അല്പം ഭക്ഷണചിന്ത
കഴിഞ്ഞൊരു വാരാന്ത്യത്തില്‍ ഹിന്ദു പത്രത്തില്‍, സ്ലൈസ് ഓഫ് ലൈഫ് കോളത്തില്‍, വി ഗംഗാധര്‍ ജി, ക്രിക്കറ്റ് കാണാന്‍ തേപ്ലയും(ഥേപ്ല) കെട്ടിക്കൊണ്ട് ബാര്ബഡോസിലേക്കു പോയ ഒമ്പതു കൂട്ടുകാരുടെ കഥ പറഞ്ഞിട്ടുണ്ട്. ഥേപ്ല, ഒരു നോര്‍ത്ത് ഇന്ത്യന്‍ പലഹാരമാണ്. പൂരിയും ചപ്പാത്തിയും പോലെ ഒരു ഭക്ഷണം. ഒരു മാസത്തോളം, ക്രിക്കറ്റ് കണ്ട് അവിടെ കഴിയുമ്പോള്‍, തിന്നാനാണത്രെ അവര്‍ ഇവിടെനിന്നും അതും കെട്ടിക്കൊണ്ടുപോയത്. ചിലവും ലാഭിക്കാം, സ്വന്തം ഭക്ഷണവും കഴിക്കാം എന്ന് വിചാരിച്ചുകാണും. അവിടുത്തെ ആള്‍ക്കാര്‍ക്കും അത് ഇഷ്ടപ്പെട്ടു എന്നും എഴുതിയിട്ടുണ്ട്.
അതുപോലെ, നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍, അവിടെ കിട്ടുന്നത് തിന്നാമെന്നു വിചാരിക്കുന്ന കൂട്ടത്തിലാണോ, വേറെന്തായാലും വേണ്ടില്ല, ഭക്ഷണം വീട്ടിലേതു മതി എന്നു കരുതുന്ന കൂട്ടത്തിലോ? ആദ്യത്തെ കാര്യം വിചാരിച്ചുപോകുമ്പോള്‍, ഈശ്വരാ എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്ന് വിചാരിക്കേണ്ടി വരാറുണ്ടോ? രണ്ടാമത് പറഞ്ഞത്പോലെ വീട്ടില്‍ നിന്നു കെട്ടിക്കൊണ്ടുപോയപ്പോള്‍ എത്ര നന്നായി എന്നും തോന്നിയ സന്ദര്‍ഭങ്ങളും ഉണ്ടോ?
പണ്ട്, സ്കൂളിലേക്ക്, ഉച്ചയ്ക്കത്തെ ചോറും പൊതിയും കെട്ടിക്കൊണ്ട് പോകും. ഇപ്പോള്‍, ഭക്ഷണപ്പാത്രങ്ങള്‍ വെക്കാന്‍ തന്നെ ഒരു ബാഗുണ്ട്. ഊണിനുമുമ്പ് കഴിക്കാനുള്ളതും, ഊണിന്റെ സമയത്ത് കഴിക്കാനുള്ളതും കുടിക്കാനുള്ള വെള്ളവും ഒക്കെ കെട്ടിക്കൊണ്ടുപോകണം. ഈ രോഗകാലത്ത്, ഒരുകണക്കിനു നല്ലതു തന്നെ. നെല്ലിക്കയും തിന്ന് സ്കൂള്‍ കിണറിലെ വെള്ളം കോരി കൈക്കുമ്പിളാക്കി കുടിച്ചിരുന്നത് മറക്കാനാവില്ല. ഇപ്പോ, സ്കൂളിലെ വെള്ളമൊന്നും കുടിക്കരുത്, വെള്ളം തീര്‍ന്നാല്‍ വീട്ടില്‍ വന്നിട്ട് കുടിച്ചാല്‍ മതി എന്നു പറഞ്ഞയയ്ക്കും.
