Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 02, 2006

ഒത്തുചേരല്‍

"എന്തായാലും ഞാന്‍ അങ്ങോട്ട്‌ വരുന്നു."

എന്തെങ്കിലും പറയുന്നതിനു മുന്‍പ്‌ അവള്‍ ഫോണ്‍ വെച്ചുകഴിഞ്ഞിരുന്നു. അമ്മ ഒന്നും ആലോചിക്കാന്‍ നിന്നില്ല. അവള്‍ വരട്ടെ. അവളുടെ അച്ഛനും ഓഫീസില്‍ നിന്ന് വരട്ടെ. അതുവരെ സ്വസ്ഥമായിട്ട്‌ ഇരിക്കാം. അതു കഴിഞ്ഞാല്‍ സ്വസ്ഥത ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതിനാണ് അവള്‍ തുനിഞ്ഞിറങ്ങിപ്പുറപ്പെട്ട്‌ വരുന്നത്‌.

അമ്മ ഒരിടത്തിരുന്നു. ഒന്ന് മയങ്ങിയുണരുമ്പോഴേക്കും അവളും കുട്ടികളും എത്തി. കുട്ടികള്‍ രണ്ടും കരഞ്ഞ മട്ടുണ്ട്‌. തല്ലിക്കാണും. രണ്ടാളും വന്ന് കെട്ടിപ്പിടിച്ചു. ചെറിയ ആളെ എടുത്തു.

കുട്ടികളെ മുറ്റത്ത്‌ കളിക്കാന്‍ വിട്ട്‌ അവള്‍ കാര്യം പറഞ്ഞു.

"എന്നും തോന്നിയ സമയത്താണ്‌‍ വൈകുന്നേരം വരവ്‌. ഒരു ഉത്തരവാദിത്തം ഇല്ലാത്തപോലെ പെരുമാറുന്നു. കുട്ടികളോടൊപ്പം കളിക്കാന്‍ നേരമില്ല. എവിടെയെങ്കിലും പോകാന്‍ നേരമില്ല. എനിക്ക്‌ പറഞ്ഞ്‌ പറഞ്ഞ്‌ മതിയായി. മടുത്തു. ഇനി പോകുന്നില്ല ഞാന്‍. ഇവിടെയെന്തെങ്കിലും ജോലി കണ്ടുപിടിച്ചോളാം."

അവള്‍ തീരുമാനിച്ചുറച്ച്‌ തന്നെ വന്നതാണെന്ന് അമ്മയ്ക്ക്‌ മനസ്സിലായി. ഒന്നും പറയാന്‍ നിന്നില്ല. അവളുടെ പരാതികള്‍ കേട്ടുകൊണ്ടിരുന്നു. ഇടയ്ക്ക്‌ രണ്ട്‌- മൂന്നു തവണ ചോദിച്ചു "അച്ഛന്‍ എന്താ വൈകുന്നത്‌. കുറേ സമയം ആയല്ലോ" ന്ന്. ജോലിക്കൂടുതല്‍ കാണും ചില ദിവസങ്ങളില്‍ എന്ന് പറഞ്ഞു അവളോട്‌. ഇരുട്ടിക്കഴിഞ്ഞാണ് അച്ഛന്‍ കയറി വന്നത്‌. കുട്ടികളെ കണ്ടപ്പോള്‍ സന്തോഷം വിരിഞ്ഞെങ്കിലും ഒരു ചോദ്യം ആ മനസ്സില്‍ ഉണ്ടായെന്ന് തോന്നി.

"അവള്‍ ഉച്ച കഴിഞ്ഞപ്പോള്‍ വന്നു.

"കൊണ്ടുവിട്ട്‌ പോയതാണോ?"

“അല്ല. അവളും കുട്ടികളുമേയുള്ളൂ."

ചായ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്യം പറയാന്‍ തുടങ്ങിയെങ്കിലും അവള്‍ തന്നെ ഏറ്റെടുത്ത്‌ പരാതികള്‍ മുഴുവന്‍ പറഞ്ഞു. അദ്ദേഹവും ഒന്നും മിണ്ടിയില്ല. വരട്ടെ തീരുമാനിക്കാം എന്ന മട്ടാണ് അദ്ദേഹത്തിനു എന്ന് തോന്നി.

