Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, October 20, 2010

കാലിനൊരു കൊഞ്ഞ്

“ഈ കെ. കെ. ജോസഫ് ഇതല്ല ഇതിലപ്പുറവും ചാടിക്കടക്കും.” എന്നോ മറ്റോ ഉള്ള ഡയലോഗ് കേട്ടിട്ടില്ലേ? വിയറ്റ്നാം കോളനിയിൽ? എന്നിട്ടെന്തു സംഭവിച്ചു? അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. എല്ലാവരും കൂടെ ഒത്തുകൂടി ചെറിയൊരു സദ്യയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ചിലർ തേങ്ങ ചിരവുന്നുണ്ട്, ചിലർ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നുണ്ട്, ചിലർ ടിന്റുമോൻ തമാശകൾ പറയുന്നുണ്ട്. അതിനിടയ്ക്ക്, കാളനും എരിശ്ശേരിയ്ക്കുമുള്ള തേങ്ങയരച്ചുകൊടുത്ത് എന്റെ കർത്തവ്യത്തിനു തൽക്കാലം വിരാമമിട്ട്, ഞാനൊന്ന് അമ്പലത്തിൽ പോയി വരാം എന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു. അതിരാവിലെ എനിക്ക് അമ്പലത്തിൽ പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് അപ്പോ പോയ്ക്കളയാം എന്നുതോന്നി. സമയം അധികമൊന്നും ആയിട്ടുമില്ല. ഇടനാഴിയിൽ നിന്ന് പടി ഇറങ്ങിയത്, മഴക്കാലത്തെ ചളി, മുറ്റത്തുനിന്ന് അകത്തേക്കെത്താതിരിക്കാൻ ഇട്ടിരിക്കുന്ന ചാക്കിലേക്കാണ്. അതു രണ്ടു ചാക്ക് ഉണ്ടെന്നും അടിയിലെ ചാക്കിൽ, ചാക്കിന്റെ തന്നെ ഭാഗമായ ഒരു ഉണ്ട ഉണ്ടെന്നും മനസ്സിലാക്കുന്നതിനു മുമ്പുതന്നെ ആ ഉണ്ടയിൽച്ചവുട്ടി കാലുളുക്കി ഞാൻ ധീം തരികിട തോം ആയിരുന്നു. വീണതും, നക്ഷത്രങ്ങളൊന്നും എണ്ണാൻ നിൽക്കാതെ, ഞാൻ എട്ടരക്കട്ടയിൽ അലറി. ചിലരൊക്കെ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് ഓടിവരാൻ കഴിഞ്ഞില്ല. ബാക്കിയെല്ലാവരും ഓടിവന്നു. എന്റെ ആങ്ങള ഓടിവന്നപാടേ, അവിടെ ഇല തുടച്ചുകൊണ്ടിരുന്ന, ഞങ്ങളുടെ വീട്ടിലെ സഹായിയോട് ചോദിച്ചു, ഇലയ്ക്കൊന്നും പറ്റിയില്ലല്ലോ സദ്യ വിളമ്പേണ്ടതാണെന്ന്. “ഈശ്വരാ! എനിക്കു കണ്ട്രോൾ തരൂ” എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കരഞ്ഞുകൊണ്ടിരുന്നു. കാലിന്റെ എല്ലു വല്ലതും പൊട്ടിയോന്നറിയാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതാണ് നല്ലതെന്ന് എല്ലാവരും കൂടെ തീരുമാനമായി. പിന്നെ ആരൊക്കെ പോകണമെന്ന് തീരുമാനിച്ചു. എന്നെ എന്തായാലും കൂട്ടുമെന്നുള്ളതുകൊണ്ട് ഞാനും വരും ഞാനും വരും എന്നു പറയേണ്ടിവന്നില്ല.

