Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, October 22, 2008

ഇനി ചന്ദ്രനിലേക്ക്

“നമസ്കാരം ചേച്ചി!”

“അല്ല! പാളയം‌കോടനോ? അന്നു ചോദ്യങ്ങളും ചോദിച്ച് പോയ വഴിയാണല്ലോ.
ബ്ലോഗുതുടങ്ങി അതിലിട്ടോ?”

മാത്തൻ പാളയംകോടൻ :- “ഇല്ല ചേച്ചീ, ഇന്റർവ്യൂ എങ്ങാനും ബ്ലോഗിലിട്ടാൽ ബ്ലോഗിൻ ബോംബ് വയ്ക്കുമെന്ന് അജ്ഞാതർ ഭീഷണിപ്പെടുത്തിയതുകൊണ്ട് ബ്ലോഗ് തുടങ്ങിയതേയില്ല.”

“ഇപ്പോ പിന്നെ എന്താ വന്നത്?”

മാ. പാ. :‌- “അതുപിന്നെ വാർത്ത കേട്ടിട്ട് വെറുതെയിരിക്കാൻ കഴിയുമോ? 2015- ൽ ചന്ദ്രനിലേക്കു പോകുന്നതിന് ബൂലോകത്തിൽ നിന്ന് ചേച്ചിയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നു കേട്ടു.”

“കേട്ടല്ലേ? എന്നാൽ ആ വാർത്ത ശരിയാണ്. ബൂലോഗരെയെല്ലാം പ്രതിനിധീകരിച്ച് ഞാനാണ് പോകുന്നത്.”

മാ. പാ.:- “ഹോ...എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയൊക്കെ ആൾക്കാരും, നല്ല നല്ല എഴുത്തുകാരുമൊക്കെയുള്ളപ്പോൾ ചേച്ചിയ്ക്ക് എങ്ങനെ ചാൻസ് കിട്ടി?”

“ഒന്നും പറയേണ്ട കോടാ. അക്കാര്യത്തിൽ ബൂലോകരൊക്കെ ഒറ്റക്കെട്ടാ. എന്നെ എവിടെയെങ്കിലും പറഞ്ഞയക്കണമെന്നേ അവർക്കുള്ളൂ. ചന്ദ്രനിലേക്കാണെങ്കില്‍പ്പിന്നെ ബൂലോകത്തിനും കുറച്ച് പ്രശസ്തിവരുമല്ലോ. പിന്നെ തിരിച്ചുവരുമോന്ന് ഉറപ്പുമില്ലല്ലോ.”

മ. പാ. :- “ചേച്ചിയുടെ പേരല്ലാതെ വേറെ ആരുടേയും പേരു നിർദ്ദേശിച്ചില്ലേ?”

“ഇല്ലില്ല. എതിരില്ലാതെ ഒരാൾ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മേഖല, ബൂലോകം ആയിരിക്കും.”

മാ. പാ. :-“ ചേച്ചിയ്ക്ക് അത്ഭുതം തോന്നിയില്ലേ?”

“എനിക്കത്ഭുതമൊന്നും തോന്നിയില്ല. നിനക്കു തോന്നിയെങ്കിൽ നിനക്ക് എന്നേം ബൂലോകരേം ശരിക്കറിയാഞ്ഞിട്ടാ.”

മാ. പാ:- “ചേച്ചി ചന്ദ്രനിൽ പോയാൽ എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?”

“കാര്യമായിട്ടൊന്നും തീരുമാനിച്ചിട്ടില്ല. ഞാനൊരു തട്ടുകടയിടും. പിന്നെ ബ്ലോഗിംഗ് തുടരും. അവിടെയെത്തിപ്പെടാൻ കാരണം തന്നെ ബ്ലോഗിംഗ് ആണല്ലോ.”

മാ. പാ. :- ചേച്ചിയ്ക്ക് അപ്പോൾ ചന്ദ്രനിൽ ഒറ്റയ്ക്കു താമസിക്കാനാ പ്ലാൻ എന്നു പറ.”

