വാവാച്ചിയും പുത്തനുടുപ്പും
വാവാച്ചി രാവിലെ എണീറ്റു വന്നു. പെട്ടെന്ന് വാവാച്ചിയ്ക്ക് ഓർമ്മ വന്നു. ഹായ്! പുത്തനുടുപ്പ്! അച്ഛൻ യാത്ര പോയി വന്നപ്പോ കൊണ്ടുക്കൊടുത്തതാണ്. അമ്മ തിരക്കിലാണെങ്കിലും വാവാച്ചിയെ വേഗം പല്ലുതേപ്പിച്ച് കുളിച്ചൊരുക്കി. പുതിയ ഉടുപ്പിട്ടപ്പോ എല്ലാരും പറഞ്ഞു. ‘ഹായ്, വാവാച്ചീടെ ഉടുപ്പിനെന്തൊരു ഭംഗ്യാ? നല്ല നിറം!” അപ്പോ വാവാച്ചിയ്ക്കും സന്തോഷായി. ചായയും ദോശയുമൊക്കെ കഴിച്ച് വാവാച്ചി പുറത്തേയ്ക്കിറങ്ങി. വാവാച്ചി സ്കൂളിൽ പോകാൻ തുടങ്ങിയില്ല. അതുകൊണ്ട് ചുറ്റിക്കറങ്ങാൻ ഇറങ്ങി. വാവാച്ചിയുടെ കൂട്ടുകാരൊക്കെ കാത്തിരിക്കുന്നുണ്ടാവും.
വാവാച്ചി അങ്ങനെ നടന്നുനടന്ന് പോകുമ്പോൾ, കാക്കയെ കണ്ടു. കാക്ക വാവാച്ചിയോടു പറഞ്ഞു. “വാവാച്ചീ, വാവാച്ചീ, നല്ല ഭംഗീള്ള ഉടുപ്പാണല്ലോ. അതിൽ നല്ല നിറങ്ങളുണ്ടല്ലോ, എനിക്കതിൽനിന്നൊരു നിറം തരുമോ?”
പാവം കാക്കയല്ലേ, എന്നും മിണ്ടീട്ടു പോകുന്നതല്ലേ എന്ന് വാവാച്ചിക്കു തോന്നി. വാവാച്ചി, ഉടുപ്പിൽനിന്നു കുറച്ച് നിറമെടുത്ത് കാക്കയ്ക്ക് കൊടുത്തു.
വാവാച്ചി പിന്നെക്കണ്ടത് മുയൽക്കുട്ടനെയാണ്.
“വാവാച്ചീ, എന്തൊരു ഭംഗ്യാ ഉടുപ്പിന്? എനിക്കിത്തിരി നിറം തന്നൂടേ?” മുയൽക്കുട്ടൻ ചോദിച്ചു.
പാവം മുയൽക്കുട്ടൻ. വാവാച്ചി ഇത്തിരി നിറമെടുത്ത് മുയൽക്കുട്ടനു കൊടുത്തു.
വാവാച്ചി, പിന്നേം നടന്നു. കുളത്തിനടുത്തെത്തി.
അവിടെ കൊറ്റി നിൽക്കുന്നുണ്ടായിരുന്നു. കൊറ്റി വാവാച്ചിയെക്കണ്ട് അടുത്തുവന്നു.
“വാവാച്ചീ, വാവാച്ചീ, ആരാ ഇത്രേം ഭംഗീള്ള ഉടുപ്പ് വാങ്ങിത്തന്നത്? എനിക്കിത്തിരി നിറം കിട്ടിയാൽ നന്നായിരിക്കും.”
“ഈ ഉടുപ്പേ, അച്ഛൻ വാങ്ങിത്തന്നതാ. കൊറ്റിയ്ക്ക് നിറം തരാട്ടോ.” വാവാച്ചി കൊറ്റിയ്ക്കും കുറച്ച് നിറമെടുത്തു കൊടുത്തു.
പിന്നേം നടന്നപ്പോൾ വാവാച്ചി കുയിലിനെ കണ്ടു. എന്നും വാവാച്ചിയ്ക്ക് പാട്ടുപാടിക്കൊടുക്കും.
“വാവാച്ചീ, ഈ പുത്തനുടുപ്പിൽ നിന്ന് എനിക്കിത്തിരി നിറം തരണംട്ടോ.” കുയിൽ ഒരു പാട്ടുപാടിക്കൊടുത്തു.
വാവാച്ചി കുയിലിനും കുറച്ച് നിറം എടുത്ത് കൊടുത്തു.
വാവാച്ചി അങ്ങനെ പോയപ്പോൾ പൂവാലിപ്പശുനെക്കണ്ടു.
“വാവാച്ചീ, വാവാച്ചീ, പുത്തനുടുപ്പൊക്കെയുണ്ടല്ലോ. എനിക്കു കുറച്ചു നിറം തരണംട്ടോ.”
വാവാച്ചി ഉടുപ്പിലെ നിറത്തിൽ നിന്നിത്തിരി പൂവാലിപ്പശുവിനും കൊടുത്തു.
