പരസ്യപ്പാരകൾ
ഊതല്ലേ...ഊതല്ലേ... എന്ന് നമ്മൾ പലരോടും പറഞ്ഞിട്ടുണ്ടാവും. എന്നാൽ പരസ്യക്കാർ പറയുന്നതോ? ഒന്നൂതിക്കേ, ഒന്നുംകൂടെ, ഒന്നും കൂടെ എന്നും. അല്ലേ? ‘അച്ചൂട്ടാ, മാളൂട്ടീ, മിന്നൂട്ടീ, നിങ്ങൾടെ കുപ്പായങ്ങളിലൊക്കെ എന്താ ഈ തേച്ചുവെച്ചിരിക്കുന്നത് എന്നു ചോദിച്ചാൽ അവരൊറ്റക്കെട്ടായിട്ട് പറയും ‘അമ്മേ, കറ നല്ലതാണ്.’ അതെയതെ. കറ നല്ലതാണ്, തുണിയലക്കൽ ഒരു കലയാണ്. സ്ത്രീകൾക്ക് കക്കൂസ് കഴുകുന്നതെങ്ങനെ എന്നുകാണിച്ചുകൊടുക്കാൻ പരസ്യക്കാർ വേണം. അവരെപ്പറഞ്ഞിട്ടും കാര്യമില്ല. ചില പൊങ്ങച്ചക്കാരികളെയൊക്കെ പഠിപ്പിച്ചുകൊടുക്കേണ്ടിത്തന്നെ വരും. അതിഥികൾ മുഖം ചുളിക്കുന്നതിലും നല്ലത്, പരസ്യം കാണുമ്പോൾ അന്യർ മുഖം ചുളിക്കുന്നതു തന്നെ. കുടിക്കാനുള്ള പോഷകവെള്ളമോ?ആണുങ്ങൾക്കൊന്ന്, പെണ്ണുങ്ങൾക്കൊന്ന്, കുട്ടികൾക്ക് വേറൊന്ന്. എല്ലാർക്കുംകൂടെ ഒരുമിച്ച് കലക്കിക്കുടിച്ച് ആരോഗ്യം ഉണ്ടാക്കാൻ സമയമില്ല. അപ്പഴല്ലേ വേറെ വേറെ. അവിടേം തൂങ്ങും ഇവിടേം തൂങ്ങും എന്ന പരസ്യംകണ്ട് അമിതാഭ് ബച്ചന്റെ നീളം വയ്ക്കുന്നതും സ്വപ്നം കണ്ട് മക്കളെ കുടിപ്പിച്ചാൽ നിരാശ കൊണ്ട് ഒടുവിൽ നമ്മൾ തുങ്ങിനിൽക്കേണ്ടിവരും. പറയുന്നതിനുംവേണ്ടേ ഒരതിരൊക്കെ! സെല്‌ഫോണുകളുടെ പരസ്യം കണ്ടാൽ നമ്മളതു വാങ്ങിപ്പോകും. കാരണം പരസ്യത്തിൽ എവറസ്റ്റില്‍പ്പോലും റേഞ്ചുണ്ടാകും. വാങ്ങിനോക്കിയാലോ? എവിടേം പരിധി ഉണ്ടാവില്ല ചിലപ്പോൾ. നമ്മൾ പരിധി കൈവിട്ടുപോകും. ആഭരണങ്ങളുടെയും വസ്ത്രങ്ങളുടേയും പരസ്യമാണെങ്കിൽ പുട്ടിനു തേങ്ങ പോലെ ഇടയ്ക്കിടയ്ക്ക് ഉണ്ടാവും. പുസ്തകങ്ങളിലാണെങ്കിലും, ചാനലിലാണെങ്കിലും. നിങ്ങൾക്കും സുന്ദരിയാവേണ്ടേന്നൊക്കെ കേട്ടാൽ ചിലരെങ്കിലും അതിന്റെ പിന്നാലെ പോകും.