രണ്ടു ദിവസം കഴിഞ്ഞു. രണ്ടു ദിവസവും അവളുടെ അച്ഛനു തിരക്കുള്ള ദിവസം ആയിരുന്നു. കുട്ടികളെപ്പോലും ലാളിക്കാന്‍ പറ്റിയില്ല. അദ്ദേഹം വരുമ്പോഴേക്കും അവര്‍ ഉറങ്ങിക്കഴിയും. പിന്നെ രാവിലെ പോകാന്‍ ഉള്ള തിരക്കും. അവള്‍ അസ്വസ്ഥയാവുന്നത്‌ ശ്രദ്ധിച്ചു. "അച്ഛനു ഇത്രേം തിരക്കാണോ”ന്ന് ഒരിക്കല്‍ അദ്ദേഹത്തോട്‌ ചോദിക്കുകയും ചെയ്തു.

മൂന്നാം ദിവസം" നീ ഇവിടെയുണ്ടല്ലോ ഞാനൊന്ന് വീട്ടില്‍ പോയിട്ട്‌ വരാം " എന്നും പറഞ്ഞ്‌ മറുപടി കാക്കാതെ ഇറങ്ങി. പിറ്റേന്ന് അവള്‍ വിളിച്ചു.

"അമ്മ ഇന്നു തന്നെ വരില്ലേ?"

“പിന്നെ വരാതെ? വൈകീട്ട്‌ എത്താം.”

പിറ്റേ ദിവസവും, പക്ഷെ, അവള്‍ക്ക്‌ വിളിക്കേണ്ടി വന്നു. " അമ്മയെന്ത്‌ പരിപാടിയാ ഈ കാണിക്കുന്നത്‌? അച്ഛനു വല്യ വിഷമം ഉണ്ട്‌. അമ്മയില്ലാതെ ഇവിടെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ പോകും?"

"ഞാന്‍ ഇനി വരുന്നില്ലെന്നു തീരുമാനിച്ചാലോന്ന് കരുതുന്നു".

അവള്‍ ‘എന്ത്‌ ’ എന്ന് മാത്രം ചോദിച്ചു. ഞെട്ടിക്കാണും.

"അതെ നിന്റെ അച്ഛന്‍ ജോലിയ്ക്ക്‌ പോയിട്ട്‌ ഏതെങ്കിലും സമയത്താ കയറി വരുന്നത്‌. നീ കണ്ടില്ലേ? ഇനി നീയും എന്തെങ്കിലും ജോലി നോക്കിപ്പോകും. കുട്ടികള്‍ അവരവരുടെ ക്ലാസ്സിലും പോകും. ഞാന്‍ അവിടെ ഒറ്റയ്ക്ക്‌ ബോറടിച്ചിരുന്നിട്ട്‌ എന്തു ചെയ്യാനാ? നീയും മക്കളും ഉണ്ടല്ലോ അച്ഛനു കൂട്ട്‌ ."

അമ്മ ഫോണ്‍ വെച്ചത്‌ അവളറിഞ്ഞു. കുട്ടികള്‍ രണ്ടും ഒട്ടിക്കൂടി നിന്നു. എന്തോ ഒരു വല്ലായ്മ ഉണ്ട്‌. "അമ്മേ നമുക്ക്‌ അച്ഛന്റെ അടുത്ത്‌ പോകാം. അച്ഛന്‍ വരുമ്പോള്‍ വീട്ടില്‍ ആരാ ലൈറ്റ്‌ ഇട്ട്‌ വെക്കുക? അച്ഛനു പേടിയാവില്ലേ?"എവിടെയെങ്കിലും പോയിട്ട്‌ ഇരുട്ടുന്നതിനുമുന്‍പ്‌ കുട്ടികളെ വീട്ടില്‍ കയറ്റാന്‍ പാടുപെടുമ്പോള്‍ ഒരിക്കല്‍ ഒപ്പിച്ച സൂത്രം ആണത്‌. നമ്മള്‍ എവിടെയെങ്കിലുമൊക്കെ പോയി കളിച്ചിരുന്നാല്‍ അച്ഛന്‍ വരുമ്പോള്‍ ലൈറ്റ്‌ ആരിടും, പേടിയാവില്ലേന്നൊക്കെ. അതാണിപ്പോള്‍ ഓര്‍ത്തിരിക്കുന്നത്‌.

പിറ്റേന്ന് രാവിലെ അച്ഛനെ പറഞ്ഞയച്ച്‌, കുട്ടികളെ കുളിപ്പിച്ച്‌ ഭക്ഷണം കൊടുത്ത്‌ ഒരുക്കി നിര്‍ത്തിയപ്പോഴേക്കും അവളൊരു തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.

