അനസ്തീഷ്യയുടെ ഓര്‍മ്മയ്ക്ക്
ഇത് നടന്നത് കുറേക്കാലം മുമ്പാണ്. ആശുപത്രി എന്നു കേട്ടാല്‍ എനിക്ക് അലര്‍ജിയാണ്. രോഗികളെ കാണാന്‍ പോകുന്നതില്‍പ്പോലും ഞാന്‍ നോക്കിയും കണ്ടുമൊക്കെയേ പുറപ്പെടൂ. അസുഖമെന്തെങ്കിലും വന്നാല്‍ ഡോക്ടറെ കാണാന്‍ പോകാന്‍ പോലും മടിയുള്ള എന്നോടാണ്, ഒരു ചെറിയ സംഗതിയാണ് ഈ സര്‍ജറി എന്ന് ഡോക്ടര്‍ പറഞ്ഞത്. പനിയുള്ളവനെ ഐസിലിരുത്തും എന്നു കേള്‍ക്കുന്ന മരവിപ്പോടെ ഞാനിരുന്നു. അങ്ങനെ ദിവസം സമാഗതമായി. ആദ്യമൊന്ന് പരിഭ്രമിച്ചിരുന്നുവെങ്കിലും ആ ദിവസം, തൃശ്ശൂര്‍ പൂരത്തിനു തിക്കിത്തിരക്കി മുന്‍ നിരയിലേക്കു പോകുന്ന ഉഷാറോടെ ഞാന്‍ പുറപ്പെട്ടു. ഭക്ഷണം ഒന്നും കഴിക്കരുത് അന്ന് എന്ന് പറഞ്ഞിരുന്നു. ബകനോട് ഏകാദശി നോമ്പെടുക്കാന്‍ പറയുന്നതുപോലെയൊരു പ്രവര്‍ത്തിയാണെങ്കിലും ഡോക്ടര്‍ പറഞ്ഞതല്ലേന്ന് കരുതി ഒന്നും കഴിച്ചിരുന്നില്ല. വിശന്നിട്ട് പഞ്ചാരിയും പാണ്ടിയും ഒക്കെ തകര്‍ക്കുന്നുണ്ട്.
ആശുപത്രിയില്‍ എത്തി ഒക്കെ ശരിയാക്കി, പോസ്റ്റ് ഓപ്പറേഷന്‍ മുറി എന്നെഴുതിയതിലേക്ക് കയറ്റിവിടപ്പെട്ടു. ചേട്ടനും അമ്മയും പുറത്തുനില്‍ക്കുന്നുണ്ട്. കുറച്ചും കൂടെ ആള്‍ക്കാര്‍ കൂടെ വേണമായിരുന്നു. എന്നാലേ സംഗതി സീരിയസ്സാണെന്ന് നഴ്സുമാര്‍ക്കും, ആശുപത്രിയില്‍ ഉള്ളവര്‍ക്കും തോന്നൂ എന്ന് എനിക്കു തോന്നി. സാരമില്ല. ഉള്ളവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക തന്നെ.
ആ മുറിയില്‍ പലരും കിടന്ന് കരച്ചിലും പൊരിച്ചിലും ഒക്കെയുണ്ട്. കുറേക്കഴിഞ്ഞാല്‍ എന്റെയും അനുഭവം ഇതൊക്കെയാവും എന്നുള്ളതുകൊണ്ട് ഞാന്‍ ചിരിച്ചില്ല. നഴ്സ് വന്ന് ഒരു ഉടുപ്പ് കൊണ്ടുത്തന്നു. അയ്യേ, ഇത്രേം കാലം ഞാന്‍ മറ്റുള്ളവരുടെ ഉടുപ്പ് ഇട്ടിട്ടില്ല, പിന്നെയല്ലേ, ഇത് എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. പിന്നെ വിചാരിച്ചു, പാവം നഴ്സിന്റെ ബി പി കൂട്ടേണ്ട എന്ന്. ഉടുപ്പിട്ട്, അവര്‍ പറഞ്ഞതുകൊണ്ട് മുടിയൊക്കെ രണ്ടുഭാഗം പിന്നിയിട്ടു. കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനു മീതെ പെര്‍ഫ്യൂം തളിക്കണോന്ന് മനസ്സില്‍ തോന്നിയെങ്കിലും ഈ വേഷത്തില്‍ എനിക്കൊരു ഗെറ്റപ്പൊക്കെയുണ്ടെന്ന് തോന്നി. കുറച്ച് പൌഡറും, ലിപ്സ്റ്റിക്കും, കണ്ണുകളുടെ വശത്തൊട്ടിക്കാന്‍ സ്വര്‍ണ്ണക്കളറുള്ള മുത്തും കൂടെ കിട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടെ അടിപൊളിയാക്കാമെന്ന് കരുതി. ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം ആരോ പറഞ്ഞുവെച്ച് പോയിട്ടില്ലേ. എന്റെയൊരു ഭാവമൊക്കെക്കണ്ട്, ഇവള്‍ ഓപ്പറേഷനു വന്നതാണോ അതോ ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിനു വന്നതാണോന്നൊരു നോട്ടം നഴ്സുമാര്‍ നോക്കുന്നുണ്ട്.
