Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 25, 2006

മത്സരം

ഓണക്കാലമായിരുന്നു. ഓണക്കാലം വരുമ്പോള്‍, സര്‍ക്കസ്സുകാര്‍, ടെന്റ്‌ കെട്ടുന്നതുപോലെ, ഒരു പുരയൊക്കെ കെട്ടി, ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ് ‌ ക്ലബ്ബ്‌ തട്ടിക്കൂട്ടും. ഓണസ്സദ്യ കഴിയുന്നപോലെത്തന്നെ ഓണം കഴിഞ്ഞാല്‍ ക്ലബ്ബും തീരും.

ഞങ്ങളുടെ നാട്ടിലും അത്തവണ ഓണം ആഘോഷമായി കൊണ്ടാടാന്‍ തീരുമാനിച്ചു. തലമണ്ട പോയ ഒന്ന് രണ്ട്‌ തെങ്ങുകളും, തടി കുറയ്ക്കാനുള്ള പൊടി കഴിച്ചപോലെ നില്‍ക്കുന്ന കുറച്ച്‌ കവുങ്ങുകളും, മാത്രമുള്ള ഒരു പറമ്പില്‍ സ്റ്റേജ്‌ തട്ടിക്കൂട്ടി. അവിടെ ഡാന്‍സ്‌, പാട്ട്‌, ഒപ്പന തുടങ്ങിയ പരിപാടികള്‍. ബാക്കി, ഓട്ടം, ചാട്ടം, തവളച്ചാട്ടം, സൈക്കിളോട്ടം എന്നിവ റോഡിലും, നീന്തല്‍മത്സരം അമ്പലക്കുളത്തിലും തീരുമാനിച്ചു.

ആരെങ്കിലും തിന്നുന്നതുവരെ, പഞ്ചസാരവെള്ളത്തില്‍ കിടക്കുന്ന ജാമൂന്‍ പോലെ, വീട്ടില്‍ നിന്ന് ആരെങ്കിലും വിളിക്കാന്‍ വരുന്നതുവരെ വെള്ളത്തില്‍ക്കിടക്കുന്ന ഞാനും എന്റെ കൂട്ടുകാരും, നീന്തല്‍മത്സരത്തിനു പേരു കൊടുത്തു. ഏട്ടനും ഏച്ചിയും കുട്ടിക്കാലത്ത്‌ തന്നെ ജീവന്‍ പണയം വെച്ച്‌ (എന്റെ) നീന്തല്‍ പഠിപ്പിച്ചിരുന്നതുകൊണ്ട്‌ എനിക്കൊരു വെപ്രാളവും ഇല്ലായിരുന്നു. അതുകൊണ്ട്‌ തന്നെ പടം ഇറങ്ങുന്നതിന്റെ മുമ്പേ തന്നെ ചെലവാക്കിയ കാശ്‌, വിതരണക്കാരില്‍ നിന്ന് കിട്ടിയ നിര്‍മ്മാതാവിന്റെ കൂള്‍ മനോഭാവം ആയിരുന്നു എനിക്ക്‌. വേറെ വേറെ രാജ്യത്തെ മത്സരാര്‍ത്ഥികള്‍ അല്ലാത്തതിനാല്‍, യാതൊരു മത്സരമനോഭാവം ഇല്ലാത്തതിനാല്‍ കൂട്ടുകാരും ഞാനും ചേര്‍ന്ന്, സ്റ്റേജില്‍ നടക്കാന്‍ പോകുന്ന ഡാന്‍സ്‌, പാട്ട്‌ എന്നിവയെപ്പറ്റി ചിന്തിച്ച്‌ കഥ പറഞ്ഞു.

അവസാനം ആ ദിനം വന്നെത്തി. ഞങ്ങള്‍ 5 പേര്‍- ഒന്നെന്റെ കസിന്‍ ചേച്ചി- വെള്ളത്തിലിറങ്ങി. കോച്ചുകളൊന്നും ഇല്ലാത്തതുകൊണ്ട്‌ ആരും ചെവിയില്‍ ഓതിത്തരാന്‍ വന്നില്ല. കുളത്തിന്റെ ഇങ്ങേക്കരയ്ക്ക്‌ ഞങ്ങളും, അങ്ങേക്കരയ്ക്കും, ചുറ്റിലും, ഞങ്ങളുടെ നാട്ടുകാരും വീട്ടുകാരും. അങ്ങനെ പച്ചക്കൊടി വിസിലിന്റെ രൂപത്തില്‍ പാറിയതും ഞങ്ങള്‍ ചാടി. വല്ല ഓട്ടവും ചാട്ടവും ആയിരുന്നെങ്കില്‍ പ്രോത്സാഹനക്കയ്യടി കേട്ടാസ്വദിച്ച്‌ പോകാമായിരുന്നു എന്ന് ഞാനോര്‍ത്തു. ഇതില്‍ കൈയടി കേള്‍ക്കണമെങ്കില്‍ യോഗിയെപ്പോലെ വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കണം. അതും ചെയ്ത്‌ കയറിച്ചെന്നാല്‍ ചിലപ്പോള്‍ കൈയ്യടി മാത്രമല്ല, ഒറിജിനല്‍ അടിയും കിട്ടും. അതൊക്കെയോര്‍ത്ത്‌ ഒറ്റച്ചാട്ടത്തിനു ‍ വെള്ളത്തിലെത്താം, രണ്ട്‌ ചാട്ടത്തിനു കരയിലെത്തില്ല എന്ന പ്രപഞ്ചസത്യം മനസ്സില്‍ കണ്ടുകൊണ്ട്‌ നീന്തി.

നാടന്‍ നീന്തലായതുകൊണ്ട്‌ അതിനു പ്രത്യേകിച്ചൊരു ഭരണഘടനയില്ലായിരുന്നു. ട്രാക്കോ നിയമമോ ഒന്നും. അതുകൊണ്ട്‌ ആരാന്റെ വയലിലേക്ക്‌ അഴിച്ച്‌ വിട്ട പശുക്കളെപ്പോലെ, ഞങ്ങള്‍,‍ നിയന്ത്രണമില്ലാതെ, മുങ്ങിയും പൊങ്ങിയും വെച്ചുപിടിച്ചു.

ഞാനിങ്ങനെ, ഓരോ വാര്‍ഡിലും കയറിയിറങ്ങുന്ന രാഷ്ട്രീയനേതാവിനെപ്പോലെ മീനിനോടൊക്കെ ലോഗ്യം പറഞ്ഞാണ്‌‍ നീന്തല്‍. നാട്ടുകാര്‍, ഓണം കഴിഞ്ഞാല്‍, മാവേലി പോകുന്നപോലെ ഒരു പോക്കങ്ങു പോകും. മീനിനെയൊക്കെ എനിക്ക്‌ പിന്നേം കാണേണ്ടതല്ലേ.

അങ്ങനെ ആഞ്ഞ്‌ പിടിച്ച്‌ ഏകദേശം നടുവില്‍ എത്തിയപ്പോള്‍ എനിക്കൊരു തളര്‍ച്ച വന്നു. താണുപോയാല്‍ കൈപിടിച്ച്‌ ഉയര്‍ത്താന്‍ ഒരു ദില്‍വാലേ ദുല്‍ഹനിയ (അണ്ടനും അടകോടനും എന്ന് മലയാളം) പോലും ഇല്ലെന്നോര്‍ത്ത ഞാന്‍, ഇനിയിപ്പോ നീന്തിത്തന്നെ കയറണ്ടേയെന്നോര്‍ത്ത്‌, രാവിലെക്കഴിച്ചതും, ഇനി കഴിക്കാന്‍ പോകുന്നതും ആയ ഭക്ഷണങ്ങളോര്‍ത്തും, അനേകസംഖ്യം ആള്‍ക്കാരുടെ ഇടയിലേക്ക്‌ വിജയശ്രീലളിതശ്രീ ആയി പൊങ്ങുന്നതും ഓര്‍ത്ത്‌ പുഷ്‌- പുള്‍ ട്രെയിന്‍ പോലെ നീന്തി.

കുളത്തിനടിയിലും വിശ്രമകേന്ദ്രം ഉണ്ടായിരുന്നെങ്കില്‍ അല്‍പം വിശ്രമിച്ച്‌ ഒരു ചായയൊക്കെ കുടിച്ച്‌ നീന്തല്‍ തുടരാമായിരുന്നൂ... എന്നൊക്കെയുള്ള ഭയങ്കര ബുദ്ധിപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും, മത്സരത്തില്‍, പ്രത്യേകിച്ച്‌ വെള്ളത്തില്‍ ആമയാണ്‌ ജയിക്കുകയെന്ന് ആശ്വസിക്കുകയും ചെയ്തു. ഉത്തേജകമരുന്നായിട്ട്‌ കൂടെയുണ്ടായിരുന്നത്‌ ലാലേട്ടന്റെ ഓണച്ചിത്രം മാത്രം ആയിരുന്നു. ഒരു കുളത്തിനു നടുവില്‍, അതും ഒരു സാദാ നീന്തല്‍മത്സരത്തിനിടയ്ക്ക്‌, ലാലേട്ടന്റെ ഫാന്‍ തകര്‍ന്ന് പോകുന്നത്‌ ഓര്‍ത്തപ്പോള്‍ നീന്തലിനു ആക്കം കൂടി.

അവസാനം, നീന്തി നീന്തി അസംഖ്യം മിനുട്ടുകളുടെ വ്യത്യാസത്തില്‍, ‘ഞാന്‍ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍’ എന്ന തരത്തിലൊരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ ഫിനിഷ്‌ ചെയ്ത്‌ പൊന്തി. മൂന്നാം സ്ഥാനം എനിക്ക്‌ കിട്ടിയെന്നാണ്‌ ഓര്‍മ്മ. അന്നൊക്കെ വെറും പേപ്പറിലല്ലേ ഉള്ളൂ സ്ഥാനം. വല്ല സോപ്പുപെട്ടിയോ, കുപ്പിഗ്ലാസ്സോ ഒക്കെ കിട്ടിയാല്‍ അതായി. ഇന്നാണെങ്കില്‍ ടി വി ചാനല്‍ക്കാരുടെ ആധിക്യം മൂലം, അവസാനം ഫിനിഷ്‌ ചെയ്യുന്നവര്‍ക്കും കൂടെ ഗോള്‍ഡ്‌ കിട്ടും. അവരുടെ ടി. വി. യില്‍ ഇടാന്‍ നേരംകൊല്ലിപ്പരിപാടി ആയല്ലോ. ലക്‍ഷ്യസ്ഥാനത്ത്‌ എത്തിയതും ഞാന്‍ തിരിച്ച്‌ വേറെ കടവിലേക്ക്‌ നീന്തി, വീട്ടിലേക്കോടി. നീന്തലോ ഇങ്ങനെ ആയി, ഇനി വേഗം വീട്ടില്‍പ്പോയി തയ്യാറായി വന്നില്ലെങ്കില്‍ ഓട്ടക്കാരേയും ചാട്ടക്കാരേയും ആരു പ്രോത്സാഹിപ്പിക്കും എന്നായിരുന്നു എന്റെ ചിന്ത. ജയിച്ചതാര് തോറ്റതാര് എന്നൊന്നും ചിന്തിക്കാനുള്ളൊരു മനസ്സ്‌ അന്നുണ്ടായിരുന്നില്ല.

പ്ലീസ്... ഒരു പാട്ട് ഞാനെഴുതും. നല്ല സന്തോഷമുള്ള ദിവസം ആണിന്ന്. ഷെയര്‍ ചെയ്യാന്‍ പറയരുത്. എനിക്ക് മാത്രം മതി ഇങ്ങനത്തെ സന്തോഷങ്ങള്‍.

“ചന്ദനച്ചോലയില്‍ മുങ്ങിനീരാടിയെന്‍,

ഇളമാന്‍ കിടാവേ ഉറക്കമായോ?”

60 Comments:

Anonymous Anonymous said...

:)

Sat Nov 25, 11:37:00 PM IST  
Anonymous Anonymous said...

സൂ, വായിച്ചു.:)

Sun Nov 26, 06:17:00 AM IST  
Anonymous Anonymous said...

ഓണസ്മരണകള്‍ പങ്കുവച്ചതിന് നന്ദി. :)

Sun Nov 26, 06:23:00 AM IST  
Blogger sandoz said...

നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തവരുടെ എണ്ണം ആദ്യം പറഞ്ഞില്ലെങ്കിലും അവസാനം മനസ്സിലായി
സു ‘മാഷേ‘

Sun Nov 26, 10:18:00 AM IST  
Blogger സു | Su said...

