Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, March 24, 2006

മോക്ഷം!

ഭൂമിയിലെ സകല ഭാരവും താങ്ങുന്നതിന്റെ ദൈന്യം ശേഷാദ്രി അറിഞ്ഞു. കണ്ണുകള്‍ നിസ്സഹായതയില്‍ വികസിച്ചു. മുന്നില്‍ നില്‍ക്കുന്ന ബ്ലേഡ്‌ കമ്പനിക്കാരന്‍ അഗ്നികുണ്ഠമാണെന്നും, അയാളുടെ വായില്‍ നിന്നും കനലുകള്‍ തന്റെ മുഖത്തേക്ക്‌ ഓടിയടുക്കുകയാണെന്നും ശേഷാദ്രിക്ക്‌ തോന്നി.

ഇന്നേയ്ക്ക്‌ നാലാം പക്കം നിശ്ചയത്തിനൊരുങ്ങുന്ന വീട്‌. ആഹ്ലാദിക്കുന്ന ഭാര്യ. ഉല്ലസിക്കുന്ന നാലു മക്കള്‍. ഇവരുടെ മേല്‍ താന്‍ വിതയ്ക്കാന്‍ ഒരുങ്ങുന്ന ദുഖഃത്തിന്റെ വിത്തുകള്‍. അയാള്‍ വേച്ച്‌ പോകുന്ന കാലും, പിടയ്ക്കുന്ന മനസ്സുമായി പിന്തിരിഞ്ഞു നടന്നു.

ബ്ലേഡ്‌ കമ്പനിക്കാരന്‍ തിരസ്കരിച്ച, വീടിന്റെ ആധാരം, നിശ്ചയത്തിന്റെ സമയം അടുക്കുമ്പോഴേക്കും പൈസ തരാമെന്ന അയാളുടെ വാക്ക്‌, കഴിഞ്ഞയാഴ്ച വേണമെന്ന് ഉറപ്പ്‌ പറയാത്തതിനാല്‍ വേറെ ആര്‍ക്കോ അടിമയായ പണം, സ്ത്രീധനം, വിവാഹച്ചെലവ്‌, നാട്ടുകാര്‍, കന്യാദാനം കൊണ്ട്‌ മാത്രം കൈവശമാക്കാന്‍ പറ്റുന്ന മോക്ഷം. എല്ലാം കൂടെ ചുറ്റും നിന്ന് അട്ടഹസിക്കുകയാണ്. പരിഹാസത്തിന്റെ ശൂലം കൊണ്ട് കുത്തിനോവിക്കുകയാണ്.

വീട്ടിലെത്തി. ആധാരം ആരും കാണാതെ കട്ടിലിനടിയിലെ മരപ്പെട്ടിയിലേക്ക്‌ എറിഞ്ഞു. പതിവില്ലാത്ത വിധം ഭക്ഷണപൊതി കണ്ടപ്പോള്‍ അമ്പരന്ന മുഖങ്ങള്‍. വിശദീകരണവും ഉടനെ. അക്ക ഇനി എത്ര നാള്‍ ഈ വീട്ടില്‍. സന്തോഷത്തോടെ കഴിച്ച്‌ ഇനിയൊരിക്കലും ഉണരാത്ത നിദ്രയിലേക്ക്‌ നടന്ന് പോയ അവരെ നോക്കി ബോധത്തിനും അബോധത്തിനും ഇടയില്‍ ആയ അയാള്‍ ബാക്കി വന്ന അന്നം മുഴുവന്‍ ആര്‍ത്തിയോടെ വായിലേക്കിട്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പിന്നെ ഒറ്റയ്ക്കായിപ്പോവാന്‍ വയ്യെന്ന ധൃതിയില്‍ വീട്ടുകാരോടൊപ്പം ചേര്‍ന്നു.

മുമ്പേ കണക്കെഴുതിയ ചിത്രഗുപ്തനും, മോക്ഷദാതാവും നിസ്സംഗരായി ഇരുന്നു. പതിവു പോലെ.

ബ്ലേഡ്‌ കമ്പനിക്കാരന്റെ അലമാരയില്‍ അപ്പോഴും ഇരി‍ക്കുന്നുണ്ടായിരുന്നു, ഒരുപാട്‌ നോട്ടുകെട്ടുകള്‍- തങ്ങളുടെ മോക്ഷവും കാത്ത്‌.

34 Comments:

Blogger അഭയാര്‍ത്ഥി said...

കടല്‍ പോലെ ദൈന്യം, കൊടും വിഷം വമിക്കുന്ന സമൂഹം. ഇടയില്‍ പെട്ടിര തേടി പിടയുന്ന ശേഷാദ്രിയുദെ പ്റാണന്‍. പറയാനുദ്ദേശിച്ചതെല്ലാം പറഞ്ഞതായി സു - വിനു അഭിമാനിക്കാം.

Fri Mar 24, 04:04:00 pm IST  
Anonymous Anonymous said...

"ഇനിയൊരിക്കലും ഉണരാത്ത നിദ്രയിലേക്ക്‌ നടന്ന് പോയ അവരെ നോക്കി ബോധത്തിനും അബോധത്തിനും ഇടയില്‍ ആയ അയാള്‍ ബാക്കി വന്ന അന്നം മുഴുവന്‍ ആര്‍ത്തിയോടെ വായിലേക്കിട്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു..."

കനലുകള്‍ കൊരിയിട്ടത്‌ എന്റെ മനസ്സിലേക്കായിരുന്നു. ജീവിതം കൊണ്ടു മുറിവേല്‍ക്കുമ്പോള്‍ ഇവ്രെ തിരിഞ്ഞു നോക്കാന്‍ ആരും ഉണ്ടാകില്ല. എല്ലാം കഴിയുമ്പോള്‍ '..എന്നോടൊരു വാക്ക്‌ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍.." എന്നു പറയാന്‍ ഒരു പാട്‌ പേര്‍ കാണും.

Fri Mar 24, 04:16:00 pm IST  
Blogger ദേവന്‍ said...

സൂ,
എതാണ്ടിതുപോലെയായ ഒരു സംഭവമെനിക്കറിയാം.. ഇതു വായിച്ചപ്പോ അവരെയോര്‍ത്തുപോയി..

