അല്പം ഭക്ഷണചിന്ത
കഴിഞ്ഞൊരു വാരാന്ത്യത്തില്‍ ഹിന്ദു പത്രത്തില്‍, സ്ലൈസ് ഓഫ് ലൈഫ് കോളത്തില്‍, വി ഗംഗാധര്‍ ജി, ക്രിക്കറ്റ് കാണാന്‍ തേപ്ലയും(ഥേപ്ല) കെട്ടിക്കൊണ്ട് ബാര്ബഡോസിലേക്കു പോയ ഒമ്പതു കൂട്ടുകാരുടെ കഥ പറഞ്ഞിട്ടുണ്ട്. ഥേപ്ല, ഒരു നോര്‍ത്ത് ഇന്ത്യന്‍ പലഹാരമാണ്. പൂരിയും ചപ്പാത്തിയും പോലെ ഒരു ഭക്ഷണം. ഒരു മാസത്തോളം, ക്രിക്കറ്റ് കണ്ട് അവിടെ കഴിയുമ്പോള്‍, തിന്നാനാണത്രെ അവര്‍ ഇവിടെനിന്നും അതും കെട്ടിക്കൊണ്ടുപോയത്. ചിലവും ലാഭിക്കാം, സ്വന്തം ഭക്ഷണവും കഴിക്കാം എന്ന് വിചാരിച്ചുകാണും. അവിടുത്തെ ആള്‍ക്കാര്‍ക്കും അത് ഇഷ്ടപ്പെട്ടു എന്നും എഴുതിയിട്ടുണ്ട്.
അതുപോലെ, നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍, അവിടെ കിട്ടുന്നത് തിന്നാമെന്നു വിചാരിക്കുന്ന കൂട്ടത്തിലാണോ, വേറെന്തായാലും വേണ്ടില്ല, ഭക്ഷണം വീട്ടിലേതു മതി എന്നു കരുതുന്ന കൂട്ടത്തിലോ? ആദ്യത്തെ കാര്യം വിചാരിച്ചുപോകുമ്പോള്‍, ഈശ്വരാ എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്ന് വിചാരിക്കേണ്ടി വരാറുണ്ടോ? രണ്ടാമത് പറഞ്ഞത്പോലെ വീട്ടില്‍ നിന്നു കെട്ടിക്കൊണ്ടുപോയപ്പോള്‍ എത്ര നന്നായി എന്നും തോന്നിയ സന്ദര്‍ഭങ്ങളും ഉണ്ടോ?
പണ്ട്, സ്കൂളിലേക്ക്, ഉച്ചയ്ക്കത്തെ ചോറും പൊതിയും കെട്ടിക്കൊണ്ട് പോകും. ഇപ്പോള്‍, ഭക്ഷണപ്പാത്രങ്ങള്‍ വെക്കാന്‍ തന്നെ ഒരു ബാഗുണ്ട്. ഊണിനുമുമ്പ് കഴിക്കാനുള്ളതും, ഊണിന്റെ സമയത്ത് കഴിക്കാനുള്ളതും കുടിക്കാനുള്ള വെള്ളവും ഒക്കെ കെട്ടിക്കൊണ്ടുപോകണം. ഈ രോഗകാലത്ത്, ഒരുകണക്കിനു നല്ലതു തന്നെ. നെല്ലിക്കയും തിന്ന് സ്കൂള്‍ കിണറിലെ വെള്ളം കോരി കൈക്കുമ്പിളാക്കി കുടിച്ചിരുന്നത് മറക്കാനാവില്ല. ഇപ്പോ, സ്കൂളിലെ വെള്ളമൊന്നും കുടിക്കരുത്, വെള്ളം തീര്‍ന്നാല്‍ വീട്ടില്‍ വന്നിട്ട് കുടിച്ചാല്‍ മതി എന്നു പറഞ്ഞയയ്ക്കും.
