നാരങ്ങമുട്ടായി
“എന്താ കയ്യില്‍? കാണിക്കൂ."ഭാനുമതിട്ടീച്ചര്‍ വടിയുമെടുത്ത് കണ്ണുരുട്ടിയപ്പോള്‍ രാമിനു പേടിയായി. ഉച്ചയൂണുകഴിക്കാന്‍ വീട്ടില്‍ പോയിട്ടു വരുമ്പോള്‍, കനാലിലൂടെ ഒഴുകിയൊഴുകിനടക്കുന്ന മീനുകളെ കല്ലെടുത്തെറിഞ്ഞും, വയലിന്റെ വരമ്പില്‍ നിന്നിറങ്ങിയും കയറിയും കളിച്ചും കൊണ്ടു നിന്നിട്ട് നേരം വൈകിയതറിഞ്ഞില്ല. എന്നാലും പതിവു തെറ്റിക്കാന്‍ വയ്യാഞ്ഞിട്ട്, ഗോപാലേട്ടന്റെ കടയില്‍ നിന്ന് അഞ്ചുപൈസയ്ക്ക് വാങ്ങിയ നാരങ്ങമുട്ടായി വായിലിടാന്‍ സമയം കിട്ടിയില്ല. കീശയൊക്കെ നനഞ്ഞതുകൊണ്ട് പുസ്തകത്തിന്റെ കൂടെയുള്ള കുഞ്ഞുപെട്ടിയില്‍ ഇട്ടുവെക്കാമെന്നു കരുതി. ക്ലാസ്സിലേക്ക് എത്തുമ്പോഴേ ടീച്ചറെ കണ്ടു. എല്ലാവരും നോക്കുന്നുണ്ട്. കളിക്കൂട്ടുകാരൊക്കെ വേറെ വേറെ ക്ലാസ്സിലായതുകൊണ്ട് ആരുമില്ല തുണയ്ക്ക്. അടി കിട്ടിയതു തന്നെ.
"കയറി വാ." ടീച്ചര്‍ പറഞ്ഞു. "നനഞ്ഞുകുളിച്ചല്ലോ. തോട്ടില്‍ നിന്നെണീറ്റു വരുകയാണോ?”ക്ലാസില്‍ എല്ലാവരും ചിരിച്ചു.
കൈ മുറുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടാണു ടീച്ചര്‍ വീണ്ടും ചോദിച്ചത്. "എന്താ കയ്യില്‍? കാണിക്കൂ." മടിച്ചുമടിച്ച് കൈനീട്ടി. വിറയ്ക്കുന്നുണ്ട്.
"മുട്ടായിയോ? അച്ഛനുമമ്മയും വാങ്ങിത്തരാതെ ഓരോന്ന് കടയില്‍ നിന്നു വാങ്ങിക്കഴിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതല്ലേ?"ക്ലാസ്സിനെ മൊത്തം നോക്കിയിട്ട് ടീച്ചര്‍ ചോദിച്ചു. ഒരാളും ഒന്നും മിണ്ടിയതേയില്ല.
വെള്ളമൊലിച്ചുകൊണ്ടിരുന്ന നാരങ്ങമുട്ടായി ടീച്ചര്‍ എടുത്ത് മേശപ്പുറത്തിട്ടു. കൈയില്‍ നല്ല അടിയും തന്നു. വേദനയേക്കാള്‍, ഇനി നാളെയല്ലേ മുട്ടായി തിന്നാന്‍ പറ്റൂ എന്ന വിഷമം ആയിരുന്നു. അച്ഛന് നാളെ തരുമായിരിക്കും പൈസ എന്നു വിചാരിക്കാം. പെന്‍സില്‍ എന്തായാലും വാങ്ങണം. നനഞ്ഞുകുളിച്ച് ക്ലാസ്സില്‍ ഇരുന്നു. ടീച്ചര്‍ പോകുമ്പോഴേക്കും മേശപ്പുറത്തിരുന്ന മുട്ടായിയില്‍ ഉറുമ്പ് വന്നിരുന്നു. ടീച്ചര്‍ ഇറങ്ങിയതും ഒരു വിരുതന് അത് തട്ടി താഴെ ഇടുകയും ചെയ്തു.
