രണ്ടായിരത്തിഒമ്പതിനു സ്വാഗതം
രണ്ടായിരത്തിയേഴ് ഒടുങ്ങാനായപ്പോൾ ഞാൻ രണ്ടായിരത്തെട്ടിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞിരുന്നു. അതൊക്കെ ഒരു ഇരുപത് - മുപ്പത് - നാല്പത് ശതമാനം നടപ്പിലാക്കിയെന്നു പറയാം. കൂടുതൽ ആഗ്രഹിച്ചാലേ കുറച്ചെങ്കിലും കിട്ടൂ എന്നിപ്പോൾ മനസ്സിലായില്ലേ? ദൈവത്തിന്റെ പാതി ആയി. എന്റെ പാതി അവിടെത്തന്നെയുണ്ട് എന്ന് വിചാരിച്ചേക്കാം.
നല്ല നല്ല പോസ്റ്റുകൾ ഇടുമെന്നു പറഞ്ഞു. ഇട്ടു. എനിക്കെന്റെ ബ്ലോഗിലെ എല്ലാ പോസ്റ്റും നല്ലതുതന്നെ.
ഡ്രൈവിംഗ് പഠിക്കുമെന്നു പറഞ്ഞു. പഠിച്ചു. ആരും പേടിക്കേണ്ട. കാർ വാങ്ങിയാൽ ഉടനെ അറിയിക്കാം. അപ്പോൾ പേടിക്കാൻ തുടങ്ങിയാൽ മതി.
പുതിയ എന്തെങ്കിലും വിദ്യ പഠിക്കും എന്നു പറഞ്ഞു. ഡ്രൈവിംഗ് പുതിയ വിദ്യയല്ലേ? വീണത് വിദ്യയാക്കും എന്നു പറഞ്ഞത് ശരിയായില്ലേ?
അഭിനയവും സോപ്പിടലും ഒന്നും പഠിക്കാൻ ഉദ്ദേശമില്ല. അതെനിക്കു പറ്റിയ ജോലിയുമല്ല. ഞാനെന്നും ഞാനായിട്ടേ നിന്നിട്ടുള്ളൂ. അതുമതി.
വിദേശയാത്ര നടത്തും എന്നു പറഞ്ഞു. വിദേശത്തുള്ള എത്രയോ ബ്ലോഗേഴ്സ് ഉണ്ട്. അവരിലൊരാൾ പോലും കമോൺ എന്നു മൂന്നക്ഷരം പോയിട്ട് കമാ എന്ന് രണ്ടക്ഷരം പോലും പറഞ്ഞില്ല. സ്നേഹശൂന്യർ. ഞാൻ വിദേശത്തുപോകും എന്നു പോസ്റ്റിലിട്ടപ്പോൾ ഞാൻ വിചാരിച്ചത്, എല്ലായിടത്തുനിന്നും ടിക്കറ്റിന്റേം റിട്ടേൺ ടിക്കറ്റിന്റേം കെട്ടുകൾ എന്റെ പേരിൽ വീട്ടിലെത്തും എന്നായിരുന്നു. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. എല്ലാം വെറുതെയായി. ;) പിന്നെ സ്വയം പോകാം എന്നുവിചാരിച്ച് പുറപ്പെട്ടപ്പോഴാണ് പ്രണാബ് മുഖർജി പറഞ്ഞത്, ഇപ്പോ പോകരുതെന്ന്. ഞാൻ പിന്നെ എന്തു ചെയ്യും? വിമാനത്തിൽ കയറണമെന്ന മോഹവും അതുകൊണ്ട് സാധിച്ചില്ല. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് വിമാനം വരട്ടെ. പിന്നെ ഞാനെപ്പോഴും അതിലാവും യാത്ര.
ഷാരൂഖ് ഖാന്റെ മാത്രമല്ല, പല സിനിമകളും റിലീസിംഗ് ദിവസം തന്നെ കണ്ടു. ഒരു കഥയെഴുതിയേക്കാം എന്നുവിചാരിച്ചപ്പോഴേക്കും റോഷൻ ആൻഡ്രൂസ് ഇക്കൊല്ലം സിനിമ എടുത്തേയില്ലല്ലോ അല്ലേ? അല്ല എടുത്തോ?
ഒരുവിധം സുഹൃത്തുക്കളുടെയൊക്കെ ജന്മദിനത്തിന് സമ്മാനം ആശംസയായിട്ട് അയച്ചു. എന്നെക്കൊണ്ട് സാധിക്കുന്നതല്ലേ ചെയ്യാൻ പറ്റൂ. വിട്ടുപോയവരൊക്കെ ക്ഷമിച്ചേക്കണം.
വണ്ണം അഥവാ തടി കുറയ്ക്കും എന്നു പറഞ്ഞു. അല്പം കുറഞ്ഞു. ദൈവം തരുന്നതല്ലേ. വെറുതേ, വേണ്ടാന്നു പറഞ്ഞാൽ മൂപ്പർക്ക് പിടിച്ചില്ലെങ്കിലോ. ;)
ദുഃഖവും സന്തോഷവും, സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയടങ്ങിയ ജീവിതം പോലെ തന്നെയായിരുന്നു രണ്ടായിരത്തെട്ട്. വിഷമങ്ങളുടെ തട്ട് കുറച്ച് ഉയർന്നു നിന്നുവെന്ന് മാത്രം. ഒക്കെ സഹിച്ചു. സഹിക്കാൻ കഴിഞ്ഞു. അങ്ങനെയൊരു ഘട്ടം എന്തായാലും കടന്നുപോയി.
ങാ...പോട്ടെ. കഴിഞ്ഞതൊക്കെക്കഴിഞ്ഞു. ഇനി രണ്ടായിരത്തി ഒമ്പതിൽ ഞാൻ നടപ്പാക്കാനുദ്ദേശിക്കുന്ന പത്തിന പരിപാടികൾ താഴെപ്പറയുന്നു. നിങ്ങളെന്തുവിചാരിച്ചാലും മാറ്റുന്ന പ്രശ്നമില്ല.
1) നല്ല നല്ല പുസ്തകങ്ങൾ വായിക്കും. ബ്ലോഗർമാർ ഇറക്കുന്ന പുസ്തകങ്ങൾ മാത്രമല്ല ഉദ്ദേശിക്കുന്നത്. ;) പണ്ടുള്ളവയായാലും ഇപ്പോ ഇറങ്ങുന്നവയായാലും മികച്ച പുസ്തകങ്ങൾ തേടിനടന്ന് കണ്ടുപിടിച്ച് വായിക്കും.
2) ഇതുവരെ കാണാത്ത ഏതെങ്കിലുമൊരു സുഹൃത്തിനെ നേരിട്ട് കാണും. സൗഹൃദത്തിന് സ്നേഹം എന്നാണ് ഞാൻ അർത്ഥം കല്പ്പിച്ചിരിക്കുന്നത്, അഭിനയം എന്നല്ല എന്നുകൂടെ എല്ലാവരും ഓർമ്മിക്കുക.
3) വിമാനത്തിൽ കയറും. വിദേശം എന്നു പറയുന്നില്ല. (ഹും..പറഞ്ഞിട്ടെന്തുകാര്യം?) പറ്റുമെങ്കിൽ പോകും. അല്ലെങ്കിൽ സ്വദേശത്തു തന്നെ വിമാനത്തിൽ കയറും.
4) ഇതുവരെ പോകാത്ത ഏതെങ്കിലും നാലു സ്ഥലത്തേക്ക് പോകും. ചിലപ്പോൾ അടുത്തായിരിക്കും, ചിലപ്പോൾ ദൂരത്തായിരിക്കും. എന്തായാലും ഇതുവരെ അവിടെ പോയിട്ടുണ്ടാവില്ല. (ചന്ദ്രനിലേക്കും സൂര്യനിലേക്കും നരകത്തിലേക്കും സ്വർഗ്ഗത്തിലേക്കും അല്ല). ;)
5) എന്തെങ്കിലും പുതിയ വിദ്യ പഠിക്കും.
6) ഗോവയിലോ തിരുവനന്തപുരത്തോ ഫിലിം ഫെസ്റ്റിവൽ വരുമ്പോൾ പോകും. എവിടെയെങ്കിലും ഒരിടത്ത്. അവിടെയുള്ളവരൊന്നും പേടിക്കേണ്ട. നിങ്ങളുടെ അടുത്തൊന്നും വരുന്നില്ല. ;)
7) അറിയാത്ത ഒരു ഭാഷ കുറച്ചെങ്കിലും പഠിക്കും. ആ ഭാഷ മാത്രം അറിയാവുന്നവരുടെ മുന്നിൽ അത്യാവശ്യം പിടിച്ചുനിൽക്കാൻ ഉള്ളത്. (പേടിക്കേണ്ട. ആ ഭാഷയിൽ ബ്ലോഗ് തുടങ്ങില്ല.)
8) തടി പിന്നേം കുറയ്ക്കും. ഹും...
9) സുഹൃത്തുക്കൾക്കൊക്കെ ജന്മദിനത്തിനു സമ്മാനം കൊടുക്കും. (എന്റെ കഴിവനുസരിച്ചുതന്നെയാണ്. എന്നാലും, ഈ വർഷം കൊടുത്തതുപോലെയല്ല, നിങ്ങളു നോക്കിക്കോ).
10) ബൂലോഗർ ഇറക്കുന്ന പുസ്തകങ്ങളൊക്കെ വാങ്ങും. ഇതുവരെ ഇറക്കിയതിൽ വാങ്ങാത്തതും. എന്നുവെച്ച് എല്ലാരുംകൂടെ പുസ്തകമിറക്കി എന്നെപ്പറ്റിക്കരുത്.
പുതിയവർഷമൊക്കെ വരാൻ പോവുകയല്ലേ. അതുകൊണ്ട് ഒരു ഉപദേശം തരാം. പറ്റുന്നതല്ലേ തരാൻ കഴിയൂ. വേണമെങ്കിൽ എടുത്താൽ മതി. യാതൊരു നിർബ്ബന്ധവുമില്ല.
സത്യത്തിന്റെ കൂടെ നിൽക്കുക. ആത്മാർത്ഥതയുടെ കൂടെ നിൽക്കുക. കോപ്രായങ്ങളും കാട്ടിക്കൂട്ടലുകളും കണ്ട് പിന്നാലെ ഓടാതിരിക്കുക. കള്ളന്മാർക്ക് കഞ്ഞിവെച്ച് കൂടെക്കുടിക്കുന്നവരാവും അധികവും. സത്യം പറയുമ്പോൾ, തെറ്റു ചൂണ്ടിക്കാട്ടുമ്പോൾ നിങ്ങളുടെ സ്വരം ആരും കേട്ടില്ലെന്നു വരും, ആരും തുണയ്ക്ക് നിന്നില്ലെന്നു വരും.
എന്നാലും ദൈവം എന്നും സത്യത്തിന്റെ കൂടെയാണ്. വിജയം എന്നും സത്യത്തിനാണ്. എത്ര വൈകിയാലും. സത്യത്തിന്റെ വഴിയിലൂടെ പോവുക. (അനുഭവം ഗുരു!)
ശംഭോ മഹാദേവാ!
രണ്ടായിരത്തിഒമ്പതിനു സ്വാഗതം !
Labels: എന്റെ ബ്ലോഗ് - എനിക്കിഷ്ടമുള്ളത്, പുതുവർഷത്തിനു സ്വാഗതം
21 Comments:
സര്‍വ ഐശ്വര്യവും ഉള്ള നല്ലൊരു 2009 ആകട്ടെ എന്നാശംസിക്കുന്നു.
അവസാനത്തേ ഉപദേശം അതെനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.
ഉപദേശം സ്വീകരിച്ചു. സുഹൃത്തായിട്ടു് എന്നേം കൂടെ കൂട്ടുമോ?
(ജന്മദിനം ഞാന്‍ പിന്നെ പറഞ്ഞുതരാം).
സൂ, എന്തായിത് പാർട്ടിക്കാരുടെ പ്രകടന പത്രിക പോലെ. നന്നായിരിക്കുന്നു കേട്ടോ. എന്നും നമ്മൾ നമ്മളയിത്തന്നെയിരിക്കണം.
സർവ്വവിധ ഐശ്വര്യങ്ങളും നേരുന്നു.
എന്തെക്കെയായാലും, ങ്ങളൊരു സംഭവാണ്ട്ടാ... :)
പുതുവർഷാശംസകൾ...
നിങ്ങളെ സത്യത്തില്‍ സമ്മതിക്കണം
നിങ്ങളൊരു സംഭവമാാാാ.....
തിരിച്ചും,
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു
സസ്നേഹം
ബാജി ഓടംവേലി
:-)
ഹാപ്പി ന്യൂ ഇയര്‍...
--
ഹാപ്പി ന്യൂയീയര്‍ 2009... :D
എനിക്കീ വിടപറയുന്ന 2008 അവസാനം വലിയ നഷ്ടമാണുണ്ടാക്കിയത്.
അതിനാല്‍ ആ സങ്കടത്തോടെയാണു ഞാന്‍ 2009 ലേക്കു കടക്കുന്നത്.
എല്ലാവര്ക്കും നന്മ വരാന്‍ പ്രാര്‍ത്ഥിക്കുന്നു.
നന്മ നിറഞ്ഞ പുതു വര്‍ഷം ആശംസിക്കുന്നു.!
പുതുവത്സരാശംസകള്‍ സൂയേച്ചി
പുതുവല്സരാശംസകള്...
വിദേശത്തേക്ക് ഞാന്‍ വിളിച്ചിരിക്കുന്നു...
ടിക്കറ്റില്ല... കാലിഫോര്‍ണിയക്ക് പോകുന്ന ഒരു ഉരുവില്‍ ഒരു സീറ്റ് ഏല്പിച്ചിട്ടൂണ്ട്.
ഗഫൂര്‍ക്കാ ദോസ്ത് എന്നു പറഞ്ഞാല്‍ മതി :)
പുതുവത്സരാശംസകള്‍!!!
ദൈവമെപ്പൊഴും സൂര്യഗായത്രിയുടെ കൂടെയാണ്, സത്യവുമായി നമുക്കിപ്പോ വലിയ ബന്ധമില്ല. അവർ കമ്പനി നിയമങ്ങളൊക്കെ ലംഘിചിരിക്കുവാ. ബാക്കി പറഞ്ഞതൊക്കെ ശരി :)
ഹാപ്പി ന്യൂ ഇയര്‍ ചേച്ചി. ഈ വര്‍ഷം വിദേശത്തേയ്ക്ക് പോകാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു..ബാഗ്ലൂര് വരാന്‍ താല്പര്യമുണ്ടെങ്കില്, മേരിക്കുട്ടിയെ ഓര്‍ക്കണേ..
പുതുവത്സരാശംസകള്‍, സൂ..
ഹാപ്പി ന്യൂ ഇയര്‍ ചേച്ചി
തീരുമാനങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിയട്ടേ... പഴയ സൌഹൃദങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ പുതിയ നല്ല സുഹൃത്തുക്കളെ ലഭിയ്ക്കട്ടേ...
പുതുവത്സരാശംസകള്‍!
സൂവിന്റെ ബ്ലോഗുകളൊന്നും എന്റെ കമ്പ്യൂട്ടറിൽ തുറക്കുന്നില്ല. അതുകൊണ്ട് വരാൻ വൈകി.
പുതുവത്സരാശംസകൾ. പത്തിനപരിപാടികൾക്ക് വിജയം നേരുന്നു. :-)
(ഞാൻ സുഹൃത്താണോന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല :-))
തറവാടി :) ആശംസകൾക്ക് നന്ദി. നല്ല ആശംസകൾ ഉണ്ടാവുമ്പോൾ എല്ലാ ദിവസങ്ങൾക്കും ഐശ്വര്യം തന്നെ.
എഴുത്തുകാരി :) ഇത്രയും കാലം അപ്പോ എഴുത്തുകാരി എന്റെ സുഹൃത്തല്ലായിരുന്നോ? ജന്മദിനം പറഞ്ഞുതന്നോളൂ.
പാറുക്കുട്ടീ :) പാർട്ടിക്കാർ വെറുതേ എഴുതിവിടുന്നതല്ലേ? ഞാൻ പാലിക്കും കേട്ടോ. ആശംസകൾക്ക് നന്ദി.
പ്രശാന്ത് കളത്തിൽ, ബാജി ഓടം വേലി, പുകഴ്ത്തുന്നതിനൊക്കെയൊരു ലിമിറ്റില്ലേ? ;) ആശംസകൾക്ക് നന്ദി.
ഹരീ & ആചാര്യൻ :) നന്ദി.
കരീം മാഷേ :) ഒരു സങ്കടത്തിനൊരു സന്തോഷം വരാനില്ലേ? ശുഭപ്രതീക്ഷയിൽ ഇരിക്കുക.
വേണുവേട്ടാ, തുളസീ :) നന്ദി.
ശ്രീഹരി :) ശ്രീഹരി കാ ദോസ്ത് എന്നുപറഞ്ഞാൽ ജീവനും കൊണ്ട് ഓടേണ്ടിവരുമോ? നന്ദി.
ബാബു കല്യാണം :) നന്ദി.
ദൈവം :) അങ്ങനെ ആവട്ടെ.
മേരിക്കുട്ടീ :) ബാംഗളൂരിൽ ഇതുവരെ പോയിട്ടില്ല. പോകണമെന്നുണ്ട്. ക്രിസ്മസ്സും പുതുവർഷവുമൊക്കെ നന്നായി ആഘോഷിച്ചില്ലേ?
പി. ആർ. :) നന്ദി.
തരികിട :) നന്ദി.
ബിന്ദൂ :) നന്ദി. ബിന്ദു എന്റെ സുഹൃത്തല്ലേ? പത്തിനപരിപാടി നടക്കുമായിരിക്കും.
ശ്രീ :) നന്ദി.
കള്ളണ്റ്റെ ആത്മകഥ എന്ന ഒരു പുസ്തകം ജേ ആറ് ഇന്ദു ഗോപന് എഴുതിയത് വായിച്ചോ? കൊള്ളാം കൊല്ലത്തുള്ള മണിയന് എന്ന കള്ളണ്റ്റെ ആത്മകഥ ആണു വ്യത്യ്സ്തം കിട്ടുമെങ്കില്‍ വായിക്കുക
ലീനു :) കള്ളന്റെ പുസ്തകം വാങ്ങിയിട്ട്, എന്റെ, ഇല്ലാത്ത കാശ് കളയണോ?
Post a Comment
Subscribe to Post Comments [Atom]
<< Home