Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, November 16, 2007

അഭിമുഖം

നമസ്കാരം. എന്റെ പേരു മാത്തന്‍ പാളയംകോടന്‍.

നമസ്കാരം.

പാ.കോ.:- ചേച്ചിയെ ഞാന്‍ വിളിച്ചിരുന്നു. അഭിമുഖത്തിനു സമയം കിട്ടാന്‍.

സു:- ഉവ്വുവ്വ്‌. ചോദ്യം ചോദിച്ച്‌ തുടങ്ങിക്കോളൂ.

പാ.കോ.:- ചേച്ചി, മലയാളം ബ്ലോഗ്‌ ചെയ്യുന്ന ഒരാളാണല്ലോ. ബ്ലോഗിങ്ങിനെക്കുറിച്ച്‌ ചേച്ചിയുടെ അഭിപ്രായം എന്താണ്‌.

സു:- എനിക്ക്‌ നല്ല അഭിപ്രായം ആണ്‌. കഴിയുമെങ്കില്‍ എല്ലാ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ബ്ലോഗില്‍ വരണം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

പാ.കോ.:- ബ്ലോഗ്‌ മീറ്റിനെക്കുറിച്ച്‌ ചേച്ചി എന്തു പറയുന്നു?

സു:- ബ്ലോഗ്‌ മീറ്റിംഗ്‌, എപ്പോഴും എപ്പോഴും വേണമെന്നേ ഞാന്‍ പറയൂ.

പാ.കോ:- എന്നിട്ട്‌ ചേച്ചി ബ്ലോഗ്‌ മീറ്റുകളിലൊന്നും പങ്കെടുക്കുന്നത്‌ കാണുന്നില്ലല്ലോ.

സു:- അതോ. പാളയം കോടാ, അതിനൊരു കാരണമുണ്ട്‌. എല്ലാവരും അവിടേയും ഇവിടേയും മീറ്റ്‌ നടത്തുമ്പോഴെല്ലാം പോയി പങ്കെടുത്ത്‌, ഒടുവില്‍, ചേച്ചി ഒരു മീറ്റ്‌ നടത്തൂ എന്ന് പറഞ്ഞാല്‍ എനിക്കത്‌ താങ്ങാനാവില്ല. അതുകൊണ്ട്‌ മീറ്റില്‍ പങ്കെടുക്കേണ്ടെന്ന് വച്ചു.

പാ.കോ.:- പുതിയ ഗ്രൂപ്പ്‌ ഉണ്ടാക്കുന്നുണ്ടല്ലോ പലരും. ചേച്ചി, ഗ്രൂപ്പ്‌ ഉണ്ടാക്കുന്നുണ്ടോ, അതോ ആരുടെയെങ്കിലും ഗ്രൂപ്പില്‍ ചേരുന്നോ?

സു:- ഞാന്‍ ഭയങ്കരമായി ആലോചിച്ചു. ഏതില്‍ ചേരണം എന്ന്. തല്‍ക്കാലം എനിക്ക്‌ വല്യ വെയിറ്റ്‌ ഇല്ല. ശരീരത്തിനല്ല, ബ്ലോഗ്‌ ലോകത്ത്‌. അതുകൊണ്ട്‌ ഞാനൊരു ഗ്രുപ്പ്‌ ഉണ്ടാക്കിയാല്‍ത്തന്നെ ഞാന്‍ മാത്രമേ അതില്‍ ഉണ്ടാകൂ. പിന്നീടൊരിക്കല്‍ ഞാനും അഥവാ വല്യ ആള്‍ ആവുകയാണെങ്കില്‍, ആരുടെയെങ്കിലും ഗ്രൂപ്പില്‍ ഞാനുണ്ടെങ്കില്‍, എന്റെ പേരും കൂടെ ചേര്‍ത്തിട്ടാണല്ലോ ഗ്രുപ്പ്‌ അറിയപ്പെടുക. ഉദാഹരണത്തിനു, മയൂരയുടെ ഗ്രൂപ്പിലാണെങ്കില്‍ മസു, ഇഞ്ചിപ്പെണ്ണിന്റെ ഗ്രൂപ്പിലാണെങ്കില്‍ ഇസു, സാജന്റെ ഗ്രൂപ്പിലാണെങ്കില്‍ സാസു. ച്ഛെ! അതിനൊന്നും ഒരു ഭംഗിയില്ല. അതുകൊണ്ട്‌ തല്‍ക്കാലം ഗ്രുപ്പില്ലാതെ പോകാം എന്നു വെച്ചു. ഇനി ആരെങ്കിലും എന്നോടുള്ള ഇഷ്ടം കൊണ്ട്‌ അവരുടെ ഗ്രൂപ്പില്‍ ചേര്‍ത്തുവെച്ചാല്‍, അവിടെ മിണ്ടാതെ ഇരിക്കും. അത്ര തന്നെ.