"അമ്മേ"

അവളുടെ ഫോണ്‍ വന്നപ്പോള്‍ അമ്മയ്ക്ക്‌ തോന്നി സൂത്രം ഫലിച്ചിട്ടുണ്ടാകുമെന്ന്. അവര്‍ക്ക്‌ സന്തോഷം തോന്നി.

"ഞങ്ങള്‍ വൈകുന്നേരം പോയാലോന്ന് ആലോചിക്കുന്നു. അമ്മ ഇപ്പോള്‍ത്തന്നെ വന്നാല്‍ ഞങ്ങളുടെ കൂടെ വരാം. അച്ഛന്‍ നേരത്തെ വന്ന് കൊണ്ടുവിടാമെന്ന് പറഞ്ഞു."

അമ്മ ഉച്ചയ്ക്ക്‌ മുന്‍പ്‌ തന്നെ എത്തി. അച്ഛന്‍ വന്നപ്പോള്‍ത്തന്നെ അവര്‍ പുറപ്പെട്ടിറങ്ങി.

പിറ്റേ ദിവസം, ഇനി അടുത്ത സ്കൂള്‍ പൂട്ടിനു വന്ന് കുറേ ദിവസം വന്ന് നില്‍ക്കണം എന്ന് കുഞ്ഞുങ്ങളോട്‌ പറഞ്ഞ്‌ ഇറങ്ങുമ്പോള്‍ അമ്മയുടേയും അച്ഛന്റേയും ഹൃദയത്തില്‍ നിറയെ സന്തോഷമായിരുന്നു. അവനോടൊപ്പം നില്‍ക്കുന്ന അവളുടെ മനസ്സിലും.

26 Comments:

Blogger മുസാഫിര്‍ said...

വീട്ടില്‍ പതിവായി താമസിച്ചു വരുന്നതിന് മതിയായ ഒരു നുണ ആലോചിച്ചു കണ്ടു പിടിക്കാന്‍ അദ്ദേഹത്തിന് പറ്റിയില്ല അല്ലെ , പാവം.

Wed Aug 02, 03:34:00 pm IST  
Blogger Unknown said...

സു ചേച്ചീ,
മനോഹരമായി എഴുതിയിരിക്കുന്നു. കുറഞ്ഞ വാക്കുകള്‍ കൊണ്ട് കാര്യം അവതരിപ്പിക്കുന്ന ആ രീതി ഒന്ന് വേറെ തന്നെ.ജീവിതത്തിന്റെ ഗന്ധവും സുഖകരമായ ഒരു ചൂടും എനിക്ക് അനുഭവപ്പെട്ടു.

(കാന്റീനില്‍ നിന്നുള്ള മണവും തൊട്ടടുത്തിരിക്കുന്ന സി പി യു വിന്റെ ചൂടുമല്ല.പോയി പോയി ഓഫ് പറയാതെ വയ്യ എന്നായിരിക്കുന്നു.:-))

Wed Aug 02, 03:51:00 pm IST  
Blogger Sreejith K. said...

മനോഹരം സൂ. അസ്സലായി വിവരിച്ചിരിക്കുന്നു. അമ്മയുടെ അടവ് കലക്കന്‍.

Wed Aug 02, 05:05:00 pm IST  
Blogger നന്ദു said...

കഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത് , ഈ പെണ്‍പിള്ളേരൊക്കെ മണ്ടികളാണോന്നാ.... എന്തെങ്കിലും കേട്ടാല്‍ പെട്ടിയുമെടുത്തൊരോട്ടമാണ്.. ഇണക്കവും ...പിണക്കവും അതല്ലേ യഥാര്‍ഥ ജീവിതം?.

Wed Aug 02, 05:07:00 pm IST  
Blogger ഇടിവാള്‍ said...

സൂവേ.. കഥ നന്നായി.

ഒരു ഓ.ടോ ;)
ദില്‍ബുവേ, ഇങ്ങനെ കാന്റീനിലെ വടയും മണപ്പിച്ചു നിന്നാ മത്യോ ? മണ്ണൂം ചാരിനിന്നോന്‍ ഫ്ലൈറ്റും കൊണ്ടു പോവും ;)

Wed Aug 02, 05:11:00 pm IST  
Blogger Rasheed Chalil said...

മനോഹരമായ അവതരണം.

Wed Aug 02, 05:15:00 pm IST  
Blogger വല്യമ്മായി said...

ഓവര്‍ റ്റൈമില്‍ ഓ.ടോ. അടിച്ചു കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:നിങ്ങളുടെ അമ്മായിയമ്മയ്ക്ക് ഇത്ര ബുദ്ധി ഉണ്ടായി കൊള്ളണമെന്നില്ല.