ഇവളാവുമ്പോൾ വല്യ എക്സ്‌റേ വേണ്ടിവരും അതുകൊണ്ടു സൂപ്പർസ്പെഷ്യാലിറ്റിയിൽത്തന്നെ പോകാമെന്ന് പറയുന്നുമുണ്ട്. ച്യൂയിംഗത്തിന്റെ പരസ്യത്തെ ഓർമ്മിച്ച്, കാലിനു മാത്രമേ വിലങ്ങുള്ളൂ എന്ന മട്ടിൽ രണ്ടു പറഞ്ഞാലോന്ന് തോന്നിയെങ്കിലും എന്റെ കരച്ചിൽ ഏറ്റെടുത്ത് നിർവ്വഹിക്കാൻ ആരേയും കിട്ടാഞ്ഞതുകൊണ്ട് ഞാൻ അതു നിർബ്ബാധം തുടർന്നുകൊണ്ടിരുന്നു. അതിനിടയ്ക്ക് പഴയ തമാശയും ഇറക്കുന്നുണ്ട്. പട്ടാളക്കാരൻ ഒരാളോട് :- നിങ്ങളുടെ ഒരു കാലു പോയതിനു നിങ്ങളെന്തിനാണു ഹേ ഇത്രയും കരഞ്ഞു ബഹളമുണ്ടാക്കുന്നത്, അപ്പുറത്ത് ഒരുത്തൻ തല പോയിട്ടും മിണ്ടാതെ കിടക്കുന്നതു കണ്ടില്ലേ” എന്ന തമാശ. ഇതിനൊക്കെ ഒരുമിച്ചു പ്രതികാരം ചോദിച്ചുകൊള്ളാമെന്നു മനസ്സിൽ മൂന്നുവട്ടം ഉറപ്പിച്ചുകൊണ്ടു ഞാൻ കരഞ്ഞുകൊണ്ടിരുന്നു. “എന്റെ കാലേ...കാലേ...കാലേ...”

അങ്ങനെ എല്ലാവരും കൂടെ തൂക്കിയെടുത്ത് കാറിലേക്ക്. പിന്നെ ഹോസ്പിറ്റലിൽ, അവിടെ വീൽച്ചെയറിലേക്ക് പ്രതിഷ്ഠിച്ചു. പിന്നെ, ആദ്യം നഴ്സ്, പിന്നെ ഒരു ഡോക്ടർ, പിന്നെ എക്സ്‌റേ. പിന്നെ ഓർത്തോ എന്ന ബോർഡുള്ള മുറിയ്ക്കു മുമ്പിലേയ്ക്ക്. ഓർത്തോ എന്നു കണ്ടപ്പോൾ എനിക്കു ചിരി വന്നു. ഇതൊക്കെപ്പിന്നെ
ഓർക്കാതിരിക്കുമോ? നിങ്ങളു ബോർഡെഴുതിവെച്ചിട്ടുവേണോ ഓർക്കാൻ എന്നൊക്കെ വിചാരിച്ചു ചിരിച്ചു.

ഓർത്തോ ഡോക്ടർ, ഹാർമ്മോണിയം കട്ടയിൽ സംഗതി നോക്കുന്നതുപോലെ എന്റെ കാല്‍പ്പാദത്തിൽ ഞെക്കി ഇവിടെ വേദനയുണ്ടോ ഇവിടെ വേദനയുണ്ടോന്ന് ചോദിച്ചുകൊണ്ടിരുന്നു. കാലുവാരൽ കഴിഞ്ഞ് പറഞ്ഞു. “പ്ലാസ്റ്റർ ഇടണം.”
“പറ്റൂല.”
“അതെന്താ?”
“പുതിയ ചെരുപ്പുണ്ട്. അതാരിടും?”
“അതു പിന്നെ ഇടാം.”
“പറ്റില്ല. ആദ്യം വാങ്ങിയതു ചെരുപ്പാണെങ്കിൽ ആദ്യം ഞാൻ ആ ചെരുപ്പിടും.”