നഴ്സ് അടുത്ത് വന്നു പറഞ്ഞു.
“മാല അഴിക്കണം. അതിടാന്‍ പറ്റില്ല.” ഞാനൊന്ന് ഞെട്ടി. താലിമാല ഒരിക്കലും കഴുത്തില്‍നിന്ന് നീക്കില്ല. തലയില്‍ക്കൂടെ അഴിഞ്ഞുപോകാതിരിക്കാനാണ് ചെറിയ മാലയില്‍ ഇടുന്നതുതന്നെ. എന്നിട്ട് അഴിക്കാന്‍ പറയുന്നു.
“ഏയ്, അത് അഴിക്കാന്‍ പറ്റില്ല.”
“അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. തിയേറ്ററിലേക്ക് കയറ്റില്ല.”
പിന്നേ...ഇതിലും വല്യ തീയറ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കൈരളി, ശ്രീ, സവിത, കവിത. എന്നിട്ടല്ലേ ഇത്. മാല അഴിക്കില്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു.
“ഭര്‍ത്താവിനെ വിളിക്കും.”
ഈശ്വരാ! ഇവരുടെ ഭര്‍ത്താവ്, ഈ ഹോസ്പിറ്റലിന്റെ ഗുണ്ടയാണോ, വിളിക്കും എന്ന് പേടിപ്പിക്കാന്‍. എന്നോടാ കളി.
“എന്തിന്?”
“മാല അഴിച്ചുകൊടുക്കാലോ.”
അമ്പടീ...ഭയങ്കരീ...കുടുംബ ബിസിനസ്സാ അല്ലേ?
“ദാ...അവിടെ കൌണ്ടറിനടുത്ത് നില്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭര്‍ത്താവിന്റേയോ അമ്മയുടേയോ കൈയില്‍ കൊടുത്തിട്ടു വരൂ.”
ഹാവൂ. അപ്പോ ചേട്ടനെയാണ് വിളിക്കും എന്ന് പറഞ്ഞത്.
ആ വലിയ മുറിയുടെ സൈഡില്‍ ഒരു ചെറിയ മുറിയുണ്ട്. വലിയ കൈപ്പത്തിയില്‍ നിന്ന് ആറാം വിരല്‍ തൂങ്ങിനില്‍ക്കുന്നതുപോലെ. അതിനൊരു കൌണ്ടറും. ചേട്ടനും അമ്മയും നില്‍ക്കുന്നുണ്ട്. അവരുടെ ആശങ്കയൊക്കെക്കണ്ടാല്‍, ഓപ്പറേഷന്‍ നടത്തുന്നത് അവര്‍ക്കാണെന്ന് തോന്നും. കൌണ്ടറില്‍ തല കാണിച്ചു. മാല അഴിക്കാന്‍ പറയുന്നു എന്നു പറഞ്ഞു. അഴിച്ചോ എന്ന് പറഞ്ഞപ്പോള്‍ അഴിച്ചുകൊടുത്തു. ചേട്ടനു എന്റെ സ്റ്റൈലൊക്കെ കണ്ടപ്പോള്‍ ക്യാമറ കൈയില്‍ ഇല്ലാഞ്ഞത് മോശമായിപ്പോയി എന്നൊരു തോന്നലുണ്ടെന്ന് എനിക്കു തോന്നി.
