വിശ്വസ്തന്
ശേഖരന്റെ കണ്ണില്‍ നിറയെ വര്‍ണങ്ങളായിരുന്നു.
മനസ്സില്‍, നിരാശയുടെ, ദൈന്യതയുടെ, കറുപ്പും.
കട തുറന്ന് വൃത്തിയാക്കി, അലമാരകളിലെ പൊടി തട്ടുമ്പോള്‍ ചുറ്റും നിറഞ്ഞുനില്ക്കുന്ന വസ്ത്രങ്ങളിലെ വര്‍ണം മനസ്സിലേക്ക് കൊണ്ടുവരാന്‍ അയാള്‍ ആശിച്ചു. എവിടെയോ ഒരു തടസ്സം. ദാരിദ്ര്യത്തിന്റെ ആവാം.
ഇന്ന് മുതലാളിയുടെ പുതിയ കടയുടെ ഉത്ഘാടനമാണ്. പഴയ കടയുടെ അതേ കോമ്പ്ലക്സില്‍ത്തന്നെ. എന്നാലും പഴയ കടയും പതിവ്പോലെ തുറന്നു. തുറക്കാനും, അടയ്ക്കാനും, വൃത്തിയാക്കാനും ഒക്കെ ചുമതല കുറേ വര്‍ഷങ്ങളായിട്ട് ശേഖരനെ ഏല്‍പ്പിച്ചിരിക്കുകയാണ് മുതലാളി.
വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ച വേതനത്തോടൊപ്പം തന്നെ വയസ്സും, പ്രാരാബ്ധവും വര്‍ദ്ധിച്ചു എന്നത് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒന്നിലും ഒതുങ്ങാത്ത ചെലവുകള്‍ക്കിടയില്‍പ്പെട്ട് എങ്ങനെയോ ജീവിതം മുന്നോട്ട് പോകുന്നു. പേപ്പറില്‍ കടക്കെണിയിലും, ദാരിദ്ര്യത്തിലും പെട്ട് ആത്മഹത്യ ചെയ്യുന്ന ആള്‍ക്കാരുടെ ചിത്രവും വിവരണവും കാണുമ്പോള്‍ ശേഖരന്റെ മുഖത്തെ നിസ്സഹായതയുടെ ചുളിവ് ഒന്നുകൂടെ വര്‍ദ്ധിക്കും. നന്നായി പഠിക്കുന്ന മക്കള്‍. അതൊന്നു മാത്രമാണ് തന്റെ വല്യ സമ്പാദ്യം എന്ന് ശേഖരന് എല്ലാവരോടും അഭിമാനത്തോടെ തന്നെ പറയും.
"ശേഖരേട്ടന് പുതിയ കടയിലേക്കില്ലേ?" കടയില്‍ ജോലിയുള്ള പെണ്‍കുട്ടികളില്‍ ആരോ ആണ്.
"കുറച്ച് കഴിഞ്ഞ് വരാം. ഇവിടെ തുറന്നിട്ട് പോകാന്‍ പറ്റില്ലല്ലോ."
"ഞങ്ങളൊക്കെ പോവ്വാണ്. മന്ത്രി ഉത്ഘാടനത്തിനു വരാന്‍ സമയം ആയിട്ടുണ്ടാവും."
ശേഖരന് ഒന്നും മിണ്ടിയില്ല. അയാളുടെ മകള്‍, രാവിലെ വിഷമത്തോടെ പറഞ്ഞത് മാത്രമേ ഓര്‍മ്മയുള്ളൂ.
"അച്ഛന് ഒരു ദിവസത്തേക്കെങ്കിലും എനിക്കൊരു സാരി കൊണ്ടുവരണം. അടുത്ത വ്യാഴാഴ്ച എല്ലാവരും കോളേജില്‍ സാരി ഉടുത്തുചെല്ലേണ്ട ദിവസമാണ്. അമ്മയുടെ സാരി ഒന്നും കൊള്ളില്ല. അച്ഛന് സാരീഷോറൂമില്‍ ജോലി ചെയ്യുമ്പോള്‍ ഞാനെങ്ങിനെയാ കൂട്ടുകാരികളോട് ചോദിക്കുന്നത്?"
