Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, April 21, 2010

കണി കാണും നേരം

പടക്കം പൊട്ടുന്ന ഒച്ചയുണ്ട്, ഇടയ്ക്കിടയ്ക്ക് പതിഞ്ഞ സ്വരത്തിൽ കേൾക്കുന്നു. ചില ആഹ്ലാദാരവങ്ങളും. ബാക്കിയെല്ലാം എന്നും പതിവുള്ള രാത്രി പോലെ തന്നെ.

അനുരാധ സത്യനാഥനോട് പറഞ്ഞു.
“നാളെ വിഷുവാണ്.”
“ഓർമ്മിപ്പിക്കേണ്ട കാര്യമുണ്ടോ അത്?” സത്യനാഥൻ ചോദിച്ചു. അസ്വസ്ഥതയോടെ.
“കണിയൊരുക്കണമെന്ന് മോൻ പറഞ്ഞില്ലേ. അതുകൊണ്ട് പറഞ്ഞതാ.”
“ഉം.”
“ഊണുകഴിക്കാൻ എന്തായാലും അമ്പലത്തിൽ പോകാം. അവിടെ സദ്യയുണ്ടല്ലോ.”
“ഉം. നീ ഉറങ്ങാൻ നോക്ക്. മിണ്ടിക്കൊണ്ടിരുന്നാൽ ചിലപ്പോൾ അവൻ ഉണരും.”

കുട്ടിക്കാലത്തെങ്ങോ കണ്ട വിഷുക്കണിയോർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അനുരാധ ഉറങ്ങാൻ ശ്രമിച്ചു. എന്തൊക്കെയോ ചിന്തിച്ച് ചിന്തിച്ച് സത്യനാഥനും.

-----------------------------------

“മോനേ എണീക്കൂ. കണി വെച്ചിട്ടുണ്ട്. അമ്മ കൈ പിടിച്ച് കൊണ്ടുപോകാം.”

“എന്തൊക്കെയുണ്ടമ്മേ ഒരുക്കിയിട്ട്?”

മറുപടിയ്ക്ക് അല്പം താമസിച്ചു.

“എല്ലാമുണ്ട്. വെള്ളരി, ചക്ക, മാങ്ങ, തേങ്ങ, പുതുവസ്ത്രം, കൊന്നപ്പൂ...”

“കണ്ണന്റെ മുമ്പിലല്ലേ?”

“അതെയതേ.”

“കണിക്കു മുന്നിലെത്തി.” അച്ഛൻ പറഞ്ഞത് അവൻ കേട്ടു.

“ഇനി വിഷുക്കൈനീട്ടം തരൂ.”

“തരാം. കണിയ്ക്കു മുന്നിൽ തൊഴൂ.”

അവൻ തൊഴുതു.

സത്യനാഥൻ, നിറം മങ്ങിയ ഒരു നാണയം മോന്റെ കൈയിൽ വച്ചുകൊടുത്തു.

“വാ. ഇനി കുളിച്ചുപുറപ്പെട്ട് അമ്പലത്തിൽ പോകാം. അവിടെയും കണി കാണണ്ടേ.”

അമ്മയുടെ കൂടെ അവൻ പോയി.

ഒരു ചെറിയ വിളക്കും, അതിനു മുന്നിൽ അല്പം കൊന്നപ്പൂവും, പിന്നെ ഒരു പഴയ ചിത്രത്തിൽ നിന്ന് കണ്ണനും സത്യനാഥനെ നോക്കിച്ചിരിച്ചു.

“എന്റെ മോനു, കാണാൻ കഴിയാത്തതു ഭാഗ്യമാണെന്നാണോ ഞാൻ വിചാരിക്കേണ്ടത്, എല്ലാം കാണാൻ കഴിയുന്ന ദൈവമേ?” എന്നും ചോദിച്ച് അമ്മയും മോനും മിണ്ടിയും ചിരിച്ചും നിൽക്കുന്നിടത്തേക്ക് സത്യനാഥൻ തിരക്കിട്ട് നടന്നു.