നവന്‍ :) ആദ്യത്തെ കമന്റിന് നന്ദി.

വിഷ്ണു പ്രസാദ് :) നന്ദി.

തനിമ :) അഭിപ്രായത്തിന് നന്ദി.

സാന്‍ഡോസ് :) ആദ്യം എണ്ണം പറഞ്ഞിട്ടുണ്ടല്ലോ. എന്നെ മാഷേ എന്നു വിളിക്കുന്നതിന്റെ കാര്യം മനസ്സിലായില്ല കേട്ടോ. അങ്ങനെ ആരും വിളിക്കാറില്ല. അതുകൊണ്ട് വിശദമാക്കാന്‍ വിരോധമില്ലെങ്കില്‍ പറയൂ.

Sun Nov 26, 10:26:00 AM IST  
Blogger sandoz said...

സു,
നമ്മളേക്കാള്‍ പ്രായം ഉള്ള ആളുകളേ അതും മൂന്നോ നാലോ വയസ്സ്‌ കൂടുതല്‍ ഉള്ളവരേ ചേട്ടന്‍, ചേച്ചി എന്നൊക്കെയാണു സാധാരണ വിളിക്കാറു.എനിക്കിവിടെ എന്നേക്കാള്‍ പ്രായം കൂടിയ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്‌.ഇവരെയൊക്കെ ചെറുപ്പത്തിലേ പരിചയപ്പെട്ടിരുന്നെങ്കില്‍ ചേട്ടാ എന്ന് വിളിച്ച്‌ ശീലിച്ച്‌ പോയേനേ.അവരെയൊക്കെ ഇലക്കും മുള്ളിനും കേടില്ലാതെ 'മാഷെ' എന്നാണു ഇപ്പോള്‍ വിളിക്കാറു.എനിക്ക്‌ തോന്നുന്നു കൊച്ചിയില്‍ ഇതൊരു സാധാരണ പ്രയോഗമാണെന്ന്.

Sun Nov 26, 10:44:00 AM IST  
Blogger sandoz said...

പിന്നെ എണ്ണത്തിന്റെ കാര്യം,
ആദ്യം പറഞ്ഞെങ്കിലും പിന്നെ എണ്ണം കൃത്യമായി പിടികിട്ടി എന്നാണു ഉദ്ദേശിച്ചത്‌.[ഒരു ട്ടൈപ്പിംഗ്‌ പിഴവ്‌-മിയ കുള്‍പ്പ]

Sun Nov 26, 10:58:00 AM IST  
Blogger സു | Su said...

സാന്‍ഡോസ് :)അതെനിക്ക് അറിയില്ലായിരുന്നു. മാഷേന്ന് ഇതുവരെ ആരും വിളിച്ചിട്ടില്ല. സു എന്നാണ് എന്റെ പ്രൊഫൈല്‍ നോക്കി എല്ലാവരും വിളിക്കാറ്. ചുരുക്കം ചിലര്‍ സു ചേച്ചീന്നും. അങ്ങനെയൊക്കെ പോരേ?

qw_er_ty

Sun Nov 26, 11:07:00 AM IST  
Blogger sandoz said...

ok agreed

Sun Nov 26, 11:11:00 AM IST  
Blogger സു | Su said...

ഓക്കെ.

മിയ കുള്‍പ്പ എന്നാലെന്താ?

qw_er_ty

Sun Nov 26, 11:22:00 AM IST  
Blogger ikkaas|ഇക്കാസ് said...

നന്നായി സൂ..
അവസാനഭാഗം നല്ല എനര്‍ജെറ്റിക്കായി.
രാവിലെ തന്നെ വായിച്ചതുകൊണ്ട് എനിക്കും ഒരനര്‍ജിയൊക്കെ തോന്നുന്നു.
ഗുഡ് വര്‍ക്ക്.

Sun Nov 26, 11:32:00 AM IST  
Blogger രാജു ഇരിങ്ങല്‍ said...

പലപ്പോഴും പറയുന്നത് വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നു ചേച്ചി.
ചേച്ചി ബ്ലോഗ് കഥകളല്ലാതെ വേറെ എന്തൊക്കയാണ് വായിക്കാറുള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.
ബ്ലോഗിലെ കഥകള്‍ മാത്രം വായിച്ച് ഭാഷ സ്വന്തമാക്കരുത്. പരന്ന വായനയില്‍ മാത്രമേ സ്വന്തം ഭാഷ തിരിച്ചറിയാന്‍ കഴിയൂ. ഇത് പറയാന്‍ കാരണം അനവസരത്തിലുള്ള ഉപമകള്‍ കഥയെ നശിപ്പിക്കുന്നു. കൂടാതെ ബ്ലോഗിലെ ചിലരെ അനുകരിക്കുന്നതായും തോന്നി.

ചേച്ചിക്ക് സ്വന്തമായ ഭാഷയുണ്ട്. അതു കൊണ്ട് മറ്റുള്ളവരുടെ ഭാഷ അറിയാതെ വരേണ്ടുന്ന കാര്യമില്ല.

“അതുകൊണ്ട്‌ തന്നെ പടം ഇറങ്ങുന്നതിന്റെ മുമ്പേ തന്നെ ചെലവാക്കിയ കാശ്‌, വിതരണക്കാരില്‍ നിന്ന് കിട്ടിയ നിര്‍മ്മാതാവിന്റെ കൂള്‍ മനോഭാവം ആയിരുന്നു എനിക്ക്‌“

“ഒരു ദില്‍വാലേ ദുല്‍ഹനിയ (അണ്ടനും അടകോടനും എന്ന് മലയാളം) പോലും ഇല്ലെന്നോര്‍ത്ത ഞാന്‍,“

മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ വാചകങ്ങള്‍ പലതും ഈ കഥയ്ക്ക് യോജിക്കുന്ന ഉപമകളായി തോന്നിയില്ല. അതു കൊണ്ടു തന്നെ വല്ലാതെ മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു.

കഴിഞ്ഞ കഥയില്‍ പറഞ്ഞതു പോലെ നല്ല കുറുങ്കഥകള്‍ ചേച്ചി വായിക്കാത്തതാണൊ എങ്കില്‍ മലയാളത്തിലെ പി.കെ പാറക്കടവിനെ പോലുള്ളവരുടെ കൃതികള്‍ വായിക്കേടിയിരിക്കുന്നു.
വായനയും എഴുത്തും വളരെ ഗൌരവമായി എടുക്കുന്നുവെന്ന് തോന്നിയതിനാലാണ് ഇത്രയും പറഞ്ഞത്. വിമര്‍ശനമല്ല, ഉപദേശമല്ല. അങ്ങിനെ ഒന്നുമല്ല. വെറും ഒരു വായനക്കാരന്‍റെ, അഭ്യുദകാംഷിയുടെ അഭിപ്രായം മാത്രം.
സ്നേഹത്തോടെ
രാജു.

Sun Nov 26, 11:38:00 AM IST  
Blogger അതുല്യ said...

സൂ, തീര്‍ചയായും ശരിയാണു പറഞ്ഞത്‌. ഇപ്പോ എന്തിനും ഏതിനും സമ്മാന പെരുമഴയാണു. ഈയ്യിടെ ആയിട്ട്‌ ഒരു വാര്‍ത്ത വായിച്ചിരുന്നു, മന്ദബുദ്ധികളുടെ ഒളിപിക്സില്‍ ഓടി തുടങ്ങിയപ്പ്പോ ഒരു കുട്ടി കാലിടറി വീഴുന്നു. ഉടനെ തന്നെ ഒക്കെ കുട്ടികളും ഓട്ടം നിര്‍ത്തി ആ കുട്ടീടെ കൂടെ നിന്ന് ആകെ കരച്ചിലും ബഹളവും. പക്ഷെ നമ്മടെ ഒക്കെ സ്കൂളിലോ മറ്റോ ഇങ്ങനെ വല്ല ഓട്ട മല്‍സരം നടന്നാ വീണവന്റെ മുകളിലൂടെ ഓടിയെത്തി സമ്മാനം നേടും, അല്ലങ്കില്‍ മനപ്പുര്‍വം ഇടങ്കാലിടും. നിക്ഷ്കളങ്ക ബാല്യത്തിനോ മന്ദബുദ്ധിയ്കോ സമ്മാനങ്ങളേ പറ്റിയോ ലക്ഷ്യത്തെ പറ്റിയോ ആകുലതയുണ്ടാവാനിടയില്ലല്ലോ അല്ലേ? സൂന്റെ സ്പിരിറ്റ്‌! അതാ സൂ!!

Sun Nov 26, 11:42:00 AM IST  
Blogger സു | Su said...

ഇക്കാസേ :) വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും നന്ദി. എനര്‍ജറ്റിക് ആയി എന്ന് പറഞ്ഞതില്‍ സന്തോഷം.

അതുല്യേച്ചീ :) എന്നാലും, ഉദാഹരണമാണെങ്കില്‍ക്കൂടെ എന്നെ മന്ദബുദ്ധി എന്നു പറയേണ്ടായിരുന്നു. എന്നാലും സഹിച്ചു. ഹി ഹി ഹി.

രാജൂ :) അഭിപ്രായം പറയാന്‍ വേണ്ടിയാണ് കമന്റ് ഓപ്ഷന്‍ കൊടുത്തിരിക്കുന്നത്. എനിക്ക് ഏറ്റവും തമാശയായി തോന്നിയത്, ബ്ലോഗിലെ ചിലരെ ഞാന്‍ അനുകരിക്കുന്നു എന്ന് തോന്നി എന്ന് പറഞ്ഞതാണ്. രാജുവിന് അറിയില്ലെന്നു തോന്നുന്നു, അതുകൊണ്ട് പറയാം. ഇപ്പോ ഉള്ള എല്ലാവരേക്കാളും, രേഷ്മയേയും പെരിങ്ങ്സിനേയും, പോലെ, ചുരുക്കം ചിലരെ ഒഴിച്ചാല്‍ ഞാന്‍ ആണ് മലയാളത്തില്‍ ആദ്യം ബ്ലോഗ്ഗിങ്ങ് തുടങ്ങിയത്. അന്നേരം ഞാന്‍ എഴുതുന്നതില്‍ മിക്കവാറും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. ഉപമകളും, പദങ്ങളും ഒക്കെ. അതുകൊണ്ട് ആരെയെങ്കിലും ഞാന്‍ അനുകരിക്കുന്നു എന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി. വേറാരും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് എന്റെ വക്കാ‍ലത്ത് ഞാന്‍ തന്നെ ഏറ്റെടുത്തത്. അറിയാത്ത കാര്യത്തെപ്പറ്റി അഭിപ്രായം പറയാതിരിക്കാന്‍ ശ്രമിക്കണം രാജൂ. അഭിപ്രായം ആരുടേതായാലും സ്വീകരിക്കും. കുറുങ്കഥകള്‍ ഒന്നും വായിക്കാറില്ല എന്ന് ഞാന്‍ കഴിഞ്ഞ കമന്റില്‍ പറഞ്ഞുവല്ലോ. ഇനി പുസ്തകം വാങ്ങുമ്പോള്‍ അതാണ് വായിക്കുക. മിനിയാന്ന് വായിച്ച് തീര്‍ത്തത് ദൈവമക്കള്‍ ആണ്. (സാറാതോമസ്) അതിനു മുമ്പ് ഒതപ്പ്, ചോരശാസ്ത്രം, ചിദംബരസ്മരണ, വൃദ്ധസദനം, ആലാഹയുടെ പെണ്‍‌മക്കള്‍ , വണ്ടിക്കാളകള്‍ എന്നിവയാണ് കൃത്യം ഒരുമാസം കൊണ്ട് വായിച്ചത്. ഇനീം കുറേ ഉണ്ട്. സുഖമില്ലാത്തതുകൊണ്ടാണ് കുറഞ്ഞുപോയത്. ഒരു പുസ്തകം വായിച്ച് എഴുതിയവരെ അനുകരിക്കാന്‍ എനിക്ക് യാതൊരു ആഗ്രഹവുമില്ല. മലയാളസാഹിത്യത്തില്‍ ഞാനെഴുതുന്ന പൊട്ടക്കഥകള്‍ക്ക് ഒരു സ്ഥാനവും ഇല്ലാന്നും എനിക്കറിയാം. സ്ഥാനം ഉണ്ടാക്കിയെടുക്കാം എന്നും വിചാരിക്കുന്നില്ല.

രാജുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. :)കുറുങ്കഥകള്‍ ഉള്ള പുസ്തകങ്ങള്‍ വാങ്ങുന്നതാണ്. അനുകരിക്കാതെ, അങ്ങനെ നല്ലത് എഴുതാന്‍ ശ്രമിക്കുന്നതുമാണ്.

