Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, March 31, 2006

രോഹന്റെ പ്രണയം

“കുമാരീ... എന്‍ നെഞ്ച്‌ വിമ്മി വിമ്മി പമ്മി നിക്ക്ത്‌ കുമാരീ,
എന്‍ കാതല്‍ സിക്കി വിക്കി മുക്കി നിക്ക്‍ത്‌ കുമാരീ...”

രോഹന്‍ രാവിലെ തന്നെ ടെറസ്സില്‍ നിന്ന് സാധകം തുടങ്ങി. ആ കോളനിയില്‍ പുതുതായി താമസത്തിനു വന്ന താരയെ കേള്‍പ്പിക്കുകയാണ് മുഖ്യ ഉദ്ദേശം. ശാരീരം നന്നായില്ലെങ്കിലും ശരീരം കേടാവുന്ന ജോലിയാണെന്ന് അവനറിയാഞ്ഞിട്ടല്ല.

പക്ഷെ വന്നു ഭവിച്ചു. അതു തന്നെ. പ്രണയം. പ്രണയം വരുന്നതും, സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ പോയ ഭാര്യ തിരിച്ചു വരുന്നതും ഒരു പോലെയാണെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ട്‌. ആദ്യം നല്ല സ്വീകരണം, ഉത്സാഹം, ആകാക്ഷ ഒക്കെയുണ്ടാവും. പിന്നെപ്പിന്നെ അതൊക്കെ ചൂടാക്കാന്‍ വെച്ച ഫ്രൈയിംഗ്‌ പാനിലെ വെള്ളത്തുള്ളിപോലെ അപ്രത്യക്ഷമാവും.

പക്ഷെ രോഹന് വേറെ ചോയ്‌സ് ഇല്ല. ആ കോളനിയിലെ പെണ്‍കിടാങ്ങള്‍ മുഴുവന്‍ അവനെ രക്ഷാബന്ധന്‍ കെട്ടിക്കൊടുത്ത്‌ സഹോദരന്‍ ആയി പ്രഖ്യാപിച്ച്‌ വെച്ചു. ഇനി ഈയടുത്ത്‌ വന്ന താരയേ ഉള്ളൂ ഏക ആശ്രയം. അങ്ങനെയാണ് പാട്ടുകച്ചേരി തുടങ്ങുന്നത്‌. ദിവസവും കോളേജില്‍ പോകുന്നതിനുമുന്‍പ്‌.

താരയുടെ അച്ഛന്‍ കേണല്‍ താമരാക്ഷന്‍. പരമവീരചക്രം കിട്ടാതെ രക്ഷപ്പെട്ട്‌ , കിട്ടുന്ന ചക്രവും വാങ്ങി സസുഖം കഴിയുന്ന ആള്‍. കേണല്‍ എന്ന് കേട്ട്‌ പേടിക്കാനൊന്നുമില്ല. കൃഷ്ണന്‍കുട്ടി നായരുടെ ജനറല്‍ ബോഡിയും സുരേഷ് ഗോപിയുടെ സ്റ്റൈല്‍ ഡയലോഗും ഉള്ള ഒരാള്‍. ഡയലോഗിന് അവസരം കൊടുക്കാത്തിടത്തോളം അദ്ദേഹത്തെ സഹിക്കാം. അല്ലെങ്കില്‍ ഞാന്‍ കാര്‍ഗിലില്‍ ഉണ്ടായിരുന്ന സമയത്ത്‌, എന്നു അദ്ദേഹം പറഞ്ഞു തുടങ്ങിയാല്‍ , നമ്മളും അവിടെ ഉണ്ടാവുന്നതായിരുന്നു ഇതിലും ഭേദം എന്ന് തോന്നും.

അദ്ദേഹത്തിന്റെ പത്നീരത്നം രതീദേവി. അതുകൊണ്ടാണ് താരയുടെ നാമധേയം എളുപ്പമായത്‌. താരയുടെ അച്ഛനമ്മമാര്‍ നാരായണനും യമുനയും ആവാഞ്ഞത്‌ നാട്ടുകാരുടെ ഭാഗ്യം. താര അതിസുന്ദരി, പഠിപ്പുകാരി. രോഹന്റെ കോളേജില്‍ത്തന്നെ ജൂനിയര്‍ ആയിട്ടാണ് പോക്ക്‌.

