Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, November 29, 2006

കൊച്ചുകാര്യങ്ങള്‍

1) കണ്ണ്‌

രണ്ട്‌ കണ്ണും, മുകളിലൊരു കണ്ണടയും വെച്ച്‌ കാഴ്ച തേടി നടക്കുന്ന മനുഷ്യരുടെ ഉള്‍ക്കണ്ണ്‌ തെളിയാത്തതില്‍ ദൈവം പരിതപിച്ചു.2)വേദന

പുഴയുടെ ഒഴുക്കിനെ തടയാന്‍ മനുഷ്യര്‍ തീരുമാനമെടുത്തപ്പോള്‍, വര്‍ഷങ്ങളായി പുഴയിലിരുന്ന് രൂപാന്തരം കൊള്ളുന്ന കല്ലുകള്‍ക്ക്‌ വേദനിച്ചു.


3) വഴി

ഒരിടത്ത്‌ തന്നെ നീണ്ട്‌ നിവര്‍ന്ന് കിടന്ന് ബോറടിച്ചപ്പോള്‍ ഒന്ന് മാറിക്കിടന്നേക്കാമെന്ന് വഴി കരുതിയിട്ടും, യാത്രക്കാര്‍, അതിലൂടെ തന്നെ കടന്നുപോയി. അവര്‍ക്ക്‌ ബോറടിക്കാന്‍ സമയമില്ലായിരുന്നു.


4) വാണിജ്യം

പരസ്യബ്രേക്ക്‌ ആവശ്യപ്പെട്ട്‌ സ്വപ്നങ്ങള്‍ പോലും വാണിജ്യവത്കരിക്കാന്‍ തുടങ്ങുന്ന മനുഷ്യരെ ഓര്‍ത്ത്‌ ദൈവം ഞെട്ടി.5) ഗതികേട്

പഴകിയ പാദസരം ഓര്‍ത്ത്‌ മനസ്സ്‌ വേദനിച്ചപ്പോള്‍, കാലില്ലാത്തവരെ കാണേണ്ടി വന്ന ഗതികേടില്‍ കണ്ണ്‌‍ വിഷമിച്ചു.

35 Comments:

Blogger ജ്യോതിര്‍മയി said...

ഈ കൂട്ടുകറി ഇഷ്ടമായി. കൂട്ടുകറിയിലെ നാലുകൂട്ടം നല്ലോണം രുചിച്ചു. വഴിമാത്രം തുറന്നുകിട്ടിയില്ല:-))

എന്താ ഇതിന്‌ പേരിടാത്തത്‌? കുട്ടികള്‍ക്കു പേരിടുന്നതിനേക്കാള്‍ വിഷമമാണ്‌ സിനിമകള്‍ക്കു പേരുകണ്ടെത്താന്‍ എന്നു തോന്നാറുണ്ട്‌. ഇപ്പോള്‍ കഥകളും നുറുങ്ങുകളും ഒക്കെ എഴുതിക്കൂട്ടിയ സൂനും അങ്ങനത്തെ ഒരു ബുദ്ധിമുട്ടുണ്ടോ?

ജ്യോതി

Wed Nov 29, 01:03:00 PM IST  
Blogger ജ്യോതിര്‍മയി said...

ഹായ്‌! പേരിടലിന്‌ ഞാനും കൂടീലോ:-)

Wed Nov 29, 01:05:00 PM IST  
Blogger കുട്ടന്മേനൊന്‍::KM said...

ചെറിയ വരികളിലെ വലിയ വാക്കുകള്‍..നന്നായിരിക്കുന്നു.

Wed Nov 29, 01:10:00 PM IST  
Blogger Peelikkutty!!!!! said...

ഇത്തിരി വാക്കുകളില്‍ ഒത്തിരികാര്യം!

Wed Nov 29, 01:48:00 PM IST  
Blogger വേണു venu said...

ഈ കൊച്ചുകാര്യങ്ങള്‍ മൊത്തം വലിയ കാര്യങ്ങള്‍ ആണല്ലോ.:)

Wed Nov 29, 01:58:00 PM IST  
Blogger മുല്ലപ്പൂ || Mullappoo said...

പാവം കണ്ണ്.

Wed Nov 29, 02:02:00 PM IST  
Blogger KANNURAN - കണ്ണൂരാന്‍ said...

ആറ്റിക്കുറുക്കി ഇത്രയുമാക്കി അല്ലെ.... ഇതിനിടെ സൂവിനോട് ആരോ പി.കെ.പാറക്കടവിന്റെ കാര്യം എഴുതികണ്ടു. ഇതു ഗംഭീരമാക്കി...

