ഇഷ്ടമുള്ള എഴുത്തുകാരി - സാറാ തോമസ്
തുടക്കം
സ്ത്രീ എഴുത്തുകാര്‍ ഒരുപാടുണ്ട്. സാധാരണവായനക്കാര്‍ക്ക്, അതായത് സാഹിത്യം കേമമായി അറിയാത്തവര്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്ന കൃതികള്‍ എഴുതുന്നവരും, സാഹിത്യത്തില്‍ ഉന്നതമായ അറിവുള്ളവര്‍ക്ക് മനസ്സിലാവുന്നത് എഴുതുന്നവരും.
എഴുതുന്നവരേയും, അവര്‍ എഴുതുന്നതും, ഇഷ്ടമാണെന്ന രീതിയിലേ വായിക്കാറുള്ളൂ. അഥവാ വ്യക്തിപരമായി അവരെ എനിക്കിഷ്ടമല്ല എന്നു തോന്നുന്നത് എഴുത്തിനോട് കാണിക്കേണ്ടതില്ലല്ലോ. ചിലര്‍ക്കൊക്കെ എഴുത്തുകാരെക്കുറിച്ചും, എഴുത്തിനെക്കുറിച്ചും, സ്വന്തം വായനയെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടാവും. എനിക്കതില്ല. (കഷ്ടം!- കോറസ്)
എന്നാലും ഒരെഴുത്തുകാരിയെക്കുറിച്ചെഴുതാന്‍ പറയുമ്പോള്‍, ഒരു സാദാ വായനക്കാരിയെന്ന നിലയില്‍, സാറാ തോമസ്സിന്റെ പേരാണ് എനിക്ക് മുന്നോട്ട് പറയാന്‍ ഉള്ളത്. (സാറ എന്ന പേരിനോട് എനിക്ക് ഇഷ്ടക്കൂടുതല് ഉണ്ടെന്നും വെച്ചോ. ;) )
ഇത് വിമര്‍ശനം, വിശകലനം, അവതാരിക എന്നതൊന്നുമല്ല. ഒരു എഴുത്തുകാരിയെ, അവരുടെ കൃതിയെ എന്തുകൊണ്ട് ഒരു വായനക്കാരിയെന്ന നിലയ്ക്ക് എനിക്കിഷ്ടമാണ് എന്ന് എന്റെ അറിവിനനുസരിച്ച് പറയുന്നു എന്നുമാത്രം. മഹാന്മാരും, മഹതികളുമായ വായനക്കാര്‍ ക്ഷമിക്കുക. ;)
സാറാ തോമസ്സിന്റെ എഴുത്തുകള്‍
സാറാ തോമസ്സിന്റേതായി ഒരുപാട് കൃതികള്‍ ഉണ്ട്. കേട്ടറിഞ്ഞതല്ലാതെ മുഴുവനൊന്നും ഞാന്‍ കണ്ടറിഞ്ഞിട്ടില്ല.
സാറാ തോമസ്സിന്റെ ആദ്യനോവല്‍, ജീവിതമെന്ന നദി ആണ്. നാര്‍മടിപ്പുടവ, ദൈവമക്കള്, അര്‍ച്ചന, പവിഴമുത്ത്, മുറിപ്പാടുകള്‍, ഗ്രഹണം, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം, വലക്കാര്, അഗ്നിശുദ്ധി, എന്നിവയാണ് മറ്റുനോവലുകള്‍. അവരുടെ, തണ്ണീര്‍പ്പന്തല്‍, യാത്ര, ചിന്നമ്മു, കാവേരി എന്നീ കഥകള്‍ വായിച്ചതില്‍പ്പെടുന്നു.
തമിഴ് ബ്രാഹ്മണ പശ്ചാത്തലമാണ് നാര്‍മടിപ്പുടവ എന്ന നോവലില്‍ ഉള്ളത്. കനകം എന്ന സ്ത്രീയുടെ ജീവിത- മാനസിക സംഘര്‍ഷങ്ങള്‍ നാര്‍മടിപ്പുടവയില്‍ വായിച്ചെടുക്കാം. പഠിക്കുമ്പോഴും, മരിച്ചുപോയ സഹോദരിയുടെ മകളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോഴും, വിവാഹം കഴിഞ്ഞയുടനെ വിധവയാവുമ്പോഴും, ജോലി കിട്ടുമ്പോഴും ഒക്കെ ഒരു സഹനത്തിന്റെ രൂപമാണ് കാണാന്‍ കഴിയുന്നത്. ഒടുവില്‍, ചിത്തിയെ ഉപേക്ഷിച്ച് കാഞ്ചനയെന്ന “മകള്‍” ഇഷ്ടമുള്ള പുരുഷനോടൊപ്പം പോകുന്നു. ത്യാഗത്തിന്റെ ഫലം നായികയ്ക്ക് കിട്ടുന്നത് ഇങ്ങനെ.
