മോഹങ്ങള്‍
മനസ്സില്‍, വലിയ ഭാരവും തൂക്കി,
കൈയില്‍, അതിനേക്കാള്‍ ഭാരവും തൂക്കി നടക്കുന്ന മനുഷ്യന്‍ വിചാരിച്ചു.
വാഹനങ്ങളെന്തെങ്കിലും ആയാല്‍ മതിയായിരുന്നു.
ഇങ്ങനെ, കൊണ്ടുപോകുന്നിടത്തേക്ക്, നയിക്കുന്നിടത്തേക്ക്,
വെറുതേ ഒഴുകിനീങ്ങിയാല്‍ മതിയായിരുന്നു.
ഓട്ടോറിക്ഷ, തന്നെക്കടന്ന് കുതിച്ച് പായുന്നത് കണ്ടപ്പോള്‍,
കാറിന് നിരാശ തോന്നി.
ഒരു ചക്രം പിണങ്ങിയതുകൊണ്ടല്ലേ, താനിവിടെ കിടക്കുന്നത്,
ഓട്ടോറിക്ഷ ആയാല്‍ മതിയായിരുന്നു.
ട്രാഫിക് ജാമില്‍പ്പെട്ട് , കാത്തുകിടക്കുമ്പോള്‍,
വാഹനങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പായുന്ന, സൈക്കിള്‍ നോക്കി,
ഓട്ടോറിക്ഷ നെടുവീര്‍പ്പിട്ടു. സൈക്കിള്‍ ആയിരുന്നെങ്കില്‍,
മുന്നില്‍പ്പോയി നില്‍ക്കാമായിരുന്നു.
അടച്ച ഗേറ്റിനു മുന്നില്‍, തീവണ്ടി പോകാന്‍ കാത്തുനില്‍ക്കുമ്പോള്‍,
സൈക്കിളിനു ദേഷ്യം തോന്നി.
തീവണ്ടി ആയിരുന്നെങ്കില്‍,
മറ്റുള്ളവയെ കാത്ത് നില്‍പ്പിച്ച്,
ഗമയില്‍ കടന്നുപോകാമായിരുന്നു.
മണിക്കൂറുകളോളം സിഗ്നല്‍ കിട്ടാതെ, യാത്രക്കാരുടെ ദേഷ്യം കണ്ട്,
നിവര്‍ന്നുകിടക്കുമ്പോള്‍, തീവണ്ടിയ്ക്ക് തോന്നി,
മനുഷ്യന്‍ ആയാല്‍ മതിയായിരുന്നു.
ഒരു ഉത്തരവാദിത്തവുമില്ലാതെ, കൈയും വീശി,
നടന്നുപോകാമായിരുന്നു.
തീവണ്ടിയുടെ ചിന്ത കേട്ടറിഞ്ഞ ദൈവം ചിരിച്ചു.
എന്നിട്ട് പതുക്കെപ്പറഞ്ഞു.
“ആടറിയുമോ അങ്ങാടി വാണിഭം?”
26 Comments:
മൂഷിക സ്ത്രീ പിന്നെയും.....:)
മോഹങ്ങള്‍ ക്ഷണിക്കാതെ വരുന്ന അതിഥിയാണല്ലെ.
ശൂന്യമായ മനസ്സിലേക്ക് മോഹങ്ങളാണോ നിറച്ചത്?
നന്നായിരിക്കുന്നു.
ബിന്ദു തേങ്ങ കൊണ്ടുവരാന്‍ മറന്നു. ഹിഹി എന്റേലുണ്ട്.
മനോഹരമായ ചിന്തകള്‍. ഇക്കരെ നില്‍ക്കുമ്പോഴെല്ലാം അക്കരെ പച്ചയാണേ...
:)
(ഇതാണല്ലോ ഇപ്പോ ഫാഷന്‍ :))
ഒരു ചക്രം പിണങ്ങിയതുകൊണ്ടല്ലേ, ഞാനിവിടെ കിടക്കുന്നത്...
