മഹാലക്ഷ്മിയും ചെരുപ്പും
എല്ലാം വളരെപ്പെട്ടെന്നായിരുന്നു. കോലാപ്പൂരുവരെ വരെ പോയി വന്നു. കൂട്ടുകാരിയുടെ കൂടെ. അവരുടെ ആവശ്യത്തിന്. ഞങ്ങൾ രണ്ടുപേരും മാത്രം അങ്ങനെയൊരു ദൂരയാത്ര ആദ്യമായിട്ട് ആണ്. എന്നാലും യാത്രയിൽ വല്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കോലാപ്പൂരിലേക്ക് പോകാൻ ബംഗലൂരുവിൽ നിന്ന് ബസ്സിലോ ട്രെയിനിലോ കയറുന്നതാവും സൗകര്യം. ബസ്സിന് ചുരുങ്ങിയത് പന്ത്രണ്ട് - പതിനാലു മണിക്കൂർ വേണം. അല്ലെങ്കില്‍പ്പിന്നെ മീറജ് എന്ന സ്ഥലത്തേക്കുപോകുന്ന ട്രെയിനിൽ കയറാം. എറണാകുളത്തുനിന്ന് പൂനയ്ക്കു പോകുന്ന ട്രെയിൻ ഉണ്ട്. അത് മീറജ് വഴി പോകും. മീറജിൽ നിന്ന് സാംഗ്ലി അടുത്താണ്. അരമണിക്കൂർ മതിയാവും. സാംഗ്ലിയിൽ നിന്ന് രണ്ട് മണിക്കൂറു കൊണ്ടു കോലാപ്പൂരിൽ എത്താം. ഏകദേശക്കണക്ക് പറഞ്ഞെന്നേയുള്ളൂ. സ്വന്തം വാഹനത്തിലാണെങ്കിൽ ചോദിച്ചുചോദിച്ചു പോകേണ്ടിവരും.
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ പ്രശസ്തമായതിൽ രണ്ടു കാര്യങ്ങളാണ് അവിടെയുള്ള മഹാലക്ഷ്മി അമ്പലവും, ചെരുപ്പും. അമ്പലത്തിന്റെ കാര്യം പറയുകയാണെങ്കിൽ വല്യൊരു അമ്പലമാണ്. ബസ്സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയ്ക്ക് പോകാനുള്ള ദൂരമേയുള്ളൂ. അംബാബായി അമ്പലം എന്നും അവർ പറയുന്നുണ്ട്. പണ്ട് അതു ജൈനന്മാരുടെ അമ്പലം ആയിരുന്നത്രേ. അവിടെത്തന്നെയാണ് മഹാലക്ഷ്മിക്ഷേത്രം ആയത്. അമ്പലത്തിന്റെ ചുവരിലൊക്കെ നല്ല കൊത്തുപണികൾ ഉണ്ട്. വേറെയും ഉപദേവന്മാരും ദേവികളും ഒക്കെ ചെറിയ ചെറിയ സ്ഥലങ്ങളിൽ ഉണ്ട്. അവിടെ വെള്ളികൊണ്ടുള്ള രഥം കണ്ടു. ഒരു സ്ഥലത്ത് പുരയിൽ മറച്ചുവെച്ചിട്ടാണുള്ളത്. ഉത്സവത്തിനുമാത്രം പുറത്തെടുക്കുന്നതായിരിക്കും. തിരുപ്പതിയിൽ ദർശനത്തിനുപോകുന്നവർ ഇവിടെയും വന്നിട്ട് ദർശനം നടത്തിയിട്ട് പോകുമത്രേ. തിരുപ്പതിയിൽനിന്നും കോലാപ്പൂരിലേക്ക് പോകുന്ന ട്രെയിനിന് ഹരിപ്രിയ എക്സ്പ്രസ്സ് എന്നാണത്രേ പേര്. (വിഷ്ണു)ഹരിയുടെ പ്രിയ(മഹാലക്ഷ്മി) ആണല്ലോ ഇവിടെയുള്ളത്. നല്ല തിരക്കാണ് എല്ലാദിവസവും എന്നു തോന്നുന്നു. കുറേ മൊട്ടകളേയും കണ്ടു. തിരുപ്പതിയിൽ നിന്നു വന്നവർ. സ്ത്രീകളും കുട്ടികളും പുരുഷന്മാരും. ഫോട്ടോയെടുക്കുന്നതിൽ വിലക്കുണ്ട്. ദർശനത്തിനു ക്യൂവും ഉണ്ട്.