“അതെന്താടോ?”

മാ. പാ. :- “അല്ലാ...തട്ടുകടയിടും, ബ്ലോഗിംഗ് തുടരും. ഇതൊന്നും സഹിക്കേണ്ടല്ലോന്ന് വിചാരിച്ചാണല്ലോ ചേച്ചിയെ കയറ്റി അയക്കുന്നത്.

അപ്പോ അവിടേം തുടർന്നാൽ എല്ലാരും ഓടിപ്പോരില്ലേ?”

“അതൊക്കെ അവരുടെ ഇഷ്ടം. എന്റെ നിലപാട് അതാണ്.”

മാ. പാ.:- “ചേട്ടനെ കൂടെക്കൂട്ടാൻ ചേച്ചിക്ക് താല്പര്യമില്ലേ?”

“എടോ...ചേട്ടൻ അപ്പുറത്തുണ്ടേ. നിന്റെ ചോദ്യമെങ്ങാനും കേട്ടാൽ ഞാൻ ചന്ദ്രനിൽ പോകുന്നതിനുമുമ്പ് ചേട്ടൻ നിന്നെ കാലപുരിക്കയയ്ക്കും.”

മാ. പാ. :- “ വേറെ ആരൊക്കെയാണ് ഉണ്ടാവുക എന്ന് ചേച്ചിക്കറിയാമോ?”

“ആരു വന്നാലും എനിക്കൊന്നുമില്ല. അവർക്കു പേടിയില്ലെങ്കിൽ എനിക്കെന്താ? ബ്ലോഗ് പോസ്റ്റ് മോഷ്ടിക്കാത്ത ആരുവന്നാലും എനിക്കു പ്രശ്നമില്ല. അവിടുന്നെങ്ങാനും മോഷ്ടിച്ചാല്‍പ്പിന്നെ ചന്ദ്രനിലാണെന്നൊന്നും ഞാൻ കരുതൂല. പറഞ്ഞേക്കാം.”

മാ. പാ. :- “ചേച്ചി പോയാല്‍പ്പിന്നെ ഇന്റർവ്യൂ നടത്താൻ എന്തുചെയ്യും എന്നാണ് എന്റെ ചിന്ത.”

“അക്കാര്യത്തിൽ അനിയൻ പേടിക്കേണ്ട. ഇടയ്ക്ക് വല്ല അമേരിക്കക്കാരോ ചൈനക്കാരോ വരുമ്പോൾ ചോദ്യങ്ങളൊക്കെ കൊടുത്തയച്ചാൽ മതി. ഉത്തരം ഞാൻ അവരുടെ കയ്യിൽ കൊടുക്കാം.”

മാ. പാ. :- “ചേച്ചി പോകുമ്പോൾ എന്തൊക്കെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്?”

“ഓ...അത്രയ്ക്കൊന്നുമില്ല. കുറച്ച് പച്ചക്കറി കൊണ്ടുപോകും. അരിയും കൊണ്ടുപോകും. സാരിയും സ്വർണ്ണവുമൊക്കെ ഇവിടെവെച്ചുപോകുമെന്ന് ഒരാളും അങ്ങനെ കരുതേണ്ട.”

മാ. പാ. :- ആരെയെങ്കിലും ഒരാളേയും കൂടെ കൂട്ടാം എന്നു പറഞ്ഞാൽ ചേച്ചി ആരെ കൂടെ കൂട്ടും?”

“മമ്മുക്കയെ കൂട്ടും.”

മാ. പാ. :- “ഷാരൂഖ് ഖാനാണ് ചേച്ചിയുടെ പ്രിയതാരം എന്നു പറഞ്ഞിട്ട്?”

“പാവം മമ്മുക്ക. ഇനീം ഇങ്ങനെയൊക്കെ ഡാൻസ് കളിച്ചാൽ എല്ലാരും കൂടെ എങ്ങോട്ടെങ്കിലും ഓടിക്കും. അതിലും ഭേദം ചന്ദ്രനിലേക്കു വരുന്നതാ. അവിടുന്നെങ്ങാനും സ്റ്റെപ് അറിയാതെ നൃത്തം ചെയ്താൽ മൂക്കും കുത്തി ഭൂമിയിൽ എത്തുമെന്ന് അദ്ദേഹത്തിന് അറിയാതിരിക്കില്ലല്ലോ.”

