Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 22, 2008

രണ്ട് ഹിന്ദിച്ചിത്രങ്ങൾ

എനിക്കു സിനിമകൾ ടാക്കീസിൽ പോയി കാണുന്നതാണിഷ്ടം. പക്ഷേ, ചിലതൊക്കെ വന്നാൽ പോകാൻ സൗകര്യമുണ്ടാവില്ല. പിന്നെപ്പോകാമെന്നുവെച്ചാൽ ചിലതൊന്നും കുറച്ചുദിവസത്തോളം ഉണ്ടായെന്നുവരില്ല. അന്യഭാഷാചിത്രങ്ങൾ ആണെങ്കിൽ ചിലതൊന്നും വന്നെന്നു പോലും അറിയില്ല. പടം നല്ലതാണെന്ന് അറിഞ്ഞുവരുമ്പോഴേക്കും അത് ടി. വി. ക്കുള്ളിലേക്ക് കയറിക്കഴിയും. അങ്ങനെ നല്ലതാണെന്ന് കേട്ടറിഞ്ഞാൽ ടി. വി. യിൽ കാണുവാൻ ഇഷ്ടം തന്നെ. അങ്ങനെയൊരു പടമാണ് “എ വെനസ്ഡേ” (A Wednesday). ഗോവ ഫിലിം ഫെസ്റ്റിവലിൽ വന്നിരുന്നെന്ന് കേട്ടു.

യു. ടി. വി. യാണ് നിർമ്മാണം. അതുകൊണ്ട് യു. ടി. വി. മൂവീസ് എന്ന ചാനലിൽ വന്നു. ആദ്യമേ അറിഞ്ഞതുകൊണ്ട് മുഴുവൻ കാണുകയും ചെയ്തു. കഴിഞ്ഞ ഞായർ രാത്രി എട്ടുമണിക്കാണ് കാണിച്ചത്.

A Wednesday


നീരജ് പാണ്ഡേയാണ് കഥയും, തിരക്കഥയും സം‌വിധാനവും. നസറുദ്ദീൻ ഷാ (അജ്ഞാതൻ) അനുപം ഖേർ (പോലീസ് കമ്മീഷണർ, ദീപൽ ഷാ (ചാനൽ റിപ്പോർട്ടർ), അമിർ ബഷീർ (പോലീസ്, ജിമ്മി ശേർഗിൽ (ആരിഫ് ഖാൻ - ആന്റി ടെററിസ്റ്റ് സ്ക്വാഡ്) എന്നിവരൊക്കെയാണ് അഭിനേതാക്കൾ.


പ്രകാശ് റാത്തോഡ് എന്ന പോലീസ് കമ്മീഷണറുടെ ഓർമ്മയിലാണ് കഥ. റിട്ടയർ ആയി. ഇന്നുവരെ ആരോടും പറയാത്തൊരു സംഭവമാണെന്നും പറഞ്ഞാണ് പറയുന്നത്. അതു നടന്നത് ഒരു ബുധനാഴ്ചയാണ്.

ഒരാൾ (നസറുദ്ദീൻ ഷാ - സിനിമയിൽ അയാൾക്കു പേരില്ല) പോലീസ് സ്റ്റേഷനിലെത്തി പരാതികൊടുക്കുന്നു, പേഴ്സ് കാണാനില്ലെന്ന്. എന്നിട്ട് അവിടെയുള്ള ടോയ്ലറ്റിൽ പോയി, അവിടെ ഒരു ബാഗ് വച്ചിട്ട് വരുന്നു. ആ ബാഗിനുമുകളിലെ എഴുത്ത് ജെ &കെ ട്രാവൽ‌സ് എന്നാണ്. പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസുകാരൻ വിളിക്കുന്നത് ജമ്മു & കാശ്മീർ, എന്നു തുടക്കത്തിൽ പറഞ്ഞാണ്.