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ത്തന്നെ വയ്യാത്തതുപോലെ. മുത്തശ്ശിയോടും അമ്മയോടും കുറേ എന്തൊക്കെയോ പറഞ്ഞു. പതിവുപോലെ കളിക്കാന്‍ മാത്രം പോയില്ല. അച്ഛനാണ് രാത്രി പറഞ്ഞത്.
"പനിക്കുന്നുണ്ടല്ലോ നന്നായി. വെള്ളത്തില്‍ക്കളി തന്നെ ആയിരുന്നു അല്ലേ?"
ഒന്നും മിണ്ടാന്‍ പോയില്ല. രാത്രിയില്‍ പനി അധികമായി.
ആശുപത്രിയില്‍ നിന്ന് രാവിലെ ഉണരുമ്പോള്‍ ആശങ്കയോടെ അച്ഛനും അമ്മയും നില്‍പ്പുണ്ട്. ഡോക്ടര്‍ വന്നു.
"ഉണര്‍ന്നല്ലോ. ഇന്നലെ രാത്രി എന്തായിരുന്നു ബഹളം. നാരങ്ങമുട്ടായി കൊണ്ടുവാ, നാരങ്ങമുട്ടായി വേണം എന്നൊക്കെപ്പറഞ്ഞ്. നാരങ്ങമുട്ടായി എന്നു മാത്രമേ വിചാരമുള്ളൂ അല്ലേ?" ഡോക്ടറുടെ ചോദ്യം കേട്ട് അച്ഛനും അമ്മയും ചിരിച്ചു.
എല്ലാവരോടും ദേഷ്യം തോന്നി. ഭാനുമതിട്ടീച്ചറിനോട് പ്രത്യേകിച്ചും. രണ്ട് ദിവസവും ശനിയും ഞായറും കഴിഞ്ഞ് സ്കൂളിലേക്ക് പോയപ്പോള്‍, ആദ്യം ചെയ്തത് നാരങ്ങമിട്ടായി വാങ്ങുകയായിരുന്നു.
"നാരങ്ങമുട്ടായിയെ കണ്ടില്ലല്ലോ രണ്ടു ദിവസം" എന്ന് ഗോപാലേട്ടന്. ഒന്നും പറയാതെ ഓടി. നാരങ്ങമുട്ടായിയെന്ന് പേരു വന്നിരുന്നു. എല്ലാവരും പുതിയ പുതിയ മുട്ടായി വാങ്ങുമ്പോള്‍ നാരങ്ങയല്ലിയുടെ ആകൃതിയില്‍ ഉള്ള, കയ്യില്‍ അല്‍പ്പം വെച്ചാല്‍ ഒട്ടിപ്പിടിക്കുന്ന മുട്ടായി താന്‍ മാത്രമേ വാങ്ങാറുള്ളൂ. അതും ദിവസവും.
----------------
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അങ്ങാടിയില്‍ ഈ നടത്തം എന്ന് രാം ഓര്‍ത്തു. സ്കൂളിനടുത്തെത്തിയപ്പോഴാണ് ഗോപാലേട്ടന്റെ കട കണ്ടത്. പരിഷ്കരിച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടില്‍ വിവിധതരം ചോക്ലേറ്റുകളും പലഹാരങ്ങളും. പുസ്തകങ്ങള്‍, പെന്സിലുകള്, പെന്‍ എന്നിവയുടെ സെക്ഷന്‍ വേറെത്തന്നെ. ഗോപാലേട്ടന്റെ മകന് ചിരിച്ചുകാട്ടി. സ്കൂളില്‍, തന്റെ സീനിയര്‍ ആയിരുന്നു അവന്.
