മഞ്ഞക്കാർഡും ചുവപ്പുകാർഡും
കൈകൾ കൂട്ടിത്തിരുമ്മുന്നുണ്ട്. മുഖത്ത് പാരവശ്യം ഉണ്ട്. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. സമയം ഇടയ്ക്കിടെ നോക്കുന്നുണ്ട്. ബൾബിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്. പുറത്തെ മഴയെ, ശല്യം എന്ന മട്ടിൽ നോക്കുന്നുണ്ട്. നിങ്ങളു വിചാരിക്കും എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന്. സംഭവം വലുതാണ്. കറന്റ് പോയിരിക്കുന്നു. മഴയത്ത്, ചാനൽ പോയ സമയത്ത്. കറന്റ് പോയ സമയത്ത്, ഒരു ഫുട്ബോൾ ആരാധകന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമാണിത്. ഭാര്യയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ പോലും ഭർത്താവിന് ഇത്രേം ടെൻഷനോ കരുതലോ ഒന്നും ഉണ്ടായിക്കാണില്ല. ഭാര്യ...ഹും...ഒരുത്തി പോയാൽ വേറൊരുത്തി. നാലുകൊല്ലം കൂടുമ്പോൾ മാത്രം വരുന്ന വേൾഡ്കപ്പ് ഫുട്ബോൾ അങ്ങനെയല്ല. അതുപോയാൽ പോയി. ഭാര്യ വീണു കാലൊടിഞ്ഞാൽ, ഒന്നു കാലുളുക്കിയതിന് പേടിക്കാനൊന്നുമില്ലെന്ന് പറയുന്ന ഭർത്താവ്, കളിക്കളത്തിൽ ആരെങ്കിലും വീണാൽ, അയ്യോന്ന് നിലവിളിക്കുന്നു. സ്ട്രെച്ചറോ മരുന്നോ പെട്ടെന്ന് കൊണ്ടുവരുന്നതുവരെ പ്രാർത്ഥിക്കുന്നു. വൈകുന്നേരം വീട്ടിൽ വന്നാല്‍പ്പിന്നെ, കക്കൂസ് പോലും ടി വി യ്ക്കു മുന്നിൽ ആക്കിയേക്കും എന്ന് തോന്നാൻ സാദ്ധ്യതയുള്ള പെരുമാറ്റം. ഭക്ഷണം പിന്നെ എന്തുകൊടുത്താലും പ്രശ്നമില്ല. ഫുട്ബോളിനോടുള്ള ആത്മാർത്ഥത കാണുമ്പോൾ ഫുഡ് കഴിക്കാൻ സമയം, ഓട്സെന്നും പറഞ്ഞ് കാടിവെള്ളം കൊടുത്ത് പരീക്ഷിച്ചാലോന്ന് ഭാര്യയ്ക്ക് തോന്നിയാലും തെറ്റില്ല. ഒന്നും അറിയില്ല. അങ്ങനെയൊരു ഒഴുക്കാണ്. എന്തോ ഒച്ച കേട്ടു, കള്ളനാണോന്ന് നോക്കാം എന്നു പറയുമ്പോൾ, പാതിരാത്രിയ്ക്കാണോ എണീക്കേണ്ടത്, കള്ളൻ വന്നാൽ വരട്ടെ ഉറക്കം കളയാൻ പറ്റില്ലെന്ന് പറയുന്ന ആൾ, പാതിരായ്ക്ക് ആരും വിളിക്കാതെ, ഒച്ചയൊന്നും കേൾക്കാതെ തന്നെ, എണീക്കുന്നു, പതുങ്ങിപ്പതുങ്ങി ടി. വി. ഓൺ ചെയ്യുന്നു, ഉറക്കം തൂങ്ങലില്ലാതെ കളി കാണുന്നു. ഫുട്ബോളിന്റെ വിളി! അത് എന്തിനേക്കാളും ശക്തമാണ്. ബാക്കിയുള്ളവർക്ക് കള്ളനെ പേടിക്കാതെ സ്വസ്ഥമായിട്ട് കിടന്നുറങ്ങാം. ബ്ലാങ്ക് ചെക്ക് ഒപ്പിടീച്ചുവാങ്ങാൻ പറ്റിയ സമയവും ഇതു തന്നെ. ഭർത്താവിന്റെ കുടി മാറ്റാൻ ഭാര്യയും കൂടെ കുടി തുടങ്ങിയാൽ മതി എന്നൊരു ഫലിതം കേട്ടിട്ടുണ്ട്. അതുപോലെ ഫുട്ബോളെങ്കിൽ ഫുട്ബോള്‍. കണ്ടുകൊണ്ടിരിക്കുക തന്നെ നല്ലത്. കളിക്കാരൊക്കെ കണ്ടാൽ ഒരുപോലെ. പച്ചക്കുപ്പായം, നീലക്കുപ്പായം എന്നൊക്കെ വിളിക്കേണ്ടിവരും. പേരു വായിച്ചെടുക്കുന്നതിലും ഭേദം, മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാൻ, അമീർ ഖാൻ, വിക്രം, അഭിഷേക്, സൂര്യ, അജിത്, പ്രിഥ്വിരാജ് എന്നൊക്കെ പേരിടുന്നതാണ്. ദിവസവും, ബോളിവുഡ് ഒരു ടീമും, സൗത്ത് ഒരു ടീമും. പേരിടൽ എന്നും ആവർത്തിക്കണം അത്ര തന്നെ. ഈശ്വരാ.. വേൾഡ്കപ്പ് നാലുകൊല്ലത്തിലൊരിക്കൽ ആയത് നന്നായി. കൊല്ലത്തിൽ, കൊല്ലത്തിൽ ആയിരുന്നെങ്കിലോ!
അവസാനമിനുട്ട് :-
“ചേട്ടാ, എനിക്കൊരു നെഞ്ചുവേദന. ആംബുലൻസ് വിളിക്കേണ്ടിവരും എന്നു തോന്നുന്നുണ്ട്.”
“എന്തായാലും കുറച്ചുകഴിയട്ടെ. ഫുട്ബോളിന്റെ ഇടയ്ക്കാണോ ഇതൊക്കെപ്പറയുന്നത്! അവസാനമിനുട്ടിൽ ഒരു ഗോൾ വരാൻ ചാൻസ് ഉണ്ട്. അത് മിസ്സാകും.”
ഇക്കണക്കിനു പോയാൽ, ഭാര്യയ്ക്ക് ദൈവം ചുവപ്പുകാർഡ് കാണിക്കുന്നത്, ഭർത്താവേ, താങ്കൾ മിസ്സു ചെയ്യും.
Labels: ഫുട്ബോൾ, വേൾഡ്കപ്പ്
15 Comments:
ഈശ്വരാ.. വേൾഡ്കപ്പ് നാലുകൊല്ലത്തിലൊരിക്കൽ ആയത് നന്നായി. കൊല്ലത്തിൽ, കൊല്ലത്തിൽ ആയിരുന്നെങ്കിലോ!ഭാര്യയ്ക്ക് ദൈവം ചുവപ്പുകാർഡ് കാണിക്കുന്നത്, ഭർത്താവേ, താങ്കൾ മിസ്സു ചെയ്യും..
കലക്കി...നന്നായി എഴുതി..
പലയിടങ്ങളിലും സംഭവിക്കുന്ന ഒന്നാണ് ഈ ഭ്രാന്ത്..
നാട്ടിലൊക്കെ ഇപ്പോള്‍ ആയിരങ്ങള്‍ മുടക്കി ഫുട്ബോള്‍ ആരാധകര്‍ മത്സരിച്ചു ഫ്ലെക്ഷ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കണ്ടപ്പോള്‍ ഒരു ചെട്ടന് ചോദിച്ചു..