തുളസീ,
"എന്നോടൊരുവാക്ക്‌".. എന്ന ഭംഗിവാക്കിന്റെ കാലം കൂടെ കഴിഞ്ഞു. ഇതു "കൊക്കിലൊതുങ്ങാത്തത്‌ കൊത്താന്‍ ശ്രമിച്ചാല്‍ ഇങ്ങനെ വരും" എന്നൊക്കെ ഡയലോഗ്‌ കീച്ചി മരിച്ചവനെക്കാള്‍ കേമന്‍ താനാണെനു സ്ഥാപിക്കുന്ന കാലം

Fri Mar 24, 05:02:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

ചില നിയമങ്ങളും ആചാരങ്ങളും ഒക്കെ തിരുത്തി എഴുതാനുണ്ട്.

1. കന്യാദാനം മോക്ഷമാര്‍ഗ്ഗം

കന്യയെ ദാനം ചെയ്തോട്ടെ. പക്ഷേ കൂടെ പൊന്നും പണവും വേണമെന്ന് വാശിപിടിക്കുന്നവര്‍ക്കു വേണ്ട.കെട്ടാത്ത പെണ്ണിന്റെ ജീവിതം തുലഞ്ഞു എന്നൊന്നും വ്യാധി പിടിക്കാനും പാടില്ല.പക്ഷേ പെണ്ണിനു തന്റെ ജീവിതത്തിലെ മുന്‍‌ഗണനകളും മാറ്റിയെഴുതേണ്ടി വരും. തേന്മാവിലെ വെറും മുല്ലവള്ളിയായി ജീവിക്കാന്‍ അവള്‍ പിന്നെ സ്വപ്നം കണ്ടുകൂട.


2. സ്വര്‍ണ്ണം
3. മെക്ഡൊണാള്‍ഡ് ആസക്തി
4. അയലത്തുകാരന്റെ വീട്ടിലേതിലും മികച്ച ഗ്രാനൈറ്റും ഫ്രിഡ്‌ജും.
5. നാടോടുമ്പോള്‍ നടുവില്‍ ഓടിയാല്‍ മതി. നാട്ടുകാരില്‍ ഏറ്റവും മുന്നിലായിത്തന്നെ ഓടാന്‍ വയ്യെങ്കില്‍ അതിനുവേണ്ടി വെറുതെ ശ്വാസം കളയരുത്.

പരത്തിപ്പറയാന്‍ നേരമുണ്ടെങ്കില്‍ ഇതോരോന്നും ഓരോ വലിയ ലേഖനങ്ങളായി മാറും. അത്യാവശ്യം വാഗ്വാദങ്ങള്‍ക്കും വകുപ്പുണ്ട്.

എന്റെ ധാരണയനുസരിച്ച് ഇന്ത്യന്‍ പെണ്ണിന്റെ ഏറ്റവും വലിയ ശാപം സ്വര്‍ണ്ണമാണ്. അതവളുടെ ജനനം മുതല്‍ മരണം വരെ അവളെ പിന്തുടരുകയും ചെയ്യുന്നു. ചെകുത്താനോടുള്ള പ്രണയമാണ് അവള്‍ക്കു സ്വര്‍ണ്ണത്തോട്.
അതു പിന്നെ ആണുങ്ങളടക്കമുള്ള അവളുടെ എല്ലാ വീട്ടുകാര്‍ക്കും പകരുന്നു.
പെണ്ണിന്റെ കെട്ടഴിയണമെങ്കില്‍ ആദ്യം അവള്‍ തന്നെ ഈ സ്വര്‍ണ്ണബന്ധനം അഴിച്ചുമാറ്റണം.


ജനിച്ചുവീഴുമ്പോഴേ ശ്വാസമിറുക്കി കഴുത്തുഞെക്കിക്കൊല്ലപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളോ നിശ്ചയത്തലേന്ന് വിഷച്ചോറുണ്ടു ചാവുന്ന പെണ്ണുങ്ങളോ? ആരാണു കൂടുതല്‍ ഭാഗ്യവതികള്‍?

(പെട്ടെന്ന് എഴുതിയേ തീരൂ എന്നു തോന്നി വരഞ്ഞിട്ട വാക്കുകളാണിത്. വിഭക്തിയും ഉപപത്തികളും നോക്കിയിട്ടില്ല.)

Fri Mar 24, 05:05:00 pm IST  
Blogger Unknown said...

"കന്യയെ ദാനം ചെയ്തോട്ടെ. പക്ഷേ കൂടെ പൊന്നും പണവും വേണമെന്ന് വാശിപിടിക്കുന്നവര്‍ക്കു വേണ്ട.കെട്ടാത്ത പെണ്ണിന്റെ ജീവിതം തുലഞ്ഞു എന്നൊന്നും വ്യാധി പിടിക്കാനും പാടില്ല". വിശ്വപ്രഭയോട്‌ യോജിക്കുന്നു. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ ഒറ്റയ്യ്കു ജീവിക്കട്ടെ..

Fri Mar 24, 07:00:00 pm IST  
Anonymous Anonymous said...

ഒരിത്തിരി ശുഭാപ്തിവിശ്വാസം അതുമതിയായിരുന്നു ... ആരുടെ കാര്യത്തിലായാലും...
വിശ്വപ്രഭ പറഞ്ഞതിനോടു (ഒതുക്കിയാണെങ്കിലും) യോജിക്കുന്നു.

ബിന്ദു

Fri Mar 24, 07:36:00 pm IST  
Blogger nalan::നളന്‍ said...

മോഹന്‍ലാല് പറയണ പോലെ “സംഭവിച്ചതെല്ലാം നല്ലതിനു, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിനു“..
ഇതെല്ലാം വിധിയല്ലേ, വെറുതേ ആലോചിച്ച് തല പുണ്ണാക്കുന്നതെന്തിനാ.

Fri Mar 24, 08:49:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ജീവിത്തിന്റെ ആര്‍ക്കും വായിക്കനിഷ്ടമില്ലാത്ത ഒരേട്..
:‌|

Fri Mar 24, 09:53:00 pm IST  
Blogger ഉമേഷ്::Umesh said...

മോഹന്‍ലാലു പറഞ്ഞതോ നളാ? അതു ഭഗവദ്ഗീതയുടെ സാരമെന്നു പറഞ്ഞു വീടുകളില്‍ തൂക്കാന്‍ ആരോ ഹോള്‍സെയില്‍ പ്രൊഡക്ഷന്‍ നടത്തിയ ഒരു ഇരുമ്പുബോര്‍ഡിലെ വാക്യങ്ങളല്ലേ?

മോഹന്‍ലാല്‍ എന്നുമുതലാണു് ആദ്ധ്യാത്മികഗുരുവായതു്? അതോ അദ്ദേഹത്തിന്റെ ഏതെങ്കിലും കഥാപാത്രമാണോ?

Sat Mar 25, 01:58:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഉമേഷ്ജീ, ആ സംശയം ഈയുള്ളവനും തോന്നിയതാണ്‍.. അത് ശരിക്കും എന്താ? ഭ്ഗവദ്ഗീതയുടെ സാരം അല്ല എന്ന് വിവരമുള്ളവര്‍ പറഞു കേട്ടിട്ടുണ്ട്..

Sat Mar 25, 02:02:00 am IST  
Blogger Unknown said...

വളരെ കാലികപ്രസക്തമായ ഒരു വിഷയം ഗൌരവത്തോടെ പ്രതിപാദിച്ചിരിക്കുന്നു സു.

ബ്ലേഡും അനന്തര ദുരിതഫലങ്ങളുമാണു മുഖ്യ വിഷയമെങ്കിലും വിശ്വത്തിന്റെ ചിന്താധാരകള്‍ക്ക് അടിവരയിടുവാന്‍ കൂടിയാണു ഈ കമന്റടി.

വിശ്വം പറഞ്ഞതു പോലെ, ചില ആചാരങ്ങള്‍ (ദുരാചാരങ്ങള്‍) മലയാളിസമൂഹത്തിന്റെപുഴുത്ത തലച്ചോറില്‍ ഇപ്പൊഴും ബാക്കിയുണ്ട്. എത്ര ചികിത്സിച്ചാലും മാറാത്ത അത്തരം സാമൂഹ്യരോഗങ്ങളിലൊന്നാണു “സ്ത്രീധനം”.

ഇന്ന് ചെറുപ്പക്കാര്‍ മുന്‍പെന്നത്തേക്കാളും “ബോധവാന്മാരാണു”. അതു കൊണ്ട് തന്നെ തുറന്ന നിലയില്‍ ഒരു വിലപേശല്‍ അവരൊഴിവാക്കുന്നു. എങ്കിലും “പ്രതീക്ഷ” നിറവേറാന്‍ സാധ്യതയുള്ളിടത്തേ അവര്‍ ഇടപാടിനിറങ്ങുകയുള്ളു.

ഇനി ഒരുത്തന്‍ ഒന്നും വേണ്ടെന്ന് പറഞ്ഞാലും “നാലു പേരു കാണുന്നതല്ലേ, ഒന്നും കൊടുത്തില്ലെങ്കില്‍ മോശമല്ലേ” എന്നുള്ള ദുരഭിമാനത്തിന്റെ പേരില്‍ ഉള്ളതെല്ലാം വിറ്റും പണയപ്പെടുത്തിയും, കൈക്കൂലി വാങ്ങിച്ചും, കൊള്ളയടിച്ചും ഒക്കെ “തങ്ങളാല്‍ കഴിഞ്ഞത്” എന്ന മട്ടില്‍ സ്വര്‍ണ്ണമായും, പണമായും കൊടുക്കുന്നവരാണു ഇന്നു കൂടുതലും. ഈ ദുരഭിമാനം ഒരു സുപ്രഭാതത്തില്‍ വ്യക്തികള്‍ ഉണ്ടാക്കിയെടുക്കുന്നതല്ല, മറിച്ച് സമൂഹ്യ ചുറ്റുപാടുകള്‍ അവനെ അതിനു നിര്‍ബന്ധിതനാക്കുകയാണു. അണുകുടുംബങ്ങളായി ചുരുങ്ങി ചുരുങ്ങി പോകുമ്പോള്‍ പോലും, സമൂഹത്തിന്റെ ഇത്തരം നീരാളിപ്പിടുത്തത്തില്‍ നിന്ന് ആരും രക്ഷപെടുന്നില്ല. ഏറ്റക്കുറച്ചിലുകളോടെ, എല്ലാ തട്ടുകളിലും തട്ടിന്‍പുറങ്ങളിലും ഉള്ള മനുഷ്യരില്‍ ഈ “ജാട കാണിക്കല്‍ രോഗം” പടര്‍ന്നിരിക്കുന്നു.

ഒന്നില്‍ കൂടുതല്‍ പെണ്മക്കളുള്ള സര്‍ക്കാരുദ്യോഗസ്ഥനും, മറ്റു ജീവനക്കാരും അഴിമതിക്കാരനാകുന്നുവെങ്കില്‍ അതിന് കാരണം മറ്റെങ്ങും തിരയേണ്ടതില്ല. അവര്‍ വരാനിരിക്കുന്ന ഒരു വലിയ സാമ്പത്തിക ബാധ്യതയെ മുന്നില്‍ കണ്ട് ഒരോ നിമിഷവും ഉരുകുന്നവരായിരിക്കും.

എന്നാണു ഇതിനൊരറുതിയുണ്ടാവുക?

Sat Mar 25, 08:25:00 am IST  
Blogger രാജ് said...

ഉമേഷ്ജി,
ഭഗവദ്ഗീതയുടെ സാരമാണെന്ന വസ്തുതയെല്ലാം പണ്ട്, ഇപ്പോള്‍ ഇതൊക്കെയെടുത്തല്ലേ സിനിമാക്കാരുടെ പയറ്റ്. നളന്‍ പറഞ്ഞത് ഒരു sarcastic ടോണിലാവാനാണു സാധ്യത ;)

Sat Mar 25, 10:28:00 am IST  
Blogger myexperimentsandme said...

നളേട്ടൻ തോമായ്ക്കിട്ട് രണ്ടു കുത്തു കൊടുക്കാത്തതുകൊണ്ടാണോ ഈ കൺഫ്യൂഷ്യസ്....?

ഇനി ശനിയനും മിസ്സായോ രണ്ടുകുത്തൊരുതോമാ... അതോ കാര്യമായിട്ട്?

Sat Mar 25, 10:36:00 am IST  
Blogger myexperimentsandme said...