ദീര്‍ഘയാത്രയാണെങ്കില്‍, എന്തെങ്കിലും കെട്ടിക്കൊണ്ടുപോകുന്നതാണു സൌകര്യമുണ്ടെങ്കില്‍ നല്ലത്. കാരണം, തിരിച്ചെത്തുമ്പോഴേക്കും, പല തവണ വീട്ടില്‍ നിന്നല്ലാത്ത ഭക്ഷണം കഴിക്കേണ്ടി വരും. ദൂരയാത്ര പോവുമ്പോള്‍, ഭക്ഷണസമയമാവുമ്പോള്‍ സഹയാത്രികരെയൊക്കെ ഒന്ന് വീക്ഷിക്കും ഞാന്‍. ആരാണിപ്പോള്‍, വീട്ടില്‍ നിന്നു കൊണ്ടുവന്നിട്ടുള്ള ഭക്ഷണപ്പൊതി തുറക്കുന്നതെന്ന്. ആ പൊതി തുറക്കുമ്പോള്‍, ഒരു പ്രത്യേകമണം ഉണ്ടാവും. വീടിന്റെ മണം. ഞങ്ങള്‍, ഭക്ഷണം കൊണ്ടുപോവുകയാണെങ്കില്‍, ആ പൊതിയഴിച്ച്, വാട്ടിപ്പൊതിഞ്ഞ ഇലയിലെ ചോറു കാണുമ്പോള്‍ത്തന്നെ, വീട്ടിലിരിക്കുന്നത് പോലെ തോന്നും, അല്പനേരമെങ്കിലും.
എവിടെനിന്നും, കിട്ടുന്നത് കഴിച്ചാല്‍ മതി, വിശക്കുമ്പോള്‍ ഭക്ഷണം കിട്ടിയാല്‍ മതി എന്നുവിചാരിക്കുന്നവര്‍ ഉണ്ടാവും. നല്ലതുതന്നെ. ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ട. നിവൃത്തികേടുകൊണ്ട്, അങ്ങനെയൊരു ശീലം ഉള്ളവരും ഉണ്ടാവും. പക്ഷെ, അല്‍പ്പം, സ്വാദ് മാറി ഭക്ഷണം കഴിക്കേണ്ടിവന്നാല്‍ അസ്വസ്ഥതയുള്ളവര്‍ ഉണ്ടാവും. അവര്‍ക്കാണ് യാത്രകള്‍ പ്രശ്നം ആവുന്നത്. അവര്‍ ആരോടെങ്കിലും യാത്രയുടെ കാര്യം പറയുമ്പോള്‍, ഭക്ഷണത്തിന്റെ കാര്യം എടുത്തുപറയും. ചിലര്‍, ദൂരയാത്ര എന്നു കേള്‍ക്കുമ്പോള്‍ ചോദിക്കുന്നതുതന്നെ ഭക്ഷണത്തിന്റെ കാര്യമാണ്. വെള്ളം പോലും എടുക്കാതെ പോയി വന്ന് അസുഖം പിടിച്ച് കിടപ്പിലായവര്‍ പറയുന്നതുകേട്ടാല്‍, നമ്മള്, ഭക്ഷണക്കാര്യമോര്ത്ത് യാത്രയേ വേണ്ടെന്ന് വയ്ക്കും. ഒറ്റയ്ക്ക് പോകുന്നവര്‍ക്ക്, ഇതിലൊക്കെ എന്താണിത്ര പറയാന്‍ എന്നൊരു തോന്നല്‍ ഉണ്ടാവും. പക്ഷെ, കുട്ടികളേയും, ഭക്ഷണക്കാര്യത്തില്‍ അധികം ശ്രദ്ധിക്കേണ്ടവരേയുംകൂടെ കൂട്ടി ഒരു യാത്ര നടത്തി നോക്കൂ. അപ്പോഴറിയും വിവരം. ഇപ്പോള്‍, മിക്കവാറും പേര്, പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, കുടിവെള്ളവും എടുത്താണു പോകുന്നത്. കല്യാണത്തിനായാലും, പാര്‍ട്ടിക്കായാലും, സിനിമാഹാളിലേക്കായാലും, എവിടേക്കായാലും.