Sun Nov 26, 12:06:00 PM IST  
Blogger തറവാടി said...

ഇതൊരു കഥയാണോ , ഓര്‍മ്മകുറിപ്പാണോ അറിയില്ല , എന്തായാലും , പണ്ട് സുബൈദയുമൊത്തും , സൈനുക്കയുമൊത്തും , ബാലനുമൊത്തുമൊക്കെ , മലര്‍ന്ന് കിടന്ന് നീന്തിയിരുന്നതും , മലര്‍ന്ന് കിടന്ന് നീന്തി പല്ല്‌ തേച്ചിരുന്നതുമൊക്കെ ഓര്‍മ്മവന്നു , സു ചേച്ചീ , ഓര്‍മ്മകള്‍ തന്നതിന്‌ നന്ദി

Sun Nov 26, 12:24:00 PM IST  
Blogger സു | Su said...

ഇത് കഥയല്ല തറവാടീ :) ശരിക്കും നടന്നത് തന്നെ. ഇനിയും എത്രയോ ഉണ്ട് ഓര്‍മ്മച്ചെപ്പില്‍ മനോഹരനിമിഷങ്ങള്‍.

നന്ദി.

qw_er_ty

Sun Nov 26, 12:29:00 PM IST  
Blogger രാജു ഇരിങ്ങല്‍ said...

സു ചേച്ചി എന്നെ തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു.
ഞാന്‍ അനുകരണം എന്ന് പറഞ്ഞത് മന:പൂര്‍വ്വമായി ചേച്ചി നടത്തിയെന്നൊ കഥ അനുകരിച്ചെന്നൊ അല്ല. ഭാഷയില്‍ ചില ഉപകള്‍ അറിയതെയൊ അറിഞ്ഞൊ ബ്ലോഗ് വായനയുടെ ബാക്കിയായി വരുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.

വേണമെങ്കില്‍ എങ്ങിനെ എന്ന് ഞാന്‍ വ്യക്തമാക്കാം. പക്ഷെ അത് ഇവിടെ വേണ്ട. ഇ-മെയില്‍ അയക്കാം.(വ്യക്തിയുടെ / ഏത് ബ്ലോഗറുടെ എന്ന് ഇവിടെ വ്യക്തമാക്കന്‍ എനിക്ക് ഉദ്ദേശ്യമില്ലാത്തതിനാലാണ്; നിര്‍ബന്ധിച്ചാലും ഇവിടെ പറയില്ല)

മന:പ്പുര്‍വ്വം അനുകരിച്ചെന്ന് തോന്നിയിട്ടില്ല. അങ്ങിനെ ചെയ്തിട്ടുമില്ല.
ബ്ലോഗിലെ സീനിയര്‍ ആണൊ എന്ന് നോക്കിയിട്ടില്ല. നോക്കാന്‍ ഉദ്ദേശവുമില്ല ചേച്ചി.

നന്നായി എഴുതാനറിയാവുന്ന ഒരാളെന്ന് എനിക്ക് ബോധ്യമുള്ളതിനാലും മലയാളകഥാസാഹിത്യത്തില്‍ ചേച്ചിയുടെ പേര്‍ മുഴങ്ങി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാലുമാണ് അങ്ങിനെ പറഞ്ഞത്.
വേദനിപ്പിച്ചെങ്കില്‍ അനിയനോട് ക്ഷമിക്കുക.

സ്നേഹത്തോടെ
രാജു.
(പിണക്കമൊന്നും വേണ്ട കേട്ടോ)

Sun Nov 26, 12:35:00 PM IST  
Blogger അതുല്യ said...

സ്നേഹത്തൊടേ .... പഴം
രാജു .... ബ്ലേഡ്‌

അടി + ഏണി = സ്നേഹത്തോടേ രാജു, അല്ലെങ്കില്‍ ഞാന്‍ ഇരിങ്ങല്‍.

Sun Nov 26, 12:48:00 PM IST  
Blogger സഹൃദയന്‍ said...

സ്മരണയെ ബേസ് ചെയ്ത് ഒരു കഥയാക്കിയിന്നെങ്കില്‍ കുറെക്കൂടെ നന്നയേനെ..........

Sun Nov 26, 12:51:00 PM IST  
Anonymous Anonymous said...

ഇരിങ്ങലില്‍ - അതോ നെരങ്ങലോ? - ഒരു അതുല്യപ്രതിമ ഒളിച്ചിരിക്കണുണ്ടല്ലോ.

Sun Nov 26, 01:58:00 PM IST  
Blogger Physel said...

രാജൂ,

ഒരു കഥാകൃത്തിന്റെ, കവിയുടെ അല്ലെങ്കില്‍ അഖ്യാതാവിന്റെ കൃതികള്‍ വായിച്ച് അഭിപ്രായം പറയാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്..അതിനാണല്ലോ കമന്റ് ഓപ്ഷന്‍. പക്ഷേ രാജു ആദ്യം ഇട്ട കമന്റും പിന്നെ അതിന്റെ വിശദീകരണവും കണ്ടപ്പോ ഇത്രയും ചോദിക്കാന്‍ തോന്നി!

"ചേച്ചി ബ്ലോഗ് കഥകളല്ലാതെ വേറെ എന്തൊക്കയാണ് വായിക്കാറുള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.
ബ്ലോഗിലെ കഥകള്‍ മാത്രം വായിച്ച് ഭാഷ സ്വന്തമാക്കരുത്. പരന്ന വായനയില്‍ മാത്രമേ സ്വന്തം ഭാഷ തിരിച്ചറിയാന്‍ കഴിയൂ. ഇത് പറയാന്‍ കാരണം അനവസരത്തിലുള്ള ഉപമകള്‍ കഥയെ നശിപ്പിക്കുന്നു. കൂടാതെ ബ്ലോഗിലെ ചിലരെ അനുകരിക്കുന്നതായും തോന്നി.

ചേച്ചിക്ക് സ്വന്തമായ ഭാഷയുണ്ട്. അതു കൊണ്ട് മറ്റുള്ളവരുടെ ഭാഷ അറിയാതെ വരേണ്ടുന്ന കാര്യമില്ല."

ഒരാള്‍ക്ക് വായനയില്ല..ഉപമകള്‍ ശരിയല്ല..ബ്ലോഗിലെ ചിലരെ അനുകരിക്കുന്നു..സ്വന്തമായ ഭാഷയുള്ള ഒരാള്‍ക്ക് അറിയാതെ ഇതൂ വരേണ്ട കാര്യമില്ല.

ഇതു വായിച്ചാല്‍ സാമാന്യ ബുദ്ധിയുള്ള എന്നെപ്പോലുള്ളവര്‍ക്ക് തോന്നുക“ഇതാ ഇവിടെ വായനയുടെയും അനുഭവ സമ്പത്തിന്റെയും കുറവുള്ള ഒരെഴുത്തുകാരി..അവര്‍ ആകപ്പാടെ വായിക്കുന്നത് ബ്ലോഗുകള്‍ മാത്രം...എന്നിട്ട് അവര്‍ മന:പൂര്‍വം അവരില്‍ ചിലരെ അനുകരിച്ച് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്നു തന്നെയാണ്!

താങ്കള്‍ നല്ല ഉദ്ദേശത്തില്‍ എഴുതിയതായിരിക്കാം. എങ്കിലും...it crosses the limit!
പക്ഷേ രചയിതാവ് അതിനു മറുപടി പറഞ്ഞപ്പോള്‍ താങ്കള്‍ നല്‍കിയ വിശദീകരണമോ? “ഹേയ് ഞാന്‍ മന:പൂര്‍വം എന്നു പറഞ്ഞില്ല“ എന്നും. വളരെ വ്യക്തമായി താങ്കള്‍ പറഞ്ഞ കാര്യം,,അതും ആ കമന്റ് ഒരു രണ്ട് പോസ്റ്റ് മുകളില്‍ കിടക്കുമ്പോ‍ള്‍, വളരെ കൂള്‍ ആയി നിഷേധിച്ചു കളഞ്ഞു താങ്കള്‍.

ഇനി ഇതിനു മുന്പേ ഈ ബ്ലോഗില്‍ വന്ന പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടിട്ടുണ്ട്. വെറുതെ എഴുതാന്‍ വേണ്ടി എഴുതി വിടല്ലേ എന്ന്. അതൂ തന്നെ വിഷ്ണുപ്രസാദ് പറഞ്ഞു, കുറുമാന്‍ പറഞ്ഞു. അവരത് ഉള്‍ക്കൊണ്ടു, ആ കഥ ചെറുതായൊന്നു മാറ്റുകയും ചെയ്തു. അതിനു കാരണവും ഉണ്ട്. ഞാനൊക്കെ ബ്ലോഗ് എന്നു കേള്‍ക്കും മുന്നെ ബ്ലോഗില്‍ എഴുതിത്തുടങ്ങിയവരാണ് ഇവരൊക്കെ. വളരെ നന്നായി എഴുതാനറിയുന്ന ഒരാള്‍. ബ്ലോഗിങ്ങിനോടുള്ള അവരുടെയൊക്കെ അര്‍പ്പണബോധം നാം അംഗീകരിച്ചേ പറ്റൂ. (സീനിയര്‍ ജൂനിയര്‍ വത്യാസമില്ലാതെ ഏതൊരു രചനയിലും ഈ എഴുത്തുകാരിയുടെ കയ്യൊപ്പ് കാണാറുണ്ട്)അതുകൊണ്ട് തന്നെ സ്വന്തം ഇടത്തില്‍ അധികം ഇടവേളകളില്ലാതെ വല്ലതും കുറിച്ചിടുക എന്നത് അവരുടെ ഒരു obsession! ഒരു തരം selfmarking. ഈ സര്‍ഗാത്മകത എന്നത് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച സാധനമൊന്നുമല്ലല്ലോ.. തോന്നുമ്പോള്‍ എടുത്തു വിളമ്പാന്‍! അപ്പോള്‍ ചുമ്മാ കുറിപ്പുകളായും, പാചകക്കുറിപ്പായും, കഥയായും, കഥയില്ലയ്മയായും ഒക്കെ അതങ്ങിനെ വരും..ഒരു മൂന്നാലു പോസ്റ്റുകള്‍ അങ്ങിനെ വരുമ്പോള്‍ ഒരു പോസ്റ്റില്‍ സ്നേഹപൂര്‍വമായ ഒരോര്‍മ്മപ്പെടുത്തല്‍. ഹലോ..ഇതു നിര്‍ത്തി നല്ല ഒരു പീസിനു സമയമായി എന്ന്! അത്രയേ ഞങ്ങളൊക്കെ ചെയ്യുന്നുള്ളൂ. അത് ഈ ബ്ലോഗില്‍ മാത്രമല്ല മിക്കവാറും എല്ലാ സീനിയര്‍ (കാലം കൊണ്ട്) ബ്ലൊഗിലും കാണാം. മനസ്സിലാക്കേണ്ടവര്‍ അതു മനസ്സിലാക്കും.

ഞാന്‍ നിരീക്ഷിച്ചിടത്തോളം താങ്കള്‍ കഥയേയും കവിതയേയുമൊക്കെ ഗൌരവമായി സമീപിക്കുന്ന ബ്ലോഗിലെ അപൂര്‍വം ചിലരില്‍ ഒരാളാണ്. തീര്‍ച്ചയായും അത്മാര്‍ഥമായിത്തന്നെയാണ് താങ്കളുടെ അഭിപ്രായപ്രകടനങ്ങള്‍ എന്നും അറിയാം. പക്ഷേ സാധാരണയായി വിമര്‍ശനങ്ങളെ അതിന്റെതായ സ്പിരിട്ടില്‍ എടുക്കാറുള്ള ഈ കഥാകാരി മിതമായെങ്കിലും താങ്കളൂടെ അഭിപ്രായത്തോട് പ്രതികരിച്ചുകണ്ടപ്പോള്‍ ഇത്രയും എഴുതണമെന്നു തോന്നി.

മൊത്തം കളരിക്കു പുറത്തായതില്‍ കഥാകാരി ക്ഷമിക്കുക

Sun Nov 26, 01:59:00 PM IST  
Blogger രാജു ഇരിങ്ങല്‍ said...

ഭേഷ് ബലേഭേഷ്.
അങ്ങിനെ ഇനി സ്വന്തം വാദിക്കേണ്ട ആവശ്യമില്ലല്ലൊ. കൂട്ടിന്‍ ഒരാളെങ്കിലും വന്നാലൊ. പരാതിയും തീര്‍ന്നു.
ഫൈസലിന്‍റെ അഭിപ്രായത്തെ മാനിക്കുന്നു. ഒരു വിശദീകരണം ആവശ്യമെന്ന് തോന്നുന്നു.