പാ.കോ.:- ചേച്ചിയ്ക്ക്‌ ബ്ലോഗെഴുതാനുള്ള ആശയങ്ങള്‍ എവിടെ കിട്ടുന്നു?

സു:- അതോ? രാവിലെ എല്ലാ ജോലിയും കഴിഞ്ഞാല്‍ ഞാന്‍ കണ്ണടയ്ക്കും. പിന്നെ, ഊണുകഴിക്കാനാവുമ്പോഴേ കണ്ണു തുറക്കൂ. ഊണ് കഴിഞ്ഞാല്‍ എഴുത്ത് തുടങ്ങും.

പാ.കോ.:- ഞങ്ങള്‍ അതിനു ഉറക്കം എന്നാണു പറയുന്നത്‌. ചേച്ചിയ്ക്ക്‌ ഉറങ്ങുമ്പോഴാണോ ഐഡിയ കിട്ടുന്നത്‌?

സു:- സത്യം പറയാമല്ലോ പാളയം കേടാ.

പാ.കോ.:- കേടാ അല്ല. കോടാ.

സു:- അതെ. കോടാ. ഈ ഐഡിയ എന്നൊന്നില്ല. നമുക്ക്‌ ഇഷ്ടമുള്ളത്‌ എഴുതാനാണല്ലോ നമ്മുടെ ബ്ലോഗ്‌. വായയ്ക്കു തോന്നിയത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന രീതിയില്‍ ഞാന്‍ എഴുതിവെയ്ക്കും അത്രയേ ഉള്ളൂ. അല്ലെങ്കില്‍ ഇതൊക്കെ വായിച്ച്‌ സഹിക്കുന്നവരോട്‌ ചോദിച്ചുനോക്കൂ. ദൂരെ നിന്നേ ചോദിക്കാവൂ. എന്തെങ്കിലും കിട്ടിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

പാ.കോ.:- പാചകം ചെയ്യുന്നതിനിടയ്ക്കായിരിക്കും, ചേച്ചി, കഥ, കവിത എന്നിവയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ അല്ലേ?

സു:- മനുഷ്യനു വിശന്ന് കുടലുകരിയുമ്പോഴാണെടോ പാചകത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. എങ്ങനേലും ഒന്ന് കഞ്ഞിയും കറിയും ഉണ്ടാക്കി വിഴുങ്ങണം എന്നല്ലാതെ അപ്പോളാര്‍ക്കെങ്കിലും കവിതയും കഥയും ആലോചിക്കാന്‍ പറ്റുമോ?

പാ.കോ.:- ചേച്ചിയ്ക്ക്‌ ഏറ്റവും ഇഷ്ടമുള്ള ബ്ലോഗ്‌ ആരുടേയാ?

സു:- എന്റെ ബ്ലോഗ്‌ തന്നെ.

പാ.കോ.:- അത്‌ സ്വാര്‍ത്ഥതയല്ലേ?

സു:- അല്ലെടോ, സാമര്‍ത്ഥ്യം ആണ്‌. നാനൂറു ബ്ലോഗില്‍ നിന്ന് ഞാന്‍ ഒരു ബ്ലോഗിന്റെ പേരു പറഞ്ഞിട്ടു വേണം എന്നെ എല്ലാവരും കൂടെ തല്ലിക്കൊല്ലാന്‍. അല്ലെങ്കില്‍ത്തന്നെ എന്നെ പലര്‍ക്കും ഇഷ്ടമല്ല.

പാ.കോ. :- ചേച്ചിയുടെ ബ്ലോഗിങ്ങിനോട്‌ ചേച്ചിയുടെ ഭര്‍ത്താവിന്റെ സമീപനം എന്താ?

