Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, July 17, 2006

ആന!

ഒരു ആനയെ വാങ്ങണമെന്നുള്ളത്‌ എന്റെ ഒരു ആഗ്രഹമായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നവനായതുകൊണ്ട്‌ വലിയൊരു സ്വപ്നം എന്ന് പറയാം. മുകളിലെ ആകാശവും താഴെയുള്ള ഭൂമിയും സ്വന്തമെന്ന് അഹങ്കരിച്ച്‌ നടക്കുന്ന കാലത്താണ് ആനക്കാര്യവും മനസ്സില്‍ വന്നത്‌. കൂട്ടുകാരനെക്കണ്ട്‌ അഭിപ്രായം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്‌ , ആനയ്ക്കൊക്കെ വല്യ വിലയാടാ. നിന്റെ കൈയില്‍ വല്ലതും ഉണ്ടോ അതിന്, എന്നാണ്. കൈയില്‍ കൈരേഖകള്‍ മാത്രം ഉണ്ടെന്ന് അറിയാവുന്ന ഞാന്‍ ഒന്നും മിണ്ടിയില്ല.

അങ്ങനെ വല്ലതും ഉണ്ടാക്കാന്‍ വേണ്ടി പണ്ട്‌ പഠിച്ചുപേക്ഷിച്ചിരുന്ന ഡ്രൈവിങ്ങ്‌ ജോലി പൊടി തട്ടിയെടുത്തു. മുതലാളിയുടെ വണ്ടിയില്‍ നാട്ടുകാര്‍ സഞ്ചരിച്ചിട്ട്‌ കിട്ടുന്ന കാശുകൊണ്ട്‌ ഒന്നും തികഞ്ഞില്ല. അങ്ങനെയാണ് അക്കരെയ്ക്ക്‌ കടക്കാന്‍ തീരുമാനിച്ചത്‌. കടല്‍ കടന്നു. സമ്പാദിച്ച്‌ തിരിച്ചെത്തിയപ്പോള്‍ കല്യാണത്തിനു നിര്‍ബന്ധം ആയി. ആന സ്വപ്നം മാത്രമായ പോലെ തോന്നി. ഭാര്യ, കുട്ടികള്‍. വീണ്ടും കടല്‍ കടന്നു. ഓരോ പ്രാവശ്യവും നാട്ടില്‍ വരുമ്പോള്‍ ആനസ്വപ്നം പൂവണിയുമെന്ന് വിചാരിക്കും. വീട്‌, കുട്ടികളുടെ പഠിപ്പ്‌, കല്യാണം, ജോലി... സ്വപ്നം മുഖം കറുപ്പിച്ച്‌ നിന്നു. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പോയി ആനകളെ കണ്ട്‌ സംതൃപ്തിയടഞ്ഞു.

ഒടുവില്‍ ഇന്നലെയാണ്‌‍ ആ സ്വപ്നം പൂവണിഞ്ഞത്‌. ആനയെ സ്വന്തമാക്കിയത്‌.

പേരക്കുട്ടിയുമായി വീടിന്റെ മുറ്റത്ത്‌ നേരം കളയുകയായിരുന്നു. “അപ്പൂപ്പാ ദാ പിടിച്ചോ” എന്നും പറഞ്ഞ്‌ അവന്‍ കൈയില്‍ വെച്ചു തന്നു. ഒരു കുഴിയാന! അതും ഒന്നും കൊടുക്കാതെ കിട്ടിയത്‌. ഇതായിരിക്കും വിധിച്ചത്‌. എന്നിട്ട്‌ എവിടെയൊക്കെ അലഞ്ഞു!

14 Comments:

Blogger ബിന്ദു said...

ഒരു ജന്മം പാഴാക്കി, പേരക്കുട്ടികള്‍ ആദ്യം ഉണ്ടാവേണ്ടതായിരുന്നു. ;)

Mon Jul 17, 10:20:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

പരീക്ഷണം....

Mon Jul 17, 11:14:00 pm IST  
Anonymous Anonymous said...