വാവാച്ചി കറക്കമൊക്കെക്കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോ മുത്തശ്ശി പറഞ്ഞു. “അയ്യോ ന്റെ വാവാച്ചീ, എവിടെപ്പോയീ, ഉടുപ്പിന്റെ നിറമെല്ലാം.”
അയ്യോ ശരിയാണല്ലോ. വാവാച്ചി ഓടിപ്പോയി കണ്ണാടിയിൽ നോക്കി. ഉടുപ്പിന്റെ നിറമപ്പടി പോയിരിക്കുന്നു. വാവാച്ചി കരയാൻ തുടങ്ങി.
അപ്പോ അമ്മ ഓടിവന്നു. “എന്താ വാവാച്ചീ കരയുന്നേ? വീണോ?”
“ന്റെ ഉടുപ്പിന്റെ നിറമെല്ലാം പോയി.”
“എങ്ങനെയാ?”
“കാക്കയും, മുയൽക്കുട്ടനും കൊറ്റിയും, പൂവാലിയും, കുയിലും ഒക്കെ ചോദിച്ചു. ഞാൻ കൊടുത്തു.”
“അവരൊക്കെ നിന്റെ കൂട്ടുകാരല്ലേ. സാരമില്ലാട്ടോ. സന്ധ്യാവുമ്പോ വിളക്കുവയ്ക്കുമ്പോ പ്രാർത്ഥിച്ചാ മതി. നിറം തിരിച്ചു കിട്ടും.” അമ്മ വാവാച്ചിയ്ക്ക് തൈരുമാമം കൊടുത്തു.
സന്ധ്യയ്ക്ക് വിളക്കു കത്തിച്ചപ്പോ, വാവാച്ചി, കണ്ണനോടു പറഞ്ഞു.
“ന്റെ ഉടുപ്പിന്റെ നിറം ഇനീം നന്നായിട്ട് ഉണ്ടാവണേ കണ്ണാ.”
അപ്പോ കണ്ണന്റെ തലയിലെ പീലിയിൽ നിന്ന് കുറേ നിറം വാവാച്ചിയുടെ ഉടുപ്പിലേക്ക് കയറി. വാവാച്ചി ചെന്നുനോക്കുമ്പോ ഉടുപ്പിന്റെ നിറം പിന്നേം നല്ല ഭംഗിയിൽത്തന്നെയുണ്ട്.
“ഇപ്പോ നിറം കിട്ടി, ഉടുപ്പ് ഭംഗിയായില്ലേ?” അമ്മ വാവാച്ചിയ്ക്ക് ഉമ്മ കൊടുത്തു. സന്തോഷമായിട്ട് വാവാച്ചി ചിരിച്ചു.
Labels: കഥ, കുട്ടിക്കഥ
13 Comments:
കുട്ടിത്തത്തോടെ വായിച്ചു
:)
:)
ശ്രീ :)
നൗഷു :)
കൊള്ളാം.
കൊടുക്കുന്തോറും ഏറിടും എന്നു പറയുമ്പോലെ അല്ലെ?!
കണ്ണനുമാത്രമെ ഈ മനസ്സ് തോന്നൂ.. അതല്ലെ കണ്ണന്റെ ഒരു പ്രത്യേകത! :)
nannayi kuttikkatha suvechi.. :)
ലതിച്ചേച്ചീ :)
ആത്മേച്ചീ :)
ദിയ :)
ഹായ് നല്ല കഥ,ഇന്ന് തന്നെ ആജൂനും ഉണ്ണിക്കും വായിച്ചു കൊടുക്കണം :)
കുറേ കാലമായി ഈ വഴി വന്നിട്ട്. ...ബ്ലോഗുലകം തന്നെ ഒരുപാടു മാറിയെന്നു തോന്നുന്നു....എങ്കിലും ഒന്നുമാത്രം മാറ്റമില്ലാതെ നിത്യഹരിതമായി നില്ക്കുന്നു.....അതെ...സൂര്യഗായത്രി ശാന്തമായി ഒഴുകുന്നു......
...ഒരു സൂര്യനമസ്കാരം.....
ഒന്നു പറയാന് വിട്ടുപോയി....മാതൃഭൂമി പത്രത്തില് നിന്നാണു സൂര്യഗായത്രിയുടെ ലിങ്ക് കിട്ടിയത്...
വല്യമ്മായി :)
കൊച്ചുഗുപ്തൻ :) വന്നതിൽ സന്തോഷം. സമയം കിട്ടുമ്പോൾ വന്ന് വായിക്കുമെന്ന് പ്രതീക്ഷയുണ്ട്. ജീവിതം കുഴപ്പമില്ലാതെ പോകുന്നുവെന്ന് കരുതുന്നു.
മയില്പീലിക്ക് എവിടുന്നാ നിറം കിട്ടിയേ
ഹാഷിം :) മയില്പ്പീലിക്കും നിറം കൊടുത്തത് കണ്ണനാണ്.
Post a Comment
Subscribe to Post Comments [Atom]
<< Home