പിന്നെയുള്ളത് ചെരുപ്പാണ്. കോലാപ്പൂരി ചെരുപ്പ് പ്രസിദ്ധമാണ്. ടൗണിൽ ഒരു സ്ഥലത്ത് രണ്ടുഭാഗത്തും ചെരുപ്പുകടകളാണ്. വില നാനൂറ്, മുന്നൂറ് എന്നൊക്കെപ്പറയും നൂറിന്റെ കൂടെ കുറച്ച് ചില്ലറ കൂട്ടിയിട്ട് തരും എന്നേ അങ്ങോട്ട് പറയാവൂ. അവസാനം, അവർ, ഞങ്ങൾക്ക് നഷ്ടമാണ്, എന്നാലും തന്നേക്കാം എന്ന ഭാവത്തിൽ തരും. തുകൽ കൊണ്ടുള്ളതാണ്. ഒട്ടും വെള്ളം അതിൽ ആവാൻ പാടില്ല. നല്ല ഭംഗിയുണ്ട് എന്തായാലും. ഞാൻ രണ്ടുജോടി വാങ്ങി. ചെരുപ്പുകൾ മഞ്ഞ, വെള്ള, ബ്രൗൺ നിറത്തിൽ ഉണ്ട്. പലതരത്തിൽ. ഇനി മഴ കഴിഞ്ഞിട്ടുവേണം അതൊന്ന് പുറത്തെടുക്കാൻ.
പിന്നെ, കോലാപ്പൂരിൽ ഉള്ളത് റംഗ്ലാ താലാബ് ആണ്. അതൊരു വല്യ കുളം ആണ്. അതിനു ചുറ്റും ലൈറ്റിംഗ് ഒക്കെയുണ്ട്. രാത്രി നല്ല ഭംഗിയുണ്ട് അതു കാണാൻ. അതിനടുത്ത് ശാലിനി പാലസ് ഉണ്ട്. അതിപ്പോൾ ഒരു ഹോട്ടലാണ്. അവിടെ പണ്ട് സിനിമാഷൂട്ടിംഗ് ഒക്കെ നടക്കുമായിരുന്നത്രേ. കുളത്തിന്റെ അടുത്ത് താഴെ റോഡിൽ ചുറ്റും തട്ടുകടകൾ പോലെയുള്ള കടകൾ ഉണ്ട്. അവിടെ ഭക്ഷണം കഴിക്കാം.
ഞങ്ങൾ സാംഗ്ലി (Sangli) എന്ന സ്ഥലത്തു പോയി. അവിടെ നല്ല സ്വർണ്ണം കിട്ടും എന്നുപറഞ്ഞു. സ്വർണ്ണത്തിനൊക്കെ എന്താ വില! പിന്നെ, കള്ളനു കഞ്ഞിവയ്ക്കൽ എന്റെ ജോലിയുമല്ലല്ലോ. അവിടെ പ്രസിദ്ധമായത് ഗണപതി ക്ഷേത്രമാണ്. വളരെ പുരാതനക്ഷേത്രമാണ്. അതും ബസ്സ്റ്റാൻഡിൽ നിന്ന് ഓട്ടോയ്ക്കുള്ള ദൂരം. അമ്പലത്തിൽ പ്രധാനദൈവം ഗണപതിയാണ്. പിന്നെ സൂര്യനാരായണൻ, ലക്ഷ്മീനാരായണൻ, ചിന്താമണീശ്വരി, ചിന്താമണീശ്വരൻ എന്നിവരുടെയൊക്കെ ചെറിയ ചെറിയ അമ്പലങ്ങളും അതിനുള്ളിൽത്തന്നെ ഉണ്ട്. ചിന്താമണീശ്വരന്, മഹാദേവൻ എന്നാണ് ഒരു സ്ത്രീ പറഞ്ഞുതന്നത്. വല്യ അമ്പലമാണ്. ഞങ്ങൾ രണ്ടുസ്ത്രീകൾ മാത്രമായതുകൊണ്ട് ലഗ്ഗേജ് കുറയ്ക്കാമെന്നു കരുതി അത്യാവശ്യം വസ്ത്രങ്ങൾ മാത്രമേ എടുത്തുള്ളൂ. ക്യാമറ എടുക്കാമായിരുന്നു എന്നു പലയിടത്തും തോന്നി.