സു എന്ന എഴുത്തുകാരിക്ക് വായനാശീലമില്ലെന്ന് ഞാന്‍ എഴുതിയില്ല ഉദ്ദേശിച്ചില്ല. അങ്ങിനെ ‘സാമാ‍ന്യ ബുദ്ധിയുള്ളവര്‍ക്ക്; തോന്നിയതില്‍ ക്ഷമ ചോദിക്കുന്നു. അത് എന്‍റെ എഴുത്തിന്‍റെ വിവരക്കേട്.

മന:പൂര്‍വ്വമൊ അല്ലാതെയൊ എന്ന് ഞാന്‍ ആദ്യ കമന്‍ റില്‍ പറഞ്ഞു. സു എന്ന എഴുത്തു കാരിയുടെ വിശദീകരണത്തിന് ശേഷം എന്‍റെ വിശദീകരണം “ ഭാഷയെ യാണ് ഞാന് ഉദ്ദേശിച്ചത് എന്നും ബ്ലോഗ് വായന കൂടുതല്‍ ആയതിനാലാ‍ണൊ എന്ന് ഒരു ചോദ്യത്തോടൊപ്പമുള്ള ഒരു നിര്‍ദ്ദേശം അല്ലെങ്കില്‍ ഒന്ന് ശ്രദ്ധിക്കാന്‍ വേണ്ടി പറഞ്ഞുവെന്നു മാത്രം. സത്യത്തില്‍ അത് cross the limit എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
എഴുത്തുകാരിയുടെ വായനയെയൊ, അനുഭവത്തെ യൊ കഴിവിനെയൊ ഒരിക്കലും മോശമാണെന്ന് കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. അങ്ങിനെ ഏതെങ്കിലും വായനക്കാരനൊ എഴുത്തുകാരിക്കൊ തോന്നിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
അടുത്ത കമന്‍ റില്‍ ശ്രദ്ധിക്കാം.
സ്നേഹത്തോടെ
രാജു

Sun Nov 26, 02:18:00 PM IST  
Blogger പട്ടേരി l Patteri said...

1. ''ഓണക്കാലമായിരുന്നു. ഓണക്കാലം''
2 പ്രാവിശ്യം ഒരേ വാക്കു വളരെ മോശം !
2. ''ഒറിജിനല്‍ അടിയും' ശുദ്ദ മലയാളത്തിന്റെ അഭാവം ..!!

3. എനിക്ക്ഷ്ടമുള്ള കഥ 39.333% ഹ്യൂമറും 39.333% റിയലിസ്റ്റിക്കും 19.199 % ഹോററും ബാക്കി ഫുള്‍ സ്റ്റോപ്പുകള്‍ ഉള്ള ഒരു 100% ഉത്തരാധുനികതയാണു ...
അങ്ങനെ ഒരു കഥ എഴുതൂ.....
ഇതിലു ഉപമയുടെ അളവ് 1.2 % കൂടിപ്പോയല്ലോ :(...മഹാ))))))))പാപം !!!

.. കുറ്റം പറയാന്‍ എന്തെളുപ്പം !!!!!!!!!
നേരം കൊല്ലി വിമര്‍ശകര്‍ .....:( :((
പിന്നെ ഞാന്‍ വിമര്‍ശിച്ച എത്രയെഴുത്തുകാര്‍ നോബല്‍ സമ്മാനം നേടി എന്നറിയാമോ ;;)..... വിമര്‍ശനത്തിനെന്റെ നോബല്‍ സമ്മാനം എന്തേ എനിക്കു ലഭിക്കാത്തതു :(
qw_er_ty

Sun Nov 26, 02:39:00 PM IST  
Blogger വിശ്വപ്രഭ viswaprabha said...

സൂ വലിയൊരു കഥാകാരിയൊന്നുമല്ല, ഈ അടുത്തകാലത്തൊന്നും ഒരു ജ്ഞാനപീഠമോ ബുക്കറോ അവര്‍ക്കു കിട്ടുമെന്നും തോന്നുന്നില്ല. വെറുമൊരു സാധാരണ ബ്ലോഗെഴുത്തുകാരി.

പക്ഷേ ഒന്നുണ്ട്, ഒന്നും മിണ്ടാതെ, ഒരഭിനന്ദനങ്ങള്‍ക്കും കാതോര്‍ക്കാതെ, എന്നും വെച്ചുവിളമ്പിത്തരാറുള്ള വീട്ടമ്മമാരില്ലേ, അതുപോലെ, എന്നും എന്തെങ്കിലും എഴുതിക്കുറിച്ചുകൊണ്ടിവിടെ വിളക്കു വെക്കും അവര്‍.
ചില നാള്‍ ഉപ്പോ മുളകോ കുറഞ്ഞുപോയെന്നു വരാം. ചിലപ്പോള്‍ വേവു കുറഞ്ഞെന്നു വരാം. എങ്കിലും കഴിവുള്ളിടത്തോളം വായനക്കാരെ പട്ടിണിക്കിടാതെ നോക്കും അവര്‍. കയ്യറിയാതെ അബദ്ധത്തിലായിരിക്കാം, വല്ലപ്പോഴുമെങ്കിലും ഹൃദ്യമധുരമായ പാല്‍പ്പായസവും അവിയലും ഉണ്ടാവാറുമുണ്ട്.
അതുപോലെ ആരും പറയാതെ, ഒരു ബ്ലോഗുറോളുകളും നോക്കാതെ, പുതുതായി ഇവിടെ വന്നെത്തുന്ന കൂട്ടുകാരെ മുഴുവന്‍ സ്വയം തപ്പിത്തിരഞ്ഞുപോയി കണ്ടുപിടിച്ച്, ഒരു കുഞ്ഞുപുഞ്ചിരിയെങ്കിലും കൊടുത്ത് അവര്‍ ഇവിടേക്കു കൈപിടിച്ചു നടത്തും! കണ്ണറിയാതെ പോവുന്ന എത്ര പുതിയ മലയാളം ബ്ലോഗുകളിലേക്കാണ് സൂ നമ്മളെയൊക്കെ ആട്ടിത്തെളിക്കാറ്‌!

ഇത്രയ്ക്കും ടീം സ്പിരിട്ടും അര്‍പ്പണബോധവുമുള്ള ആരെയും ഞാന്‍ കണ്ടില്ലിതുവരെ ബൂലോഗത്തില്‍!
വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ആ മഹാപ്രയത്നത്തിനു മുന്നില്‍ നാം നമിച്ചേ പറ്റൂ!
ആ സൂവിനെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ നാം കുറച്ചു തയ്യാറെടുപ്പുകളൊക്കെ നടത്തിയേ പറ്റൂ!

ആരെയും വിമര്‍ശിക്കാം. എഴുത്തുകാരനും വായനക്കാര്‍ക്കും അതൊരു നല്ല വഴികാട്ടി കൂടിയാണ്. പക്ഷേ വിമര്‍ശകന്‍ സ്വയം അവര്‍ക്കും മേലേയുള്ള ഒരു നിലവാരത്തിലെത്തണം ആദ്യം. സര്‍ഗ്ഗാത്മകത ആവശ്യമില്ലായിരിക്കാം. പക്ഷേ സങ്കേതബോധം എന്തായാലും വേണം. ഇരിങ്ങലിന്റെ കാര്യത്തില്‍ എനിക്ക് ആ ബഹുമാനം ഇതുവരെയായിട്ടും തോന്നിയില്ല, മാപ്പ്!

ഞാന്‍ ഇരിങ്ങലിന്റെ ബ്ലോഗില്‍ ഇടയ്ക്കിടയ്ക്ക് പോയി നോക്കാറുണ്ട്. ഇന്നെങ്കിലും ഒരു ‘ശരിയായ’ കവിത കാണാമല്ലോ എന്ന എന്റെ പ്രതീക്ഷ എന്നും കരിഞ്ഞുപോവാറാണ് പതിവ്. ആകെ ലോട്ടറിയായി അവിടെനിന്നും വായിക്കാന്‍ കിട്ടിയ ഒരെണ്ണം കണ്ടിട്ട് സത്യത്തില്‍ കരഞ്ഞും പോയി. യൂയേയീ മീറ്റിനിടയ്ക്ക് ‘പറഞ്ഞു’കേട്ട കവിതയും വളരെ സങ്കടമുണ്ടാക്കി. എണ്ണിച്ചുട്ട കുറേ നിമിഷങ്ങളാണു അവിടെ എല്ലാവര്‍ക്കും പാഴായിപ്പോയതെന്നു തോന്നി. (എന്നിട്ടും എല്ലാരും ഒന്നും മിണ്ടാതെ അതു മുഴുവന്‍ കേട്ടിരുരുന്നതിനെയാണ് സഹൃദയത്വം എന്നു വിളിക്കുക.)

ഇതു പറയുമ്പോള്‍ എന്റെ തന്നെ കവിത്വത്തിനെ ചോദ്യം ചെയ്യണമെന്നില്ല. ഒന്നാന്തരം കവിതയെഴുതാന്‍ കോപ്പുണ്ടെനിക്കും. സമയമില്ലെന്നൊരു തോന്നല്‍ അല്ലെങ്കില്‍ ഒരു പക്ഷേ സമയമായിട്ടില്ലെന്നൊരു തോന്നല്‍.

ഈ എഴുതിയിട്ടിരിക്കുന്നതൊക്കെ ഒരു സൂവിനു മാത്രം പുറം ചൊറിഞ്ഞുകൊടുക്കാനല്ല, ഇതുപോലെ മറ്റു പലയിടങ്ങളിലും (ഉദാഹരണം ഇട്ടിമാളുവിന്റെ നിമിഷകവിതയ്ക്കു കീഴെ) ഇരിങ്ങല്‍ എഴുതിയതും അവിടെത്തന്നെ എന്റെ കമന്റിനു മറുപടിയും കണ്ടിരുന്നു. പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെങ്കില്‍ മറുപടികള്‍ മൌനത്തിലൊതുക്കുന്ന ഒരു ശീലമുണ്ടെനിക്ക്. ആ മൌനം വായിച്ചുകാണുമെന്നു പ്രതീക്ഷിച്ചു.

ഇരിങ്ങല്‍ ഇന്നുവരെ പലയിടത്തും വാരിയെറിഞ്ഞുപോയിട്ടുള്ള അഭിപ്രായങ്ങള്‍ സ്വരുക്കൂട്ടി വായിക്കുമ്പോള്‍ മൊത്തം ഒരു ഋണാത്മകത തോന്നും. അതത്ര സുഖമില്ല എന്നു പറയേണ്ടിവരുന്നതിനും മാപ്പ്! ആദ്യമായാണ് ഇവിടെയിങ്ങനെ ഒരാളുടെ മുഖത്തുനോക്കി പറയേണ്ടി വരുന്നത്. അതിനും മാപ്പ്!

നമുക്കൊരു കാര്യം ചെയ്യാം ഇരിങ്ങലേ, ആദ്യം കുറേ മാതൃകാരചനകള്‍ എഴുതിക്കൂട്ടി ഈ പാവങ്ങള്‍ക്കൊക്കെ കാണിച്ചുകൊടുക്കാം. അങ്ങനെയെങ്കിലും അവര്‍ ഇതൊക്കെ ഒന്നു പഠിച്ചെടുക്കട്ടെ.

Sun Nov 26, 03:26:00 PM IST  
Anonymous Anonymous said...

“ഇരിങ്ങല്‍ ഇന്നുവരെ പലയിടത്തും വാരിയെറിഞ്ഞുപോയിട്ടുള്ള അഭിപ്രായങ്ങള്‍ സ്വരുക്കൂട്ടി വായിക്കുമ്പോള്‍ മൊത്തം ഒരു ഋണാത്മകത തോന്നും.“

“നമുക്കൊരു കാര്യം ചെയ്യാം ഇരിങ്ങലേ, ആദ്യം കുറേ മാതൃകാരചനകള്‍ എഴുതിക്കൂട്ടി ഈ പാവങ്ങള്‍ക്കൊക്കെ കാണിച്ചുകൊടുക്കാം.“

വിശ്വപ്രഭയുടെ വാക്കുകളോട് 100% യൊജിക്കുന്നു. രാജു ഇരിങ്ങലിന്റെ കമന്റുകള്‍ വായിക്കുമ്പോഴെല്ലാം ഇത് എഴുതണമെന്ന് തോന്നാറുണ്ട്.