പടക്കങ്ങളുടെ ശബ്ദം ഒരു തടസ്സവുമില്ലാതെ കേട്ടുകൊണ്ടിരുന്നു.

Labels:

17 Comments:

Blogger ഷൈജൻ കാക്കര said...

സു... കഥ വേദനിപ്പിക്കുന്നു. പക്ഷെ കണ്ണടച്ച്‌ ഇരുട്ടാക്കുന്നവരേക്കാൽ എത്രയോ സത്യസന്ധമാണ്‌ പടക്കത്തിന്റെ ശബ്ദവും അമ്മയിലൂടെ മകൻ കണ്ട വിഷുക്കണിയും....

Wed Apr 21, 06:38:00 pm IST  
Blogger പട്ടേപ്പാടം റാംജി said...

ഓര്‍മ്മകളീലൂടെ ഒരോട്ടപ്രദക്ഷിണം.

Thu Apr 22, 12:06:00 am IST  
Blogger Umesh::ഉമേഷ് said...

കഥ ഇഷ്ടപ്പെട്ടു, സൂ.

Thu Apr 22, 03:39:00 am IST  
Blogger മയൂര said...

ഉള്ളം കൈയിലൊരുമ്മ തരുന്നു...
മറ്റ് വാക്കുകളില്ല.

Thu Apr 22, 04:06:00 am IST  
Blogger Ashly said...

വേദനിപ്പിക്കുന്ന, ഇഷ്ടപെട്ട കഥ.

Thu Apr 22, 01:37:00 pm IST  
Blogger Unknown said...

നല്ല കഥ സൂ (സുവിന്റെ കവിത വായിക്കുന്നതിലും ഇഷ്ടം കഥ വായിക്കാനാണു്‌ )

Thu Apr 22, 03:06:00 pm IST  
Blogger സു | Su said...

കാക്കര :) അമ്മയും അച്ഛനും ദുഃഖം മറന്ന് മകനെ സന്തോഷിപ്പിക്കുന്നു.

റാംജീ :)

ഉമേഷ് ജീ :) “ചതിക്കരുതീവിധമൊരാളെയും നീ” കണ്ടു. ശ്രമിച്ചില്ല. എപ്പഴെങ്കിലും ശ്രമിക്കാം. ശരിക്കു കിട്ടില്ലെങ്കിലും.

മയൂര :)

ക്യാപ്റ്റൻ :)

കുഞ്ഞൻസ് :) ചേട്ടനും അങ്ങനെയാണ് അഭിപ്രായം. കുഞ്ഞൻസിനെ കണ്ടിട്ട് കുറച്ചായല്ലോ.

എല്ലാർക്കും നന്ദി.

Thu Apr 22, 03:41:00 pm IST  
Blogger കൂതറHashimܓ said...

:)

Thu Apr 22, 08:20:00 pm IST  
Blogger സു | Su said...

ഹാഷിം :)

Fri Apr 23, 11:34:00 am IST  
Blogger Rare Rose said...

നല്ല കഥ.ഇഷ്ടായി..

Fri Apr 23, 04:23:00 pm IST  
Blogger സു | Su said...

റെയർ റോസ് :) നന്ദി.

Mon Apr 26, 11:10:00 am IST  
Blogger നന്ദ said...

അവന്‍ കണ്ടതു തന്നെയാണ് വിഷുക്കണി.
നന്നായി.

Fri Apr 30, 03:05:00 pm IST  
Blogger ദിയ കണ്ണന്‍ said...

nalla katha.. :)

Fri Apr 30, 03:10:00 pm IST  
Blogger സു | Su said...

നന്ദ :)

ദിയ :)

Thu May 06, 10:39:00 am IST  
Blogger Bindhu Unny said...

മനസ്സിലെ വിഷുക്കണി എന്നും മനോഹരമായിരിക്കുമല്ലോ. നല്ല കഥ, സൂ.

Fri May 07, 12:18:00 pm IST  
Blogger സു | Su said...

ബിന്ദൂ :)

Fri May 07, 08:39:00 pm IST  
Blogger M@mm@ Mi@ said...

othiri sankadam vanna kadha :(

Tue Dec 07, 02:02:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home