യാത്രയില്‍ കുടുംബമായിട്ട് പോകുന്നവര്‍ മിക്കവാറും, ഭക്ഷണം കൊണ്ടുപോകും. ലാഭം നോക്കിയാലും, ആരോഗ്യം നോക്കിയാലും അതു തന്നെ നല്ലത്. അതും ഇതും വാങ്ങിക്കഴിച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും അസുഖമായാല്‍, കാണാന്‍ പുറപ്പെട്ട കാഴ്ചകളൊന്നും കാണില്ലെന്ന് മാത്രമല്ല, കൂടെ ഉള്ളവര്‍ക്കും വിഷമം ആവും. ഞങ്ങള്‍, കൂട്ടുകാരുമൊത്ത് പോയ യാത്രകളിലൊക്കെ ഭക്ഷണവും പൊതിഞ്ഞ് പോയിരുന്നു. ചിലപ്പോള്‍ ഒരുമിച്ച് ഓര്‍ഡര്‍ ചെയ്ത്, അല്ലെങ്കില്‍ ഓരോരുത്തര് അവരുടെ വീതം. ഓരോ സ്ഥലത്തും വാഹനം നിര്‍ത്തി, കഴിച്ച്, സമാധാനമായി പോയി വരുമായിരുന്നു. വീട്ടിലെ, അല്ലെങ്കില്‍, വീട്ടിലെപ്പോലെയുള്ള ഭക്ഷണം ആയതുകൊണ്ട്, വന്ന് കിടപ്പിലാവേണ്ടിവരാറില്ല. കുട്ടികളേയും കൂട്ടി പോകുമ്പോള്‍, പരിപാടി ഒക്കെ തെറ്റാറില്ലേ? അവര്‍ക്ക്, പായ്ക്കറ്റില്‍ കിട്ടുന്നതും, കളറുള്ള വെള്ളവും മതി. കടയ്ക്ക് മുന്നിലെത്തുമ്പോള്‍, ചൂണ്ടിക്കാണിച്ച് അതുമതി എന്നു പറയാറില്ലേ? വീട്ടില്‍ വന്നതിനുശേഷമാവും കുഴപ്പം മനസ്സിലാവുക. വയറുവേദന, പനി.
പുറത്തിറങ്ങിയാല്‍ ഭക്ഷണം കഴിക്കാത്തവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു കൂട്ടുകാരി പറഞ്ഞു, ഒരാളെപ്പറ്റി. ഒന്നും കഴിക്കാതെയല്ല. പഴങ്ങള്‍ മാത്രമേ കഴിക്കുകയുള്ളൂ എന്ന്. വിദേശരാജ്യങ്ങളില്‍ പോയിട്ട്, എന്തൊക്കെയോ ഭക്ഷണം കണ്ടിട്ട് പരിഭ്രമിച്ചവരെക്കുറിച്ച് വായിച്ചിട്ടുണ്ട്. നമ്മള് അറയ്ക്കുന്ന വസ്തുക്കള്‍ തിന്നുന്നവരെയൊക്കെ ടി. വി. യില്‍ കാണിക്കുന്നത് കണ്ടിട്ടുണ്ട്.
ഓരോ കാലത്തിനു അനുസരിച്ച്, ഭക്ഷണം കഴിച്ചാല്‍, അസുഖം വരാതെ നോക്കാം എന്ന് വിദഗ്ദ്ധന്മാര് പറയും. ഒരു ചെവിയില്‍ കൂടെ കേട്ട്, മറു ചെവിയില്‍ കൂടെ വിട്ട്, കിട്ടുന്നതെല്ലാം വലിച്ചുവാരിത്തിന്ന് നമ്മളിരിക്കും. എണ്ണ തൊടരുത് എന്ന് പറഞ്ഞാല്‍ നമ്മള് എണ്ണ തൊടുകയേ ഇല്ല. തലയിലും മേലും എണ്ണ തേക്കാതെ, എണ്ണപ്പലഹാരങ്ങള്‍ സ്പൂണുകൊണ്ട് തിന്ന് നമ്മള് സന്തോഷമായി ഇരിക്കും. പപ്പടം എണ്ണയില്‍ വറുത്ത് കഴിക്കരുതെന്നു പറഞ്ഞാല്‍, ചുട്ടെടുക്കുന്ന പപ്പടം കൊണ്ട് കാന്‍സര്‍ ഉണ്ടാവാം, ഉണ്ടാവുമോ, ഉണ്ടായേക്കാം എന്ന് പണ്ടെങ്ങോ എവിടെയോ വന്ന, നിറം മങ്ങിയ കടലാസ്, പൊന്നുപോലെ സൂക്ഷിച്ചുവെച്ചത് എടുത്തുകൊണ്ടുവന്ന് കാണിക്കും. യാത്രയ്ക്കിടയില്‍, വാഹനത്തില്‍ നിന്ന് വാങ്ങില്ല എന്ന് പറഞ്ഞ് കടും പിടിത്തത്തില്‍ ഇരിക്കുന്ന നമ്മള്, സാരമില്ല, ഇതൊക്കെ വീട്ടിലുണ്ടാക്കിയതാവുമല്ലോ, വില്‍ക്കുന്നയാളുടെ, എന്നും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ നേരം ആയിട്ടുണ്ടെങ്കിലും, അത് വാങ്ങും. അസുഖം വരാതിരുന്നാല്‍ രക്ഷപ്പെട്ടു എന്നു വിചാരിച്ചാല്‍ മതി. ട്രെയിന്‍, ബസ് യാത്ര പോകുമ്പോള്‍, എന്തൊക്കെ കെട്ടിക്കൊണ്ടുപോകണം, ഭക്ഷണമെങ്കിലും ഒഴിവാക്കിയേക്കാം എന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ മറിച്ച് ചിന്തിക്കാന്‍ സമയമായി. വേറെ ഒന്നും കെട്ടിക്കൊണ്ടുപോയില്ലെങ്കിലും, കഴിയുന്നത്ര നേരത്തേക്ക്, കഴിക്കാനും കുടിക്കാനും ഉള്ളതൊക്കെ കെട്ടിപ്പൊതിഞ്ഞെടുക്കുക. പല രോഗങ്ങളും വെള്ളത്തില്‍ക്കൂടെ വരുന്നതാണ്.
നിങ്ങള്‍ ദൂരേയ്ക്ക് പോകുമ്പോള്‍, അവിടെ ഒന്നും കിട്ടില്ലെന്ന് കരുതിയല്ലല്ലോ, വീട്ടില്‍ നിന്നു പൊതിഞ്ഞുതരുന്നത്. അച്ചാറും, പപ്പടവും, വറ്റലുകളും ഒക്കെ, വേറെ എന്തൊക്കെയുണ്ടെങ്കിലും പെട്ടിയില്‍ സ്ഥാനം പിടിക്കുന്നതും അതുകൊണ്ടുതന്നെ. ദൂരെയെത്തി, പെട്ടിയൊക്കെ തുറന്ന്, അതൊക്കെ എടുത്ത് വയ്ക്കുമ്പോള്‍, നിങ്ങള്‍ക്ക് തോന്നാറില്ലേ, ഭക്ഷണം വീട്ടിലേത് തന്നെ നല്ലതെന്ന്. അതിലുള്ള സ്നേഹം വേറെ എവിടെയെങ്കിലും ഉണ്ടാവുമോ?
വിദേശത്തൊക്കെ പോയി വന്നിട്ട്, അവിടുത്തെ രീതികള്‍ എഴുതാം. ഹിഹിഹി.
നല്ല ഭക്ഷണം കഴിക്കുക. ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കുക.
മുകളിലെഴുതിയതൊക്കെ, ഭക്ഷണം കിട്ടുന്നവര്‍ക്കും കഴിക്കുന്നവര്‍ക്കും ബാധകം.
ഭക്ഷണം കിട്ടാത്തവരെക്കുറിച്ചെഴുതാന് ഒരു ബ്ലോഗ് പോസ്റ്റ് മതിയാവുമോ?
Labels: തീറ്റ കുടി, ഭക്ഷണം, യാത്ര.
23 Comments:
നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍, അവിടെ കിട്ടുന്നത് തിന്നാമെന്നു വിചാരിക്കുന്ന കൂട്ടത്തിലാണോ... അതെ (തത്കാലം വേറെ നിവൃത്തിയില്ല!!!)
കുറേക്കാലം (3ആം ക്ലാസുമുതല്‍ പ്രീഡിഗ്രീ വരെ)ലഞ്ച് ബോക്സ് കൊണ്ടു നടന്നതുകൊണ്ടാണോ എന്നറിയില്ല, എനിയ്ക്ക് പൊതിച്ചോറ് ഇഷ്ടമല്ല. ഹോട്ടല്‍ ഭക്ഷണം തീരെ ഇഷ്ടമല്ല-പക്ഷെ ഇപ്പൊ അതുമായി അഡ്ജസ്റ്റ് ചെയ്യുന്നു. നാട്ടില്‍ പോയാല്‍ കഴിയുന്നതും പുറത്തുനിന്ന് ഒന്നും കഴിയ്ക്കാറില്ല.
വീട്ടിലിരുന്ന് ആവി പറക്കുന്ന ചോറ് വാരിത്തിന്നുന്ന സുഖം ഒന്നു വേറെ തന്നെ :)
ഇതു മൊത്തത്തില്‍ ഓഫായോ?
:)
മൊത്തത്തില്‍ രസകരമായിട്ടുണ്ട്.
ഇവിടെ പ്രയാസം അനുഭവിയ്ക്കുന്ന് പ്രവാസികള്‍ക്കു ഹോട്ടല്‍ തന്നെ ശരണം. അതും എല്ലാദിവസവും ഓരേ ഭക്ഷണം.(കോഴി,മീന്‍,കാള,സോസേജ് പിന്നെ ഡാല്‍ പാലക് പുളിശ്ശേരി...നീ ഇതൊക്കെ കഴിച്ചാല്‍ മതിയെന്ന ഭാവവും കൂടെകിട്ടും)
കൂടുതലും വീട്ടു ഭക്ഷണമാണെനിയ്ക്കിഷ്ടം. പക്ഷെ സാഹചര്യങ്ങല്ക്കനുസരിച്ചു പുറത്തുനിന്നും കഴിക്കും. അല്ലാതെന്തുചെയ്യും?
നാട്ടിലെന്റെ (വാമഭാഗം) അച്ഛനുമമ്മയും പുറത്തുനിന്നു കൊണ്ടുവരുന്ന ഒന്നും കഴിക്കില്ലാ. വീട്ടിലുണ്ടാക്കുന്നതുമാത്രമേ കഴിക്കുകയൊള്ളൂ. അതും അമ്മ തന്നെയുണ്ടാക്കുന്നത്. (പഴങ്ങള്‍ ഇതിനൊരപവാദമാണ്)
പുറത്തു പോയാല്‍ അന്നവര്‍ക്ക് ഉപവാസംപോലെയാണ്. ആയതിനാല്‍ കൂടെ പോകുന്ന ഞങ്ങള്‍ക്കും അവരുടെ മുന്‍പില്‍വച്ചു എന്തെങ്കിലും കഴിക്കുവാന്‍ വൈമനസ്യമാണ്.
ഭേജ് പൂരിയും, തന്തൂരി ചിക്കനും, സാഹി പനീറും, ബട്ടര്‍ നാനും ഒക്കെ കഴിച്ചു. പക്ഷേ പണ്ട് അമ്മ, പൊതിഞ്ഞു തന്ന, വാഴയിലമണവും ചമ്മന്തിയുപ്പും, ഉരുളന്‍ കിഴങ്ങു മെഴുക്കുപുരട്ടിയും തന്ന ആ സ്വാദ് പിന്നെ അറിഞ്ഞിട്ടേയില്ല
സു, ലേഖനം കൊള്ളാം. കാലിക പ്രസക്തം എന്നൊന്നും ഞാന്‍ പറയില്ല. കാരണം ഇന്നത്തെ ലോകത്തെക്കുറിച്ചല്ല സു ഇതില്‍ പ്രതിപാധിച്ചിരിക്കുന്നത്. ചോറുപൊതിയും കൊണ്ട് ജയന്തി ജനതയില്‍ ബോംബെയ്ക്ക് യാത്രചെയ്ത ഒത്തിരി മലയാളികളുണ്ട് കേരളത്തിലും കേരളത്തിന് പുറത്തും. ആ കാലമൊക്കെ പോയി. ഇന്ന് കാലം പോയി, ഒപ്പം നമ്മളും മാറണം. പുറത്ത് കിട്ടുന്ന ഭക്ഷണം കഴിച്ചാല്‍ വയറ് കേടാകുമെന്നൊക്കെ പറയുന്ന കാലം പോയി. ലാഭം നോക്കി വഴിയില്‍ കിട്ടുന്ന എന്തെങ്കിലുമ്മൊക്കെ കഴിച്ചാല്‍ വയറല്ല ആളു തന്നെ കാഞ്ഞുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഞാന്‍ രണ്ട് ഉദാഹരണം പറയാം. ഞാന്‍ ജോലിചെയ്യുന്ന കസാഖ്സ്ഥനിലെ ടെന്‍ഗിസ് എന്ന ഓയില്‍ ഫീല്‍ഡില്‍ ഞങ്ങള്‍ ആകെ ആറ് മലയാളികളാണുള്ളത്. അവിടെ കഴിയുന്ന ഇരുപത്തിയെട്ട് ദിവസം സാമ്പാറും രസവും ഒന്നും കൂട്ടിയല്ല ഞങ്ങള്‍ ഭക്ഷിക്കുന്നത്. അമേരിക്കന്‍സ് കൂടുതലുള്ളതിനാല്‍ അവരുടെ രീതിയിലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും വയറ് കേടായിട്ടില്ല. നമ്മുടെ ഭക്ഷണം ക്വാളിറ്റിയേക്കാള്‍ ക്വാണ്ടിറ്റയാണ്. നമുക്ക് വേണ്ടത് ക്വാണ്ടിറ്റിയല്ല, ക്വാളിറ്റി ഭക്ഷണമാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് ചേര്‍ന്ന രീതിയില്‍.
