Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, March 09, 2010

ചില ആവർത്തനങ്ങൾ

എന്നും കാണാറുണ്ട്. ആ വീടിനുമുന്നിൽ ഒരു ബെഞ്ചിൽ വൃദ്ധ ഇരിക്കുന്നത്. ചില ദിവസം അവർ ഗേറ്റിൽ പിടിച്ചുനിന്ന് റോഡിലേക്ക് നോക്കുന്നുണ്ടാവും. ചില ദിവസം ബെഞ്ചിന്റെ അരികിൽ മുറ്റത്തിരുന്ന് മുടി ചീവുന്നുണ്ടാവും. സുമിത്രയ്ക്ക് പെടാപ്പാടാണ്. ഓട്ടം തന്നെ ഓട്ടം. അവളെക്കണ്ടാൽ പരിചയം ഭാവിച്ചൊരു നോട്ടമുണ്ട് അവർക്ക്. അവൾക്ക് അങ്ങോട്ടു കൊടുക്കാൻ ഒരു പുഞ്ചിരിയും. ജീവിതത്തിലെ വിശ്രമസമയം അവർ ആസ്വദിക്കുകയാവും എന്ന് തോന്നാറുണ്ട് സുമിത്രയ്ക്ക്. താനിനിയെന്നാണ് വിശ്രമിക്കുക എന്ന് ആശ്ചര്യപ്പെടാറുമുണ്ട്.

അന്ന് കുറച്ചു നേരത്തെയിറങ്ങി. അവർ റോഡിലേക്ക് നോക്കി നിൽക്കുന്നുണ്ട്.

“ഇന്ന് തിരക്ക് കുറഞ്ഞപോലെ തോന്നി. എന്നും ഓട്ടമാണല്ലോ.” അവർ സുമിത്രയോട് സൗമ്യമായി പറഞ്ഞു.

“അതെ. ഇന്ന് വേഗം വേഗം തീർത്തു ജോലികളെല്ലാം. പതിവിൽ നിന്നു കുറച്ച് കുറവും ആയിരുന്നു. അതുകൊണ്ടുതന്നെ വേഗം ഇറങ്ങാനും കഴിഞ്ഞു.”

“സ്കൂളിലേക്കാണോ?”

“അതെ.” അവരുടെ ചോദ്യം കേട്ട് ആശ്ചര്യം തോന്നിയില്ല. അടുത്ത വളവിൽ സ്കൂൾ ഉള്ളത് അവർ അറിയാതെയിരിക്കില്ലല്ലോ. മോനെക്കൂട്ടി തിരിച്ചുപോകുന്നത് കാണാതെയുമിരിക്കില്ല. തിരിച്ചുപോകുമ്പോൾ അവരെ നോക്കാനേ നിൽക്കാറില്ല. വെയിലായതുകൊണ്ടും വിശപ്പായതുകൊണ്ടും ഓട്ടമാണ്. പിന്നെ അവന്റെ ചില വാശികളും.

“മോന്റെ ക്ലാസ് ഉച്ചയ്ക്കു കഴിയും. അവനെ കൂട്ടിക്കൊണ്ടുവരും. മോൾക്ക് ഉച്ചഭക്ഷണം കൊണ്ടുപോകും.” സുമിത്ര കൈയിലിരുന്ന സഞ്ചി മുന്നോട്ട് കാണിച്ചു. ഒക്കെ തനിയെ വേണം. എണീറ്റാൽ ഓട്ടമാണ്. ഒരു ജോലിയിൽ നിന്ന് വേറൊന്നിലേക്ക്. അതിനിടയ്ക്ക് ഇവരേയും തെളിക്കണം. ജോലിയാണെങ്കിൽ ചിലപ്പോൾ എടുത്താലും എടുത്താലും തീരുകയുമില്ല. പിന്നെന്താ... ഇവർ കുറച്ചും കൂടെ വലുതാവുന്നതുവരെയേ ഉള്ളൂ. അതു കഴിഞ്ഞാൽ
ആശ്വാസമുണ്ടാവുമായിരിക്കും.”

“അതെ...വലുതാവുന്നതുവരെയേ ഉള്ളൂ...എല്ലാം.” അവർ പതുക്കെ പറഞ്ഞു.

അപ്പോഴാണ് ചുറ്റും ഒന്നു നോക്കിയ സുമിത്ര, അവരുടെ വീട്ടുവാതിൽ പൂട്ടിയിരിക്കുന്നതുകണ്ടത്. അവൾ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവർ പറഞ്ഞു.