സു:- നല്ല സമീപനം ആണ്‌. ബ്ലോഗിംഗ്‌ തുടങ്ങിയതുകൊണ്ട്‌ എഴുതിക്കൂട്ടുന്നതൊക്കെ ചേട്ടന്‍ സഹിക്കേണ്ടല്ലോ എന്ന ആശ്വാസം ഉണ്ട്‌. പിന്നെ കമ്പ്യൂട്ടറില്‍ അധികം സമയം ചെലവഴിക്കുന്നതും നിര്‍ത്തി. അറിയാതെയെങ്ങാനും എന്റെ ബ്ലോഗ്‌ നോക്കിപ്പോകേണ്ടല്ലോ.

പാ.കോ.:- ചേച്ചി ഒരുപാട്‌ പുസ്തകങ്ങള്‍ വായിക്കുന്നുണ്ടാവുമല്ലോ അല്ലേ?

സു:- ഹും...വായന. പലചരക്കുകടയിലെ പറ്റുബുക്കുപോലും നോക്കാന്‍ സമയം ഇല്ല. പിന്നെയല്ലേ വായന.

പാ.കോ.:- എന്നാലും ചേച്ചിയ്ക്ക്‌ ഇഷ്ടമുള്ള എഴുത്തുകാരന്‍, അല്ലെങ്കില്‍ എഴുത്തുകാരി ഉണ്ടാവുമല്ലോ.

സു:- അതുണ്ട്‌. സോമന്റെ എഴുത്ത്‌ എനിക്കിഷ്ടമാണ്‌.

പാ.കോ.:- അങ്ങനെ ഒരു എഴുത്തുകാരന്‍ ഉണ്ടോ? കേട്ടതായി ഓര്‍ക്കുന്നില്ല.

സു:- അത്‌ ഞാന്‍ ഉടുപ്പൊക്കെ തയ്പ്പിക്കുന്നിടത്ത്‌ അളവെഴുതുന്നവനാണെടോ. അവന്‍ എഴുതിയാല്‍ ഭംഗിയായി തയ്ച്ചുകിട്ടും. വേറെ ആരും അത്ര നന്നായി എഴുതിവയ്ക്കില്ല.

പാ.കോ.:- ചേച്ചി നല്ലൊരു പാചകക്കാരി ആണല്ലേ?

സു :- ചേട്ടനെ പരിചയപ്പെട്ടില്ല അല്ലേ?

പാ. കോ.:- ഇല്ല.

സു:- എനിക്കു മനസ്സിലായി. പരിചയപ്പെട്ടിരുന്നെങ്കില്‍ ഇത്തരമൊരു ചോദ്യമേ ചോദിക്കില്ലായിരുന്നു. പരീക്ഷണങ്ങളില്‍ നിന്നു മാത്രമേ പുതിയത്‌ കണ്ടെത്താന്‍ കഴിയൂ എന്ന വിചാരത്തിലാണു എന്റെ പാചകമൊക്കെ.

പാ.കോ.:- ചേച്ചിയ്ക്ക്‌ മറ്റു ബ്ലോഗേഴ്സിനോട്‌ എന്തെങ്കിലും പറയാനുണ്ടോ?

സു:- എന്ത്‌ പറയാന്‍? എല്ലാവരുടേയും പ്രോത്സാഹനത്തില്‍ നന്ദിയുണ്ട്‌. എന്റെ ബ്ലോഗ്‌ വായിക്കാന്‍ അവര്‍ സമയം ചെലവഴിക്കുന്നതില്‍ സന്തോഷവും.

പാ.കോ.:- ഇത്രയും നേരം അഭിമുഖം അനുവദിച്ചതിനു നന്ദി.

സു:- ഇതേതു പത്രത്തില്‍ വരും?

പാ.കോ.:- ഇത്‌ ഞാന്‍ തുടങ്ങുന്ന ബ്ലോഗില്‍ വരും.

സു:- എന്നെത്തന്നെ സമീപിക്കാന്‍ തോന്നിയതില്‍ നന്ദി.