വേറെ വല്ല രാവണന്മാരും പുഷ്പകവിമാനത്തില്‍ കയറ്റുന്നതിനുമുന്‍പ്‌ രാമന്‍ ആവാനാണ് രോഹന്റെ ശ്രമം. അതുകൊണ്ട്‌ പാട്ടു തന്നെ പാട്ട്. താര കേട്ടില്ലെങ്കിലും ചിലപ്പോള്‍ രോഹന്റെ സൌണ്ട് ക്ലിയര്‍ ആയിപ്പോവും.

“കുമാരീ നെഞ്ച്‌ വിമ്മിവിമ്മി പമ്മി.....”
“ടാ...”
മമ്മി!
രോഹന്‍ ഞെട്ടി.! അവന്‍ ഒന്ന് ചമ്മിയെങ്കിലും ഉടനെ അഡ്‌ജസ്റ്റ്‌ ചെയ്തു. കാരണം ഒരു പത്തൊമ്പതുകാരന്റെ ഭരണഘടനയില്‍ പാട്ടു പറഞ്ഞിട്ടുണ്ട്‌. പക്ഷെ സ്വന്തം അമ്മയോട്‌ എതിര്‍ത്ത്‌ നില്‍ക്കണം എന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ വണ്ടി വിട്ടു. കോളേജിലേക്ക്‌. ഇനി താരാദര്‍ശനം അവിടെയാവാം.

രാത്രി അത്താഴവും കഴിഞ്ഞിരിക്കുമ്പോഴാണ് രോഹനു താരദര്‍ശനം ആയാലോയെന്ന് തോന്നിയത്‌. റോഡില്‍ക്കൂടെ കോളനിയിലെ ആര്‍ക്കും തെക്കും വടക്കും നടക്കാം. പക്ഷെ കോളനിക്കാര്‍ പട്ടിയേം പൂച്ചയേം പുറത്തിറക്കുന്നതുപോലും സീരിയല്‍ സമയം നോക്കിയിട്ടാണ്. അതുകൊണ്ട്‌ തന്നെ വിജനമാണ് കോളനി റോഡ്‌. രോഹന്‍, കേണലിന്റെ വീട്ടിന്റെ ഗേറ്റിന്റെ അടുത്ത്‌ പോയി നിന്നു. ആരെങ്കിലും വരുമ്പോള്‍ മാത്രം നടത്തം മതിയല്ലോ. താര മുറ്റത്തുകൂടെ അന്നനടനം നടത്തുന്ന സമയം ആണതെന്ന് അവനറിയാം.