ദീര്‍ഘയാത്രയാണെങ്കില്‍, എന്തെങ്കിലും കെട്ടിക്കൊണ്ടുപോകുന്നതാണു സൌകര്യമുണ്ടെങ്കില്‍ നല്ലത്. കാരണം, തിരിച്ചെത്തുമ്പോഴേക്കും, പല തവണ വീട്ടില്‍ നിന്നല്ലാത്ത ഭക്ഷണം കഴിക്കേണ്ടി വരും. ദൂരയാത്ര പോവുമ്പോള്‍, ഭക്ഷണസമയമാവുമ്പോള്‍ സഹയാത്രികരെയൊക്കെ ഒന്ന് വീക്ഷിക്കും ഞാന്‍. ആരാണിപ്പോള്‍, വീട്ടില്‍ നിന്നു കൊണ്ടുവന്നിട്ടുള്ള ഭക്ഷണപ്പൊതി തുറക്കുന്നതെന്ന്. ആ പൊതി തുറക്കുമ്പോള്‍, ഒരു പ്രത്യേകമണം ഉണ്ടാവും. വീടിന്റെ മണം. ഞങ്ങള്‍, ഭക്ഷണം കൊണ്ടുപോവുകയാണെങ്കില്‍, ആ പൊതിയഴിച്ച്, വാട്ടിപ്പൊതിഞ്ഞ ഇലയിലെ ചോറു കാണുമ്പോള്‍ത്തന്നെ, വീട്ടിലിരിക്കുന്നത് പോലെ തോന്നും, അല്പനേരമെങ്കിലും.
എവിടെനിന്നും, കിട്ടുന്നത് കഴിച്ചാല്‍ മതി, വിശക്കുമ്പോള്‍ ഭക്ഷണം കിട്ടിയാല്‍ മതി എന്നുവിചാരിക്കുന്നവര്‍ ഉണ്ടാവും. നല്ലതുതന്നെ. ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ട. നിവൃത്തികേടുകൊണ്ട്, അങ്ങനെയൊരു ശീലം ഉള്ളവരും ഉണ്ടാവും. പക്ഷെ, അല്‍പ്പം, സ്വാദ് മാറി ഭക്ഷണം കഴിക്കേണ്ടിവന്നാല്‍ അസ്വസ്ഥതയുള്ളവര്‍ ഉണ്ടാവും. അവര്‍ക്കാണ് യാത്രകള്‍ പ്രശ്നം ആവുന്നത്. അവര്‍ ആരോടെങ്കിലും യാത്രയുടെ കാര്യം പറയുമ്പോള്‍, ഭക്ഷണത്തിന്റെ കാര്യം എടുത്തുപറയും. ചിലര്‍, ദൂരയാത്ര എന്നു കേള്‍ക്കുമ്പോള്‍ ചോദിക്കുന്നതുതന്നെ ഭക്ഷണത്തിന്റെ കാര്യമാണ്. വെള്ളം പോലും എടുക്കാതെ പോയി വന്ന് അസുഖം പിടിച്ച് കിടപ്പിലായവര്‍ പറയുന്നതുകേട്ടാല്‍, നമ്മള്, ഭക്ഷണക്കാര്യമോര്ത്ത് യാത്രയേ വേണ്ടെന്ന് വയ്ക്കും. ഒറ്റയ്ക്ക് പോകുന്നവര്‍ക്ക്, ഇതിലൊക്കെ എന്താണിത്ര പറയാന്‍ എന്നൊരു തോന്നല്‍ ഉണ്ടാവും. പക്ഷെ, കുട്ടികളേയും, ഭക്ഷണക്കാര്യത്തില്‍ അധികം ശ്രദ്ധിക്കേണ്ടവരേയുംകൂടെ കൂട്ടി ഒരു യാത്ര നടത്തി നോക്കൂ. അപ്പോഴറിയും വിവരം. ഇപ്പോള്‍, മിക്കവാറും പേര്, പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, കുടിവെള്ളവും എടുത്താണു പോകുന്നത്. കല്യാണത്തിനായാലും, പാര്‍ട്ടിക്കായാലും, സിനിമാഹാളിലേക്കായാലും, എവിടേക്കായാലും.