സ്നേഹം ഇങ്ങനെ എല്ലാവര്‍ക്കും ആയി വാരികൊടുക്കാതെ സൂക്ഷിക്കുക. ഒരുതരം വിരക്തിതോന്നുന്ന കമന്റുകള്‍ ഇട്ട് മറ്റുള്ളവരെ മടിപ്പിക്കാതെ നോക്കൂ. അതുല്യ രാജുവിന് ഇട്ടിരിക്കുന്ന കമന്റും കണ്ടുകാണുമല്ലോ.

Sun Nov 26, 03:49:00 PM IST  
Blogger Sona said...

സുചേച്ചി എനിക്കൊരുപാടിഷ്ടായിട്ടൊ..എല്ലാ രംഗങളും ഞാന്‍ visualize ചെയ്തുകൊണ്ടാ വായിച്ചു തീര്‍ത്തത്..ഇത്തരം അനുഭവങള്‍ ഇനിയും പങ്കുവയ്ക്കണേ..

Sun Nov 26, 06:15:00 PM IST  
Blogger മുസാഫിര്‍ said...

സു,
ഞാന്‍ കാലത്ത് ഇതു വായിച്ചു.ചില പ്രയൊഗങ്ങള്‍,പഞ്ചസാരപ്പാനിയിലെ ജാമുന്‍ പോലത്തെ,വായിച്ചു സ്വയം ചിരിക്കുകയും ചെയ്തു. അവസാനം ശരിയായില്ല എന്നു തൊന്നിയെങ്കിലും അതു സൂ‍ ആ സന്തൊഷ വര്‍ത്തമാനം പറയാതെ നിര്‍ത്തിയത് കൊണ്ടാണെന്നു സ്വയം സമാധാനിച്ചു.പിന്നെ വന്നു കമന്റിടാമെന്നു കരുതി മടക്കി വച്ചു
പിന്നെ ഇപ്പോള്‍ വന്നു നോക്കിയപ്പോള്‍ എന്താ കഥ.ഉത്സവം പോലെ , ഇടക്കു കത്തി,പച്ച വേഷങ്ങള്‍ മാറി , മാറി.
എന്തായാലും വിശ്വഗുരു തകര്‍ത്തു.നമോവാകം.

Sun Nov 26, 06:42:00 PM IST  
Blogger sandoz said...

miya culpa എന്നാല്‍ എന്റെ പിഴ എന്നര്‍ത്ഥം

Sun Nov 26, 07:20:00 PM IST  
Blogger Kiranz..!! said...

വലിയ കൃതികള്‍ ഒന്നും വായിച്ചു മനസിലാക്കിയെടുക്കാന്‍ കെല്‍പ്പില്ലേലും സൂ‍ച്ചിയുടെ എഴുത്ത് വളരെ സിമ്പിള്‍ ആയി വായിച്ചെടുത്ത് ഊറിച്ചിരിക്കാന്‍ ഉള്ള വക തരുന്നുണ്ട്.മലയാളം ബ്ലോഗുകള്‍ കണ്ടിരുന്നെങ്കിലും സത്യം പറഞാല്‍ സൂച്ചിയുടെ ലേഖനങ്ങള്‍ക്ക് മലയാളത്തില്‍ കമന്റാന്‍ വേണ്ടി മാത്രമായിരുന്നു ആദ്യകാലത്ത് ഈയുള്ളവന്‍ സിബുവിന്റെ വരമൊഴി തപ്പിയെടുത്തതെന്നത് ബ്ലോഗ് താളുകളില്‍ മറഞ്ഞിരിക്കുന്ന ഒരു ചരിത്രസത്യം.


ആ ജാമൂന്‍ പ്രയോഗം കലക്കി :)

Sun Nov 26, 07:54:00 PM IST  
Blogger വല്യമ്മായി said...

സൂ ചേച്ചി,ഇതെനിക്കിഷ്ടമായി,ബാക്കി മല്സരങ്ങള്ക്ക് സമ്മാനം കിട്ടിയോ

Sun Nov 26, 08:01:00 PM IST  
Anonymous Anonymous said...

ഫൈസല്‍ ഒന്നൊതുക്കിപ്പറഞ്ഞു...വിശ്വേട്ടന്‍ അത് നീട്ടിപ്പരത്തി രാജൂന്റെ തലയ്ക്ക് ഒന്നു കൊട്ടി അല്ലേ...? ഇട്ടിമാളൂന്റെ കവിതയില്‍ കണ്ടപ്പഴേ തോന്നി...കിട്ടും കിട്ടും ന്ന്...കിട്ടി!

പിന്നെ വിശ്വേട്ടാ...കോഴിമുട്ട ചീത്തയാണെന്നു പറയാന്‍ അതിട്ടുനോക്കാനുള്ള കഴിവു വേണ്ടാ മറിച്ച് ഗന്ധമറിയാനുള്ള കഴിവ് മതീന്നാരോ (ബര്‍ണാഡ് ഷാ ?)പറഞ്ഞിട്ടുണ്ടല്ലോ!

Sun Nov 26, 08:13:00 PM IST  
Blogger അതുല്യ said...

മിക്കവാറും പിന്മൊഴികളില്‍ സജീവമായി കാണാത്ത വിശ്വത്തിന്റെ ഈ ഇത്രയും ക്രിയാത്മകമായ ഒരു വിശദീകരണത്തിനു തക്കതായ ഒരു അപരാധം ഇരിങ്ങല്‍ ചെയ്തതായിട്ട്‌ ഐനിക്ക്‌ തോന്നിയില്ല. വിമര്‍ശനം എന്ന രീതി വിട്ട്‌ ഇരിങ്ങല്‍ ലിമിറ്റ്‌ ക്രോസ്‌ ചെയ്ത്‌, ഒരു വിശദീകരണം, അല്ലെങ്കില്‍ ഒരു ഉത്തരക്കടലാസ്‌ നോക്കുന്ന അദ്ധ്യാപകന്റെ മൂഡിലെയ്കെത്തിയതാണു തകരാറില്‍ ആക്കിയത്‌. പക്ഷെ അതിനു മറുപടിയായി, നിങ്ങളില്‍ നിന്നും വരുന്നതൊക്കെ ശൂൂ.. സ്റ്റാന്‍ഡേഡില്‍ ഉള്ളതാണു എന്നൊക്കെയുള്ള രീതിയില്‍ വിശ്വത്തിന്റെ ഭാഗത്ത്‌ നിന്ന് ഈ പോസ്റ്റിലുള്ള കമന്റുകള്‍ അസ്ഥാനത്താണു. പിന്നെ ദോഷം പറയരുതല്ലോ.. രാജു ഇരിങ്ങല്‍ വളരെ അടുപ്പം കാണിച്ചാണു ആ മീറ്റില്‍ വായിയ്കാനൊരു മംഗളപത്രമെന്ന കണക്കില്‍ ചില വരികള്‍ എഴുതി എത്തിച്ചത്‌. പലരും വിളിച്ച പോലെ, പലരും എസ്‌.എം.സ്‌ അയച്ച പോലെയെയുള്ളു. അത്‌ ഈ പോസ്റ്റില്‍ അദ്ദേഹത്തിനു എതിരായിട്ട്‌ പ്രയോഗിച്ചതില്‍ അല്‍പം ജാള്യത എനിക്ക്‌ തോന്നുന്നു.

ഇരിങ്ങല്‍ എന്ന ആള്‍ക്ക്‌ അല്‍പം സ്വല്‍പം "വിമര്‍ശന"ത്തിന്റെ/എന്തൊക്കെയോ അറിയാം എന്ന അസുഖത്തിന്റെ അസ്ക്യത കൂടുതലുണ്ട്‌. അതും അദ്ദേഹത്തിന്റെ സ്വാതത്ര്യമാണു. പറഞ്ഞോട്ടെ, നമുക്ക്‌ തിരിച്ചും ഇത്‌ പോലെ പറയാം. പക്ഷെ, ബ്ലോഗുടമ പറയുമ്പോള്‍ അത്‌ ഒരു ഉത്തരമാവും, മറ്റ്‌ ആരെങ്കിലും പറയുമ്പോള്‍ അതിനു ഒരു സ്പോക്ക്സ്‌-മാന്‍ ശൈലി വരുന്നു.

Sun Nov 26, 09:35:00 PM IST  
Blogger വിശ്വപ്രഭ viswaprabha said...

അതുല്യേ,
വെറുതെ കുറേ തല്ലുകൂടി തലപൊളിക്കാനാണെങ്കില്‍ അതിനുളള നേരം എനിക്കില്ല. ഉള്ള നേരത്തുതന്നെ എല്ലായിടത്തും പോയി 'സജീവമായി’ കമന്റിടണമെന്നുള്ള ആഗ്രഹവും നടക്കുന്നില്ല. ഇതിനെക്കാളൊക്കെ വലിയ ഒരുപാടൊരുപാടു കാര്യങ്ങള്‍ ഇവിടെയൊക്കെ ചെയ്തുമറിയ്ക്കണം എന്ന ഒരത്യാഗ്രഹമാണ് ആകെയുള്ളത്. അതൊന്നും ഈ ജന്മത്തു നടക്കുമെന്നും തോന്നുന്നില്ല.


മുമ്പത്തെ കമന്റിട്ടതിനുശേഷം ഓടിപ്പോവേണ്ടി വന്നു റേഷന്‍ മേടിക്കാന്‍. പക്ഷേ ക്യൂവില്‍ നില്‍ക്കുമ്പോഴും അരിസഞ്ചി കെട്ടുമ്പോഴും ഒക്കെ മനസ്സില്‍ ഒരു വിഷമവും സങ്കടവും ഒക്കെ തോന്നി. പാവം രാജുവിനെ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നുവെന്ന് മനസ്സിലിരുന്ന് ആരോ (അതുല്യയല്ലേ അല്ല, മൂന്നരത്തരം) പറഞ്ഞു. തിരിച്ചുവന്നാല്‍ ആദ്യത്തെ ജോലി ഇവിടെ വന്ന് ഒരു മേപ്പു വാങ്ങുകയാവണമെന്നും കരുതി.

പക്ഷേ കുറുക്കന്‍ അപ്പോഴേക്കും ഇടയില്‍ കേറി!
ഇനി ഞാനെന്തെങ്കിലും പറഞ്ഞാല്‍ അതതുല്യമേഡം പറഞ്ഞതിന്റെ ആഫ്റ്റര്‍ഷോക്ക് ആവുമെന്നു ജനം കരുതുമെന്ന് ഞാന്‍ കരുതും! അതെന്റെ ഈഗോയെ ബാധിക്കും. എന്നിട്ട് രണ്ടു ദിവസം പനിച്ചുകിടക്കും ഞാന്‍. ആര്‍ക്കാ നഷ്ടം? എനിക്കു തന്നെ!

എന്നിരുന്നാലും, ഇതു പറയാതെ വയ്യ:

വേറെ എവിടൊക്കെയോ ഉള്ള ഏതൊക്കെയോ മൊഴികളുടെ കൂടി പിന്മൊഴിഭാരം മനസ്സില്‍ മുല്ലപ്പെരിയാര്‍ പോലെ നിറഞ്ഞുകവിഞ്ഞിരിക്കുന്ന നേരത്താണ് ഞാന്‍ രാജുവിന്റെ, ഫൈസലിന്റെ, രാജുവിന്റെ കമന്റും മറുകമന്റുകളും കണ്ടത്. നടേ ആരോ പറഞ്ഞതുപോലെ ഇട്ടിമാളൂന്റേ കൊട്ടിയമ്പലത്തിലെ ഒരു മറുപടിക്കുടിശ്ശികയുമുണ്ടായിരുന്നു. അങ്ങനെയാണ് ഇത്ര ‘ക്രിയാത്മകത’ തോന്നിയത്. ബട്ടണ്‍ ക്ലിക്കുചെയ്തു കഴിഞ്ഞപ്പൊഴേ തോന്നി രാജുവിന്റെ കവിതയെപ്പറ്റി ഞാനും ഇങ്ങനെ പറയരുതായിരുന്നു എന്ന്.രാജുവും തല്‍ക്കാലം ജ്ഞാനപീഠത്തിനും ബുക്കറിനും പ്ലാന്‍ ചെയ്തിട്ടുണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ പറഞ്ഞത് വലിയ അപരാധമായെന്ന് സ്വയം മനസ്സിലായി.

