Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, October 28, 2008

സമാധാനം

നിസ്സഹായതയുടെ കുരുക്കുണ്ട്,
അലിഞ്ഞലിയുന്ന മനസ്സുണ്ട്.
കരയുന്നത് കേൾക്കുമ്പോൾ,
ഒന്നു തേങ്ങാനെങ്കിലും തോന്നുന്നുണ്ട്.
ദുഃഖിക്കുമെന്നറിയുമ്പോൾ,
ഒരു നോവുണരുന്നുണ്ട്.
ഓർമ്മയിലുണരണമിനിയെന്നറിയുമ്പോൾ
വിട്ടുപോരാൻ കഴിയാത്ത,
ഓർമ്മകളുടെ അഗ്നിപർവ്വതം തന്നെ ജ്വലിക്കുന്നുണ്ട്.
മറക്കുമോയെന്നോർക്കുമ്പോൾ,
പൊള്ളുന്നുണ്ട്, ഉള്ളം, ഉടലിനേക്കാളും.
വിട്ടുപോകുന്ന കെട്ടുപാടുകൾ,
തീർന്നുപോകുന്ന കഷ്ടപ്പാടുകൾ.
ഓളങ്ങൾ പോലും പ്രാർത്ഥിക്കും,
അടുത്ത ജന്മത്തിലെങ്കിലും,
ഒന്നിലുമലിയാത്തൊരു മനസ്സു കൊടുക്കണേന്ന്.
ചാരമാവുമ്പോൾ
ഒന്നുമോർക്കാതെ, ഒന്നുമറിയാതെ
ബന്ധങ്ങളുടെ ബന്ധനമില്ലാതെയൊഴുകാൻ
എളുപ്പമാവണേന്ന്.
എന്തൊക്കെയായാലും,
ചെറിയ മൺ‌കുടത്തിൽ നിന്ന് പൊഴിഞ്ഞ്
പുഴയിലൂടെ ഒഴുകി നടക്കുമ്പോഴാണ്
സമാധാനമാവുന്നത്.
അല്ലെങ്കിൽ, ചാരമായാൽപ്പോലും
ഒന്നിച്ചുകൂടി,
കൊതിതീരാത്ത സ്നേഹത്തിലേക്ക്
തിരിച്ചോടിപ്പോയെന്ന് വരും.

Labels:

12 Comments:

Blogger ശ്രീ said...

എന്നാലും ഇതൊക്കെ ഉള്ളതല്ലേ ഒരു സുഖം?

Wed Oct 29, 12:10:00 pm IST  
Blogger സു | Su said...

ശ്രീ :) ചിലപ്പോൾ എല്ലാം ഉള്ളത് സുഖം. ചിലപ്പോൾ ഒന്നുമില്ലെങ്കിലും സുഖം.

Wed Oct 29, 01:14:00 pm IST  
Blogger വരവൂരാൻ said...

ഇങ്ങനെയൊക്കെയായാലും സമാധാനം കിട്ടുമെന്നു തൊന്നുന്നുണ്ടോ, സു | Su.

Wed Oct 29, 01:51:00 pm IST  
Blogger സു | Su said...

വരവൂരാൻ :) അറിയില്ലല്ലോ. അങ്ങനെയൊരു പ്രതീക്ഷ. അതാവും സമാധാനം എന്ന്.

Wed Oct 29, 07:23:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

അടുത്ത ജന്മത്തിലെങ്കിലും,
ഒന്നിലുമലിയാത്തൊരു മനസ്സു കൊടുക്കണേന്ന്...

എനിക്കും വേണം..

Thu Oct 30, 09:20:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസ്സുള്ളതും ഒരു വലിയ കാര്യമാണ്. ഞാന്‍ പറഞ്ഞതല്ല..ബാലാമണിയമ്മ പറഞ്ഞതാണ്‌.

Thu Oct 30, 09:39:00 am IST  
Blogger രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇങ്ങനൊക്കെയും ചില സുഖ ദു:ഖങ്ങള്‍ ഉണ്ട് എന്നുള്ളതല്ലേ ഒരു സമാധാനം?

Thu Oct 30, 11:42:00 am IST  
Blogger മുസാഫിര്‍ said...

അപ്പോ പുനര്‍ജ്ജന്മം ഉറപ്പാ അല്ലെ,അതും മനുഷ്യനായി തന്നെ ?
പൂവായും പുഴുവായും നരിയായും നായായും...
ഒന്നും വേണ്ട അല്ലെ ?എന്തായാലും ഇത്ര നേരത്തെ ചിന്തിച്ചു തുടങ്ങണോ?
- കവിതയിലെ ആശയം വളരെ,വളരെ ഇഷ്ടമായി സൂ.

Thu Oct 30, 11:45:00 am IST  
Blogger sv said...

പറയാന്‍ ബാക്കി വച്ച വാക്കുകള്‍...

കാണാന്‍ ബാക്കി വച്ച കനവുകള്‍...

വിരഹത്തിന്‍റെ തീഷ്ണത കാണാം ഇതില്‍....

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Thu Oct 30, 11:57:00 am IST  
Blogger Jayasree Lakshmy Kumar said...

എങ്കിലും ബന്ധുരമീ ബന്ധനങ്ങൾ

Fri Oct 31, 01:51:00 am IST  
Blogger smitha adharsh said...

എല്ലാവരുടെ ജീവിതവും അങ്ങനെത്തന്നെ..

Fri Oct 31, 05:13:00 pm IST  
Blogger സു | Su said...

കുമാരൻ :)

മേരിക്കുട്ടീ :) വലിയ കാര്യം തന്നെ. അതൊരു ഭാരവുമാകും ചിലപ്പോൾ. മനസ്സിന്.

ഇട്ടിമാളു :)

രാമചന്ദ്രൻ :) അതും സമാധാനം ആവും.

മുസാഫിർ :) എനിക്കു മനുഷ്യജന്മം മതിയെന്നു വിചാരിച്ചാൽ അതു കിട്ടുമോ? അറിയില്ല. ഇപ്പോഴേ എന്നുവെച്ചാൽ, ഇപ്പോൾ ചിന്തിക്കാൻ സമയമായില്ലേ?

എസ്. വി. :)

ലക്ഷ്മി :)

സ്മിത :)

Fri Oct 31, 08:30:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home