രോഹന്‍ താരാദര്‍ശനത്തിനു ഇറങ്ങിയതും കള്ളന്‍ വേലു ഫീല്‍ഡ്‌ വര്‍ക്കിനിറങ്ങിയതും ഒരേ സമയത്ത്‌ ആയിപ്പോയി. വേലു പതുക്കെപ്പതുക്കെ ഒരു സൈഡില്‍ ഒഴിഞ്ഞു കിടക്കുന്ന വെളിച്ചമില്ലാത്ത സ്ഥലത്തുനിന്നാണ് കേണലിന്റെ വീട്‌ നിരീക്ഷിച്ചത്‌. കള്ളന്മാര്‍ക്ക്‌ എന്ത്‌ കേണല്‍? ആ അരണ്ട വെളിച്ചത്തില്‍, വേലു മതിലില്‍ എഴുതിയിരിക്കുന്നത്‌ തപ്പിത്തടഞ്ഞു വായിച്ചു. 'മതിലില്‍ തപ്പരുത് ' -നൂറ് ശതമാനം സാക്ഷരതയ്ക്ക് നന്ദി- . ‘അല്ലെങ്കില്‍ എന്തിരിക്കുന്നു ഈ മതിലില്‍ തപ്പാന്‍.’ വേലു നീട്ടിയൊരു തുപ്പ്‌ വെച്ചുകൊടുത്തു. വീട്ടിന്റെ പൂമുഖത്തേക്ക്‌ നോക്കിയപ്പോള്‍ ഒന്നാം റൌണ്ട്‌ കഴിഞ്ഞ്‌ ടച്ചപ്പ്‌ നടത്താന്‍ ഇരിക്കുന്ന ഗുസ്തിക്കാരനെപ്പോലെ ഒരു രൂപത്തെ ചാരുകസേലയില്‍ വെച്ചിട്ടുണ്ട്‌. ഇയാള്‍ക്കൊക്കെ ഒരു 9 മണിയാവുമ്പോള്‍ കിടന്നുറങ്ങിക്കൂടെ എന്ന് വേലു വിചാരിച്ചു. വീക്ഷണം കഴിഞ്ഞ്‌ മതിലില്‍ പിടിച്ച്‌ കയറി. കയറിയതും കേണലിന്റെ പട്ടാളമൂക്ക്‌ വേലുവിനെ മണത്തു. ചാടിയെണീറ്റ്‌ ആരാ അവിടെ എന്നൊരു അലര്‍ച്ച. വേലു ഞെട്ടി മതില്‍ നിന്ന് ഒരു ചാട്ടം. പരിഭ്രമത്തില്‍ ഓടിയത്‌ വെളിച്ചമുള്ള റോഡിലേക്ക്‌. രോഹനും ഞെട്ടി. അവന്‍ വേലു വരുന്ന സൈഡിലേക്ക്‌ ഓടി. വേലു അടുത്തെത്തിയതും സിനിമയില്‍ വേര്‍പിരിഞ്ഞു പോയ സഹോദരന്മാര്‍ പിന്നീട്‌ കാണുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കുന്ന പോലെ രോഹന്‍ അയാളെ കെട്ടിപ്പിടിച്ചുംകൊണ്ട്‌ അയാളുടെ ഒക്കത്തിരുന്നു. വേലു നോക്കുമ്പോഴുണ്ട്‌, മൈക്കല്‍ ജാക്സന്റെ സ്വരത്തില്‍ കുരച്ചുംകൊണ്ട്‌ ഒരു വലിയ ഫോറിന്‍ പട്ടി രോഹന്റെ പിന്നില്‍. വേലുവും വരുന്നിടത്തുവെച്ച്‌ കാണാം എന്ന തീരുമാനത്തില്‍ കണ്ണടച്ചു രോഹനെ കെട്ടിപ്പിടിച്ചു. അവരുടെ സ്നേഹപ്രകടനം കണ്ട്‌ കോരിത്തരിച്ച പട്ടി തന്റെ ഡോള്‍ബി സിസ്റ്റം ഓഫ് ചെയ്ത് , തിരിച്ച്‌ കേണലിന്റെ വീട്ടിലേക്ക്‌ പോയി. കേണലും കുടുംബാംഗങ്ങളും ഗേറ്റില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ വേലുവും രോഹനും കെട്ടിപ്പിടുത്തം നടത്തി. വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യന്‍ പ്രതിനിധിയും പാക്കിസ്ഥാന്‍ പ്രതിനിധിയും ഇതേപോലെയാണല്ലോ കെട്ടിപ്പിടിക്കുന്നത്‌ താന്‍ കണ്ടിട്ടുള്ളത്‌ എന്ന ഓര്‍മയില്‍ കേണലും ഉള്‍പ്പുളകം കൊണ്ടു. ഇവരെ കിട്ടിയിരുന്നെങ്കില്‍ നാലു വീരകഥ പറയാമായിരുന്നല്ലോ എന്നോര്‍ത്തു. പക്ഷെ കുടിയന്മാരല്ലേ, അവരിങ്ങോട്ട്‌ പറയുന്നതും കേട്ട്‌ താനിരിക്കേണ്ടി വരും എന്ന തോന്നലില്‍, കേണല്‍, വീട്ടിലേക്ക്‌ ഭാര്യാ,പുത്രീ, പട്ടീ സമേതനായിട്ട്‌ തിരിച്ചു കയറി. അമ്പരപ്പില്‍ നിന്നുണര്‍ന്ന രോഹനും വേലുവും വേറേ വേറെ വഴിയ്ക്ക്‌ വെച്ചു പിടിച്ചു. രോഹന്‍ മുകളിലെ താരകളെ കണ്ട്‌ തൃപ്തിപ്പെട്ടു. വേലു ഒരു ദിവസം പാഴായതില്‍ ദുഃഖിച്ചു.