യൂഏയി മീറ്റിന് എങ്ങനത്തെയായാലും ഒരു കവിതയെങ്കിലും അയച്ചുതരാന്‍ തോന്നിയ നല്ല മനസ്സിനെ അവഗണിച്ചുകൊണ്ടല്ലേ താന്‍ ഈ കൃതഘ്നത കാട്ടിയതെന്ന് അകത്തിരുന്നൊരുത്തന്‍ പിന്നെയും പിന്നെയും കുത്തി! പണ്ട് ബിരിയാണിക്കുട്ടി കേരളബൂലോഗക്കല്യാണത്തിന് അയച്ചുതന്ന ആ സമ്മാനങ്ങളുടെ അത്ര തന്നെ തിളക്കം വേണ്ടേ ഈ സ്നേഹാക്ഷരമുക്തകത്തിനും എന്നും അകത്തുനിന്നും ഇരമ്പമുയര്‍ന്നു.

അതുകൊണ്ട് തൊടുത്ത അമ്പു പോലെ, ഉരച്ച വാക്കുപോലെ ഇനി തിരിച്ചെടുക്കാന്‍ പറ്റാത്ത ആ ഭര്‍ത്സനപ്രയോഗത്തിന് ഇരിങ്ങലിനോട് മാപ്പ്!

എഴുത്തിലെ ‘മൊത്തം ഋണാത്മകത‘ കുറച്ചുകൊണ്ടുവരണമെന്ന് അത്യന്തം സ്നേഹത്തോടെത്തന്നെ ഇപ്പോഴും ഒരപേക്ഷ!

ഇനി വീണ്ടും അതുല്യയോട്,
അതുല്യേ ഈ സൂവിന്റെ ബ്ലോഗും അതുല്യയുടെ തന്നെ ബ്ലോഗും പിന്നെ ഇവിടുള്ള ഒത്തിരിയൊത്തിരി ബ്ലോഗുകളും എന്റേതുകൂടിയാണ്. കുടികിടപ്പവകാശം എന്നു കേട്ടിട്ടില്ലേ, ഇവിടങ്ങളിലൊക്കെ എന്തു നടന്നാലും അതെന്റെ വീട്ടില്‍ നടന്ന പോലെത്തന്നെയാണെനിക്ക്. അതിനെന്നെ ആരും വക്താവായി നിയമിക്കേണ്ടതില്ല.

Mon Nov 27, 12:13:00 AM IST  
Blogger അതുല്യ said...

വിശ്വമേ നന്ദി.
Its from my heart.

Mon Nov 27, 12:19:00 AM IST  
Blogger വേണു venu said...

സൂ കഥ വായിച്ചു.:)

“ഇവിടുള്ള ഒത്തിരിയൊത്തിരി ബ്ലോഗുകളും എന്റേതുകൂടിയാണ്. കുടികിടപ്പവകാശം എന്നു കേട്ടിട്ടില്ലേ, ഇവിടങ്ങളിലൊക്കെ എന്തു നടന്നാലും അതെന്റെ വീട്ടില്‍ നടന്ന പോലെത്തന്നെയാണെനിക്ക്.”
വിശ്വപ്രഭ viswaprabha
ഇന്നെനിയ്കെന്‍റെ ബ്ലോഗു ജീവിതത്തില്‍ പഠിയ്ക്കാന്‍ കിട്ടിയ ഏറ്റവും നല്ല സന്ദേശം.
വിശ്വപ്രഭയുടെ വരികളില്‍ നവോന്മേഷം ഉണരുന്നു.വലിയ വലിയ അര്‍ഥതലങ്ങള്‍ വിന്യസിക്കുന്നു.
വിശ്വംജീ ആശംസകള്‍.

Mon Nov 27, 12:37:00 AM IST  
Anonymous InjiPennu said...

വിശ്വേട്ടാ
ഋണാത്മകത - ഇതിന്റെ അര്‍ത്ഥം പറഞ്ഞു തന്നാല്‍ ഞാന്‍ എന്റെ ബ്ലോഗും വിശ്വേട്ടനു തരാം :). കുറ്റം പറച്ചില്‍ എന്നാണൊ?

Mon Nov 27, 08:46:00 AM IST  
Blogger സു | Su said...

ഫൈസല്‍ :)
വിശ്വം :)

രാജുവിനാണ് നിങ്ങള്‍ മറുപടി എഴുതിയതെങ്കിലും നന്ദി.

പട്ടേരീ :) അങ്ങനെയുള്ളതൊക്കെ എഴുതാന്‍ ഈയുള്ളവള്‍ ശ്രമിക്കാം. ഹി ഹി ഹി.


സോന :) നന്ദി. ഇനിയും ഇത്തരം എഴുതണമെന്ന് പറഞ്ഞതിന് നന്ദി.

മുസാഫിര്‍ :) നന്ദി.

സാന്‍ഡോസ് :)

കിരണ്‍സ് :) നന്ദി.

അതുല്യേച്ചി :) ഞാനിവരെയൊന്നും എന്റെ സ്പോക്സ്മാന്‍ ആയിട്ട് നിയമിച്ചിട്ടില്ല. വിശ്വത്തെ കണ്ടിട്ടുണ്ട്. ഫൈസലിനെ അതുപോലുമില്ല. അനേകം ബ്ലോഗ്ഗരില്‍ ഒരാള്‍ . അത്രയേ അറിയാവൂ. രാജുവിന്റെ കവിത നന്നായില്ല എന്നു പറഞ്ഞപ്പോള്‍ അതുല്യേച്ചി ചെയ്തതും അവര്‍ ചെയ്തതു തന്നെയല്ലേ? കാരണവര്‍ക്ക് പനിച്ചാലും മോരുകൂട്ടാം എന്നൊന്ന് കേട്ടിട്ടുണ്ട്.

ഇഞ്ചീ. :)

രാജൂ :) രാജു വിമര്‍ശിക്കുന്നതിനെ ഞാനൊരിക്കലും തടഞ്ഞിട്ടില്ല എന്ന് രാജുവിന് അറിയാം. ഫൈസല്‍ എന്തോ പറയാന്‍ വന്നപ്പോള്‍ ഇനി കൂട്ടായല്ലോ എന്ന് രാജു പറഞ്ഞു. എനിക്ക് രാജുവിനെ അറിയുന്നതുപോലെയേ ഫൈസലിനേയും അറിയാവൂ. ഫൈസലും വിശ്വവും അവരുടെ അഭിപ്രായം പറഞ്ഞതാവും. പിന്നെ, രാജു പറയുമ്പോഴൊക്കെ ഞാന്‍ പറയാറുണ്ട്, ആ പുസ്തകങ്ങള്‍ വാങ്ങി വായിക്കാമെന്ന്. ഇനി വാങ്ങുമ്പോള്‍ അതു തന്നെ വാങ്ങും. ഞാന്‍ പറഞ്ഞ പുസ്തകത്തില്‍ ഏതെങ്കിലും രാജു വായിച്ചിട്ടുണ്ടോ? ഒക്കെ നല്ലതാണ്. ഇനി നാട്ടില്‍ വരുമ്പോള്‍ വാങ്ങിക്കൊണ്ടു പോവുക. പിന്നെ, ബ്ലോഗുകള്‍ മാത്രമാണോ വായിക്കുന്നത് എന്ന് ചോദിച്ചില്ലേ? ബ്ലോഗുകളിലൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഒന്നും വായിക്കാനില്ല. അത്രയ്ക്കും പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ വീട്ടിലുമുണ്ട്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുക എന്ന് കേട്ടിട്ടില്ലേ, അതുപോലെ ഞാന്‍ കൈയില്‍ പുസ്തകവുമായിട്ടാണ് ജനിച്ചത്. പിന്നെ, ബ്ലോഗെഴുത്തുകാരെ, അവര്‍, പുതിയവര്‍ ആയാലും, പഴയവര്‍ ആയാലും അവരെ പ്രോത്സാഹിപ്പിക്കുക. കിണറ്റില്‍ വീണ് കയറാന്‍ നോക്കുന്ന ഞണ്ടിന്റെ കാലില്‍ പിടിക്കുന്ന ഞണ്ടുകളുടെ അവസ്ഥ ആവരുത്. നമ്മള്‍ ഏണിപ്പടികള്‍ ആവാന്‍ ആണ് ശ്രമിക്കേണ്ടത്. കയറി മുകളിലെത്തുന്നവര്‍ എന്നെങ്കിലുമൊരിക്കല്‍ നമ്മളെ ഓര്‍ക്കും. എനിക്ക് രാജുവിനോടോ രാജുവിന്റെ അഭിപ്രായങ്ങളോടോ യാതൊരു എതിര്‍പ്പുമില്ല. പക്ഷെ തോന്നിയപോലെ വിമര്‍ശിക്കരുത് എന്നൊരു അഭിപ്രായം ഉണ്ട്.

മത്സരം എന്ന് പേരുവെച്ച് നല്ലൊരു ഓര്‍മ്മക്കുറിപ്പ് എഴുതിയപ്പോള്‍ ഞാന്‍ വിചാരിച്ചില്ല, നിങ്ങള്‍ ഒക്കെക്കൂടെ എന്നെ തോല്‍പ്പിക്കുമെന്ന്.

Mon Nov 27, 09:20:00 AM IST  
Blogger സു | Su said...

വേണു :) നന്ദി.

qw_er_ty

Mon Nov 27, 09:21:00 AM IST  
Blogger സു | Su said...

സഹൃദയന്‍ :) നന്ദി. ഇനി ശ്രമിക്കാം.

വല്യമ്മായീ :) നന്ദി. ഡാന്‍സിനും ഒപ്പനയ്ക്കും പാട്ടിനുമൊന്നും മത്സരം ഇല്ലായിരുന്നു. ഒക്കെ ഞങ്ങള്‍ തന്നെ ആയിരുന്നു.


qw_er_ty

Mon Nov 27, 10:04:00 AM IST  
Blogger രാജു ഇരിങ്ങല്‍ said...

സു ചേച്ചിക്ക്,
താങ്കളുടെ ‘മത്സരം’വായിച്ച് ഒരു മത്സരമാക്കി തോല്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും ഞാന്‍ ചെയ്തത് അതുല്യ ചേച്ചി പറഞ്ഞതു പോലെ ഒരു സ്കൂള്‍ മാഷിനെ പോലെ പെരുമാറി എന്നുള്ളതു തന്നെ യാണ്. ഒരു കൃതിയെ സംബന്ധിച്ച് അതിന്‍റെ ആവശ്യമില്ലായിരുന്നു. അത് എന്‍റെ വിശദീകരണത്തില്‍ താങ്കള്‍ക്ക് മനസ്സിലായി എന്നു തോന്നുന്നു. കൂടുതല്‍ ആവശ്യമെങ്കില്‍ ഇ-മെയില്‍ എന്ന് ഞാന്‍ പറഞ്ഞു താങ്കള്‍ അതിനു മുതിരാത്തതു കൊണ്ടും വിലാസം എനിക്ക് അറിയാത്തതിനാലും ഇനി പ്രസക്തി ഇല്ല.

ഫൈസലിന്‍റെ അഭിപ്രായത്തിന്‍ ഞാന്‍ മറുകുറി ഇട്ടിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ ബഹുമാനിക്കുന്നു.

കൂട്ടായല്ലൊഎന്ന് പറഞ്ഞത് കളിയാക്കി പറഞ്ഞതല്ല.
ആരും എനിക്കു വേണ്ടി വാദിക്കാനില്ലത്തതു കൊണ്ടെന്ന താങ്കളുടെ വാദത്തിന്‍ മറു പടി മാത്രമായിരുന്നു അത്. (അതും വിവാദമായി.)

വിമര്‍ശനം ഞാന്‍ അത് പല നല്ല ബ്ലോഗ് എഴുത്തുകാരുടെ കൃതികളിലും നടത്തിയിട്ടുണ്ട്. എന്നാല്‍ കാണുന്ന എല്ലാ കൃതികളിലും നടത്തിയിട്ടുമില്ല. എന്‍റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ എന്‍റെതായ കണ്ടെത്തലുകളും പറയാറുണ്ട്. അല്ലാതെ “നന്നായി” “മോശം” എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു പോകാറില്ല.

പിന്നെ വിശ്വം എന്ന എഴുത്തുകാരന്‍/ സാഹിത്യകാരന്‍ / ചിന്തകന്‍ / ദാര്‍ശനീകന്‍ (അത്രയൊക്കെ യേ എനിക്കറിയൂ) നടത്തിയ പൂരപ്പാട്ട് മറുകുറി അര്‍ഹിക്കാത്തതിനാല്‍ മുഖവിലക്കെടുക്കുന്നില്ല. അതിന് ആരൊക്കെ പിന്‍ താങ്ങി നിന്നാലും.

കാര്യ കാരണ സഹിതം ഫൈസല്‍ പറഞ്ഞതിനെ തികഞ്ഞ ഗൌരവത്തിലെടുക്കുകയും ചെയ്യുന്നു.

