കാന്തം
ചേട്ടനും ഞാനും കൂടെ പുറപ്പെട്ടിറങ്ങി. ചേട്ടന് ഡി.വി.ഡി. പ്ലേയര്‍ ഒന്ന് വാങ്ങിയേ തീരൂ. ഇവിടെ അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞിട്ടൊന്നും കേട്ടില്ല. പിന്നെ, എന്റെ ചെവിയ്ക്ക് കുറച്ച് സ്വൈരം കിട്ടുമല്ലോന്ന് കരുതി സമ്മതിച്ചു.
കടയിലെത്തി. ഉത്സവസീസണ്‍ ആയതുകൊണ്ട് എല്ലാ കടയിലും തിരക്ക്. കുടുംബസമേതം ഷോപ്പിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. ഞാന്‍ ആ ബഹളങ്ങളിലൊന്നും പെടാതെ ഒരു മൂലയ്ക്ക് മാറി നിന്നു. അവിടുത്തെ ബഹളങ്ങള്‍ ആസ്വദിച്ചു. അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു കുഞ്ഞുകുട്ടി എന്റെ അടുത്ത് വന്ന് പറ്റിക്കൂടിയത്. അല്ലെങ്കിലും കുട്ടികളൊക്കെ എന്നെ കണ്ടാല്‍ ഒരു സ്നേഹം കാട്ടും. വല്യവരുടെ ദുഷ്ടമനസ്സ് അവര്‍ക്കില്ലല്ലോ. അതിനെ നോക്കി പുഞ്ചിരിച്ചു. അതും എന്നെ നോക്കി ഒന്ന് ചമ്മിച്ചിരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തത് ഒന്ന് വന്നു. അതും എന്നെ പറ്റിക്കൂടി.
അങ്ങനെ കുറേ കുഞ്ഞുങ്ങള്‍ എന്റെ ചുറ്റും, ചക്കപ്പഴം വെച്ചിടത്ത് ഈച്ച വരുന്നതുപോലെ പറ്റിക്കൂടി നിന്നു. അവരുടെ അച്ഛനമ്മമാര്‍ കൂട്ടിക്കൊണ്ടുപോയാലും പിന്നേം നിലവിളിച്ച് എന്റെ അടുത്തെത്തും. എനിക്കൊരു കാന്തത്തിന്റെ അവസ്ഥ. എനിക്കാകെക്കൂടെ പന്തികേട് തോന്നി. പിന്നെ ആശ്വസിച്ചു. കുട്ടികള്‍ കാണുന്ന കാര്‍ട്ടൂണില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തോട് എനിക്ക് സാമ്യം ഉണ്ടാകും എന്ന്. അങ്ങനെ അവരെല്ലാം കൂടെ എന്റെ അരികെ നിന്ന് ചുറ്റിത്തിരിയാന്‍ തുടങ്ങി. ഏതെങ്കിലും രണ്ടെണ്ണത്തിനെ ഒക്കത്തെടുക്കാമെന്നു വെച്ചാല്‍ മറ്റുള്ളവരുടെ മാതാപിതാക്കള്‍ എന്റെ തലയില്‍ കയറുമോന്നൊരു ശങ്ക.
ചേട്ടന് നോക്കുമ്പോഴുണ്ട് പെണ്‍പോലീസുകാരുടെ ഇടയില്‍പ്പെട്ട പൂവാലനെപ്പോലെ ഞാന്‍ നിന്നു പരുങ്ങുന്നു. എന്തെങ്കിലും ചെയ്യാനും വയ്യ ചെയ്യാതിരിക്കാനും വയ്യ എന്ന മട്ടില്‍. കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും കുട്ടികളെ ശ്രദ്ധിക്കാതെ എനിക്ക് ആയപ്പണി തന്നത് പോലെ അവരവരുടെ ഷോപ്പിങ്ങില്‍ മുഴുകി. കുട്ടികള്‍, അങ്ങനെ മൂക്ക് തുടച്ചും, കൈ കടിച്ചും, എന്റെ ഡ്രസ്സ് പിടിച്ച് പറിച്ചും ഒക്കെ നിന്നു. അവസാനം, ചേട്ടന്, ഒരു തീരുമാനത്തിലെത്തിയിട്ട് ‘പോകാം’ എന്ന് പറഞ്ഞു. വേറെ ഏതോ കടയില്‍ നോക്കണമത്രേ. ഞാന്‍ കുട്ടികളെയൊക്കെ വിട്ട് ചേട്ടന്റെ പിന്നാലെ നീങ്ങി. അപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്കും തോന്നി. ഞാന്‍ നിന്നിടത്തേക്ക് തന്നെ വന്നു. ആശ്വാസം.
അപ്പോഴാണു മുഴുവന്‍ സംഭവത്തിന്റെ ചുരുക്കഴിഞ്ഞത്. ഞാന്‍ നിന്നിടത്ത് ഒരു എയര്‍ കൂളര്‍ ഉണ്ടായിരുന്നു. കുട്ടികള്‍ തിരക്കില്‍ നിന്നിട്ട് ചൂടുകൊണ്ട് പൊറുതിമുട്ടി രക്ഷപ്പെട്ടു ഇതിന്റെ മുന്നില്‍ നിന്ന് സുഖിക്കുകയാണ്. ഞാന്‍ എല്ലാ കുഞ്ഞുമുഖത്തേക്കും നോക്കിയപ്പോള്‍ എല്ലാവരും കൂളായിട്ട് പുഞ്ചിരിച്ചു നില്ക്കുന്നു.
17 Comments:
ഹ ഹ. സൂ. പിള്ളേരുടെ ദുഷ്ടമനസ്സ് തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലേ. പാവം സൂ.
അങ്ങനെ സു പിള്ളേര്‍ക്കും പാരയായി....