ഈ പണം വല്ല നല്ല കാര്യത്തിനും ചിലവഴിച്ചു കൂടെ എന്ന്..
ഫുട്ബോള്‍ കണ്ട് ആസ്വദിക്കട്ടെ. ജീവിതത്തെ മറന്നൊന്നും വേണ്ട.
രസകരമായി അവതരിപ്പിച്ചു. ശരിക്കും.
കുറച്ച് ദിവസല്ലേ കാണൂ..
അതിനെ ചുമ്മാ ഇങ്ങനെ കളിയാക്കരുത്
ഇനിയും പറഞ്ഞാ ഞാന്‍ ജ്വാലയായി, ജ്വാലാമുഖി, പിന്നെ എന്തിരൊക്കയോ കൂതറ സീരിയലുകളെ കുറിച്ചും പറയും
അത് കൊണ്ട് കോമ്പ്രമൈസ്... :)
നിരാശകാമുകൻ :) ആരാധന മൂത്ത് ഭ്രാന്തായാലേ കുഴപ്പമുള്ളൂ. അതുവരെ സഹിക്കാം. (നിരാശ ഇനീം മാറീലേ?)
സുകന്യേച്ചീ :) അതും ആസ്വദിക്കട്ടെ അല്ലേ? പോസ്റ്റ് വായിച്ചൂട്ടോ.
ഹാഷിം :) കുറച്ചുദിവസം കണ്ടോട്ടെ അല്ലേ? പക്ഷെ ഇത്ര ആരാധന പാടില്ല. സീരിയലുകളെക്കുറിച്ച് തീർച്ചയായും പറയണം. എനിക്ക് സീരിയൽ ഭ്രാന്തൊന്നുമില്ല. കാണാറുള്ളത് വല്ല പാട്ടിന്റെയോ ഒക്കെ പരിപാടികളാണ്. അതും സൗകര്യമുണ്ടെങ്കിൽ മാത്രം.
സൂ ചേച്ചീ.,രസ്യന്‍ കുഞ്ഞെഴുത്ത് കലക്കി.ഇഷ്ടായി.:)
ഒന്നര മണിക്കൂറിന്റെ ഫുട്ബോൾ സഹിക്കുന്നില്ല... ഇത്തരം ഭാര്യമാർക്ക് ക്രിക്കറ്റ് ഭ്രാന്തനായ ഭർത്താവിനെ തന്നെ കിട്ടണം...
എന്നാലും സു പറഞ്ഞപോലെ ഇത്രയും ആരാധന വേണ്ട...
4 കൊല്ലത്തിലൊരിക്കല്...
അതും വെറും ഒരു മാസം...
അവര്‍ ആസ്വദിക്കട്ടന്നെയ ....
റെയർ റോസ് :) എഴുതിയത് ഇഷ്ടമായതിൽ സന്തോഷം.
കാക്കര :) ക്രിക്കറ്റ്! അയ്യോ! ഒന്നരമണിക്കൂർ എന്നു പറഞ്ഞാൽ, അതൊരു മൂന്ന്, ഒന്നരമണിക്കൂർ ഉണ്ടാവുമല്ലോ.
നൗഷു :) ആസ്വാദനം നല്ലതാണ്. പക്ഷേ ഇത്രയും “ആത്മാർത്ഥമായ” ആസ്വാദനം ശരിയല്ലല്ലോ.
ഒരുവക സ്പോട്സും അറിഞ്ഞൂടാത്ത ഞാന്‍ കായികാധ്യാപകനെ കെട്ടിയപ്പൊ ഓള്‍മോസ്റ്റ് ഒക്കെ പഠിച്ചു.. ഇപ്പൊ എനിക്കാണൊ ഭ്രാന്ത് കൂടുതല്‍ എന്ന് സംശയം...!!
അധികമായാല്‍ അമൃതാനന്ദമയീം..............