"മനസ്സില്‍, വലിയ ഭാരവും തൂക്കി,
കൈയില്‍, അതിനേക്കാള്‍ ഭാരവും തൂക്കി നടക്കുന്ന മനുഷ്യന്‍" - സത്യം! perfect
ആരു പിണങ്ങിയാലും ചക്രം പിണങ്ങരുത്
ചക്രം പിണങ്ങിയാല്‍ എല്ലാരും
‘മനുഷ്യരാവും’
-സുല്‍
സൂ,
തത്വചിന്തയാണല്ലൊ.എന്തായാലും മനസ്സിലാവുന്ന ഭാഷ,നന്നായി.
സൂ,
ഇനിയൊന്ന് മാറ്റിപ്പിടിക്കൂ, ഫിലോസഫി പെട്ടെന്ന് മടുക്കും എല്ലാവര്‍ക്കും
ആദീ, അത് കലക്കി
എല്ലാം മാസ്റ്റര്‍പ്പീസായാല്‍ യാന്ത്രം പോലാകുമെന്നതു നേരാണ്. ധിനചര്യപോലെ എഴുതുംബോള്‍ ഡയറിക്കുറിപ്പാകും...ഡയറിക്കുറിപ്പും മോശമൊന്നുമല്ല.!! ബോധപൂര്‍വമല്ലാത്ത തപസിനിടയിലെ ശൂന്യതയിലാണ് മാസ്റ്റര്‍പ്പീസുകളുടെ ജനനത്തിയതി !!! am i right ??? -ചിത്രകാരന്‍.
ഉത്തരവാദിത്ത്വത്തില്‍ നിന്നുമുള്ള ഒഴിഞ്ഞുമാറല്‍ ആണല്ലോ ഇപ്പോഴത്തെ ഫാഷന്‍...
പിന്നെ..വെറും കഥകളേയ്ക്കാളും ഇത്തരം നുറുങ്ങു ചിന്തകള്‍ക്കാണ് പ്രസക്തി....
സു ചേച്ചിക്ക്,
ഞാന്‍ ഒരു ഫാകടറി എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്താറുണ്ടെങ്കിലും ചിലപ്പോഴൊക്കെ നല്ല കാമ്പുള്ള കഥകള്‍ വരുന്നുണ്ട്.
കുറുങ്കഥകള്‍ ചേച്ചിക്ക് ഇണങ്ങും. കണ്ണൂരിലെ അശ്രഫ് ആഡൂരിനെ പരിചയമുണ്ടൊ? പിന്നെ പാറക്കടവ്? ഇവരൊക്കെ കുറുങ്കഥകളുടെ ആശാന്‍ മാരാണ്. പിന്നെ അടുത്തു തന്നെ പപ്പേട്ടന്‍ ഉണ്ടല്ലോ..
‘മോഹങ്ങള്‍’ നന്നായി. അവസാനം ‘മുന്‍ഷി’ സ്റ്റൈല്‍ ഇഷ്ടമായി.
കുറുങ്കഥകളില്‍ വാക്കുകള്‍ വളരെ കുറച്ച് മതി എന്നാണ് എന്‍റെ അഭിപ്രായം.
സ്നേഹത്തോടെ
രാജു
ബിന്ദൂ :) മോഹങ്ങള്‍, നമ്മെ കീഴടക്കാന്‍ വരുന്നവയും ആണ്.
ആര്‍. പി :) മോഹങ്ങള്‍ വേണ്ടേ ജീവിക്കാന്‍? ഒരു തേങ്ങ ബിന്ദു ഉടച്ചു. രണ്ടും കൂടെ ബര്‍ഫി ഉണ്ടാക്കും ഞാന്‍.
വേണു :) അതെ. അത് മനുഷ്യസ്വഭാവമാണ്.
ആദീ :) പുഞ്ചിരിപ്പൂവിനു നന്ദി.
