Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 29, 2008

മറിയ

പ്രാര്‍ത്ഥനാസമയം ആയിരുന്നു. മറിയ എല്ലാ മുഖങ്ങളിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു. എല്ലാവരും കണ്ണടച്ചു നില്‍ക്കുന്നുണ്ട്. അവള്‍ക്ക് ബോറടിച്ചു തുടങ്ങിയിരുന്നു. പതിവുപോലെ. ഒന്നും ചെയ്യാന്‍ പറ്റില്ല.
“പ്രാര്‍ത്ഥനാസമയത്തെങ്കിലും അടങ്ങിനില്‍ക്കാന്‍ പഠിക്കണം. അതിനു വല്ലതും പറഞ്ഞുകൊടുത്തിട്ടുവേണ്ടേ?”
ഇന്നലെ പ്രാര്‍ത്ഥന കഴിഞ്ഞ് ഊണുമേശയില്‍ പാത്രങ്ങള്‍ നിരത്തുന്നതും നോക്കി നിന്നപ്പോള്‍ വല്യമ്മച്ചി പറഞ്ഞതാണ്. ലിസിയാന്റി വെറുതെ ഒന്ന് മമ്മിയെ നോക്കി. മമ്മി ആരേയും നോക്കിയില്ല. എന്തെങ്കിലും പറഞ്ഞാലെന്താ ഈ മമ്മിയ്ക്ക്!
ഇന്നലെ പ്രാര്‍ത്ഥനയ്ക്കിടയില്‍ ഒരു സിനിമാപ്പാട്ട് പാടണമെന്ന് മറിയയ്ക്ക് തോന്നി. അവളുടെ പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞിരുന്നു. അതാണ് കുഴപ്പമായത്. ഇന്ന് മിണ്ടാന്‍ വയ്യ, അതുകൊണ്ടുതന്നെ.
ഇന്നലെ, മമ്മി പതിവുപോലെ അവളെ ദേഷ്യപ്പെട്ടില്ല. അല്ലെങ്കില്‍, അത്താഴവും കഴിഞ്ഞ് അവരുടെ മുറിയില്‍ എത്തുമ്പോള്‍, മറിയയ്ക്ക് ശകാരം കിട്ടുന്നത് പതിവാണ്. എന്തെങ്കിലും ഉണ്ടാവും, കാരണം. ഗീതുവിന്റെ വല്യമ്മ ഒന്നും ദേഷ്യപ്പെട്ട് പറയാറില്ലെന്നും, കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ടെന്നും ഗീതു പറയും. വല്യമ്മച്ചി, മരുന്നൊക്കെ കഴിക്കുന്നുണ്ട്, അതുകൊണ്ട് വേഗം ഉറങ്ങാന്‍ പോകും, കഥയൊന്നും പറയാന്‍ നേരം ഉണ്ടാവില്ലെന്നാണ് ഗീതുവിനോട് പറഞ്ഞിട്ടുള്ളത്. വഴക്കുപറയാറുണ്ടെന്നൊന്നും മറിയ പറഞ്ഞിട്ടില്ല.
ഇന്നും പാടണമെന്നുണ്ട്. പക്ഷെ, മമ്മിയ്ക്കും വഴക്കുകേള്‍ക്കും. അതുകൊണ്ട് അനങ്ങാതെ നിന്നു. പ്രാര്‍ത്ഥന കഴിഞ്ഞതും പാട്ട് തുടങ്ങി. ചെവിയില്‍ പിടിത്തം വീണു. “വെറുതെ ഒച്ചയെടുക്കരുതെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്?”
പാവം മമ്മി! നല്ലൊരു പാട്ടുപോലും അറിയില്ല. മമ്മി പാടിയാല്‍ എങ്ങനെയിരിക്കും? ഇത്രയും മെല്ലെ സംസാരിക്കുന്ന മമ്മി പാടിയിട്ടും കാര്യമൊന്നുമില്ല.
“ഗീതൂന്റെ വീട്ടില്‍ പോയിട്ട് അവിടെ വല്യമ്മയ്ക്ക് പാടിക്കൊടുത്തല്ലോ പാട്ട്. ഇവിടെ ഒന്നും പറ്റില്ല.”
മറിയ ജെറിയോട് പറഞ്ഞു. ജെറി എന്നും നിശ്ശബ്ദമായിട്ടേ ഇരിക്കൂ. അതുപക്ഷെ, വീട്ടില്‍ മാത്രമാണ്. സ്കൂളില്‍ അവന്‍, വേറെ ഒരാളാണ്. തകര്‍ത്തുനടക്കുന്നത് കാണാം.
“ഇവിടെ നമ്മളെ വല്യ ഇഷ്ടമൊന്നുമല്ല.”
“എന്നിട്ട് ലിനിയും ചാക്കോച്ചനും ഒച്ചയെടുക്കുന്നുണ്ടല്ലോ?”