ഗുണ പാഠം: ആന വാങ്ങിക്കണമെന്ന് മോഹിച്ചാല്‍ കുഴിയാനയെങ്കിലും കിട്ടും.

Mon Jul 17, 11:33:00 pm IST  
Blogger സു | Su said...

തല്‍ക്കാലം ബ്ലോഗ് കിട്ടുന്നുണ്ട്. നാളെ എന്താവും എന്ന് ആര്‍ക്കറിയാം.

Mon Jul 17, 11:47:00 pm IST  
Blogger Visala Manaskan said...

'ഒരു ആനയെ വാങ്ങണമെന്നുള്ളത്‌ എന്റെ ഒരു ആഗ്രഹമായിരുന്നു'

സൂ, തമാശ കള. നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് വാങ്ങാം. ട്ടാ. ചിലപ്പോള്‍ രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് ഫ്രീ കിട്ട്യാലോ? അപ്പോ അത് നമുക്ക് എല്‍.ജി.കുട്ടിക്ക് കൊടുക്കാം.

Tue Jul 18, 09:13:00 am IST  
Blogger സു | Su said...

ബിന്ദു :) നല്ല മോഹം.

പല്ലി :)വിധിച്ചത് ലഭിക്കട്ടെ. കൊതിച്ചത് കൊതിപ്പിക്കട്ടെ. സത്യമേവ ജയതേ.

വിശ്വം :) എന്താ ഒരു പരീക്ഷണം? ഞാന്‍ ജീവിച്ചിരിപ്പുണ്ടോന്നാണോ? എല്ലാവരുടേയും സ്നേഹം കണ്ടിട്ട് ഞാന്‍ എടുത്ത കയറ് ഒരു മരത്തില്‍ കെട്ടി ;)

എല്‍. ജി :) അപ്പോ ആനയോളം സ്നേഹം കൊടുത്താല്‍ കുഴിയാനയോളം സ്നേഹം കിട്ടുമോ ;)

വിശാലാ :) പങ്കുകച്ചവടത്തിനു ഞാനില്ല ഗഡീ. എന്നിട്ട് വേണം ആന കണ്ണൂരും കൊടകരയും അലഞ്ഞു നടക്കാന്‍. എല്‍. ജി യ്ക്ക് ആനയെ ഞാന്‍ മേടിച്ച് കൊടുത്തോളാം.

Tue Jul 18, 12:20:00 pm IST  
Blogger Sreejith K. said...

നന്നായിട്ടുണ്ട് സൂ. നല്ല ഒഴുക്കുള്ള കഥ.

Tue Jul 18, 12:23:00 pm IST  
Blogger Rasheed Chalil said...

ഇനി പേരക്കുട്ടിക്കും പറയാം..........

എന്റെ ഉപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്നു...

വൈക്കം സുത്താനോട് കടപ്പാട്

Tue Jul 18, 12:50:00 pm IST  
Blogger കെവിൻ & സിജി said...

ചെലരു് ആനേന വാങ്ങാനല്ല മോഹിക്കണതു്, ആനേരെപോലെ ആവാനാ. ഞാനൊരു കുഴിയാനേരെ പോലെ ആയാ മതീന്നു് വിചാരിക്കും എപ്പോഴും.

Tue Jul 18, 01:51:00 pm IST  
Blogger മുസാഫിര്‍ said...

സൂ ,
നല്ല കഥ.പിന്നെ ആനക്ക് ഒരു പേരു വേണ്ടെ ?
ഈ ഗുരുവായൂര്‍ കേശവന്‍ ,നന്തിലത്ത് അര്‍ജുനന്‍ എന്നൊക്കെ പോലെ,

Tue Jul 18, 02:17:00 pm IST  
Blogger സു | Su said...

ശ്രീജിത്തേ :)

ഇത്തിരിവെട്ടം :) അതു പറയാം.

കെവിനേ :) ഞാന്‍ ഒരു ആനയെപ്പോലെ ആയതുകൊണ്ട് എനിക്കാ മോഹം ഇല്ല ;)

മുസാഫിര്‍ :) വന്ന് വന്ന് എനിക്കൊരു ജോലീം ഇല്ലാന്ന് നിശ്ചയിച്ചോ? കുഴിയാനയ്ക്കും പേരോ?