കുറേക്കഴിഞ്ഞ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് നയിക്കപ്പെട്ടു. അവിടെ ആര്‍ഭാടത്തില്‍ ഇട്ടിരിക്കുന്ന ഓപ്പറേഷന്‍ ടേബിള്‍ കണ്ടപ്പോള്‍, പൊട്ടക്കുളത്തിലേക്ക് ചാടുന്ന തവളെയെപ്പോലെ ഡൈവിംഗ് നടത്തിയാലോന്ന് എനിക്ക് തോന്നി. പിന്നെ നഴ്സുമാരെയൊക്കെ കണ്ടപ്പോള്‍ വേണ്ടെന്ന് വച്ചു. അവരെയൊക്കെ നോക്കി ഉള്ള ഇരുപത്തെട്ട് പല്ലും കാണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനസ്സ് ഡോണ്ടു ഡോണ്ടു പറഞ്ഞു. അതുകൊണ്ട് നവരസങ്ങളും, ജഗതി പറഞ്ഞ എക്സ്ട്രാ രസങ്ങളും വിട്ട്, സ്വന്തമായിട്ട് ഒന്നുണ്ടാക്കി മുഖത്തിട്ടു. കോപ്പിറൈറ്റ് പേടിക്കേണ്ടല്ലോ.
അനസ്തീഷ്യസ്പെഷലിസ്റ്റ് ഇഞ്ജക്ഷന്‍ തന്നു. ഡോക്ടര്‍ എന്റെ ചെവിയിലേക്കൊരു പാട്ടുപാടി. ഇതിന്റെ സംഗതിയൊന്നും ശരിയല്ല, മാറ്റിപ്പാടൂ എന്ന് പറയുന്നതിനുമുമ്പ് ഞാന്‍ ഏതോ ലോകത്തെത്തിയിരുന്നു. ഡോക്ടര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ഞാന്‍ വടിയായിട്ടില്ല എന്ന് മനസ്സിലായത്.
പിന്നേയും പഴയ റൂമില്‍ എത്തി. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വന്നിട്ട് പങ്കെടുത്ത് കഴിഞ്ഞവരെപ്പോലെയായി അവസ്ഥ. വന്നപ്പോഴുള്ള ഉഷാറൊക്കെ പോയി. അവിടെ അപ്പുറവും ഇപ്പുറവും കിടന്ന് കുറേയെണ്ണം കരയുന്നുണ്ട്. പെണ്ണുങ്ങളുടെ പേരു നശിപ്പിക്കും ഇതുങ്ങളൊക്കെ എന്ന് വിചാരിച്ചു. അപ്പഴാണ് എനിക്കും എന്തൊക്കെയോ വേദനയുണ്ടെന്ന് മനസ്സിലായത്. ഞാനും അവരുടെ സംഘത്തില്‍ ചേര്‍ന്നു. തൊണ്ട എട്ടരക്കട്ടയ്ക്കിട്ട് അലറി.
“അമ്മേ......”
ആശുപത്രി ഞെട്ടിവിറച്ചു എന്നൊക്കെ എഴുതാം. പിന്നേ...ആശുപത്രിയ്ക്ക് രോഗികള്‍ കരഞ്ഞാല്‍ പുല്ല്!
അനസ്തീഷ്യസ്പെഷലിസ്റ്റിനെ ഒന്ന് കണ്ടിരുന്നെങ്കില്‍.......
“മനുഷ്യനു ഇത്രേം കൈപ്പിഴ പറ്റരുത്” എന്ന് പറയാമായിരുന്നു എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത്. ബുഹഹഹഹ.
15 Comments:
സൂര്യഗായത്രി
കൊള്ളം കേട്ടോ..... ഏതു പോലീസുകാരനും ഒരു അബത്ദം പറ്റും.... ഇപ്പോള്‍ അനസ്തേഷ്യ ഡോക്ടര്‍ക്കും പറ്റി ഒന്നു.....