യാത്രയില്‍ കുടുംബമായിട്ട് പോകുന്നവര്‍ മിക്കവാറും, ഭക്ഷണം കൊണ്ടുപോകും. ലാഭം നോക്കിയാലും, ആരോഗ്യം നോക്കിയാലും അതു തന്നെ നല്ലത്. അതും ഇതും വാങ്ങിക്കഴിച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും അസുഖമായാല്‍, കാണാന്‍ പുറപ്പെട്ട കാഴ്ചകളൊന്നും കാണില്ലെന്ന് മാത്രമല്ല, കൂടെ ഉള്ളവര്‍ക്കും വിഷമം ആവും. ഞങ്ങള്‍, കൂട്ടുകാരുമൊത്ത് പോയ യാത്രകളിലൊക്കെ ഭക്ഷണവും പൊതിഞ്ഞ് പോയിരുന്നു. ചിലപ്പോള്‍ ഒരുമിച്ച് ഓര്‍ഡര്‍ ചെയ്ത്, അല്ലെങ്കില്‍ ഓരോരുത്തര് അവരുടെ വീതം. ഓരോ സ്ഥലത്തും വാഹനം നിര്‍ത്തി, കഴിച്ച്, സമാധാനമായി പോയി വരുമായിരുന്നു. വീട്ടിലെ, അല്ലെങ്കില്‍, വീട്ടിലെപ്പോലെയുള്ള ഭക്ഷണം ആയതുകൊണ്ട്, വന്ന് കിടപ്പിലാവേണ്ടിവരാറില്ല. കുട്ടികളേയും കൂട്ടി പോകുമ്പോള്‍, പരിപാടി ഒക്കെ തെറ്റാറില്ലേ? അവര്‍ക്ക്, പായ്ക്കറ്റില്‍ കിട്ടുന്നതും, കളറുള്ള വെള്ളവും മതി. കടയ്ക്ക് മുന്നിലെത്തുമ്പോള്‍, ചൂണ്ടിക്കാണിച്ച് അതുമതി എന്നു പറയാറില്ലേ? വീട്ടില്‍ വന്നതിനുശേഷമാവും കുഴപ്പം മനസ്സിലാവുക. വയറുവേദന, പനി.
പുറത്തിറങ്ങിയാല്‍ ഭക്ഷണം കഴിക്കാത്തവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു കൂട്ടുകാരി പറഞ്ഞു, ഒരാളെപ്പറ്റി. ഒന്നും കഴിക്കാതെയല്ല. പഴങ്ങള്‍ മാത്രമേ കഴിക്കുകയുള്ളൂ എന്ന്. വിദേശരാജ്യങ്ങളില്‍ പോയിട്ട്, എന്തൊക്കെയോ ഭക്ഷണം കണ്ടിട്ട് പരിഭ്രമിച്ചവരെക്കുറിച്ച് വായിച്ചിട്ടുണ്ട്. നമ്മള് അറയ്ക്കുന്ന വസ്തുക്കള്‍ തിന്നുന്നവരെയൊക്കെ ടി. വി. യില്‍ കാണിക്കുന്നത് കണ്ടിട്ടുണ്ട്.
