കളിക്കൂട്ടുകാരിക്ക്
ഇന്നലെയെനിക്കോര്‍മ്മ വന്നൂ,
നിന്നെയോര്‍ക്കാന്‍ മറന്നത്.
കളിക്കൂട്ടുകാരിയാം നിന്നെ,
കാണാതെത്രയായെന്ന്.
മനഃപൂര്‍വ്വമല്ല സഖീ,
ജീവിതം തിരക്കിലായ്.
കുട്ടിക്കാലം കഴിഞ്ഞപ്പോള്‍,
നമ്മള്‍ വഴിപിരിഞ്ഞില്ലേ.
നാട്ടുവഴിയിലൂടെ നാം,
കൈപിടിച്ചു നടന്നതും,
മാവിന്റെ കൊമ്പിലേയ്ക്ക്,
കല്ലെടുത്തെറിഞ്ഞതും,
മാങ്ങ പൊട്ടിച്ചുപ്പും കൂട്ടി,
മുഖം ചുളിച്ച് തിന്നതും,
പശുക്കിടാവിന്‍ പിന്നാലെ,
കയറും പിടിച്ച് പാഞ്ഞതും,
ഊഞ്ഞാലിലുയരത്തില്‍,
ആകാശം തൊട്ടു വന്നതും,
അമ്പലക്കുളത്തില്‍പ്പോയ്,
മുങ്ങിപ്പൊങ്ങി കിടന്നതും,
സന്ധ്യനേരത്തമ്പലത്തില്‍,
പ്രാര്‍ത്ഥിച്ചു നിന്നതും,
സ്കൂളില്‍ പോകുമ്പോള്‍,
കല്ലുമിഠായി തിന്നതും,
ഉപ്പിലിട്ട നെല്ലിക്ക,
വീതംവെച്ച് തിന്നതും,
പുസ്തകത്താളുകൊണ്ട്,
തോണികള്‍ ചമച്ചതും,
കുട നിവര്‍ത്തിപ്പിടിക്കാതെ,
മഴ നനഞ്ഞുനിന്നതും,
ക്ലാസുകളോരോന്നായ്,
ഒപ്പത്തില്‍ ജയിച്ചതും,
കോളേജില്‍ ചേരാനായ്
വഴിപിരിഞ്ഞു നടന്നതും,
കല്യാണം വിളിക്കാനായ്,
നാണിച്ചുവന്നതും,
ഗ്രാമം വിട്ടുപോകുമ്പോള്‍,
കണ്ണീരില്‍ ചിരിച്ചതും,
ഉത്സവക്കാലങ്ങളില്‍,
വീണ്ടുമൊത്തുചേര്‍ന്നതും,
പലനാളത്തെ വിശേഷങ്ങള്‍,
പങ്കുവെച്ച് പിരിഞ്ഞതും,
ഇടയ്ക്കാണെങ്കില്‍പ്പോലും,
എല്ലാമോര്‍മ്മയില്‍ വരും,
മറവിതന്‍ പൊടിയൂതി,
ഓര്‍മ്മക്കാറ്റു വന്നിടും.
നേരം കിട്ടുന്ന നാളൊന്നില്‍,
നമുക്കിനിയും കണ്ടിടാം,
കാണാത്ത നേരങ്ങളില്‍,
മനസ്സിലോര്‍ത്തു നിന്നിടാം.
അടുത്ത ജന്മത്തിലും നമ്മള്‍,
കൂട്ടുകാരായ് പിറന്നിടും,
കൈപിടിച്ച് നടന്നിടും,
കളിപറഞ്ഞ് ചിരിച്ചിടും.
എവിടെയാണെങ്കിലും നീ,
സൌഖ്യമായിരുന്നീടാന്‍,
നമ്മള്‍ പ്രാര്‍ത്ഥിക്കുമീശ്വരന്‍,
അനുഗ്രഹിക്കട്ടെ നിത്യവും.
(നാട്യങ്ങളില്ലാത്ത, തെറ്റുകുറ്റങ്ങള്‍ പൊറുക്കുന്ന സൌഹൃദത്തിന്റെ വഴിയിലേക്കൊരു സ്നേഹപ്പൂവ്. )
Labels: സൌഹൃദം
9 Comments:
രണ്ടു കൊച്ചു കളിക്കൂട്ടുകാരികള്‍.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വെച്ച് ഇതുപോലൊരു കളിക്കൂട്ടുകാരിയെ അവിചാരിതമായി കണ്ടുമുട്ടി, ഞങ്ങള്‍ അമ്മമാരായി തീര്‍ന്നതിനു ശേഷമുള്ള ആദ്യത്തീ കന്ടുമുട്ടല്‍.. :)
സൂവേച്ചീ...
ഇതു നന്നായി ഇഷ്ടപ്പെട്ടു.
“നേരം കിട്ടുന്ന നാളൊന്നില്‍,
നമുക്കിനിയും കണ്ടിടാം,
കാണാത്ത നേരങ്ങളില്‍,
മനസ്സിലോര്‍ത്തു നിന്നിടാം.”
അതു തന്നെ.
:)
അതിഭാവുകത്വങ്ങള്‍ ഒന്നും ഇല്ലാത്ത കവിത.ഇഷ്ടമായി സൂ,(നമ്മുടെ കളിക്കൂട്ട്‌കാരികള്‍ ഒക്കെ ഇപ്പോള്‍ എവിടെയാണാവോ ?)
നേരം കിട്ടുന്ന നാളില്‍ നമുക്കിനിയും കാണാം.
അല്ലെങ്കില്‍ തന്നെ അടുത്ത ജന്മത്തിലും നമ്മള്‍,
കൂട്ടുകാരായ് പിറന്നിടുമല്ലോ.
മധുരിക്കും ഓര്‍മ്മകളേ.
മനോഹരമായ ഓര്‍മ്മകള് മറക്കാതിരിക്കട്ടെ.ഇഷ്ടമായി സു.:)
ഓര്‍മ്മകളെ പകര്‍ത്തിയത് നന്നായിരിക്കുന്നു സൂ.
കവിത നന്നായി. മനപൂര്‍വ്വം മറന്നതെല്ലെങ്കിലും ഒത്തിരി നാളായി വിളിക്കാതിരുന്ന എന്റെ കളിക്കൂട്ടുകാരിയെ ഒന്നു വിളിക്കാന്‍ കവിത ഓര്‍മപെടുത്തലായി.
നന്ദി...
എവിടെയാണെങ്കിലും നീ,
സൌഖ്യമായിരുന്നീടാന്‍,
നമ്മള്‍ പ്രാര്‍ത്ഥിക്കുമീശ്വരന്‍,
അനുഗ്രഹിക്കട്ടെ നിത്യവും.
നല്ല വരികള്‍ സൂവേച്ചി,
ആശംസകള്‍...
പി. ആര്‍ :) അപ്പോള്‍ നല്ല സന്തോഷമായിക്കാണും അല്ലേ?
ശ്രീ :)
മുസാഫിര്‍ :) എവിടെയെങ്കിലും ഉണ്ടാവും.
വേണുവേട്ടാ :)
സാരംഗീ :)
കൂമന്‍ :)
ഹരിശ്രീ :)
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
ഓര്‍മ്മയിലെന്നും സ്നേഹപ്പൂക്കള്‍ വിരിയട്ടെ
Post a Comment
Subscribe to Post Comments [Atom]
<< Home