പാ.കോ.:- നന്ദിയൊന്നും വേണ്ട ചേച്ചി. ബാക്കി എല്ലാ ബ്ലോഗര്‍മാരും തിരക്കിലാണ്‌. ചേച്ചിയ്ക്ക്‌ മാത്രമേ ഒരു ജോലിയും ഇല്ലാതെ ഉള്ളൂ. അതുകൊണ്ട്‌ എനിക്കിവിടെ വരേണ്ടി വന്നു. എന്നാലും സാരമില്ല.

പാളയംകോടന്‍ ഓടിപ്പോവുന്നു.

Labels:

32 Comments:

Anonymous Anonymous said...

മ.ബ്ലോ.ശ.ഗ്രൂ -ഇലേയ്ക്ക് സു. നെ സ്വാ‍ഗതം ചെയ്യുന്നു. (മലയാളം ബ്ലോഗ് (ശശി) ഗ്രൂപ്പിലേയ്ക്ക്). നമ്മുടെ ഗ്രൂപ്പിന്റെ പേരു വേണമെങ്കില്‍ മബ്ലോശഗ്രൂസുതപേചിമചിദിഅ എന്നു മാറ്റാവുന്നതാണ്. (സു, തറവാടി, പേരക്ക, ചിത്രകാരന്‍, ദില്‍ബന്‍, അഞ്ചല്‍ക്കാരന്‍ എന്നിവരുടെ പേരും കൂടി ചേര്‍ത്ത്).

വരികവരിക സഹജരേ, സഹന സമര സമയമായ്.

Fri Nov 16, 07:57:00 pm IST  
Blogger ഫസല്‍ ബിനാലി.. said...

"അഭിമുഖം

nannaayirunnu, kooduthal abhimukhangal pratheekshikkunnu
thanks.........................

Fri Nov 16, 08:32:00 pm IST  
Blogger asdfasdf asfdasdf said...

എന്റെ ഗ്രൂപ്പിലേക്ക് പോരുന്നോ.. ബി പോസിറ്റീവ്. :)
ബെര്‍ലിക്ക് പഠിച്ചു തുടങ്ങി അല്ലേ ?

Fri Nov 16, 09:16:00 pm IST  
Blogger പ്രയാസി said...

സുചേച്ചീടെ സുചേട്ടനെ സമ്മതിക്കണം..!
വല്ലോം വായ്ക്കു രുചിയായി വെച്ചുണ്ടാക്കിക്കൊടുക്കേണ്ട നേരത്തു..ബ്ലോഗ്..അഭിമുഖം..

ഹാ പുഷ്പമെ അതികതുംഗപദത്തിലൊരു..

എന്തായാലും സംഭവം കലക്കി..

Fri Nov 16, 10:51:00 pm IST  
Blogger Mr. K# said...

:-) ഈ പോസ്റ്റിന് ഇത്തരം പോസ്റ്റുകളുടെ ഉസ്താദു തന്നെ വന്ന് തേങ്ങ അടിച്ചല്ലോ. സൂ ചേച്ചീ ഇനി ഒന്നും നോക്കണ്ട. ശശിയെക്കൂടി കൂട്ടിക്കോ ഗ്രൂ‍പ്പില്‍.

Sat Nov 17, 01:54:00 am IST  
Blogger മഴത്തുള്ളി said...

കഴിഞ്ഞ ദിവസം എന്റെ അടുത്തും ഒരാള്‍ അഭിമുഖത്തിനു വന്നിരുന്നു. പേര് ഞാ.പൂ. മുഴുവന്‍ പേര് ചാണ്ടി ഞാലിപ്പൂവന്‍ ;)

അഭിമുഖം ഇഷ്ടമായി. പിന്നെ ഞാനും ഒരു ഗ്രൂപ്പുണ്ടാക്കി, ഏയീയൈയ്യോയൂ ഗ്രൂപ്പ്.

Sat Nov 17, 02:00:00 am IST  
Blogger ഏ.ആര്‍. നജീം said...

ആ പാളയങ്കോടന്റെ ബ്ലോഗിന്റെ ലിങ്ക് ഒന്നു തരാവോ ..? പ്ലീസ്..

അദ്ദേഹത്തിന് ചിലപ്പോ അറിയാന്‍ പറ്റും ഏത് ഗ്രൂപ്പില്‍ കൂടിയാലാണ് കൂടുതല്‍ കമറ്റ് കിട്ടുക എന്ന് അതാ..
:)

Sat Nov 17, 03:46:00 am IST  
Blogger ബിന്ദു said...

