മരം
അങ്ങനെയാണ്...
ഓരോ കാലങ്ങളിലും
വെയിലുകൊണ്ട്,
മഴ നനഞ്ഞ്,
കാറ്റിന്റെ ശക്തിയറിഞ്ഞ്,
മഞ്ഞു പുണർന്ന്,
നിലാവിന്റെ ചിരിയിൽ മുങ്ങി,
ഇലകളേയും, പൂക്കളേയും,
പുഴുക്കളേയും, പക്ഷികളേയും
ചേർത്തുപിടിച്ച് മരം നിൽക്കും.
വെയിലു കൊള്ളുന്നില്ലെന്ന്,
മഴ നനയുന്നില്ലെന്ന്,
നിലാവിന്റെ ചിരി കാണുന്നില്ലെന്ന്,
കാറ്റിനെ അറിയാൻ കഴിയുന്നില്ലെന്ന്,
ഇലകൾ, പൂക്കൾ, പക്ഷികൾ, പുഴുക്കൾ
ഓരോ കാലങ്ങളിലും ഓരോ പരാതി പറയും.
ആകാശത്തേക്കുള്ള വാതിൽ തുറന്നുവെച്ച്,
ഭൂമിക്കടിയിലേക്ക് മരം പോകും.
സ്വാതന്ത്ര്യം കിട്ടിയിട്ടും,
ഒറ്റയ്ക്കായിപ്പോയതിനെക്കുറിച്ചും,
വെയിലിന്റെ ചൂടിനെ,
മഴയുടെ തണുപ്പിനെ,
മഞ്ഞിന്റെ കുളിരിനെ,
കാറ്റിന്റെ ശക്തിയെ,
അറിയേണ്ടിവന്നതിൽ വിഷമിച്ചും,
ഇലകളും, പൂക്കളും, പുഴുക്കളും, പക്ഷികളും,
കുറ്റം പറഞ്ഞു വിഷമിക്കും.
എല്ലാം കേട്ട് ഭൂമിക്കടിയിൽ നിന്ന്
നിസ്സഹായയായൊരു മരം
തേങ്ങിക്കൊണ്ടിരിക്കും.
അറിയാറില്ലേ?
Labels: എനിക്കു തോന്നിയത്
3 Comments:
അതേ അത് മാത്രേ അറിയാറുള്ളൂ ...
മരമായി ഒരു പരകായപ്രവേശം നടത്തിയോ?
മരത്തിന്റെ മനമറിഞ്ഞ് എഴുതിയപോലെ...
എല്ലാ തേങ്ങലിനും ദൈവത്തിന് മറുപടിയും പ്രതിഫലവുമുണ്ട്, സൂ..:-)
സപ്തർഷികൾ, ഈ കല്പം തുടങ്ങുമ്പോൾ ഗോചരപ്രപഞ്ചത്തിന്റെ സങ്കല്പസൃഷ്ടി നടത്തി, അതിനെ രണ്ടായി പകുത്തുകൊണ്ട്, “പകുതിപ്പേരെ“ അചേതനരും ബാക്കിയുള്ളോരെ സചേതനരും ആക്കിവിട്ടു.
ആദ്യത്തെ കൂട്ടർ, പ്രളയശേഷം അടുത്ത കല്പത്തിൽ സചേതനർ ആവും.
(സൂ പറഞ്ഞ നിസ്സഹായതയെന്ന ത്യാഗത്തിന്റെ പ്രതിഫലമെന്നപോലെ...)
അതുവരെ മരം മഴയും മഞ്ഞും എല്ലാമേറ്റ് ഒന്നുമറിയാത്തപോലെ ഇങ്ങനെ, ഇങ്ങനെ പോവും! ;)
ഇന്നത്തെ ഗീർവാണക്കാർ അന്ന് ഒരു പക്ഷേ, അചേതനരായി -കല്ലും മരവും അചലവും ഒക്കെയായി- നിൽക്കും.
എങ്ങനെയുണ്ട് സൂ, ഈ ഭാവനാസങ്കൽപ്പം?
;-)
പി. ആർ :) അറിയാറുണ്ടല്ലോ അല്ലേ?
സഹ :) ഭാവനാസങ്കൽപ്പം പോലെയാണ് കാര്യങ്ങളെങ്കിലും കഷ്ടം തന്നെ. എല്ലാം ഒരുപോലെ ആയാൽ മതിയായിരുന്നു. എല്ലാത്തിനും മനസ്സ് എന്നൊന്നുണ്ടാവും. കല്ലിനും മരത്തിനുമൊക്കെ. ആർക്കറിയാം. നമ്മളങ്ങനെയൊക്കെ ആയിട്ടു ചിന്തിക്കുമ്പോൾ ഇതൊക്കെ തോന്നുന്നുവെങ്കിൽ അവയുടെയൊക്കെ യഥാർത്ഥചിന്തകൾ എന്തായിരിക്കും!
Post a Comment
Subscribe to Post Comments [Atom]
<< Home