Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, November 16, 2006

രാഘവന്റെ വ്യഥകള്‍

"എന്റെ ഖല്‍ബിലെ വെണ്ണിലാവ്‌ നീ നല്ല പാട്ടുകാരാ..."

രാഘവന്‍ പാട്ട്‌ പാടിനോക്കി.

“ചേട്ടാ...”

വന്നു. വെണ്ണിലാവ്‌ അല്ല. വെണ്ണീറ്.

"ചേട്ടന്‍ ഇവിടെ പാട്ടും പാടി നില്‍ക്കാണോ? എനിക്കൊരു സാരിയെടുക്കണം എന്ന് പറഞ്ഞില്ലേ?"

സാരി മാത്രമല്ല. സാരിയോടു കൂടെ നിന്നേയും എടുത്ത്‌ പോകണം എന്നാണെന്റെ ആഗ്രഹം എന്ന് പറയണമെന്നുണ്ട്‌. പറഞ്ഞില്ല. ഒന്നും പറഞ്ഞില്ല. ആദത്തിന്റെ വീട്ടിലെ ഖജനാവ്‌ കണ്ട്‌ അസൂയ മൂത്താണ്‌‍ ദൈവം ഹവ്വയെ സൃഷ്ടിച്ചതെന്ന് രാഘവനു എപ്പോഴും തോന്നാറുണ്ട്‌.

“ഞാന്‍ മുടി വെട്ടിക്കാന്‍ പോവുകയാ."

“സാരമില്ല. മുടിവെട്ടിക്കഴിയുമ്പോഴേക്കും ഞാന്‍ അങ്ങോട്ടെത്താം."

എന്തിനാ, എന്റെ കഴുത്ത്‌ വെട്ടാനോന്നുള്ള ചോദ്യം മനസ്സില്‍ അടക്കി. ഇവളു സാരി വാങ്ങിച്ചേ അടങ്ങൂ. പോലീസിന്റെ ജോലി വിട്ട്‌ വല്ല സാരിക്കടയും തുടങ്ങിയാലോന്ന് രാഘവന്‍ എപ്പോഴും ചിന്തിക്കാറുണ്ട്‌. ഭാര്യ വാങ്ങിക്കൂട്ടുന്ന വസ്ത്രങ്ങള്‍ വെച്ച്‌ രണ്ടാം വില്‍പന നടത്തിയാലും സുഖമായിട്ട്‌ ജീവിക്കാം.

കള്ളന്മാരാണെങ്കില്‍ അതിലും വല്യ വിപത്തുകള്‍. പിടിച്ച്‌ ഇടിച്ച്‌ രണ്ട്‌ സുരേഷ്‌ഗോപി ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞാല്‍, തിരിഞ്ഞ്‌ നിന്ന് ‘ഫ പുല്ലേ’ ന്ന് പറയും. സിനിമ ഇറക്കുന്നവന്മാര്‍ക്ക്‌ ഇതു വല്ലതും അറിയുമോ? ഇനി മന്ത്രിമാരോടോ, സീനിയര്‍മാരോടോ പറയാമെന്ന് വെച്ചാല്‍ നേരെ വല്ല കാട്ടുമൂലയിലേക്കും‌ തട്ടും. എന്നാലും സുരേഷ്‌ഗോപി ഡയലോഗ്‌ ഒരു ഡയലോഗ്‌ തന്നെയാണ്‌‍. അതോര്‍ത്തപ്പോള്‍ രാഘവന്റെ കാലില്‍ക്കൂടെ എന്തോ അരിച്ച്‌ കയറി. രോമാഞ്ചം ഒന്നുമല്ല. ഉറുമ്പാണ്‌‍. അതിനോട്‌ ഫ പുല്ലേന്നും പറഞ്ഞ്‌ തട്ടിക്കളഞ്ഞു.

“സാറേ...”

ആരോ പിന്നാലെ ഓടി വരുന്നുണ്ട്‌. കടം ചോദിക്കാന്‍ ആവുമോ ഇനി? ഓടി രക്ഷപ്പെട്ടാലോ? കേള്‍ക്കാത്ത ഭാവത്തില്‍ നടന്നു.

“സാറേ...’ നാട്ടുകാരില്‍ ഒരുവന്‍.

“എന്താടോ”? മടിച്ച്‌ മടിച്ചാണ് ചോദ്യം ചോദിച്ചത്‌.