മാ. പാ. :- ബൂലോഗരൊക്കെ വാർത്തയറിഞ്ഞപ്പോൾ എന്തു പറഞ്ഞു?”

“പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സന്തോഷം കൊണ്ട് വാക്കുകൾ പുറത്തു വരുന്നില്ലായിരിക്കും. എന്നാലും എല്ലാവരുടേയും മുഖത്ത് ഒരു ആശ്വാസഭാവം ഉണ്ടായിരുന്നു.”

മാ. പാ. :- “ബൂലോഗർക്കു വേണ്ടി ചേച്ചി എന്തൊക്കെയാണ് ചന്ദ്രനിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്?”

“എല്ലാവരുടേയും ബ്ലോഗിന്റെ പരസ്യം പതിക്കാം എന്നാണ് വിചാരിക്കുന്നത്. പോകാൻ സമയമാവുമ്പോൾ എല്ലാവരുടേം അടുത്തുനിന്ന് പരസ്യോം പൈസേം പിരിക്കും. എന്തൊക്കെയായാലും ഞാനൊരു മലയാളിയല്ലേ?”

മാ. പാ. :- “എല്ലാവരോടും പറഞ്ഞില്ലേ പരസ്യം തരാൻ. എന്നിട്ടോ?”

“വക്കാരിയുടെ കവിതസമാഹാരമായ “ഞാനപ്പാ വക്കാരിയപ്പാ” എന്ന പതിപ്പിന്റെ പ്രീ പബ്ലിക്കേഷൻ പരസ്യം പതിക്കാൻ പറഞ്ഞു. ഇവിടെ പരസ്യമിട്ടിട്ട് ആരും ഓർഡർ ചെയ്തില്ലത്രേ. വെറുതെ കൊടുക്കാമെന്നു പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇനി ചന്ദ്രനിലാണ് അദ്ദേഹത്തിന്റെ മുഴുവൻ പ്രതീക്ഷയും.

മാ. പാ. :- ഇഞ്ചിപ്പെണ്ണിന്റെ രാഷ്ട്രീയചിന്തകളുടെ പരസ്യം തന്നിട്ടുണ്ടോ?”

“തന്നിരുന്നു. ആ ചിന്തകളൊക്കെ അവിടെയാരെങ്കിലും വായിച്ച് പാർട്ടിയുണ്ടാക്കിയാലോ? ഞാൻ പറഞ്ഞു "രാഷ്ട്രീയം, ഹർത്താൽ, ബന്ത് ഒന്നുമില്ലാതെ ഞാൻ കുറച്ചുദിവസം കഴിഞ്ഞോട്ടേന്ന്." പക്ഷേ പെരിങ്ങോടനോട് ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല.”

മാ. പാ. :- “എന്ത്?”

“അധികം കനമില്ലാത്ത വാക്കുകൾ എഴുതിത്തന്നാലേ കൊണ്ടുപോകൂ എന്ന്. എന്റെ തടിയും പെരിങ്ങോടന്റെ വാക്കുകളുടെ കനവും ഒക്കെക്കൂടെ നോക്കി, അവസാനം യാത്രയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ വിഷമമല്ലേ?”

മാ. പാ. :- “ചേച്ചി പോയിട്ടു വരുകയാണെങ്കിൽ എല്ലാവർക്കും സമ്മാനം കൊണ്ടുവരുമോ?”

“ലിപ്സ്റ്റിക്, ഒട്ടിക്കുന്ന പൊട്ട്, ചാന്ത് എന്നൊക്കെപ്പറഞ്ഞ് അതൊക്കെ കൊണ്ടുവരാൻ എന്നെ നിർബന്ധിക്കരുതെന്ന് ഞാൻ പെൺ‌കുട്ട്യോളോടൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാലും എല്ലാർക്കും എന്തെങ്കിലും കൊണ്ടുവരും. എനിക്കു കഴിയുന്നതുപോലെ.”