ഇപ്പോഴത്തെ മത്സരം ഫ്ലാറ്റുകൾ തമ്മിലാണ്. 1000 സ്ക്വയർഫീറ്റിൽ ഒരു കിളിക്കൂടായിരിക്കും. ഫ്ലാറ്റിന്റെ കൂടെ സ്വിമ്മിംഗ് പൂളുണ്ട്, സ്കൂളുണ്ട്. അമ്പലമുണ്ട് പള്ളിയുണ്ട് എന്നൊക്കെ പരസ്യം ചെയ്തു കളയും. അതൊക്കെ ഉണ്ടായിരിക്കുകയും ചെയ്യും. വേറെ പറമ്പിൽ ആയിരിക്കുമെന്നു മാത്രം. പിന്നെയുള്ളത് സോപ്പിന്റേം എണ്ണയുടേയും പരസ്യങ്ങളാണ്. ഐശ്വര്യാറായിയും, മീരാജാസ്മിനും, കരീനയും, കാവ്യയും ഒക്കെ വന്നു പറയുമ്പോൾ നമ്മൾ വേണ്ടെന്നുവയ്ക്കുന്നതെങ്ങനെ? സോപ്പൊരു പത്തെണ്ണമെങ്കിലും പരീക്ഷിക്കും. ഒടുവിൽ മനസ്സിലാകും. എന്തൊക്കെ തേച്ചാലും നമ്മൾ നമ്മളു തന്നെ! ‘ഉദയഭാനു’ ചോദിക്കുന്നതുപോലെ ‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ?’ ;) എണ്ണയെത്ര മാറിമാറിത്തേച്ചാലും നമ്മുടെ എലിവാലുമുടി പനങ്കുലപോലെ ആവാൻ പോകുന്നില്ല. എന്നാലും നമ്മൾ തേച്ചുപിടിപ്പിച്ചിരിക്കും. കാണുന്ന പൗഡർ മുഴുവൻ വാങ്ങി മേലൊക്കെ വിതറിയിരിക്കും. കാറിന്റെ പരസ്യത്തിൽ ഓടിക്കുന്നത് ഷാരൂഖ് ഖാനാണെങ്കിലും, നമ്മളു വാങ്ങിയാൽ നമ്മളു തന്നെ ഓടിക്കേണ്ടി വരും. ;)
എന്നാല്‍പ്പിന്നെ പരസ്യം കാണുന്നതും വായിക്കുന്നതും വേണ്ടെന്നുവയ്ക്കേണ്ട കാര്യമുണ്ടോ? ഇല്ല. അറിവുള്ളതും, നമുക്കുപകരിക്കുന്നതും മറ്റുള്ളവർക്ക് നമ്മൾക്ക് പറഞ്ഞുകൊടുക്കാവുന്നതും ഒക്കെയുള്ള പരസ്യങ്ങളും ഉണ്ട്. പുതിയ ഉല്പന്നങ്ങളെക്കുറിച്ചറിയാൻ ഉപകരിക്കുന്നതും പരസ്യം തന്നെ. കല്യാണപ്പരസ്യങ്ങളും, കടയുടെ പരസ്യങ്ങളും, പോളിസിപ്പരസ്യങ്ങളും, സിനിമാപ്പരസ്യങ്ങളും, പുസ്തകപ്പരസ്യങ്ങളും ചിലപ്പോഴെങ്കിലും ഉപകരിക്കും. സ്ഥലം വിൽക്കുന്നതും വാങ്ങാനുള്ളതും ആയ പരസ്യങ്ങളും ഉപകരിക്കും. കൂറയേയും പാറ്റയേയും ഓടിച്ച് ഓടിച്ച് ഒരിടത്തിരിക്കുമ്പോൾ, അതിനെയൊക്കെ ഓടിക്കുന്ന ഒരു ഉല്പന്നത്തിന്റെ പരസ്യം കണ്ടാൽ നമ്മളൊന്ന് നോക്കിപ്പോകും. വാങ്ങിപ്പോകും. പരസ്യങ്ങളെ മുഴുവനായിട്ട് തള്ളിപ്പറയാൻ പറ്റില്ലെന്ന് ചുരുക്കം.