ശ്ഛേ.. കുളമാക്കി; തോമായല്ല, ബ്രായ്ക്കറ്റിന്റെ പകുതി.. ഹാ പോട്ടെ

സൂ, വായിച്ചു... ഒരു കൊളുത്തിവലിക്കൽ മനസ്സിൽ

പണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലും നമ്മുടെ നില മനസ്സിലാക്കാതെ അയൽ‌പക്കക്കാരനേയും സ്വന്തക്കാരേയും അനുകരിക്കാനും അവർക്കും മുകളിലെത്താനുമുള്ള ആ തോന്നലുമൊക്കെയും ഇങ്ങിനെയൊക്കെയുള്ള പ്രശ്നങ്ങൾക്ക് വളം വെക്കുമെന്ന് തോന്നുന്നു. ഒരുപാട് പേർ അനലൈസ് ചെയ്തതാണല്ലോ ഈ പ്രശ്നങ്ങൾ; പക്ഷേ നമ്മൽ പിന്നെയും ഇങ്ങിനെയൊക്കെത്തന്നെ..

നമ്മുടെ സംസ്കാരത്തെ അടുത്തറിയുക; പണത്തിനും മീതേ ഈ ലോകത്തിൽ പല കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കുക; സ്നേഹിക്കാൻ പഠിക്കുക; ഇങ്ങിനെയൊക്കെക്കൂടി ചെയ്താൽ ആ അച്ഛനോടും കുഞ്ഞിനോടും കെട്ടാൻ വന്ന വീട്ടുകാർ സ്ത്രീധനം, വീട്, കുടി ഇവയൊക്കെ യാതൊരു മടിയുമില്ലാതെ ചോദിക്കില്ലായിരുന്നു എന്ന് തോന്നുന്നു. ആ അച്ഛന് വീടിന്റെ ആധാരവുമായി നാടു നീളെ നടക്കേണ്ടിയും വരില്ലായിരുന്നു. കുറച്ചൊക്കെ ആത്‌മീയമായ ചിന്തകളും നമ്മുടെ പുരാണങ്ങളുടെയും പുരാണഗ്രന്ഥങ്ങളുടെ ശരിയായ രീതിയിലുള്ള വായനയും അങ്ങിനെ കിട്ടുന്ന ശരിയായിട്ടുള്ള അറിവുകളും, ഈശ്വരവിശ്വാസവും മനുഷ്യനെ തോന്ന്യാസങ്ങളിൽ നിന്ന് കുറെയൊക്കെ പിന്തിരിപ്പിക്കുമെന്ന് തോന്നുന്നു.

നമുക്ക് പ്രശ്നങ്ങളുണ്ട്; അതിനുള്ള പരിഹാരങ്ങളും നമ്മളിൽ തന്നെയുണ്ട്. അത് ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ ഒരുപക്ഷേ പല പ്രശ്നങ്ങൾക്കും പോംവഴി ഉണ്ടാവുമെന്ന് തോന്നുന്നു.

ഞാനാലോചിക്കുകയായിരുന്നു; ഇന്ന് കേരളത്തിൽ ഒരു കാറിന്റെ ശരിയായ ആവശ്യം എത്ര കുടുംബത്തിനുണ്ട്. ആവശ്യക്കാർക്ക് മാത്രമാണോ കേരളത്തിൽ ഇന്ന് കാറുള്ളത്? കാറു വാങ്ങിച്ച കുടുംബങ്ങളിൽ ഏതെങ്കിലുമൊക്കെ കുടുംബങ്ങൾ ആ കാറിനു വേണ്ടി അതിലും അത്യാവശ്യമായ ഏതെങ്കിലും കാര്യം കോമ്പ്രമൈസ് ചെയ്തിരുന്നോ? അതോ ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും അവർ ശരിയായി മനസ്സിലാക്കിയിരുന്നോ? (കാർ ഒരു ഉദാഹരണം മാത്രം).

Sat Mar 25, 11:01:00 am IST  
Blogger Visala Manaskan said...

നല്ല പോസ്റ്റ്. ടച്ചിങ്.
----
മകള്‍ടെ കല്യാണം മുടങ്ങളും തുടര്‍ന്ന് നടക്കാന്‍ പോയ കരച്ചിലുകളും നേരിടാനുള്ള സങ്കടംകൊണ്ട് കൂട്ട ആത്മഹത്യയിലേക്ക് നയിച്ച ഒരു അച്ഛനെ ഒരു നിലക്കും ന്യായീകരിക്കാന്‍ വയ്യ.

പ്രശ്നങ്ങള്‍ വരുമ്പോള്‍ ആളുകള്‍ ആത്മഹത്യ ചെയ്തുതുടങ്ങിയാല്‍ എങ്ങിനെയാ? ‘എല്ലാം റിപ്പെയറബിള്‍‘ എന്ന പോസിറ്റീവ് ആറ്റിറ്റ്യൂഡില്‍ കാര്യങ്ങള്‍ കണ്ട് മുന്നോട്ട്..മുന്നോട്ട്..എന്ന് പറഞ്ഞ് നീങ്ങണം.

പിന്നെ ഈ ശേഷാദ്രി ചേട്ടായിയുടെ ഭാര്യ പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പിറ്റേ ആഴ്ചയില്‍ അവരെ കെട്ടിക്കാറായില്ലല്ലോ? അതോ അദ്ദേഹത്തിന് ഇരുപത് കൊല്ലം കഴിഞ്ഞാണോ ഇവര്‍ പെണ്‍കുട്ടികളാണെന്ന് മനസ്സിലായത്??

മാതാപിതാക്കള്‍, പെണ്‍കുട്ടികള്‍ ഉണ്ടാകുമ്പോള്‍ തന്നെ, ഇവള്‍ പെണ്‍കുഞ്ഞാണെന്നും ഇവളെ പത്തിരുപത് കൊല്ലം കഴിയുമ്പോഴേക്കും കെട്ടിക്കേണ്ടിവരുമെന്നും ഇന്നത്തെ സാമൂഹിക അവസ്ഥ വച്ച് അതിന്‌ ഒരു ഫണ്ട് വേണ്ടിവരുമെന്നും മനസ്സിലാക്കി, അവനവന്റെ സാഹചര്യമനുസരിച്ച് ത്വരുക്കൂട്ടി വച്ചാല്‍... കല്യാണ സമയം ആകുമ്പോള്‍ ബ്ലേഡുകാരെത്തേടി തെക്കുവടക്ക് പറമ്പിന്റെ ആധാരവും കൊണ്ടോടേണ്ടി വരില്ല.

(ഇന്ന് ഞാന്‍ ഭയങ്കര സീരിയസ്സാണ്, എന്താണെന്നറിയില്ല.!)

Sat Mar 25, 11:24:00 am IST  
Blogger myexperimentsandme said...