മാ. പാ. :- “അവിടെ ചേച്ചി ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുമോ?”

“മീറ്റിനെക്കുറിച്ച് ഒരക്ഷരം പറയരുത്. സംഘടിപ്പിച്ചിട്ടുവേണം, ചന്ദ്രനിൽ പാപ്പരാകുന്ന ആദ്യത്തെയാൾ ഞാനാവാൻ.”

“ചേച്ചിയുടെ കണ്ണൊക്കെ കലങ്ങിയിരിക്കുന്നല്ലോ. എല്ലാരേം പിരിയുമെന്ന് ഇപ്പോഴേ ഓർത്ത് ദുഃഖിക്കുകയാണോ?”

“പിന്നേ...ദുഃഖം. മണ്ണാങ്കട്ട. ചന്ദ്രനിൽ പോയാൽ ആദ്യം ഉണ്ടാക്കുന്ന വിഭവം ഒന്ന് പരീക്ഷിച്ചേക്കാം എന്നു കരുതി കുറച്ചു സവാളയരിഞ്ഞതാ.”

മാ. പാ. :- “ ചന്ദ്രനിൽ പോയാൽ എന്ത് വിഭവമായിരിക്കും ആദ്യം ബ്ലോഗിലിടുന്നത്?”

“അതൊക്കെ എന്റെ മനോധർമ്മം പോലെ ഒന്നുണ്ടാക്കി ഒരു പേരും കൊടുത്ത് ബ്ലോഗിലിടും.”

മാ. പാ. :- അപ്പോ കഥയെഴുതുന്നതും കവിതയെഴുതുന്നതുമൊക്കെ തുടരുമോ?”

“പിന്നെ? തുടരുമെന്നു മാത്രമല്ല. കൂടെയുള്ളവരെയൊക്കെ കേൾപ്പിക്കുകയും ചെയ്യും.”

മാ. പാ. :- “അപ്പോ ശരി ചേച്ചീ. എല്ലാവിധ ആശംസകളും.കൂടെയുള്ളവർക്കും, ചേച്ചിക്കും.”

“നീ വന്നത് ഇന്റർവ്യൂവിനു തന്നെയാണോ?”

മാ. പാ. :- “സത്യം പറഞ്ഞാൽ അല്ല ചേച്ചി. ചേച്ചി ചന്ദ്രനിൽ പോകുമ്പോൾ ബ്ലോഗ് ആർക്കാണ് കൊടുക്കുന്നതെന്ന് അറിയാൻ വന്നതാ.”

“കൊടുക്കുന്നൊന്നുമില്ലെടോ.”

“കൊടുത്താലെങ്കിലും നല്ലതെന്തെങ്കിലും വായിക്കാമെന്നുള്ള പ്രതീക്ഷയും പോയിക്കിട്ടി.”

പാളയംകോടൻ പതിവുപോലെ ഓടിപ്പോവുന്നു.

Labels:

14 Comments:

Blogger aneel kumar said...

:)

Wed Oct 22, 10:09:00 pm IST  
Blogger സുല്‍ |Sul said...

ഹഹഹ

സൂ പോയിക്കിട്ടും അപ്പോള്‍ അല്ലെ. എന്നലും 2015 കുറച്ചു കൂടിപ്പോയില്ലേ :)

-സുല്‍

Wed Oct 22, 10:17:00 pm IST  
Blogger myexperimentsandme said...

ഞാനോര്‍ത്തു “സൂ”ര്യനിലേക്കാവും പോവുന്നതെന്ന് :)

Wed Oct 22, 11:02:00 pm IST  
Blogger കരീം മാഷ്‌ said...