അതാണവള്‍ക്ക് ഇതുവരെ മനസ്സിലാവാത്തത്. അവരേയും കൂട്ടി, ലിസിയാന്റിയും ജെയിംസ് അങ്കിളും പുറത്തുപോകുന്നതും, ഓരോന്നൊക്കെ വാങ്ങിവരുന്നതും കാണുമ്പോള്‍, അവള്‍ക്ക് വിഷമം ഉണ്ടാവാറുണ്ട്. ‘പപ്പയ്ക്ക് സമയം ഉള്ളപ്പോള്‍ കൊണ്ടുപോകും.’ മമ്മി ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് എത്ര കാലമായി എന്നറിയില്ല. പപ്പയെ രാവിലെ സ്കൂളില്‍ പോകുന്നതിനുമുമ്പ് കാണും. ഉറങ്ങുന്നത്. പിന്നെ കാണില്ല. പിന്നെ എവിടെ കൊണ്ടുപോകാന്‍.
“പപ്പയ്ക്ക് ശരിക്കൊരു ജോലി ഇല്ലാത്തതാണ് പ്രശ്നം. ഉണ്ടായിരുന്നെങ്കില്‍ നമ്മളും അവരെപ്പോലെ ആയേനെ.”
പപ്പയ്ക്ക് ജോലിയില്ലെന്നത് അവള്‍ക്ക് പുതിയൊരു അറിവായിരുന്നു. എങ്ങോട്ടാവും പപ്പ പോകുന്നത്?
“പപ്പ പോകുന്നുണ്ടല്ലോ?”
“അതു വല്യപ്പച്ചന്റെ തോട്ടത്തിലേക്കല്ലേ. അവിടെ പോയി ഇരുന്നിട്ട് എന്തു കാര്യം?”
ജെറിയ്ക്ക് ഒക്കെ അറിയാം. മമ്മിയോട് ഇങ്ങനെ വല്ലതും അറിയണമെങ്കില്‍ നടക്കില്ല. പപ്പയുടെ കൈയില്‍ കാശൊന്നും ഉണ്ടാവില്ലെന്നതില്‍ അവള്‍ക്ക് വിഷമം തോന്നി. സിനിമയ്ക്ക് പോകില്ല, ബീച്ചില്‍ പോകില്ല, പെരുന്നാളിനു പോയാലും ഒന്നും വാങ്ങിക്കൊടുക്കുകയും ഇല്ല. വീട്ടിലെ ടി. വി. മാത്രം ആരെങ്കിലും കാണുമ്പോള്‍ കാണാം.
ടി, വി വയ്ക്കരുത്, ഒച്ചയെടുക്കരുത്, സോഫയില്‍ കയറുത്, ഭക്ഷണം ഒറ്റയ്ക്ക് എടുക്കരുത്, ഫോണ്‍ എടുക്കരുത്. ഇതൊക്കെ അവള്‍ക്കുള്ള നിയമം ആണ്.
ഒരു ദിവസം മിടുക്കിയായിരുന്ന് രാത്രി മമ്മിയോട് അവള്‍ ചോദിച്ചു.
“പപ്പയെന്താ ജോലിയ്ക്ക് പോകാത്തത്?”
മമ്മി എന്തൊക്കെയോ പറഞ്ഞു. നല്ല ജോലിയുണ്ടായിരുന്നതും, വിട്ടുവന്നതും ഒക്കെ.
“പപ്പ ശ്രമിക്കുന്നുണ്ട്. കിട്ടണ്ടേ? എന്തെങ്കിലും ജോലിയ്ക്ക് പോകാന്‍ പപ്പയ്ക്ക് മടിയുണ്ട്.”
അതൊന്നും അവള്‍ക്കറിയേണ്ട. പപ്പയ്ക്ക് ജോലിയുണ്ടാവണം. ലിനിയേയും ചാക്കോച്ചനേം പോലെ അവള്‍ക്കും പുറത്തൊക്കെ പോകണം. വല്യമ്മച്ചിയോട് വഴക്കുകേള്‍ക്കുന്നതുപോലും പപ്പയ്ക്ക് ജോലിയില്ലാത്തതായിരിക്കുമെന്ന് ജെറി പറഞ്ഞതില്‍ നിന്നും അവള്‍ക്ക് തോന്നിയിരുന്നു. മമ്മിയുടെ കഴുത്തില്‍, നൂലുപോലെ ഒരു മാലയുണ്ട്. വല്യമ്മച്ചിയും, ലിസിയാന്റിയും ഇടുന്ന പോലെയുള്ള മാലകളിട്ട് മമ്മിയെ അവള്‍ സങ്കല്‍പ്പിച്ചു. നല്ല ഭംഗിയുണ്ടാവും മമ്മിയെ. പരസ്യത്തിലെ സുന്ദരിപ്പെണ്ണിനെപ്പോലെ. ജോലി കിട്ടിയാല്‍ പപ്പ വാങ്ങിക്കൊടുക്കുമായിരിക്കും.
പിറ്റേ ദിവസം ഗീതുവിനോട് പറഞ്ഞു.
“പപ്പയ്ക്ക് ആദ്യം നല്ല ജോലിയുണ്ടായിരുന്നു. ഇനിയും വേറെ നല്ല ജോലി കിട്ടിയാല്‍, ഞങ്ങളെ പെരുന്നാളിനും, സിനിമയ്ക്കും ബീച്ചിലും ഒക്കെ കൊണ്ടുപോകും. ഇപ്പോ ജോലിയന്വേഷിക്കുന്ന തിരക്കിലാണ്.”
ഗീതു ഒന്നും പറഞ്ഞില്ല.
“നമ്മള്‍ നാളെ സ്കൂളില്‍ പോവില്ല. വ്യാഴാഴ്ച രാത്രിയാണ് ജെറി പറഞ്ഞത്.
“അതെന്താ?” വീട്ടില്‍ വല്ല വിശേഷങ്ങളും ഉണ്ടെങ്കില്‍ അവര്‍ പോകാതിരിക്കാറുണ്ട്. ഇപ്പോ ഒരു ഒരുക്കവും കണ്ടില്ല, അവള്‍.
“നമ്മള്‍ വേറെ വീട്ടിലേക്ക് പോകും.”