പട്ടിയെ പരിചയപ്പെടാത്തതില്‍ നിരാശ തോന്നിയ രോഹന്‍ ഏതൊരു പെണ്ണിനെ കണ്ടാലും അവളുടെ വീട്ടില്‍ പട്ടിയുണ്ടോ എന്ന് ആദ്യം ചോദിച്ചു തുടങ്ങി. അതിനെ ആദ്യം പരിചയപ്പെട്ടിട്ട് മതി പ്രണയം എന്ന് തീരുമാനിച്ചു. വേലുവാണെങ്കില്‍ പ്രേമത്തിന് സാദ്ധ്യതയുള്ള വീടുകള്‍ ഒഴിവാക്കിപ്പിടിച്ച് വേലയ്ക്കിറങ്ങി.

21 Comments:

Anonymous Anonymous said...

ശ്ശോ... എനിക്കു വയ്യായേ...(വക്കാരി സ്റ്റെയില്‍)
ഇതു അയല്‍വക്കത്തു നടന്ന കഥയാണോ സു??

ബിന്ദു

Fri Mar 31, 08:36:00 PM IST  
Blogger ഉമേഷ്::Umesh said...

കൊള്ളാം. പഴയ സൂ തിരിച്ചുവന്നല്ലോ!

താമരാക്ഷ-രതീദേവിമാര്‍ക്കും നാരായണ-യമുനമാര്‍ക്കും കൂട്ടായി കുട്ട്യേടത്തി പറഞ്ഞ വേലായുധ-ശ്യാമളമാരെയും കൂട്ടാം. ഒരു മാധവ-കൃഷ്ണമ്മ ദമ്പതികളെ ഏതോ സ്റ്റേജ് ഷോയില്‍ കേട്ടതും ഓര്‍മ്മ വരുന്നു. (കൃ എന്നതു് വരമൊഴി സ്റ്റൈലില്‍ kri എന്നെഴുതണം.)

:-)

Fri Mar 31, 08:52:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

“'മതിലില്‍ തപ്പരുത് ' -നൂറ് ശതമാനം സാക്ഷരതയ്ക്ക് നന്ദി- . ‘അല്ലെങ്കില്‍ എന്തിരിക്കുന്നു ഈ മതിലില്‍ തപ്പാന്‍.’ വേലു നീട്ടിയൊരു തുപ്പ്‌ വെച്ചുകൊടുത്തു“

കൊള്ളാം സൂ, രസിച്ച് വായിച്ചു.

Fri Mar 31, 09:44:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ... സു തിരിച്ച്‌ വന്നേ..

കഴിഞ്ഞ രണ്ട്‌ ബ്ലോഗ്‌ വായിച്ചപ്പോള്‍ സു വാനപ്രസ്ഥത്തിനിറങ്ങിത്തിരിക്കാന്‍ പോവുകയാണെന്ന് വിചാരിച്ചതാ

Fri Mar 31, 10:46:00 PM IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇത്തരം ഒരു സംഭവം നേരിട്ടറിയാം.. കൂട്ടിയിടിച്ചു വീണ കള്ളന്റ്റെ മേലെ വീണ്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ഒരു കഥാപാത്രത്തേയും. പക്ഷേ അദ്ദേഹം ‘താര ദര്‍ശനം’ നടത്താനല്ല, മറിച്ച് മറ്റെ പറമ്പില്‍ പോയ ക്രിക്കറ്റ് പന്ത് ‘ഇനി പറമ്പീക്കേറിയാ നിന്റെ കയ്യും കാലും വെട്ടും‘ എന്ന് ഭീഷണിപ്പെടുത്തിയ വീട്ടുകാരന്‍ കാണാതെ രാത്രി എടുക്കാന്‍ പോയതാണെന്ന് ഭാഷ്യം.. അങ്ങോര്‍ വീട്ടിലെ ചില്ല്‍ ഒരു മാസത്തില്‍ നാലു തവണ മാറ്റിയത്രേ!