"എപ്പോ വന്നു? അച്ഛന് പലപ്പോഴും അന്വേഷിക്കാറുണ്ട്. വരാറുണ്ടോയെന്ന്."
അത്ഭുതം തോന്നി. എത്രയോ കുട്ടികള്‍ ഉണ്ടാകും. എന്നിട്ടും തന്നെ ഓര്‍ക്കുന്നുണ്ടല്ലോ.
"വീട്ടില്‍ വിശ്രമത്തിലാണ്. കടയിലേക്ക് അപൂര്‍വ്വമായേ വരാറുള്ളൂ. കട പരിഷ്കരിച്ചപ്പോഴാണ് ഒരിക്കല്‍ അച്ഛന് പറഞ്ഞത്. നമ്മുടെ നാരങ്ങമുട്ടായി ഇനി വന്നാല്‍ എന്തുകൊടുക്കും എന്ന്. നാരങ്ങമുട്ടായിയൊന്നും ഇപ്പോള്‍ കിട്ടാനേയില്ല."
ഗോപാലേട്ടനെ ഒന്ന് കാണണം പോകുന്നതിനുമുമ്പ്. പലരേയും കണ്ടു. പലരും മറന്നിരുന്നു. കുറേ ആയല്ലോ നാട്ടില്‍ വരാതെ. പക്ഷെ പലരും പറഞ്ഞുകേട്ടപ്പോള്‍ അവസാനം എത്തുന്നത് നാരങ്ങമുട്ടായിയില്‍ ആണ്. ഗോപാലേട്ടന്റെ വീട്ടില്‍ പോയി. ഒക്കെ പരിഷ്കാരങ്ങള്‍. നാടിനു എത്ര വേഗം മാറ്റം വരുന്നു. കുട്ടിക്കാലത്തെ കഥകള്‍ പറഞ്ഞ് ഇരുന്നു. മോന് ഇപ്പോള്‍ തരാന്‍ നാരങ്ങമുട്ടായി ഇല്ലല്ലോന്ന് പറഞ്ഞപ്പോള്‍ വിഷമം ആയി. പഠിക്കാന്‍ വേണ്ടി നാടുവിടുന്നതുവരെ നാരങ്ങമുട്ടായി ഒരുദിവസം പോലും വാങ്ങാതെ ഇരുന്നില്ലല്ലോ എന്നോര്‍ത്തു. അതുകൊണ്ടായിരിക്കും ഗോപാലേട്ടനും ഇത്ര ഓര്‍മ്മ. ഇറങ്ങിയപ്പോള്‍ വൈകിയിരുന്നു.
അമ്പലത്തിനു വഴിയിലൂടെ നടക്കുമ്പോള്‍ പലരും കണ്ട് പരിചയം ഭാവിച്ച് ചിരിച്ചു. മനസ്സിലായില്ലെങ്കിലും അങ്ങോട്ടും പുഞ്ചിരിച്ചു. നാട്ടിന്‍പുറത്ത് അങ്ങനെയൊക്കെയാണല്ലോ. സെറ്റുമുണ്ടുടുത്ത് തലമുടിയില്‍ ഒരുപാട് വെള്ളിനൂലിട്ട സ്ത്രീ മുന്നില്‍ നിന്ന് "നാരങ്ങമുട്ടായിയല്ലേ” ന്ന് ചോദിച്ചപ്പോള്‍ ശരിക്കും അമ്പരന്നു. ഒന്നുകൂടെ സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്. ഭാനുമതിട്ടീച്ചര്‍. ടീച്ചര്‍, ജോലിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. അച്ഛനേയും അമ്മയേയും ഇടയ്ക്ക് കാണാറുണ്ടെന്നും ഒക്കെ പറയാറുണ്ടെന്നും, വരുന്ന കാര്യം പറഞ്ഞുവെന്നും പറഞ്ഞു. സന്തോഷം തോന്നിയിരുന്നു. എന്നാലും അന്നത്തെ അടിയുടെ കയ്പ്പും പനിയും മരുന്നും ഒക്കെ ഓര്‍മ്മയില്‍ വന്നു. പോകുന്നതിനുമുമ്പ് വീട്ടില്‍ വന്നിട്ടുപോകൂ എന്നും പറഞ്ഞ് ടീച്ചര്‍ പോയി.
