Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 22, 2014

മാവേലിത്തമ്പുരാന്

പ്രിയപ്പെട്ട മാവേലിത്തമ്പുരാനേ,

സുഖം തന്നെയെന്നു കരുതുന്നു. ചിങ്ങമാസം ആയപ്പോഴാണ് സൌഖ്യം ചോദിക്കാൻ സമയം കിട്ടിയത് അല്ലേ എന്നു വിചാരിക്കരുത്. എനിക്കു എന്തൊക്കെയോ  തിരക്കുകളായിരുന്നു. അതൊക്കെയൊന്നു തീർന്നിട്ട്, അടുത്ത തിരക്കുകൾ വരുമ്പോഴേക്കും  ചോദിക്കാമെന്നു വെച്ചു. ഓണത്തിനു നാടു കാണാനും നാട്ടുകാരുടെ സന്തോഷത്തിൽ പങ്കുചേരാനും വരുമല്ലോ. റോഡിൽ നിറയെ കുഴികളുണ്ട്. അതുകൊണ്ട് സൂക്ഷിക്കണം. ഓണത്തിനു മുമ്പ് അതൊക്കെ നന്നാക്കും എന്നു കരുതുന്നു. ഇല്ലെങ്കിൽ മാവേലിത്തമ്പുരാൻ അതിൽ വീഴരുതല്ലോ എന്നു കരുതി മുന്നറിയിപ്പ് തന്നതാണ്.

നാട് എന്നെങ്കിലും നന്നാവും എന്നു കരുതിയാണ് അങ്ങ് എല്ലാ കൊല്ലവും വന്നു നോക്കുന്നത് എന്നറിയാം. നന്നാവും. കൊറച്ചും കൂടെ സമയം പ്രജകൾക്ക് കൊടുക്കണം. റോഡൊക്കെ മിനുമിനുസമാവും. ഒരു മൊട്ടുസൂചിക്കും പോലും ഞങ്ങൾ അന്യനാട്ടുകാരേയും പ്രതീക്ഷിച്ച് ഇരിക്കില്ല. പച്ചക്കറികൾ, അരികൾ, അങ്ങനെയുള്ള എല്ലാ വസ്തുക്കളും നമ്മുടെ നാട്ടിൽത്തന്നെ ഉണ്ടാവും. നിങ്ങക്കൊക്കെ നാലു ചെടി നട്ട് പച്ചക്കറി പറിച്ചൂടേന്ന്  ഞാൻ ഇപ്പോൾ ആരോടും ചോദിക്കാറില്ല. ആദ്യം ഞാൻ നന്നായിട്ടുവേണമല്ലോ മറ്റുള്ളോരുടെ ഉപദേശിയാവാൻ. കൊറച്ചു സ്ഥലം വാങ്ങീട്ട് വേണം പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ. അതുകഴിഞ്ഞിട്ടുവേണം ബാക്കിയുള്ളോരോടു രണ്ടുപറയാൻ. ഇതൊക്കെ ഭാവിയിൽ നടക്കുമായിരിക്കും. ഇപ്പോ ഇതുവരെയുള്ളതുപോലെയൊക്കെ നടക്കും.

ഓണത്തിന് രണ്ടുദിവസത്തേക്ക് എല്ലാ കുടുംബങ്ങൾക്കും ഭക്ഷണത്തിനുള്ളത് സർക്കാരിന്റെ വക സൌജന്യം. അല്ലെങ്കിൽ, എല്ലാരും സ്വന്തമായിട്ട് നട്ടുനനച്ചുണ്ടാക്കിയതുകൊണ്ട് സദ്യ. വീട്ടിൽ നട്ടുവളർത്തിയ വിവിധതരം പൂക്കൾ കൊണ്ട് ഓണപ്പൂക്കളം. ഓണക്കാലത്ത് രണ്ടുദിവസം ഓട്ടോറിക്ഷേലും ടാക്സീലും  ബസ്സിലും ഒക്കെ കേറുന്നോർക്ക് സൌജന്യയാത്ര. ഉം...അങ്ങനേം ഒരു കാലം വരും.

എന്തായാലും മാവേലിത്തമ്പുരാൻ ഓണത്തിനു വരണം. ഞങ്ങളെയൊക്കെ കാണണം. ഞങ്ങളൊരുക്കുന്ന പൂക്കളം കണ്ട്, സദ്യയുണ്ട്, തൃപ്തിയായി അടുത്ത വർഷം വീണ്ടും വരാൻ തിരിച്ചുപോകണം. ഓണത്തിനു കാണാമെന്ന പ്രതീക്ഷയോടെ...