Tue Jul 18, 02:28:00 pm IST  
Blogger പരസ്പരം said...

സൂ..നല്ല കഥ, കഥയുടെ തുടക്കത്തില്‍ തന്നെ എനിക്കൊരു ആനയെ മേടിക്കണം എന്നു പറഞ്ഞതിനാല്‍ കഥയുടെ ഒടുക്കം ഒരു കുഴിയാനയിലോ തോട്ടിയിലോ അവസാനിക്കുമെന്ന് കരുതി. ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു!

ഓ.ടോ: ദുര്‍ഗ്ഗയുടെ പോസ്റ്റില്‍ ആറന്മുളയില്‍ വരുന്നെന്ന് പറഞ്ഞുവല്ലോ. ഡിസംബറിലേ ഞങ്ങളിനീ നാട്ടില്‍ പോകൂ എന്നതിനാല്‍ സൂവിനെയും ചേട്ടനെയും വീട്ടിലേക്ക് ക്ഷണിക്കാന്‍ വകുപ്പില്ല.ആറന്മുള അമ്പലത്തില്‍ ദര്‍ശനമെല്ലാം കഴിഞ്ഞ് അമ്പലക്കുളകടവില്‍ ചെന്ന് പമ്പയുടെ മനോഹാരിത നുകരുക.ആ കുളിക്കടവില്‍ നിന്നും കിഴക്കോട്ട് നോക്കുമ്പോള്‍ പമ്പാനദിയുടെ അക്കരെയായി കാണുന്ന മാരാമണ്‍ എന്ന സ്ഥലമാണീ പരസ്പരത്തിന്റെ സ്വദേശം. അറന്മുളയ്ക്ക് നിങ്ങള്‍ തിരുവല്ലാ കോഴഞ്ചേരി വഴി വരികയാണെങ്കില്‍ മാരാമണ്‍ എന്ന എന്റെ ഗ്രാമം കാണാം.