തണ്ണീര്‍പ്പന്തല്‍ എന്ന കഥയിലെ നായിക, മാലതി, സാഹചര്യങ്ങളാല്‍ ഏകാന്തത സഹിക്കേണ്ടിവരുന്ന സ്ത്രീയാണ്. ഒറ്റപ്പെടലില്‍ നിന്നൊരു മോചനം ലഭിക്കുമ്പോഴും, അതില്‍ മുഴുകിത്തീര്‍ന്നൊടുവില്‍, അതല്ല ശരിയെന്ന് തിരിച്ചറിയുന്നവളാണ്.
യാത്ര എന്ന കഥയില്‍, ഒരു കന്യാസ്ത്രീയാണ് നായിക. അവരുടെ ട്രെയിന്‍ യാത്രയില്‍ ഒരു കൂട്ടായാണ് വായനക്കാര്‍ പോവുക. മാതൃത്വം നഷ്ടപ്പെട്ട ചെറിയ കുട്ടി, സഹയാത്രികയാവുമ്പോള്‍, ചെറുപ്പത്തില്‍ തനിക്കു നഷ്ടപ്പെട്ട മാതൃവാത്സല്യത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ടുതന്നെ, ആ കുട്ടിയ്ക്ക് വാത്സല്യം പകരാന്‍ ശ്രമിക്കുന്നുണ്ട്. കുഞ്ഞിനെ കൊന്ന്, മരിച്ചേനെ എന്ന് ആ കുഞ്ഞിന്റെ അച്ഛന് ഏറ്റു പറയുന്നതും ആ സ്നേഹം കണ്ടിട്ടുതന്നെ. ഒടുവില്‍ ആ സ്നേഹത്തിന്റെ ആഴത്തിലേക്ക് തന്നെ അവരുടെ മനസ്സും പോകുന്നു. യാത്ര തീരുകയും.
ചിന്നമ്മു എന്ന കഥയിലെ നായിക, സഹനത്തിന്റെ അങ്ങേയറ്റം വരെ പോയിക്കൊണ്ടിരിക്കുന്നവളാണ്. യാതനയുടെ നടുവിലും, സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിക്കുന്ന കഥയില്‍, അവസാനം നായികയ്ക്ക് ജീവിതം തന്നെ നഷ്ടമാവുന്നു.
കാവേരിയെന്ന കഥയിലാവട്ടെ, നായിക, ആണ് കുഞ്ഞുങ്ങളെ മാത്രം സ്വീകരിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ്. കാവേരി, കഥയില്‍പ്പറയുന്നു, “പെണ്മനതിലെ ദുഃഖവും, കഷ്ടവും, യാര്ക്ക് തെരിയും, അതേപത്തി ഗൌനിക്കറുതുക്ക് യാരുക്കാവുത് നല്ല ബുദ്ധിവന്താ...
ദൈവമക്കള് എന്ന കഥയില്‍ കുഞ്ഞിക്കണ്ണന് എന്ന നായകനാണ് മുന്‍തൂക്കം. പഠിച്ച് വലിയ ആളായി, സ്വസമുദായത്തിന്റെ, സ്വന്തം ആളുകളുടെ ഇടയിലേക്കു തന്നെ തിരിച്ചുവരാന്‍ തീരുമാനിച്ച ഒരാളുടെ കഥ. അതും മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളിലൂടെത്തന്നെയാണ് കടന്നുപോകുന്നത്.
പുരസ്കാരങ്ങള്‍
മുറിപ്പാടുകള്‍ എന്നത് മണിമുഴക്കം എന്ന സിനിമയാക്കിയപ്പോള്‍, അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടി. പ്രാദേശികചലച്ചിത്രത്തിനുള്ള രജതകമലവും കിട്ടി. നാര്‍മടിപ്പുടവ എന്ന കൃതിയ്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി.
എന്തുകൊണ്ട് സാറാ തോമസ്?
വായിച്ച കഥയൊക്കെ ഒരുവിധം, വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു എന്നത് ആദ്യത്തെ കാര്യം.