വിശ്വം :) തലയ്ക്കുള്ളിലുള്ളതല്ലേ? അതിനു ചക്രം എന്നല്ല പറയ്യാ. ഈശ്വരാ... അത് പിണങ്ങിയോ? വിശ്വം കൈവിട്ടുപോയീന്നര്‍ത്ഥം. ;)
നവന്‍ :) നന്ദി.
സുല്‍ :) അതെ . മനുഷ്യരാവും.
മുസാഫിര്‍ :) തത്വവും ചിന്തയും ഒന്നുമില്ല. മനുഷ്യന്റെ കഴുത്തിനു മുകളില്‍ എന്തൊക്കെയുണ്ട് എന്ന് തിരിച്ചറിയാത്ത വിധം അസുഖങ്ങള്‍ വരുമ്പോള്‍ വരുന്ന ചിന്തകളാണ് ഇതൊക്കെ.
ഇടങ്ങള്‍ :) മാറ്റാം അല്ലേ?
കൊച്ചുഗുപ്തന്‍ :) നന്ദി. ഇത്തരം ചിന്തകള്‍ക്ക് പ്രസക്തിയുണ്ടോന്നറിയില്ല. എന്നാലും ചിന്തിച്ച് കൂട്ടുന്നു.
ചിത്രകാരന്‍ :) മാസ്റ്റര്‍പ്പീസുകള്‍ വരുമോ?
രാജൂ :) എനിക്ക് അവരെയൊന്നും പരിചയമില്ല. വായിച്ചിട്ടുണ്ടാവും ചിലതൊക്കെ. പറഞ്ഞതില്‍ നന്ദി. വായിക്കാന്‍ ശ്രമിക്കും.
തന്നെക്കാള്‍ മെച്ചം മറ്റേതാണെന്ന തോന്നല്‍... തന്നിലുമുണ്ട് കുറച്ച് ഗുണങ്ങള്‍ എന്ന് നാം വൈകി മനസ്സിലാക്കുന്നു. നാം നമ്മളെ തിരിച്ചറിയുക... അല്ലേ..
സമീപകാലത്ത് വായിച്ച് ചിന്തകളെ ഉത്തേജിപ്പിച്ച കവിത ഇതുതന്നെ. എത്രയായാലും മോഹങ്ങള്‍ക്ക് മാത്രം അതിരില്ല. കുഞ്ചന്‍ നമ്പ്യാരുടെ കവിതയിലെ പോലെ: "പത്ത് കിട്ടുകില്‍ നൂറു കിട്ടണമെന്ന്; നൂറു കിട്ടുകില്‍ ആയിരം കിട്ടണംപോലും"
പത്ത് കീട്ടുകില്‍ നൂറു മതിയെന്നും
ശതമെങ്കില്‍ സഹസ്രം മതിയെന്നും...
(പൂന്താനം)
സൂചേച്ചീ നന്നായിരിക്കുന്നു.
ക്ഷമീര്.. ഒരു പറ്റത്തം വിഡ്ഡിപ്പോയി. പൂന്താനവരികളാണെന്ന് ഇത്തിരിവെട്ടം പറാഞ്ഞപ്പോഴാണ് അറീണത്!
ഇങ്ങനെ ആര്‍ത്തി മൂത്തിട്ടല്ലേ, പണ്ടാര്‍ക്കോ പ്രാന്തായത്. അക്കരെ നിക്കുമ്പോള്‍, ഇക്കരെ പച്ച.
ദുബായിലിരിക്കുമ്പോള്‍, അമേരിക്കയില്‍ പോയാല്‍ കൊള്ളാമെന്നു തോന്നും, അവിടെ എത്തിയാല്‍ പിന്നെ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും, ഒന്നു രണ്ടു പസിലുകളോ, കവിതകളോ, അക്ഷരശ്ലോകങ്ങളോ എന്തെങ്കിലുമൊക്കെ ഇടണമെന്നു തോന്നുമായിരിക്കും.
