Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 06, 2006

സംഭവം

സംഭവിക്കാന്‍ സാദ്ധ്യത ഇല്ലാത്തത്‌ എന്ന് നമ്മള്‍ വിചാരിക്കുന്നത് സംഭവിക്കുമ്പോഴാണല്ലോ നമ്മള്‍ അതിനെ ഒരു സംഭവം തന്നെ എന്നു പറയുന്നത്‌. അങ്ങനെയാണ് അതും സംഭവം ആയി മാറിയത്‌.

ചേട്ടന്റെ ഓഫീസില്‍ ഒരു ദേശീയ മീറ്റിംഗ്‌ സംഘടിപ്പിച്ചു. എല്ലാ ഓഫീസിന്റേയും തലപ്പത്തിരിക്കുന്ന ആളുകളൊക്കെ പങ്കെടുക്കുന്ന ഒന്ന്. എനിക്കാണെങ്കില്‍ അതും തൃശ്ശൂര്‍ പൂരവും ഒരു കണക്കാ. തൃശ്ശൂര്‍ പൂരം ആണെങ്കിലും ഓഫീസിലെ മീറ്റിംഗ്‌ ആണെങ്കിലും അതു കേട്ടറിഞ്ഞ്‌ ഉത്സാഹിക്കാം എന്നല്ലാതെ വേറൊന്നും ആശിക്കാന്‍ വകയില്ല. അതുകൊണ്ട്‌ ഞാനിങ്ങനെ ആലോചിച്ചാലും ഒന്നുമില്ല, ആലോചിച്ചില്ലേലും ഒന്നുമില്ല, പിന്നെ ആലോചിക്കണോ എന്ന് എന്ത്‌ ആലോചിക്കാന്‍ എന്ന മട്ടില്‍ അതിനെ നിസ്സാരമാക്കി വിട്ടു.

ചേട്ടനാണെങ്കില്‍ ഇലക്ഷന്‍ കാലത്ത്‌ പോസ്റ്ററെഴുതുന്നവര്‍ ഇലക്ഷന്‍ കാലത്ത്‌ കാണിക്കുന്ന തരം വെപ്രാളവും കൊണ്ട്‌ നടക്കുന്നു. ഇലക്ഷന്‍ കാലത്ത്‌ പോസ്റ്ററെഴുതി തീര്‍ത്താല്‍ അല്ലേ കാര്യമുള്ളൂ. അതുപോലെ മീറ്റിംഗ്‌ കാലത്ത്‌ പരിഭ്രമിക്കാതെ പിന്നെ എപ്പോ പരിഭ്രമിക്കും എന്നൊരു ഭാവം ചേട്ടന്റെ മുഖത്ത്‌. ഞാന്‍ ഇതൊന്നും കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ പൊട്ടക്കുളത്തിലെ പായല്‍ പോലെ ഒരനക്കവും ഇല്ലാതെ സുന്ദരമായി ഇരുന്നു.

അങ്ങനെ ആ ദിവസം പിറന്നു. പ്രതിനിധികളും അല്ലാത്ത നിധികളും കൂട്ടത്തോടെ ലാന്‍ഡ്‌ ചെയ്യുന്ന ദിവസം. ചേട്ടന്‍ അതിരാവിലെ എണീക്കുന്നു, ടിക്കറ്റ്‌ കിട്ടാതെ അവസാനനിമിഷം ടിക്കറ്റ്‌ സംഘടിപ്പിക്കാന്‍ ഡല്‍ഹിക്കു പോകുന്ന ബഡാ പാര്‍ട്ടിയുടെ ഛോട്ടാ നേതാവിനെപ്പോലെ ഒരുങ്ങിക്കെട്ടിപ്പുറപ്പെട്ടു പോകുന്നു. സാധാരണദിവസം ഇന്ത്യന്‍ റെയില്‍വേയെപ്പോലെ കൃത്യനിഷ്ഠമായിട്ടാണ് പോക്ക്‌. 179 മിനുട്ട്‌ ലേറ്റ്‌. ഇതാണെങ്കില്‍ പാസ്പ്പോര്‍ട്ട്‌ കിട്ടിയവന്‍ വിസയ്ക്ക്‌ ഓടുന്നപോലെ ഒരു ഓട്ടമല്ലേ. വറ്റിയ നദിയ്കരികില്‍ ഇരിക്കുന്ന മീനൊറ്റിയെപ്പോലെ ഞാന്‍ ഇരുന്നു. ചെയ്യാമെന്നുണ്ടെങ്കിലും ഒന്നും ഇല്ലല്ലോ സഹായം ചെയ്യാന്‍.

അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞ്‌ മമ്മൂട്ടിപ്പടം കണ്ട മോഹന്‍ലാലിന്റെ ആരാധകനെപ്പോലെ ഒരു ഭാവവും മുഖത്തുവരുത്തി ചേട്ടന്‍ ആഗതനായി. ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. വടക്കുന്നാഥനെത്ര കണ്ടതാ വെടിക്കെട്ടെന്നൊരു ഭാവവും മുഖത്തുവെച്ച്‌ ഞാന്‍ ചായയും പലഹാരവും കൊടുത്തു. അതു കഴിഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു എല്ലാവരും എത്തിയോ എന്ന്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സാറിനെ തലശ്ശേരിയിലെ വോട്ടര്‍മാര്‍ നോക്കുന്ന പോലെയുള്ള ഒരു അപരിചിതഭാവത്തില്‍ ചേട്ടന്‍ എന്നെ നോക്കി. ഭാര്യമാരു നന്നാവൂലാ എന്ന മട്ടില്‍ നടന്ന സംഭവം പറഞ്ഞു.

അതായത്‌ ചേട്ടനും മറ്റുള്ളവരും പ്രതിനിധികളേയും കാത്ത്‌ ബസ്‌ സ്റ്റോപ്പില്‍ കത്തിയും വെച്ച്‌ കട്ടനുമടിച്ച്‌ നില്‍ക്കുന്നു. ഓരോ നിധികളും വരുന്നതിനനുസരിച്ച്‌ വാഹനത്തില്‍ എടുത്തിട്ട്‌ അവര്‍ക്ക്‌ അറേഞ്ച്‌ ചെയ്ത സ്ഥലത്ത്‌ എത്തിക്കുന്നു. അങ്ങനെ അവര്‍ ഒസാമയെപ്പറ്റിയും ബുഷിനെപ്പറ്റിയും ഇലക്ഷനെപ്പറ്റിയും എന്നു വേണ്ട, സ്വന്തം ഭാര്യയെ ഒഴിച്ചുള്ള എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്നു. ജ്ഞാനപ്പാന പുനരെഴുത്തില്‍ പറഞ്ഞിട്ടുണ്ട്‌-- ഞാന്‍ തന്നെ -- അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തില്‍പ്പോലും കാണുന്നൂ ചിലര്‍ എന്ന്. അതായത്‌ സ്വപ്നത്തില്‍ ഭാര്യയെക്കണ്ട്‌ പേടിക്കുന്നു എന്ന്. അതുകൊണ്ട് ഭാര്യമാരെപ്പറ്റി പറയാന്‍ അവര്‍ക്കൊരു ധൈര്യം പോര. അങ്ങനെ അവര്‍ വാചകമടിയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഒരു പുലി വരുന്നത്‌. പുലി എന്നു വെച്ചാല്‍ ഒരു ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ആള്‍. അയാള്‍ വന്ന വാഹനത്തില്‍ നിന്നിറങ്ങി, വൈദ്യരെത്ര കണ്ടതാ അങ്ങാടിമരുന്ന് എന്ന ഭാവത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. അയാളുടെ ഓട്ടോ പുറപ്പെട്ട്‌ പോകുമ്പോഴാണ് അവരെ കാത്തുനില്‍ക്കാന്‍ ഏല്‍പ്പിച്ചവര്‍ കാണുന്നത്‌. വാചകമടിക്കിടയില്‍ ഐശ്വര്യാ റായ്‌ വന്നാല്‍ ഇവര്‍ കാണില്ല. പിന്നെയല്ലേ അയാള്‍. എല്ലാവരും കണ്ടു. ഹേയ്‌ അതാവില്ല എന്ന് പറഞ്ഞ്‌ മുഖത്തോടു മുഖം നോക്കിയതും വിട്ടോടാ മോനേ എന്നും പറഞ്ഞ്‌ വാഹനത്തില്‍ കയറി. ഓട്ടോയുടെ പിന്നാലെ വിട്ടു. ഒരു തരം ടോം ആന്‍ഡ്‌ ജെറി പരിപാടി. ഓട്ടോക്കാരന്‍ ഒരു വാഹനം വിടാതെ പിന്നാലെ വരുന്നതു കണ്ടെങ്കിലും ഒട്ടും വിട്ടുകൊടുത്തില്ല. ഇന്നത്തെ കൈനീട്ടമാണ്. അതിനെ വെറുതേ ഓട്ടോയില്‍ വെച്ച് ബോറടിപ്പിക്കേണ്ട എന്ന മട്ടില്‍ അവനും സ്പീഡില്‍ വിട്ടു. മന്ത്രിവാഹനത്തിനു പിന്നില്‍ പോകുന്ന അകമ്പടിക്കാരെപ്പോലെ ഇവരും പിന്നില്‍ ഫുള്‍സ്പീഡില്‍. പ്രതിനിധി ഗസ്റ്റ്‌ ഹൌസില്‍ എത്തുന്നതിനു മുമ്പെങ്കിലും അയാളെ ഈ വാഹനത്തില്‍ കയറ്റണം എന്ന മട്ടിലാണ് ഇവര്‍. അങ്ങനെ ഓട്ടോക്കാരന്‍ തന്നെ വിജയശ്രീവിമലശ്രീവെറുംശ്രീലാളിതന്‍ ആയിട്ട്‌ ആദ്യം എത്തി കൈനീട്ടം മേടിച്ച്‌ പുറകേ വന്ന് നിന്ന വണ്ടിക്കാരോട്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല മക്കളേ ഓട്ടോ ഓടിക്കാന്‍ എന്നുള്ള മട്ടില്‍ രജനീസ്റ്റൈലില്‍ ഓട്ടോയും ഓടിച്ച്‌ സ്ഥലം വിട്ടു. പ്രതിനിധി പെട്ടിയും കെട്ടും ഒക്കെ എടുത്ത്‌ വിഗഹവീക്ഷണം നടത്തുമ്പോളുണ്ട്‌ നില്‍ക്കുന്നൂ, ഓഫീസ്‌ വാഹനത്തിനു മുന്നില്‍ ചമ്മിയ മുഖവുമായി കുറേ ആള്‍ക്കാര്‍. ഇതു പുതിയ തരം സ്വീകരണം ആയിരിക്കും എന്നോര്‍ത്ത്‌ ഗസ്റ്റ്‌ ഹൌസിലേക്ക്‌ കയറി. ചേട്ടനും മറ്റുള്ളവരും ബാക്കിയുള്ളവരെങ്കിലും ഓട്ടോക്കാശ്‌ ലാഭിച്ചോട്ടെ എന്ന മട്ടില്‍ വീണ്ടും ബസ്‌ സ്റ്റോപ്പില്‍ കാത്തുനില്‍പ്പ്‌.

മനുഷ്യന്‍ കൃത്യനിഷ്ഠമായിട്ട്‌ കാര്യം ചെയ്താലും വരാനുള്ളതൊക്കെ വാരിയെല്ലില്‍ കയറും എന്നോര്‍ത്ത്‌ ഞാന്‍ ഈ സംഭവ പുരാണം രസിച്ചു കേട്ടു.

14 Comments:

Anonymous Anonymous said...