മിക്ക കഥകളിലും അവഗണിക്കപ്പെടുന്ന സ്ത്രീത്വം ഞാന്‍ വായിച്ചെടുത്തു. എന്നാലും അവരൊക്കെ സഹിക്കാന്‍ സ്വയം തയ്യാറാവുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ വഴി തിരിച്ചറിഞ്ഞിട്ടും, അസ്വാതന്ത്ര്യം മുറുകെപ്പിടിച്ച്, അതിന്റെ സന്തോഷത്തില്‍ മുഴുകാന്‍ തീരുമാനിക്കുന്നവരാണ്. അതു തന്നെയാവും, സ്ത്രീത്വത്തിന്റെ ഒരു പ്രത്യേകത. സഹനത്തിന്റേയും, ത്യാഗത്തിന്റേയും, സ്നേഹത്തിന്റേയും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും, കാല്‍ച്ചുവട്ടിലെ മണ്ണിന്റെ നിലനില്‍പ്പിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്ത പാവം ജന്മങ്ങള്. മനസ്സുകൊണ്ട് ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും, താഴെയാണ്, ഏറ്റവും താഴെയാണ് നിര്‍ത്തപ്പെടുന്നതെന്ന അറിവ്. എന്നാലും സ്നേഹത്തിന്റെ ചുഴികളില്‍പ്പെട്ട്, ത്യാഗം സഹിക്കാന്‍ തയ്യാറാവുന്നവര്‍. പ്രതികരിക്കണമെന്ന് അറിയുമ്പോഴും, സ്ത്രീത്വമെന്ന, മാതൃത്വമെന്ന അറിവില്‍ കുരുങ്ങിക്കിടക്കുന്നവര്‍. ഒരുപാട് സ്ത്രീകളുണ്ട് ഈ ലോകത്ത്, ഈ കഥാപാത്രങ്ങളെപ്പോലെ. സ്ത്രീയുടെ ഭാഗത്തുനിന്ന് മിക്ക കഥകളും ഉള്ളതുകൊണ്ടുതന്നെ, സ്ത്രീയെ മാനിക്കുന്ന കഥാകാരി, ഒരു സ്ത്രീയെന്ന വായനക്കാരിയ്ക്ക് പ്രിയമാവും. ദൈവമക്കള് എന്ന കഥയുടെ തുടക്കവും സ്ത്രീയില്‍ നിന്നാണ്. അഴകിയെന്ന അമ്മയില്‍ നിന്ന്. സാഹചര്യം അനുവദിക്കുന്നതുപോലെ, പാടത്തിലും പറമ്പിലും പണിയെടുക്കേണ്ടുന്ന തന്റെ മകനെ പഠിപ്പിച്ചുവല്യ ആളാക്കണമെന്ന ദൃഢനിശ്ചയമെടുക്കുന്ന അമ്മയില്‍ നിന്ന് കഥ തുടങ്ങുന്നു.
ഒരു സ്ത്രീയെന്ന നിലയിലും വെറുമൊരു വായനക്കാരി എന്ന നിലയിലും സാറാ തോമസ് എന്ന എഴുത്തുകാരി എനിക്ക് പ്രിയപ്പെട്ട കഥാകൃത്തുക്കളില്‍ ഒരാളാവുന്നത്, സ്ത്രീമനസ്സിന്റെ ഭാഗത്തുനിന്നു തന്നെ അവര്‍ ചിന്തിച്ചെടുത്ത്, കഥയിലൂടെ, ഓരോ തരത്തില്‍പ്പെട്ട സ്ത്രീയുടേയും, മനസ്സ്, വായനക്കാരുടെ മുന്നില്‍ വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന തോന്നലുള്ളതുകൊണ്ടാണ്. സ്ത്രീകളുടെ ജീവിതത്തിനുനേരെ പിടിച്ച കണ്ണാടികളായ കഥകളാണവ. ഒരു സ്ത്രീ അങ്ങനെ ചെയ്യാമോന്ന് ചോദിക്കാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളുമുണ്ടാവും കഥകളില്‍. ഉത്തരം നമ്മുടെ മനസ്സില്‍ നിന്നേ എടുക്കേണ്ടൂ.
സാറാ തോമസ് എന്ന എഴുത്തുകാരിയെ ഞാനെന്ന വായനക്കാരിക്ക് എന്തുകൊണ്ട് ഇഷ്ടം എന്നതേ ഈ പോസ്റ്റിലൂടെ ശരിക്കും പറയേണ്ടതുള്ളൂ. വായിച്ചെടുക്കലും, മനസ്സിലാക്കലുമൊക്കെ വ്യത്യസ്ത ആള്‍ക്കാരുടെ വായനയില്‍ ഒരുപോലെ ആയിരിക്കില്ല. എന്റെ വായന, എന്റെ മനസ്സിലാക്കല്‍ മാത്രമാണ് ഈ പോസ്റ്റില്‍ എനിക്കറിയാവുന്നതുപോലെ പറഞ്ഞുവെച്ചിരിക്കുന്നത്.