രണ്ടാമത്തെത്, ഒരിക്കല്‍ തുര്‍ക്കിയില്‍ നിന്ന് ബോംബെയക്ക് വരുന്ന തുര്‍ക്കിഷ് എയര്‍ലെന്‍സില്‍, ഇന്‍ഡ്യയിലെ ഏതോ ഹോം അപ്ലൈന്‍സ് കമ്പനിയിലെ റീട്ടയില്‍ ഏജന്‍സികള്‍ അവരുടെ ഏതോ ബിസിനിസ് ടൂര്‍ കഴിഞ്ഞ് എന്നോടൊപ്പമുണ്ടായിരുന്നു. അവരെല്ലാം സു പറഞ്ഞതുപോലെ വീട്ടില്‍ നിന്ന് പ്ലേഗോ ഥേഗ്ലോ എന്തെക്കെയോ കൊണ്ടുവന്ന് വിമാനത്തില്‍വച്ച് ഭക്ഷിക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ അതു മഹാ ബോറാണ്. ഇന്ഡ്യാക്കാര് മൊത്തത്തില്‍ മറ്റുള്ളവരുടെ മുന്നില്‍ കാടന്മാരാവുകയാണ്.
അതുകൊണ്ട് നമുക്ക് വീട്ടിലെ ഭക്ഷണം വീട്ടില്‍വച്ച് കഴിക്കാം. പുറത്ത് പോകുമ്പോള്‍ അവിടെ കിട്ടുന്നതും. ഇന്ന് ലോകം മുന്നോട്ടാണ് പോകുന്നത്, നമ്മളായിട്ട് പുറകോട്ട് വലിക്കണോ???
ഈ കമന്റ് സ്നേഹമയിയായ ഭാര്യ വായിക്കുകയില്ല എന്ന ശുഭാപ്തിയില്‍ എഴുതുകയാണ്.
നാട്ടില്‍നിന്നും ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ കൂടുതല്‍ഭാരം അവള് ബാഗിലെ ഇല്ലാത്ത സ്ഥലത്ത് തിരുകിയിറക്കിയ അച്ചാറുകളും വറ്റലുകളുമൊക്കെയായിരുന്നു.ഇവിടെ വന്നിറങ്ങിയപ്പോള്‍ പരിചയക്കാരൊക്കെ വന്നു,എന്തെങ്കിലും കൊടുക്കണ്ടേ എന്നുകരുതി എല്ലാം അവര്‍ക്കു കൊടുത്തു,വിളിക്കുമ്പോള്‍ അവള് ചോദിക്കും അച്ചാര്‍ തീര്‍ന്നോ ചമ്മന്തിപ്പൊടി തീര്‍ന്നൊ? എപ്പൊഴേ തീര്‍ന്നു രുചി സഹിക്കാന്‍ വയ്യാത്തതു കൊണ്ട് അപ്പോഴേ തീര്‍ന്നു എന്ന് നല്ല കല്ലുവച്ചനുണയാണ് മറുപടി.പാവം .ഇതൊക്കെ കഷ്ടപ്പെട്ടുണ്ടാക്കിത്തരുന്ന വീട്ടുകാരെ പറ്റിക്കല്‍ ഒരു തുടര്ക്കഥതന്നെ.