വീട്ടിലെത്തിയപ്പോള്‍ ഇരുട്ടിയിരുന്നു. അച്ഛന് അങ്ങാടിയില്‍ പോയെന്ന് അമ്മ പറഞ്ഞു. ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് മെയില്‍ ചെക്കു ചെയ്യാം എന്നുകരുതിയത്. പ്രതീക്ഷിച്ചപോലെ നിത്യം കാണുന്ന മെയില്‍ ഉണ്ടായിരുന്നു. എന്റെ നാരങ്ങമുട്ടായിയ്ക്ക്, എന്നും പറഞ്ഞ് തുടങ്ങുന്ന മെയില്‍. അച്ഛനോടും അമ്മയോടും പറയാന്‍ സമയം കാത്തുനില്ക്കുന്ന മറ്റൊരു സ്വപ്നം. നാരങ്ങമുട്ടായി പോലെത്തന്നെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന മറ്റൊരു സന്തോഷം. രാം എണീറ്റ് പോയി, അമ്മ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും നോക്കി ഇരുന്നു.
Labels: കഥ.
29 Comments:
നന്നായിട്ടുണ്ട് സൂ ചേച്ചി. പഴയ ഓര്‍മളില്‍ നടക്കുന്നത് തന്നെ ഒരു ഭാഗ്യമാണ് (ചിലപ്പോള്‍ നിര്‍ഭാഗ്യവും).
അപ്പ ഈ പോസ്റ്റില്‍ ഞാനാല്ലേ തേങ്ങയുടക്കുന്നത്. ആദ്യം ആയിട്ടാ ആ കര്‍മ്മം ചെയ്യുന്നത്..
പച്ച, മഞ്ഞ, ഓറഞ്ച്... എനിക്കും നാരങ്ങാമുട്ടായി ഇഷ്ടമായിരുന്നു. വീട്ടില്‍ വരുമ്പോഴെല്ലാം നാരങ്ങാമുട്ടായി കൊണ്ടുവന്നിരുന്ന ഇളയമ്മയെ ഓര്‍ത്തു. നന്ദി.
പണ്ടത്തെ പ്യാരി - പച്ചകളര്‍ കടലാസില്‍ പൊതിഞ്ഞ - മുട്ടായിയാണ് എന്റെ ഫേവറിറ്റ്. എന്തൊരു രുചിയായിരുന്നു.
touching............pazhayakalam orthu poyi su.ji
നാരങ്ങമുട്ടായിയും പ്രണയവും... നല്ല കോംബിനേഷന്‍... :) എനിക്കിഷ്ടമായി ഇത്. :)
ഓഫ്: നാരങ്ങമുട്ടായി എനിക്കും ഇഷ്ടമാണ്.
--
ഇന്ന് ആ പഴയ നാരങ്ങമുട്ടായി കിട്ടാനെയില്ല, എന്തു പറ്റിയാവോ, കൊതിയാവുന്നു
ഞാന്‍ വാങ്ങിത്തരാം .. സു വിന് വേണോ?
