സ്വപ്നങ്ങൾ
അമ്മ അന്നും ധൃതിയിൽത്തന്നെയാണ് വന്നത്. അതുതന്നെയാണ് അയാൾ കണ്ടുപോന്നിരുന്നതും. അതുകൊണ്ട് അതിശയം തോന്നേണ്ട കാര്യവുമില്ല.
“എന്താണമ്മേ കാര്യം?” അയാൾ ചോദിച്ചു.
അയാളുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നശേഷം അമ്മ പറഞ്ഞു, “നീ കടലിൽ നീന്താൻ പോകുന്നു. നീന്തിനീന്തി നടുക്കടലിൽ എത്തുന്നു. ഒടുവിൽ കരയേതാണെന്ന് മനസ്സിലാവാതെ...”
“ഓ...സ്വപ്നം...” അയാൾ ആശ്വാസത്തോടെ ഇരുന്നു. പതിവുള്ളതാണ്. എന്തെങ്കിലും സ്വപ്നം കണ്ട് കയറിവരും, ആശ്വാസവാക്കുകൾ പറയും, ആശ്വാസത്തോടെ തിരിച്ചുപോകും. പ്രാർത്ഥനകൾ ഉണ്ടെങ്കിലും, പ്രിയപ്പെട്ടവരോടുള്ള സ്നേഹവും, അവരുടെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും ഒക്കെയാവുമ്പോൾ പല സ്വപ്നങ്ങളും കണ്ടെന്നിരിക്കും.
“നിനക്കെന്തുപറ്റിയെന്നറിയാതെ വിഷമിച്ചു. വന്നു കണ്ടപ്പോഴാണ് ആശ്വാസമായത്.” വേവലാതിയുണ്ടെന്ന് തോന്നിയെങ്കിലും മുഖത്ത് കണ്ടില്ല. കണ്ണുകളിൽ വാത്സല്യത്തിന്റേയും സ്നേഹത്തിന്റേയും തിളക്കം.
അമ്മ കണ്ടുവെന്നു പറയുന്ന സ്വപ്നങ്ങൾ പലതും അയാളുടെ ജീവിതത്തോട് അടുത്തതായിരുന്നുവെന്ന് അയാൾക്ക് തോന്നാറുണ്ട്. ബിസിനസ്സ് ഒരു കടൽ തന്നെ. ചിലപ്പോൾ അതില്‍പ്പെട്ട് തുഴയാനാവാതെ ഒഴുകിനടന്നിട്ടുണ്ട്.
ഫാക്ടറിയ്ക്ക് തീ പിടിച്ചദിവസം അമ്മ വീണ്ടും വന്നു. തീ പിടിച്ചെന്ന് പറയാനേ ഉള്ളൂ. പടർന്നില്ല. പെട്ടെന്ന് കണ്ടതുകൊണ്ട് കാര്യമായിട്ടുള്ള നഷ്ടങ്ങളും ഇല്ല.
എന്നാലും അമ്മ വന്നു പറഞ്ഞു. “നീ കൊടും കാട്ടിലാണ്. നടന്ന് നടന്ന് ഉള്ളിലേക്ക് പോകുന്നു. പിന്നെ വഴി കിട്ടാത്തപോലെ. കുഴപ്പമെന്തെങ്കിലും ഉണ്ടാവുമോയെന്ന് കരുതി വന്നതാണ്.”
തീയുടെ കാര്യം ആൾക്കാർ പറഞ്ഞുതന്നെ അമ്മ അറിഞ്ഞുകാണും. അതുകൊണ്ട് വിശദീകരിച്ച് ഒന്നും പറഞ്ഞില്ല. പ്രത്യേകിച്ചൊരു വിഷമവും കണ്ടുപിടിക്കാനില്ലാഞ്ഞതുകൊണ്ട് അമ്മ വേഗം പോയി.
പല സന്ദർഭങ്ങളിലും അമ്മ വരുകയും, നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും പങ്കുവെച്ചും, ആശ്വസിപ്പിച്ചും, സ്വയം ആശ്വസിച്ചും തിരിച്ചുപോവുകയും ചെയ്തു. അയാൾക്കും അതൊരു നല്ല കാര്യമായിട്ടേ തോന്നിയുള്ളൂ. ഇതൊക്കെയില്ലാതെ എന്തു ജീവിതം. സ്നേഹം, സന്തോഷം പങ്കുവയ്ക്കൽ, ദുഃഖം, പങ്കുവെച്ച് കാഠിന്യം കുറയ്ക്കൽ. അങ്ങനെ പോകും ജീവിതം.
ഹാർട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോഴും അയാൾ അത്രയേ കരുതിയുള്ളൂ. അമ്മ ഓടിവരുന്നുണ്ടാവും. ചീത്ത സ്വപ്നമായിരിക്കും, തീർച്ച. ചെറിയൊരു ആകാംക്ഷയിലാണ് അയാൾ കാത്തുകിടന്നത്.
കാത്തിരുന്ന് കാത്തിരുന്ന് മുഷിഞ്ഞ് അയാൾക്ക് ഒടുവിൽ അമ്മയുടെ അടുത്തേക്ക് പോകേണ്ടിവന്നു.
പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളിൽ നിറയാൻ.
വേവലാതികളിൽ ആശ്വസിപ്പിക്കാൻ.
ഓർമ്മകളിൽ തെളിഞ്ഞുനിൽക്കാൻ.
Labels: കഥ
7 Comments:
ഒരു നല്ല കൊച്ചു കഥ
കൊള്ളാട്ടോ.. സുഖമുള്ള വായന തരുന്നു..
നന്നായിരിക്കുന്നു....
നന്നായിട്ടുണ്ട് ട്ടോ ................
nannayi kochu katha..
കാമ്പുള്ള കഥ. വളരെ നന്നായിട്ടുണ്ട്.
ശ്രീ :)
മനോരാജ് :)
വീ. കെ. :)
കുട്ടൻ :)
ദിയ :)
സുകന്യ :)
എല്ലാവർക്കും നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home