:-)

Fri Mar 31, 10:57:00 PM IST  
Anonymous reshma said...

ithu frying panile veLLathuLLi alla, imperial bakeryile halwa thanne!

Fri Mar 31, 11:02:00 PM IST  
Blogger ദേവന്‍ said...

കഥ കലക്കി, സൂ.
സാക്ഷരതാ ക്ലാസെടുത്ത ഓര്‍മ്മകള്‍ എനിക്കൊരുപാടുണ്ടേ.. അതെല്ലാം ഇരുന്നോര്‍ക്കുകയാ..
(ഓ ടോ. വേലായുധ-ശ്യാമമാര്‍ക്ക്‌ കൂട്ട്‌ മാത്യുവും ക്രിസ്റ്റീനയുമാ . വേണേല്‍ ആ ഷിബുവിനേം റ്റീനേം കൂടേ വിളിക്കാം.)

Fri Mar 31, 11:11:00 PM IST  
Blogger സന്തോഷ് said...

കഥ വായിച്ച് രസിച്ചു. മാനേജര്‍ അവധിയിലായതിനാല്‍ “വേലായുധ-ശ്യാമള” സ്റ്റൈല്‍ പേരുകളാലോചിച്ചു സമയം കളഞ്ഞു. ഒരു ചോദ്യം സൂ: നായകന്മാര്‍ക്ക് എപ്പോഴും ‘രോഹന്‍’ തുടങ്ങി കാതിനിമ്പമുള്ള പേര്, കള്ളന്മാര്‍ക്ക് പലപ്പോഴും എന്‍റെ അപ്പൂപ്പന്‍റെ പേരും. ഇതത്ര ശരിയല്ല, കേട്ടോ!

സസ്നേഹം,
സന്തോഷ്

Sat Apr 01, 12:54:00 AM IST  
Blogger പെരിങ്ങോടന്‍ said...

സന്തോഷ് അതിന്റെ രഹസ്യം അറിയില്ലേ? സൂ ഹിന്ദി സിനിമകളുടെ ആരാധികയാണു്. നായകന്മാര്‍ക്കു പേര് അവിടെ സുലഭം. കള്ളന്മാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും ഹിന്ദിയില്‍ കടിച്ചാല്‍ പൊട്ടാത്ത പേരുള്ളതുകൊണ്ടാവാം ഒരു സാധാ വേലുവില്‍ ഒതുക്കിയതു്.

Sat Apr 01, 02:36:00 AM IST  
Blogger യാത്രാമൊഴി said...

സു,
ഇതു വായിച്ചപ്പോള്‍
എനിക്കു “ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രിറ്റ്” ഓര്‍മ്മ വന്നു. കരിയൊക്കെ വാരി തേച്ച് കള്ളനാകുന്ന ശ്രിനിവാസനും, കാമുകനായ അശോകനും, പിന്നെ ആ കോളനിയും ഒക്കെ..

Sat Apr 01, 07:07:00 AM IST  
Blogger nalan::നളന്‍ said...

“വേലായുധ-ശ്യാമള” , ഹ ഹ ..“നാരായണ-റീന“...

Sat Apr 01, 08:13:00 AM IST  
Blogger ചില നേരത്ത്.. said...

പാവം രോഹന്‍, എന്നെ പോലെ തന്നെ. വാച്ച് മാന്‍ വേലു ;) അറിയുന്നില്ലല്ലോ ഹൈദരാബാദുകാരി താരയെ തിരഞ്ഞൊരാള്‍ പടിവാതില്‍ക്കല്‍ കാത്ത് നില്‍പ്പുണ്ടെന്ന്.
(ഓഫ്‌ടോപിക് : പ്രണയത്തിന്റെ സെക്കന്റ് സ്റ്റെപ്പിനെ കുറിച്ച് അറിയുവാന്‍ താല്പര്യപ്പെടുന്നു.)