എന്നാലും പരസ്യത്തിൽ കാണുന്ന പേസ്റ്റുകളും സോപ്പുകളും ക്രീമുകളും പതപ്പിച്ച്, കാണുന്ന എണ്ണയിൽ മുഴുവൻ വഴുതിവീണ്, സകല പോഷകദ്രാവകങ്ങളും കുടിച്ച് സുന്ദരന്മാരും സുന്ദരികളും, ബുദ്ധിമാന്മാരും ബുദ്ധിമതികളും ആരോഗ്യവാന്മാരും ആരോഗ്യവതികളും ഒക്കെയാവുന്നതും സ്വപ്നം കണ്ട് ഇരിക്കേണ്ട വല്ല കാര്യവുമുണ്ടോ പരസ്യപ്രേമികളേ? പരസ്യത്തിൽ കാണുന്ന ചോക്ലേറ്റു മുഴുവൻ വാങ്ങിത്തിന്ന് പല്ലുപുഴുപ്പിച്ച് പരസ്യത്തിലെ പേസ്റ്റു തന്നെ തേക്കണോ? ബൾബിന്റെ പരസ്യം കണ്ട് വാങ്ങിയിട്ടെന്തു കാര്യം? ഇവിടെ മുഴുവൻ സമയവും പവർക്കട്ടാണെന്നതും പരസ്യം തന്നെയല്ലേ? ചിലത് പ്രഖ്യാപിതവും, ചിലത് അപ്രഖ്യാപിതവും. പരസ്യം കാണുന്നതിനുപകരം, വായിച്ചുപഠിച്ച്, എല്ലുമുറിയെ പണിയെടുത്ത്, പല്ലുമുറിയെ തിന്നുന്നതാവും ആരോഗ്യത്തിനും ബുദ്ധിക്കും സൗന്ദര്യത്തിനും നല്ലത്. പരസ്യം കണ്ട് കിടക്കയേ വാങ്ങാൻ പറ്റൂ. ഉറക്കം കിട്ടില്ല. ;)
എന്നാലും ഓരോരുത്തർക്കും പ്രിയപ്പെട്ട പരസ്യങ്ങൾ ഉണ്ടാവും. അല്ലേ?
വാൽക്കഷണം :-
“ചേട്ടാ, ഒരു സെല്ഫോണിന്റെ പുതിയ പരസ്യത്തിലെ ‘എസ് ഫോർ സുസു’ എന്നു പറഞ്ഞത് എനിക്കത്ര പിടിച്ചില്ല. അവർക്ക് എസ് ഫോർ സു എന്നുമാത്രം പറഞ്ഞാല്‍പ്പോരായിരുന്നോ?
“സൂ, അതെന്താന്ന് അറിയ്യോ? നീ സു എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നില്ലേ. അതാണ് രണ്ട് സു. സു ആൻഡ് സു. നീ വിഷമിക്കേണ്ട.”
ഒരു പരസ്യം :- ആഗസ്ത് 22 മുതൽ വേൾഡ് മൂവീസ് എന്ന ചാനലിൽ ചാവുന്നതിനുമുമ്പ് നിങ്ങൾ കാണേണ്ട അമ്പതു സിനിമകൾ, എന്ന കുറേ സിനിമകൾ കാണിക്കാൻ തുടങ്ങുകയാണ്. രാത്രി പതിനൊന്നിന്. എന്തായാലും ചാവുന്നതിനുമുമ്പ് അതു കണ്ടേക്കുക. ചത്തുകഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഞാനെന്തായാലും കാണാൻ തീരുമാനിച്ചു. ഉറക്കം കുറച്ച് കുറച്ചാലും വേണ്ടില്ല. ;)
Labels: പരസ്യം
16 Comments:
:-)
കാര്യമായ ഒരു പറ്റുതന്നെ പറ്റീട്ടുണ്ടെന്നു തോന്നുന്നല്ലോ! എഴുത്തിന്റെ ഊർജ്ജം കണ്ടു ചോദിച്ചതാണേ... ;-)
ആഹ, 50 സിനിമകളിൽ ഓരോന്നിനെക്കുറിച്ചും കണ്ടു കഴിഞ്ഞ് എഴുതാൻ മറക്കല്ലേ... വേൾഡ് മൂവീസ് എന്നൊരു ചാനലിനെക്കുറിച്ചേ ഈ പരസ്യത്തിലൂടെയാ അറിയുന്നേ... ഏഷ്യാനെറ്റ് സെറ്റ്‍ടോപ്പ് ബോക്സിലും അത് കിട്ടുന്നില്ലല്ലോ!!!