Wed Nov 29, 03:07:00 PM IST  
Blogger താര said...

ഹഹഹ..സൂ, ഇതാ എന്റെ വക ഒരു പ്രയോഗം!

അബദ്ധം:

ഇന്നെന്തു പോസ്റ്റുമെന്നാലോചിച്ചാലോചിച്ച്, അബദ്ധത്തില്‍ കറിയിലുപ്പിനു പകരം പഞ്ചസാരയാണിട്ടതെന്ന്, ചേട്ടന്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്!!

സൂ, തമാശയാണേ...ഈ വാക്കുകളുടെ കുറുക്ക് വളരെ നന്നായിട്ടുണ്ട്.

Wed Nov 29, 03:43:00 PM IST  
Blogger Sul | സുല്‍ said...

സൂ ഇവിടെയെത്തി (ദീര്‍ഘനിശ്വാസം) :)

-സുല്‍

Wed Nov 29, 03:56:00 PM IST  
Anonymous Anonymous said...

'കാച്ചിക്കുറുക്കിയ വരികള്‍'-ഒത്തിരി ഇഷ്ടപ്പെട്ടു.

Wed Nov 29, 04:53:00 PM IST  
Blogger അഗ്രജന്‍ said...

രസകരമായി കുറുക്കിയെടുത്ത നുറുങ്ങുകള്‍... നന്നായിരിക്കുന്നു സൂ.
പലപ്പോഴും കൊതിക്കുന്നു ഇത്രയും രസകരമായ ഒരു നുറുങ്ങെങ്കിലും പോസ്റ്റാന്‍ :)

Wed Nov 29, 04:58:00 PM IST  
Blogger കുറുമാന്‍ said...

ഇത് കാണാന്‍ വൈകിയതില്‍ എന്റെ കണ്ണുകള്‍ വേദനിച്ചു, മനസ്സും :‌)

Wed Nov 29, 05:01:00 PM IST  
Blogger മുസാഫിര്‍ said...

നല്ല ചെറിയ,വലിയ വരികള്‍,
ഇനിയിപ്പൊ പി.കെ പാറക്കടവിനു പഠിക്കണൊ ?

Wed Nov 29, 05:16:00 PM IST  
Blogger തറവാടി said...

ഇതൊന്നും കൊച്ചുകാര്യങ്ങളല്ലാ സു ചേച്ചീ , വലിയ കാര്യങ്ങളാ...

മൂന്നാമത്തേതൊഴിച്ചാല്‍ , ബക്കിയെല്ലാം വളരെ നല്ല അര്‍ഥം തരുന്നവ , ചിന്തിക്കേണ്ടതും , മൂന്നാമത്തേത്‌ , ഒന്നുകൂടെ ശരിയാക്കാമായിരുന്നോ , എന്റെ സംശയം

Wed Nov 29, 05:23:00 PM IST  
Blogger ലാപുട said...

നന്നായിരിക്കുന്നു സൂവേച്ചി...എനിക്കേറ്റവും ഇഷടമായത് ‘വഴി’ ആണ്. നമ്മുടെ പൊള്ളയായ തിരക്കുകളും എവിടേക്കുമെത്താത്ത സഞ്ചാരങ്ങളും കൊണ്ട് ഏതൊക്കെ വഴികളെ എങ്ങനെയൊക്കെ നാം ബോറടിപ്പിക്കുകയും വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്നു അല്ലേ..?

Wed Nov 29, 05:31:00 PM IST  
Blogger പി. ശിവപ്രസാദ് said...

സു - ഒരു കൗതുകമുള്ള പേരാണെന്ന്‌ കരുതി കമന്റുവള്ളികളില്‍ പിടിച്ചുകേറി, ഈ ഞാവല്‍മരക്കാട്ടിലെത്തിയപ്പോള്‍, ഞാവലിന്റെ കടുംനീലയ്ക്കുള്ളിലിരുന്ന്‌ സുചിന്ത്യമായ ഒരുപിടി രത്നങ്ങള്‍ ചിരിക്കുന്നു, കരയുന്നു, കളിയാക്കുന്നു. ഒരു കൈക്കുടന്നയില്‍ ഒരു സമുദ്രമോ? അമ്പമ്പേ... ഇനി ഞാന്‍ 'സുവേച്ചി'യെന്ന്‌ വിളിച്ചോട്ടേ? കവിതനുറുക്കുകള്‍ കാലത്തെ ഉദരത്തില്‍ പേറുന്നുണ്ട്‌. ഋതുക്കളെയും അവയുടെ പകര്‍ച്ചകളെയും അണിയുന്നുണ്ട്‌. അങ്ങനെവേണമല്ലോ കവിത/കഥ!