വിശാലോ... സീരിയസ്സൊക്കെ ആയിക്കോ, പക്ഷേ പോസ്റ്റെങ്ങാനും സീരിയസ്സായാൽ.....

ആയാൽ..........?

സീരിയസ്സായിട്ടങ്ങ് വായിക്കും, അത്രതന്നെ...

നാട്ടിലെ പല പ്രശ്നങ്ങളും നമ്മൾ വികാരപരമായിട്ടാണ് അനലൈസ് ചെയ്യുന്നതെന്ന് തോന്നുന്നു. കടബാധ്യത മൂലം ഒരു കർ‌ഷകൻ ആത്മഹത്യ ചെയ്താൽ പത്രങ്ങളൊക്കെ ബാങ്കിനേയും എം.വി രാഘവേട്ടനേയുമൊക്കെ ചീത്ത പറയും. എന്നാൽ അയാളെ ആ സാഹചര്യത്തിലേക്ക് നയിച്ചതിൽ അയാൾക്കും സമൂഹത്തിനും എത്രമാത്രം റോളുണ്ടെന്ന് ആരും ചിന്തിക്കുന്നില്ലാ എന്ന് തോന്നുന്നു. പത്രങ്ങളുടെ ഉടനേയുള്ള ആവശ്യം ബാങ്ക് കടങ്ങളൊക്കെ എഴുതിത്തള്ളണമെന്നുള്ളതാണ്. പക്ഷേ അതാണോ പരിഹാരം? അതിനുള്ളതാണോ ബാങ്ക്?

ഒരു സാധു കർഷകൻ ആത്‌മഹത്യ ചെയ്തു. അയാൾ ഇന്നയിന്ന കാര്യങ്ങളൊക്കെയാണ് ചെയ്തത്. ഞങ്ങൾക്ക് തോന്നുന്നത് അയാൾ ഇന്നയിന്ന കാര്യങ്ങളൊക്കെ ഇന്നയിന്ന രീതിയിൽ ചെയ്തില്ലായിരുന്നുവെങ്കിൽ അയാൾക്ക് ആത്‌മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു. അതുകൊണ്ട് നാട്ടുകാരേ നിങ്ങൾ ഇന്നയിന്ന കാര്യങ്ങളൊക്കെ ഇന്നയിന്ന രീതിയിലേ ചെയ്യാവൂ എന്നൊന്നും ആരും പറയുന്നില്ലേ എന്നൊരു സംശയം.

പിന്നൊരു പ്രശ്നം, വിശാലൻ പറഞ്ഞതുപോലെ പ്ലാനിങ്ങിലാത്തയൊരു ജീവിതം. പ്ലാൻ തെറ്റാനുള്ള ഒരു പ്രധാന കാരണം, വിശ്വം പറഞ്ഞതുപോലെ നാടോടുമ്പോൾ നാട്ടാരേക്കാലും മുന്നിലോടാനുള്ള ത്വര.

Sat Mar 25, 11:37:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇപ്പറഞപോലെ മനുഷ്യന്‍ പ്ലാന്‍ ചെയ്തു ജീവിച്ചാല്‍ തെണ്ടിപ്പോയേനെ!..

Sat Mar 25, 12:59:00 pm IST  
Anonymous Anonymous said...

കൊക്കിലൊതുങ്ങാത്തത് കൊത്തിയെന്നതു ശരിതന്നെ. എങ്കിലും ഇന്ന് താരതമ്യേന കുറഞുപോയ ഒരു കാര്യമുണ്ട്‌. നമ്മുടെ സങ്കടങള്‍ നാം ആരുമായും പങ്കുവെയ്ക്കാറില്ല!ആരോടും പറയാറില്ല. പറയുന്നതുകേള്‍‌ക്കാന്‍ ആളുണ്ടോ എന്നത്‌ ചോദ്യം. എന്നിരുന്നാലും... മരണത്തിലെക്ക്‌ പോകാതെ വല്ല കച്ചിത്തുരുമ്പെങ്കിലും കിട്ടുമായിരുന്നു. ഓരോരുത്തരും ഒറ്റപ്പെട്ട തുരുത്തുകള്‍ ആക്തിരുന്നെങ്കില്‍.........-സു-

Sat Mar 25, 01:04:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

"സ്ത്രീധനം, വിവാഹച്ചെലവ്‌, നാട്ടുകാര്‍, കന്യാദാനം കൊണ്ട്‌ മാത്രം കൈവശമാക്കാന്‍ പറ്റുന്ന മോക്ഷം. എല്ലാം കൂടെ ചുറ്റും നിന്ന് അട്ടഹസിക്കുകയാണ്. പരിഹാസത്തിന്റെ ശൂലം കൊണ്ട് കുത്തിനോവിക്കുകയാണ്."
ഇതുകൊണ്ട് ഒരു ഒളിച്ചോട്ടത്തേയും ആത്മഹത്യയേയും ന്യായീകരിക്കാം.
എന്നാല്‍ കൊലപാതകത്തെ?
മറ്റുള്ളവരുടെ പ്രതീക്ഷകളെ, സ്വപ്നങ്ങളെ, ലക്‍്ഷ്യങ്ങളെ, എല്ലാത്തിനുമുപരി ജീവിക്കാനുള്ള അവകാശത്തെ കുഴിവെട്ടിമൂടാന്‍ ഒറ്റയ്ക്കെടുത്ത തീരുമാനത്തെ എങ്ങനെ ന്യായീകരിക്കും.
സംഭവിച്ചതെല്ലാം നല്ലതിനെന്നാശ്വസിക്കാന്‍ എനിക്കാവുന്നില്ല, ഇനി സംഭവിക്കാന്‍ പോകുന്ന നല്ലതുകളെക്കുറിച്ചോര്‍ക്കാനും.

Sat Mar 25, 01:23:00 pm IST  
Anonymous Anonymous said...

എന്റെ സൂ... കഥ എഴുതി ഒന്ന് വായിക്കൂ
ആദ്യം.

കഴിഞ്ഞയാഴ്ച വേണമെന്ന് ഉറപ്പ്‌ പറയാത്തതിനാല്‍ വേറെ ആര്‍ക്കോ അടിമയായ പണം,
--
പിന്നെ...

ബ്ലേഡ്‌ കമ്പനിക്കാരന്റെ അലമാരയില്‍ അപ്പോഴും ഇരി‍ക്കുന്നുണ്ടായിരുന്നു, ഒരുപാട്‌ നോട്ടുകെട്ടുകള്‍-തങ്ങളുടെ മോക്ഷവും കാത്ത്‌.