പിന്നെ ഒരു ജൈനക്ഷേത്രത്തിൽ പോയി. ദിഗംബരജൈനന്മാരുടെ ക്ഷേത്രമാണ്. ഉദ്ഗാവ് എന്ന സ്ഥലത്ത്. അവിടെ കുറേ ജൈനമുനിമാർ ഉണ്ട്. സന്യാസിനിമാരും. അവിടെ ഒരു സ്വാമിജി ഉണ്ട്. കുറേ വയസ്സായിട്ടുണ്ട്. അദ്ദേഹം കുറേക്കാലമായി വെറും മോരു കുടിച്ചാണത്രേ ജീവിക്കുന്നത്. ഒരു വർഷത്തിൽ അധികമായി. ജൈനന്മാരുടെ സന്യാസം കഠിനമാണ്. അവർ സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കില്ല. പൊതുവേ ജൈനമതത്തിൽ വിശ്വസിക്കുന്നവരിൽ പലരും അങ്ങനെയാണ്. ഇരുട്ടുന്നതിനുമുമ്പ് ഭക്ഷണം കഴിക്കും. ചില സന്ന്യാസിമാരും, സന്ന്യാസിനിമാരും, രണ്ടുകൈയും കൂട്ടി നിവർത്തിപ്പിടിച്ച് അതിൽ കൊള്ളുന്ന ഭക്ഷണമാണത്രേ കഴിക്കുക. അവരുടെ കൈയിൽ കമണ്ഡലു പോലെ ഒരു പാത്രം ഉണ്ട്. അതിൽ ഒരു ദിവസം രാവിലെ വെള്ളമെടുത്താൽ ആ വെള്ളം കൊണ്ട് രാത്രി വരെയുള്ള ആവശ്യങ്ങളെല്ലാം (കൈ കഴുകുക, മുഖം കഴുകുക, വായ കഴുകുക, കാലു കഴുകുക തുടങ്ങിയവ തീർക്കണമത്രേ). അവർ കുളിക്കില്ല, ചൂടുവെള്ളംകൊണ്ട് മേലൊക്കെ തുടച്ചുവൃത്തിയാക്കുകയാണത്രേ ചെയ്യുക. എന്തും കുറച്ചുപയോഗിക്കുക എന്ന തത്ത്വം ആയിരിക്കും അവർക്ക്.
പിന്നെ ഞങ്ങൾ താമസിച്ച വീടിനടുത്തും ഒരു ജൈനക്ഷേത്രത്തിൽ പോയി. അവിടെ പൂജ ചെയ്യുന്ന ആളുടെ മകളായിരുന്നു ഉണ്ടായിരുന്നത്. പിന്നെ പൂജാരി വന്നു. പൂജയിൽ സഹായി ആയിട്ട് അവളായിരുന്നു ഉണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ അങ്ങനെയൊരു പതിവില്ലല്ലോ.
ഞങ്ങൾ പോയ സ്ഥലത്തെ വീട്ടിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു. അവിടത്തെ ഗൃഹനാഥന്റെ പെങ്ങൾ. അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. കുറേ ആംഗ്യഭാഷയിലാണ്. എനിക്കു മറാത്തി ശരിക്കും അറിയില്ലല്ലോ. അവർക്ക് തൊണ്ണൂറ് വയസ്സുണ്ട്. പക്ഷേ നല്ല ആരോഗ്യം. നിർത്താതെ വർത്തമാനം പറയും. അവരുടെ കൊച്ചുമോളെപ്പോലെത്തോന്നിയതുകൊണ്ടാണ് എന്നോടിത്ര കാര്യം എന്നു പറഞ്ഞു. കാമം, ക്രോധം, മോഹം ഇവയൊക്കെ നമ്മുടെ ശത്രുക്കളാണെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞു. നല്ല ഭക്തിഗാനങ്ങളും പാടി. അവർക്ക് നല്ല മുടിയുണ്ടായിരുന്നു എന്ന് എന്റെ എലിവാൽമുടി തൊട്ടുകാണിച്ചിട്ട് പറഞ്ഞു. എല്ലാവരും പറഞ്ഞു, അവർക്ക് നല്ല കട്ടിയുള്ള, നീളമുള്ള മുടിയുണ്ടായിരുന്നു എന്ന്. എനിക്കവരുടെ വീട്ടിൽ നിന്ന് സമ്മാനങ്ങളൊക്കെ തന്നു. സാരി, ബ്ലൗസ്പീസുകൾ ഒക്കെ. അതൊക്കെ കുറച്ചുദിവസം കഴിഞ്ഞാൽ നശിച്ചുപോകും. പക്ഷേ ഒരിക്കലും നശിക്കാത്തതായ, എത്ര പൈസ കൊടുത്താലും കിട്ടാത്ത ഒരുപാട് സ്നേഹവും വാത്സല്യവുമാണ് ആ വീട്ടുകാർ എനിക്കുതന്നത്. തിരിച്ചുവരാൻ ഒരുങ്ങിയപ്പോൾ, ഇനിയെപ്പോ വരും എന്നു എല്ലാവരും ചോദിച്ചു. ദൈവത്തിനുമാത്രം ഉത്തരം അറിയാവുന്നത്!