“മോനും ഭാര്യയും മക്കളും ജോലിക്കും സ്കൂളിലും പോയി. വീട് വെറുതേ തുറന്നുവെക്കേണ്ടല്ലോന്ന് കരുതി. അല്ലെങ്കിലും അകത്തിരുന്നിട്ടെന്താ. ഇവിടെയിരുന്നാൽ ആരെയെങ്കിലുമൊക്കെ കാണുകയും ചെയ്യാം.“

ബെഞ്ചിന്റെ അറ്റത്ത് ഒരു കുപ്പി വെള്ളവും ഒരു പൊതിയും ഒരു ഗ്ലാസ്സും സുമിത്ര കണ്ടു. അവൾക്ക് എന്തോ ഒരു വിഷാദം പെട്ടെന്ന് വന്നു. അവശതയുള്ളതായിരുന്നു അവളുടെ സ്വരം.

“പോട്ടെ. സ്കൂൾ വിടാറായി.”

മറുപടിയുണ്ടോന്ന് അവൾ ശ്രദ്ധിച്ചില്ല. അവൾ ആ ലോകത്തേ അല്ലായിരുന്നു.

------------------------------------------------------------

ഓട്ടത്തിനിടയിലും ആ കുട്ടി തന്നെ നോക്കുന്നത് സുമിത്ര കാണാറുണ്ട്. തന്നെ കാണുമ്പോൾ പരിചയത്തിന്റെ പുഞ്ചിരി വിരിയും ആ മുഖത്ത്. ദിവസവും ഉള്ള കാഴ്ച. ഒഴിവുദിവസങ്ങളൊഴിച്ച്. ഇന്ന് പതുക്കെപ്പതുക്കെ വരുന്നുണ്ട്.

“ഇന്ന് നേരത്തെയാണല്ലേ.”
ആ കുട്ടി മനോഹരമായി പുഞ്ചിരിച്ചു.

“ഇന്ന് നേരത്തെ ഇറങ്ങി. എത്രയൊരുക്കിയാലും ജോലി തീരില്ല. ബാക്കി പിന്നെയാവാംന്ന് വെച്ചു.”

“കുട്ടികൾ?”

“രണ്ടാളും ആ സ്കൂളിൽ.” അവൾ മുഖം കൊണ്ട് അകലേക്ക് ആംഗ്യം കാട്ടി. കൈയിലെ ബാഗ് കാണിച്ചു. “രണ്ടാൾക്കും ഭക്ഷണം കൊണ്ടുപോകുന്നു. വെറുതേ തണുത്തത് തിന്നേണ്ടല്ലോ. ഇവിടെ അടുത്തല്ലേ, കൊണ്ടുപോകാൻ പ്രയാസമൊന്നുമില്ല. പക്ഷേ പ്രശ്നം എന്താന്നുവെച്ചാൽ, ഇന്നലെയുള്ളതുപോലെയുള്ളത് ഇന്നു പറ്റില്ല. രണ്ടാൾക്കും ഒരേ ഇഷ്ടമല്ല. വാശി പിടിച്ചാൽ ജോലി കൂടും. അതുകൊണ്ട് ഇഷ്ടം പോലെ ഒക്കെ ഒരുക്കുന്നു.”

സുമിത്ര അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

താൻ തന്നെയല്ലേ അത്! ഒരു സ്ത്രീയുണ്ടായിരുന്നു തന്നോട് മിണ്ടാൻ. എന്തൊക്കെയാണ് സമയം കിട്ടുമ്പോൾ രണ്ടാളും പറഞ്ഞിരുന്നത്. ഇനിയുള്ള കാലംഅങ്ങനെയൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ലെന്നുകൂടെ പറഞ്ഞിരുന്നു. കാലം മാറുമെന്ന്! കാലം മാറി. കഥാപാത്രങ്ങളും. പക്ഷേ ജീവിതത്തിലെ അനുഭവങ്ങൾ അതേപടിയുണ്ടെന്നോ! താൻ ജീവിച്ചുപോന്നിരുന്നതുപോലെ ഇന്നു വേറൊരാൾ.

വീട് പൂട്ടിയിട്ടില്ല. എന്നാലും ഏകാന്തതയിലേക്ക് കയറാൻ തോന്നില്ല. ഇവിടെ നിന്നാൽ മനുഷ്യരുണ്ട്, പക്ഷികളുണ്ട്, കാഴ്ചകളുണ്ട് കാണാൻ. ഓടിക്കഴിഞ്ഞുള്ള വിശ്രമം എല്ലാവർക്കും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമോ?

“പോട്ടെ. ഇനിയും നിന്നാൽ വൈകും.” അവൾ തിടുക്കത്തിൽ നടന്നുപോയി. അല്ല. അത്രയും നേരം മിണ്ടിയതിന്റെ കുറവു തീർക്കാനായിരിക്കും, ബാഗ് രണ്ടു കൈകൊണ്ടും പിടിച്ച് ഓടിത്തന്നെ പോയി.

വർഷങ്ങൾക്കു ശേഷം ഏതോ വീടിനു മുന്നിൽ കൂനിക്കൂടിയിരിക്കേണ്ടുന്ന രൂപമാണോ, പൂമ്പാറ്റയെപ്പോലെ പറന്നുപോകുന്നത്! എന്തോ ഓർമ്മയിൽ, നിറഞ്ഞ കണ്ണുകൾ തുടച്ച് സുമിത്ര വരാന്തയിലേക്ക് കയറി. പ്രാർത്ഥനയുണ്ടായിരുന്നു മനസ്സിൽ.