‘ഒരു ദിവസം പോയില്ലെങ്കില്‍ ഒന്നുമില്ല’ എന്നാണ് അയാള്‍ക്ക് പറയാന്‍ തോന്നിയത്. പക്ഷെ അവള് പറഞ്ഞതിലും കാര്യമുണ്ട്. എത്രയോ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു അവിടെ. പുതിയ കടയുടെ ഉത്ഘാടനത്തിനു എല്ലാവര്ക്കും ഡ്രസ്സ് തരുമെന്നും, തനിക്കുള്ള ഡ്രസ്സിനു പകരം ഒരു സാരി എടുത്തുകൊള്ളാമെന്നും പറയാമെന്ന് കരുതിയതാണ്. പക്ഷെ ഒന്നും ഉണ്ടായില്ല. ഓണത്തിനോ മറ്റോ ബോണസ് തരുമെന്ന് പറഞ്ഞെന്നറിഞ്ഞു.
ആരോ വന്നതും ഓര്‍മ്മയില്‍ നിന്നുണര്‍ന്നു. അവര്‍ക്ക് വേണ്ടതൊക്കെ എടുത്തുകൊടുത്ത് ബില്ലും കൊടുത്ത് പറഞ്ഞയച്ചു. ആരുമില്ലെങ്കില്‍ ഒക്കെ തന്റെ ചുമതലയാണ്. എല്ലാവരും ഊണിനു പോകുന്ന സമയവും, മുതലാളി ഇല്ലാത്ത ദിവസവും, മുതലാളി വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ജോലികള്‍.
കാണിക്കാന്‍ വാരിയിട്ട വസ്ത്രങ്ങള്‍ മടക്കിയെടുക്കുമ്പോഴാണ് ഒരു മിന്നല്‍ പോലെ വീണ്ടും മകളുടെ ചിന്ത വന്നത്. ഒരു സാരി കൈയിലെടുത്തപ്പോള്‍ അവള്‍ക്ക് ഇത് കൊണ്ടുക്കൊടുത്താലോന്നു അയാള്‍ക്ക് തോന്നി. പിറ്റേ ദിവസം തിരികെ വെക്കുകയും ചെയ്യാം. അച്ഛന്റെ വാത്സല്യവും ജോലിക്കാരന്റെ വിശ്വസ്തതയും തമ്മില്‍ ഒരു വടം വലി നടന്നു. അവസാനം വാത്സല്യം ജയിച്ചു. ആ സാരിയെടുത്ത് അയാള്‍ ഷര്‍ട്ടിനുള്ളില്‍ മടക്കി ഒളിപ്പിച്ചു.
അടുത്ത നിമിഷം തന്നെ അയാളെ വിളിക്കാന്‍ കൂടെ ജോലി ചെയ്യുന്നൊരാള്‍ വന്നു.
"മന്ത്രി വന്നു ശേഖരേട്ടാ. ഷട്ടര്‍ ഇട്ടിട്ട് അങ്ങോട്ട് വരാന്‍ മുതലാളി പറഞ്ഞു."
മനസ്സിലെ പരിഭ്രമം മറച്ച് അയാള്‍ വേഗം കടയുടെ ഷട്ടര്‍ ഇട്ട് ചെന്നു. മന്ത്രി ഉത്ഘാടനത്തിനു ശേഷം കടയൊക്കെ നോക്കി കാണുകയാണ്. കൂടെ ഒന്നോ രണ്ടോ പേരുണ്ട്. മുകളിലെ നിലയില്‍ എത്തിയിട്ടുണ്ട്. നാട്ടുകാര്‍ മുഴുവന്‍ അക്ഷമരായി കടയ്ക്ക് പുറത്ത് നില്‍പ്പുണ്ട്.
"മുതലാളിയുടെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്."
മുകളിലേക്കുള്ള ഓരോ പടി കയറുന്നതിനനുസരിച്ച് അയാളുടെ വേവലാതിയും ഏറി വന്നു. മുതലാളിയുടെ മുന്നില്‍ ചെന്നപ്പോള്‍ അയാളുടെ തല ഉയര്‍ന്നതേയില്ല.