പ്രകാശ് റാത്തോഡിന് ഫോൺ വരുന്നു. അദ്ദേഹത്തിന് അജ്ഞാതനാണ് വിളിക്കുന്നത്. നസറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന കഥാപാത്രമാണ് വിളിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. വേറെ വേറെ ജയിലിൽ കിടക്കുന്ന, പലപ്പോഴായി മുംബൈയിൽ നടന്ന ബോം‌ബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട നാലു തീവ്രവാദികളെ വിടണം എന്നും അല്ലെങ്കിൽ കുറച്ചുസമയത്തിനകം, നാലഞ്ചുസ്ഥലത്തുവെച്ച ബോംബ് പൊട്ടിത്തെറിക്കുമെന്നും പറയുന്നു. പ്രകാശ് റാത്തോഡിന് വിശ്വാസം വരാൻ വേണ്ടി, കമ്മീഷണറുടെ ഓഫീസിനു തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്നും, വേണമെങ്കിൽ വേഗം പോയി നോക്കിയാൽ കിട്ടുമെന്നും പറഞ്ഞു. പോലീസുകാരിൽ ചിലരെ കമ്മീഷണർ അങ്ങോട്ടുവിടുന്നു. ബോബ് കണ്ടെടുക്കുന്നു. നിർവ്വീര്യമാക്കുന്നു. അജ്ഞാതന്റെ ഫോൺ സന്ദേശം ശരിയായിരിക്കുമെന്ന് തോന്നിത്തുടങ്ങുകയും ചെയ്യുന്നു. അയാൾ എവിടെ നിന്നാണ് വിളിക്കുന്നതെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. നമ്പർ മാറിമാറി വരുന്നതുകൊണ്ട്. നസറുദ്ദീൻ ഷാ തന്നെ, ചാനലിന്റെ റിപ്പോർട്ടറായ നൈനയെ (ദീപൽ ഷായാണ് നൈനയെ അവതരിപ്പിക്കുന്നത്) വിളിച്ച്, ഒരു പ്രധാന വാർത്ത കിട്ടണമെങ്കിൽ കമ്മീഷണറുടെ ഓഫീസിലേക്ക് ഉടനെ ചെല്ലാൻ പറയുന്നു. അവളും ക്യാമറാമാനും അവിടെ എത്തുന്നു. കമ്മീഷണർ അവരോടു പറയുന്നു, അജ്ഞാതന് ഇവിടെത്തെ വിവരം കിട്ടാൻ വേണ്ടിയിട്ടാണ് അങ്ങനെ ചെയ്യുന്നതെന്ന്. (ഈയിടെ മുംബൈയിൽ നടന്ന അക്രമത്തിലും പലരും പറഞ്ഞിരുന്നു, പോലീസിന്റെ നീക്കം മുഴുവൻ അക്രമികളും കാണുമെന്ന്).

തീവ്രവാദികളെ വിട്ടില്ലെങ്കിൽ ബോംബ് പൊട്ടും എന്നുള്ള ഭീഷണിയിൽ അല്പം ഭീതിയുള്ളതുകൊണ്ട്, അവരെ നാലുപേരേയും, ജയ് സിംഗ് എന്ന ഇൻസ്പകറും, ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ ഉള്ള ആരിഫ് ഖാൻ എന്ന ആളും ഒരു വാഹനത്തിൽ കൊണ്ടുപോകുന്നു. അജ്ഞാതൻ ആവശ്യപ്പെട്ടിടത്തേക്ക്. ആ തീവ്രവാദികൾ ഒരുമിച്ച് ഇവരെ പരിഹസിക്കുന്നുണ്ട് വാഹനത്തിൽ വച്ച്.

അതിനിടയ്ക്ക്, പോലീസ്‌സ്റ്റേഷനിൽ, പേഴ്സ് കളഞ്ഞുപോയതിന്റെ റിപ്പോർട്ട് എഴുതിയെടുത്ത പോലീസുകാരനെ കൊണ്ടുവന്ന്, കമ്മീഷണർ രേഖാചിത്രം വരപ്പിക്കാൻ പറഞ്ഞുകൊടുക്കാൻ പറയുന്നുണ്ട്. മുഖ്യമന്ത്രി വരുന്നുണ്ട്. അജ്ഞാതൻ ഇടയ്ക്കു വിളിക്കുന്നുണ്ട്. ഒരാളെ കൊണ്ടുവരുന്നുണ്ട്, കമ്പ്യൂട്ടറിലൂടെ അയാൾ വിളിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ.

ചാനലിന്റെ റിപ്പോർട്ടറെ വിളിച്ച്, ഇവരെ നാലുപേരേയും കൊണ്ടുവരാൻ പറഞ്ഞിടത്ത് എത്താൻ പറയുന്നുണ്ട്, അജ്ഞാതൻ.