'പൊട്ടക്കുളത്തിലെ പായല്‍' അതു കലക്കി സു. ഇനി ഒരു മാസത്തേക്കു .....

ബിന്ദു

Thu Apr 06, 09:35:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

“മനുഷ്യന്‍ കൃത്യനിഷ്ഠമായിട്ട്‌ കാര്യം ചെയ്താലും വരാനുള്ളതൊക്കെ വാരിയെല്ലില്‍ കയറും“

സത്യം!

Thu Apr 06, 10:14:00 pm IST  
Blogger Unknown said...

ഇഷ്ടപ്പെട്ടു സു..

Thu Apr 06, 11:40:00 pm IST  
Blogger അരവിന്ദ് :: aravind said...

കഥ കൊള്ളാം.
എങ്കിലും ഇടക്കിത്തിരി ശ്വാസം വിട്ട്, ചില വാചകങ്ങള്‍ക്കിടയില്‍ അല്പം ഗ്യാപ്പ് കൊടുത്ത്,
‘പോലെ’ കള്‍ ചിലതൊക്കെ ഒഴിവാക്കിയെഴുതിയാല്‍ ആസ്വാദ്യത വളരെ വര്‍ദ്ധിക്കും.
ഇതൊക്കെ പറയാന്‍ ഞാനാരടാ എന്നോ?
അങ്ങനൊക്കെ ചോയ്‌ചാല്‍ ഞാന്‍ കൊഴയും- ചക്ക കൊഴയും പോലെ കൊഴയും. :-)

Fri Apr 07, 02:23:00 pm IST  
Blogger സു | Su said...

ബിന്ദു :) കാണണമെന്നുണ്ട്... പക്ഷെ പറ്റില്ല. അടുത്ത വരവില്‍...

ശനിയാ :) സത്യം സത്യം.

കുഞ്ഞാ :) നന്ദി.

അരവിന്ദാ :) സന്തോഷം. ഇതില്‍ രണ്ടു പോലെയേ ഉള്ളൂ. അതും കൂടെ ഒഴിവാക്കിയാല്‍ പിന്നെ ഇത് എന്ത് പോലെ ഇരിക്കും? ഇതൊക്കെപ്പറയാന്‍ ആരടാന്നൊന്നും ചോദിക്കാന്‍ ഞാനില്ലേ.....
എനിക്കിവിടെയൊക്കെത്തന്നെ ജീവിച്ചുപോകേണ്ടതാ...

Fri Apr 07, 03:55:00 pm IST  
Blogger ഉമേഷ്::Umesh said...

സൂ,

ചേട്ടനൊരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുക. എന്നിട്ടു്, ബാംഗ്ലൂരുള്ള ആ ശ്രീജിത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു കൊടുക്കുക. (ശ്രീജിത്ത് വേണമെങ്കില്‍ ഫ്രീയായി മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തുതരും എന്നും കേള്‍ക്കുന്നു.) അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ടിയാനെ വിളിച്ചു ചോദിച്ചാല്‍ എന്തു ചെയ്യണമെന്നു വ്യക്തവും വടിവൊത്തതുമായ ഭാഷയില്‍ പറഞ്ഞുതരും.

ഇനി വല്ല ഇന്റര്‍വ്യൂവിനോ മറ്റോ പോകണമെങ്കില്‍ അരവിന്ദനെ വിളിച്ചാലും മതി. (പണ്ടു് ഇങ്ങേരു തന്നെയല്ലേ റെയില്‍പ്പാളത്തിലൂടെ ഓടി ഇന്റര്‍വ്യൂവിനു പോയതു്? ചുമ്മാതല്ല ആഫ്രിക്കയിലും....) ഇന്റര്‍നാഷണല്‍ കോളാണു്. എന്നാലും കിട്ടുന്ന പ്രയോജനം നോക്കിയാല്‍ മുതലാകും.