എന്താ വേണ്ടതെന്ന് എന്റെ കൂടെവന്ന സഹോദരീസഹോദരന്മാരോടും ചേട്ടനോടും ചോദിച്ചു. അവർ ഒരേ സ്വരത്തിൽ, മിലേ സുർ മേരാ തുമാരാ സ്വരത്തിൽ പറഞ്ഞു. “പ്ലാസ്റ്റർ ഇടണം ഡോക്ടറേ. ഇവളുടെ മുഖത്തിനും കൂടെ ഇടണം. ഞങ്ങൾക്കു കുറച്ചു ദിവസം സ്വൈരം കിട്ടും.”

പുര കത്തുമ്പോൾത്തന്നെ വാഴ വെട്ടണം മക്കളേ എന്ന മട്ടിൽ അവരെ അവരെ നോക്കിയിട്ട് ഞാൻ ഇരുന്നു. പ്ലാസ്റ്റർ ഇടേണ്ട എന്ന എന്റെ കടും പിടുത്തത്തിനു വഴങ്ങി, അവസാനം ഡോക്ടർ എഴുത്തിത്തന്ന ഗുളികകളും വാങ്ങി, വീട്ടിലേക്ക്. ഒരാഴ്ച കഴിഞ്ഞ് ചെല്ലാനും പറഞ്ഞു ഡോക്ടർ.

ഉച്ചയ്ക്ക് എല്ലാരുടേം കൂടെയിരുന്ന് സദ്യ കഴിക്കാൻ പറ്റിയില്ല. ഒരു പ്ലേറ്റിൽ എല്ലാം കൂടെ എടുത്ത് തന്നത് കഴിക്കേണ്ടിവന്നു. കിടന്നു. വൈകുന്നേരം, കുറേ ആയില്ലേ കിടക്കുന്നു, ഇനി ഒന്നു കവാത്ത് നടത്തിക്കളയാം എന്ന മട്ടിൽ ഒന്നെണീറ്റു നോക്കിയതായിരുന്നു. പോയ വേദനകൾ ഒറ്റയടിക്കു പാഞ്ഞെത്തി. വീണ്ടും നിലവിളിച്ചു. എല്ലാരും ഓടിവന്നു.

പിന്നെ നാട്ടുവൈദ്യനെ വിളിക്കാം എന്നു തീരുമാനമായി. അയാൾ വന്നു. കാലു പിടിച്ച് മൂന്നാലു തിരിയ്ക്കൽ, മറിയ്ക്കൽ, ഒടിയ്ക്കൽ. കാറിന്റെ ഗിയറല്ല, എന്റെ കാലാണു മനുഷ്യാ നിങ്ങളുടെ കൈയിൽ എന്നു പറയണം എന്നുണ്ടായിരുന്നു. എല്ലാം വളരെപ്പെട്ടെന്നായതുകൊണ്ട് പറയാൻ പറ്റിയില്ല. അപ്പോ കരഞ്ഞത് റെക്കോഡ് ചെയ്തുവെച്ചിരുന്നെങ്കിൽ ഞാൻ ഗിന്നസ് ബുക്കിൽ കയറിയേനെ. പിന്നെ എന്തോ ഒരു കുഴമ്പു പുരട്ടി. പിന്നെ ഒരു മരുന്ന്, പ്ലേറ്റിൽ ചാലിച്ച്, അതിൽ വെള്ളശ്ശീല മുക്കിപ്പൊക്കി, അതുകൊണ്ട് കാലിൽ വരിഞ്ഞുകെട്ടി. മൂന്നാലു തുണികൊണ്ട് കെട്ടി.

പിറ്റേന്ന് രാവിലെ ആയപ്പോൾ വേദന പത്തനംതിട്ട കടന്നിരുന്നു. ഞാൻ നടത്തം തുടങ്ങി. ആ വൈദ്യനെ വിളിക്കേണ്ടായിരുന്നു, എന്നാൽ രണ്ടാഴ്ച അടങ്ങിക്കിടന്നോളുമായിരുന്നു എന്നു എല്ലാവരും വിചാരിച്ചു.