സു.

Labels:

Wednesday, June 25, 2014

മഴയല്ലേ

മഴ പെയ്തു റോഡെല്ലാം പുഴയായി മാറുമ്പോൾ,
തോണിയിൽക്കയറി തുഴഞ്ഞുപോകാം.
മഴ പെയ്തു നാട്ടിൽ പനികൾ പെരുകുമ്പോൾ,
മഴ നനയാതെ അകത്തിരിക്കാം.
മഴ പെയ്തു നാടു മുഴുവൻ തണുക്കുമ്പോൾ,
കാപ്പീം കുടിച്ചു മഴ കണ്ടിരിക്കാം.
മഴ വന്നു പോവാൻ മടിച്ചുനിൽക്കുമ്പോൾ,
മഴയുടെ സൌന്ദര്യം ചിത്രമാക്കാം.

Labels:

Wednesday, April 23, 2014

ഒരു വിഷുവും കൂടെ

വിഷുപ്പക്ഷി പാടിത്തിരിച്ചുപോയി,
വിഷുമഴ പെയ്തിട്ടു തോർന്നുപോയി,
കണി കണ്ടുനിന്നൂ കൺകുളുർക്കേ,
കൈനീട്ടം കിട്ടീ കൈനിറയെ.
അപ്പോഴും വാടിക്കരിഞ്ഞിടാതെ,
കൊന്നപ്പൂ മാത്രം ചിരിച്ചുനിന്നൂ.

Labels:

Friday, November 15, 2013

തേങ്ങ

ഏട വരും കമ്പാർട്ട്മെന്റ്ന്ന് ചോദിച്ചപ്പോ മിഡിൽ ൽ വരുമായിരിക്കുംന്ന് പറഞ്ഞു. നടൂലു വരുംന്ന് പറഞ്ഞാലും മത്യായിരുന്നു. പിന്നെ കമ്പാർട്ട്മെന്റ് ഇംഗ്ലീഷാണല്ലോ. അതോണ്ട് മിഡിൽ ലു വന്നാലും കൊഴപ്പം ല്ല. മിഡിൽ വേദനയേക്കാളും നല്ലത് നടൂനു വേദന തന്നെ.   വയറിളക്കത്തിനും ചർദ്ദിയ്ക്കും കൂടി പറയുന്ന പേരാണ് ഫുഡ് പോയ്സൻ എന്ന് ഞാനെന്റെ വല്യച്ഛന്റെ മോനോടു പറഞ്ഞു. കസിനോടു  പറഞ്ഞു എന്നും പറയാം. (എന്നാണിവിടെ പറയേണ്ടത്.)  ഐ ആം സഫറിങ് ഫ്രം ഫീവർ ആൻഡ് ഹെഡേക്ക് എന്ന് ലീവ് ലെറ്ററിൽ എഴുതുന്നതിനുപകരം  സാറേ സാറേ സാമ്പാറേ, എനിക്കു പന്യാണ്, ജലദോഷാണ്, തലവേദന്യാണ്, എനിക്ക് അവധി അനുവദിച്ചു തരണം (ഇല്ലെങ്കിലെനിക്കു തേങ്ങ്യാണ്) എന്ന് തനിമലയാളിക്കുട്ടികൾ എഴുതണം.  മലയാളം സർവ്വകലാശാലേലെ കുട്ട്യോൾക്കൊക്കെ എന്തൊരു സുഖായിരിക്കും. എങ്ങോട്ടു നോക്ക്യാലും മലയാളം ആയിരിക്കുമായിരിക്കും. ;) സു ഇങ്ങനത്തെ പൊട്ടത്തരങ്ങളൊക്ക്യാണു ബ്ലോഗിൽ (ബൂലോകത്തിൽ/ബൂലോഗത്തിൽ) എഴുതിയിടുന്നതെങ്കിൽ ഞങ്ങളൊന്നും വായിക്കൂലാന്നു പറഞ്ഞാൽ ഞാൻ പറയേണ്ടിവരും, നിങ്ങളു വായിച്ചില്ലേൽ എനിക്കു നാളികേരം ആണെന്ന്. (കടപ്പാടുണ്ട് ഒരാൾക്ക് :) ) അല്ല തേങ്ങ്യാണുന്നല്ലേ ഭംഗി? വെറ്തേ പറഞ്ഞതാ. നിങ്ങളില്ലാതെ എനിക്കെന്താഘോഷം. നിങ്ങളൊക്കെ വായിക്കുന്നില്ലേൽ എനിക്കെന്തെഴുത്ത്!    നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന പാട്ടിൽ തെങ്ങിന്റേം തേങ്ങേടേം നാട്ടിലെനിക്കൊരു എന്നായിരുന്നെങ്കിലും എനിക്കിഷ്ടം തന്നെ.