എന്ന്,
ഹരീ ഹരീ... :-)
--
നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?
നിങ്ങളുടെ ഷാംപൂവില്‍ പ്രോട്ടീനും വിറ്റമിനും ഉണ്ടോ?
പശുകള്‍ക്ക് പാഞ്ചാരയടിക്കാന്‍ ആത്മവിശ്വാസം നല്കുന്ന ചുയിംഗം ആണോ നിങ്ങള്‍ ഉപയോഗിക്കുന്നതു?
കയ്യെഴുത്ത് നന്നാക്കുന്ന പേന ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത്?
ഇനിയും എന്തൊക്കെ കാണണം ആവോ.. കാത്തിരുന്നു കാണുക തന്നെ..
സുവേച്ചി അതിനല്ലേ ബുദ്ധി കൂടാനുള്ള മരുന്നുകളുടെ പരസ്യം. അത് കൂടെ ഒന്നു വാങ്ങി ശാപ്പിട്ട് കഴിഞ്ഞാല്‍ ബുദ്ധി അങ്ങ് കൂടില്ലേ? അപ്പൊ മനസിലാവില്ലേ ആ ബാക്കി പരസ്യങ്ങള്‍ ഒക്കെ പറ്റിക്കല്സ് ആന്‍ഡ് വെട്ടിക്കല്സ് ആണെന്ന്. സിമ്പിള്‍ :)
(പക്ഷെ എന്തൊക്കെ പറഞ്ഞാലും പരസ്യം എനിക്കിഷ്ടാ. വെറും സെക്കന്റ് കൊണ്ടു അവര്‍ ഒരു പ്രോഡക്ടിനെ അവതരിപ്പിക്കുന്ന ആ മേത്തേഡ് ഉണ്ടല്ലോ , പരിപാടി കാണുമ്പൊള്‍ വാചകമടിക്കുകയാണെങ്കില് പോലും, പരസ്യം വന്നാല്‍ ഞാന്‍ കണ്ണും മിഴിച്ചു കാണും.
അവര്ക്കു ഞാന്‍ എന്റെ തൊപ്പി ഊരി കൊടുത്തു പോകും)
Yes...കാത്തിരുന്നു കാണുക തന്നെ..
or sell ur TV at the earliest.
പരസ്യം എന്നു പരയുന്നതു തന്നെ ഇതൊക്കെയാണല്ലോ. എന്നാലും ചുരുക്കം ചില പരസ്യങ്ങള്‍ എനിയ്ക്കിഷ്ടമാണ്. ചിലത് അതിന്റെ അവതരണ രീതി കൊണ്ട്.... ചിലത് അതിലെ തീം കൊണ്ട്... അങ്ങനെയങ്ങനെ...
അല്ല, വേള്‍ഡ് മൂവീസില്‍ 50 സിനിമകള്‍ കാണിയ്ക്കുന്നു എന്നത് പുതിയ അറിവാണ്, നന്ദീട്ടോ.
:)
വേള്‍ഡ് മൂവീസില്‍ 50 സിനിമകള്‍ മാത്രമല്ല, ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന ലേബലില്‍ കുറെ നല്ല സിനിമകള്‍ ഇപ്പോള്‍ കാണിച്ചു വരുന്നു. 22 വരെ, പതിനൊന്നു മണിക്ക്. ശരിക്കും നല്ല ചിത്രങ്ങള്‍ തന്നെ.