ബി ഗ്രൂപ്പില്‍ ചേരുന്നോ? ലീഡറാക്കാം. ;)
ഈ ഇന്റെര്‍വ്യൂവില്‍ ആയിരുന്നതുകൊണ്ട്‌ പാകോ യെ കണ്ടില്ലാന്നു പറഞ്ഞാല്‍ മനസ്സിലക്കാമായിരുന്നു, സുവിനെ കുറേ ദിവസം കാണാത്തതെന്താന്നാണ്‌ മനസ്സിലാവാത്തത്‌. ;)

Sat Nov 17, 08:17:00 am IST  
Blogger നന്ദന്‍ said...

ശരിക്കും‌ ചിരിപ്പിച്ചു.. :)

Sat Nov 17, 09:44:00 am IST  
Blogger Visala Manaskan said...

സൂ.. :) അഭിമുഖം രസായിട്ടുണ്ട് ട്ടാ.

Sat Nov 17, 10:14:00 am IST  
Blogger ചീര I Cheera said...

സൂവേ, തിരക്കിലായിരുന്നോ?

സൂര്യഗായത്രിയുടെ മൂന്നാം വാര്‍ഷികത്തിന്റെ മുന്നോടിയായുള്ള അഭിമുഖമായിരുന്ന്നോ?... :)
അഭിമുഖം എന്തായാലും കലക്കി..

Sat Nov 17, 10:15:00 am IST  
Blogger Sherlock said...

:)

Sat Nov 17, 12:08:00 pm IST  
Blogger മന്‍സുര്‍ said...

സൂ...ചേച്ചി...

അഭിമുഖം അസ്സലായി ട്ടോ.....
ഇനി ഒരു അഭിമുഖത്തിന്‌ തല്പര്യമുണ്ടെങ്കില്‍ അറിയിക്കണം
ഒരു അഭിമുഖ ബ്ലോഗ്ഗ്‌ തുടങ്ങിയാലോ....എന്ന ആലോചനയിലാണ്‌ ഞാനിപ്പോ.....നല്ല രസകരം തോന്നുന്നു....

ഈ രസികന്‍ അഭിമുഖം ഇവിടെ സമര്‍പ്പിച്ച സു ചേച്ചിക്ക്‌ നന്ദി...

നന്‍മകള്‍ നേരുന്നു

Sat Nov 17, 04:15:00 pm IST  
Blogger ജെസില്‍ said...

സു. ചേച്ചീ..... കലക്കി. പോസ്റ്റിന്റെ പേരുകണ്ട് ഓക്സ്ഫോഡ് ഡിഷ്ണറി മുഴുവനും തലയില്‍ കയറ്റിവെച്ചമാതിരി എയറുപിടിച്ച് വായിക്കുവാനിരുന്നു. വായിച്ചുതുടങ്ങിയപ്പോള്‍ മനസിലായി വെറുതെ ജാഡകാണിക്കേണ്ട ആവശ്യമില്ല വായിക്കുക, ചിരിക്കുക, ആര്‍മാദിക്കുക. Thanks.

Sat Nov 17, 06:03:00 pm IST  
Blogger Vanaja said...

വാ ചേച്ചീ , നമുക്കു ‘വസു‘ ഗ്രൂപ്പുണ്ടാക്കാം.

Sat Nov 17, 10:46:00 pm IST  
Blogger Saha said...

ഹ ഹ....
ഒരു ഡിസ്ക്ലേയ്മര്‍ കൂടെ കൊടുക്കണമായിരുന്നു, സൂ!
എന്തെങ്കിലും തോന്നുന്നുവെങ്കില്‍ യാദൃശ്ചികമല്ല, മന:പൂര്‍വമാണ്, എന്ന സ്റ്റൈലില്‍! ;)

Sun Nov 18, 01:17:00 am IST  
Blogger ദിലീപ് വിശ്വനാഥ് said...

അത് കലക്കി സൂവേച്ചി. ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വേറെ എവിടെയെങ്കിലും വായിക്കാന്‍ പറ്റുമോ?

Sun Nov 18, 08:26:00 am IST  
Blogger സു | Su said...

ശശിയ്ക്ക് സൂര്യഗായത്രിയിലേക്ക് സ്വാഗതം.