മൈലാഞ്ചി :) അപ്പോ ക്രിക്കറ്റും ഫുട്ബോളും ഒക്കെ കാണുന്നുണ്ടാവും അല്ലേ?
സൂ.. മറുകുറി ഇന്നാ കണ്ടേ..
ശരിയാണ്.. ഇപ്പോ ക്രിക്കറ്റും ഫുട്ബാളും ചിലപ്പോള്‍ ടെന്നീസും കാണുന്നുണ്ട്...
ഞങ്ങളുടേ ടി വി മിന്നലില്‍ അടിച്ചുപോയിരുന്നു.. ലോകകപ്പ് തുടങ്ങുമ്പോഴേക്കും നേരെ ആക്കണമെന്നും പറഞ്ഞ് ഞാനാ ലഹള കൂട്ടിയേ.. നേരെയായില്ല.. അപ്പോ എന്തു ചെയ്തെന്നറിയാമോ? എന്റെ ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും ട്യൂണര്കാഡ് വാങ്ങിവന്ന് കംപ്യൂട്ടറില്‍ ഫിറ്റ് ചെയ്തു....!!
ഇത്രയൊക്കെ ഭ്രാന്ത് ആവാം ല്ലേ?
മൈലാഞ്ചി :) ട്യൂണർ ഉള്ളത് നല്ലതുതന്നെ. ഇനി ടി. വി. നന്നാക്കിയില്ലെങ്കിലും കുഴപ്പമില്ല എന്നായി അല്ലേ?
ക്രിക്കറ്റ് ഫാനായ ഭർത്താവിനെക്കാൾ ഫുട്ബാൾ ഫാനായ ഭർത്താവിനെയായിരിക്കും ഭാര്യ സഹിക്കുക.
കാരണം.
1.വേൾഡ് കപ്പ് ഫുട്ബാൾ നാലു വർഷത്തിലൊരിക്കലേയ്ഉള്ളൂ.
2.ഒരു ദിവസം മാക്സിമം രണ്ടു മണിക്കൂർ സഹിച്ചാൽ മതി.
3.ദേശസ്നേഹ പ്രസംഗം കേൾക്കേണ്ട(ഇന്ത്യ കപ്പിലില്ല).
4.ജോലിയെ ബാധിക്കുന്നില്ല.
5.പാക്കിസ്ഥാനും,ശ്രീലങ്കയും,ബംഗ്ലാദേശും,വെസ്റ്റ് ഇൻഡീസും,സൌത്താഫ്രിക്കയും,അസ്ത്രേലിയയും ഇംഗ്ലണ്ടും അല്ലാതെ വേറേയും ചില രാജ്യങ്ങൾ ഉണ്ട് എന്നു ഓർമ്മപ്പെടുത്തുന്നു.
പിന്നെ സർവ്വോപരി കളിയിൽ മഞ്ഞക്കാർഡും ചുവപ്പു കാർഡും ആവശ്യമാണെന്ന ബോധവും.
സത്യം സു.. ടി വി തല്ക്കാലം നന്നാക്കണ്ട എന്ന് വച്ചു.. കാരണം അതിന് ഏതാണ്ട് 2000 രൂപ വേണം പോലും.. തല്ക്കാലം ട്യൂണര്‍ കൊണ്ട് ഒപ്പിച്ചിട്ട് അടുത്ത ഫാമിലി ബഡ്ജറ്റില്‍ പുതിയ ടി വി വാങ്ങാം എന്ന് വച്ചു..
കരീം മാഷുടെ കമന്റ് എനിക്കിഷ്ടപ്പെട്ടു
കരീം മാഷേ :) അതൊക്കെയും ശരിതന്നെ. എന്നാലും ഭ്രമം കാണുമ്പോൾ വിചാരിക്കും, ഇത്രയ്ക്കും വേണോന്ന്.
മൈലാഞ്ചീ :)
Post a Comment
Subscribe to Post Comments [Atom]
<< Home