Wed Nov 29, 05:39:00 PM IST  
Blogger ഹേമ said...

കഥകള്‍ വായിച്ചു. നന്നായി എന്ന് തോന്നി.
: സിമി

Wed Nov 29, 05:40:00 PM IST  
Blogger വിഷ്ണു പ്രസാദ് said...

ഒരു പ്രതിഭയ്ക്ക് മാത്രം നല്‍കാവുന്ന ഈ മറുപടി ഞാന്‍ ആസ്വദിക്കുന്നു.ഞാന്‍ പറഞ്ഞിട്ടില്ലേ ഒരു ‘സ്പാര്‍ക്’...

Wed Nov 29, 05:58:00 PM IST  
Anonymous Anonymous said...

കൊള്ളാം...
നുറുങ്ങുകളിലൂടെ തമാശയായി
വര്‍ത്തമാനത്തിന്റെ
കാപട്യം വലിച്ചുകീറുന്നതിന്റെ ആത്മരോക്ഷമുണ്ടിതില്‍...
ഇനിയും നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്‌.....

Wed Nov 29, 06:13:00 PM IST  
Blogger P.R said...

its beautiful..
reading u & knowing u..
liked ur "othukkam" in the writings..

Wed Nov 29, 06:14:00 PM IST  
Anonymous Anonymous said...

കൊള്ളാം. വരികള്‍ക്കു പിന്നിലെ ചിന്തിക്കുന്ന ഹൃദയത്തിനു അഭിനന്ദനങ്ങള്‍!

Wed Nov 29, 07:04:00 PM IST  
Blogger സു | Su said...

ജ്യോതീ :) നന്ദി. അഭിപ്രായത്തിനും ആദ്യത്തെ കമന്റിനും. വഴി മാറിക്കിടന്നാലും കാര്യമില്ല, ജനങ്ങള്‍ക്ക് അത് പോലും ശ്രദ്ധിക്കാന്‍ നേരമില്ല. അവര്‍ എവിടെ വഴിയുണ്ടോ അതിലൂടെ പോകും എന്നൊക്കെയേ അതിന് എന്റെ വക അര്‍ത്ഥമുള്ളൂ. ആദ്യം തന്നെ പേരിട്ടു. വരമൊഴിയില്‍ നിന്ന് കഥ കയറ്റി പബ്ലിഷ് ചെയ്ത് നോക്കുമ്പോള്‍ പേരില്ല. ഇതാര് കൊണ്ടുപോയി എന്ന് നോക്കുമ്പോള്‍ പേര് വെച്ചത്, ടൈറ്റില്‍ എന്നതിന്റെ ചുവട്ടിലുള്ള ലിങ്ക് എന്നതിലാണ്. ഹി ഹി. ഉച്ചയുറക്കം (പകലുറക്കം തന്നെ) തീര്‍ന്ന സമയം ആയിരുന്നു.

കുട്ടമ്മേനോന്‍ :) നന്ദി.

പീലിക്കുട്ടീ :) നന്ദി.

വേണു :) നന്ദി.

മുല്ലപ്പൂ :) അതെ. കണ്ണുകള്‍ എന്തൊക്കെ കാണണം?

കണ്ണൂരാന്‍ :) ഒരു കുറുക്കലും നടത്തിയില്ല. മനസ്സില്‍ ഉള്ളത് അതേപടി പകര്‍ത്തിവെച്ചു. എല്ലാ പോസ്റ്റും പോലെ. നന്ദി.

താര :) നന്ദി. ഹി ഹി. ഞാനും ഒരു തമാശ പറയാം. കായയും ചേനയും കടലയും ചേര്‍ന്നുള്ള പായസം ആദ്യമായിട്ടാണല്ലോ കഴിക്കുന്നത് എന്നോര്‍ത്തപ്പോഴാണ്, ഭര്‍ത്താവ് കൂട്ടുകറിയുണ്ടാക്കാം എന്ന് പറഞ്ഞ് അടുക്കളയില്‍ കയറിയത് അബദ്ധമായി എന്ന് തോന്നിയത്. ;)

സുല്‍ :) അതെ അതെ. ഇവിടെയെത്തി.

ചേച്ചിയമ്മയ്ക്ക് സ്വാഗതം. :) നന്ദി.

അഗ്രജന്‍ :) നന്ദി.