എന്തോ ഒരു ചേര്‍ച്ചക്കുറവ്‌. (തപ്പിയാലിനിയും കിട്ടും)

Sat Mar 25, 05:09:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

പ്രിയന്‍, ബ്ലേഡുകാരോടു ഇടപെടേണ്ടി വന്നിട്ടില്ല, ഉണ്ടോ? ഉണ്ടെങ്കില്‍ ഈ ചോദ്യം ചോദിക്കാന്‍ വഴിയില്ല...

അതു ചേര്‍ച്ചക്കുറവല്ല, അതാണ് പച്ചയായ സത്യം..

Sat Mar 25, 05:19:00 pm IST  
Blogger സു | Su said...

പ്രിയാ,

സു എന്നു വിളിക്കുമ്പോള്‍ എന്റെ എന്നു മുന്നില്‍ ചേര്‍ക്കണ്ട കേട്ടോ. സു എന്നു വിളിച്ചാല്‍ മതി. അതെ കഥ ഒന്നുകൂടെ വായിക്കൂ. മനസ്സിലായില്ലെങ്കില്‍ വീണ്ടും വായിക്കൂ. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പ്രിയന്‍123 ക്ക് മുന്‍പേ വായിച്ച് കമന്റ് വെച്ച 20 പേരോടും ചോദിക്കൂ. അവര്‍ നല്ല പോലെ പറഞ്ഞു തരും. ദാ ഇപ്പോത്തന്നെ ശനിയന്‍ പറഞ്ഞത് കണ്ടില്ലേ. ഇനി ഇതൊന്നും പറ്റില്ലെങ്കില്‍ ഒരു രാവുണ്ണി ഇറങ്ങിയിട്ടുണ്ട്. അയാളുടെ കൂടെ ചേര്‍ന്ന് അസൂയയ്ക്ക് മരുന്നു കണ്ടുപിടിക്കൂ.

Sat Mar 25, 05:33:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇനി മരുന്നു കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു ബ്ലോഗു തുടങ്ങി ഇതു പോലെ ചിന്തക്കു വളം വെക്കാന്‍ പറ്റിയതു കുറച്ചെണ്ണം എഴുതിയാലും മതി.

എന്തു പറയുന്നു, ബ്ലോഗരേ?

Sat Mar 25, 05:38:00 pm IST  
Blogger Sreejith K. said...

പ്രിയന്‍ ഒന്നേ രണ്ടേ മൂണ്ണേ എന്ന് പഠിച്ചു തുടങ്ങിയിട്ടല്ലേ ഉള്ളൂ, എ ബി സി ഡി, പഠിച്ചു വരുമ്പോഴേക്കും കഥ മനസ്സിലായിക്കൊള്ളൂം. പാവമല്ലേ, വിട്ടേര്, വിജയരാഘവന്‍ രാവണപ്രഭുവില്‍ പറഞ്ഞ പോലെ “കൊല്ലണ്ട”.

കഥ നന്നായി. എന്നാലും ഒരു സംശയം ബാക്കി നില്‍ക്കുന്നു. ബ്ലേഡ്‌ കമ്പനിക്കാരന്‍ എന്തുകൊണ്ടായിരി‍ക്കാം വീടിന്റെ ആധാരം തിരസ്കരിച്ചത്?

Sat Mar 25, 05:40:00 pm IST  
Anonymous Anonymous said...

MCA പടിച്ച ശ്രീജിത്തിനും സംശയം. ബ്ലേട്‌ പൈസ കൊടുത്തില്ലാന്ന് സൂ.
പൈസയില്ലാന്നു സു, പൈസ മോക്ഷം കാത്തിരുന്നു , പിന്നേയും സു.

ആധാരമുണ്ടെങ്കില്‍ അത്‌ എന്ത്‌ കൊണ്ട്‌ അവരു വാങ്ങിയില്ലാ? ശേഷാദൃീടെ നാട്ടില്‍ സഹകരണസംഖം ബാങ്ക്‌ ഉണ്ടാവില്ലേ?

Sat Mar 25, 06:12:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇപ്പോ ഉറപ്പായി, പ്രിയപ്പെട്ട പ്രിയന്‍ അവരോട് ഇടപെട്ടിട്ടില്ലാ എന്ന്..

പിന്നെ, സംശയം ചോദിക്കാന്‍ MCA വേണ്ട. ശ്രീജിത്ത് ചോദിച്ചത് പറയാതെ വിട്ടതിനേക്കുറിച്ചാണ്, അല്ലാതെ പൈസ കൊടുക്കാതിരുന്നതിനെക്കുറിച്ചല്ല.

ചോദ്യം ചോദിക്കാ‍നായി ചോദ്യം ചോദിക്കുന്ന സ്കൂള്‍ പിള്ളേരുടെ സ്വഭാവം കാണിക്കല്ലേ മാഷേ.. ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കാതെ ബ്ലോഗു തുടങൂ, എഴുതൂ..

(വെറുതേ വീട്ടിലിരിക്കുമ്പോള്‍ വിളിതോന്നി ചന്തയിലേക്കോടി കാശുകൊടുത്ത് ചൂരല്‍ വങി, തിരിചു വരുന്ന വഴി അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ നിക്കുന്ന പോലീസിന്റെ മുമ്പില്‍ വെച്ച് വടിപൊക്കി വീശി നോക്കിയ പോലെ..)

Sat Mar 25, 06:48:00 pm IST  
Anonymous Anonymous said...

test

Sun Mar 26, 12:58:00 am IST  
Blogger Sreejith K. said...

പ്രിയാ, കാശു ബ്ലേഡുകാരന്‍ കൊടുക്കാതിരുന്നത് അയാ‍ളുടെ കയ്യില്‍ ഇല്ലാതിരുന്നിട്ടല്ലാന്നും, അതു അയാല്‍ മറ്റൊരാള്‍ക്ക് കൊടുക്കാമെന്ന് ഏറ്റതുകൊണ്ടാണെന്നും, അതിപ്പോഴും അയാളുടെ അലമാരക്കുള്ളില്‍ ഉണ്ടെന്നും ഊഹിക്കാന്‍ താല്പര്യമില്ലങ്ങിട്ടാ‍ണോ അതോ അതിനുള്ള വിവരം ഇല്ലങ്ങിട്ടാണോ?