ഹ..ഹ.. സംഗതി കൊള്ളാലോ? :)
പക്ഷെ സൂര്യഗയത്രീ ഇതെന്തിനാന്ന് മനസ്സിലായില്ല “ഡോക്ടര്‍ എന്റെ ചെവിയിലേക്കൊരു പാട്ടുപാടി“
സൂവേച്ചി :)
ഇതിനേം പിടിച്ച് തമാശാക്കി അല്ലേ, ഭയങ്കരി!:)
ഞാന്‍ ഇതുപോലെ അനസ്തേഷ്യാന്ന് കേക്കുമ്പൊ വിചാരിച്ചു ഹൊ, ഇനി അവിടെ മയക്കി കിടത്തുമ്പൊ എങ്കിലും ഒന്ന് സമാധാനായിട്ട് ഒന്നും ചിന്തിക്കാണ് കുറച്ചേരം ഉറങ്ങാല്ലോ എന്ന്. എന്നിട്ടെന്താ ഓപ്പറേഷന്‍ തീരാറായപ്പോ ഞാന്‍ പതിയേ എഴുന്നേറ്റ് അവിടെ കൂടി നിന്നവരോട് പറഞ്ഞൂത്രേ, ‘ഐ ആം നോട്ട് സ്ലീപ്പിങ്ങ് ’
എന്ന്.. ഹഹ :)
അപ്പൊ ഒരു കാര്യം മനസ്സിലായി, ഉറക്കത്തില്‍ ഞാന്‍ ഇംഗ്ലീഷിലാ മിണ്ടാ ...എവിടെ ചെന്നാലും അതോണ്ട് രക്ഷപ്പെടും. :)
കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി...
Hi
So cute thoughts..... expressed in a sweet way..
keep it up
please read my blogs at http://rameshcheruvallil.blogspot.com
സൂ ചേച്ചി,ഇതു വായിച്ചപ്പോള്‍ ഞാന്‍ ഓപ്പെറേഷന്‍ ടേബിളില്‍ 2 തവണ കിടന്ന അനുഭവം ഓര്‍ത്തു..ആദ്യ തവണ കിടന്നപ്പോള്‍ ഓപെറേഷന്‍ എന്താണ് എന്നും അതിന്റെ വേദന എന്താണു എന്നൊന്നും അറിയില്ലല്ലോ..രണ്ടാമത്തെ തവണ തിയേറ്ററിലേക്കു പോകുന്നതിനു മുന്നോടിയായി പേഷ്യന്റിനെ ഒരുക്കുമല്ലോ..അവിടം മുതല്‍ കിടന്നു കരഞ്ഞാണു പോയത്..അതൊക്കെ ഇപ്പോള്‍ ഓര്‍ക്കുപോള്‍ നല്ല രസം..ചേച്ചിയുടെ പോസ്റ്റ് കലക്കി..നന്നായി എഴുതിയിരിക്കുന്നു..
പാവം അനസ്തീഷ്യ :)
അനസ്തീഷ്യയില്‍ നിന്നും ഉണര്‍ന്നു വരുന്ന സമയത്ത് ഡയലോഗ് ഒന്നും അടിച്ചില്ലേ? അതോ ഓര്‍മ്മയില്ലേ? മിക്കവാറും എല്ലാരും ചെയ്യാറുണ്ട്.
Oh........
സൂവേ,
എനിയ്ക്കുമുണ്ടായിട്ടുണ്ട്, സമാന്തരമായ ഒരു ചെറിയ ഓപ്പറേഷന്‍ അനുഭവം.
:)
ഓപ്പറേഷന്‍ കഴിഞ്ഞെണീയ്ക്കാതെ വരുമോ എന്നായിരുന്നു എന്റെ ഭയം. ഭാഗ്യം ഓപറേഷന്‍ നടന്നതു പോയിട്ട്, തീയറ്ററില്‍ എത്തിയതു പൊലും ചെറിയ ഒരോര്‍മ്മ മാത്രമേ ഉള്ളു, ഓപ്പറേഷന്‍ കഴിഞ്ഞിട്ട്, “ഈ കുന്തം ഒന്നു തീര്‍ന്നു കിട്ട്യാല്‍ മതിയായിരുന്നു” എന്ന ടെന്‍ഷനില്‍ ആയിരുന്നു ഉണര്‍ന്നത്.
രസിച്ചു വായിച്ചു, ഹിഹി..
പ്രവീണ്‍ :) അതെയതെ.