Sat Apr 01, 10:31:00 AM IST  
Blogger സു | Su said...

ബിന്ദു :) ഇത് മനസ്സില്‍ നടന്ന കഥയാ.

ഉമേഷ് :)
വക്കാരീ :)
കുഞ്ഞാ :)
ശനിയാ :)

രേഷ്മാ :(( എന്നെ ഹല്‍‌വാ ഓര്‍മ്മിപ്പിക്കല്ലേ.

ദേവരാഗം :)

സന്തോഷ് :) അത് ഒരു പേരിട്ടു എന്നേ ഉള്ളൂ.പണ്ടും ഒരു വേലുവിനേയാ കള്ളന്‍ ആക്കിയത്. ഇനി മാറ്റിക്കോളാം.

പെരിങ്ങോടാ :) അങ്ങനെയൊന്നുമില്ല. രോഹന്‍ എന്ന് ഹിന്ദി സിനിമേന്നു കിട്ടിയതൊന്നുമല്ല.

യാത്രാമൊഴി :)

നളന്‍ :)

ഇബ്രൂ :) ആദ്യത്തെ സ്റ്റെപ്പ് കയറിയോ?

Sat Apr 01, 12:49:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

ഈശ്വര, രോഹനും താരയും എന്താകുമൊ ആവോ?. ടെന്‍ഷന്‍ ടെന്‍ഷന്‍. വേഗം പറഞ്ഞു തരു സു:-

അല്ലാ ഞങ്ങള്‍ ആണുങ്ങളുടെ വിക്റസ്സുകളൊക്കെ ആരു പറഞ്ഞു തന്നു.

ഒരു വാണിംഗു. കഴിഞ്ഞൊരു കഥയില്‍ ഞണ്ടു, ഇപ്പോള്‍ പട്ടി, ഈശ്വര ഇന്യും എന്തിന്റെയൊക്കെ കടി കൊള്ളണം ഈ പാവം ആണുങ്ങള്‍.

വേലു എന്ന കള്ളന്‍ ഏതോ പടത്തിലെ ശ്റീനിവാസ രൂപം പോലെ ചിരിപ്പിക്കുന്നു

സു-വിന്റെ എഴുത്തു അനുദിനം വളരുന്നു ,കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍.

Sun Apr 02, 12:53:00 PM IST  
Blogger അതുല്യ said...

സൂ നന്നായിട്ടോ.

ഒ.ടോ. തിരക്കുള്ള ബസ്സ്‌, സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോ, ബഷീറിക്കേടെ ഭാര്യ സ്ഥലമെത്തിയ വിവരമെറഞ്ഞില്ല.

ബഷീറീക്ക ഒരുപാട്‌ അടയാളം പറഞ്ഞു, പച്ച സാരി, വെള്ള രൌക്ക, ചുവന്ന പിടി കുട, പാവാടെ അടിയിലു ഫ്രില്ല്, തലയില്‍ നീല ക്ലിപ്പ്‌., മുതുകത്ത്‌ നീല മറു.

കിളിക്ക്‌ പിടിപ്പത്‌ പണി...

നീല ക്ലിപ്പ്‌ ഇറങ്ങിയേ...
ചുവന്ന പിടികുട ഇറങ്ങിയേ.
മുതുകത്ത്‌ മറുക്‌ ഇറങ്ങി വരിന്‍

എവടെ.... ആരു വരാന്‍

നിങ്ങാളാ പേരൊന്ന് വിളിക്കിന്‍ ബഷീറിക്കാ, പേരിപ്പോ പറഞ്ഞോടെന്താ...

