ശിങ്കൂന് കിട്ടിയത്
ശിങ്കുക്കുരങ്ങൻ വളരെ നേരത്തെ ഉറക്കമുണർന്നു. വെളിച്ചം വരാൻ ആയിട്ടൊന്നുമില്ലെന്ന് അവനു തോന്നി. എണീറ്റ് ഒറ്റ ഓട്ടംവെച്ചുകൊടുത്തു. എവിടേക്കാ? മാവിന്റെ ചോട്ടിലേക്ക്. അവിടെ മാവിന്റെ മുകളിലും താഴെ പറമ്പിലും നിറയെ പഴുത്ത മാങ്ങകളുണ്ടാവും. മധുരമുള്ള മാങ്ങകൾ. കുറച്ചുനേരം കൂടെ കഴിഞ്ഞാൽ വീട്ടുകാരൊക്കെ എണീറ്റുവരും. അവർ ശിങ്കൂനെ ഓടിക്കേം ചെയ്യും. അതും വിചാരിച്ച് മാമ്പഴം എടുക്കാനും തിന്നാനും പോയ ശിങ്കു എന്താ കണ്ടത്? മാവിന്റെ മോളിൽ ചിന്നിക്കാക്കയും, മിഞ്ചിത്തത്തയും. മാവിന്റെ ചോട്ടിൽ മിട്ടുമുയൽ. മൂന്നാളും മാമ്പഴം തീറ്റയോടു തീറ്റ. ശിങ്കുവിനു അരിശം വന്നു. ഇന്നു കുറച്ചു വൈകിപ്പോയി. അല്ലെങ്കിൽ ഇവരൊന്നും തന്നെക്കാണില്ലായിരുന്നു. മാമ്പഴവും തനിക്ക് ആവശ്യത്തിനു കിട്ടുമായിരുന്നു. മൂന്നെണ്ണവും ആവുന്നത്ര ഒച്ചയും ഉണ്ടാക്കുന്നുണ്ട്. മിണ്ടാണ്ടു തിന്നിട്ടു പോവില്ല. ഒച്ച കേട്ടു വീട്ടുകാർ വന്നാൽ മാമ്പഴം കിട്ടില്ലെന്നു മാത്രമല്ല അടിയും കിട്ടും. ശിങ്കു അവർ കാണാതെ വീട്ടിൽപ്പോയി, ഒരു കുഴൽ എടുത്തുകൊണ്ടുവന്നു. അതിലൂടെ ഒച്ചയുണ്ടാക്കിയാൽ ആരും പേടിച്ചുപോവും എന്നു ശിങ്കൂനറിയാം. അവൻ ഒരു മരത്തിനു പിന്നിൽനിന്നുകൊണ്ട് കുഴലിലൂടെ ബുഹഹഹ എന്നൊരു ഒച്ചയുണ്ടാക്കി. ഒച്ച കേട്ട് പേടിച്ച മിട്ടുവും, ചിന്നിയും മിഞ്ചിയും അപ്പുറമിപ്പുറം നോക്കാതെ സ്ഥലം വിട്ടു. ശിങ്കു രണ്ടുമൂന്നു ദിവസം അങ്ങനെയൊക്കെ ചെയ്തു. ആവുന്നത്ര മാമ്പഴം തിന്നുകയും വീട്ടിൽ കൊണ്ടുവരുകയും ചെയ്തു. പാവം മിട്ടുവും ചിന്നിയും മിഞ്ചിയും. അവർ വീട്ടുകാരൊന്നുമില്ലാത്ത നേരം നോക്കി വന്നു തിന്നേണ്ടിവന്നു. പക്ഷെ, അതിരാവിലെ തിന്നാൻ കിട്ടുന്നതുപോലെയൊന്നും പിന്നെക്കിട്ടില്ല. വീട്ടുകാർ വന്നു ഓടിക്കുമോന്നു പേടിയും. അങ്ങനെ മൂന്നാളും ചേർന്ന് കണ്ടുപിടിച്ചു. എന്ത്? ഒച്ചയുണ്ടാക്കി പേടിപ്പിക്കുന്നത് ശിങ്കുക്കുരങ്ങന്റെ പരിപാടിയാണെന്ന്. പിറ്റേ ദിവസം ശിങ്കു വന്നപ്പോൾ നിറയെ മാമ്പഴം ഉണ്ട്. മാവിന്റെ മുകളിലും ചോട്ടിലുമൊക്കെ ശിങ്കു ചാടിക്കളിച്ചു. ഇനി മാമ്പഴോം തിന്നു, മാമ്പഴോം എടുത്ത് സ്ഥലം വിടുകയേ വേണ്ടൂ. ശിങ്കു ഒരു സഞ്ചി കണ്ടു. ഓ...സഞ്ചിയുണ്ടല്ലോ. അതിലേക്കിടാം മാമ്പഴം. ശിങ്കു താഴെ വീണ നല്ല മാമ്പഴം അതിലേക്ക് പെറുക്കിയിട്ടു. പെട്ടെന്ന് എന്തൊക്കെയോ ഒച്ച കേട്ടു. വീട്ടിൽ വെളിച്ചം വന്നു. വീട്ടുകാരൊക്കെ ഓടിവന്നു. മാവിന്റെ ചുവട്ടിലേക്കും വെളിച്ചം എത്തിച്ചു “അമ്പടാ...ഈ കുരങ്ങാണല്ലേ, ദിവസോം മാമ്പഴം കട്ടുകൊണ്ടുപോകുന്നത്. കുറേ കടിച്ച് ഇവിടെ ഇടുകയും ചെയ്യും.” എന്ന് ഒരു കുട്ടി പറഞ്ഞു. ഒരാൾ സഞ്ചി എടുത്തുനോക്കി. അതിൽ മൊബൈൽ ഫോൺ, ടോർച്ച്, ചെരുപ്പുകൾ ഒക്കെയുണ്ടായിരുന്നു. “കണ്ടോ ഇതൊക്കെ ഈ കുരങ്ങൻ എടുത്തോണ്ടുപോവുകയായിരുന്നു.” ശിങ്കൂനു രക്ഷപ്പെടാൻ സാധിക്കുന്നതിനുമുമ്പ് കുറേ ഏറും അടിയും കിട്ടി. കരഞ്ഞുകൊണ്ടു വീട്ടിലേക്കോടുമ്പോൾ അവനു മനസ്സിലായി, ഇതൊക്കെ ചിന്നീന്റേം, മിഞ്ചീന്റേം മിട്ടൂന്റേം പണിയായിരുന്നെന്ന്. ആദ്യം അവരെപ്പറ്റിച്ചത് താനല്ലേ. അതുകൊണ്ട് അവൻ ഒരു ദിവസം പോയി അവരോടു മാപ്പു ചോദിച്ചു. അതിനുശേഷം എന്തുകിട്ടിയാലും അവർ നാലാളും പങ്കിട്ടു കഴിച്ചു.
Labels: കുട്ടിക്കഥ
2 Comments:
സു... എല്ലാം വായിക്കുന്നുണ്ട്, ഒന്നു മറുപടി പറഞ്ഞു കൂടെ എന്നോട്?
സപ്നാ :) കണ്ടതിൽ സന്തോഷം. വായിക്കുന്നുണ്ടെന്നറിഞ്ഞതിലും സന്തോഷം. പഴയപോലെ എല്ലാ സമയത്തും ബ്ലോഗിലില്ലാത്തതുകൊണ്ട് മിണ്ടാൻ വൈകി. സമയം കിട്ടുമ്പോൾ ഇനിയും വരൂ. സുഖം തന്നെയല്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home