നന്ദൂ :) അതവരുടെ സ്റ്റൈല്‍ ആവും.
ഇഞ്ചിപ്പെണ്ണേ :)
ബിന്ദൂ :)
രമേഷ് :) സ്വാഗതം.
കാന്താരിക്കുട്ടീ :)
തുളസീ :)
ദേവന്‍ :)
ശരണ്യ :)
ജോക്കര്‍ :) ഇനി താങ്കളെഴുതുന്ന ഉദാത്തമായ കൃതികളൊക്കെ വായിച്ചുപഠിക്കാം കേട്ടോ. വളിച്ച പോസ്റ്റിനൊരു കമന്റിടാന്‍ തോന്നിയ മഹാമനസ്കതയ്ക്കു മുന്നില്‍ പ്രണാമം.
പി. ആര്‍ :)
സൂ...
വടിയാകാതെ വടിയായതിന്റെ വിവരണം അസ്സലായിട്ടുണ്ട്!
ഇതിന്റെ സംഗതിയൊന്നും ശരിയല്ല, മാറ്റിപ്പാടൂ എന്ന് പറയുന്നതിനുമുമ്പ് ഞാന്‍ ഏതോ ലോകത്തെത്തിയിരുന്നു.
പലരും പറയുന്നത്, ഏതോ ലോകത്തേയ്ക്കെത്തിയ ചില അനുഭവങ്ങള്‍ ഉണ്ടാകും എന്നൊക്കെയാണ്.
ഡോക്ടര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ഞാന്‍ വടിയായിട്ടില്ല എന്ന് മനസ്സിലായത്.
എന്നു പറഞ്ഞതില്‍നിന്ന് അങ്ങനെയൊന്നും തോന്നിയില്ല, എന്നു കരുതുന്നു!
Dr. Brian L. Weiss (അമേരിക്കയിലെ പ്രമുഖ സൈക്യാട്രിസ്റ്റ്)എഴുതിയ "Many Masters, Many Lives", എന്ന സംഭവകഥനം ഒന്നു വായിച്ചുനോക്കുക. :)
ഈ ജോക്കറിനെന്തു പറ്റി എന്നാലോചിക്കുകയായിരുന്നു. അയാളായിരുന്നോ അനസ്തീഷ്യസ്പെഷലിസ്റ്റ്? :)
സൂവേച്ചീ...
ഈ സംഭവം പോലും രസകരമായി എഴുതിയിരിയ്ക്കുന്നല്ലോ. ചില പ്രയോഗങ്ങള്‍ ശരിയ്ക്കും ചിരിപ്പിച്ചു.
“മാല അഴിക്കില്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു.
“ഭര്‍ത്താവിനെ വിളിക്കും.”
ഈശ്വരാ! ഇവരുടെ ഭര്‍ത്താവ്, ഈ ഹോസ്പിറ്റലിന്റെ ഗുണ്ടയാണോ, വിളിക്കും എന്ന് പേടിപ്പിക്കാന്‍. എന്നോടാ കളി.
“എന്തിന്?”
“മാല അഴിച്ചുകൊടുക്കാലോ.”
അമ്പടീ...ഭയങ്കരീ...കുടുംബ ബിസിനസ്സാ അല്ലേ?”
ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം.
:)
സഹ :) അങ്ങനെയെന്തൊക്കെയോ ഒരു കാലത്തിലൂടേയും അനുഭവത്തിലൂടേയും ഒക്കെ കടന്നുപോയിരുന്നു. ഇതൊരു പ്രാവശ്യത്തെ അനുഭവം മാത്രം. പിന്നേയും.........
അത് കിട്ടിയാല്‍ വായിച്ചുനോക്കാം കേട്ടോ.
സന്തോഷേ :) അത് സ്പെഷലിസ്റ്റ് അല്ല. വെറും പ്രതിനിധിയാ. ചില സ്പെഷലിസ്റ്റുകളുടെ. ;)
ശ്രീ :)
ജോക്കറേ താനെന്നെ വിമര്‍ശിക്കല്ലേ. ഞാന്‍ എഴുതുന്നത് അങ്ങ് നന്നായിപ്പോകും.
Post a Comment
Subscribe to Post Comments [Atom]
<< Home