"ഇതാണു ഞാന്‍ പറഞ്ഞിരുന്ന ശേഖരേട്ടന്." മുതലാളി മന്ത്രിയോട് പറയുന്നു. ചുറ്റുമുള്ള വര്‍ണങ്ങളില്‍ അയാള്‍ക്ക് കറുപ്പ് മാത്രമേ ദര്‍ശിക്കാനായുള്ളൂ. സ്വരങ്ങള്‍ എവിടെ നിന്നോ വന്ന് എവിടേക്കോ പോകുമ്പോള്‍ അയാളുടെ കര്‍ണങ്ങളില്‍ അല്പം വിശ്രമിച്ചത് പോലെ. വേറൊന്നും അയാള്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. ചെയ്ത തെറ്റ് മനസ്സിലിരുന്ന് പരിഹസിക്കുന്നതുപോലെ.
മുതലാളിയുടെ കൈയില്‍ ആരോ ഒരു വലിയ പൊതി കൊടുത്തത് നിഴല്‍ പോലെ കാണുന്നുണ്ടായിരുന്നു. മുതലാളി മന്ത്രിയുടെ കൈയില്‍ കൊടുത്തു. മന്ത്രി പുഞ്ചിരിയോടെ ശേഖരന്റെ നേരെ നീട്ടി. ശിക്ഷിക്കാന്‍ ആരോ തുനിയുന്നതുപോലെയാണ് അയാള്‍ക്ക് തോന്നിയത്.
"വാങ്ങിക്കോ ശേഖരേട്ടാ, നിങ്ങള്‍ക്കുള്ളതാണ്. ഞങ്ങളുടെ സന്തോഷത്തിന്റെ ഒരു ചെറിയ പങ്ക്." മുതലാളിയും വളരെ സന്തോഷത്തിലാണ്.
കൈനീട്ടി, പൊതി വാങ്ങി. അതു തന്ന്, അവര്‍ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ ശേഖരന് തിരിഞ്ഞു നടന്നു. പടികളിറങ്ങി നടന്നപ്പോഴും കൈയിലിരിക്കുന്ന പൊതിയുടെ ഭാരത്തേക്കാള്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച സാരിയുടെ ഭാരമാണ് അയാള്‍ക്ക് അനുഭവപ്പെട്ടത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് കടയുടെ ഷട്ടര്‍ ഉയര്‍ത്തി കടയിലെ ഒരു ഭാഗത്തെത്തി പൊതിക്കെട്ട് ആകാംക്ഷയോടെ തുറന്നപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടി. തനിക്കും കുടുംബത്തിനും വസ്ത്രങ്ങള്‍.
ഷര്‍ട്ടിനുള്ളില്‍ നിന്ന് സാരി വലിച്ചെടുത്ത് ചുളിവ് മാറ്റി മടക്കി അലമാരയില്‍ വെച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ലജ്ജയുടെ കറുപ്പും സന്തോഷത്തിന്റെ ഒരുപാട് വര്‍ണങ്ങളും ഒരുപോലെ നിറഞ്ഞു നിന്നിരുന്നു.
19 Comments:
നല്ല കഥ.ശേഖരേട്ടനെ,ആ കണ്ണുകളിലെ ദൈന്യതയെ ഞാന്‍ മുന്നില്‍ കണ്ടു.
വളരെ നല്ല കഥ. ശരിക്കും ഒരു സസ്പെന്‍സ് സിനിമ കാണുന്ന പ്രതീതിയായിരുന്നു വായിച്ചപ്പോള്‍. എന്തു സംഭവിക്കും...എന്ത് സംഭവിക്കും എന്ന ആകാംക്ഷ.
എന്തായാലും പണ്ടത്തെ ജോഷിപ്പടങ്ങള് പോലെ ആയില്ല അവസാനം :)
നന്നായിരിക്കുന്നു, സൂ.
സു ചേച്ചീ,
നല്ല കഥ.ഇഷ്ടപ്പെട്ടു.
ശേഖരേട്ടനോട് ഒരു സഹതാപവും തോന്നുന്നില്ല ..കാരണം അയാള്‍ കള്ളനായിക്കഴിഞ്ഞിരിക്കുന്നു.....നല്ല കഥ..
സൂ,......ഒരു നിമിഷത്തെ മനസ്സിന്റെ ദൗര്‍ബല്യം എന്തെല്ലാം വിനകള്‍ ആണ് വരുത്തി വെക്കുന്നത്
്. ഒരു പിതാവിന്റെ സ്നേഹം പുരണ്ട തെറ്റുകള്‍... നന്നായിരിക്കുന്നു!
This comment has been removed by a blog administrator.