"സാറേ കള്ളവാറ്റ്‌ നടക്കുന്നു."

വാറ്റ്‌ നടത്താന്‍ കണ്ട സമയം.

"കള്ളവാറ്റോ?"

"അതെ. ആ പാടത്തിന്റെ കരയില്‍ ഒരു വീടു കണ്ടോ? അവിടെയാണ്‌‍. സാറു വരണം കാണിച്ച്‌ തരാം."

ഇന്നത്തെ ദിവസം പോയിക്കിട്ടി. അയാളുടെ പിന്നാലെ നടക്കുകയേ നിവൃത്തിയുള്ളൂ. പോലീസ്സ്റ്റേഷനില്‍ അറിയിച്ചെന്ന് പറഞ്ഞു. അവരിപ്പോ എത്തുമത്രേ. നാട്ടുകാരുടെ ഒരു സേവനമനസ്ഥിതി. ഇവനൊക്കെ മിണ്ടാതെ ഇരുന്നാല്‍പ്പോരേ?

വീടിനടുത്ത്‌ കുറച്ചുപേര്‍ നില്‍ക്കുന്നുണ്ട്‌. വീട്ടിന്റെ വാതിലില്‍ മുട്ടി വിളിച്ച്‌ തുറക്കാന്‍ പറഞ്ഞു. ആരും അനങ്ങുന്നില്ല. വാതില്‍ ശക്തിയില്‍ തട്ടാന്‍ തുടങ്ങി. വാതില്‍ താനേ തുറന്നതും ഒരാള്‍ മുന്നോട്ട്‌ കുതിച്ചോടി. സാരിയുടുത്ത വാറ്റുകാരനോ? അയ്യോ അതൊരു സ്ത്രീ അല്ലേ? നാട്ടുകാരുടെ കൂടെ പിറകേ ഓടി. ഇവള്‍ക്ക്‌ കള്ളവാറ്റിനു പകരം വല്ല ഒളിമ്പിക്സിലും പങ്കെടുത്ത്‌ സ്വര്‍ണ്ണം വാങ്ങിക്കൂടായിരുന്നോ? ഓടിയോടി പാടത്തിന്റെ അടുത്തുള്ള കുളത്തിലേക്ക്‌ ചാടി. പോലീസുകാരന്റെ ഒരു ഗതി നോക്കണേ.

"സാറേ ചാടിക്കോ. ജീവന്‍ പോയാല്‍ സാറിന്റെ തലയിലാവും കേസ്‌."

ചാടി, ഏതെങ്കിലും വഴിക്ക്‌ പോയാലോന്ന് ആലോചിച്ചു. ഇത്‌ വല്യ ഗുലുമാല്‍ ആയല്ലോ. മുടിവെട്ടിച്ച്‌ കുളിക്കാന്‍ ഇറങ്ങിയ ആള്‍, വെട്ടിച്ചോടിയവളുടെ പിന്നാലെ കുളത്തില്‍ ചാടേണ്ട ഗതികേട്‌. അവളെങ്ങാന്‍ തട്ടിപ്പോയാല്‍ ഓടിച്ചിട്ട്‌ കുളത്തില്‍ ചാടിച്ചിട്ട്‌ കൊന്നു എന്നൊരു പേരും കിട്ടും. ഇപ്പോ എല്ലാവര്‍ക്കും ഉള്ള ഐഡിയ കൊള്ളാം. ഇക്കണക്കിനു പോയാല്‍ നാട്ടിലുള്ള കുളങ്ങളും കിണറുകളും ഒക്കെ മണ്ണിട്ട്‌ നിരത്തേണ്ടി വരും.

"സാറേ.."വിളി കേട്ടതും പിന്നൊന്നും ആലോചിച്ചില്ല. ഒറ്റ ചാട്ടം. മുങ്ങിപ്പൊങ്ങുന്ന വാറ്റുകാരിയുടെ അടുത്തെത്തി പിടിച്ച്‌ വലിച്ച്‌, ഒരു യുദ്ധം തന്നെ നടത്തി ഒടുവില്‍ പൊന്തിച്ച്‌ മുകളില്‍ എത്തിയപ്പോള്‍ ഒരു രൂപം രാഘവന്റെ മുന്നില്‍ ഉണ്ടായിരുന്നു. സാരി വാങ്ങണം എന്ന് പറഞ്ഞിട്ട്‌, നിങ്ങള്‍ സാരിയുടുക്കാന്‍ ഒന്നിനേയും തപ്പിയെടുക്കും എന്ന് വിചാരിച്ചില്ല എന്ന ഭാവവുമായി നില്‍ക്കുന്ന ഭാര്യയുടെ രൂപം. പെണ്ണിനെ കരയ്ക്ക്‌ വിട്ട്‌ രാഘവന്‍, വെള്ളത്തിലേക്ക്‌ ഊളിയിട്ടു.