എന്തായാലും നന്നായി സൂ
സൂ,
ഇതല്ലേ ജീവിതം?. അടങ്ങാത്ത മോഹങ്ങളുടെ തീച്ചൂളയില്‍ നട്ടം തിരിയുന്നവര്‍?
--നന്ദൂ
ദൈവത്തിന്റെ കമന്റ് ഒരൊന്നൊന്നര കമന്റായിപ്പോയി.
പക്ഷേ, കുറുമാന്‍ ചേട്ടന്‍ വന്നു അതിനെ കടത്തിവെട്ടിക്കളഞ്ഞു
ഹി ഹി സൂ ബെസ്റ്റായീ ചിന്താട്ടോ.
ഇങ്ങനെ ഇങ്ങനെ കരുതി ആര്‍ത്തി കാണിച്ച മനുഷ്യനു ദൈവം പിന്നേം കൊടുത്ത് ഒരു റ്റി.വിയും പിന്നെ ഒരു റിമോട്ട് കണ്ട്രോളും, അത് പോരാന്ന് പറഞ്ഞാപ്പോ ദൈവം പിന്നേം കൊടുത്തു ഫ്രെഞ്ച് ഫൈസും ബര്‍ഗറും, അതും പോരാന്ന് പറഞ്ഞപ്പോ പിന്നെ കൊടുത്ത് ഒരു ആഞ്ചിയോ ഗ്രാഫീം പിന്നെം പറഞ്ഞപ്പോ ഒരു ബൈപ്പാസും.... പിന്നെ ചോദിച്ചത്, മനുഷ്യന്റെ ഭാര്യയാ.. ദൈവമേ... മാത്രുഭൂമി ക്ലാസ്സിഫൈഡ്സില്‍ ഒരു പരസ്യം.. എല്ലാം പോസിറ്റീവ്... തന്റേതല്ലാത്ത കുറ്റം കാരണം വിധവയായ സുന്ദരിയും സുശീലയുമായ .....
സൂ എനിക്ക് വളരെ വളരെ വളരെ ...ഇഷ്ടമായി.ഞാനായിരുന്നെങ്കില്‍ ആ
അവസാന വരി മാത്രം ഒന്ന് മാറ്റിയെഴുതിയേനേ.
ഇങ്ങനെ ഇനിയുമെഴുതണം.അഭിനന്ദനങ്ങള്‍.
സു ,
ആസ്വദിച്ച് വായിച്ചു , വളരെ നന്നായി
കൃഷ് :) നന്ദി. അതൊക്കെ പറയാനേ പറ്റൂ.
ഏറനാടന്‍ :) നന്ദി. മോഹങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ പലരും ജീവിച്ചുപോകുന്നത്.
ഇത്തിരീ :)നന്ദി.
കുറുമാന്‍ :) നന്ദി. കുറുമാന് അമേരിക്കയില്‍ പോകാന്‍ തോന്നുണ്ടോ? ;)
നന്ദൂ :) അതെ. ജീവിതം ഇങ്ങനെത്തന്നെ.
സിജൂ :) നന്ദി.
അതുല്യേച്ചീ :) അഭിപ്രായത്തിനു നന്ദി. ആര്‍ത്തി എന്നൊന്നും പറയാന്‍ പറ്റില്ല. മോഹങ്ങള്‍. അത്രേ ഉള്ളൂ.
വിഷ്ണുപ്രസാദ് :) സന്തോഷം. അവസാനത്തെ വരി വേണ്ടായിരുന്നെന്നാണോ? അതോ വേറെ വാക്കുകള്‍ ആയിരുന്നേനെ എന്നാണോ?
തറവാടീ :) സന്തോഷം. നന്ദി.
ആശകള്‍ക്ക് അതിരില്ല അല്ലെ സു ചേച്ചി...
സോനയ്ക്ക് നന്ദി :) ആശകള്‍ക്ക് അതിരില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home