ശരിയായി വരുന്നു. മരുന്നടിയ്ക്കാത്ത ആപ്പിൾ, കുരുവില്ലാത്ത മുന്തിരി, ഐസ്ക്രീം എന്നിവയൊക്കെ എടുത്ത് എല്ലാവരും എന്നെ കാണാൻ വരുമെന്നു പ്രതീക്ഷിക്കുന്നു.

എന്ത്? അടിതെറ്റിയാൽ ആനയും വീഴും എന്നു പോരായിരുന്നോ തലക്കെട്ട് എന്നോ? അയ്യടാ!

Labels:

18 Comments:

Blogger aneel kumar said...

പത്തനംതിട്ടയില്‍ വന്ന്‌ എങ്ങോട്ടുള്ള ബസില്‍ kEranam ?

Wed Oct 20, 12:15:00 pm IST  
Blogger monu said...

കൊറേ നാളായി ഈ വഴിക്ക് വന്നിട്ട് ... :)

എന്തായാലും കാല് ഓടിഞ്ഞില്ല എന്നത് ഭാഗ്യം (അതോ വീട്ടില്‍ ചുമ്മാ ഇരിക്കാന്‍ ഉള്ള ചാന്സ് നഷ്ടപെട്ടോ ?)

കാല് പെട്ടന്ന് നേരയവാന്‍ പ്രാര്‍ത്ഥിക്കാം :)
(ആപ്പിള്‍ , മുന്തിരി etc തല്‍കാലം സ്വോപ്നം കണ്ടാല്‍ മതി ) :D

Wed Oct 20, 12:15:00 pm IST  
Blogger Kalavallabhan said...

അടി തെറ്റിയാൽ ആദ്യം രണ്ടു പെട.
ആനയുടെ വേദനയായതിനാലാവണം പത്തനംത്തിട്ട കടന്നത്.
വീടെവിടെയാ കോന്നീലായിരിക്കും.

Wed Oct 20, 12:26:00 pm IST  
Blogger ശ്രീ said...

"ആ വൈദ്യനെ വിളിക്കേണ്ടായിരുന്നു, എന്നാൽ രണ്ടാഴ്ച അടങ്ങിക്കിടന്നോളുമായിരുന്നു എന്നു എല്ലാവരും വിചാരിച്ചു"

ഹ ഹ. കൊള്ളാം.

ഒരു അപകടത്തെയും ഇങ്ങനെ ലാഘവത്തോടെ കാണുന്നത് ഒരു തരത്തില്‍ നല്ലതു തന്നെ, സൂവേച്ചീ.

പിന്നെ, ആപ്പിളും മുന്തിരിയും വേണമെങ്കില്‍ മെയിലില്‍ അയച്ചു തരാം ;)

Wed Oct 20, 12:49:00 pm IST  
Blogger ആത്മ/പിയ said...

അയ്യോ! എന്റെ സൂവേ!
സൂ കഴിഞ്ഞ ആഴ്ച്ചമുഴുവനും ഭയങ്കര വേദന സഹിക്കുവായിരുന്നു അല്ലെ,
ഇവിടെ മാനസിക വേദനയായിരുന്നു സൂ..

ഇപ്പോള്‍ വേദനയൊക്കെ സഹിക്കബിള്‍ ആയല്ലൊ അല്ലെ,

പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ആത്മേച്ചിയും പ്രാര്‍ത്ഥിക്കാം ട്ടൊ,

Wed Oct 20, 01:08:00 pm IST  
Blogger Sukanya said...

കാലിനൊരു കൊഞ്ഞുണ്ടായാല്‍ എന്താ? ഞങ്ങള്‍ക്ക് ചിരിക്കാന്‍ വകയായില്ലേ? :)

Wed Oct 20, 02:20:00 pm IST  
Blogger salil | drishyan said...

നല്ല രസകരമായി എഴുതിയിരിക്കുന്നു സൂ...