സ്വാധീനം
ജീവിതം മാറ്റിമറിക്കുന്ന സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, സാറാ തോമസ്സിന്റെ കൃതികള്‍, നേരിട്ട് പരിചയമില്ലാത്ത സ്ത്രീജീവിതങ്ങളും എനിക്ക് മുമ്പില്‍ തുറന്നുവെയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെയും ചിലരുണ്ട് എന്ന അറിവ് എന്റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചിലപ്പോള്‍ ചെലുത്തുന്നുണ്ടാവും.
ചിലര്‍
എന്തെങ്കിലുമൊന്ന് കേട്ടാലുടനെ ചാടിപ്പുറപ്പെട്ടുകൊള്ളും, സാന്നിദ്ധ്യം കാണിക്കാന്‍. റിവേഴ്സ് കഥയായാലും, കവിതാക്ഷരി ആയാലും, കഥാകാരി ആയാലും.
സു പറയുന്നു.
കാക്ക കുളിച്ചാല്‍ കൊക്കാവില്ലെന്ന് എഴുതിവെച്ചതിന്റെ കൂടെ, അതുകൊണ്ട് കാക്കകള്‍ കുളിക്കാനേ പാടില്ലയെന്ന് എഴുതിവെച്ചിട്ടില്ലല്ലോ? ;)
ശംഭോ മഹാദേവ!
നിരാശ
കല്പനച്ചേച്ചിയുടെ പുസ്തകം ഇറങ്ങി. അതുവായിച്ചിരുന്നെങ്കില്‍ എനിക്ക് ഇഷ്ടമുള്ള കഥാകാരിയെക്കുറിച്ച് കുറേക്കൂടെ വാചാലമാകാമായിരുന്നു.
പോസ്റ്റിന്റെ കാരണം
ഇഞ്ചിയുടെ പോസ്റ്റില്‍പ്പറഞ്ഞ ബ്ലോഗ് ഇവന്റിലേക്ക് എന്റെ വക. ആത്മസംതൃപ്തി ഫലത്തിന്.
16 Comments:
ഇപ്പോഴെങ്കിലും തുറന്ന് പറഞ്ഞല്ലോ സമാധാനം.ആണുങ്ങളോടുള്ള ഈ കലിപ്പും ദേഷ്യവും ഒക്കെ കാണുമ്പോള്‍ പൈല് സോ അതോ ആാര്ത്തവ വിരാമം സംഭവിച്ച സ്ത്രീ ആണോ എന്നൊക്കെ ഞാന്‍ സംശയിച്ചിരുന്നു.അപ്പോള്‍ ശക്തയായ ഒരു ആശയത്തിന്റെ വക്താവാണ് അല്ലേ.എല്ലാ ഭാവുകങ്ങാളും.സാറാ ജോസഫിന്റെ കഥകള്‍ എനിക്കും ഇഷ്ടമാണ് “ആലാഹയുടെ പെണ്മക്കള്‘ എന്ന കഥ ഞാന്‍ എത്ര പ്രാവശ്യം വായിച്ചിരിക്ക്കുന്നു.നന്ദി ഇങ്ങനെയൊരു പോസ്റ്റിട്ടതിന്.
നാര്‍മടിപുടവ ഇപ്പോഴും ഒരു കോപ്പി എന്റെ കൈയ്യിലുണ്ട്.
കൊള്ളാം- (കോറസ്)
ഇതു വായീച്ചു വരാന്‍ നല്ല രസമുണ്ട് സു. ലേഖനം വായിക്കുന്നതിനേക്കാളേറെ സു വായനക്കാരോട് സാംസാരിക്കാന്ന് തോന്നും.
നാര്‍മടിപുടവ കൈരളിയോ മറ്റോ ഇന്നാള് സീരിയലാക്കീലെ?
ഓഫ്:
ജോക്കര്‍ സു എഴുതിയിരിക്കുന്നതു് സാറാതോമസിനെ കുറിച്ചാണു്. ആലാഹയുടെ പെണ്മക്കള് എഴുതിയത് സാറാജോസഫ് ആണു് അത് ‘വേ’ ഇതു ‘റേ’ .:) ആലാഹയുടെ പെണ്മക്കള് കഥയല്ല നോവലാണു്.
മിടുക്കി! നന്നായി. എല്ലാവര്ക്കും പ്രചോദനമാവട്ടേ.
Daly, :) for that off
നന്നായി സൂ ..
ഉടനടി എഴുതിയിട്ടല്ലോ..
ഹോ, ഈ ബ്ലോഗിന്റെ ഒരു സുഖം അല്ലേ.. (ഹി,ഹി..)എഴുതിയതും നല്ല ഇഷ്ടമായി..
ഇവിടെ ‘ഇവന്റിലേയ്ക്കായി’ ഒരു പെന്‍സിലും റബ്ബറുമെടുത്ത് ഇരിയ്ക്കുന്നേയുള്ളു!
ബാക്കി കണ്ടറിയണം!:)
ശാലിനീ :)
സാല്‍ജോ :)
ഡാലീ :) അത് ദൂരദര്‍ശനില്‍ ഉണ്ടെന്ന് തോന്നുന്നു. ശരിക്കറിയില്ല.
ഇഞ്ചീ :) മിടുക്കിയ്ക്ക് ഒരു പെട്ടി ചോക്ലേറ്റ് പോന്നോട്ടെ. ;) എന്തായാലും നന്ദി. അങ്ങനെയൊരു പോസ്റ്റിന്. ഇങ്ങനെയൊന്ന് ഞാന്‍ എഴുതാന്‍ കാരണമായതിന്.
പി. ആര് :) ഇഞ്ചിയുടെ പോസ്റ്റ് കണ്ടു. എഴുതണംന്ന് തോന്നി. തോന്നലാണ് പ്രധാനം. എനിക്ക് റബ്ബറും എഡിറ്ററും ഒന്നുമില്ല. മനസ്സില്‍നിന്ന് പുസ്തകത്തിലേക്ക്. പുസ്തകത്തില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക്. പിന്നെ ബ്ലോഗിലേക്ക്. മായ്ക്കലും തിരുത്തലുമൊന്നുമില്ല. അതാണല്ലോ ബ്ലോഗിന്റെ ഒരു സുഖം. അതുകൊണ്ടുതന്നെ ആരേയും, ഒന്നിനേയും, കാത്തുനില്‍ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പോസ്റ്റ് വായിച്ചു. പോസ്റ്റ് ഇട്ടു. ഇനി പി. ആറിന്റെ പോസ്റ്റ് വരുന്നതും കാത്തിരിക്കുന്നു. സൌകര്യം പോലെ ഇടൂ.
എല്ലാ വായനക്കാര്‍ക്കും നന്ദി.
സാറാ തോമസിന്റെ എഴുത്തുകളൊക്കെയും എനിക്കേറെ ഇഷ്ടമാണ്.എന്നാലും ഏറ്റവും ഇഷ്ടം നീല കുറിഞ്ഞികള്‍ ചുവക്കും നേരം തന്നെ. അത് പ്രമേയം കൊണ്ടും അവതരണം കൊണ്ടും മറ്റുള്ളവയില്‍ നിന്നൊക്കെ ഏറെ വേറിട്ടു നില്ക്കുന്നു എന്നതു തന്നെ കാരണം. നാര്‍മടിപ്പുടവയും ഇഷ്ടമായതു തന്നെ. അഗ്രഹാരത്തില്‍ ജീവിച്ചപോലെ തോന്നും അത് വായിച്ചു തീരുമ്പോള്‍
കല്പന ഞാന്‍ വായിച്ചൂട്ടൊ.. കൊള്ളാം.. ഈ വഴിയെ വന്നാല്‍ തരാം...
This comment has been removed by the author.
Could be cleaned up and added to wikipedia. What do you say?
ശെഫീ :)
ഇട്ടിമാളൂ :) ഞാന്‍ ആ വഴിക്ക് വരുന്നുമില്ല. പുസ്തകം എനിക്ക് വേണ്ട താനും.
ഡ്രീമര്‍ :) വിക്കിപ്പീഡിയയില്‍ ഇടാനോ? ബ്ലോഗില്‍ ആരും വായിക്കുന്നില്ല ഞാന്‍ എഴുതുന്നത്. പിന്നെ വിക്കിയില്‍ ആരാ കാണുക?
എനിക്കും വളരെ അധികം ഇഷ്ടപെട്ട എഴുത്ത് കാറി ആണവര്... അതിനു പ്രധാന കാരണം അവരുടെ എഴുത്തിന്റെ ലാളിത്യം ആണ്...
സാറാ ജോസഫും സാറാ തോമസ്സും രണ്ട് പേരാണ്.
What about family? 🤔🙂
Post a Comment
Subscribe to Post Comments [Atom]
<< Home