11 Comments:
എഴുത്തിന്റെ ലാളിത്യം കൊണ്ടാനെന്നു തോന്നുന്നു കുറെ ജൈനക്ഷേത്രങ്ങള്‍ ചുറ്റിക്കറങ്ങിയ സുഖം ലഭിച്ചു.
കോലാപ്പുരി ചെരിപ്പുകള്‍ ഇപ്പോഴും ഉപയോഗിച്ചില്ലെ?
ചിത്രങ്ങളുടെ അഭാവം അനുഭവപ്പെടുന്നുവെങ്കില്‍ കൂടി നന്നായിരിക്കുന്നു.
ലളിതമായ വിവരണം,നന്നായിരിക്കുന്നു.,,,,,,,,
ചിത്രങ്ങള്‍ വല്ലതുമുണ്ടായിരുന്നെങ്കില് എന്ന് എനിയ്ക്കും തോന്നി...
റാംജീ :) ചെരുപ്പ് മഴയത്ത് പുറത്തിറക്കാൻ പറ്റില്ല.
മുഹമ്മദ് :) നന്ദി.
കൃഷ്ണകുമാർ :) നന്ദി.
ശ്രീ :) ക്യാമറയ്ക്ക് ഒരു ബാഗും കൂടെ വേണം. ചുമട്ടുതൊഴിലാളി ഒന്നല്ലേയുള്ളൂ. എന്നാലും എടുക്കാമായിരുന്നു എന്നു തോന്നി.
നൈസ്.
പടംസ് കൂടെ ഉണ്ടായിരിന്നുവെങ്ങില് ഞാന്‍ ഇവിടെ കമന്റ്കൊണ്ട് ഒരു വിപ്ലവം തീര്തെന്നെ ;)
കോലാപ്പൂരിൽ പോയിട്ടില്ല.അതുകൊണ്ട് താൽപ്പര്യത്തോടെ വായിച്ചു.
ചിത്രങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ ജോറായേനേ!
ക്യാപ്റ്റൻ :) ചിത്രങ്ങളില്ല. ഇനി പോകാൻ സൗകര്യം കിട്ടുകയാണെങ്കിൽ ചിത്രങ്ങളിടാം.
ജയൻ ഏവൂർ :) ക്യാമറ കൊണ്ടുപോയിരുന്നില്ല.
വ്യത്യസ്തമായ യാത്രകളാണല്ലോ.. എൻജോയ് മാഡി.. എങ്ങോട്ടാ അടുത്ത യാത്ര..
[എന്നാലും മഞ്ഞ ചെരുപ്പ്!!!]
കോലാപുരി ചെരുപ്പുകള്‍ രാജസ്ഥാനില്‍ നിന്നാണ് എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. ജോധ്പുരി ആണെന്ന് തോന്നുന്നു അത്.
കുഞ്ഞൻസ് :) അടുത്ത യാത്ര എപ്പോഴാണെന്ന് അറിയില്ല. എങ്ങോട്ടാണെന്നും. മഞ്ഞ എന്നുപറഞ്ഞാൽ അത്ര കടും മഞ്ഞയൊന്നുമല്ല. മോശമൊന്നുമില്ല. ഞാൻ മഞ്ഞ വാങ്ങിയില്ല. :))
ദിയ :) ജോധ്പുരി ആയിരിക്കും.
Post a Comment
Subscribe to Post Comments [Atom]
<< Home