പറഞ്ഞാല്‍ ചേച്ചി വിശ്വസിക്കുമോന്നറിയില്ല. ഇവിടെ ബാംഗ്ലൂരില്‍ ഞങ്ങള്‍ സ്ഥിരമായി ചായ കുടിച്ചോണ്ടിരുന്ന(ഇപ്പൊ അവിടെ പോകാറില്ല) ബേക്കറിയില്‍ ഓറഞ്ച് കളറിലുള്ള നാരങ്ങാമുട്ടായി കിട്ടും. ഇന്നു പോകുമ്പൊ എന്തായാലും വാങ്ങിത്തിന്നണം. ഇപ്പൊ അതിന് 50 പൈസ ആയി :)
കഥ വായിച്ച് വിഷമിയ്ക്കുന്ന ഒരുശീലമുന്ടേ..ഗോട്ടിയൊക്കെപ്പോലെ എഴുതി വന്നപ്പൊ എനിയ്ക്കു തോന്നി ഇതിലും വിഷമമായിരിയ്ക്കുമെന്ന്..വെറുതേ എന്തിനാ സങ്കടപ്പെടുന്നേന്ന് തോന്നിയെങ്കിലും വായിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല..പിന്നെ ശുഭമായി പര്യവസാനിപ്പിച്ചപ്പോ സമാധാനമായി..
നല്ല സുന്ദരന്‍ കഥ
സു. എന്റെ കണ്ണു നിറയിപ്പിച്ചു.
കഥ വായിച്ചു സെന്റി ആയിട്ടൊന്നും അല്ല. ഇതു വായിച്ചപ്പോള്‍ ഞാനും എന്റെ ആ പഴയ സ്കൂളിലേക്ക് അറിയാതെ മനസ്സുകൊണ്ടു ഒരു മടക്ക യാത്ര നടത്തി. അവിടെ രാമുവും ഭാനുമതി ടീച്ചറും അല്ല, പകരം സണ്ണിക്കുട്ടനും ശോഭ ടീച്ചറും ആയിരുന്നു. വയലിലെ വെള്ളത്തില്‍ കളിച്ചും മാവേലെറിഞ്ഞും സ്കൂളിലെത്തിയപ്പോള്‍ തന്നെ ഒന്നാമത്തെ പീരിയഡ് തുടങ്ങിക്കഴിഞ്ഞിരുന്നു. ക്ലാസ്സിലെ വാതില്ക്കല് ചെന്നു നിന്നു. അകത്ത് ശോഭ ടീച്ചര്‍ ഏതോ മലയാള പദ്യം വച്ചലക്കുന്നു. എന്നെ കണ്ടിട്ടും കുറെ നേരം കാണാത്തതുപോലെ നിന്നു. ഒരു പത്തു മിനിറ്റ് എങ്കിലും അങ്ങനെ നിന്നിട്ടുണ്ടാകണം. എനിക്കും ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. പിന്നെ പെട്ടെന്നു പഠിപ്പിക്കുന്നത് നിര്‍ത്തിയിട്ടു പുസ്തകം മടക്കി മേശപ്പുറത്ത് വച്ചു. ചൂരല്‍ വടിയുമായി എന്റെ അടുത്തു വന്നു ചോദിച്ചു,
എത്ര മണിക്കാ സ്കൂളില്‍ ബെല്ലടിക്കുന്നതു ?
പത്ത് മണിക്ക് !
ഇപ്പോള്‍ സമയം എത്രയായി??
ഞാന്‍ മിണ്ടിയില്ല.
എന്താടാ ചോദിച്ചത് കേട്ടില്ലെ?
അതിനും ഞാന്‍ ഉത്തരം നല്‍കിയില്ല.
അഹങ്കാരി. നിന്റെ നാവിറങ്ങിപ്പോയോടാ?? നീട്ടെടാ കയ്യ്..
ഞാന്‍ കൈപ്പത്തി മലര്‍ത്തി വച്ചു വലത് കയ്യ് നീട്ടി പിടിച്ചു..
പ്ലിക്കിം!!പ്ലിക്കിം.. രണ്ടൂ പെട.. ഞാന്‍ അനങ്ങിയില്ല. കൈ അതെപോലെ പിടിച്ചിട്ട് അങ്ങനെ നിന്നു.
പോയിരിക്കെടാ സീറ്റില്‍..