2015 ല് സു അവിടെ എത്തുമ്പോഴേക്കു ഞങ്ങള്‍ അമേരിക്കക്കാര്‍,റഷ്യക്കാര്‍, ജപ്പാനികള്‍,ചീനികള്‍ ചേര്‍ന്നു സ്ഥലം മുഴുവന്‍ കയ്യേറി മതിലുകെട്ടി തിരിച്ചിരിക്കും.
പുതുമയുള്ള എഴുത്തും സമകലീനവും..
നന്നായി.

Thu Oct 23, 06:59:00 am IST  
Blogger ശ്രീ said...

അപ്പോ ചന്ദ്രനിലെ വിശേഷങ്ങള്‍ അറിയാന്‍ 2015 വരെ കാത്തിരിയ്ക്കണമല്ലേ?

അവിടെ പോയിട്ട് തുടങ്ങാന്‍ പോകുന്ന ബ്ലോഗിന്റെ പേര് “ചന്ദ്രഗായത്രി” എന്നായിരിയ്ക്കുമല്ലേ?
;)

Thu Oct 23, 08:51:00 am IST  
Blogger Santhosh said...

ഹ ഹ ഹ!

Thu Oct 23, 09:16:00 am IST  
Blogger ചീര I Cheera said...

അടിപൊളി! കലക്കി കളഞ്ഞു സൂവേ...
ഹ,ഹ.....

Thu Oct 23, 09:48:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

സു ചേച്ചി എന്ന് വിളിക്കാം അല്ലെ?
അപ്പോള്‍ ചേച്ചിക്ക് പാചകം മാത്രമല്ല, എഴുത്തും നന്നായി വഴങ്ങും അല്ലെ? ഞാന്‍ ഈ ബ്ലോഗ് ആദ്യമായാണു വായിക്കുന്നേ..ഇനി എന്നും വരാം :)

Thu Oct 23, 11:35:00 am IST  
Blogger Vanaja said...

നന്നായി ചിരിപ്പിച്ചു.

Thu Oct 23, 12:20:00 pm IST  
Blogger evuraan said...

ഉഗ്രന്‍..!

Thu Oct 23, 07:51:00 pm IST  
Blogger വേണു venu said...

അപ്പോള്‍ ഇനി ചന്ദ്രനിലും രക്ഷയില്ലാ....:)

Fri Oct 24, 11:48:00 am IST  
Blogger Pongummoodan said...

:)

Fri Oct 24, 07:29:00 pm IST  
Blogger Jayasree Lakshmy Kumar said...

കലക്കി സു. രണ്ടു പോസ്റ്റുകളും വായിച്ചു. ഇഷ്റ്റമായി

Fri Oct 24, 11:05:00 pm IST  
Blogger സു | Su said...

അനിലേട്ടാ :) ഒന്നും പറയാനില്ല അല്ലേ? എന്തായാലും വായിച്ചതിൽ സന്തോഷം.

സുൽ :) ഞാൻ പോകുമെന്ന് വല്യ പ്രതീക്ഷയൊന്നും വേണ്ട. ചിലപ്പോൾ വേണ്ടെന്നും വയ്ക്കും. ഹിഹി.

വക്കാരീ :) ഇക്കണക്കിനു പോയാൽ എവിടെയെങ്കിലും പോകും, അടുത്തുതന്നെ.

കരീം മാഷേ :) ഞാൻ ആദ്യം തന്നെ സ്ഥലം ബുക്കു ചെയ്തിട്ടുണ്ട്.

ശ്രീ :) അതും പ്രതീക്ഷിക്കാം.

സന്തോഷ് :)

പി. ആർ :)

മേരിക്കുട്ടീ :) സ്നേഹമുണ്ടെങ്കിൽ എന്തും വിളിക്കാം. അല്ലെങ്കില്‍പ്പിന്നെ ചേച്ചി വിളിയിലും കാര്യമില്ല.

വനജ :) എവിടെയായിരുന്നു?

ഏവൂരാൻ :)

വേണുവേട്ടാ :) ഹും...

പോങ്ങുമ്മൂടൻ :)

ലക്ഷ്മി :) രണ്ടു പോസ്റ്റും വായിച്ചതിൽ നന്ദി.

വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

Mon Oct 27, 06:39:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home