ഫസല്‍ :) സ്വാഗതം.

കുട്ടമ്മേനോന്‍ :) ഗ്രൂപ്പിലേക്ക് ചേരുന്നതൊക്കെ ആലോചിച്ച് ചെയ്യേണ്ട കാര്യമല്ലേ? ബെര്‍ളിയ്ക്കെന്നല്ല, വേറെ ഒരാള്‍ക്കും പഠിക്കാന്‍ ഞാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.

പ്രയാസീ :) അതെയതെ. ചേട്ടന്‍ താമസിക്കുന്നിടത്ത് നല്ല ഹോട്ടലുണ്ട്. അതുകൊണ്ട് പ്രയാസി, പ്രയാസപ്പെടല്ലേ. ;)

കുതിരവട്ടന്‍ :) ഞാന്‍ ഗ്രൂപ്പ് തുടങ്ങിയിട്ട് ആലോചിക്കാം.

മഴത്തുള്ളീ :) അയ്യയ്യോന്റമ്മേ എന്തൊരു ഗ്രൂപ്പാ അത്?

നജീം :) അപ്പോ കമന്റിനാണോ ഗ്രൂപ്പില്‍ ചേരേണ്ടത്? എന്നാല്‍ നജീമിന്റെ ഗ്രൂപ്പില്‍ എന്നേം ചേര്‍ത്തോളൂ. നജീമിന്റെ കമന്റെങ്കിലും കിട്ടുമല്ലോ.

നന്ദന്‍ :) ചിരിച്ചതിന് നന്ദി.

വിശാലമനസ്കന്‍ :) നന്ദി, ഈ വഴി വന്നതിന്.

ബിന്ദൂ :) ലീഡര്‍ ആവാനൊന്നും ഞാനില്ലേ... പിന്നെ കാണാഞ്ഞത്, അത് ഞാനിത്തിരി തിരക്ക് അഭിനയിച്ചതല്ലേ? എന്നും കാണുമ്പോള്‍ ആര്‍ക്കും ഒരു വിലയും ഇല്ല. ;)

പി. ആര്‍ :) തിരക്കിലായിരുന്നു.

ജിഹേഷ് :)

മന്‍സൂര്‍ :) ഇനിയും അഭിമുഖം ആവാം.

ജെസില്‍ :) സ്വാഗതം.

വനജക്കുട്ടീ :) ഞാനൊന്ന് ആലോചിച്ചിട്ട് പറയാം കേട്ടോ.

സഹ :) അങ്ങനത്തെ “കൈമള്‍” ഇടേണ്ട ഒരു പോസ്റ്റും ഞാനെന്റെ ബ്ലോഗില്‍ ഇടില്ല. യാദൃശ്ചികമോ, മനപ്പൂര്‍വ്വമോ ആയാലും. എന്റെ ബ്ലോഗിനെക്കുറിച്ച് വേറാര്‍ക്കും ഇല്ലെങ്കിലും എനിക്ക് നല്ല മതിപ്പുണ്ട്. പിന്നെ, നമ്മള്‍ ചിന്തിക്കാത്ത കാര്യങ്ങള്‍ കൂടെ കമന്റായി വന്ന്, പോസ്റ്റിന്റെ ഗതി മാറ്റുമെന്ന് ഞാന്‍ പഠിച്ചു. അതില്‍ എനിക്കൊരു ക‌ണ്‍‌ട്രോളും ഇല്ലല്ലോ.

വാല്‍മീകി :) വാല്‍മീകി ഒരു പത്രമോ വാരികയോ തുടങ്ങൂ. എന്നിട്ട് അഭിമുഖം പൂര്‍ണ്ണമായി നടത്തൂ. ഹിഹി.

സന്തോഷ് ജീ :)

എല്ലാവര്‍ക്കും നന്ദി.

Sun Nov 18, 09:33:00 am IST  
Blogger മയൂര said...

“പാ.കോ.:- എന്നാലും ചേച്ചിയ്ക്ക്‌ ഇഷ്ടമുള്ള എഴുത്തുകാരന്‍, അല്ലെങ്കില്‍ എഴുത്തുകാരി ഉണ്ടാവുമല്ലോ.

സു:- അതുണ്ട്‌. സോമന്റെ എഴുത്ത്‌ എനിക്കിഷ്ടമാണ്‌.