പപ്പയ്ക്ക് ജോലി കിട്ടിയിട്ടുണ്ടാവും. അവള്‍ക്ക് സന്തോഷമായി.
“അവിടെ ടി. വി. ഉണ്ടാവും അല്ലേ?”
“അറിയില്ല. പോയാലേ അറിയൂ.”
“മമ്മീ നമ്മള്‍ നാളെ വേറെ വീട്ടില്‍ പോകും അല്ലേ?”
“ഉം.” മമ്മിയെ നോക്കിയപ്പോഴാണ് മുഖം നനഞ്ഞിരിക്കുന്നത് കണ്ടത്. വല്യമ്മച്ചി വഴക്കുപറഞ്ഞുകാണുമോ?
പിന്നെ അവളൊന്നും ചോദിച്ചില്ല.
രാവിലെ അവള്‍ എണീക്കുമ്പോഴേക്കും, പപ്പയും എണീറ്റ് കുളിച്ച് തയ്യാര്‍ ആയി ഇരിക്കുന്നുണ്ടായിരുന്നു. ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ ഗീതുവിനോട് പറയാമായിരുന്നു എന്നവള്‍ക്ക് തോന്നി. ഇതിപ്പോ തിങ്കളാഴ്ച ആവണം. അവളേയും ഒരു ദിവസം വീട്ടിലേക്ക് കൂട്ടണം. ഇവിടെ വല്യമ്മച്ചി എന്തെങ്കിലും പറഞ്ഞാലോന്ന് പേടിച്ച് ഇതുവരെ വിളിച്ചില്ല.
വല്യപ്പച്ചന്റെ വീടിന്റെ ചെറിയൊരു ഭാഗം പോലും ഇല്ലാത്ത വീട് എന്നാണവള്‍ക്ക് തോന്നിയത്. പപ്പയുടെ കൂട്ടുകാര്‍ വന്നിരുന്നു. കുറച്ചെന്തൊക്കെയോ ഉണ്ടായിരുന്നത് ലോറിയില്‍ നിന്ന് ഇറക്കിവെച്ചതൊക്കെ അവരൊക്കെച്ചേര്‍ന്ന് അകത്തേക്കിട്ടു. പപ്പയും ജെറിയും അവരുടെ കൂടെ പുറത്തേക്ക് പോയി. മമ്മി അടുക്കളയില്‍ ആണ്.
മറിയ വീടുതോറും ഓടിനടന്നു.
ഒരു മുറിയുടെ ജനല്‍, ടപ്പേന്ന് തുറന്നു. പുറത്തെ മുറിയില്‍ ഇട്ടിരിക്കുന്ന ബെഞ്ചില്‍, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ടക് ടക് ടക് എന്ന് നടന്നു. താഴോട്ട് ചാടി. ഒരു മുറിയില്‍ ഉണ്ടായിരുന്ന അലമാരയുടെ വാതില്‍ തുറന്ന് അടച്ചു. നല്ല ശബ്ദമുണ്ടായിരുന്നു. എന്നിട്ടും മമ്മി ഒന്നും പറയുന്നില്ലല്ലോയെന്ന് അവള്‍ക്ക് തോന്നി.
അവള്‍ മുറ്റത്തേക്ക് ഇറങ്ങി വട്ടം കറങ്ങി, പാട്ട് പാടി.
കുറേക്കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പക്ഷെ ബോറടിച്ചു. ലിനിയും ചാക്കോച്ചനും കൂടെ വേണ്ടതായിരുന്നു എന്നവള്‍ക്ക് തോന്നി. അവള്‍ മമ്മിയുടെ അടുത്തേക്ക് ചെന്നു.
“മമ്മീ, അവരൊക്കെ എപ്പോ വരും?”
“ഇപ്പോ വരും. കഴിക്കാനുള്ളത് വാങ്ങാന്‍ പോയതല്ലേ.”
“ആര്? പപ്പയും ജെറിയുമോ?
“അവരല്ല.”
“പിന്നെ ആര്?”
“വല്യപ്പച്ചനും വല്യമ്മച്ചിയും, ലിനിയും ചാക്കോച്ചനും ഒക്കെ.”
മമ്മി അമ്പരന്ന് അവളെ നോക്കി. അവരെയൊക്കെ വിട്ടുപോന്നതില്‍ അവള്‍ക്ക് വിഷമം ഉണ്ടെന്നോ.
മമ്മി, മറിയയെ ചേര്‍ത്തുപിടിച്ചു.
“അവരൊക്കെ വരും. നമുക്ക് എല്ലാം അടുക്കിവെച്ചിട്ട് വിളിക്കാം അവരെ.”
“ഉം” മറിയ പറഞ്ഞു.
സ്നേഹത്തിന്റെ കണ്ണികള്‍ ഒരിക്കലും അത്ര പെട്ടെന്ന് പൊട്ടിപ്പോകുന്നതല്ലെന്ന് മമ്മിയ്ക്ക് അറിയാമായിരുന്നു. ശാസനയും പരാതിയും പരിഭവവും ഒക്കെ നിഴലുപോലെയേ ഉണ്ടാവൂ. ഒക്കെയൊന്ന് മാഞ്ഞുപോകുമ്പോള്‍, പോകാത്തതായി ഒന്നേയുള്ളൂ. സ്നേഹം. വീണ്ടും ഓടിനടക്കാന്‍ പോയ മറിയയെ നോക്കി, മമ്മി വാത്സല്യത്തോടെ നിന്നു.