ഹരിയുടെ അറിവിലേക്കായി: വേള്‍ഡ് മൂവീസ് സണ്‍ ഡൈറക്ടില്‍ ലഭ്യമാണ്.
രസം പിടിച്ചു എന്തെങ്കിലും കാണുമ്പോള്‍ ഇടയ്ക്ക് കേറി വരുന്ന പരസ്യങ്ങളോട് ചില സമയം തോന്നുന്ന ദേഷ്യം...എന്നിരിക്കിലും ചില പരസ്യങ്ങള്‍ കാണാന്‍ ഇഷ്ടമാണു...:)
പിന്നെ വേള്‍ഡ് മൂവീസ് എന്ന ചാനലിന്റെ കാര്യം തന്നെ ഞാനിപ്പോഴാണു കേള്‍ക്കുന്നത്..അതിനൊരു താങ്കു... ഇനി അതൊന്നു തപ്പിനോക്കട്ടെ കിട്ടുമോന്നു..:)
രണ്ടു കണ്ണൂണ്ട്!
കാക്കത്തോള്ളായിരം ചാനലുകളും
എവെടാ ഇതൊക്കെ കാണാനുള്ള സമയം !
സു വിന്റെ വിശകലനം നന്നായി.
ചാത്തനേറ്:പരസ്യങ്ങള്‍ ഏഷ്യാനെറ്റില്‍ തന്നെ കാണണം അവന്മാരു സിനിമയൊക്കെ എഡിറ്റ് ചെയ്ത് ഇല്ലാതക്കുന്നതു കണ്ടാല്‍ സംവിധായകരൊക്കെ കൂലിപ്പണിക്ക് പോകും..
വേള്‍ഡ് മൂവീസിനു ടാറ്റാസ്കൈ ല്‍ എക്സ്ട്റാ കാശ് കൊടുക്കണം.. പിന്നേ.. കാണാതിരിക്കുന്നതാ നല്ലത് അത്രേം കാലം തട്ടിപ്പോവൂലാലോ?
പരസ്യങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ പ്രൊഡക്റ്റുകളെക്കുറിച്ചറിയുന്നത്. പിന്നെ,അതൊക്കെ ഉപയോഗിക്കാന്‍ ആരും നിര്‍ബന്ധിയ്ക്കുന്നുമില്ല. നമുക്കിണങ്ങുന്നത് തിരഞ്ഞെടുക്കുക. അതില്‍ അമളി പറ്റുമ്പോഴാണ് പ്രൊഡക്റ്റിനെ കുറ്റം പറയുക. ഒരാളുടെ സ്കിന്നിന് ചേരുന്നത് മറ്റൊരാള്‍ക്ക് ചേരണമെന്നില്ല. അതുപോലെത്തന്നെ മറ്റുള്ളവയും.
പ്രിയ പറഞ്ഞപോലെ പരസ്യങ്ങള്‍ എനിയ്ക്കും ഇഷ്ടമാണ്.
ഹരീ :) എനിക്കങ്ങനെ ഒരു പറ്റും പറ്റില്ല. പരസ്യത്തിൽ കാണുന്നതുകൊണ്ട് മാത്രം ഒന്നുംതന്നെ വാങ്ങുന്ന പതിവും ഇല്ല. ആരൊക്കെയാണ് വേൾഡ് മൂവീസ് കൊടുക്കുന്നതെന്ന് അറിയില്ല. അവിടെ ഇല്ലെങ്കിൽ വേഗം എടുക്കൂ. എന്നിട്ട് സിനിമകളെക്കുറിച്ച് എഴുതൂ. ഹരിയാണ് പറ്റിയ ആൾ.
മുനീർ :)
പ്രിയ :) ചില പരസ്യങ്ങൾ എനിക്കും ഇഷ്ടം.