പാ.കോ.:- അങ്ങനെ ഒരു എഴുത്തുകാരന്‍ ഉണ്ടോ? കേട്ടതായി ഓര്‍ക്കുന്നില്ല.

സു:- അത്‌ ഞാന്‍ ഉടുപ്പൊക്കെ തയ്പ്പിക്കുന്നിടത്ത്‌ അളവെഴുതുന്നവനാണെടോ. അവന്‍ എഴുതിയാല്‍ ഭംഗിയായി തയ്ച്ചുകിട്ടും. വേറെ ആരും അത്ര നന്നായി എഴുതിവയ്ക്കില്ല.“

ഇതു “ക്ഷ” പിടിച്ചു, അഭിമുഖവും :)

നമ്മുടെ ഗ്രൂപ്പിന്റെ പേരു പുറത്തു വിട്ടത്, അതും എന്നോടൊരു വാക്കു ചോദിക്കാതെ, അതു ശരിയായില്ല. എനിക്ക് എതിരെ ഇപ്പോള്‍ വധഭീഷണിയുണ്ട് തല കണ്ടാല്‍ മുഖം വെട്ടും എന്ന്. മുഖം വെട്ടാന്‍ ഫോട്ടൊ കൊടുക്കാമെന്ന് പറഞ്ഞിട്ട് കേള്‍ക്കുന്നില്ല;)

Mon Nov 19, 02:05:00 am IST  
Blogger ശ്രീ said...

"പാ.കോ.:- ചേച്ചി നല്ലൊരു പാചകക്കാരി ആണല്ലേ?

സു :- ചേട്ടനെ പരിചയപ്പെട്ടില്ല അല്ലേ?

പാ. കോ.:- ഇല്ല.

സു:- എനിക്കു മനസ്സിലായി. പരിചയപ്പെട്ടിരുന്നെങ്കില്‍ ഇത്തരമൊരു ചോദ്യമേ ചോദിക്കില്ലായിരുന്നു. "

സൂവേച്ചീ...

അഭിമുഖം കലക്കി. (പാവം ചേട്ടന്‍‌!)


ഓ.ടോ.: എന്തു പറ്റി? കൂറച്ചു ദിവസം അജ്ഞാതവാസത്തിലായിരുന്നല്ലോ. എവിടെ പോയി എന്നു ചോദിക്കാനായിട്ടാ ഈ വഴി വന്നത്. അപ്പോഴാ പുതിയ പോസ്റ്റ് കണ്ടത്. എന്തായാലും ഇനിയിവിടെ കാണുമല്ലോ, അല്ലേ?
:)

Mon Nov 19, 11:11:00 am IST  
Blogger ദീപു : sandeep said...

മയൂരയുടെ ഗ്രൂപ്പിലാണെങ്കില്‍ മസു.... ‘സുമ’ എന്നിട്ടാല്‍ പോരെ... സുസി (suci)ടെ പോലത്തെ ഗ്രൂപ്പാണെന്നു പറയാം...

:)

Mon Nov 19, 11:17:00 am IST  
Blogger സു | Su said...

മയൂര :) ഗ്രൂപ്പിന്റെ പേരു പുറത്തുവിടുന്നതിനുമുമ്പ് ചോദിക്കേണ്ടിയിരുന്ന ആ ഒരു വാക്ക് ഏതായിരുന്നു? ;) തല വെട്ടാന്‍ വരുമ്പോള്‍, തലമുടി വെട്ടിത്തരാന്‍ പറയാം. എന്താ ഇപ്പോ ചാര്‍ജ്. ഹിഹിഹി.

ശ്രീ :) ഞാന്‍ കുറച്ചുദിവസം തിരക്കിലായിപ്പോയി. ഇനി തിരക്കുവരുമ്പോള്‍ അപ്രത്യക്ഷം ആവും. അത്രയേ ഉള്ളൂ. കല്യാണത്തിരക്കായിരുന്നു, എന്റെ കസിന്‍സിന്റെ. അവിടെ ആര്‍മ്മാദിച്ചുനടന്നു.

ദീപൂ :) എന്നാപ്പിന്നെ ദീപൂന്റെ ഗ്രൂപ്പില്‍ ചേരാം. ദീസു.