അങ്ങനെ നാലുപേരും രണ്ടു പോലീസുകാരും ഒരിടത്ത് എത്തുമ്പോൾ, അവർക്ക് ഫോൺ വരുന്നു. എന്നിട്ട് അജ്ഞാതൻ ഓരോരുത്തരോടും മിണ്ടി അവർ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നു. അവർ, തങ്ങളുടെ പേരും, എന്തിനാണ് പിടിയിലായത് എന്നും പറയുന്നുണ്ട്. അതിലൂടെയാണ് അവർ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നത്. അങ്ങനെ അവരെ ഒരു സ്ഥലത്ത് ഒരുമിച്ച് വിട്ട് രണ്ട് പോലീസുകാരോടും പിന്മാറാൻ പറയുന്നു. ആസിഫ് ഖാന് അത് സമ്മതമായി തോന്നുന്നില്ല. അതുകൊണ്ട് അതിലെ ഒരു ദ്രോഹിയെ അയാൾ പിടിച്ചുവെച്ചിട്ട് മൂന്നുപേരെ മാത്രം വേറെ വിടുന്നു. മൂന്നുപേരും ഒരു സ്ഥലത്തുനിന്ന് ഒരു ഫോൺ റിംഗ് ചെയ്യുന്നതുകേട്ട് എടുക്കുകയും, തങ്ങളെ വിടുവിച്ച ആളാണെന്നുകരുതി, സംസാരിക്കാൻ ബട്ടൺ അമർത്തുമ്പോൾ ബോംബ് പൊട്ടിത്തെറിച്ച് മരിക്കുകയും ചെയ്യുന്നു. അതുകണ്ട്, പോലീസുകാരും, ബാക്കിയായ തീവ്രവാദിയും അന്തം വിടുന്നു. കഥ മാറുകയാണ്. ആ തീവ്രവാദികളെ രക്ഷിക്കാനല്ല ശിക്ഷിക്കാനാണ് കൊണ്ടുവന്നതെന്ന് അവരും, ബാക്കിയുള്ളവരും മനസ്സിലാക്കുന്നു. ബാക്കിയായ തീവ്രവാദി, അയാളെ രക്ഷിക്കാൻ ആരിഫ് ഖാനോട് പറയുന്നുണ്ട്. ഒരുതരം പ്രലോഭനം. പക്ഷെ, അയാളെ വെടിവെച്ചുകൊല്ലാൻ കമ്മീഷണർ പറയുകയും വെടിവെച്ചുകൊല്ലുകയും ചെയ്യുന്നു. ഇൻസ്പെക്ടർ ജയ് സിംഗ്, ആരിഫ് ഖാന്റെ കൈക്ക്, ചാനൽ റിപ്പോർട്ടർ എത്തുമ്പോഴേക്കും വെടിവെക്കുന്നു. കണ്ടറിഞ്ഞ് വരുന്നവരെ സംബന്ധിച്ചിടത്തോളം ഇവരൊക്കെ മരിച്ചത്, പോലീസുകാരെ ആക്രമിക്കുന്നതിനിടയിലാണ്.

അജ്ഞാതൻ പറയുന്നു, ബോംബ് വെച്ച് നമ്മുടെ രാജ്യത്തിലെ ആൾക്കാരെ മുഴുവൻ തീവ്രവാദികൾ കൊന്നൊടുക്കുകയാണ്. രാജ്യം രക്ഷിക്കാനാണ് സാധാരണ ജനങ്ങൾ നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നത് എന്നൊക്കെ. തിരിച്ചുവരുമോന്ന് ഉറപ്പില്ലാതെയാണ് രാവിലെ പലരും വീടുവിട്ടിറങ്ങുന്നത്, വീട്ടിലിരിക്കുന്നവരാകട്ടെ, ഇടയ്ക്കിടയ്ക്ക് ഒന്നും പറ്റിയില്ലല്ലോന്ന് അറിയാൻ വിളിച്ചുനോക്കണം എന്നും പറയുന്നുണ്ട്. ഭാര്യ ഇടയ്ക്ക് വിളിച്ചുനോക്കും എന്നാണ് അജ്ഞാതൻ പറയുന്നത്. ട്രെയിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചും അജ്ഞാതൻ പറയുന്നുണ്ട്. അയാളെ പരിചയമില്ലെങ്കിലും എന്നും കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരൻ എൻ‌ഗേജ്മെന്റ് റിംഗ് കാണിച്ചുവെന്നും, ഒരു ദിവസം താൻ അല്പം വൈകിയതുകൊണ്ട്,സ്ഥിരം കയറുന്ന ട്രെയിനിൽ കയറാഞ്ഞതുകൊണ്ട് ബോംബിൽ നിന്നു രക്ഷപ്പെട്ടുവെന്നും, പിന്നെയുള്ള ദിവസങ്ങളിൽ എന്നും കാണുന്ന മുഖങ്ങൾക്ക് പകരം വേറെ മുഖങ്ങളാണ് കണ്ടതെന്നും ഒക്കെപ്പറയുന്നുണ്ട്. ഒരു സാധാരണക്കാരന്റെ വേവലാതി ശരിക്കും അറിയാം ആ വാക്കുകളിൽനിന്ന്. നാളെ എന്നൊരു ഉറപ്പില്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ. യാതൊരു തെറ്റും ചെയ്യാതെ, ഒരു ബോംബിൽ ജീവിതം തീർക്കേണ്ടിവരുന്നവരുടെ കാര്യം ആലോചിക്കേണ്ടതു തന്നെ.