സു ചേച്ചി.. എനിക്ക് വക്കാലത്തു വന്നതായിരുന്നില്ല അതുല്യ മാഡം. അവരെ ഞാനറിയുക പോലുമില്ല. ഇങ്ങനെയുള്ള കമന്‍റിലല്ലാതെ. എന്നാല്‍ മഹാസാഹിത്യകാരന്‍ (കുറഞ്ഞു പോയെങ്കില്‍ ക്ഷമിക്കുക) പ്രതിപാതിച്ച കവിത അവിടെ എത്തിക്കാന്‍ എന്നെ സഹായിച്ചത് അവരാണ് അതുകൊണ്ടായിരിക്കണം അവര്‍ മറുപടി പറഞ്ഞത്.

അനോണി ആയി ആരും എനിക്ക് കൊട്ടാന്‍ വരണമെന്നില്ല. അതിനു മാത്രം കെല്പുള്ള അനോണികള്‍ വളര്‍ന്നിട്ടുമില്ല.ആരാണ് അനോണിയെന്ന് എനിക്കറിയാം.
(കഥാകാരി ക്ഷമിക്കുക, താങ്കളുടെ ബ്ലോഗില്‍ വന്ന് ഇത്തരം വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നതിന്)

ഇവിടെ കമന്‍റ് എഴുതിയും കൃതികള്‍ വായിച്ചും മാത്രമാണ് എനിക്ക് ബ്ലോഗേഴ്സിനെ പരിചയം.

അല്ലാതെ എനിക്ക് ബ്ലോഗിലെ ഒരെഴുത്തുകാരനേയും നേരിട്ട് പരിചയമില്ല. അതുകൊണ്ടു തന്നെ ഞാന്‍ കൃതികളെ നോക്കി മാത്രമാണ് അഭിപ്രായം പറയുന്നത്. കൃതികളുടെ സൌന്ദര്യം മാത്രം. എഴുതിയ ആളിന്‍റെ സൌന്ദര്യമല്ല.
സു ചേച്ചിയുടെ സൌന്ദര്യം നോക്കി എല്ലാ ബ്ലോഗു കാരും കമന്‍റുന്നു എന്ന് ഇതിനര്‍ത്ഥമില്ല. വീണ്ടും ഒരു വിവാദം അനാവശ്യമായി വേണ്ട അതും വ്യക്തിയുടെ പേരില്‍)

മുകളില്‍ എഴുതിയ വരികള്‍ക്ക് ‍ ആരുടേയും മറുപടി പ്രതീക്ഷിക്കുന്നില്ല; ആരെങ്കിലും മറുകുറി ആഗ്രഹിക്കുന്നുവെങ്കില്‍ ഇ-മെയില്‍ ചെയ്യാം. മെയില്‍ അഡ്രസ്സ് എന്‍റെ ബ്ലോഗില്‍ നിന്ന് എടുക്കാവുന്നതാണ്.

Mon Nov 27, 10:22:00 AM IST  
Blogger Kiranz..!! said...

“ഇവിടുള്ള ഒത്തിരിയൊത്തിരി ബ്ലോഗുകളും എന്റേതുകൂടിയാണ്. കുടികിടപ്പവകാശം എന്നു കേട്ടിട്ടില്ലേ, ഇവിടങ്ങളിലൊക്കെ എന്തു നടന്നാലും അതെന്റെ വീട്ടില്‍ നടന്ന പോലെത്തന്നെയാണെനിക്ക്.”
വിശ്വപ്രഭ viswaprabha


ശരിക്കും ഇഷ്ട്മായി വിശ്വേട്ടാ..!! ബൂലോകത്തിനു ആരെങ്കിലും 10 കല്‍പ്പനകള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ ആദ്യത്തേതായിരിക്കണം ഇത്.ബൂലോകത്തിന്റെ സംഘടിതമായ വളര്‍ച്ചക്കു വളരെയേറെ സഹായിക്കാനുതകുന്ന ഒന്നായിരിക്കും ഇത്.എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കില്‍ എന്നു ആശിച്കൂ പോകുന്നു,ഇത് ഇവിടെ കമന്റായി മാത്രം ഒതുങ്ങുന്നതില്‍ പരിഭവവും..!!

Mon Nov 27, 10:37:00 AM IST  
Blogger പച്ചാളം : pachalam said...

സൂചേച്ചീ അന്നാ കമുങ്ങിന്‍റെ മുകളീന്നു വീണതു ഞാനായിരുന്നൂ, അന്നു മേടിച്ചു തരാമെന്നു പറഞ്ഞ മുട്ടായീ ഇന്നും കിട്ടിയിട്ടില്ലട്ടോ..

:)

Mon Nov 27, 11:11:00 AM IST  
Blogger കരീം മാഷ്‌ said...

“ഇവിടുള്ള ഒത്തിരിയൊത്തിരി ബ്ലോഗുകളും എന്റേതുകൂടിയാണ്. കുടികിടപ്പവകാശം എന്നു കേട്ടിട്ടില്ലേ, ഇവിടങ്ങളിലൊക്കെ എന്തു നടന്നാലും അതെന്റെ വീട്ടില്‍ നടന്ന പോലെത്തന്നെയാണെനിക്ക്.”
1.വിശ്വപ്രഭ viswaprabha
2.Kiranz
3.കരീം മാഷ്‌ ഒപ്പ്‌

ദേവരാഗം മാഷിന്റെ (ദാമ്പത്യത്തിനു നിര്‍വ്വചനം നല്‍കികൊണ്ടുള്ള) ഒരു കമണ്ടിനു ശേഷം ഞാന്‍ മനസ്സില്‍ ചേര്‍ത്തുവെച്ച മറ്റോരു നല്ല കമണ്ട്‌. ബൂലോഗകൂട്ടായ്‌മയുടെ "സ്ലോഗണ്‍"
വിശ്വം, താങ്കളെ ബഹുമാനത്തോറ്റെ ഓര്‍ക്കാന്‍ ഈ കമണ്ടു ഒരുപാടു കാലത്തേക്കു മതി.
ഇതു പതിയാന്‍ ഭാഗ്യം കിട്ടിയ സൂര്യഗായത്രിയുടെ ഈ ബ്ലോഗിനു അഭിനന്ദനങ്ങള്‍!

Mon Nov 27, 11:16:00 AM IST  
Blogger സു | Su said...

രാജുവിന്,

വിശ്വം എഴുതിയ പൂരപ്പാട്ട് മറുപടി അര്‍ഹിക്കുന്നില്ല എന്ന് കണ്ടു. എനിക്ക് വേണ്ടി അദ്ദേഹം, ഫൈസലിനെപ്പോലെ വന്നതായതുകൊണ്ടും, ഇത് എന്റെ ബ്ലോഗായതുകൊണ്ടും മറുപടി പറയണം എന്നുണ്ട്. ബ്ലോഗുകളിലൊക്കെ ഇങ്ങനെ ഞാന്‍ വായിച്ചുനടക്കുന്നതുതന്നെ നമ്മള്‍ക്കറിയാത്ത പല കാര്യങ്ങളും, മറ്റുള്ളവരില്‍ നിന്ന് സൌജന്യമായി കിട്ടുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കാന്‍ വേണ്ടിയാണ്. ചിലപ്പോള്‍ അവര്‍ക്ക് നേരിട്ട അനുഭവങ്ങള്‍ അവര്‍ പങ്കുവെയ്ക്കുമ്പോള്‍, അത് നമുക്കൊരു പാഠം കൂടെ ആയിരിക്കും. ഇത്രയും കാലത്തെ പരിചയത്തില്‍ ഉള്ള പല ബ്ലോഗേഴ്സിനുമൊപ്പം, നല്ല അറിവുള്ള ഒരാള്‍ ആണെന്ന് തോന്നിയിട്ടുണ്ട് വിശ്വം. പൂരപ്പാട്ട് എന്ന് തോന്നിക്കുന്ന ഒന്നും അദ്ദേഹത്തില്‍ നിന്ന് ഇത്രയും കാലം വന്നിട്ടില്ല എന്ന് എനിക്ക് മാത്രമല്ല, എല്ലാ ബ്ലോഗേഴ്സിനും അറിയാം. രാജുവിന്റെ കവിതയെപ്പറ്റിയാണ് അദ്ദേഹം വിമര്‍ശിച്ചത്. അത് പൂരപ്പാട്ട് ആവുമെങ്കില്‍, രാജു പല ബ്ലോഗുകളിലും പോയി ചെയ്യുന്നതും അത് തന്നെ അല്ലേ? അതുകൊണ്ട് വിഡ്ഡിത്തം പറയുന്നതിനുമുമ്പ് ആലോചിക്കുക.

പിന്നെ സൌന്ദര്യം കണ്ടല്ല, ഒരു ബ്ലോഗറും മറ്റു ബ്ലോഗില്‍ കമന്റുന്നത്. ഞാന്‍ ബ്ലോഗുതുടങ്ങി, കൃത്യം ഒന്നര വര്‍ഷത്തിന് ശേഷം നടന്ന കൊച്ചി മീറ്റിലാണ് എന്നെ സഹബ്ലോഗ്ഗേര്‍സ് ആദ്യമായി കാണുന്നത്. എന്റെ ഫോട്ടോ പോലും അതുവരെ ആരും കണ്ടിട്ടില്ല. സൌന്ദര്യം കണ്ടും, പെണ്ണായതുകൊണ്ടും ബ്ലോഗില്‍ കമന്റു കിട്ടുന്നു എന്നൊക്കെ, എന്നെക്കൊണ്ടും മറ്റു പെണ്‍‌ബ്ലോഗ്ഗേര്‍സിനെക്കൊണ്ടും, ആരു പറഞ്ഞാലും, അത്തരക്കാരോട് എനിക്ക് അറപ്പാണ്. (ഹോ...എന്റെ ഒരു സൌന്ദര്യം.)

സൌന്ദര്യം എന്ന് പറയുന്നത് ഇന്നേക്ക് മാത്രം ഉള്ളതാണ്. അറിവും, വിവരവും, അതിലുപരി, സഹജീവികളോട് കരുണയും, സ്നേഹവും കരുതലും ഉള്ളവരോട് മാത്രമേ എനിക്ക് ബഹുമാനമുള്ളൂ. എത്ര അജ്ഞന്‍ ആയാലും, നല്ലൊരു മനസ്സിന്റെ ഉടമയെ ആരും ഇഷ്ടപ്പെടും. നാളെ സൌന്ദര്യം കുറേയുള്ള, ജോണ്‍ അബ്രഹാമും, സല്‍മാന്‍ ഖാനും, ഐശ്വര്യാറായും ബ്ലോഗ് തുടങ്ങിയിട്ട്, അവര്‍ പറയുന്നത് തെറിയാണെങ്കില്‍, സാരമില്ല, അവര്‍ വല്യ സൌന്ദര്യധാമങ്ങളല്ലേന്നും പറഞ്ഞ് ഞാന്‍ സഹിച്ചുകൊണ്ടിരിക്കില്ല.

“സു ചേച്ചിയുടെ സൌന്ദര്യം നോക്കി എല്ലാ ബ്ലോഗു കാരും കമന്‍റുന്നു എന്ന് ഇതിനര്‍ത്ഥമില്ല.” ഇത് രാജു പറഞ്ഞതിനു ഒരു മറുപടിയാണ് മുകളില്‍. രാജുവിന് അങ്ങനെ തോന്നിയില്ലെങ്കിലും തോന്നിയവര്‍ക്ക് അറിഞ്ഞോട്ടെ.

Mon Nov 27, 12:22:00 PM IST  
Blogger തറവാടി said...

അയ്യേ , മോശം ..മോശം എന്താണിതെന്‍റ്റെ കൂട്ടരെ!!!
കഷ്ടണ്‍ട്‌ ട്ടാ... , എന്‍റ്റെ സു ചേച്ചി , നമ്മുടെ രാജുവേട്ടനൊരു ചെറിയ തെറ്റ് പറ്റി , സു ചേച്ചി മറുപടിപറയുന്നതിന്‌ , ഫൈസല്‍ ചേട്ടന്‍ മറുപടി പറഞ്ഞു , പോട്ടെ ,, പിന്നെ എല്ലാരും പറഞ്ഞ് പറഞ്ഞത് വ്രണമാക്കി.. ശ്ശെ എല്ലാരും ക്ളാസ്സില്‍ പോയെ , പിന്നെ പൂരപ്പാട്ടെന്നൊക്കെ പറഞ്ഞതേതായാലും കുറച്ച് കടന്ന്‌ പോയി , പറ്റിയത് പറ്റി ഇനി അതങ്ങട്ട് മറന്ന്‌ കള എല്ലാരും

( ഇവനാരടാ ബൂലോക പോലീസോ എന്ന ചോദ്യം ആര്ക്കെങ്കിലും ചോദിക്കണമെന്നുണ്ടെകില്‍ , എന്റെ മെയിലില്‍ ചോദിക്കുക ഇവിടെ ചോദിച്ചാല്‍ പിന്നെ എനിക്കുത്തരം പറയണം , അതൊക്കെ വല്ലാത്തപൊല്ലാപ്പാണെന്നൈ)

Mon Nov 27, 12:42:00 PM IST  
Blogger രാജു ഇരിങ്ങല്‍ said...