Mon Nov 19, 02:08:00 pm IST  
Blogger സുല്‍ |Sul said...

‘സുസു‘ ഗ്രൂപ്പുണ്ടാക്കിയാല്‍ ഈ ബ്ലോഗു കുട്ടികള്‍ മൂത്രമൊഴിച്ചു പോകുമല്ലോ :)

-സുല്‍‍

Mon Nov 19, 03:15:00 pm IST  
Blogger monu said...

ഹാ ഹാ ഹാ ..അടിപൊളി അഭിമുഘം ...

ബൈ ധ ബൈ ഹു ഇസ്‌ ധിസ്‌ പാളയംകൊഡന്‍?
ഒരു അഭിമുഘം നടത്താനാ.....

Mon Nov 19, 07:04:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അഭിമുഖം കലക്കി. സരോജ് കുമാര്‍ സ്റ്റൈലില്‍ കാലിന്മേല്‍ കാലൊക്കെ വച്ചിരുന്നിട്ടായിരുന്നോ അഭിമുഖം?

Tue Nov 20, 03:22:00 pm IST  
Blogger തെന്നാലിരാമന്‍‍ said...

അതു കലക്കി...പ്രത്യേകിച്ചും അവസാനത്തെ ഡയലോഗ്‌...:-)

Wed Nov 21, 05:29:00 am IST  
Blogger Unknown said...

അഭിമുഖം കലക്കി.....

ചേച്ചി അന്നു ഉലക്ക വെച്ചു പെരുമാറിയാതാണോ പി. കെ ചേട്ടന്റെ തലയില്‍ ഒരു വെള്ളുത്ത കെട്ടു കണ്ടു....

;-)

Wed Nov 21, 10:32:00 am IST  
Blogger സു | Su said...

സുല്‍ :) എന്നാല്‍ സുല്ലിന്റെ എല്ലു മതി. ;)

മോനു :) ഇനി അഭിമുഖം എന്നു കേട്ടാല്‍ പാ.കോ. ഓടും.

കുട്ടിച്ചാത്തന്‍ :)അതെയതെ.


തെന്നാലി :)

മഞ്ഞുതുള്ളീ :)അല്ലല്ല. അതു പേടിച്ചോടിയപ്പോ വീണതായിരിക്കും.

Wed Nov 21, 05:10:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ച്യേ...ഇപ്പൊഴാ വായിച്ചത് നന്നായിട്ടുണ്ട്
:)

Sun Nov 25, 02:02:00 am IST  
Blogger ആഷ | Asha said...

ഹ ഹ
അഭിമുഖം മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.
വരൂ സൂ നമുക്ക് ആസു ഗ്രൂപ്പ് തുടങ്ങാം.
എന്നിട്ട് ക്യഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തില്‍ മഞ്ജുവാര്യര്‍ കഴുതപുറത്ത് പാടി വരുന്ന പാട്ടു തീം സോങ്ങാക്കാം.

വരിയൊക്കെ മറന്നു പോയ്
ചന്ദ്രയ്ക്കവെണ്ണില .......

......ചന്ദ്രലാലാ
ആസൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
ആസൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

വാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ സൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ തുടങ്ങാം ;)

Fri Nov 30, 01:12:00 pm IST  
Blogger സാജന്‍| SAJAN said...

സു, ഞാന്‍ ഇപ്പോഴാണ് ഈ പോസ്റ്റ് വായിക്കുന്നത്
ചിരിപ്പിച്ച് കേട്ടോ!
(ചിന്തയിലെങ്ങും ഇത് വരുന്നില്ലല്ലൊ?)
മുകളില്‍ കമന്റ് എഴുതിയവര്‍ പറഞ്ഞതൊക്കെ മറന്നേക്കൂ, പിന്നെ ഒരു പേരിലെതിരിക്കുന്നു സു , എന്റെ ഗ്രൂപ്പില്‍ കൂടിക്കൊള്ളു ആജീവാനന്ത വനിതാ വിഭാഗം സെക്രട്ടറിയാക്കാം!

Sat Dec 01, 05:25:00 pm IST  
Blogger സു | Su said...

സഹയാത്രികന്‍ :)

ആഷ :)

സാജന്‍ :)

Sat Dec 01, 09:14:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home