Wed Aug 02, 05:17:00 pm IST  
Blogger Unknown said...

സു ക്ഷമിക്കണം:
ഇടിവാള്‍ സാറെ,
ക്ലൂ കൂടുതല്‍ പുറത്ത് വിടല്ലേ. ഇത് ആരൊക്കെ വായിക്കും എന്ന് അറിയാമോ? എന്റെ ജീവിതം നായ നക്കും.

Wed Aug 02, 05:25:00 pm IST  
Blogger മുല്ലപ്പൂ said...

സൂ നന്നായി... :)
അവിടെ നില്‍ക്കുന്ന പോലെ തോന്നണ എഴുത്ത്..

Wed Aug 02, 05:32:00 pm IST  
Blogger Unknown said...

കൊള്ളാം (അമ്മായി)അമ്മയാണേല്‍ ഇങ്ങനെ വേണം.
നല്ല കഥ സു. ഇഷ്‌ടപ്പെട്ടു

Wed Aug 02, 06:22:00 pm IST  
Blogger myexperimentsandme said...

വളരെ നന്നായിരിക്കുന്നു, സൂ. അമ്മയുടെ അടവായിരുന്നോ അച്ഛന്റെ ബുദ്ധിയായിരുന്നോ രണ്ടും കൂടിയായിരുന്നോ.

നേരിട്ട് ബന്ധമില്ലെങ്കിലും കളിവീട് സിനിമ ഓര്‍ത്തു.

Wed Aug 02, 09:02:00 pm IST  
Blogger കരീം മാഷ്‌ said...

ഒരു ചെമ്പകപ്പൂവിന്റെ ഇതളു പോലെ ഒരുപാടു നേരം നറുമണം പരത്തിയ ചെറിയ കഥ. നന്നായിട്ടുണ്ട്‌.

Wed Aug 02, 10:35:00 pm IST  
Blogger വളയം said...

അമ്മമാരുടെ ഒരോ നമ്പരുകള്‍ !!! നല്ല കഥ

Wed Aug 02, 11:31:00 pm IST  
Anonymous Anonymous said...

ഇത്തിരി നേരം കൊണ്ട് ഒത്തിരി വലിയ കാര്യമാണേ സു മനസ്സിലാക്കി തന്നത്. വളരെ നല്ല അവതരണം.
സ്വയം ന്യായികരിക്കുന്നവര്‍ക്കു ചിന്തിക്കുവാന്‍ ഇതില്‍ അവസരമുണ്ട്.

Thu Aug 03, 02:09:00 am IST  
Blogger ബിന്ദു said...

കൊള്ളാം. ഈ അടവു കൊള്ളാം. :)

Thu Aug 03, 03:30:00 am IST  
Blogger Adithyan said...

സൂചേച്ചീ, വളരെ നന്നായിരിക്കുന്നു.

ലളിതം എന്നാലും ജീവിതഗന്ധിയായ കഥ..
ഒരുപാടിഷ്ടമായി :)

Thu Aug 03, 08:15:00 am IST  
Blogger സു | Su said...

മുസാഫിര്‍ :)

ദില്‍‌ബൂ :) നന്ദി. കാന്റീനില്‍ നിന്നുള്ള മണം ആസ്വദിച്ചാ ബ്ലോഗും കമന്റുമൊക്കെ അല്ലേ? അവര്‍ അതിനുകൂടെ പൈസ വാങ്ങും ;)

ശ്രീജിത്ത് :) കഥ ഇഷ്ടമായതില്‍ സന്തോഷം.

ഇടിവാള്‍ :) നന്ദി. അതൊക്കെ ഓര്‍മ്മിപ്പിച്ച് ദില്‍‌ബൂന്റെ മനസ്സ് വിഷമിപ്പിക്കല്ലേ.

നന്ദു:) എന്തിനാ പെണ്‍‌പിള്ളേരെ മാത്രം കുറ്റം പറയുന്നത്?

ഇത്തിരിവെട്ടം :)നന്ദി.

വല്യമ്മായീ :)അതെ.

മുല്ലപ്പൂ :)നല്ല വാക്കുകള്‍ക്ക് നന്ദി.

വക്കാരീ :)കളിവീടില്‍ ഉണ്ട്. പക്ഷെ വേറെ തരം.

കുഞ്ഞന്‍സ് :)സന്തോഷം.

കരീം മാഷ്‌ക്ക് സ്വാഗതം :)

ആദീ :)

ബിന്ദൂ :) ഇത്തരം കുറേ അടവുകളാണല്ലോ ജീവിതം.