ഞാന്‍ പോയി എന്റെ സീറ്റിലിരുന്നു..
ഞാന്‍ എത്ര നിയന്ത്രിച്ചിട്ടും എന്റെ കണ്ണു നിറഞ്ഞൊഴുകികൊണ്ടിരുന്നു. അതു കണ്ട ടീച്ചറിന്റെ ദേഷ്യം പീന്നേയും കൂടി. അപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരുന്ന പദ്യത്തിലെ ഏതോ ചോദ്യം എന്നോട് ചോദിച്ചു.
ഞാന്‍ ഉത്തരം പറഞ്ഞില്ല.
നീട്ടെടാ അഹങ്കാരി കൈ..
ഞാന്‍ നീട്ടി കൊടുത്തു. വീണ്ടൂം കിട്ടി ഒരെണ്ണം. അതു കഴിഞ്പ്പോള് അടുത്ത് ചോദ്യം. അതിനും ഉത്തരമില്ല. പിന്നെയും അടി. അങ്ങനെ ഏഴു ചോദ്യവും ഏഴ് അടിയും. അതൊക്കെ നിറ കണ്ണുകളോടെ നിന്നു മേടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
ഉച്ചയൂണു കഴിഞ്ഞു വെറുതെ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ( അന്നു രാവിലെ കിട്ടിയതിന്റെ ക്ഷീണം മാറാത്തതു കൊണ്ടാണു ഉച്ചക്കു ക്ലാസ്സില്ി ഇരുന്നതു) മറ്റൊരു ടീച്ചര്‍ എന്നെ വിലിച്ചുകൊണ്ട് ടീച്ചെഴ്സ് റൂമില്‍ പോയി. അവിടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ശോഭ ടിച്ചറിരിക്കുന്നു. എന്നെ കണ്ടതും എന്റെ അരികിലേക്ക് വന്നു.. രാവിലെ അടികോണ്ട എന്റെ കൈപ്പത്തി കയ്യെടുത്തു മെല്ലെ തലോടി.. എന്നിട്ടു പറഞ്ഞു..
പോട്ടെടാ കുട്ടാ... മോന്റെ അമ്മയാണു അടിച്ചെതെന്നു കരുതിയാല്‍ മതി...
അത്രയും കേട്ടതും ഞാനും..പൊട്ടിക്കരഞ്ഞു പോയി..
അതെ. ഇന്നും അവധിക്കു നാട്ടിലെത്തുമ്പോള്‍ ശോഭ ടീച്ചറെ കാണും. വല്ലപ്പോഴും പഴയ ആ കാര്യം പറയും.
ഇന്നും ടീച്ചര്‍ എന്നെ മകനെപ്പോലെ കാണുന്നു... ഞാന്‍ അമ്മയെ പോലെയും..
"നാരങ്ങമുട്ടായിയ്ക്ക്, എന്നും പറഞ്ഞ് തുടങ്ങുന്ന മെയില്‍. അച്ഛനോടും അമ്മയോടും പറയാന്‍ സമയം കാത്തുനില്ക്കുന്ന മറ്റൊരു സ്വപ്നം. നാരങ്ങമുട്ടായി പോലെത്തന്നെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന മറ്റൊരു സന്തോഷം. രാം എണീറ്റ് പോയി, അമ്മ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും നോക്കി ഇരുന്നു... "
സീരിയലിനു പകരം രാമിനു അമ്മയോടൊപ്പം തെങ്കാശിപട്ടണം സിനിമ കാണാമായിരുന്നു...കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നില്ലേ..?
:)
നല്ല കഥ സൂചേച്ചി....
സൂ, നല്ല കഥ. കുറെ കാലമായി സൂവിന്റെ പോസ്റ്റുകളില്‍ കമന്റ് വെച്ചിട്ട്. ഇത് മൊത്തത്തില്‍ വരവ് വെച്ചേക്കൂ!