ഒടുവിൽ അജ്ഞാതൻ ഇരിക്കുന്ന സ്ഥലം കണ്ടെത്തുന്നുവെങ്കിലും, അയാളെ പിടികൂടാൻ സഹായിച്ച പയ്യനും, അയാളുടെ രേഖാചിത്രം വരയ്ക്കാൻ സഹായിച്ച പോലീസുകാരന്റേയും മനസ്സ് മാറുന്നത് നാം കാണുന്നുണ്ട്. അയാൾ ചെയ്തത് അറിഞ്ഞപ്പോൾ. കമ്മീഷണർ ഒറ്റയ്ക്ക് പുറപ്പെടുന്നു. അയാളെ കണ്ടുപിടിക്കാൻ. അയാൾ എല്ലാ ജോലിയും തീർത്ത്, പക്കലുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും ഒരു ബോംബ് കൊണ്ടു നശിപ്പിക്കുന്നു. എന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ, വരുമ്പോൾ കമ്മീഷണർ അവിടെ എത്തുന്നു. അദ്ദേഹം ഇയാളോട് പേരു ചോദിക്കുന്നു. അതു നമ്മളെ കേൾപ്പിക്കുന്നില്ല. ആ പേര് നമ്മൾ അറിഞ്ഞാൽ ഒരു മതത്തിന്റെ ലേബലിനു വേണ്ടി നമ്മൾ അന്വേഷിക്കുമെന്നാണ് കമ്മീഷണർ പറയുന്നത്.

അങ്ങനെ, ഒരു ബുധനാഴ്ച നടന്ന സംഭവം, കൃത്യമായി പുറം ലോകം അറിഞ്ഞിട്ടില്ലെന്നും, അത് ഒരു രേഖകളിലും ഇല്ലെന്നും കമ്മീഷണർ ഓർമ്മകളിൽ നിന്നുപുറത്തുവന്ന് പറയുന്നു. ഒരു ജയിലിൽ നിന്ന് പതിവുള്ളതുപോലെ തീവ്രവാദികളെ മാറ്റുമ്പോൾ അവർ ആക്രമണത്തിൽ മരിക്കുന്നു. ഇതാണ് പുറം ലോകം അറിയുന്നത്.

നസറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന അജ്ഞാതൻ (നമ്മൾ അയാളെ കാണുന്നുണ്ടെങ്കിലും പോലീസുകാർ കാണുന്നില്ലല്ലോ, അതുകൊണ്ടാണ് അജ്ഞാതൻ എന്നുപയോഗിച്ചത്), പണിതീരാത്ത ഒരു വലിയ കെട്ടിടത്തിന്റെ ടെറസ്സിൽ ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നത്. അയാളുടെ ഭാര്യ ഇടയ്ക്കു വിളിക്കുന്നുണ്ട്.

ഇടയ്ക്ക് ഒരു സിനിമാതാരം കമ്മീഷണറുടെ അടുത്ത് വരുന്നുണ്ട്, അയാളെ ആരോ എന്നും ഫോൺ ചെയ്തു ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ്.