അരീക്കോടൻ :) പരസ്യം വരുമ്പോൾ ചാനലു മാറ്റുക തന്നെ. ടി. വി. കളയേണ്ടല്ലോ.
ശ്രീ :) അതെ. ചില പരസ്യങ്ങൾ വീണ്ടുംവീണ്ടും കാണാൻ തോന്നും.
ബൈജു സുൽത്താൻ :)
റെയർ റോസ് :)
കരീം മാഷേ :) സമയം ഉള്ളപ്പോൾ കാണാനാണല്ലോ ചാനലുകൾ കുറേ.
കുട്ടിച്ചാത്തൻ :) എല്ലാ ചാനലുകളും അക്കാര്യത്തിൽ കണക്കു തന്നെ. പടം കാണൂ. നന്നായിരിക്കും.
പ്രിയ ഉണ്ണികൃഷ്ണൻ :) അതെയതെ. അല്ലെങ്കിൽ കാണുന്ന പരസ്യങ്ങളിലെയൊക്കെ ഉല്‍പ്പന്നങ്ങൾ വാങ്ങണം എന്നുകൂടിയുണ്ടെങ്കിൽ കഥയെന്തായേനെ. ;) ചില സ്ത്രീകളൊക്കെ എന്താണെന്ന് അറിയില്ലെങ്കിലും വാങ്ങിക്കൂട്ടും കാണുന്നതൊക്കെ. അമളി ആർക്കെങ്കിലും പറ്റുമോ? ഇഷ്ടപ്പെടാതെ വരുമായിരിക്കും അത്ര തന്നെ.
Sss... ഞാന്‍ ഒരു രഹസ്യം പറയാം... എനിക്ക് പരസ്യങ്ങള്‍ കാണാന്‍ ആണ് കൂടുതല്‍ ഇഷ്ടം...ചാനലുകള്‍ മാറ്റി മാറ്റി വെച്ചു പരസ്യങ്ങള്‍ മാത്രം കാണല്‍... ഹി ഹി... ആരോടും പറയേണ്ട ട്ടോ....
തോന്നലുകൾ :) അങ്ങനെയാണോ? അതിലെന്താ കുഴപ്പം? ഇഷ്ടമുണ്ടെങ്കിൽ കാണാലോ.
ഈവക പരസ്യത്തിന്റെ ഒക്കെ ഒരു ലൈനീന്നാണേ എന്റെ കഞ്ഞികുടി. അതുകൊണ്ട് എത് ഉത്പന്നമാണെന്ന് നോക്കാതെ പരസ്യം നല്ലതാണോന്ന് നോക്കാറുണ്ട്. ഉദാ: മക്ഡൊണാള്‍ഡ്സിന്റെ പുതിയ പരസ്യം - “ലക്കി”. ഞാന്‍ റ്റോയ്‌ലറ്റില്‍ പോവാന്‍ വേണ്ടിയേ മക്ഡൊണാള്‍ഡ്സില്‍ കേറീട്ടുള്ളൂ. :-) ചില അറുബോറന്‍ പരസ്യങ്ങള്‍ കാണുമ്പോ ഇതാരെടാ പടച്ചുവിട്ടതെന്നും വിചാരിക്കാറുണ്ട്.
പിന്നെ സൂ, 1000 സ്ക്വയര്‍ ഫീറ്റിന്റെ ഫ്ലാറ്റ് കിളിക്കൂടാണെങ്കില്‍, ഞാനൊക്കെ താമസിക്കുന്ന 500-ല്‍ താഴെ വിസ്താരമുള്ള ഫ്ലാറ്റിനെ എന്താ വിളിക്കുക? :-)
ബിന്ദൂ :) ആയിരം എന്നത് ഞാൻ അവരുടെയൊരു രീതി പറഞ്ഞതാ. താമസിക്കാൻ അഞ്ഞൂറ് തന്നെ ധാരാളം.
Post a Comment
Subscribe to Post Comments [Atom]
<< Home