28 Comments:

Anonymous Anonymous said...

ഇതു കലക്കി..
വാറ്റുകാരിയെ വെള്ളത്തില്‍ നിന്നും രക്ഷിച്ചതിന്‌ ഒരു കാഷ്‌ അവാര്‍ഡ്‌ പ്രതീക്ഷിക്കാം. ആ പണം കൊണ്ട്‌ രാഘവന്റെ ഭാര്യക്ക്‌ ഒരു നല്ല സാരിയും പ്രതീക്ഷിക്കാം. അലമാര നിറയട്ടെ

കൃഷ്‌ | krish

Thu Nov 16, 01:22:00 pm IST  
Blogger സു | Su said...

കൃഷ് :) നന്ദി. കമന്റിയതിനും അത് ആദ്യത്തേത് ആയതിനും.

Thu Nov 16, 06:23:00 pm IST  
Anonymous Anonymous said...

കഥ നന്നായി. അഭിനന്ദനങ്ങള്‍.

Thu Nov 16, 06:35:00 pm IST  
Blogger വാളൂരാന്‍ said...

ഹാസ്യം നന്നായി വഴങ്ങുന്നുണ്ടേ...സൂ.....

Thu Nov 16, 07:06:00 pm IST  
Anonymous Anonymous said...

'ആദത്തിന്റെ വീട്ടിലെ ഖജനാവ്‌ കണ്ട്‌ അസൂയ മൂത്താണ്‌‍ ദൈവം ഹവ്വയെ സൃഷ്ടിച്ചതെന്ന്' ആ കമന്റ്റ് രസിച്ചു.പോലീസുകാരുടെ ജീവിതപ്രശ്നങ്ങളിലേക്ക് സൂവിനെ കൂട്ടിക്കൊണ്ടുപോയത് എന്താണെന്ന് അറിയാന്‍ താത്പര്യമുണ്ട്.:)

Thu Nov 16, 09:26:00 pm IST  
Blogger magnifier said...

സൂ, നേരത്തെ പറഞ്ഞത് തിരിച്ചെടുത്തു! എഴുത്ത് ഉത്തരന്‍ മാത്രമല്ല ഉത്തോത്തരന്‍ തന്നെയായിരിക്കണം. (പിടിച്ചു നിക്കണ്ടേ)

ഓ.ടോ. കഥ നന്നായി, നവരസങ്ങളില്‍ ശാന്ത ത്തേക്കാള്‍ നല്ലത് ഹാസ്യം തന്നെ.

Thu Nov 16, 09:34:00 pm IST  
Blogger Kiranz..!! said...

രാഘവന്റെ ടൈംസ്..:)

എവിടുന്ന് കിട്ടുന്നപ്പാ ഈ ഇന്‍സ്റ്റന്റ് വിഷയങ്ങള്‍,പണ്ട് പള്ളിയില്‍പ്പോയി അപ്പം കിട്ടാതെ വന്നപ്പോള്‍ മുതല്‍ ആദത്തിനെം ഹവ്വയെം കുറ്റം പറയാന്‍ തുടങ്ങീയതാ ഈ സൂച്ചി..:)

Thu Nov 16, 09:49:00 pm IST  
Blogger sandoz said...

പഴമ്പൊരി ഉണ്ടാക്കാന്‍ പോയ എന്നോട്‌ മാഷ്‌ പറഞ്ഞു എളുപ്പ പണിക്ക്‌ പഴയ പണികള്‍ കാണാന്‍. പഴയ പണികള്‍ കണ്ടു വരുന്നതിനിടയില്‍ 'പിരിഞ്ഞു പോകുന്നവര്‍ പോകട്ടെ' എന്ന കാച്ച്‌ കണ്ട്‌ ചിരിച്ചു.പിന്നെ ഇപ്പോഴും ചിരിച്ചു.

Thu Nov 16, 10:16:00 pm IST  
Blogger വേണു venu said...

പാവം രാഘവന്‍റെ ഭാര്യയുടെ സാരി.
രസിച്ചു വായിച്ചു സൂ.

Fri Nov 17, 12:27:00 am IST  
Blogger സു | Su said...

തനിമ :) നന്ദി.

പിന്‍‌മൊഴി :)നന്ദി.

മുരളീ :)എന്തെങ്കിലും എഴുതണ്ടേ. നന്ദി.

വിഷ്ണുപ്രസാദ് :) ആരുടെയെങ്കിലും പ്രശ്നങ്ങള്‍ എഴുതണ്ടേ എന്ന് വെച്ചിട്ടാ. കമന്റിന് നന്ദി.

മാഗ്നീ :) അതെ അതെ. പിടിച്ച് നില്‍ക്കണ്ടേ.
;). ആരാ ശാന്ത? ;) കഥ നന്നായീന്ന് പറഞ്ഞതിന് നന്ദി.


കിരണ്‍സ് :) ഹി ഹി ഹി.

സാന്‍ഡോസ് :) അതു കണ്ടിരുന്നു അല്ലേ?

വേണൂ :) നന്ദി.

Fri Nov 17, 09:09:00 am IST  
Anonymous Anonymous said...

ഇനി രാഘവന്‍ പോലീസ്‌ കരക്ക്‌ കറയണമെങ്കില്‍ മിനിമം രണ്ട്‌ സാരിമായിട്ടെങ്കിലും വീട്ടില്‍ ചെല്ലണം അല്ലെങ്കില്‍ പണി പോകുമെന്ന് പേടിച്ച്‌ കുളത്തില്‍ ചാടി വാറ്റുക്കാരിയെ രക്ഷിച്ച രാഘവന്‍ പോലിസിന്‌ ഭാര്യയെ തന്നെ നഷ്ടമാകുമെന്നാ തോന്നുന്നത്‌ .... പരസ്ത്രീ അത്‌ പ്രതിയായാലും വാദിയായാലും അവരെ തൊട്ട്‌ കളിക്കാന്‍ ഏത്‌ പോലീസുക്കാരനേയും സ്വന്തം ഭാര്യ അനുവദിക്കില്ല... സൂ .. നന്നായിരിക്കുന്നു

Fri Nov 17, 09:53:00 am IST  
Anonymous Anonymous said...

കഥ നന്നായി..പ്രത്യേകിച്ച്‌ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തത്‌...

..കൊച്ചുഗുപ്തന്‍

Fri Nov 17, 02:39:00 pm IST  
Blogger വല്യമ്മായി said...

പാവം രാഘവേട്ടന്‍.

Fri Nov 17, 09:17:00 pm IST  
Blogger Rasheed Chalil said...

സൂ ചേച്ചീ... :)

Sat Nov 18, 10:11:00 am IST  
Blogger മുസാഫിര്‍ said...

സൂ,
ഒരു ‘സന്മനസ്സുള്ളവര്‍ക്കു സമാധാനം സ്റ്റൈല്‍’.ടി വീ കാരുടെ കണ്ണില്‍ പെട്ടാല്‍ ഒരു തട്ടുപൊളിപ്പന്‍ എപ്പിസൊഡിനുള്ള വകുപ്പുണ്ടു.:-)

Sat Nov 18, 11:01:00 am IST  
Blogger Kalesh Kumar said...

നന്നായിട്ടുണ്ട് സൂ!

മുരളീ, സൂ-ന്റെ പഴയ പോസ്റ്റുകള്‍ നോക്ക്!

Sat Nov 18, 12:57:00 pm IST  
Blogger asdfasdf asfdasdf said...

സൂ: നന്നായിട്ടുണ്ട്. രാഘവേട്ടന്റെ ഒരു സമയം.

Sat Nov 18, 01:03:00 pm IST  
Blogger ചന്ദ്രസേനന്‍ said...

അപ്പൊ ഇതാണ് ഈ ചെകുത്താനും കടലും എന്നൊക്കെ പറയണത്...അല്ലെ ചേച്ചി.:)

Sat Nov 18, 03:22:00 pm IST  
Blogger വീണ said...