ഹ ഹ. പതിവു പോലെ തന്നെ നന്നായിട്ടുണ്ട് :)
ഡിവിഡി പ്ലെയര്‍ വാങ്ങുന്ന കാര്യം എന്തായി?
സൂ,
പെണ് പോലിസ്കാരുടെ ഇടയില്‍ പൂവാലന് പെടുന്നത് ഇതു വരെ കണ്ടിട്ടില്ല.പക്ഷെ സൂവിന്റെ വിവരണത്തില്‍ നിന്നു ഏകദേശം പീടുത്തം കിട്ടി.നന്നായി എഴുതിയിട്ടുണ്ട്.പക്ഷെ സൂവിനു വേണമെങ്കില്‍ കുറച്ച് കൂടി രസകരമായി എഴുതാമായിരുന്നെന്നു എന്റെ മനസ്സിലെ വിമര്ശകന് പറയുന്നു.
ഞാന രംഗം മനസ്സില്‍ കണ്ടു ചിരിക്കുക ആയിരുന്നു
കൈത്തിരി :) അതെ.
ശ്രീജിത്ത് :) അതെ, കുട്ടികളെങ്കിലും ഉണ്ടാവും നന്നായിട്ട് എന്ന് കരുതി.
ഇത്തിരിവെട്ടം :) ഞാന്‍ ആര്‍ക്കും ഇതുവരെ പാര ആയിട്ടില്ല.
ആര്.ആര്. :) സ്വാഗതം. നന്ദി.
വിശാലാ :) അന്നു തന്നെ വാങ്ങിച്ചു.
മുസാഫിര്‍ :) വിമര്‍ശനം സാരമില്ല. നന്ദി.
മുല്ലപ്പൂ :)
ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. ;). നന്നായിട്ടുണ്ട്.
ബിന്ദൂ :)
താര :)
അതു മനസിലായപ്പോള്‍ ഈ കാറ്റ് പോരാ എന്നു തോന്നിയല്ലേ :) പിന്നെ, "അല്ലെങ്കിലും കുട്ടികളൊക്കെ എന്നെ കണ്ടാല്‍ ഒരു സ്നേഹം കാട്ടും. വല്യവരുടെ ദുഷ്ടമനസ്സ് അവര്‍ക്കില്ലല്ലോ." അതു വേണ്ടായിരുന്നു സു :-(
ഹഹഹ...ഈ പിള്ളേരൊക്കെ വില്ലന്മാരും വില്ല്ലത്തികളും ആണെന്ന് ഞാനീയിടെ ആയി പഠിച്ച് വരുവാണ്...ചൈല്‍ഡ് സൈക്കോളജി എടുക്കാമായിരുന്ന് എന്ന് തോന്നുന്നു ഇപ്പൊ..
പാവം സൂ :)
കാര്‍ട്ടൂണ്‍ കഥാപാത്രം എനിക്കു Barney ആണു് ഓര്‍മ്മവരുന്നതു്. വലിയ ബാണിയുടെ ചുറ്റും കുറേ ചെറിയ കുട്ടികള്‍. മീറ്റിനിട്ട ചുരീദാര്‍ കൂടി ആയാല്‍ ബാണിയുടെ വസ്ത്രത്തിന്റെ കളര്‍ ഏതാണ്ടു ശരിയായി :-)
കുഞ്ഞന്‍സേ :) എന്നാല്‍ ചില വലിയവര്‍ എന്നു തിരുത്തിവായിക്കൂ.
ഇഞ്ചിപ്പെണ്ണേ :) എന്തെങ്കിലും മനസ്സിലാവാന്‍ സൈക്കോളജി ഒന്നും വേണ്ട. മറ്റുള്ളവര്‍ മുഖത്തിട്ട് തരുന്ന മുഖംമൂടിയ്ക്ക് ഒന്ന് കത്രിക വെച്ചാല്‍ മതി ;)
ഉമേഷ്ജീ :)ബാണി ആരാന്ന് എനിക്കറിയില്ല. പണ്ടത്തെ തമാശ പോലെ ആവും അറിഞ്ഞാല്‍.
അവന്: നീയെങ്ങോട്ടാ ഓടുന്നത്?
അവള്(ദേഷ്യത്തില്‍): അവള് ഉണ്ടല്ലോ, എന്നെ ഹിപ്പോപ്പൊട്ടാമസ് എന്ന് വിളിച്ചു.
അവന്: അതിനു നീ അവളെ കണ്ടിട്ട് 5-6 മാസം ആയല്ലോ.എന്നിട്ടിപ്പോഴാണോ ദേഷ്യം വന്നത്?
അവള്: അതിനു ഹിപ്പോപ്പൊട്ടാമസ് എന്താന്ന് ഞാന്‍ ഇന്നലെയല്ലേ കണ്ടറിഞ്ഞത്.
ഹ..ഹ സൂ, അതിഷ്ടപ്പെട്ടു.
എയര്‍ കൂളറിന്റെ പരസ്യത്തിന് പറ്റിയ തീമാണല്ലോ...
സൂ, ഈ പോസ്റ്റ് വായിക്കാന്‍ വൈകി.! തകര്‍ത്തു.. നന്നായി ഇഷ്ടപ്പെട്ടു!
അതിന്റിടക്ക് വിശാലന്റെ ചോദ്യം കലക്കി! കഥയുടെ പ്രധാന തന്തു വെറുതെ അങ്ങിനെ തോട്ടിലെറിയരുതല്ലോ!
വക്കാരീ :)
ആനക്കൂടന്‍:) ഇനി പരസ്യം എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കണേ.
സതീഷ് :) സന്തോഷം. അത് വാങ്ങിച്ചു.
Post a Comment
Subscribe to Post Comments [Atom]
<< Home