രാജ്യത്തെ സ്നേഹിക്കുമ്പോൾ, അവിടെയുള്ള ജീവിതം നിറയെ വേവലാതിയാണെന്നു കണ്ടാൽ ചിലപ്പോൾ ആൾക്കാർ ഇങ്ങനെയൊക്കെ പെരുമാറിയേക്കും. തീവ്രവാദികൾ മരിക്കുന്നതുവരെ നമുക്ക് എവിടെയൊക്കെ ബോംബ് പൊട്ടുമെന്നും എന്തൊക്കെ അപകടം നടക്കുമെന്നും ഒരു ആശങ്കയുണ്ടാവും. പക്ഷെ കഥ പെട്ടെന്നു മാറുമ്പോൾ, നമ്മൾ ആശ്വാസത്തിലേക്കെത്തുന്നു. വേറെ എവിടേയും ബോംബ് വെച്ചിട്ടൊന്നും ഇല്ലെന്നും അയാൾ പറയുന്നുണ്ട്. അയാൾ അത്രയ്ക്കൊരു ദുഷ്ടനാണെന്ന് നമുക്ക് ആദ്യം മുതലേ തോന്നില്ല എന്നതൊരു കുഴപ്പമാണ്. കാരണം അയാളുടെ പെരുമാറ്റത്തിനും പ്രവൃത്തികൾക്കും ഒരു വില്ലൻ ഭാവം ഇല്ലതന്നെ. നിരപരാധികൾ വെറുതേ കൊന്നൊടുങ്ങുമ്പോൾ ഇങ്ങനെ ചിലരെങ്കിലും നിയമം കൈയിലെടുക്കുമെന്ന് തോന്നുന്നു. അങ്ങനെ ചെയ്യുന്നത്, തെറ്റാണോ ശരിയാണോയെന്നറിയില്ല.

നല്ല കഥ. നല്ല അഭിനയം. നല്ലൊരു ചിത്രം. എനിക്കിഷ്ടപ്പെട്ടു.

2. രബ് നെ ബനാദി ജോടി

ഷാരൂഖ് ഖാന്റെ പുതിയ സിനിമ. സത്യം പറഞ്ഞാൽ ഇത് കണ്ടതുകൊണ്ട് ആർക്കും വലിയ ഗുണമൊന്നുമില്ല. എന്തൊക്കെയോ ഒരു കഥ. ഷാരൂഖ് ഖാന്റെ ആരാധകർക്ക് (ഞാനടക്കമുള്ള) പറ്റും. പിന്നെ പാട്ടുകളുണ്ട്, ചില തമാശ സീനുകളുണ്ട്. ചിരിക്കാം കുറേ. “കരച്ചിൽ ഉണ്ടല്ലേ കുറേ” എന്ന് സിനിമ വിട്ടിറങ്ങിയപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു. കരച്ചിലും ഉണ്ട്.

ഷാരുഖ് അവതരിപ്പിക്കുന്ന സുരീന്ദർ സാഹ്നി, ദാനി (താനി) യെ കല്യാണം കഴിച്ച് വീട്ടിൽ വരുമ്പോഴാണ് സിനിമ തുടങ്ങുന്നത്. ഷാരുഖ് ഒറ്റയ്ക്കേയുള്ളൂ അവിടെ. ഷാരൂഖ് നമ്മോട് പറയുന്നു. ‘ഇന്നലെയാണ് ആദ്യമായിട്ട് ഞാനിവളെ കണ്ടത്, ഇഷ്ടവും ആയി’ എന്ന്. പിന്നെ അവരുടെ കല്യാണം നടന്നത് എങ്ങനെയെന്ന് കാണുന്നു. താനിയുടെ കല്യാണവീട്ടിലാണ് സുരീന്ദർ സാഹ്നി ഉള്ളത്. സുരീന്ദർ താനിയുടെ അച്ഛന്റെ പ്രിയപ്പെട്ട ശിഷ്യൻ ആയിരുന്നെന്ന്, അദ്ദേഹം താനിയ്ക്ക് സുരീന്ദറിനെ പരിചയപ്പെടുത്തുമ്പോൾ പറയുന്നു. താനിയുടെ പ്രതിശ്രുതവരൻ മരിക്കുന്നു. അച്ഛനു അസുഖമാവുന്നു. അദ്ദേഹം ആശുപത്രിയിൽ വെച്ച് താനിയെ സുരീന്ദറിനെ ഏല്‍പ്പിക്കുന്നു, അദ്ദേഹം മരിക്കുന്നു, അവർ വിവാഹിതരാവുന്നു. സുരീന്ദറിന്റെ വീട്ടിൽ വരുന്ന താനി അവൾക്ക് പഴയപോലെ ആവാൻ കുറച്ചു സമയം വേണമെന്നു പറയുന്നു. സുരീന്ദറിന് അവളോട് പ്രണയം ആയിരുന്നതുകൊണ്ട്, അവളുടെ ഇഷ്ടത്തിനുവിടുന്നു.

അവൾ, നൃത്തമത്സരത്തിനുള്ള ക്ലാസ്സിൽ ചേരാൻ അനുവാദം ചോദിക്കുന്നു. അവൾക്ക് സന്തോഷമായിക്കൊള്ളട്ടെ എന്നു കരുതി സുരീന്ദർ അവിടെ ചേരാൻ പെട്ടെന്നുതന്നെ അനുമതി കൊടുക്കുന്നു.