പഷ്ട്!!!!!!!!!

Mon Nov 27, 12:42:00 PM IST  
Blogger സു | Su said...

തറവാടീ :) ഹി. ഹി. മെയിലില്‍ ചോദിക്കാന്‍ പറഞ്ഞത് നന്നായി. നേരിട്ട് വന്ന് ചോദിക്കണംന്ന് പറഞ്ഞാല്‍, ചന്ദ്രലേഖാന്നുള്ള സിനിമയില്‍ കോണ്ടസ്സാ, കോണ്ടസ്സാ എന്ന് പറയുന്നതുപോലെ, ഞാന്‍ വിസാ, വിസാ, എന്ന് പറയേണ്ടി വരുമായിരുന്നു. എന്തായാലും ബൂലോഗപ്പോലീസാണോന്ന് ചോദിക്കാന്‍ ഞാന്‍ എന്തായാലും വരുന്നില്ല. ആണെങ്കിലോ? എന്റമ്മോ...

Mon Nov 27, 12:52:00 PM IST  
Blogger സു | Su said...

പച്ചൂ :)
qw_er_ty

Mon Nov 27, 12:54:00 PM IST  
Blogger Peelikkutty!!!!! said...

മത്സരം(പോസ്റ്റ്)..ഇപ്പൊഴാണു കണ്ടത്..ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഇനിയും പങ്കുവയ്ക്കണേ!..ഞാന്‍ കുറെ നേരം അച്ഛനും മാമനും വെള്ളത്തില്‍ കൈ നീട്ടിപിടിച്ച് എന്നെയും കസിന്‍സിനെയും കാലിട്ടടിപ്പിക്കാന്‍ പെട്ട പാടും..പിന്നെ ട്യൂബും തൊണ്ടലയും മാറ്റി ഞാന്‍ ഞാന്‍ എക്സ്പേര്‍ട്ടാ ന്നും പറഞ്ഞ് മലന്നും ചെരിഞ്ഞും നീന്തി വെള്ളം മുഴുവനും അകത്താക്കിയതും ഒക്കെ ഓര്‍‌ത്തു പോയി...

Mon Nov 27, 12:57:00 PM IST  
Anonymous Anonymous said...

സൂ .. എഴുതുക മനസ്സിലെ വികാരങ്ങള്‍ വാക്കുകളും വാചകങ്ങളുമായി .... ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പേടട്ടെ... എല്ലാവരേയും തൃപ്തിപ്പെടുത്തികൊണ്ടൊരാള്‍ക്ക് മുന്നോട്ട് നീങ്ങാനാവില്ല .. ഞാന്‍ ഇന്നലെ പോസ്റ്റിയ ഒരു ആര്‍ട്ടിക്കിളില്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ല അയാല്‍ അഞ്ജ്തനായി വന്ന് കമന്‍റി ... അതിന് മറുപടി ഞാന്‍ കൊടുക്കുകയും ചെയ്തു അതുപോലെ ഇരിങ്ങലും കമന്‍റി അത്രതന്നെ കണ്ടാല്‍ മതി .. .. ചേച്ചിയുടെ അനുഭവകുറിപ്പുകള്‍ എനിക്കിഷ്ടപ്പെട്ടു .. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ അതില്‍ ആത്മാര്‍ത്ഥതയുടെ ഒരു കണം ഉള്ളത് കൊണ്ട് തന്നെ ... ഇനിയും എഴുതുക .. ഇരിങ്ങലിന്‍റെ അഭിപ്രായം മൌലീകവും ക്രിയാത്മകവുമായ ഒരഭിപ്രായമായി കണ്ട് .. നമ്മുക്കീ സ്നേഹ സൌഹൃദയ കൂട്ടായ്മ.. മുന്നോട്ട് നീക്കാം... ജയ് ഹിന്ദ്...ജയ് കേരള.. ജയ് ബ്ലോഗ്

Mon Nov 27, 12:59:00 PM IST  
Anonymous Anonymous said...

മത്സരം ബ്ലോഗില്‍ നീന്തിത്തുടിച്ചു കയറിയപ്പോ
അയ്യോ കമന്റിന്‍ പെരുങ്കടല്‍,കരിങ്കടല്‍, സങ്കടല്‍

നീന്തി.. നീന്തി .... നീന്തി ...... ഞാന്‍
ബൂലോക ഭഗവതീ ലച്ചിക്കണേ....

Mon Nov 27, 01:16:00 PM IST  
Anonymous Anonymous said...

ഒരു കൊച്ച് അനുഭവം...
അതിനൊരു വിമര്‍ശനം,
- ഒരു വിശദീകരണം....

ദാ, പ്രശ്നം അവിടെ തീര്‍ന്നില്ലേ?
ഇത്‌പ്പോ എന്താ സംഭവിച്ചേ?
വല്ല നിശ്ച്ചോണ്ടോ?

-ബോംബേലു ബസ്സ്റ്റോപ്പില്‍ വച്ചു പോക്കറ്റടിക്കാരനെ പിടിച്ച പോലായി: പോക്കറ്റാരുടേതാ, അടിച്ചവനാരാ, അടികൊടുത്തവനാരാ, സീയൈഡിയാരാ, പോലീസാരാ....

-കാശു പോയവനു പോയി... വഴിയെപോയനും കണ്ടുനിന്നവനും കിട്ടി, ചിലര്‍ തക്കം പാര്‍ത്തൊന്നു ഞോടുകയും ചെയ്തു.

സൂച്ചേച്ചി,

വീണ്ടും എഴുതൂ.
വിമര്‍ശനങ്ങള്‍ നിഗ്രഹപരമായാല്‍ പോലും ഉല്‍ക്കൊള്ളാനുള്ളതാണ്; മറുപടി പറയാനുള്ളതല്ല.

മറുപടിക്കൊരു മറുപിടി, പിന്നേയും പിടിപിടിയന്നാവരുത്.

-പ്ലീസ്!

Mon Nov 27, 02:33:00 PM IST  
Blogger Siju | സിജു said...

ഈ കമന്റ് മൊത്തം വായിച്ചു വെറുതെ സമയം കളഞ്ഞു.
ആ നേരം കൊണ്ട് ആ യൂണികോഡിനെ പറ്റി ബൂലോഗത്ത് നടക്കുന്ന കമന്റുകള്‍ വല്ലതും വായിച്ചിരുന്നെങ്കില്‍ കുറച്ച് വിവരം വെച്ചേനേ.
ഏതായാലും സൂചേച്ചിക്ക് നല്ല സന്തോഷമുള്ള ദിവസമായിരുന്നല്ലോ :-)

Mon Nov 27, 04:21:00 PM IST  
Anonymous കൊച്ചുഗുപ്തന്‍ said...

സൂ-വിന്റെ ഓണാഘോഷത്തെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരുന്നു...വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു...

....ഇത്രയും കമന്റ്‌ വായിച്ചുതീര്‍ന്നപ്പോള്‍ തോന്നിയത്‌ ,പണ്ട്‌ പശുവിനെപ്പറ്റി പത്തു വാചകം എഴുതിക്കൊണ്ടുവരാന്‍ മാഷ്‌ കുട്ടിയോട്‌ പറഞ്ഞ കാര്യമാണ്‌...


...പിന്നെ വിമര്‍ശനം എന്നത്‌ സൂക്ഷിച്ച്‌ പ്രയോഗിയ്ക്കേണ്ടതു തന്നെ...അതില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ആവുന്നതും ഒഴിവാക്കുമ്പോഴേ ഉദ്ദ്യേശിച്ച ആശയം കൈമാറപ്പെടുകയുള്ളൂ....അതുപോലെ വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള മനസ്സാണ്‌ ഒരു സൃഷ്ടികര്‍ത്താവിന്റെ ഏറ്റവും നല്ല ആയുധം എന്നു പ്രത്യേകിച്ചു പറയേണ്ടല്ലൊ.. വ്യസനത്തോടെ പറയട്ടെ, ഇത്തരം പക്ഷം ചേരലിലും വെല്ലുവിളികളിലും കുറച്ചുകൂടെ നിയന്ത്രണം ആവാമായിരുന്നു...... അല്ലെങ്കില്‍ ,അധികം താമസിയാതെതന്നെ, മലയാളത്തില്‍ ഒരു പുതിയ ശാഖ കൂടി ഉടലെടുക്കും...ബ്ലോഗ്‌ സാഹിത്യം.....ദളിത്‌ സാഹിത്യം,പെണ്ണെഴുത്ത്‌ എന്നൊക്കെപോലെ......അതിനു നമ്മള്‍ നിന്നുകൊടുക്കണൊ.. ( ബ്ലോഗരുടെ ലോകത്തെ നവാഗതനാണ്‌,ഇങ്ങനെയൊക്കെ എഴുതാന്‍ അര്‍ഹനാണോ എന്നറിയില്ല...നവാഗതരെ പ്രോല്‍സാഹിപ്പിയ്ക്കാറുള്ള സൂ-വിന്റെ ബ്ലോഗായതുകൊണ്ടും ഉദ്ദ്യേശശുദ്ധിയെയോര്‍ത്തും മാപ്പാക്കുക.. )

---കൊച്ചുഗുപ്തന്‍

Mon Nov 27, 06:33:00 PM IST  
Blogger സു | Su said...

പീലിക്കുട്ടീ :) നന്ദി. നീന്തല്‍ പഠിച്ചില്ലേ?

ആത്മകഥ :) നന്ദി. നിര്‍ത്താന്‍ ഉദ്ദേശം എന്തായാലും ഇല്ല. എഴുതുന്നത് മുഴുവന്‍ നന്നാവും എന്നൊന്നുമില്ലല്ലോ. മാസ്റ്റര്‍പീസുകള്‍ എഴുതുന്നവര്‍ മാത്രമേ ബ്ലോഗ് തുടങ്ങാവൂ എന്നും ഇല്ല. വിമര്‍ശനത്തിലും കുഴപ്പമില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം കാണും.

പയ്യന്‍ :) നീന്തി നീന്തി കരയ്ക്ക് കയറിയില്ലേ?കൈതമുള്ളേ :) ഒരു പ്രശ്നവും ഇല്ലല്ലോ. പറഞ്ഞു. മറുപടി പറഞ്ഞു. ഇത്രയൊക്കെയേ നടന്നിട്ടുള്ളൂ. വിമര്‍ശനം ഉള്‍ക്കൊള്ളും.

സിജൂ :) യൂണിക്കോഡ് ചര്‍ച്ച എന്തായീ?

കൊച്ചുഗുപ്തന്‍ :) നന്ദി. ഇവിടെ പക്ഷം ചേരല്‍, വെല്ലുവിളി ഒന്നും ഉണ്ടായിട്ടില്ല. ഒരാള്‍ ഒന്ന് പറഞ്ഞു. വേറൊരാള്‍ മറുപടി പറഞ്ഞു. ഇത്രയൊക്കെയേ ഉള്ളൂ.qw_er_ty

Mon Nov 27, 08:57:00 PM IST  
Blogger Peelikkutty!!!!! said...

നീന്തല്‍ പഠിച്ചു!

qw_er_ty

Tue Nov 28, 03:21:00 PM IST  
Blogger മുല്ലപ്പൂ || Mullappoo said...

സൂവേ, ഗുലാബ് ജാമൂന്‍ ഇഷ്ടായി.
കൊള്ളാം . മീനിനോടു ലോഹ്യം പറഞ്ഞുള്ള ആ നീന്തല്‍.. :)0

Wed Nov 29, 02:07:00 PM IST  
Blogger സു | Su said...

മുല്ലപ്പൂ :) നന്ദി


qw_er_ty

Wed Nov 29, 04:09:00 PM IST  
Blogger jas_tech said...

Very good blog. The font is not readable for some words, but still excellent.

http://dharma.indviews.com

Fri Dec 01, 03:35:00 PM IST  
Blogger സു | Su said...

jas_tech, hi. welcome, thanks.

:)
qw_er_ty

Fri Dec 01, 06:00:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home