ഞാന്‍ MCA ക്കാരന്‍ ആണെന്ന് ഊഹിച്ചതല്ലല്ലോ? നേരത്തേ അറിയാം എന്നെ, അല്ലേ? പിന്നെന്തിനാ ഈ കള്ളപ്പേരില്‍ എഴുതുന്നത്? പരിഹസിക്കാന്‍ ആത്മവിശ്വാസം പോര അല്ലേ? കഷ്ടം.

Sun Mar 26, 09:28:00 am IST  
Blogger ദേവന്‍ said...

ആകെ കണ്‍ഫ്യൂസ്തിക്കോഷ്യസ്‌ ആയോ?

കാശിന്റെ വിലയെക്കുറിച്ച്‌money is worth what money can buy എന്നാണു കെയിനീഷ്യന്‍ തീയറി (ഉച്ചാരണവിദഗ്ദ്ധര്‍ അടിക്കാന്‍ വരല്ലേ, എനിക്കു തനി മലബാറി ആക്സന്റ്‌ ആണ്‌ സഹി, ക്ഷെമി) മ്മടെ ആദി ശേഷാദ്രി അണ്ണനെ മരണത്തീന്നു രക്ഷിക്കാനുള്ള വില അലമാരീലെ കാശിനു ഇല്ലാതെ പോയ സ്ഥിതിക്ക്‌ ഇനിയൊരാവശ്യം വരുന്നതുവരെ അതടിച്ച തുണ്ടു പേപ്പറിനെക്കാള്‍ വലിയ വിലയൊന്നുമില്ല . അങ്ങനെ കല്ലായിപ്പോയ (കല്ലായി എന്ന സ്ഥലത്തു പോയതല്ല, പാറക്കഷണമായ) അഹല്യേടത്തിയെക്കണക്ക്‌ പേപ്പറായിപ്പോയ നോട്ടുകെട്ടുകള്‍ മോക്ഷം കാത്തിരിക്കുന്നെന്നാണ്‌
സൂ പറഞ്ഞത്‌.

Sun Mar 26, 09:53:00 am IST  
Blogger Cibu C J (സിബു) said...

അറേഞ്ച്ഡ്‌ മാരേജ്‌, സ്ത്രീ-പുരുഷസമത്വം, സ്ത്രീധനമില്ലായ്മ എന്നിവ ഒരേസമയം ശരിയാകാമോ?

അറേഞ്ച്ഡ്‌ മാരേജില്‍ അപരിചിതരായ രണ്ടു വ്യക്തികളും രണ്ട്‌ കുടുംബങ്ങളുമാണ്‌ പങ്കുകാരാവുന്നത്‌. സ്ത്രീ-പുരുഷസമത്വം ശരിയാണെങ്കില്‍ വിവാഹത്തിനുമുമ്പ്‌ അവരൊരുപോലെ റിസോഴ്സസ്‌ മേശമേല്‍ വയ്ക്കുന്നതാണതിന്റെ ശരി. അപ്പോള്‍ വരന്‌ ജോലിയുണ്ട്‌, വധുവിനില്ലെങ്കില്‍, പങ്കിലുള്ള വ്യത്യാസം നികത്താനായി വധുവിന്റെ കുടുംബത്തിന്‌ ഒരു ഫിക്സഡ്‌ ഡെപോസിറ്റ്‌ നല്‍കേണ്ടിവരുന്നു. അതായത്‌ സ്ത്രീധനം.

ഇന്നത്തെ കാലത്ത്‌, ഏതാണ്ടൊരുപോലെയുള്ള സാമ്പത്തിക ശേഷിയും വിദ്യാഭ്യാസയോഗ്യതയും ഉള്ളവര്‍തമ്മിലാണ്‌ വിവാഹമെങ്കില്‍, വരനും വധുവും തമ്മിലുള്ള വരുമാനം/ആസ്തി എന്നിവയിലുള്ള വ്യത്യാസം ഉണ്ടാക്കുന്നത്‌ അവരുതമ്മിലുള്ള പ്രായവ്യത്യാസം മാത്രമാവും.

ലൌ മാരേജിലോ, വിവാഹശേഷമോ, രണ്ടുപേരും തമ്മിലുള്ള വ്യക്തിബന്ധത്തിനാണ്‌ മുന്‍തൂക്കം എന്നുള്ളത്‌ കൊണ്ട്‌ സമ്പത്തികവ്യത്യാസങ്ങളൊന്നും കാര്യമല്ല താനും.

Sun Mar 26, 12:01:00 pm IST  
Blogger അതുല്യ said...

മറ്റുള്ളവര്‍ എന്ത്‌ കരുതുമ്ന്ന് കരുതി, അല്ലെങ്കില്‍ എന്റെ കൈൈയ്യില്‍ ഇന്നതുണ്ട്ന്ന് നാട്ടുകാരെ കൊണ്ട്‌ പറയിയ്കുവാന്‍, അവനവന്റെ പോക്കറ്റിലുള്ളതും, കിട്ടാവുന്ന കടവും,(കൊടുക്കെണ്ടാത്ത കടവും) ഒക്കെ വാങ്ങി, സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന ത്വര എന്നു ഇല്ലാതാവുന്നുവോ, അന്ന് മാത്രമേ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാവൂ. ഏേട്ടന്റെയും, അനിയന്റെയും ഒക്കെ മക്കളേ കൊമ്പത്ത്‌ കെട്ടിച്ചു കൊടൂക്കുമ്പോ, തനിക്കും വേണമ്ന്ന് കരുതി, കൊമ്പില്‍ കേറാന്‍ നിക്കുമ്പോ, അത്‌ പൊട്ടിവീഴാന്‍ അധിക നേരം ഒന്നും വേണ്ടല്ലോ. പെണ്‍കുട്ടികളും, (പഠിച്ചവര്‍ വരെ) ചേച്ചിയ്ക്‌ "ഇത്ര" കൊടുത്തപ്പോ, എനിയ്ക്‌ അതില്‍ കൂടുതല്‍ വേണം, വല്ല്യച്ചന്റെ മോള്‍ക്‌ അതില്‍ അധികം കൊടുത്തില്ലെ, അവര്‍ എന്തു കരുതുമ്ന്ന് ഒക്കെ കരുതി മുഖം വിര്‍പ്പിച്ചു, മാതാപിതാക്കളെ കൊണ്ട്‌ "ക്ഷ" വരപ്പിയ്കുന്നു. കല്ല്യാണമെന്നാല്‍, സ്വര്‍ണ്ണം അല്ലെങ്കില്‍ സാരി, (ജയലക്ഷ്മി, കൊച്ചിയില്‍, 1.50 ലക്ഷത്തിന്റെ മൂന്ന് സാരി വാങ്ങിയവരെ എനിക്കറിയാം), സദ്യയും ഒക്കെയാണു എന്ന ഒരു സങ്കല്‍പം മാറിയാ ഒരു പരിധി വരെ ശേഷാദൃികളെ ഇല്ലാതാക്കാം. -സ്ത്രീ-പുരുഷനെ വിവാഹത്തില്ലൂടെ ഒരു കൂരയ്ക്‌ കീഴെ നിര്‍ത്താന്‍ ഇതാവശ്യമോ? ഇതിന്റെ ഒക്കെ മോടി കുറച്ച്‌ കഴിഞ്ഞ്‌ ഹൃദയത്തിനകത്തില്ലാതാവുമ്പോ, കഷ്ടപെട്ട്‌ കെട്ടിച്ച കടം പോലും വീട്ടുന്നതിനു മുമ്പ്‌ ഇവര്‍ കോടതി കയറും, ആ ചിലവു വേറെ, പുതിയ തലമുറയുടെ ഭാഷയെങ്കില്‍, കമ്പാറ്റബിലിറ്റി ശരിയായില്ലാന്ന് കൂളായി ഇവര്‍ പറയുന്നു. (ഇപ്പോ ഈടയായി,പറയുന്നതു കേട്ടു, കല്ല്യാണം കഴിഞ്ഞവര്‍ക്ക്‌ സുഖമാണോന്ന് ചോദിച്ചപ്പോ, മൂന്ന് മാസം ട്രയല്‍ പിരീടാണു പോലും).