Labels:

Tuesday, October 28, 2008

സമാധാനം

നിസ്സഹായതയുടെ കുരുക്കുണ്ട്,
അലിഞ്ഞലിയുന്ന മനസ്സുണ്ട്.
കരയുന്നത് കേൾക്കുമ്പോൾ,
ഒന്നു തേങ്ങാനെങ്കിലും തോന്നുന്നുണ്ട്.
ദുഃഖിക്കുമെന്നറിയുമ്പോൾ,
ഒരു നോവുണരുന്നുണ്ട്.
ഓർമ്മയിലുണരണമിനിയെന്നറിയുമ്പോൾ
വിട്ടുപോരാൻ കഴിയാത്ത,
ഓർമ്മകളുടെ അഗ്നിപർവ്വതം തന്നെ ജ്വലിക്കുന്നുണ്ട്.
മറക്കുമോയെന്നോർക്കുമ്പോൾ,
പൊള്ളുന്നുണ്ട്, ഉള്ളം, ഉടലിനേക്കാളും.
വിട്ടുപോകുന്ന കെട്ടുപാടുകൾ,
തീർന്നുപോകുന്ന കഷ്ടപ്പാടുകൾ.
ഓളങ്ങൾ പോലും പ്രാർത്ഥിക്കും,
അടുത്ത ജന്മത്തിലെങ്കിലും,
ഒന്നിലുമലിയാത്തൊരു മനസ്സു കൊടുക്കണേന്ന്.
ചാരമാവുമ്പോൾ
ഒന്നുമോർക്കാതെ, ഒന്നുമറിയാതെ
ബന്ധങ്ങളുടെ ബന്ധനമില്ലാതെയൊഴുകാൻ
എളുപ്പമാവണേന്ന്.
എന്തൊക്കെയായാലും,
ചെറിയ മൺ‌കുടത്തിൽ നിന്ന് പൊഴിഞ്ഞ്
പുഴയിലൂടെ ഒഴുകി നടക്കുമ്പോഴാണ്
സമാധാനമാവുന്നത്.
അല്ലെങ്കിൽ, ചാരമായാൽപ്പോലും
ഒന്നിച്ചുകൂടി,
കൊതിതീരാത്ത സ്നേഹത്തിലേക്ക്
തിരിച്ചോടിപ്പോയെന്ന് വരും.

Labels:

Saturday, September 27, 2008

പാവം

പുലരിയിൽ വന്നണയുന്ന സൂര്യനെക്കാണുവാൻ
പതിവായി മൺ‌കട്ട കാത്തിരുന്നു.
സൂര്യനുദിച്ചു നടന്നുതുടങ്ങുമ്പോൾ
മൺകട്ടയെന്തിനോ സന്തോഷിച്ചു.
ഒരുനാൾ, എന്നെങ്കിലുമൊരുനാളിൽ സൂര്യൻ
തന്നെയും കാണുമെന്നാശ്വസിച്ചു.
സൂര്യൻ വരുമ്പോൾ ചിരിക്കുന്ന പൂക്കളും
ചെടികളും, മൺകട്ട കണ്ടുനിന്നു.
സൂര്യനവരുമൊത്തുല്ലസിച്ചാറാടി,
ഒടുവിൽ കടലിൽ മറഞ്ഞുപോകും.
സൂര്യനോടൊപ്പം ചിരിച്ചുമിണ്ടുന്നത്
നിത്യവും മൺകട്ട സ്വപ്നം കണ്ടു.
പറയാതെയറിയാതെ വന്നൊരു മഴയിൽ
പാവമാ മൺകട്ടയലിഞ്ഞുപോയി.
മഴ പോയൊളിച്ചനാൾ വീണ്ടുമെത്തീ സൂര്യൻ
മൺകട്ട കാത്തിരിപ്പില്ലെന്നാലും.

Labels: