അലങ്കാരങ്ങൾ
ശബ്ദങ്ങൾക്കോ അർത്ഥത്തിനോ വരുത്തുന്ന ഭംഗി എന്ന് അലങ്കാരത്തിന്റെ അർത്ഥം കൊടുത്തിരിക്കുന്നു. അലങ്കാരം എന്നാൽ മോടിപിടിപ്പിക്കുന്നത്. അതുപോലെ കാവ്യങ്ങൾക്ക് മോടിപിടിപ്പിക്കാൻ ഉപയോഗിക്കുന്നത് അലങ്കാരം. കുറേ അലങ്കാരങ്ങൾ ഉണ്ട്. അതിൽ ഒട്ടുമിക്കവാറും താഴെക്കൊടുത്തിരിക്കുന്നു. എനിക്കറിയാവുന്നതിന്റെ അർത്ഥം കൊടുത്തിരിക്കുന്നു. ബാക്കിയുള്ളത്, അറിയുന്നവർ ആരെങ്കിലും പറഞ്ഞുതരണം. എല്ലാത്തിന്റേയും അർത്ഥവും ചേർത്ത് ഇത് പൂർണ്ണമാക്കണമെന്നുണ്ട്.
ശിരോമണി. പി. കൃഷ്ണൻ നായരുടെ കാവ്യജീവിതവൃത്തി (സാഹിത്യവിമർശസിദ്ധാന്തങ്ങൾ) എന്ന പുസ്തകം നോക്കിയിട്ടാണ് അലങ്കാരങ്ങൾ എഴുതിയിരിക്കുന്നത്.
(കടപ്പാട് - ആ പുസ്തകത്തിനും ഗ്രന്ഥകാരനും). അദ്ദേഹത്തെക്കുറിച്ച് അറിവുള്ളവർ പങ്കുവയ്ക്കുക.
അതിൽ കൊടുത്തിരിക്കുന്ന അർത്ഥം അത്ര ലളിതമല്ല. അതുകൊണ്ടാണ് എനിക്കു മനസ്സിലായത് ഞാൻ അർത്ഥം വിശദീകരിച്ചിരിക്കുന്നത്. പുസ്തകത്തിൽ എല്ലാത്തിനും ഉദാഹരണങ്ങൾ കൊടുത്തിട്ടുണ്ട്. ഉദാഹരണങ്ങളൊക്കെ അതേപടി പകർത്താമോ എന്നുള്ള സംശയം കൊണ്ട് ഇവിടെ എഴുതിയിട്ടില്ല. പറ്റുമെങ്കിൽ അതും ഇവിടെ എഴുതിയിടാം. അതും കൂടെയുണ്ടെങ്കിൽ നന്നായി മനസ്സിലാവും. എനിക്കെല്ലാം ഇഷ്ടമായി. അതുകൊണ്ട് എല്ലാവർക്കും വേണ്ടി ഇവിടെ ഇടുന്നു. (പണ്ട് ഇത്രയും മനസ്സിരുത്തി പഠിച്ചിരുന്നെങ്കിൽ ഞാനിന്ന് ആരായേനെ!) ;)
1. ഉപമേയോപമം
--------------------
തത്തുല്ല്യമായി മൂന്നാമ-
തൊന്നില്ലെന്നു വരുത്തുവാൻ
അന്യോന്യമുപമിച്ചീടി-
ലുപമേയോപമാഖ്യമാം.
ഉപമിക്കുന്ന വസ്തുവിനെത്തന്നെ ഉപമേയമാക്കി തിരിച്ചും ഉപമിക്കുന്നു.
2. അനന്വയം
--------------
അദ്വിതീയത്വബുദ്ധിക്കു
വേണ്ടിയൊന്നിന്നുതന്നെയായ്
ഉപമാനോപമേയത്വം
കല്പിക്കുവതനന്വയം.
ഒന്നിനെത്തന്നെ ഉപമേയമായും ഉപമാനമായും കാണിക്കുന്നു. മറ്റൊന്നിനോട് സാമ്യം ഇല്ലെന്ന് കാണിക്കുന്നു.
3. സ്മൃതി
-----------
സാദൃശ്യമൂലമായീടും
സ്മരണം സ്മൃതിസംജ്ഞമാം.
സാദൃശ്യം ഓർമ്മിപ്പിക്കുന്ന അലങ്കാരമാണ് സ്മൃതി അലങ്കാരം
4. സന്ദേഹം
--------------
സന്ദേഹമാകും സാദൃശ്യ-
ജന്യമായുള്ള സംശയം.
സാദൃശ്യം ജനിപ്പിക്കുന്ന സംശയം ആണ് ഈ അലങ്കാരം.
5. ഉദാഹരണം
------------
സാമാന്യമർത്ഥമംഗാംഗി-
ഭാവബോധകപൂർവ്വകം
തദേകദേശനിർദേശാൽ
തെളിയിപ്പതുദാഹൃതി.
6. അസമാലങ്കാരം
------------------
അസമാഭിമുഖ്യമുപമ-
യ്ക്കാത്യന്തികനിഷേധമാം
അനന്വയവ്യംഗ്യമെന്നു
തള്ളുന്നുണ്ടിതിനെച്ചിലർ.
ഉപമയെ നിഷേധിക്കുന്നത് അസമാലങ്കാരം.
7. ഭ്രാന്തി
--------
സാദൃശ്യമൂലമായൊന്നു
മറ്റൊന്നാണെന്നു കേവലം
ഏകനുണ്ടാമനാഹാർയ്യ-
നിശ്ചയം ഭ്രാന്തിയെന്നതാം.
സാദൃശ്യം കൊണ്ട് ഒന്ന് മറ്റൊന്നാണെന്ന് തോന്നുന്നതാണ് ഭ്രാന്തി.
8. ഉല്ലേഖം
--------------
രുച്യാദികാരണവശാ-
ലൊരുവസ്തുവിനെപ്പലർ
പലമട്ടിൽ ഗ്രഹിച്ചീടു-
ന്നതുല്ലേഖസമാഹ്വയം.
ഒരു വസ്തുവിനെത്തന്നെ പലരും പല മട്ടിൽ മനസ്സിലാക്കുന്നതാണ് ഉല്ലേഖം.
9. അപഹ്നുതി
-------------
സാദൃശ്യാർത്ഥം സ്വധർമ്മത്തിൻ-
തിരസ്കാരപുരസ്സരം
പദാർത്ഥാന്തരതാദാത്മ്യ-
സമാരോപമപഹ്നുതി.
ഒരു വസ്തുവെ, അതെന്താണോ, അത് നിഷേധിച്ച് വേറൊന്നാണെന്ന് പറയുന്നതാണ് അപഹ്നുതി.
10. നിശ്ചയം
-----------
സാദൃശ്യത്താൽ സമാരോപ-
യോഗ്യമാ മന്യവസ്തുവിൻ
നിഷേധത്തോടു പ്രകൃത-
സ്ഥാപനം നിശ്ചയാഖ്യമാം.
സാദൃശ്യത്തിൽ സമമായിട്ടുള്ള അന്യവസ്തുവിനെ നിഷേധിക്കുന്നതാണ് നിശ്ചയം.
11. ഉല്പ്രേക്ഷ
--------------
ഉല്പ്രേക്ഷയെന്നതാ മന്യ-
ധർമ്മസംബന്ധഹേതുവാൽ
ആഹാര്യമായി വർണ്യത്തി-
ന്നന്യത്വേന വിഭാവനം.
സ്വരൂപം ഹേതുഫലമെ-
ന്നിതു മൂന്നു വിധത്തിലാം
വാച്യം വാചകമുണ്ടെങ്കി-
ലില്ലെങ്കിലിവ ഗമ്യമാം.
12. രൂപകം
-------------
വർണ്യവസ്തുവിൽ തദ്ധർമ്മ-
പുരസ്കാരേണ ശാബ്ദമായ്
സാമ്യാലവർണ്യതാദാത്മ്യ-
നിശ്ചയം രൂപകം മതം.
13. പരിണാമം
----------------
ആരോപ്യമാണമാരോപ-
വിഷയാത്മകമായ് പരം
കാര്യോപയോഗിയായീടിൽ
പരിണാമം ചിലർക്കത്.
14. നിദർശന
------------
സാമ്യമൂലകമായ്മുഖ്യ-
പ്രതിബിംബനമെന്നിയെ
ഉപാത്തമായൊരർത്ഥങ്ങൾ-
ക്കാർത്ഥാഭേദം നിദർശന.
15. ദൃഷ്ടാന്തം
------------
ദൃഷ്ടാന്തമായിടും വർണ്യാ-
വർണ്യർത്ഥങ്ങൾക്കശേഷവും
സാദൃശ്യം ഗമ്യമാം മട്ടി-
ലായ് ബിംബപ്രതിബിംബനം.
16. പ്രതിവസ്തുപമ
---------------------
വാക്യദ്വയത്തിലുമൊരേ
ധർമ്മം പ്രത്യേകമുക്തമായ്
ഔപമ്യം ഗമ്യമായീടിൽ
പ്രതിവസ്തൂപമാഖ്യമാം.
17. ദീപകം
----------
പ്രകൃതാപ്രകൃതാർത്ഥങ്ങൾ-
ക്കൗപമ്യം ഗമ്യമാം വിധം
ഏകധർമ്മാന്വയമല-
ങ്കാരം ദീപകസംജ്ഞിതം.
18. തുല്യയോഗിത
---------------
അതൊരേ ജാതികൾക്കെങ്കിൽ
തുല്യയോഗിതയായിടും
വസ്തുസ്ഥിതി വിചാരിച്ചാ-
ലിതു ദീപകഭേദമാം.
19. അതിശയോക്തി
----------------
നിഗീര്യാദ്ധ്യവസായിത്വം
അഭേദാതിശയോക്തിയാം.
20. വ്യതിരേകം
-----------
വൈധർമ്മ്യകൃതമായീടും
പ്രകൃതാർത്ഥാതിശായകം
ഉപമേയത്തിനുൽകർഷം
വ്യതിരേകസമാഹ്വയം.
21. ശ്ലേഷം
------------
അർത്ഥശ്ലേഷമലങ്കാരം
പരിവൃത്തിസഹങ്ങളാം
ശബ്ദങ്ങളാലനേകാർത്ഥ-
പ്രതിപാദനമായിടും
22. പരികരാങ്കുരം
---------
വിശേഷ്യമാകിലമ്മട്ടു
പക്ഷേ പരികരാംകുരം.
വിശേഷ്യങ്ങൾ, അഭിപ്രായത്തോടുകൂടി വരുന്നതാണ് പരികരാങ്കുരം.
23. പരികരാലങ്കാരം
-------------
ചൊല്ലാം പരികരം സാഭി-
പ്രായമായാൽ വിശേഷണം.
24. സഹോക്തി
---------
സഹോക്തിയാമലങ്കാരം
സാഹിത്യാർത്ഥബലത്തിനാൽ
ഗൗണമായീടുമർത്ഥത്തി-
ന്നാർത്ഥമാകും ക്രിയാന്വയം.
25. വിനോക്തി
----------------
ഒന്നിന്നിതരരാഹിത്യം-
കൊണ്ടു നല്ലൊരവസ്ഥയോ
ചീത്തയാം സ്ഥിതിയോ ചൊല്ലീ-
ടുന്നുവെങ്കിൽ വിനോക്തിയാം.
ഇതരരാഹിത്യം കൊണ്ട്, അതായത്, മറ്റൊന്ന് ഇല്ലാത്തതുകൊണ്ട് നല്ല അവസ്ഥയെന്നോ ചീത്ത അവസ്ഥയെന്നോ പറയുന്നത് വിനോക്തി.
26. സമാസോക്തി
---------------
വിശേഷണൈകസമർഥ്യം-
കൊണ്ടപ്രസ്തുതസംഭവം
സമാരോപിക്കിലോ വർണ്യേ
സമാസോക്തി സമാഹ്വയം.
27. അപ്രസ്തുതപ്രശംസ
-------------------
പ്രസ്തുതോദന്തപരമാ-
യീടുമപ്രസ്തുതോക്തിയാം
അപ്രസ്തുതപ്രശംസാഖ്യ-
മായതഞ്ചു വിധത്തിലാം.
വിശേഷത്തിനു സാമാന്യം
കാരണത്തിനു കാര്യവും
മറിച്ചുമിവ തുല്യത്തി-
ന്നഥ തുല്യവുമിങ്ങനെ.
ഒരു കാര്യത്തിനു തുല്യമായിട്ട് അതിന്റെ പ്രതീതി ജനിപ്പിക്കുന്ന വേറൊരു കാര്യം പറയുന്നതാണ് അപ്രസ്തുതപ്രശംസ.
28. പര്യായോക്തം
-----------
പര്യായോക്തം പ്രകാരാന്ത-
രത്താൽ ഗമ്യത്തിനുക്തിയാം.
29. വ്യാജസ്തുതി
---------------
വ്യാജസ്തുതി, മറിച്ചാകിൽ
ബ്ബാധത്താൽ സ്തുതിനിന്ദകൾ.
ആദ്യം പറയുന്ന സ്തുതിയോ, നിന്ദയോ, പിന്നെപ്പറയുന്ന വാചകങ്ങളിൽ നിന്ദയോ സ്തുതിയോ ആയി മാറുന്നതാണ് വ്യാജസ്തുതി.
30. ആക്ഷേപം
---------------
വക്ഷ്യമാണോക്തവിഷയം
നിഷേധാഭാസമായിടും
ആക്ഷേപംമമലങ്കാരം
വിധ്യാഭാസവുമാമത്.
ഒരു കാര്യം നിഷേധിക്കുന്നതിനുപകരം, നിഷേധത്തിന്റെ അർത്ഥം ജനിപ്പിക്കുന്ന തരത്തിൽ പറയുന്നത് ആക്ഷേപം.
31. വിരോധാഭാസം
------------------
ആഭാസമാം വിരോധം താൻ
വിരോധാഭാസമെന്നത്
ഇതു ശുദ്ധം ശ്ലേഷമൂല-
മെന്നു രണ്ടുവിധത്തിലാം.
ശരിക്കും വിരോധമില്ലെങ്കിലും വിരോധമുണ്ടെന്ന് തോന്നിപ്പിക്കുന്നത് വിരോധാഭാസം. ഇത് ശുദ്ധം, ശ്ലേഷ്മം എന്നിങ്ങനെ രണ്ടുതരം വരും.
32. വിഭാവന
------------
ഹേതുനിഷ്പത്തിയില്ലാതെ
കാര്യോല്പത്തി വിഭാവന.
ശരിയായ ഹേതുവില്ലാതെ, കാരണമില്ലാതെ, കാര്യം ഉണ്ടാവുന്നത് വിഭാവന. ഇത് രണ്ടുതരമുണ്ട്. ഉക്തനിമിത്തയും അനുക്തനിമിത്തയും
33. വിശേഷോക്തി
---------------------
കാര്യാജനി വിശേഷോക്തി
ഹേതുവുണ്ടായിരിക്കവേ.
ഹേതുവുണ്ടെങ്കിലും കാര്യം ഇല്ലാത്തതാണ് വിശേഷോക്തി. വിഭാവന പോലെ ഇതും രണ്ടുതരമുണ്ട്. ഉക്തനിമിത്തയും അനുക്തനിമിത്തയും.
34. അസംഗതി
-------------
കാര്യഹേതുക്കൾക്കു ഭിന്ന-
ദേശസ്ഥിതിനിമിത്തമാം
ആസംഗത്യമലങ്കാരം
അസംഗതിസമാഹ്വയം.
35. വിഷമം
----------
വിഷമം യുക്തമല്ലാത്ത
സംസർഗം ദ്വിവിധം മതം.
ഉചിതമല്ലാത്ത സംസർഗമാണ് വിഷമം.
36. സമാലങ്കാരം
-------------
ആനുരൂപ്യമിയന്നീടും
സംസർഗം സമസംജ്ഞിതം.
37. വിചിത്രം
---------
വിചിത്രമിഷ്ടസിദ്ധിക്കായ്
വിപരീതപ്രയത്നമാം.
ഇഷ്ടസിദ്ധിയ്ക്ക് എങ്ങനെ പെരുമാറണമോ, പ്രവർത്തിക്കണമോ, അതിന്റെ വിപരീതമായി ചെയ്യുന്നതാണ് വിചിത്രം.
38. അധികം
---------
ആശ്രയാശ്രയികൾക്കൊന്നി-
ന്നാധിക്യമധികാഖ്യമാം.
ആധാരത്തിനെയോ ആധേയത്തിനെയോ വിപുലീകരിച്ചു പറയുന്നതിനെ അധികം എന്നു പറയുന്നു.
39. അല്പം
---------
ആശ്രയാശ്രയികൾക്കൊന്നിൻ-
സൗക്ഷ്മ്യകല്പനമല്പമാം.
ആധാരത്തിനോ ആധേയത്തിനോ ഏതിനെയെങ്കിലും സൂക്ഷ്മമായി വർണിച്ചാൽ അല്പം.
40. അന്യോന്യം
------------
അന്യോന്യമാകുമന്യോന്യ-
വിശേഷാധാനമോതുകിൽ.
വസ്തുക്കൾ തമ്മിൽ ഒരുപോലെയാണെന്ന് വിശേഷിച്ച് പറഞ്ഞാൽ അന്യോന്യം.
41. വിശേഷം
----------
പ്രസിദ്ധമാകുമാധാര-
മില്ലാതൊന്നിന്നവസ്ഥിതി
ഒരേ കാലത്തൊരേ രീതി-
ക്കൊന്നിന്നു പലതിൽ സ്ഥിതി.
ഒന്നിന്നായുള്ള യത്നത്താൽ
ശക്യമല്ലാത്ത വസ്തുവാം
മറ്റൊന്നിൻ സാധനം മൂന്നു
വിധമേവം വിശേഷമാം.
42. വ്യാഘ്യാതം
---------
കാര്യസാധകമായേകൻ
കല്പിച്ചീടിന സാധനം
അന്യഥാകാരിയാക്കീടി-
ലന്യൻ വ്യാഘാതമാമത്.
ഒരു കാര്യത്തിനുവേണ്ടി, ഒരാൾ കാരണമാക്കിയത്, വേറൊരാൾ, വിപരീതകാര്യത്തിന് കാരണമാക്കുന്നതാണ് വ്യാഘ്യാതം.
43. കാരണമാല
-------------
ശൃംഖലാരീതിയിൽ കാര്യ-
കാരണങ്ങളെ മേൽക്കുമേൽ
നിബന്ധിക്കിലലങ്കാര-
മതു കാരണമാലയാം.
ആദ്യം കാരണമായി കണ്ടതിനെ പിന്നീട് കാര്യമായി കാണുന്നതാണ് കാരണമാല.
44. ഏകാവലി
-------------
വിശേഷണവിശേഷ്യങ്ങൾ-
ക്കതൈകാവലിയെന്നതാം.
ആദ്യമാദ്യമുള്ള വിശേഷണത്തെ പിന്നീട് വിശേഷ്യമാക്കുന്നതാണ് ഏകാവലി.
45. മാലാദീപകം
----------
മാലാദീപകമാമേകാ-
വലി ദീപകരീതിയിൽ.
46. സാരം
----------
ഉത്തരോത്തരവൈശിഷ്ട്യ-
മുരയ്ക്കുവതു സാരമാം.
ആദ്യമാദ്യം ഉള്ളതിനെ അപേക്ഷിച്ചു പിന്നീട് വരുന്നതിന് ഉൽക്കർഷമോ അപകർഷമോ ആയി വിശേഷിപ്പിച്ചാൽ അത് സാരം.
47. കാവ്യലിംഗം
-------------
ഏതാനുമർത്ഥം സാമാന്യ-
വിശേഷസ്ഥിയെന്നിയെ
അർത്ഥാൽ പരം ഹേതുവായി-
ട്ടിരിക്കിൽക്കാവ്യലിംഗമാം.
48. അർത്ഥാന്തരന്യാസം
-----------------------
വിശേഷം കൊണ്ടു സാമാന്യ-
മതുകൊണ്ടു വിശേഷമോ
സമർത്ഥിക്കുകിലാമർത്ഥാ-
ന്തരന്യാസമലംകൃതി.
വിശേഷമായിട്ടുള്ളതിനെ സാമാന്യമായിട്ടോ, സാമാന്യമായിട്ടുള്ളതിനെ വിശേഷം കൊണ്ടോ പറയുന്നത് അർത്ഥാന്തരന്യാസം.
49. അനുമാനം
-------------
സാധനം കൊണ്ടു പക്ഷത്തിൽ
സാദ്ധ്യതീയനുമാനമാം.
50. യഥാസംഖ്യം
----------
യഥാസംഖ്യം യഥോദ്ദേശം
വസ്തുക്കൾക്കു സമന്വയം.
51. പര്യായം
----------
പര്യായമലങ്കാര-
മൊന്നിന്നു പലതിങ്കലോ
പലതിന്നൊന്നിലോ ചൊല്ലും
ക്രമമായുള്ള വൃത്തിയാം.
ഒന്നിന് പലതായോ പലതിന്ന് ഒന്നിലോ അർത്ഥം വരുന്നതിനെ പര്യായം എന്നു പറയുന്നു.
52. പരിവൃത്തി
--------------
സമാസമങ്ങൾ കൈമാറു-
ന്നതു താൻ പരിവൃത്തിയാം.
തുല്യമായിട്ടുള്ളത് അങ്ങോട്ടുമിങ്ങോട്ടും രൂപം മാറുന്നതാണ് പരിവൃത്തി.
53. പരിസംഖ്യ
---------------
ഇതാണതല്ലെന്നു കാട്ടും-
നിയമം പരിസംഖ്യയാം.
54. കാവ്യാർത്ഥാപത്തി
-----------------
കാവ്യാർത്ഥാപത്തി കൈമുത്യ-
ന്യായാലന്യാർത്ഥസിദ്ധിയാം.
55. സംഭാവന
----------------
സംഭാവനയുക്തത്വ-
പ്രതീതിക്കുള്ള തർക്കണം.
56. വികല്പം
-----------
വിരുദ്ധങ്ങൾക്കുരച്ചീടും
പാക്ഷികാപ്തി വികല്പമാം.
പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങൾ ഒരിടത്ത് ചേരില്ല. ഏതെങ്കിലും ഒരുകാര്യമേ വരൂ. അതാണ് പാക്ഷികപ്രാപ്തി. അതാണ് വികല്പം എന്ന അലങ്കാരവും.
57. സമുച്ചയം
-------------
പദാർത്ഥങ്ങൾക്കുരച്ചീടും
യൗഗപദം സമുച്ചയം.
ഗുണം, ക്രിയ എന്നിവ ഒരേ സമയത്ത് സംഭവിക്കുന്നതാണ് സമുച്ചയം.
58. സമാധി
---------
സമാധി കാര്യസൗകര്യ-
മോർക്കാതുള്ളന്യഹേതുവാൽ.
യാദൃച്ഛികമായ കാരണത്താൽ കാര്യസിദ്ധിക്കുള്ള സൗകര്യത്തെ സമാധി എന്ന് പറയുന്നു.
59. പ്രത്യനീകം
------------
അശക്ത്യാ ശത്രുപക്ഷീയാ-
പകാരം പ്രത്യനീകമാം.
60. പ്രതീപം
---------
അദ്വിതീയത്വവിച്ഛേദ-
മുപമേയത്വകല്പനം
വൈയർത്ഥ്യമിവയേതാനു-
മൊന്നുകൊണ്ടുളവായിടും.
ഉപമാനത്തിനാക്ഷേപം
പ്രതീപം മൂന്നു മട്ടിലാം.
ഉപമാനത്തിനുള്ള ആക്ഷേപമാണ് പ്രതീപം. ഉപമാനം വ്യർത്ഥമാണെന്ന് അർത്ഥം വരുന്നത്.
60. പ്രൗഢോക്തി
---------------
പ്രൗഢോക്തി ധർമ്മസമ്പത്തി-
ക്കന്യസംസർഗകല്പനം.
ഒരു പദാർത്ഥത്തിൽ പറഞ്ഞിരിക്കുന്ന ധർമ്മത്തിന്റെ അതിശയം കാണിക്കാനായിട്ട് മറ്റൊരു പദാർത്ഥത്തിനോട് ബന്ധം കാണിച്ച് വിഭാവനം ചെയ്യുന്നത് പ്രൗഢോക്തി.
61. ലളിതം
---------
വർണ്യവൃത്താന്തനിർദേശ-
മെന്നിയേ വർണ്യധർമ്മിയിൽ
അവർണ്യവ്യവഹാരത്തിൻ
വർണനം ലളിതം മതം.
പ്രസ്തുതധർമ്മിയെ എടുത്തുപറഞ്ഞ് വൃത്താന്തം വർണ്ണിക്കാതെ പ്രസ്തുതമല്ലാത്തത് വർണ്ണിക്കുന്നതാണ് ലളിതം.അപ്രസ്തുതമായിട്ടുള്ള പ്രശംസ.
62. പ്രഹർഷണം
---------------
സാക്ഷാദുദ്ദേശ്യകം യത്നം
കൂടാതിഷ്ടാർത്ഥലാഭമാം
പ്രഹർഷണം മൂന്നുമട്ടി;
ലിഷ്ടലാഭം യദൃച്ഛയാൽ,
ഉദ്ദേശിച്ചതിൽവെച്ചിട്ടു
കവിഞ്ഞുള്ളിഷ്ടലാഭവും,
ഉപായസിദ്ധിയത്നത്താൽ
പ്രധാനഫലലാഭവും.
മൂന്നു തരത്തിലുണ്ട് ഈ അലങ്കാരം. ഒന്ന്, യാദൃശ്ഛികമായിട്ടുള്ള ഇഷ്ടത്തിന്റെ ലാഭം. രണ്ട്, ഉദ്ദേശിച്ചതിലും കൂടുതൽ ഇഷ്ടലാഭം. മൂന്ന്, ഫലം കിട്ടാൻ വേണ്ടിയുള്ള ഉപകരണത്തിനുവേണ്ടി പ്രയത്നിക്കുമ്പോൾ, ഫലം തന്നെ കിട്ടുക.
63. വിഷാദനം
--------------
വിഷാദനമഭീഷ്ടാർത്ഥ-
വിരുദ്ധപ്രാപ്തിയായിടും
വിവിക്തമായും വിഷമ-
മിശ്രമായും വരാമിത്.
അഭീഷ്ടവിരുദ്ധമായ കാര്യം നേടുന്നതാണ്/ ലഭിക്കുന്നതാണ് വിഷാദനം.
64. ഉല്ലാസം
------------
ഉല്ലാസമൊന്നിനന്യത്തിൻ
ഗുണദോഷപ്രയുക്തമാം
ഗുണദോഷാന്തരാധാനം.
ഒന്നിന് മറ്റൊന്നിന്റെ ഗുണം കൊണ്ടോ ദോഷം കൊണ്ടോ ഉണ്ടാവുന്ന ഗുണമായിട്ടുള്ള അവസ്ഥയോ ദോഷമായിട്ടുള്ള അവസ്ഥയോ ആണ് ഉല്ലാസം.
65. അവജ്ഞ
------------
തദഭാവമവജ്ഞയാം.
ഒന്നിന് മറ്റൊന്നിന്റെ ഗുണത്താലോ ദോഷത്താലോ, ഗുണമോ ദോഷമോ വരാത്തത് അവജ്ഞ.
66. ലേശം
---------
ഗുണത്തെദ്ദോഷമാക്കീട്ടോ
ദോഷത്തെഗ്ഗുണമാക്കിയോ
വർണിച്ചീടിലലങ്കാരം
ദ്വിവിധം ലേശസംജ്ഞിതം.
ഇഷ്ടവസ്തുവിനെ അനിഷ്ടവസ്തുവായോ അനിഷ്ടവസ്തുവിനെ ഇഷ്ടവസ്തുവായോ വർണ്ണിക്കുന്നതാണ് ലേശം.
67. തദ്ഗുണം
------------
തൻഗുണം വിട്ടടുത്തേതിൻ-
ഗുണമേന്തുക തദ്ഗുണം.
ഒരു വസ്തു സ്വന്തം ഗുണം വിട്ട് അടുത്തുള്ള മറ്റൊരുവസ്തുവിന്റെ ഗുണം സ്വീകരിക്കുന്നതാണ് തദ്ഗുണം.
68. അതദ്ഗുണം
----------
മറ്റൊന്നിൻ ഗുണമമ്മട്ടി-
ലാർന്നീടായ്കിലതദ്ഗുണം.
ഒരു വസ്തു, മറ്റൊന്നിന്റെ ഗുണം സ്വീകരിക്കാത്തത് അതദ്ഗുണം.
69. പൂർവ്വരൂപം
------------
വികാരമേൽക്കിലും വീണ്ടും
പൂർവ്വാവസ്ഥാനുവർത്തനം
ഒന്നിന്നു മറ്റൊന്നുമൂലം
വർണിച്ചാൽ പൂർവ്വരൂപമാം.
വികാരം ഉണ്ടാവുന്നുവെങ്കിലും ഒരു വസ്തു, മറ്റൊന്നിന്റെ സാന്നിദ്ധ്യത്തിൽ, അതിന്റെ മുൻപിലത്തെ അവസ്ഥയിൽത്തന്നെ ആയിത്തീരുന്നതാണ് പൂർവ്വരൂപം.
70. മീലിതം
---------
ധർമ്മസാമ്യാലൊന്നിലൊന്നു
മറഞ്ഞീടുകിൽ മീലിതം.
രണ്ടു വസ്തുക്കളുടെ ലക്ഷണം ഒരുപോലെയാവുമ്പോൾ, ഒന്ന് മറ്റൊന്നിൽ മറഞ്ഞുപോകുന്നതാണ് മീലിതം.
71. സാമാന്യം
-----------
സാമാന്യമദ്ധ്യക്ഷവസ്തു-
ഭേദാനദ്ധ്യവസായമാം.
പ്രത്യക്ഷവിഷയമായ രണ്ടു വസ്തുക്കളുടെ ഗുണസാമ്യം നോക്കിയാൽ, ഒന്ന് മറ്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതാണ് സാമാന്യം.
72. ഉത്തരം
---------
അപ്രതീക്ഷിതമായീടു-
മുത്തരം തന്നെയുത്തരം.
സാധാരണ പ്രതീക്ഷിക്കാത്ത സമാധാനം പറച്ചിലാണ് ഉത്തരം.
73. വ്യാജോക്തി
----------
വ്യാജോക്തിയാകും വ്യാജത്താ-
ലുദ്ഭിന്നാർത്ഥനിഗൂഹനം.
വെളിവാക്കപ്പെട്ട സംഗതി വാൿ രൂപത്താലോ പ്രവൃത്തിരൂപമായോ മറയ്ക്കുന്നതാണ് വ്യാജോക്തി.
74. യുക്തി
-----------
യുക്തിയെന്നോതീടാം വ്യാജോ-
പായത്താലിഷ്ടസാധനം.
കപടമായ ഉപായത്തിൽ ഇഷ്ടം സാധിപ്പിച്ചെടുക്കുന്നതാണ് യുക്തി.
75. സൂക്ഷ്മം
---------
സൂക്ഷ്മം, സൂക്ഷ്മം ഗ്രഹിച്ചെന്നു
കാട്ടും സാകൂതചേഷ്ടയാം.
സൂക്ഷ്മമായിട്ടുള്ള അർത്ഥം, അല്ലെങ്കിൽ ഗൂഢാർത്ഥം കണ്ടുപിടിച്ചെടുക്കുന്നത്.
76. സ്വഭാവോക്തി
--------
സ്വഭാവോക്തിയതോ വസ്തു-
സ്വഭാവത്തിൻ നിരുക്തിയാം.
വസ്തുവിന്റെ സ്വഭാവത്തിനെ/ ചേഷ്ടാവിശേഷം വർണ്ണിക്കുന്നതാണ് സ്വഭാവോക്തി.
77. ഭാവികം
----------
കഴിഞ്ഞതിന്നോ ഭാവിക്കോ
സാക്ഷാൽകാരോക്തി ഭാവികം.
കഴിഞ്ഞതോ, ഇനി വരാൻ പോകുന്നതോ ആയ കാര്യം അപ്പോൾ നടക്കുന്നതുപോലെ തോന്നുന്നതായി പറയുന്നതാണ് ഭാവികം.
78. നിരുക്തി
----------
നിരുക്തി, യോഗാൽ നാമത്തി-
ന്നന്യാർത്ഥത്തിൻ പ്രകല്പനം.
79. ലോകോക്തി
-------------
ലോകസിദ്ധപ്രവാദാനു-
കൃതി ലോകോക്ത്യലംകൃതി.
80. മുദ്ര
---------
പ്രസ്തുതാന്വയിയാം വാക്കാൽ
സൂച്യസൂചന മുദ്രയാം.
81. ഉദാത്തം
-----
ഉദാത്തമന്യോൽക്കർഷാർത്ഥം
ഉദാരോദന്തവർണനം.
Labels: അലങ്കാരങ്ങൾ, കാവ്യജീവിതവൃത്തി
18 Comments:
ഇന്ന് ആദ്യമായി ഈ ബ്ലോഗിൽ എത്തി. വായിക്കുന്നു. ആശംസകൾ!
ഒരു ഭാഷാ പണ്ഡിത കൂടിയാണല്ലേ...നന്നായിരിക്കുന്നു. സാഹിത്യം വല്ലാതെയങ്ങ് മനസ്സിലാവില്ല.
എങ്കിലും നല്ല കാര്യം.
9. അപഹ്നുതി
-------------
സാദൃശ്യാർത്ഥം സ്വധർമ്മത്തിൻ-
തിരസ്കാരപുരസ്സരം
പദാർത്ഥാന്തരതാദാത്മ്യ-
സമാരോപമപഹ്നുതി.
ഒരു വസ്തുവെ, അതെന്താണോ, അത് നിഷേധിച്ച് വേറൊന്നാണെന്ന് പറയുന്നതാണ് അപഹ്നുതി.
എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്,
കല്ലാണ് കരളിലെന്ന്....
സജിം :) നന്ദി.
അൽഭുതകുട്ടി :) പാണ്ഡിത്യം ഇല്ല. അറിയുന്നത് പറഞ്ഞു എന്നേയുള്ളൂ.
ചിത്രഗുപ്തൻ :) നല്ല ഉദാഹരണം.
അയ്യോ! ഇത്രയൊക്കെ അലങ്കാരങ്ങള്‍ ഉണ്ടോ? ഇതില്‍ ഭൂരിഭാഗവും ഞാനാദ്യമായി കേള്‍ക്കുകയാണ്. ഉപമയിലും ഉല്പ്രേക്ഷയിലും മറ്റും ഒതുങ്ങുന്നു എന്റെ ജ്ഞാനം. പിന്നെ, ഉല്‍പ്രേക്ഷയ്ക്ക് ഞാന്‍ പഠിച്ച ലക്ഷണം ഇങ്ങനെയാണ് -
മറ്റൊന്നിന് ധര്‍മ്മയോഗത്താല്‍
അതുതാനല്ലയോ ഇത്
എന്നുവര്ണ്യത്തിലാശങ്ക
ഉല്പ്രേക്ഷാഖ്യാലംകൃതി.
ഇത് വേറെ മാതിരി എഴുതിയതാണോ അത്?
രൂപകത്തിന്റെ ലക്ഷണവും വേറേന്തോ ആയിരുന്നു. കണഫ്യൂഷന്‍ മാറ്റണമേ, സൂ.
:-)
ഉപമയും ഉത്പ്രേക്ഷയും മാത്രമല്ല (എനിക്കറിയാവുന്ന) എല്ലാത്തിന്റെയും ലക്ഷണം വേറെ രീതിയാലാണ് പഠിച്ചിട്ടുള്ളത്.
വളരെ നല്ല പോസ്റ്റ് ചേച്ചീ.
സാമാന്യം താന്‍ വിശേഷം താന്‍
ഇവയില്‍ പ്രസ്തുതത്തിനു അന്യം കൊണ്ട് സമര്്ത്ഥനം
അര്്ത്ഥാന്തരന്യാസമലംകൃതി
എന്നാണ് ഞാന്‍ പണ്ടെങ്ങോ പഠിച്ചത്...അപ്പോള്‍,അലങ്കാരത്തിന് പല ലക്ഷണങ്ങള്‍ ആകാം അല്ലെ. അര്‍ത്ഥം ഒന്ന് തന്നെ ആയാല്‍ മതി..
ബിന്ദൂ :) ആ ഉൽപ്രേക്ഷയുടെ അർത്ഥം തന്നെയാണ് ഇതും. അലങ്കാരകൗസ്തുഭം എന്ന സംസ്കൃതത്തിൽ അലങ്കാരങ്ങൾ വിശദീകരിച്ചത് മലയാളത്തിൽ വിശദീകരിച്ചതാണ് ഇത് എന്ന് ഞാൻ കരുതുന്നു. പലരും പല രീതിയിൽ പറഞ്ഞിട്ടുള്ളത് ഉണ്ട്. മറ്റൊന്നിന്റെ സംബന്ധം/സാമ്യം കൊണ്ട്, ഇത് അതു തന്നെ എന്ന് സംശയിക്കുന്നതാണ് ഉല്പ്രേക്ഷ. വർണ്യത്തിൽ, മറ്റൊന്നിന്റെ സാമ്യമോ, ധർമ്മമോ പറയുന്നതാണെന്ന് പറഞ്ഞിരിക്കുന്നു. (കൂടുതൽ പറയണമെങ്കിൽ ഇനീം പഠിച്ചിട്ട് വരാം).
ബാബു :) ഞാൻ പഠിച്ചിരിക്കുന്നതും അങ്ങനെ തന്നെ. ഇത്രയൊന്നും ഞാൻ പഠിച്ചിട്ടുമില്ല.
മേരിക്കുട്ടീ :) പലരും പല രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു/പറഞ്ഞിരിക്കുന്നു എന്നേ എനിക്കറിയാവൂ.
ഉദാഹരണങ്ങള്‍ വേണം എന്നുതന്നെ തോന്നി. കുറച്ചു കൂടി മനസ്സിലാക്കുവാന്‍ എളുപ്പം അങ്ങനെതന്നെയാണ്.
(ഒട്ടും എളുപ്പമുള്ള പണിയല്ലാന്നറിയാം,ട്ടൊ):)
പി. ആർ. :) ഉദാഹരണങ്ങളൊക്കെ ആ പുസ്തകത്തിലുള്ളത് ഇവിടെ ഇടാൻ പ്രശ്നമൊന്നുമില്ലെങ്കിൽ എനിക്ക് മടിയൊന്നുമില്ല. പക്ഷേ ഇടാമോന്ന് അറിയില്ല എനിക്ക്.
അറിവ് പകര്‍ന്ന ഈ പോസ്റ്റിനു നന്ദി!
എല്ലാത്തിനും ഒരു ഉദാഹരണം എങ്കിലും കൂടി ഉണ്ടായിരുന്നു എങ്കില്‍...
എല്ലാം ഒന്ന് കൂടി കിടിലമായിട്ടു മനസ്സിലായേനെ. but നല്ല പോസ്റ്റ്.
(plz remove this word veri.)
പണ്ടെന്നോ പഠിച്ചവ വീണ്ടും ഓര്‍മ്മയിലേക്ക്
മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍
പോസ്റ്റിന് നന്ദി സൂവേച്ചി.
ക്രമാലങ്കാരം ഇതില്‍ ഇല്ലേ?
ആര്യൻ :) ഉദാഹരണങ്ങളൊക്കെ സമയം കിട്ടുമ്പോൾ ഇടാം കേട്ടോ.
പാവപ്പെട്ടവൻ :)
പ്രമോദ് :) അങ്ങനെയൊന്നു ഞാൻ കണ്ടില്ല. ഇനി ഇതിൽ ഏതെങ്കിലും ആണോ ആവോ? ഒന്നുകൂടെ നോക്കിയിട്ട് ഉണ്ടെങ്കിൽ പറയാം കേട്ടോ. അത്രയ്ക്ക് അറിയില്ല എനിക്ക്.
ഇത് വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റു തന്നെ!
ഉദാഹരണങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇടക്ക് ആശിച്ചു. വെറുതെ, എന്നെങ്കിലും സത്ബുദ്ധി തോന്നി, വന്ന് പഠിക്കാന്‍ തോന്നുന്നെങ്കില്‍ അന്ന് ഉപകാരപ്പെട്ടേനെ.
ഏതിനും ഇത്രയും അലങ്കാരങ്ങള്‍ ഒക്കെ ഉണ്ടല്ലോ എന്നു മനസ്സിലാക്കിത്തന്നതിനു(ഭയപ്പെടുത്തിയതിനു) വളരെ നന്ദി :)
Just a question: Virodaabaasam Ennathinte Lakshanam: "Virodam Thonnumaarukthiyil Virodaabaasam Aayidum Ennalle?
നന്നായിട്ടുണ്ട്.ചില പരിചയമില്ലാത്ത അലങ്കാരങ്ങളും ലക്ഷണങ്ങളും കണ്ടു. അവയെ പരിചയപ്പെടുത്തിയതിന് നന്ദി!
മുഴുവനും വായിച്ചു. എന്നെ പഠിപ്പിച്ച ലക്ഷണങ്ങൾ വേറേയാണല്ലോ.. സാരമില്ല, ഈ ലിങ്കും കോപ്പിചെയ്യുന്നു. റെഫറൻസിനു..
അന്നേ നല്ലോണം പഠിച്ചിരുന്നെങ്കിൽ ജന്മം പാഴായേനേ. ഇന്നത്തെ ഇത്രയും വരുകയുമില്ല.
എനി വേ.. ആശംസകൾ, ഹൃദയപൂർവം..
അഡ്വ്. കുട്ടൻ ഗോപുരത്തിങ്കൽ
kuttangopurathikal@gmail.com
Post a Comment
Subscribe to Post Comments [Atom]
<< Home