“ആദ്യം വാങ്ങിയതു ചെരുപ്പാണെങ്കിൽ ആദ്യം ഞാൻ ആ ചെരുപ്പിടും“ - അതെനിക്ക് ക്ഷ പിടിച്ചു. “ഡോട്ടറെ കൊണ്ടു വന്നാലേ ഞമ്മള് പെറൂ’ എന്ന് പ്രസവക്കിടക്കയില്‍ നിലവിളിച്ച ബഷീര്‍-കഥാപാത്രത്തെ ഓര്‍ത്ത് പോയി.

സസ്നേഹം
ദൃശ്യന്‍

Wed Oct 20, 03:29:00 pm IST  
Blogger സു | Su said...

അനിലേട്ടാ :) ചേച്ചിയോടും കുട്ടികളോടും പറഞ്ഞിട്ട് അനിലേട്ടൻ എങ്ങോട്ടുവേണേലും പൊയ്ക്കോളൂ. ഹിഹിഹി.

മോനു :) കണ്ടതിൽ സന്തോഷം. എന്നാലും ആപ്പിൾ, മുന്തിരി, ഒന്നും കൊണ്ടുവന്നില്ലല്ലോ.

കലാവല്ലഭൻ :) അതെ. വേദന പത്തനംതിട്ട കടന്നു. കോന്നിയിൽ ഞാൻ ഇതുവരെ പോയിട്ടുപോലുമില്ല. പിന്നല്ലേ അവിടെ വീട്!

ശ്രീ :) നേരിട്ട് കൊണ്ടുത്തരുന്നതാവും നല്ലത്.

ആത്മേച്ചീ :) വേദന ഒരു ദിവസം മാത്രമേ ഉണ്ടായുള്ളൂ. അതു വലിയൊരു വേദന ആയതുകൊണ്ട് സഹിച്ചില്ല. ചെറിയ വേദനകളൊക്കെ സഹിക്കാൻ എന്നേ പഠിച്ചു! ആത്മേച്ചിയുടെ ആരാധകൻ വിളിക്കാഞ്ഞിട്ടാണോ മനോവേദന? ഹിഹിഹി. (തമാശയാണ്. ദേഷ്യം വന്നിട്ട് എന്റെ മറ്റേക്കാലും കൂടെ ഒടിയ്ക്കരുത്).

സുകന്യേച്ചീ :) ചിരിച്ചത് നന്നായി. വീണാ‍ൽ ചിരിക്കുന്നവരല്ലേ ചങ്ങാതികൾ.

ദൃശ്യൻ :) കുറേനാളായി കണ്ടിട്ട് അല്ലേ?

Thu Oct 21, 10:12:00 am IST  
Blogger ആത്മ/പിയ said...

ഇത്രെം വേദന ഒക്കെ സഹിച്ചിട്ടും ആത്മേം ആരാധകനേം ഒന്നും മറന്നില്ല, അല്ല്യോ! ഹും!

കയ്യിലിരിപ്പ്! കയ്യിലിരിപ്പ്!

:)

മറക്കാതിരുന്നതിന് താങ്ക്സ്!

പിന്നേ സൂ, സൂവിന്റെ ഈ വേദനയില്‍ കുതിരുന്നുള്ള നര്‍മ്മം

എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു,
ഞാനും പലപ്പോഴും സന്തോഷകരമല്ലാത്ത കാര്യങ്ങള്‍ തമാശപോലെ എഴുതാന്‍ ശ്രമിക്കുന്നില്ലേ എന്നൊരു വല്ലായ്ക!

പക്ഷെ, സൂവിന്റെ നര്‍മ്മങ്ങളൊക്കെ വളരെ അവസരോചിതവും കിടിലവും ഒക്കെയായിരുന്നു ട്ടൊ,
പക്ഷെ, വേദന സഹിക്കുന്നതിനിടയിലാണല്ലൊ ഈ നര്‍മ്മം പൊട്ടിവിടര്‍ന്നത് എന്ന ഒരു വിഷമത്തില്‍ പൊട്ടിച്ചിരിക്കാനും പറ്റില്ലാത്ത ഒരു ധര്‍മ്മസങ്കടത്തില്‍ അങ്ങ് ആണ്ട് പോയീ...:)

Thu Oct 21, 10:24:00 am IST  
Blogger സു | Su said...