ഭാഷാപരമായ ഉപദേശങ്ങള്‍ക്കു സിദ്ധാര്‍ത്ഥനെയും സമീപിക്കാം.

ഇതുകൊണ്ടു ബാക്കിയുള്ളവര്‍ മോശമാണെന്നു കരുതേണ്ട. ഇവനെയൊക്കെ കടത്തിവെട്ടുന്ന ജഗജില്ലികളാണു ഞങ്ങളൊക്കെ. നാണം കൊണ്ടും സത്യസന്ധതയുടെ ദൌര്‍ലഭ്യം കൊണ്ടും ഇതൊന്നും എഴുതുന്നില്ല എന്നു മാത്രം.

Fri Apr 07, 08:37:00 pm IST  
Blogger Visala Manaskan said...

'വാചമടിക്കിടയില്‍ ഐശ്വര്യാ റായ്‌ വന്നാല്‍ ഇവര്‍ കാണില്ല'

അതുവ്വ!

ആഷ് വിമാനത്തില്‍ പോകുമ്പോ വരെ ‘ചിലര്‍‘ മുകളിലേക്ക് നോക്കി, ദേ പോണ് അവള് ന്ന് പറയും പിന്നല്ലേ..!

നല്ല പോസ്റ്റ് സൂ.

Sat Apr 08, 09:44:00 am IST  
Blogger ദേവന്‍ said...

എത്ര കഷ്ടപ്പെട്ടാലും അവസാനം സ്വന്തം ഭാര്യ വരെ (ദാ കണ്ടില്ലേ) തള്ളിപ്പറയുമെങ്കിലും.. ഒരു റിബ്ബണ്‍ വാലുള്ള ബാഡ്ജ്‌ ഒക്കെ കുത്തി കല്യാണപ്പെണ്ണിന്റെ അപ്പനെ പോലെ നിന്നു കാര്യം നടത്തിക്കാന്‍ ഒരു സൂഖമാണേ.
(വിശാലനോട്‌ യോജിക്കുന്നു.. ഞാന്‍ ന്യൂറോസര്‍ജ്ജറി നടത്തിക്കൊണ്ടിരിക്കുകയാണേലും ഐഷു അതിലേ പോയാല്‍ ഓടിപ്പോയി നോക്കും എന്താ ആ പെണ്ണിന്റെ ഒരു ചന്തം)

Sat Apr 08, 09:54:00 am IST  
Blogger Sapna Anu B.George said...

ഇത്ര നര്‍മ്മഭാവന, ആര്‍ക്കും തന്നെയില്ല... വളരെ നന്നായിരിക്കുന്നു‍‍

Sat Apr 08, 10:35:00 am IST  
Blogger സു | Su said...

ഉമേഷ് ജീ :)

വിശാലോ :) ഉം..ഉം.. നന്ദി.

ദേവാ :)ഞാന്‍ തള്ളിപ്പറഞ്ഞില്ല. പിന്നെ ദിവസോം മീറ്റിങ്ങിന്റെ പേരും പറഞ്ഞ് ഐസ്ക്രീമും, കാരറ്റ് ഹല്‍‌വയും ഒക്കെ അകത്താക്കി വന്നാല്‍ എനിക്കും തോന്നില്ലേ ഒരിത്..

സപ്നാ :) നന്ദി.

Sat Apr 08, 11:00:00 am IST  
Blogger Kalesh Kumar said...

സൂപ്പര്‍ സൂ!

Sat Apr 08, 03:25:00 pm IST  
Blogger സു | Su said...

കലേഷ് :) നന്ദി. കുറേക്കാലമായല്ലോ ഈ വഴിക്ക് കണ്ടിട്ട്. തിരക്കാവും അല്ലേ?

Sat Apr 08, 07:19:00 pm IST  
Blogger Chathunni said...

ഉപമകളുടെ ഉത്സവം..:-)

Mon Apr 17, 09:57:00 am IST  
Blogger Chathunni said...

This comment has been removed by a blog administrator.

Mon Apr 17, 09:59:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home