വളയം :)

Thu Aug 03, 10:23:00 am IST  
Blogger Adithyan said...

ദില്‍ബുവേ ലവളു എയര്‍ ഹോസറ്റസ്സാ ല്ലിയോ? ;)

സൂചേച്ചീ മാപ്പ് :)

Thu Aug 03, 10:50:00 am IST  
Blogger Unknown said...

ആദിയേ,
പൊന്നളിയാ ചളമാക്കല്ലേ.തന്നെ.

Thu Aug 03, 11:03:00 am IST  
Blogger Unknown said...

സൂ,
കഥ നന്നായിരിക്കുന്നു. നല്ല വിവരണം!

Thu Aug 03, 11:05:00 am IST  
Blogger ഇടിവാള്‍ said...

ആദി അതെങ്ങനെ അറിഞ്ഞു ദില്ലൂ.....

എന്റെ ഗുളുവില്‍ നിന്നും പിടിച്ചതാണോ ?

ഓ.. ഇനിയിപ്പ എന്തായാലും നാറി.. അല്ല്യോ ദില്ലു ??

ഓഫു യൂണിയന്‍ സിന്ദാബാദ്...
നമ്മക്കൊരു എലക്ഷന്‍ നടത്തണ്ടേ ?

പ്ണ്ടത്തെ പ്രശിഡന്റൊന്നും പോര !
ഞാനങ്ങു സ്വയം സ്ഥാനം ഏറ്റെടുക്കണൊ, അതോ നിങ്ങളൊക്കെ നിര്‍ബന്ധിച്ച് ആക്കുന്നോ ??

പെട്ടെന്നു തീരുമാനിക്ക്...

സൂവേ: സോറീ..

Thu Aug 03, 11:14:00 am IST  
Blogger കുറുമാന്‍ said...

എന്തായാലും ആള്‍ക്ക് പോക്കറ്റ് റേഡിയോ വാങ്ങേണ്ടി വന്നില്ല.ഭാഗ്യവാന്‍.......ഇവളുമാരുടെ ഒരു സ്ഥിരം നമ്പറല്ലെ ഇത്. ഭീഷണി, ഇറങ്ങിപോക്ക്, മൌനാചരണം,പാചക ബന്ദ്, കുട്ടികളെ പിച്ചി കരയിപ്പിച്ച്, ബാക്കിയുള്ളവന്റെ മനസമാധാനം കളയിക്കല്‍........

എന്തായാലും സൂ........നിങ്ങളും ബ്രൂട്ടസോ

Thu Aug 03, 11:19:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അത്‌ കൊള്ളാം
ഒരു കൂരയ്ക്ക്‌ താഴെ സംഭവിക്കാവുന്ന കാര്യങ്ങള്‍, ഏതാനും സംഭാഷണങ്ങളിലൂടെ പറയുന്ന, കഴിഞ്ഞ കുറെ പോസ്റ്റുകളായി തുടരുന്ന പതിവ്‌ മനോഹരമാണ്‌. തുടരുക.

Thu Aug 03, 11:54:00 am IST  
Blogger Unknown said...

ഇടിവാള്‍ സാര്‍,
ഇതിനേക്കാള്‍ ഭേദം ഞാന്‍ ക്ലബ്ബില്‍ ഒരു പോസ്റ്റ് ഇടുന്നതായിരുന്നു.ക്ലൂ ഞാനല്ലല്ലോ കൊടുത്തത്.

ആരൊക്കെ ഇത് വായിക്കുന്നുണ്ട് ആവോ.എല്ലാ അനിഷ്ടസംഭവങ്ങള്‍ക്കും താങ്കളെ ഉത്തരവാദിയാക്കുന്നതാണ്. :-)

Thu Aug 03, 12:16:00 pm IST  
Blogger സു | Su said...

സപ്തവര്‍ണങ്ങള്‍ :) നന്ദി

വര്‍ണം :) തുടരുക എന്ന് പറഞ്ഞത് നന്നായി. നിര്‍ത്തിപ്പോഡേയ്... എന്ന് കൂട്ടിവായിച്ചേനെ അല്ലെങ്കില്‍.

കുറൂ :) ഞാനിറങ്ങിപ്പോക്ക് നടത്താറില്ല.(ചേട്ടനും)

Thu Aug 03, 01:00:00 pm IST  
Blogger സു | Su said...

സുമാത്രയ്ക്ക് സ്വാഗതം.

Thu Aug 03, 02:57:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home