ആത്മേച്ചീ :) ചിരിച്ചോളൂ. എനിക്കു കുറച്ചൊരു വേദനയേ ഇപ്പോ ഉള്ളൂ. അതൊക്കെ വേഗം ഭേദമാവും. വലിയ അസുഖങ്ങൾ ഉള്ളവരെക്കുറിച്ചോർക്കുമ്പോൾ ഇതൊക്കെ നിസ്സാരമല്ലേ? അങ്ങനെയാണ് ഞാൻ ചിന്തിക്കാറ്. (ആരാധകനെ മറന്നില്ല. ഹിഹിഹി).

Fri Oct 22, 09:51:00 pm IST  
Blogger വല്യമ്മായി said...

അയ്യോ,എന്നിട്ടിപ്പോ വേദനയെങ്ങനെയുണ്ട്?

കല്യാണം കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഞാനിതു പോലെ കോണിപ്പടിയില്‍ വീണ് പ്ലാസ്റ്ററിട്ട് കിടന്നിട്ടുണ്ട്.കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ തന്നെ കാല്‍ ബക്കറ്റിലെ വെള്ളത്തില്‍ ഇറക്കി വെച്ച് പ്ലാസ്റ്റര്‍ വെട്ടി.

Sat Oct 23, 10:31:00 am IST  
Blogger സു | Su said...

വല്യമ്മായീ :) കണ്ടതിൽ സന്തോഷം. വേദന പോയും വന്നും കൊണ്ട് ഇരിക്കുന്നു. ചെറുതായിട്ടേ ഉള്ളൂ. കെട്ട് അഴിച്ചുകളഞ്ഞു. കുറച്ചു വീക്കം ഉണ്ട്. ഇന്നലെ പുറത്തൊക്കെ പോയി. വീട്ടുജോലിയൊക്കെ എടുത്തുകഴിഞ്ഞ് ബാക്കി സമയം വിശ്രമിക്കുന്നു. അപ്പോ നിങ്ങളുടെ വിരുന്നുപോക്കൊക്കെ മുടങ്ങിയിരിക്കും അല്ലേ?

Sat Oct 23, 12:27:00 pm IST  
Blogger Bindhu Unny said...

ആപ്പിളും മുന്തിരീമൊക്കെ കിട്ടിയോ, സൂ. ഞാനറിഞ്ഞ് വന്നപ്പഴേയ്ക്കും വേദനയൊക്കെ പോയില്ലേ. അല്ലേല്‍ ഞാന്‍ തരാ‍രുന്നു. :)

Mon Oct 25, 10:12:00 pm IST  
Blogger സു | Su said...

ബിന്ദൂ :) ഭേദമായി. ബിന്ദു ആപ്പിളും മുന്തിരിയുമൊക്കെയെടുത്ത് വരുമെങ്കിൽ ഞാൻ കാലൊക്കെ കെട്ടിപ്പൊതിഞ്ഞ് അവശനിലയിൽ ഇരിക്കാനും തയ്യാറാണ്. ;)

Wed Oct 27, 09:39:00 am IST  
Blogger Jazmikkutty said...

chirichu,nalla ezhuth..
veenathu kashtaayi..

Wed Oct 27, 04:21:00 pm IST  
Blogger സു | Su said...

ജാസ്മിക്കുട്ടി :)

Thu Oct 28, 09:10:00 am IST  
Blogger കരീം മാഷ്‌ said...

വീണത് “വിദ്യ”യാക്കി അല്ലേ?
കൊള്ളാം.
ഇനി വീഴണ്ടട്ടോ! :)

Mon Nov 01, 08:37:00 pm IST  
Blogger സു | Su said...

കരീം മാഷേ :) ഇനീം വീഴുമായിരിക്കും. വീഴ്ചയിൽ നിന്നും പഠിക്കേണ്ട പാഠങ്ങളില്ലേ?

Wed Nov 03, 09:19:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home