Labels:

15 Comments:

Blogger ശ്രീ said...

മക്കളും മരുമക്കളുമൊക്കെ എവിടേയ്ക്കോ യാത്ര പോകാന്‍ നേരം അമ്മയെ പട്ടിക്കൂട്ടിലോ മറ്റോ അടച്ചിട്ടിട്ട് പോയി, അവസാനം നാട്ടുകാരെത്തി മോചിപ്പിച്ചു എന്ന പത്രവാര്‍ത്ത ഓര്‍മ്മിപ്പിച്ചു. :(

Tue Mar 09, 12:02:00 pm IST  
Blogger Sukanya said...

മനസ്സില്‍ തട്ടുന്ന കഥ, കഥയല്ല,
ഇതാണിന്നു നടക്കുന്നത്.
ഇനി നാളെ നമുക്ക് സംഭവിക്കാവുന്നത്

Tue Mar 09, 12:19:00 pm IST  
Blogger കൂതറHashimܓ said...

മ്............

Tue Mar 09, 12:45:00 pm IST  
Blogger എറക്കാടൻ / Erakkadan said...

ഞാനിപ്പോഴും ആ പേപ്പർ കട്ട്‌ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌ ശ്രീ...

Tue Mar 09, 01:16:00 pm IST  
Blogger Usha said...

beautifully expressed..

I feel like talking to Mom after reading this.. it reminds me of her, of my grandmothers.. and for some reason, makes me feel a lil scared of the futility of life..

Tue Mar 09, 07:46:00 pm IST  
Blogger പട്ടേപ്പാടം റാംജി said...

ഒരു കുന്നു പോലെ കറേ നേരുകള്‍....നന്നായി.

Tue Mar 09, 08:55:00 pm IST  
Blogger ദിയ കണ്ണന്‍ said...

touching...kannu niranju sharikkum.. :(

Wed Mar 10, 07:15:00 am IST  
Blogger സു | Su said...

ശ്രീ, അങ്ങനെയൊക്കെയും ചില ജീവിതങ്ങൾ.

സുകന്യ, ഇതൊക്കെത്തന്നെയാണ് നടക്കുന്നത്. നടക്കാൻ പോകുന്നതും.

ഹാഷിം

എറക്കാടൻ

പാർപ്പിടം

ഉഷ

ദിയ

റാംജി

എല്ലാവർക്കും നന്ദി.

Wed Mar 10, 10:11:00 pm IST  
Blogger Viswaprabha said...

കഥ പറഞ്ഞ് കരയിപ്പിക്കുന്ന ടെൿനിൿ ഇനിയും ബാക്കിയുണ്ടല്ലേ സു? :(

ഒരുപാടു സങ്കടം വരുത്തി! ഞാനമ്മയോടു പറഞ്ഞുകൊടുക്കും!
:)
ലു

Thu Mar 11, 12:43:00 am IST  
Blogger സു | Su said...

വിശ്വം ജീ :) കഥകളും ജീവിതങ്ങളും എപ്പോഴും ചിരിപ്പിക്കുന്നതാവില്ലല്ലോ.

അമ്മയോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ. ;)

Thu Mar 11, 10:47:00 am IST  
Blogger raadha said...

ഇന്നത്തെ തിരക്കുകള്‍ ഒക്കെ മാറ്റി വെച്ച് നാളെ നമ്മളും ഇങ്ങനെ..വരാന്തയില്‍ തനിയെ..ആരുമാരും ഇല്ലാതെ... :(

Thu Mar 11, 10:56:00 am IST  
Blogger ശ്രീനന്ദ said...

പരിഹാരമില്ലാത്ത സമസ്യ. ഈ ഏകാന്തതയെ നേരിടാന്‍ നേരത്തെ സ്വയം പാകപ്പെടുന്നത് തന്നെ നന്ന്. നമ്മള്‍ കൊടുക്കാത്തത് കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ.

Thu Mar 11, 05:24:00 pm IST  
Blogger സു | Su said...

രാധേ, അങ്ങനെയൊന്നും ആവാതിരിക്കാൻ നോക്കാം.

ശ്രീനന്ദ, അതെയതെ. കൊടുക്കുന്നതേ കിട്ടൂ. കൊടുക്കുന്നത് കിട്ടുമല്ലോ എന്ന ആശ്വാസം ചിലർക്കെന്തായാലും ഉണ്ടാവും.

Thu Mar 11, 09:00:00 pm IST  
Blogger ചീര I Cheera said...

കുറെ ആയോ, ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയിട്ട് സൂ... :)

Sat Mar 13, 06:58:00 pm IST  
Blogger സു | Su said...

പി. ആർ :) ആണെന്നാണ് അഭിപ്രായം അല്ലേ?

Mon Mar 22, 09:55:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home