സുരീന്ദർ, തന്റെ പ്രിയ സുഹൃത്തായ ബോബിയുടെ സഹായത്താൽ (ബ്യൂട്ടിപ്പാർലർ ആണ് അയാൾക്ക്), രൂപം മാറുന്നു. മീശയൊക്കെ വെച്ച് ഒരു ജുബ്ബയുമൊക്കെ ഇട്ടുനടക്കുന്ന പതിവു സ്റ്റൈലിൽ നിന്ന്, രാജ് എന്ന പുതിയ രൂപവും വേഷവും, ഇപ്പോഴത്തെ ചെറുപ്പക്കാരുടെ അടിപൊളി ഫാഷനുമായിട്ടുള്ള രൂപവും ഒക്കെയായി മാറുന്നു. നൃത്തക്ലാസ്സിൽ രാജിന്റെ പാർട്ട്ണർ താനിയാണ്. അവൾ സുരീന്ദറിനെ തിരിച്ചറിയുന്നില്ല. അവൾ രാജിന്റെ സുഹൃത്ത് ആവുന്നു.

സുരീന്ദർ രാവിലെ വീട്ടിൽനിന്നു പുറപ്പെട്ടു പോകും. ഓഫീസ് സമയം കഴിഞ്ഞിട്ട് രാജ് ആവും. നൃത്തത്തിനുപോവും. വീണ്ടും വേഷം മാറി സുരീന്ദർ ആയി വീട്ടിൽ വരും. താനിയോട് വിശേഷങ്ങളൊക്കെ ചോദിക്കുകയും ചെയ്യും.

അങ്ങനെ അവർ നല്ല സുഹൃത്തുക്കളായിരിക്കുന്ന ഒരു അവസരത്തിൽ രാജ് തനിക്ക് താനിയോട് ഇഷ്ടമാണെന്ന് പറയുന്നു. അപ്പോളാണ് അവൾ വിവാഹിതയാണെന്ന് അവളും, പണ്ടേ അറിയാം എന്ന് രാജും പറയുന്നത്. അവൾ ആശയക്കുഴപ്പത്തിലായി. സുരീന്ദറിനോട് അവൾക്ക് താല്പര്യവുമില്ല, താല്പര്യക്കുറവുമില്ല. വിവാഹിതരായെങ്കിലും അവർ തമ്മിൽ വലിയ ബന്ധവുമില്ല. പഴയപോലെ ആവാൻ കുറച്ചു സമയം വേണമെന്ന് താനി പറഞ്ഞിട്ടുണ്ടല്ലോ. രാജാണെങ്കിൽ അവളെ ഒരുപാട് സ്നേഹിക്കുന്നു.

അങ്ങനെ ഒരു ദിവസം, അവൾക്കും രാജിനോട് ഇഷ്ടമായി. ആ നാട്ടിൽനിന്നും പോകാം എന്നുവരെ അവൾ പറയുന്നു. സുരീന്ദർ വിഷമഘട്ടത്തിലായി. പക്ഷെ, അവൾ സ്നേഹിക്കുന്നത് സുരീന്ദറിനെത്തന്നെയാണെന്ന് അവൾക്ക് മനസ്സിലാവുന്നു. രാജിനോട് നൃത്തമത്സരത്തിന്റെ അന്ന് അവൾ അക്കാര്യം തുറന്നുപറയുന്നു. നൃത്തമത്സരത്തിന്റെ വേദിയിൽ രാജിനു പകരം വരുന്നത് സുരീന്ദറാണ്. അവൾക്ക് കാര്യം മനസ്സിലാവുന്നു. സിനിമ തീരുന്നു.

ഇത്രയേ ഉള്ളൂ സിനിമ. ഭർത്താവ് വേഷം കെട്ടി വന്നാൽ മനസ്സിലാവില്ല എന്നൊക്കെപ്പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചുപാടുണ്ട്. എനിക്കതിലെ പാട്ടുകൾ ഇഷ്ടപ്പെട്ടു. പിന്നെ ചിരിക്കാൻ കുറേയുണ്ട്. ഞാനെന്തായാലും കുറേ ചിരിച്ചു. താനിയായി വരുന്ന അനുഷ്കാ ശർമ്മ നന്നായി ചെയ്തിട്ടുണ്ട്. പുതുമുഖം ആണെന്ന് തോന്നുന്നു. ആദിത്യചോപ്രയാണ് സംവിധാനം. ഷാരൂഖ്ഖാൻ പതിവുപോലെ ഉഷാർ. രാജായാലും സുരീന്ദറായാലും. ഒരു പാട്ടിൽ, ഷാരൂഖിനൊപ്പം, കാജോൾ, റാണി മുഖർജി, ബിപാഷ, ലാറ, പ്രീതി സിന്റ എന്നിവരൊക്കെ മിന്നിമറയുന്നുണ്ട്.