നല്ല ടച്ചിംഗ് കഥ. സണ്ണിക്കുട്ടന്റെ കമന്റും ടച്ചിംഗ്.
മൊത്തത്തില്‍ ഒരു ഫീല്‍ ഗുഡ് ഫീലിംഗ്.
സു..
കഥയ്ക്ക് പണ്ടത്തെ നാട്ടിന്‍പുറത്തിന്റെ ഒരു സുഗന്ന്ധം.
നാരങ്ങാമുട്ടായി ഇന്നുംതേടാറുണ്ട് നാട്ടില്‍ പോകുമ്പോള്‍...
ചാത്തനേറ്:“അമ്പലത്തിനു വഴിയിലൂടെ നടക്കുമ്പോള്‍ പലരും കണ്ട് പരിചയം ഭാവിച്ച് ചിരിച്ചു. മനസ്സിലായില്ലെങ്കിലും അങ്ങോട്ടും പുഞ്ചിരിച്ചു. നാട്ടിന്‍പുറത്ത് അങ്ങനെയൊക്കെയാണല്ലോ.”
ഇതിന് ചാത്തന് പറേം ഹൃദയത്തില്‍ കയറിയിരുന്ന് കൊഞ്ഞനം കുത്തുകാന്ന്.. :)
ഹായ് ഇതു കൊള്ളാട്ടോ..ശരിക്കും ടച്ചിങ്ങ് ആയിട്ടുണ്ട്.
എന്റെ ഫേവറേറ്റ് നാരങ്ങാ മുട്ടായി ആയിരുന്നില്ല. ചുമന്നു ഉരുണ്ട ഉള്ളില്‍ പഞ്ചസാര വെള്ളമൊക്കെ ഉള്ള..അതാ..10 പൈസക്കു 4 എണ്ണം പിന്നെ ഗ്യാസു മുട്ടായീം .
എനിക്കിഷ്ടം ശര്‍ക്കര മിഠായി ആയിരുന്നു. പിന്നെ പ്യാരി, നാരങ്ങാ മിഠായി, കട്ടിമിഠായി... :)
അതൊന്നും ഇപ്പോ കിട്ടാനില്ലേ?
വേഗം പറഞ്ഞുപോയതുപോലെ തോന്നി.
നന്നയി ട്ടൊ സൂ..
കുട്ടിക്കാലത്തു തിന്നിരുന്ന ചുയിംഗം പോലെ യുള്ള 5 പൈസക്കൊന്നു കിട്ടിയിരുന്ന (കടിച്ചു-പറിച്ചി എന്നു നാടന്‍ പേര്) ഒരു മിഠായിയായിരുന്നു എന്റെ ഫേവറിറ്റ്.
പറങ്കിമാങ്ങയുടെ നീരു കുറുക്കി ശര്‍ക്കരചേര്‍ത്തു ഇതു ഞങ്ങള്‍ വീട്ടിലുണ്ടാക്കിയിരുന്നു
“നൊസ്റ്റാള്‍ജിയ”
കഥ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
മെലോഡിയസ് :) തേങ്ങാക്കമന്റിന് നന്ദി.
ശാലിനീ :) ഇനി അതൊക്കെ കിട്ടുമായിരിക്കും.
മനൂ :)
ഹരീ :)
വള്ളുവനാടന്‍ :) കിട്ടുമായിരിക്കും.
ഇട്ടിമാളൂ :) വേണം വേണം.
ദീപൂ :) എന്നാലിനി ബാംഗ്ലൂരില്‍ വരുമ്പോള്‍ നോക്കാം.
അംബീ :) ഇതില്‍ വിഷമിക്കാനൊന്നുമില്ലെന്ന് മനസ്സിലായില്ലേ?
സണ്ണിക്കുട്ടാ :) കണ്ണു നിറഞ്ഞെങ്കിലും കഥ ഇഷ്ടമായില്ലേ? ഇത്തരം അനുഭവങ്ങളൊക്കെ ബ്ലോഗില്‍ എഴുതിയിടൂ.