ഓരോ കാലത്തിനു അനുസരിച്ച്, ഭക്ഷണം കഴിച്ചാല്‍, അസുഖം വരാതെ നോക്കാം എന്ന് വിദഗ്ദ്ധന്മാര് പറയും. ഒരു ചെവിയില്‍ കൂടെ കേട്ട്, മറു ചെവിയില്‍ കൂടെ വിട്ട്, കിട്ടുന്നതെല്ലാം വലിച്ചുവാരിത്തിന്ന് നമ്മളിരിക്കും. എണ്ണ തൊടരുത് എന്ന് പറഞ്ഞാല്‍ നമ്മള് എണ്ണ തൊടുകയേ ഇല്ല. തലയിലും മേലും എണ്ണ തേക്കാതെ, എണ്ണപ്പലഹാരങ്ങള്‍ സ്പൂണുകൊണ്ട് തിന്ന് നമ്മള് സന്തോഷമായി ഇരിക്കും. പപ്പടം എണ്ണയില്‍ വറുത്ത് കഴിക്കരുതെന്നു പറഞ്ഞാല്‍, ചുട്ടെടുക്കുന്ന പപ്പടം കൊണ്ട് കാന്‍സര്‍ ഉണ്ടാവാം, ഉണ്ടാവുമോ, ഉണ്ടായേക്കാം എന്ന് പണ്ടെങ്ങോ എവിടെയോ വന്ന, നിറം മങ്ങിയ കടലാസ്, പൊന്നുപോലെ സൂക്ഷിച്ചുവെച്ചത് എടുത്തുകൊണ്ടുവന്ന് കാണിക്കും. യാത്രയ്ക്കിടയില്‍, വാഹനത്തില്‍ നിന്ന് വാങ്ങില്ല എന്ന് പറഞ്ഞ് കടും പിടിത്തത്തില്‍ ഇരിക്കുന്ന നമ്മള്, സാരമില്ല, ഇതൊക്കെ വീട്ടിലുണ്ടാക്കിയതാവുമല്ലോ, വില്‍ക്കുന്നയാളുടെ, എന്നും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ നേരം ആയിട്ടുണ്ടെങ്കിലും, അത് വാങ്ങും. അസുഖം വരാതിരുന്നാല്‍ രക്ഷപ്പെട്ടു എന്നു വിചാരിച്ചാല്‍ മതി. ട്രെയിന്‍, ബസ് യാത്ര പോകുമ്പോള്‍, എന്തൊക്കെ കെട്ടിക്കൊണ്ടുപോകണം, ഭക്ഷണമെങ്കിലും ഒഴിവാക്കിയേക്കാം എന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ മറിച്ച് ചിന്തിക്കാന്‍ സമയമായി. വേറെ ഒന്നും കെട്ടിക്കൊണ്ടുപോയില്ലെങ്കിലും, കഴിയുന്നത്ര നേരത്തേക്ക്, കഴിക്കാനും കുടിക്കാനും ഉള്ളതൊക്കെ കെട്ടിപ്പൊതിഞ്ഞെടുക്കുക. പല രോഗങ്ങളും വെള്ളത്തില്‍ക്കൂടെ വരുന്നതാണ്.
നിങ്ങള്‍ ദൂരേയ്ക്ക് പോകുമ്പോള്‍, അവിടെ ഒന്നും കിട്ടില്ലെന്ന് കരുതിയല്ലല്ലോ, വീട്ടില്‍ നിന്നു പൊതിഞ്ഞുതരുന്നത്. അച്ചാറും, പപ്പടവും, വറ്റലുകളും ഒക്കെ, വേറെ എന്തൊക്കെയുണ്ടെങ്കിലും പെട്ടിയില്‍ സ്ഥാനം പിടിക്കുന്നതും അതുകൊണ്ടുതന്നെ. ദൂരെയെത്തി, പെട്ടിയൊക്കെ തുറന്ന്, അതൊക്കെ എടുത്ത് വയ്ക്കുമ്പോള്‍, നിങ്ങള്‍ക്ക് തോന്നാറില്ലേ, ഭക്ഷണം വീട്ടിലേത് തന്നെ നല്ലതെന്ന്. അതിലുള്ള സ്നേഹം വേറെ എവിടെയെങ്കിലും ഉണ്ടാവുമോ?
വിദേശത്തൊക്കെ പോയി വന്നിട്ട്, അവിടുത്തെ രീതികള്‍ എഴുതാം. ഹിഹിഹി.
നല്ല ഭക്ഷണം കഴിക്കുക. ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കുക.
മുകളിലെഴുതിയതൊക്കെ, ഭക്ഷണം കിട്ടുന്നവര്‍ക്കും കഴിക്കുന്നവര്‍ക്കും ബാധകം.
ഭക്ഷണം കിട്ടാത്തവരെക്കുറിച്ചെഴുതാന് ഒരു ബ്ലോഗ് പോസ്റ്റ് മതിയാവുമോ?
Labels: തീറ്റ കുടി, ഭക്ഷണം, യാത്ര.