തുഝ്മേ രബ് ദിഖ്താ ഹേ യാരാ മെം ക്യാ കരൂം എന്ന പാട്ടെനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു.

ഒരുപ്രാവശ്യം കാണുന്നതിൽ തെറ്റൊന്നുമില്ല. ഇനിയിപ്പോ, വ്യത്യസ്തമായ ഒരു കഥയും ഷാരൂഖ്ഖാനും, നല്ലൊരു നായികയും ഒക്കെ ആയതുകൊണ്ട് പടം നന്നായി ഓടില്ലെന്നൊന്നും പറയാനും വയ്യ.

എന്തായാലും ഷാരൂഖ് ഖാന് ദാത്തൂക്ക് പദവി കിട്ടി. ലോകത്തെ ഏറ്റവും പവർഫുൾ ആയിട്ടുള്ള 50 ജനങ്ങൾക്കുള്ളിൽ വന്നു.

ഈസ്റ്റ് ഓർ വെസ്റ്റ്, സൗത്ത് ഓർ നോർത്ത്,
ഷാരൂഖ് ഖാൻ, ദി ബെസ്റ്റ് ഹേ ജീ. ;)

Labels: , ,

10 Comments:

Blogger Rafeeq said...

A Wednesday ഞാനും കണ്ടും.. നല്ല സിനിമ.. :-) വിവരണം കൊള്ളാം.. നന്നായിട്ടുണ്ടു... ആശംസകള്‍..

Mon Dec 22, 09:38:00 pm IST  
Blogger smitha adharsh said...

ഷാരൂഖ് ഖാന്റെ സിനിമയെപ്പറ്റി,അയല്‍ക്കാരി ചേച്ചി എന്നോട് പറഞ്ഞികേട്ടപ്പോള്‍ കാണണം എന്ന് തോന്നിയതാ..സി.ഡി.കിട്ടുമോന്നു നോക്കട്ടെ..രുന്നു..

Tue Dec 23, 12:34:00 am IST  
Blogger ഹരീഷ് തൊടുപുഴ said...

ഞാന്‍ സാധാരണ ഹിന്ദി ഇനിമ കാണാറില്ല; എങ്കിലും ഷാറൂഖിന്റെ ഈ പടം ഒന്നു കാണണമെന്നു വിചാരിക്കുന്നു...

Tue Dec 23, 06:36:00 am IST  
Blogger സന്തോഷ്‌ കോറോത്ത് said...

സുരിന്ദര്‍ സാഹ്നി എന്ന റോളില്‍ ഷാരൂഖ്‌ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്... പ്രത്യേകിച്ചും സിനിമയുടെ ആദ്യ ഭാഗത്ത്... കഥയെപ്പറ്റി ഒന്നും പറയാനില്ല :(

A wednesday എനിക്കത്ര ഇഷ്ടപ്പെട്ടില്ല...Mumbai Terrorist Attack കഴിഞ്ഞാ ഞാന്‍ ആ സിനിമ കണ്ടത്... അനുപം ഖേര്‍ 10 മിനിട്ടില്‍ അങ്ങനെ ചെയ്യണം, 15 മിനിറ്റിനുള്ളില്‍ എനിക്കീ ഡാറ്റ കിട്ടണം എന്നൊക്കെ പറയണത് കേള്‍ക്കുമ്പോള്‍ ശരിക്കും ഇതൊന്നും നടക്കില്ല നമ്മടെ പോലീസ് നെ ക്കൊണ്ട് എന്നൊരു വിചാരം വന്നു പോകുന്നത് കൊണ്ടായിരിക്കാം!! :)
പക്ഷെ naseeruddin shah ye എനിക്ക് നന്നായി ഇഷ്ടപ്പെട്ടു :)

Tue Dec 23, 05:25:00 pm IST  
Blogger നരിക്കുന്നൻ said...

