Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, December 28, 2007

ഇങ്ങനെയുമുണ്ടോ

ഉറക്കെച്ചിരിക്കരുത്‌, ഉറക്കെപ്പറയരുത്‌,
ഉറക്കച്ചടവരുത്‌, ഉള്ളിലലിവുണരുത്‌.
നിഴലായ്‌ നിരന്തരമായ്‌ നിലനില്‍ക്കേണം,
നുഴഞ്ഞുകയറുവാന്‍ നോക്കിയിരിക്കേണം.
ശാസനകളൊന്നൊഴിയാതെ പാലിച്ചു.
എന്നിട്ടും ശാപവാക്കുകള്‍ മാത്രം കേട്ടു.
പേരുച്ചരിക്കുന്നിടത്ത്‌ പല്ലുകള്‍ മുറുകുന്നു,
ഓര്‍ക്കുന്നവര്‍ ചിലര്‍ കണ്ണീര്‍ തുടയ്ക്കുന്നു.
ഓര്‍ക്കാനിഷ്ടമില്ലാതെ നടുങ്ങുന്നൂ ചിലര്‍.
നിരാശയിലും, ദുഃഖത്തിലും, തോല്‍‍‌വിയിലും,
പലപ്പോഴും ഞാനോര്‍മ്മിക്കപ്പെടുന്നു.
ചില പ്രണയങ്ങളെങ്കിലും
എനിക്കുള്ളില്‍പ്പെട്ടൊടുങ്ങുന്നു.
സ്നേഹവും പ്രണയവും, സത്യവും, വിജയവും,
എന്നെയൊറ്റപ്പെടുത്തുവാന്‍ കിണഞ്ഞുശ്രമിക്കുന്നു.
ഞാന്‍ പരാജയപ്പെടുന്നിടത്ത്‌
സന്തോഷം ജയിച്ചു ചിരിക്കുന്നു,
എത്രയോ ഹൃദയങ്ങള്‍ ആശ്വസിക്കുന്നു.
അവരുടെ ഒറ്റപ്പെടുത്തലിലും, കുറ്റപ്പെടുത്തലിലും,
എനിക്ക്‌ നിസ്സഹായതയാണ്‌.
എന്റെ പേരു തന്നെ കാരണമായി
വലിച്ചിഴക്കേണ്ടിവരുന്നു.
ഞാന്‍, ചതി,
തോല്‍വിയുടെ ഗര്‍ത്തത്തിന്റെ വക്കില്‍ നിന്നിട്ടും, വീണുപോകാതെ,
എന്‍ പേരു നശിക്കാതിരിക്കാന്‍ പരിശ്രമിക്കട്ടെ.
ആത്മഹത്യ ചെയ്താല്‍പ്പോലും,
ലോകം ഒരുമിച്ചുനിന്ന് ആശ്വാസത്തോടെ, എന്നാല്‍ അത്ഭുതത്തോടെ പറയും.
പോകുന്നപോക്കിലും, സ്വന്തം ജീവനെച്ചതിച്ചുപോയെന്ന്!
ഇങ്ങനെയുമുണ്ടോ ഒരു ചതിയെന്ന്!

Labels:

Thursday, December 13, 2007

വാക്കുകള്‍

ആവര്‍ത്തനത്തിന്റെ വിരസതയിലാണ്,
വാക്കുകളെന്നോട് മുഖം ചുളിച്ച് കാണിച്ചത്.
കൂടെക്കൂടെ ജോലിയെടുപ്പിച്ചത് മതിയെന്നവര്‍,
മുഖംനോക്കാതെ പറഞ്ഞു.
പകരക്കാരെത്തേടി,
പതിവില്ലാതെ ഞാനലഞ്ഞു.
പഴയവയെയൊക്കെ പിരിച്ച് വിട്ട്,
മനസ്സ് ശൂന്യമാക്കി കാത്തിരുന്നു.
ഒടുവില്‍ ഇറങ്ങിപ്പോയവ,
ഓടിത്തന്നെ തിരിച്ചുവന്നു.
ആവര്‍ത്തനമില്ലാത്തതുകൊണ്ട്,
അവയ്ക്ക് പഴയപോലെ കാണാനൊക്കില്ലത്രേ.
ഇടവേളകള്‍ വര്‍ദ്ധിച്ചപ്പോള്‍,
ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബന്ധിക്കുന്ന,
എന്നെയോര്‍ത്തത്രേ.
ഇനിയിറങ്ങിപ്പോവില്ലെന്ന വാഗ്ദാനത്തില്‍,
അവ വീണ്ടും എനിക്കായൊരുങ്ങി.
ആവര്‍ത്തിച്ചാവര്‍ത്തിച്ച്,
ഒടുവിലൊരൊടുങ്ങലിന് കാത്ത് ഞാനും.
എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,
ഞാനെന്ന വാക്കിന് നിന്നേ മതിയാകൂയെന്ന്
വാക്കുകള്‍പോലും തിരിച്ചറിഞ്ഞ് തുടങ്ങി.
എന്നിട്ടും, മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ,
എപ്പോഴും തോല്‍പ്പിക്കുന്നല്ലോ.

Labels: ,