നല്ല രസമുള്ള കുറെ ഓര്മ്മകളിലേക്കുകൊണ്ടുപോയി ഈ ഭക്ഷണപുരാണം.
ഭക്ഷണമില്ലത്തൊരെന് ചിന്തയില്‍ നിറയുവതെങ്ങിനെ
ചിന്തകള്‍ ..... നിറയും വയറില്‍ നിന്നത്രെ വിരിയും ചിന്തകളുടെ ജനനം .......... ഒരു പഴമൊഴിയാക്കി മാറ്റിയാലോ ഇത്.....
നന്മകള് നേരുന്നു
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
സൂ..ഭക്ഷണം എന്ന് കേട്ട് ഓടിവന്നതാണ്. :) ഇഷ്ടമായി. എന്തൊക്കെയായാലും വീട്ടിലെ ഭക്ഷണത്തിനു രുചി കൂടുതലുണ്ട്, അമ്മയുണ്ടാക്കിതരുമ്പോള് പ്രത്യേകിച്ചും.
"ആ പൊതി തുറക്കുമ്പോള്‍, ഒരു പ്രത്യേകമണം ഉണ്ടാവും. വീടിന്റെ മണം". ആ വാക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു പൊതിച്ചോറ് പാഴ്സല്‍ വാങ്ങിയിട്ട് രണ്ട് നേരം തിന്ന് വിശപ്പടക്കിയ ഒരു കാലത്തെക്കുറിച്ച് ഓറ്മിപ്പിച്ചു ചേച്ചി..
:)
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍
പലപ്പോഴും പൊതി കെട്ടി തന്നയക്കുമ്പോഴും സാധനങ്ങള്‍ ബാഗില്‍ തിരുകി വിടുമ്പോഴും അരിശം തോന്നാറുണ്ട്. പക്ഷെ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ മനസ്സുകൊണ്ട് അവരെ നമിക്കാറുണ്ട്. കാലമെത്ര മാറിയാലും കോലം മാറുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ അവന്റെ കോലം എന്താകുമെന്ന് പുതിയ അസുഖങ്ങള്‍ അവനെ പഠിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം മറ്റൊരു നിവൃത്തിയുമില്ലാത്തവര്‍ക്ക് സഹിക്കുകയല്ലാതെ എന്തുചെയ്യാന്‍....
ഒരു ഗൃഹാതുരത ഉണര്‍ത്തുന്ന വാക്കുകള്‍. :)
രണ്ടും ഇഷ്ടം! (ഭാര്യയെങ്ങാനും ഈ കമന്റു കണ്ടാലോ!)
പൊതുവേ, ഉച്ചയ്ക്ക് കൂടെ ജോലിചെയ്യുന്നവരോടൊപ്പം കഴിക്കുന്നതാണ് താല്പര്യം. ചിലപ്പോള്‍ വീട്ടില്‍ നിന്നും കൊണ്ടുവരുന്നത്, ചിലപ്പോള്‍ അല്ലാതെ. വൈകുന്നേരം വീട്ടിലെ ഭക്ഷണം തന്നെ പഥ്യം.
ഭക്ഷണായനം നന്നായി...പൊതിച്ചോറ് മാഹാത്മ്യം അതിലും കേമം....
...ഹൃദയത്തിലേയ്ക്കുള്ള എളുപ്പ വഴി ഉദരത്തിലൂടെയാണെന്നു പണ്ടേതോ മഹാന് പറഞ്ഞത് എത്ര അര്‍ത്ഥവത്താണ്.!!!..
ചാത്തനേറ്: “ഭക്ഷണസമയമാവുമ്പോള്‍ സഹയാത്രികരെയൊക്കെ ഒന്ന് വീക്ഷിക്കും“ എന്നിട്ടിതു വരെ ആരും പറഞ്ഞില്ലേ ഇമ്മാതിരി ആര്‍ത്തി പിടിച്ച നോട്ടം നോക്കരുത് വേണേല്‍ ഇത്തിരി എടുത്ത് കഴിച്ചോ എന്ന്..(ഇത് തിരിച്ച് ചോദിക്കരുത്)
വലിച്ചു വാരി എഴുതിയതു പോലെ ഉണ്ട് ഒന്ന് അടുക്കിപ്പെറുക്കാമായിരുന്നു.