സൂ കഥ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
സൂ,
കഥ ഇഷ്ടമായി. നമ്മുടെ കയ്യില്‍ ധാരാളമുള്ളത്, കൊതിപ്പിക്കാനിടവരുത്താതെ കുറച്ചെങ്കിലും ചുറ്റുമുള്ളവര്‍ക്കു കൊടുക്കണം അല്ലേ
:-)
കഥ എനിക്കിഷ്ടമായി സൂ...സംഭവിക്കാവുന്നത് തന്നെ..ശേഖരേട്ടനോട് സഹതാപമല്ല തോന്നുന്നത്.ദൈവത്തോട് നന്ദിയാണ്..ഉള്ള് കൊണ്ട് നല്ലവരും സാഹചര്യം പിഴപ്പിച്ചവരും അങ്ങനെ എന്ത് മാത്രം..ശേഖരേട്ടനെ രക്ഷിച്ചല്ലോ..
-പാര്‍വതി.
ശേഖരേട്ടനെ മുതലാളി വിളിച്ചതുവരെ എത്തിയപ്പോള്‍ ഞാന്‍ വായന നിര്‍ത്തി, പിന്നെ അങ്ങോട്ടു വായിക്കാന്‍ മനസ്സുവന്നില്ല.. ഇനി കമന്റ് നോക്കി അവസാനം എന്താണെന്നു കണ്ടു പിടിക്കാമെന്നുകരുതി തഴേക്ക് ചെന്നപ്പോള്‍ അവസാനത്തെ പാരഗ്രാഫില്‍ കണ്ണുടക്കി. വീണ്ടും മുകളിലേക്കെടുത്ത് നിര്‍ത്തിയിടത്തു നിന്നും വായിച്ചു തുടങ്ങി. അവസാനം ശേഖരേട്ടന്റെ മനസ്സിലേത് പോലെ എന്റെ മനസ്സിലും ലജ്ജയുടെ കറുപ്പും സന്തോഷത്തിന്റെ ഒരുപാടു വര്‍ണ്ണങ്ങളും ഒരു പോലെ നിറഞ്ഞു വന്നു.
ശേഖരേട്ടനെ കുറ്റം പറയാന്‍ പറ്റില്ല. അഛന് ഉറങ്ങാത്ത വീട്ടിലെ അഛന് സംഭവിച്ച് പോകാവുന്ന ഒരു സംഭവം ആണിത്
മുതലാളീടെ അടുത്ത് നില്ക്കുമ്പോള് സാരി നിലത്ത് വീഴിക്കോന്നായിരുന്നു പേടി...:)
ഷര്‍ട്ടും ഷട്ടര്‍ - ഉം തമ്മില്‍ ഇടയ്ക്കൊരു കണ്‍ഫ്യൂഷനും വന്നു.. മൊതലാളി ഷര്‍ട്ടിട്ടു വരാനാണോ, ഷട്ടറിട്ടു വരാനാണോ പറഞ്ഞതെന്ന്..:)
കൈത്തിരിയേ, ആരും ഇല്ലാത്തപ്പോള്‍ അല്ലേ ഒളിപ്പിക്കുക? എല്ലാരും കാണ്‍കെ ഒളിപ്പിച്ചാല്‍ ഒളിവില്‍ പോകേണ്ടി വരില്ലേ?
വല്യമ്മായീ :) നന്ദി. കഥയില്‍ കാര്യം കണ്ടെത്തിയതിന്.
വക്കാരീ :)ആകാംക്ഷയൊക്കെ അങ്ങിനെ വരുത്തിപ്പോയതാ. തുടങ്ങിയ കഥ തീര്‍ക്കാന്‍ പെട്ടൊരു പാട് ;)
നന്ദി. വെറുതേ പറഞ്ഞതാ കേട്ടോ വക്കാരീ.
ദില്‍ബൂ :) നന്ദി.
തറവാടി :) നന്ദി.
കുടിയന് :) നന്ദി.
ജ്യോതിര്‍മയീ :)അറിയില്ല. കൊടുക്കാം, കൊടുക്കാതിരിക്കാം.
