Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 23, 2010

മഞ്ഞക്കാർഡും ചുവപ്പുകാർഡും

കൈകൾ കൂട്ടിത്തിരുമ്മുന്നുണ്ട്. മുഖത്ത് പാരവശ്യം ഉണ്ട്. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. സമയം ഇടയ്ക്കിടെ നോക്കുന്നുണ്ട്. ബൾബിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്. പുറത്തെ മഴയെ, ശല്യം എന്ന മട്ടിൽ നോക്കുന്നുണ്ട്. നിങ്ങളു വിചാരിക്കും എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന്. സംഭവം വലുതാണ്. കറന്റ് പോയിരിക്കുന്നു. മഴയത്ത്, ചാനൽ പോയ സമയത്ത്. കറന്റ് പോയ സമയത്ത്, ഒരു ഫുട്ബോൾ ആരാധകന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമാണിത്. ഭാര്യയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ പോലും ഭർത്താവിന് ഇത്രേം ടെൻഷനോ കരുതലോ ഒന്നും ഉണ്ടായിക്കാണില്ല. ഭാര്യ...ഹും...ഒരുത്തി പോയാൽ വേറൊരുത്തി. നാലുകൊല്ലം കൂടുമ്പോൾ മാത്രം വരുന്ന വേൾഡ്കപ്പ് ഫുട്ബോൾ അങ്ങനെയല്ല. അതുപോയാൽ പോയി. ഭാര്യ വീണു കാലൊടിഞ്ഞാൽ, ഒന്നു കാലുളുക്കിയതിന് പേടിക്കാനൊന്നുമില്ലെന്ന് പറയുന്ന ഭർത്താവ്, കളിക്കളത്തിൽ ആരെങ്കിലും വീണാൽ, അയ്യോന്ന് നിലവിളിക്കുന്നു. സ്ട്രെച്ചറോ മരുന്നോ പെട്ടെന്ന് കൊണ്ടുവരുന്നതുവരെ പ്രാർത്ഥിക്കുന്നു. വൈകുന്നേരം വീട്ടിൽ വന്നാല്‍പ്പിന്നെ, കക്കൂസ് പോലും ടി വി യ്ക്കു മുന്നിൽ ആക്കിയേക്കും എന്ന് തോന്നാൻ സാദ്ധ്യതയുള്ള പെരുമാറ്റം. ഭക്ഷണം പിന്നെ എന്തുകൊടുത്താലും പ്രശ്നമില്ല. ഫുട്ബോളിനോടുള്ള ആത്മാർത്ഥത കാണുമ്പോൾ ഫുഡ് കഴിക്കാൻ സമയം, ഓട്സെന്നും പറഞ്ഞ് കാടിവെള്ളം കൊടുത്ത് പരീക്ഷിച്ചാലോന്ന് ഭാര്യയ്ക്ക് തോന്നിയാലും തെറ്റില്ല. ഒന്നും അറിയില്ല. അങ്ങനെയൊരു ഒഴുക്കാണ്. എന്തോ ഒച്ച കേട്ടു, കള്ളനാണോന്ന് നോക്കാം എന്നു പറയുമ്പോൾ, പാതിരാത്രിയ്ക്കാണോ എണീക്കേണ്ടത്, കള്ളൻ വന്നാൽ വരട്ടെ ഉറക്കം കളയാൻ പറ്റില്ലെന്ന് പറയുന്ന ആൾ, പാതിരായ്ക്ക് ആരും വിളിക്കാതെ, ഒച്ചയൊന്നും കേൾക്കാതെ തന്നെ, എണീക്കുന്നു, പതുങ്ങിപ്പതുങ്ങി ടി. വി. ഓൺ ചെയ്യുന്നു, ഉറക്കം തൂങ്ങലില്ലാതെ കളി കാണുന്നു. ഫുട്ബോളിന്റെ വിളി! അത് എന്തിനേക്കാളും ശക്തമാണ്. ബാക്കിയുള്ളവർക്ക് കള്ളനെ പേടിക്കാതെ സ്വസ്ഥമായിട്ട് കിടന്നുറങ്ങാം. ബ്ലാങ്ക് ചെക്ക് ഒപ്പിടീച്ചുവാങ്ങാൻ പറ്റിയ സമയവും ഇതു തന്നെ. ഭർത്താവിന്റെ കുടി മാറ്റാൻ ഭാര്യയും കൂടെ കുടി തുടങ്ങിയാൽ മതി എന്നൊരു ഫലിതം കേട്ടിട്ടുണ്ട്. അതുപോലെ ഫുട്ബോളെങ്കിൽ ഫുട്ബോള്. കണ്ടുകൊണ്ടിരിക്കുക തന്നെ നല്ലത്. കളിക്കാരൊക്കെ കണ്ടാൽ ഒരുപോലെ. പച്ചക്കുപ്പായം, നീലക്കുപ്പായം എന്നൊക്കെ വിളിക്കേണ്ടിവരും. പേരു വായിച്ചെടുക്കുന്നതിലും ഭേദം, മമ്മൂട്ടി, മോഹൻ‌ലാൽ, ഷാരൂഖ് ഖാൻ, അമീർ ഖാൻ, വിക്രം, അഭിഷേക്, സൂര്യ, അജിത്, പ്രിഥ്വിരാജ് എന്നൊക്കെ പേരിടുന്നതാണ്. ദിവസവും, ബോളിവുഡ് ഒരു ടീമും, സൗത്ത് ഒരു ടീമും. പേരിടൽ എന്നും ആവർത്തിക്കണം അത്ര തന്നെ. ഈശ്വരാ.. വേൾഡ്കപ്പ് നാലുകൊല്ലത്തിലൊരിക്കൽ ആയത് നന്നായി. കൊല്ലത്തിൽ, കൊല്ലത്തിൽ ആയിരുന്നെങ്കിലോ!

അവസാനമിനുട്ട് :‌-

“ചേട്ടാ, എനിക്കൊരു നെഞ്ചുവേദന. ആംബുലൻസ് വിളിക്കേണ്ടിവരും എന്നു തോന്നുന്നുണ്ട്.”

“എന്തായാലും കുറച്ചുകഴിയട്ടെ. ഫുട്ബോളിന്റെ ഇടയ്ക്കാണോ ഇതൊക്കെപ്പറയുന്നത്! അവസാനമിനുട്ടിൽ ഒരു ഗോൾ വരാൻ ചാൻസ് ഉണ്ട്. അത് മിസ്സാകും.”

ഇക്കണക്കിനു പോയാൽ, ഭാര്യയ്ക്ക് ദൈവം ചുവപ്പുകാർഡ് കാണിക്കുന്നത്, ഭർത്താവേ, താങ്കൾ മിസ്സു ചെയ്യും.

Labels: ,