ഓടോ:സനാതനന് ചേട്ടോ വഞ്ചകാ...:(
അമ്മ അടുത്തിരുന്ന്, സ്പൂണുകൊണ്ട്, ചോറു കോരിത്തരുന്നപോലെ...
:)
നല്ല ലേഖനം സൂ ചേച്ചി..
പൊതുവേ ഭക്ഷണപ്രിയനായ ഞാന്‍ ഇതൊന്നും അത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
നല്ലൊരു വിഷയം....പുറത്ത് പോയാന്‍ മെയ്യനങ്ങാതെ ആഹാരം കഴിക്കാം എന്ന പ്ലസ് പോയിന്റ് ഉണ്ട്...:) പിന്നെ ഞാന്‍ തിരിച്ച് കടിക്കാതതെന്തും കഴിക്കുന്ന പ്രകൃതമായത് കൊണ്ട് ഏതായാലും പ്രശ്നമില്ല..സമയത്ത് ആഹാരം എന്തെങ്കിലും കഴിക്കണം എന്ന് മാത്രമെയുള്ളൂ നിര്‍ബന്ധം..[അത് മാത്രം നടക്കാറില്ല എങ്കിലും...:)]
ദീപൂ :) ആദ്യകമന്റിന് നന്ദി. ഒന്നും ഓഫായില്ല.
ശരണ്യ :)
കുഞ്ഞന്‍ :)
മനൂ :)
സണ്ണിക്കുട്ടാ :) ശരിയാണ്. എന്നാലും വീട്ടിലെ ഭക്ഷണം വേണ്ടാന്ന് പറയാന്‍ പറ്റുമോ?
സനാതനന് :) അതു വല്യ ചതിയാണ്. പാവം.
മന്‍സൂര്‍ :) സ്വാഗതം.
സാരംഗീ :) ഓടിവന്നിട്ട് കിട്ടിയോ?
സുനില്‍ :) എന്താ പറയ്യാ?
ദ്രൌപതീ :)
മുരളീ മേനോന് :)
സഹ :)
സന്തോഷ് :)
കൊച്ചുഗുപ്തന്‍ :)
കുട്ടിച്ചാത്താ :) അങ്ങോട്ടും ചോദിക്കും. പണ്ട് ട്രെയിനിലിരുന്നു തുറിച്ച് നോക്കിപ്പേടിപ്പിച്ച കാര്യം എനിക്കോര്‍മ്മയുണ്ട്. ;)
സുമേഷ് ചന്ദ്രന് :)
മെലോഡിയസ് :)
മയൂര :)
വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
എവിടെനിന്നും, കിട്ടുന്നത് കഴിച്ചാല്‍ മതി, വിശക്കുമ്പോള്‍ ഭക്ഷണം കിട്ടിയാല്‍ മതി എന്നുവിചാരിക്കുന്നവര്‍ ഉണ്ടാവും. - ഞാനീ വക്കുപ്പില് പെടും. വെള്ളം, ധാരാളമായി വേണ്ട കൂട്ടത്തിലാണ്, കഴിയുന്നതും ചൂടുവെള്ളം ചോദിച്ചു കുടിക്കും, അല്ലെങ്കില്‍ ചായയോ മറ്റോ ആക്കും...
ഹല്ല, എന്താണിപ്പോളൊരു ഭക്ഷണചിന്ത! ഒന്നും കഴിക്കാന്‍ വയ്യാത്ത അവസ്ഥയിലായോ?
--
സൂവേച്ചി,
ലേഖനം നന്നായി...
എങ്ങനെയാണെങ്കിലും, വീട്ടിലെ ഭക്ഷണത്തിന്റെ അത്ര ത്രൃപ്തി തരുന്ന വേറെ ഒന്നുമില്ല.
:)
ഹരീ,
ശ്രീ,
:)
ഈ ബ്ളോഗിലെ 12 പോസ്റ്റ്കള് എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു... മര്യാദക്ക് മായ്ച്ചു കളയുക...
Post a Comment
Subscribe to Post Comments [Atom]
<< Home