Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 13, 2007

വാക്കുകള്‍

ആവര്‍ത്തനത്തിന്റെ വിരസതയിലാണ്,
വാക്കുകളെന്നോട് മുഖം ചുളിച്ച് കാണിച്ചത്.
കൂടെക്കൂടെ ജോലിയെടുപ്പിച്ചത് മതിയെന്നവര്‍,
മുഖംനോക്കാതെ പറഞ്ഞു.
പകരക്കാരെത്തേടി,
പതിവില്ലാതെ ഞാനലഞ്ഞു.
പഴയവയെയൊക്കെ പിരിച്ച് വിട്ട്,
മനസ്സ് ശൂന്യമാക്കി കാത്തിരുന്നു.
ഒടുവില്‍ ഇറങ്ങിപ്പോയവ,
ഓടിത്തന്നെ തിരിച്ചുവന്നു.
ആവര്‍ത്തനമില്ലാത്തതുകൊണ്ട്,
അവയ്ക്ക് പഴയപോലെ കാണാനൊക്കില്ലത്രേ.
ഇടവേളകള്‍ വര്‍ദ്ധിച്ചപ്പോള്‍,
ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബന്ധിക്കുന്ന,
എന്നെയോര്‍ത്തത്രേ.
ഇനിയിറങ്ങിപ്പോവില്ലെന്ന വാഗ്ദാനത്തില്‍,
അവ വീണ്ടും എനിക്കായൊരുങ്ങി.
ആവര്‍ത്തിച്ചാവര്‍ത്തിച്ച്,
ഒടുവിലൊരൊടുങ്ങലിന് കാത്ത് ഞാനും.
എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,
ഞാനെന്ന വാക്കിന് നിന്നേ മതിയാകൂയെന്ന്
വാക്കുകള്‍പോലും തിരിച്ചറിഞ്ഞ് തുടങ്ങി.
എന്നിട്ടും, മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ,
എപ്പോഴും തോല്‍പ്പിക്കുന്നല്ലോ.

Labels: ,

20 Comments:

Blogger കരീം മാഷ്‌ said...

മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ എപ്പോഴും തോല്‍പ്പിക്കുന്നല്ലോ..
It is true...

Thu Dec 13, 11:16:00 am IST  
Blogger ദൈവം said...

എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,
ഞാനെന്ന വാക്കിന് നിന്നേ മതിയാകൂയെന്ന്...

ഈ ബ്ലൊഗിലെഏറ്റവും ആഴമുള്ള വരികളെന്ന് ഞാനിവിടെ എഴുതട്ടെ...

Thu Dec 13, 11:45:00 am IST  
Blogger ശ്രീ said...

"എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,
ഞാനെന്ന വാക്കിന് നിന്നേ മതിയാകൂയെന്ന്
വാക്കുകള്‍പോലും തിരിച്ചറിഞ്ഞ് തുടങ്ങി.
എന്നിട്ടും, മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ എപ്പോഴും തോല്‍പ്പിക്കുന്നല്ലോ..."

സൂവേച്ചീ...

വളരെ ശരി.
:)

Thu Dec 13, 11:47:00 am IST  
Blogger Chengamanadan said...

മനോഹരം , ചില സാഹചര്യങ്ങളില് ഓര്മ്മയെ ജയിക്കുന്ന മറവി ഒരു അനുഗ്രഹവുമാണ്

Thu Dec 13, 02:21:00 pm IST  
Blogger Rasheed Chalil said...

:)

Thu Dec 13, 03:23:00 pm IST  
Blogger Unknown said...

മറവിയെന്ന വാക്കു് ഓര്‍മ്മയെന്ന വാക്കിനെ തോല്‍പ്പിക്കുന്നു എന്നു് തിരിച്ചറിയുന്നിടത്തു് (ഓര്‍മ്മിക്കുന്നിടത്തു്!) ഓര്‍മ്മയെന്ന വാക്കു് മറവിയെന്ന വാക്കിനെ തോല്‍പ്പിക്കുകയല്ലേ? ഒരേ ജീവിതത്തിന്റെ‍ മാറിമാറി വന്നുകൊണ്ടിരിക്കുന്ന രണ്ടു് മുഖങ്ങള്‍ മാത്രമല്ലേ ജയവും തോല്‍‌വിയും? അവ പരസ്പരപൂരകങ്ങള്‍ പോലുമാണെന്നു് തോന്നുന്നു. :)

Thu Dec 13, 04:58:00 pm IST  
Blogger കാവലാന്‍ said...