ബഷീറിയ്കാ, ഒന്നുകില്‍ പേരു, അലെങ്കില്‍ ലാസ്റ്റ്‌ ബസ്റ്റോപ്പില്‍ പോയി കെട്ടിയോളെ കൂട്ടേണ്ടി വരും. രണ്ടും കല്‍പിച്ച്‌ പറഞ്ഞു.

"ഡി.. ഷക്കിലേ...........

അപ്പോള്‍, കിന്നാര തുമ്പി ചിലച്ച്‌ നിക്ക്ന്നുണ്ടായിരുന്നു.

Sun Apr 02, 02:12:00 PM IST  
Blogger ചില നേരത്ത്.. said...

ഓഫ് ടോപ്പിക്ക്
കിന്നാര തുമ്പികള്‍ ചിലച്ചിരുന്ന കാലത്ത് ഒരു പാട് ഷക്കീല പേരുള്ളവര്‍ കല്യാണ ചെക്കന്മാരെ കിട്ടാതെ ബുദ്ധിമുട്ടിയിരുന്നു.
ഇതിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചൊരു സുഹൃത്ത് സത്താര്‍ ഒരു ഷക്കീലയെ കെട്ടി. പിന്നെ അവന്റെ പേര് ഷക്കീലേടെ ഭര്‍ത്താവ് എന്ന് മാറ്റി നാട്ടുകാര്‍.

Sun Apr 02, 03:53:00 PM IST  
Blogger അതുല്യ said...

പാവം ഷക്കീലയെന്തു പിഴച്ചു എന്റെ ഇബ്രുവേ? സൂ ന്റെ പോസ്റ്റീക്കേറീ ഷക്കീലാന്ന് മുഴുവന്‍ പറയണ്ട, ഞനൊരു അശട്ട്‌ ധൈര്യത്തിലങ്ങ്‌ പറഞ്ഞതാ... ഷക്കീല്ലാന്ന് പറഞ്ഞിട്ട്‌ സൂ ക്ഷമിക്കീല്ലാ ന്ന് പറഞ്ഞാ, ഇബ്രുവേ എന്നെയും കപ്പാത്തി വിട്‌.

Sun Apr 02, 04:00:00 PM IST  
Blogger ചില നേരത്ത്.. said...

ഷക്കീലയെന്ന പേര് പറയുമ്പോള്‍ തലയില്‍ മുണ്ടിട്ട് തിയേറ്ററില്‍ പോകുന്നവരെയോ ഏഷ്യാനെറ്റിലെ ന്യൂസ് ഹവര്‍ കഴിയാന്‍ അക്ഷമയോടെ കാ‍ത്തിരിക്കുന്ന യുവാക്കളെയോ ആണോര്‍മ്മ വരിക. അതിലുമപ്പുറം സമൂഹത്തില്‍ ഇത്തരമൊരു അവസ്ഥ കൂടെ ഉണ്ടായിരുന്നു എന്നതാണ് സത്യം.
സൂ ക്ഷമിക്കൂ.
സംവാദങ്ങള്‍ സജീവമാകേണ്ടത് നല്ല സമൂഹത്തിലേക്കുള്ള വഴി തുറക്കലല്ലേ..

Sun Apr 02, 04:22:00 PM IST  
Blogger പെരിങ്ങോടന്‍ said...

എന്താന്നറിയില്ല, ഈയിടെ ഒരു ജയറാം-മാധവി സിനിമയില്‍ “എന്റെ കൂട്ടുകാരി ഷക്കീലയെ” എന്നു മാധവി പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു, അയ്യേ എന്നു വച്ചു.

Sun Apr 02, 05:21:00 PM IST  
Blogger monu said...

wow

suryagayathrs post in weblokam :)

congrats

http://weblokam.com/news/feature/0603/30/1060330008_2.htm

Sun Apr 02, 06:44:00 PM IST  
Blogger സു | Su said...

ഗന്ധര്‍വന്‍ :) വായിക്കുന്നതിനും അഭിപ്രായത്തിനും നന്ദി .

അതുല്യ :)

മോനൂ :) നന്ദി.

എല്ലാ വായനക്കാര്‍ക്കും നന്ദി :)

Sun Apr 02, 07:39:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home