Labels:

6 Comments:

Blogger യാരിദ്‌|~|Yarid said...

മറിയ...:)

Sat Mar 29, 10:29:00 pm IST  
Blogger പാമരന്‍ said...

കൊള്ളാം..

Sat Mar 29, 11:26:00 pm IST  
Blogger Physel said...

വളരെ നന്നായി സൂ....നല്ല ഒഴുക്കോടെ, ലളിത്മായി, ഉള്ളില്‍ തട്ടും വിധം എഴുതിയിരിക്കുന്നു.ഒരു പാടുകാലമായല്ലോ ഇതുപോലൊന്ന് വന്നിട്ട് എന്നു കരുതിയിരിക്കുകയായിരുന്നു. സൂ പറയാനുദ്ദേശിച്ചതെന്തെന്ന് കഥ വായിക്കുന്നവര്‍ക്ക് കൃത്യമായി മനസ്സിലാവുന്നുണ്ട്. അപ്പോ ഒരു സന്ദേശം എഴുതി വെക്കും പോലെ, “ശാസനയും പരാതിയും പരിഭവവും ഒക്കെ നിഴലുപോലെയേ ഉണ്ടാവൂ. ഒക്കെയൊന്ന് മാഞ്ഞുപോകുമ്പോള്‍, പോകാത്തതായി ഒന്നേയുള്ളൂ. സ്നേഹം”..അവസാനം ഈ വരികളൂടെ ആവശ്യമ്മുണ്ടായിരുന്നോ?

Sat Mar 29, 11:31:00 pm IST  
Blogger വേണു venu said...

മനസ്സിന്‍റെ ഇടകലര്‍ന്ന വികാര ഭേദങ്ങളില്‍ ഒഴുക്കായി പറയുന്നതു് ഫീലു ചെയ്യുന്നു.:)

Sun Mar 30, 08:35:00 am IST  
Blogger ചീര I Cheera said...

മറിയക്കുട്ടീടെ സ്നേഹം..

:)

Mon Mar 31, 06:44:00 pm IST  
Blogger സു | Su said...

വഴിപോക്കന്‍ :)

പാമരന്‍ :)

ഫൈസല്‍ :) കുറേയായി എഴുതിയിട്ട് ഇങ്ങനെ. അവസാനം അങ്ങനെ എഴുതണംന്ന് തോന്നി. എന്നാലേ പൂര്‍ണ്ണമാവൂ എന്നൊരു തോന്നല്‍. അതു വേണ്ടായിരുന്നു അല്ലേ?

വേണുവേട്ടാ :)

പി. ആര്‍ :)

വാ‍യിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Tue Apr 01, 11:29:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home