'ഇനിയിറങ്ങിപ്പോവില്ലെന്ന വാഗ്ദാനത്തില്‍,
അവ വീണ്ടും എനിക്കായൊരുങ്ങി.'വെറുംവാക്കാണോഎന്തോ???.

വക്കാണമെന്തായാലും നന്നായി

Thu Dec 13, 06:57:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വാക്കുകള്‍...

മറവി ചിലപ്പോള്‍ ഓര്‍മ്മകളേക്കള്‍ ഗുണം ചെയ്യും..

Thu Dec 13, 08:30:00 pm IST  
Blogger ഏറനാടന്‍ said...

അത് കറക്‌ട്.."മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ എപ്പോഴും തോല്‍പ്പിക്കുന്നല്ലോ.."

Thu Dec 13, 11:09:00 pm IST  
Blogger നാടോടി said...

കൊള്ളാം

Fri Dec 14, 09:07:00 am IST  
Blogger അനംഗാരി said...

ഈ മറവിയാണ് എന്നെ ഭ്രാന്തനാക്കാതെ ഇപ്പോഴും ജീവിപ്പിക്കുന്നത്.

Fri Dec 14, 09:51:00 am IST  
Blogger ചന്ദ്രകാന്തം said...

എന്റെ മറവിയെ ഞാന്‍ തിരിച്ചറിയുന്നിടത്ത്‌.....ഓര്‍മ്മ പുനര്‍ജ്ജനിയ്ക്കുന്നു.

Fri Dec 14, 03:39:00 pm IST  
Blogger സു | Su said...

കരീം മാഷേ :)

ദൈവം :)

ശ്രീ :)

ചെങ്ങമനാടന്‍ :)

ഇത്തിരിവെട്ടം :)

ബാബു :)

കാവലാന്‍ :)

പ്രിയ :)

ഏറനാടന്‍ :) അല്ല ഇതാര്!

നാടോടി :)

അനംഗാരി :)

ചന്ദ്രകാന്തം :)

എല്ലാവര്‍ക്കും നന്ദി.

Sat Dec 15, 01:10:00 pm IST  
Blogger നവരുചിയന്‍ said...

ഇറങ്ങി പോക്കിനെ തടയാന്‍ കാവല്‍കാരന്‍ ഇല്ലാത്ത പടിപുരക്ക് ആകുമോ ???

Sat Dec 15, 02:23:00 pm IST  
Blogger മുസാഫിര്‍ said...

വാക്കുകളോട് സൂവിന്റെ ചിന്തകളെ ഭരിക്കാന്‍ വരതെന്ന് പറയുന്നു. അച്ചടിമഷി പുരട്ടി പോലും അവയെ വിഷമിപ്പിപ്പിക്കുന്നില്ലല്ലോ.

മൂന്നാം വാര്‍ഷിക വാഴ്ത്തുക്കള്‍ !

Sat Dec 15, 02:53:00 pm IST  
Blogger സു | Su said...

നവരുചിയന്‍ :)

മുസാഫിര്‍ :)

നന്ദി.

Sat Dec 15, 07:52:00 pm IST  
Blogger ഗിരീഷ്‌ എ എസ്‌ said...

മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ,
എപ്പോഴും തോല്‍പ്പിക്കുന്നല്ലോ.




വാക്കുകളുടെ ആഴം
അത്ഭുതപ്പെടുത്തി


ആശംസകള്‍....

Sat Dec 15, 08:10:00 pm IST  
Blogger Saha said...

സൂ...
പോയ മച്ചാന്‍മാരെല്ലാം തിരുമ്പിവന്നുകൊണ്ടിരിക്കുന്ന കാലമല്ലേ, വാക്കുകള്‍ മാത്രമായി വാശിപിടിക്കേണ്ടെന്നു കരുതിക്കാണും! :D

Sun Dec 16, 01:07:00 am IST  
Blogger അജയ്‌ ശ്രീശാന്ത്‌.. said...

"പഴയവയെയൊക്കെ പിരിച്ച് വിട്ട്,
മനസ്സ് ശൂന്യമാക്കി കാത്തിരുന്നു.
ഒടുവില്‍ ഇറങ്ങിപ്പോയവ,
ഓടിത്തന്നെ തിരിച്ചുവന്നു."

വരികള്‍ ഇഷ്ടപ്പെട്ടു....

Sun Dec 16, 09:42:00 pm IST  
Blogger സു | Su said...

ദ്രൌപദീ :)

സഹ :)ഹി ഹി.

അമൃത :)

Sat Dec 22, 07:34:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home