ഇനി ആറന്മുളയെക്കുറിച്ച് അല്പമറിയാവുന്നത് പറയാം.അര്‍ജ്ജുനന്‍ ഈ ക്ഷേത്രം ശബരിമലയ്ക്കടുത്ത് നിലയ്ക്കല്‍ (പണ്ട് പള്ളി പ്രശ്നമൊക്കെയുണ്ടായിരുന്ന സ്ഥലം)എന്ന സ്ഥലത്താണാദ്യം സ്ഥാപിച്ചത്.ഇതിന്റെ പ്രതിബിംഭം പിന്നീട് “ആറ് മുളകള്‍”കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ ഇവിടെയ്ക്ക് കൊണ്ടുവന്നു.അതിനാല്‍ ആറന്മുളയെന്ന ഈ പേരും.കൃഷ്ണന്റെ ഈ പ്രതിബിംബത്തെ അര്‍ജ്ജുനന്‍ പാര്‍ത്ഥസാരഥി എന്ന പേരില്‍ ഇവിടെ പ്രതിഷ്ഠിച്ചു.ഒരിക്കല്‍ കൃഷ്ണ ഭക്തനായ ഒരു ബ്രാഹ്മണന്‍ 51 പറ അരി നിവേദ്ധ്യമായി ആറന്മുള അമ്പലത്തിലേക്ക് വള്ളത്തിലയച്ചു. ഇത് മോഷ്ടിക്കുവാന്‍ വന്ന മറ്റൊരു ദേശക്കാരെ പള്ളിയോടത്തില്‍ പോയി ആറന്മുളക്കാര്‍ പരാജയപ്പെടുത്തുകയും അരിയുടെ ഈ തോണി സംരക്ഷിച്ചുകൊണ്ടു വരികയും ചെയ്തു. ഇതിന്റെ ഓര്‍മ്മക്കായിട്ടാണ് ആറന്മുള വള്ളംകളി നടത്തപ്പെടുന്നത്. വള്ളംകളിയെക്കുറിച്ച് കൂടുതല്‍ പിന്നീടൊരവസരത്തില്‍ പോസ്റ്റായിടാം. ആറന്മുളയുടെ മറ്റൊരു പ്രശസ്തി ആറന്മുള കണ്ണാടിയാണല്ലോ. ഇപ്പോള്‍ ഇത് ഉണ്ടാക്കുന്നതൊന്നും കാണുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അന്യം നിന്നുപോകുന്ന ഒരു കലാസൃഷ്ടിയാണ്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുവിദ്യയും ചുമര്‍ ചിത്രകലാരചനയും പഠിപ്പിക്കുന്നു. ഇറ്റലിക്കാരിയായ ലൂബാ ഷീല്‍ഡ് നടത്തുന്ന വിജ്ഞാന കലാവേദിയില്‍ കഥകളി, ഭരതനാട്ട്യം, മോഹിനിയാട്ടം, കളരിപയറ്റ് ഇത്യാദി കലകള്‍ പഠിപ്പിക്കുന്നു. ഇവിടുത്തെ വിദ്യാര്‍ത്ഥികളായി വിദേശീയരും അനേകം. ആറന്മുളക്ക് അല്പം ദൂരെയായി മാലക്കരയെന്ന സ്ഥലത്ത് ഈ ഇറ്റലിക്കാര്‍ താമസിക്കുന്ന ആനന്ദവാടിയെന്ന സ്ഥലത്ത് നിങ്ങള്‍ക്ക് ഇറ്റാലിയന്‍ മോഡല്‍ ഗൃഹങ്ങള്‍ അനവധി കാ‍ണാം. അങ്ങനെ ഒരു മിശ്ര സംസ്ക്കാരത്തിന്റെ പ്രതീകമായി ആറന്മുള നിലനില്‍ക്കുന്നു. ഇവിടെയുള്ള വിദേശീയരെല്ലാം നല്ല മലയാളത്തില്‍ സംസാരിക്കുകയും,കേരളീയ വേഷങ്ങള്‍ ധരിച്ച് നമ്മളിലൊരാളായി ജീവിക്കയും ചെയ്യുന്നു.

Tue Jul 18, 06:08:00 pm IST  
Blogger സു | Su said...

പരസ്പരം :) ഇങ്ങനെ എഴുതിയെഴുതി എന്റെ വല്യ സ്വപ്നങ്ങളുടെ അന്ത്യവും ഇതുപോലെയാവുമെന്ന് തോന്നാറുണ്ട്. ആറന്മുള പോകുമ്പോള്‍ എത്ര സമയം ഉണ്ടാകുമെന്ന് അറിയില്ല. ഉണ്ടെങ്കില്‍ എല്ലായിടവും കാണാം.

Tue Jul 18, 09:41:00 pm IST  
Blogger ലിഡിയ said...

ഈ കഥ സത്യമാവും അല്ലെ?എനിക്കും ഇതിലും വലിയ ആനപ്രാന്തായിരുന്നു.പണ്ട് ഞങ്ങളുടെ നാട്ടില്‍ തടി പിടിക്കാന്‍ വന്ന ലക്ഷ്മിക്കുട്ടി എന്ന പിടിയാന ഗര്‍ഭിണിയാണെന്ന് ആരോ പറഞ്ഞതും,കൂട്ടുകാരില്‍ നല്ല ധൈര്യമുള്ള 2 പേരെ കൂട്ട് അതിന് കുഞ്ഞുണ്ടാവുമ്പൊള്‍ എനിക്ക് തരണമെന്ന് പാപ്പാനോട് പറയാന്‍ ഉച്ചയൂണിന്റെ സമയത്ത് ഏകദേശം 4 കി.മി നടന്നതും ഒരു കഥ.

കരിയും കടലും കണ്ടാലും കണ്ടാലും മതിവരില്ല എന്ന് കവി പറഞ്ഞത് സത്യമാണ് അല്ലെ?

-പാറൂ.

Wed Jul 19, 12:11:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home