കുറുമാന്‍ :) കമന്റ് കണ്ട് കണ്ണ് സന്തോഷിച്ചു. മനസ്സും.

മുസാഫിര്‍ :)നന്ദി.

തറവാടീ :) നന്ദി. അതിനും ഒരര്‍ത്ഥം ഉണ്ട്.

ലാപുട :) നന്ദി. വഴികള്‍ക്ക് ബോറടിച്ചാലും, കടന്നുപോകുന്ന മനുഷ്യന്‍ ഒന്നും അറിയുന്നില്ല. വഴി മാറിയത് പോലും. എവിടെ വഴിയുണ്ടോ അതിലൂടെ പോകുന്നു.

ശിവപ്രസാദ് :) സ്വാഗതം. നന്ദി. തെറി ഒഴിച്ച് എന്തുവേണമെങ്കിലും വിളിക്കാം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതു തന്നെയേ എനിക്കും പറയാന്‍ ഉള്ളൂ.

സിമി :) നന്ദി.

വിഷ്ണുപ്രസാദ് :) നന്ദി.

ദ്രൌപദി :) സ്വാഗതം. നന്ദി.

പി. ആര്‍ :) സ്വാഗതം. നന്ദി.

നവന്‍ :) നന്ദി.കഴിഞ്ഞയാഴ്ച ഒരു പാതിരായ്ക്ക്, ചുറ്റുമുള്ള ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉറക്കം വരാതെ എണീറ്റ്, സീറോ ബള്‍ബ് ഇട്ടുവെച്ച്, പെന്നും പുസ്തകവും തപ്പിയെടുത്ത്, ചേട്ടനെ ശല്യം ചെയ്യാതെ, അതേ വെളിച്ചത്തില്‍ ബുക്കില്‍ കൈ വെച്ച് തല അതില്‍ വെച്ച് കണ്ണും അടച്ച് എഴുതിയ വരികള്‍ ആണിത്. ഒരു പത്ത് മിനുട്ട്. ഇപ്രാവശ്യം എഴുതാന്‍ വാങ്ങിയ പുസ്തകം കുറച്ച് നീണ്ടിട്ടാണ്. അതുകൊണ്ട് ഒരു ദൂരം കണക്കാക്കി എഴുതി. രാവിലെ നോക്കിയപ്പോള്‍ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആയിട്ടുണ്ട്. എന്നാലും കുഴപ്പമില്ല എന്ന് തോന്നി. എന്നിട്ടും എന്തോ പോസ്റ്റാന്‍ തോന്നിയില്ല. അങ്ങനെ വിട്ടു. ഇന്നുച്ചയ്ക്ക്, പകലുറക്കം കഴിഞ്ഞപ്പോള്‍ ഇതങ്ങ് പോസ്റ്റിയേക്കാമെന്ന് കരുതി. ഒന്നോ രണ്ടോ വാക്ക് മാറ്റി പോസ്റ്റി. ഇനി പത്ത് ദിവസം മുഴുവന്‍ ആലോചിച്ച്, എഴുതിയാലും ഇതൊക്കെയേ വരൂ.

വായിച്ചവര്‍ക്കും, ഇഷ്ടമായവര്‍ക്കും, കമന്റിയവര്‍ക്കും നന്ദി.

Wed Nov 29, 09:08:00 PM IST  
Anonymous Anonymous said...

സു...
നുറുങ്ങുകള്‍ കൊണ്ട് നിറഞ്ഞു...പോരേയ്...
ലോന

Thu Nov 30, 01:03:00 AM IST  
Blogger Reshma said...

ഈ നുറുങ്ങുകള്‍ വളരെ ഇഷ്ടപ്പെട്ടു സൂ. എന്നും കാണുന്നവയെ ആദ്യായി എന്നവണ്ണം കാണിച്ചുതരുന്ന വരികള്‍.
(ആ സീറോ ബള്‍ബിനി കെടുത്തേണ്ട ട്ടോ:)

Thu Nov 30, 01:48:00 AM IST  
Blogger വക്കാരിമഷ്‌ടാ said...

നല്ല നുറുങ്ങുകള്‍. വഴിയുടെ കാര്യം കഷ്ടം. എത്രതരം ആള്‍ക്കാരുടെ ചവിട്ടും തുപ്പും കൊള്ളണം.

Thu Nov 30, 03:18:00 AM IST  
Blogger ബിന്ദു said...

കുറുക്കു കാളന്‍ കൂട്ടുകറിയായൊ?:)നന്നായി.ആ ബള്‍ബ് കെടാതിരിക്കട്ടെ.:)

Thu Nov 30, 04:48:00 AM IST  
Blogger sandoz said...

സു,
വായിച്ച്‌ കുറച്ച്‌ നേരം വാ പൊളിച്ച്‌ ഇരുന്നു.പിന്നെ ഇല്ലാത്ത അര്‍ഥങ്ങള്‍ ചിന്തിച്ച്‌[ഇനി ഉള്ളതാണോ]കുറേ ചിരിച്ചു.ഞാന്‍ ചിന്തിച്ചത്‌ പറഞ്ഞാല്‍- വാണിജ്യം ഒഴിച്ച്‌ ബാക്കിയെല്ലാം ഒരു ചരടില്‍ കോര്‍ക്കാം.

Thu Nov 30, 11:13:00 AM IST  
Blogger വിനയന്‍ said...

എന്തേ നാവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.
ഇത് കൊച്ചു കാര്യങ്ങളൊന്നുമല്ല , ചെറിയ വലിയകാര്യങ്ങള്‍,ദോഷം പറയരുതല്ലോ,
അടിപൊളിയായി.

Thu Nov 30, 11:26:00 AM IST  
Blogger സു | Su said...

ലോനപ്പാ :) സ്വാഗതം. നന്ദി.

രേഷ് :)നന്ദി. മഞ്ഞുപെയ്യുന്ന രാത്രിയില്‍, എന്റെ മണ്‍ചിരാതും കെടുത്തീ ഞാന്‍...

ബിന്ദൂ :) ഒക്കെ വിട്ടു. ഇനി കഞ്ഞിവെച്ചാലോന്ന് ആലോചിക്കുന്നു. ;)


വക്കാരീ :) സ്വന്തം ഫോട്ടോ ഒന്ന് ആ ബ്ലോഗിലിടൂ. കാണട്ടെ.

സാന്‍ഡോസ് :) ഇല്ലാത്ത അര്‍ത്ഥങ്ങളൊന്നും കണ്ടു പിടിക്കല്ലേ.

വിനയന്‍ :) നന്ദി.

Thu Nov 30, 04:51:00 PM IST  
Anonymous Anonymous said...

വലിയ കാര്യങ്ങളാണല്ലൊ !!!...നന്നായി..പ്രത്യേകിച്ച്‌ വഴിയും ഗതികേടും...

--കൊച്ചുഗുപ്തന്‍

Thu Nov 30, 07:15:00 PM IST  
Anonymous Anonymous said...

സൂര്യഗായത്രി,,,,,
ലളിത മനോഹരം തങ്കളുടെ പോസ്റ്റ്‌. !!!
-ചിത്രകാരന്‍
www.chithrakaran.blogspot.com

Thu Nov 30, 07:22:00 PM IST  
Blogger ജ്യോതിര്‍മയി said...

ബിന്ദൂച്ചേച്ചീ (ചുമ്മാ):-)

സൂനോട്‌ പറഞ്ഞതാ, എന്തുണ്ടാക്കിയാലും ലേബലൊട്ടിയ്ക്കണം ന്ന്.
പണ്ട്‌, ഞാനൊരു കാക്കേടെ ചിത്രം വരച്ചപ്പോള്‍ ചിത്രത്തിന്റെ അടിയില്‍ "കാക്ക" എന്നെഴുതണം എന്ന് എന്നെ നിര്‍ബന്ധിച്ചിരുന്നൂ, അതു കണ്ടവര്‍:-)

തേങ്ങയുടയ്ക്കാനുള്ള ധൃതിയില്‍ കൂട്ടുകറിയാണെന്നു തോന്നി. (അപ്പോള്‍ സൂ വിഭവത്തിന്‍ പേരിട്ടിട്ടുണ്ടായിരുന്നില്ല). കുറുക്കുകാളന്‍ തന്നെ. അസ്സലാവുകയും ചെയ്തു.

Thu Nov 30, 08:41:00 PM IST  
Blogger സു | Su said...

കൊച്ചുഗുപ്തന്‍ :) നന്ദി.

ചിത്രകാരന്‍ :) നന്ദി.

ജ്യോതീ :) കുറുക്കുകാളന്‍ വിട്ടോ എന്നാണ് ബിന്ദു ചോദിച്ചത്.

qw_er_ty

Fri Dec 01, 11:00:00 AM IST  
Blogger അരീക്കോടന്‍ said...

വലിയ , ചെറിയ വരികള്‍ !!!

Fri Dec 01, 11:12:00 AM IST  
Blogger സു | Su said...

ആബിദ് :)

qw_er_ty

Fri Dec 01, 02:57:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home