പ്രശനപരിഹാരം, വിവാഹത്തിനു തീരുമാനിയ്കുമ്പോള്‍, പഠിച്ച പെണ്‍കുട്ടികളെങ്കിലും, സ്വര്‍ണ്ണം സാരി, സദ്യ എന്നിവയുടെ അതി പ്രസരം ഒഴിവാക്കി, അല്ലെങ്കില്‍ തീരേ വേണ്ടാന്ന് വച്ച്‌, മാത്രുകയാവവുക. സിബു പറഞ്ഞപോലെ,
ഒന്നിച്ചു താമസിച്ചു തുടങ്ങുമ്പോള്‍, മാനസീക ഐക്യത്തിനു അലമാരയിലിരിയ്കുന്ന ഈ വസ്തുക്കള്‍ ഒരിയ്കലും ഉതകില്ല. ശേഷാദൃികള്‍ കുറയട്ടെ.

Sun Mar 26, 01:29:00 pm IST  
Blogger സു | Su said...

വായിച്ചവര്‍ക്കും അഭിപ്രാ‍യം പറഞ്ഞവര്‍ക്കും നന്ദി.

ആധാരം എന്തിനാണ് അയാള്‍ തിരസ്കരിച്ചതെന്ന ശ്രീജിത്തിന്റെ ചോദ്യത്തിന്റെ ഉത്തരം.

“പാവപ്പെട്ട ഒരാളും ചെന്നാല്‍ ബ്ലേഡ് കമ്പനിക്കാര്‍ പോയിട്ട്, ജനങ്ങള്‍ക്ക് വേണ്ടി എന്നും പറഞ്ഞ് പ്രവര്‍ത്തിക്കുന്ന ബാങ്ക്‌കാരു പോലും പണം കൊടുക്കാന്‍ തയ്യാറാവില്ല. കാരണം ഇതൊക്കെ എഴുതിത്തള്ളാന്‍ ഉള്ള കടങ്ങളില്‍പ്പെടും എന്ന് അവര്‍ക്ക് നല്ലപോലെ അറിയാം. കിട്ടുന്നത്രേം പൈസ വാങ്ങിക്കൊണ്ടുപോയി, ചോദിക്കുന്നത്രേം പലിശയും കൂട്ടി പറഞ്ഞ സമയത്തിന് തിരിച്ചുകൊടുക്കാന്‍ ആള്‍ക്കാരുള്ളപ്പോള്‍, വിളകള്‍ ഒന്നും ഇല്ലാത്ത പറമ്പിന്റേയും പഴയൊരു പൊളിഞ്ഞു വീഴാന്‍ ആയ വീടിന്റേയും ആധാരം സ്വന്തം അലമാരയില്‍ സൂക്ഷിക്കാന്‍ ആരും തയ്യാറാവില്ല. അതിനു കടം കൊടുക്കുന്ന പൈസയേക്കാള്‍ എളുപ്പം തിരിച്ചുവരുന്ന കൊള്ളപ്പലിശയ്ക്ക് പോകുന്ന പണത്തിനാണ് ബ്ലേഡ് കമ്പനിക്കാര്‍ താത്പര്യപ്പെടുകയുള്ളൂ.

ഈ കഥയില്‍ പൈസ വേറെ ആള്‍ക്ക് കൊടുത്തുപോയി എന്ന ഒറ്റ കാരണമേ തിരസ്കരിക്കപ്പെട്ട ആധാരം എന്ന വാചകത്തിന് അര്‍ഥമുള്ളൂ.

ചോദ്യത്തിന് നന്ദി.:)

പ്രിയന്‍123യുടെ നാടകം തിരശ്ശീല വീണോ? അതോ ഇപ്പോഴും നടക്കുന്നുണ്ടോ? ബാക്കിയുള്ള ബ്ലോഗുകളുടെ ഒക്കെ അഡ്രസ്സ് വേണോ? അവിടെയൊക്കെ പോയി ചോദ്യം ചോദിച്ചാല്‍ തടി കേടാകും അല്ലേ?

Sun Mar 26, 02:50:00 pm IST  
Blogger nalan::നളന്‍ said...

ഇത്രയും പേര്‍ തല പുണ്ണാക്കിചിന്തിച്ചതില്‍ നിന്നും വിധിയെന്നത് ശുദ്ധ തട്ടിപ്പാണെന്നു ബോധ്യമായി, ഉമേഷണ്ണാ, ഞാനിത്രയേ ഉദ്ദേശിച്ചുള്ളൂ.

Sun Mar 26, 03:01:00 pm IST  
Blogger Chathunni said...

Hi su,
This one is elegant and powerful.
kudos..:-)

sasneham,
chathunni.

Mon Apr 17, 02:52:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home