സൂ ചേച്ചീ..നല്ല കഥ. രാഘവനെ കരയ്ക്കു കേറ്റി ഡിഷ്യൂം .... ഡിഷ്യും .... എന്നു മുതുകത്തു രണ്ട് പൂ‍ശു കൂടെ വേണാരുന്നു. പോലീസാ‍ണത്രെ പോലീ‍സ്....കണ്ണു തെറ്റിയാ കുളത്തീച്ചാടും!!!!!.

ഓ:ടോ (ണൊ):-
രാഘവനു ഈ ഗതിയാണേ സൂ ചേച്ചീ‍ടെ “അങ്ങേ രുടെ “ ഗതി ഞാനോര്‍ക്കുക്കയായിരുന്നു!.ഇതിനോടകം പുള്ളിക്കാരന്‍ എത്ര കുളത്തില്‍ ചാടീട്ടൂണ്ടാവണം !!.

Sat Nov 18, 08:32:00 pm IST  
Blogger സു | Su said...

ആത്മകഥ :) നന്ദി. രണ്ട് സാരിയും വാങ്ങിച്ചെന്നാല്‍, അയാള്‍ എന്നും കുളത്തില്‍ ചാടട്ടെ എന്ന് വിചാരിക്കും, ഭാര്യ.

കൊച്ചുഗുപ്തന്‍ :) നന്ദി.

വല്യമ്മായീ :) അതെ. പാവം.

ഇത്തിരിവെട്ടം :)

മുസാഫിര്‍ :) ടി.വി. യില്‍ കണ്ടാല്‍ അറിയിക്കണേ.

കലേഷ് :) നന്ദി.

കുട്ടമ്മേനോന്‍ :) നന്ദി.

ചന്ദ്രു :) അതെ. അതു തന്നെ.

വീണ :) നന്ദി. ഇനിയുള്ള കമന്റുകളില്‍ അവസാനത്തെ പാര വേണ്ട കേട്ടോ.

Sat Nov 18, 09:17:00 pm IST  
Blogger Mubarak Merchant said...

സൂ, ഇതെന്താപ്പോ ഇങ്ങനെയൊരു കഥ??
നന്നായി.

Sat Nov 18, 09:24:00 pm IST  
Blogger Abdu said...

രസിപ്പിച്ചു, അവസാനം ഇഷ്ടപ്പെട്ടില്ല

(ഒ ടൊ,

സുവിന്റെ സഹായം വേണം,മലയാളം വിക്കിക്ക് വേണ്ടിയാണ്, വിരാധമില്ലെങ്കില്‍ അറിയിക്കുക, email. abdusownഅറ്റ്gmail.com)

Sat Nov 18, 09:29:00 pm IST  
Blogger വീണ said...

വീണ ന: സ്വാതന്ത്ര്യമര്‍ഹതി !

Sun Nov 19, 12:00:00 pm IST  
Blogger സു | Su said...

ഇക്കാസ് :) വെറുതേ ഒരു കഥ.

ഇടങ്ങള്‍ :) അഭിപ്രായത്തിന് നന്ദി.

Mon Nov 20, 08:05:00 am IST  
Blogger സുല്‍ |Sul said...

സു എന്നോട് കൂട്ടില്ലാത്തതുകൊണ്ട് ഞാന്‍ ഈ പോസ്റ്റ് കണ്ടില്ല. ചാരവും കണ്ടില്ല വെണ്ണീറും കണ്ടില്ല. വാറ്റുകാരിയേം കണ്ടില്ല പോലീസാന്റിന്റെം കണ്ടില്ല.

-സുല്‍

Mon Nov 20, 10:01:00 am IST  
Blogger സു | Su said...

ഞാന്‍ സുല്ലിനേം കണ്ടില്ല. സുല്ലിനെ കമന്റും കണ്ടില്ല. ;) തേങ്ങയുടക്കാന്‍ നടക്കുന്നയാളെന്താ പൂട്ടിടാന്‍ വന്നത്?

Mon Nov 20, 10:10:00 am IST  
Blogger ആരോമല്‍ said...

സൂച്ചേച്ചി നന്നായിട്ടൊ..

Sun Nov 26, 12:22:00 am IST  
Blogger സു | Su said...

ആരോമല്‍ :) സ്വാഗതം, നന്ദി.


qw_er_ty

Sun Nov 26, 10:31:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home