് പറഞ്ഞ് കുറെ കാലം അവള്‍ക്ക് കല്യാണം ഒന്നും നടന്നില്ല. ഇനി കല്യാണം നടക്കൂല്ലാന്നും കരുതി അവള്‍ ജോലിക്ക് try ചെയ്യാന്‍ തുടങ്ങി. അത്രയും നാള്‍ ജോലി ഉണ്ടായിരുന്നില്ല. ജോലി കിട്ടിയിട്ട് മൂന്നാം മാസം കല്യാണവും നടന്നു! ജോലി കിട്ടിയതിനു ശേഷം പെണ്ണ് കാണാന്‍ വന്ന രണ്ടു പാര്‍ടികള്‍ക്ക് ജാതകത്തില്‍ തീരെ വിശ്വാസമില്ലായിരുന്നത്രേ!

Sat Jun 24, 12:56:00 PM IST  
Blogger സാക്ഷി said...

ആദ്യമാദ്യം വന്ന ഓരോ കല്യാണ ആലോചനകളും ജാതകത്തിന്‍റെ പേരില്‍ മുടങ്ങിപോയിരിക്കും വക്കാരി. ജാതകം ചേരും വരെ കാലം കാത്തു നില്ക്കില്ലല്ലോ. പിന്നെ പിന്നെ പ്രായവും തൂക്കിനോക്കാന്‍ തുടങ്ങുന്നത് സ്വാഭാവികം.

നന്നായിട്ടുണ്ട് സൂ.

Sat Jun 24, 12:57:00 PM IST  
Blogger Adithyan said...

ജാതകം ചേര്‍ന്നില്ല എന്നത് എളുപ്പത്തില്‍ പറയാന്‍ കഴിയുന്ന ഒരു ഒഴിവുകഴിവായിട്ടാണ് തോന്നിയിട്ടുള്ളത്‌. സൌന്ദര്യം പോര(?) അല്ലെങ്കില്‍ പണം പോര എന്നു വെട്ടിത്തുറന്നു പറയുന്നതിനൊരു മറ...

Sat Jun 24, 07:05:00 PM IST  
Blogger സു | Su said...

ബിന്ദൂ :)

തണുപ്പന്‍ :)

എല്‍ ജീ :)

ആദി :)

വക്കാരീ :)

സതീഷ് :)

സാക്ഷീ :)

എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒപ്പം പങ്കു വെച്ച അനുഭവങ്ങള്‍ക്കും.

Sat Jun 24, 11:29:00 PM IST  
Blogger കെവിന്‍ & സിജി said...

എന്റച്ഛന്‍ ഞങ്ങള്‍ മക്കള്‍ക്കാര്‍ക്കും ജാതകം എഴുതിച്ചിട്ടില്ലായിരുന്നു. ജാതകത്തിന്റെ പ്രവചനങ്ങളെക്കുറിച്ചോര്‍ക്കാതെയും വേവലാതിപ്പെടാതെയുമാണു് ഞാന്‍ വളര്‍ന്നതു്. അത്രയും കൂടുതല്‍ അമ്മ വേവലാതിപ്പെട്ടിരുന്നതു് അറിയാതെയല്ല. പക്ഷേ ജാതകത്തിലും ദൈവത്തില്‍ പോലും വിശ്വസിക്കാന്‍ പഠിച്ചില്ല. പിന്നെ കല്ല്യാണമായപ്പോള്‍, സിജിയുടെ വീട്ടുകാര്‍ ചേര്‍ച്ച നോക്കാന്‍ കുറിപ്പുകള്‍ ഏല്പിച്ചതു് ഒരു വലിയ പണിക്കരുടെ ഗുമസ്തന്റെ അടുത്തായിരുന്നു. പണിക്കരു ജാതകം നോക്കി റിസല്‍ട്ടു ഫോണില്‍ വിളിച്ചു പറഞ്ഞപ്പോള്‍, ഫോണെടുത്തതു സിജി. വലിയ ചേര്‍ച്ചയൊന്നുമില്ലെന്നു് പറഞ്ഞതു്, അവള്‍ ചെറുതായി തിരുത്തി 'നല്ല ചേര്‍ച്ചയാക്കി', അങ്ങനെ ഞങ്ങള്‍ ഒത്തു ചേര്‍ന്നു.

Mon Jun 26, 03:37:00 PM IST  
Blogger സു | Su said...

കെവിന്‍ :)

Tue Jun 27, 01:24:00 PM IST  
Blogger ഉമേഷ്::Umesh said...

സൂ. ഗുരുകുലത്തില്‍ ഈയിടെയായി ജ്യോതിഷമാണു പ്രധാനവിഷയം. വായിച്ചോ?

Sat Jul 15, 09:34:00 PM IST  
Blogger സു | Su said...

ഉമേഷ്‌ജീ :) വായിച്ചില്ല. വായിക്കും. ജ്യോതിഷം എനിക്ക് താല്പര്യമുള്ള ഒരു കാര്യമാണ്. ഒന്നും അറിയില്ലെങ്കിലും.

Sun Jul 16, 06:11:00 PM IST  
Blogger സിബു::cibu said...

കല്യാണത്തിന് ജാതകം നോക്കല്‍ വലിയൊരു സാമൂഹികതിന്മ തന്നെ (മറ്റുപലതും പോലെ).

കെവിനേ, നസ്രാണികള്‍ ജാതകം നോക്കുമോ?! ആദ്യമായിട്ട്‌ കേള്‍ക്കുകയാണ്.

ജനിച്ചസമയമറിയാമായിരുന്നെങ്കില്‍ ഒന്ന്‌ ജാതകം നോക്കാമായിരുന്നു എന്ന്‌ ദീപ, ജയന്‍ സ്റ്റൈലില്‍ പറഞ്ഞ്‌ നടക്കുന്നു. ഗണിക്കാനറിയുന്ന ജോതിഷിയെ വക്കാരി കണ്ടുപിടിച്ചുകൊണ്ടുവരെ ഒന്നു ക്ഷമിക്കൂ എന്ന് പറഞ്ഞ്‌ നിറുത്തിയിരിക്കുകയാണ്. വക്കാരീ ചതിക്കല്ലേ ;)

Mon Jul 17, 10:32:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home