a wednesday ഞാനും കണ്ടു.
ഒരു ത്രില്ലർ മൂവി കാണണമെന്ന് കരുതി നെറ്റിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് ഈ സിനിമയുടെ ഡിറ്റയിത്സ്. നെറ്റ് വഴി തന്നെ കാണാൻ ഇരുന്നപ്പോൾ മുഴുവൻ കാണുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഒരു നിമിഷം പോലും ബോറഡിപ്പിക്കാതെ ഒരുപാട് പാഠങ്ങൾ, സന്ദേശങ്ങൾ, നാടിന്റെ സമാധാനത്തിലേക്ക് നുഴഞ്ഞ് കയറുന്ന ക്ഷുദ്രശത്രുക്കളെക്കുറിച്ച് ഒരു ഭാരതീരന്റെ മനസ്സിലേക്ക് എറിഞ്ഞ് തന്നു ഈ സിനിമ. എന്നെ സംബന്ധിച്ചിടത്തോളം 2008ൽ ഞാൻ കണ്ട മികച്ച സിനിമകളിൽ ഇതിനെ ഉൾപ്പെടുത്തുന്നു.

നസറുദ്ദീൻ ഷാ യുടെ മികച്ച അഭിനയം ഏറെ ഇഷ്ടപ്പെട്ടു. മികച്ച ക്യാമറ, സൌണ്ട്, അവതരണം എല്ലാം ഈ വിജയത്തിന് കാരണമായി.

ഷാരൂകിന്റെ സിനിമ ദേ ഇപ്പോ അളിയൻ കൊണ്ട് വന്ന് തന്നു. കണ്ടിട്ട് അഭിപ്രായം പറയാം.

Wed Dec 24, 02:05:00 pm IST  
Blogger സു | Su said...

റഫീക്ക് :)

സ്മിത :) കാണൂ.

ഹരീഷ് :) അതെന്താ? നല്ല സിനിമകൾ ഉണ്ടെങ്കിൽ കാണണം.

കോറോത്ത് :) എ വെനസ്‌ഡേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അതിലുള്ളതുപോലെ ഒന്നും സംഭവിക്കില്ലെങ്കിലും കാണുമ്പോൾ അങ്ങനെ സംഭവിക്കും എന്നു തോന്നും.

നരിക്കുന്നൻ :) ഷാരൂഖിന്റെ സിനിമയും കാണൂ.

Wed Dec 24, 06:43:00 pm IST  
Blogger deepdowne said...

പോസ്റ്റ്‌ മുഴുവൻ വായിച്ചില്ല. കാരണം, Wednesday കാണാനായി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്തിരിക്കുകയാണ്‌. ഇത്‌ വായിച്ചുകഴിഞ്ഞാൽ കാണാനുള്ള ത്രില്ല് പോകുമോന്ന്‌ പേടി. കണ്ടുകഴിഞ്ഞിട്ട്‌ വരാം.. :)

Wed Dec 24, 08:41:00 pm IST  
Blogger യൂനുസ് വെളളികുളങ്ങര said...

ഈ ക്രിസ്‌മസിന്‌ തിയേറ്റര്‍ പ്പടം സര്‍വപടാല്‍ പ്രധാനം

Thu Dec 25, 08:39:00 am IST  
Blogger സു | Su said...

ഡീപ് :) പടം കണ്ടല്ലോ അല്ലേ?

യൂനുസ് :)

Mon Dec 29, 08:25:00 pm IST  
Blogger deepdowne said...

ഇന്നാണ്‌ A Wednesday
കാണാനൊത്തത്‌. നല്ല ചിത്രം! ആദ്യം മുതല്‍ അവസാനം വരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലുള്ള ചിത്രീകരണം. സിനിമ തുടങ്ങി തീരുന്നതുവരെ മറ്റൊന്നിലേക്കും പ്രേക്ഷകന്റെ ചിന്ത പാളിപ്പോകാതെ പിടിച്ചുനിര്‍ത്താനുള്ള സിനിമയുടെ കഴിവ്‌ അഭിനന്ദനാര്‍ഹം തന്നെ. പോരാത്തതിന്‌ എന്റെ ഏറ്റവും favourite നടനായ നസീറുദ്ദീന്‍ ഷായുമുണ്ട്‌. ഇനി എനിക്ക്‌ ആനന്ദലബ്ദ്ധിക്കെന്തുവേണം? :)
"നീയെനിക്ക്‌ തന്നിട്ടുള്ള ആ most favourite സ്ഥാനത്തുനിന്ന്‌ ഞാന്‍ അടുത്തെങ്ങും മാറാന്‍ ഭാവമില്ല, ഹിഹിഹി!" എന്നദ്ദേഹം എന്നോട്‌ പറഞ്ഞിരിക്കുന്നു!

Sun Mar 22, 12:36:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home