ജാസൂ :) അതെ. ഏതെങ്കിലും സിനിമ മതിയായിരുന്നു അല്ലേ?
സതീഷ് :) നന്ദിയും മൊത്തത്തില്‍ വായനയ്ക്ക് വരവ് വെക്കൂ. ഹിഹി.
കിച്ചു :)
വക്കാരീ :)
കുട്ടിച്ചാത്തന് :) ഹിഹി.
ഉണ്ണിക്കുട്ടന് :) ഗ്യാസുമുട്ടായി, വെളുത്ത നിറത്തില്‍ വട്ടത്തില്‍ ഉള്ളതാണോ? അതെനിക്കും ഇഷ്ടം.
ബിന്ദൂ :) അതൊക്കെ ആര്‍ക്കുവേണം എന്നായി. കഥ വേഗം എഴുതിയതാണ്. പത്ത് മിനുട്ട്. ഇപ്പോ ഒക്കെ അങ്ങനെ ആയി. :(
പി. ആര് :)
കരീം മാഷേ :) ആ കറുത്ത നിറത്തില്‍ ഉള്ളതല്ലേ. ഹോ...കൊതിയായി.
പോസ്റ്റ് നന്നായിട്ടുണ്ട്, സണ്ണിക്കുട്ടന്റെ കമന്റും :-)
കഥ ഇഷ്ടപ്പെട്ടു.
കുതിരവട്ടന്‍ :)
ചേച്ചിയമ്മേ :) തിരക്കിലായിരുന്നോ?
രണ്ടുപേര്‍ക്കും നന്ദി.
ബ്ലോഗില്‍ എഴുതാന്‍ ഒരുപാടുണ്ട് സു.. പക്ഷെ എന്റെ ബ്ലോഗ് ഇതുവരെ ലിസ്റ്റ് ചെയ്തില്ല. അതുകൊണ്ട് കമന്റ് എഴുതി ആശ്വാസം കാണുന്നു.....
മധുരിക്കും ഓര്‍മ്മകള്‍ :)
സണ്ണിക്കുട്ടാ :) ബ്ലോഗിന്റെ സെറ്റിംഗ്സില് പോയിട്ട് സൈറ്റ് ഫീഡില്‍, ബ്ലോഗ് പോസ്റ്റ് ഫീഡ്, ഫുള്‍ അല്ലെങ്കില്‍ ഷോര്‍ട്ട് കൊടുക്കാതെ എവിടേയും ലിസ്റ്റ് ചെയ്യും എന്നു തോന്നുന്നില്ല. ചെയ്തുനോക്കൂ.
പടിപ്പുര :)
I am too bad with typing in malayalam keyboard
athu kondu manglish
nannayirunnu suu aa post. U know one of the reasons why i travel by bus from Kerala to bangalore. The buses stop at a place near mannuthy for dinner. There is a shop at about 500 metres from there where they sell excellent naranga muttayi..:) I finish dinner fast and run to that shop to buy a couple of packets of them (about 30 no's)and sit and finish the same night
അര്‍ഷദ് :) സ്വാഗതം. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
സൂവേച്ചി... നല്ല കഥ!
ഒരു നാരങ്ങാമുട്ടായിക്കു പോലും നമ്മെ പഴയ കാലത്ത്തേയ്ക്കു കൊണ്ടു പോകാന്‍ കഴിയുന്നു,അല്ലേ?
(പണ്ട് എനിക്കു നാരങ്ങാമുട്ടായി അത്ര ഇഷ്ടമല്ലായിരുന്നു...പക്ഷെ, ഇപ്പോള്‍ അതു കിട്ടാനില്ലാതായതു കൊണ്ടോ എന്തോ അതിനോടൊരു കൌതുകം...)
:)
ശ്രീ :) കുട്ടിക്കാലത്തെ മധുരം ഇപ്പോഴുണ്ടാവില്ലല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home