പാര്‍വതീ :) നന്ദി. സാഹചര്യമാണ് മനുഷ്യനെ ചായ കുടിപ്പിക്കുന്നത്.അല്ലെങ്കില്‍ ഹോര്‍ലിക്സ് കുടിച്ചേനെ ;)
ഒബി :)നന്ദി. വായന പകുതിയെത്തിയപ്പോള്‍ നിര്‍ത്തിയത് മോശമായിപ്പോയി. ഞാന്‍ അവസാനം കഥ തീര്‍ക്കും കേട്ടോ. മുഴുവന്‍ വായിക്കാം, അതുകൊണ്ട് ;)
തഥാഗതന് :) അതെ. വാത്സല്യം കൂടുമ്പോള്‍ സംഭവിക്കും.
അഗ്രജാ :) എനിക്കൊരു കണ്‍ഫ്യൂഷനും ഇല്ലായിരുന്നു. അതുകൊണ്ട് തെറ്റാതെ എഴുതിയിട്ടുണ്ടല്ലോ.
പല്ലി :) നന്ദി. വീണ്ടും നല്ല സൃഷ്ടികള്‍ എന്നുദ്ദേശിച്ചത്, പണ്ടൊരു ഗായകനോട് വണ്‍സ്മോര്‍ പറഞ്ഞതുപോലെയാണല്ലേ ;)
ഹോ.. ഭാഗ്യം. ഞാന്‍ വിചാരിച്ചു പടിക്കല്‍ കൊണ്ടു പോയി കലം ഉടച്ചോ എന്ന്. ഒരു നിമിഷത്തിലെ ബുദ്ധിശൂന്യതയാണ്് പല തെറ്റുകളും. ഏതായാലും ശേഖരേട്ടന് ഭാഗ്യവാനാണ്. അല്ലായിരുന്നെങ്കില്‍ ആത്മഹത്യ ലിസ്റ്റില്‍ ഒന്നു കൂടീ ആയേനേ. :)
ഈ ശേഖരന്റെ ഒരു കാര്യം.
ഇയാള്‍ മുണ്ടക്കലിന്റെ പാരമ്പര്യം കളഞ്ഞു കുളിക്കും.
ആദ്യായിട്ടാവുമ്പം ഒരു കൈ വിറയൊക്കെ ഉണ്ടാവും. ഒക്കെ ശരിയാവുന്നേ.
പറ്റാവുന്നതടിച്ച് മാറ്റാന്‍ പഠിക്കു.
അല്ലെംകില്‍ കാര്യം കട്ട പുക.
നിന്റെ സത്യസന്ധത നിനക്കപ്പം തരില്ല. നീ അനുസരിക്കുന്ന നിയമങ്ങള്‍ നിന്റെ കുട്ടിയുടെ വിശപ്പ് മാറ്റില്ല. അവയെ കാട്ടിലെറിയു.
കിട്ടുന്നതെല്ലാം പൊന്നാക്കു.
രാമ നാമം ജപിക്കുക, അന്യന്റെ മുതല്‍ കാംക്ഷിക്കുക സ്വന്തമാക്കുക എന്നല്ലെ ആരങ്ങാണ്ടെങ്ങങ്ങാണ്ടു പറഞ്ഞേക്കണെ.
---മുണ്ടക്കല്‍ ശേഖരന് ഒപ്പ്----.
സത്യസന്ധനായ ഒരു മനുഷ്യന്റെ വിഹ്വലതകള്‍ ഭ്ംഗിയായി എഴുതിയിരിക്കുന്നു കണ്ണൂരിലെ ഈ വീട്ടമ്മ്മ (പത്രങ്ങള്‍ പറയുന്നതു പോലെ)
ബിന്ദൂ :) അങ്ങനെ വെറുതെ ആള്‍ക്കാരെ കൊല്ലില്ല ഞാന്‍ ;)
ഗന്ധര്വന്ജീ :) തിരക്കിനിടയില്‍ വായിച്ചതിലും കമന്റ് വെച്ചതിലും നന്ദി.
താരേ :) അതെ അതെ. തെറ്റിദ്ധാരണ ഉണ്ടാവും. അത് മാറുമ്പോഴേ മനസ്സിലാവൂ, ഇത്രേം കാലം വിചാരിച്ചിരുന്നതൊക്കെ തെറ്റായിരുന്നു എന്ന് ;)
അനുച്ചേച്ചി :) നന്ദി.
സുന്റെ കഥകള്‍ എല്ലാം വ്യത്യസ്തം.
ഇഷ്ടപ്പെട്ടു.
പ്രതീക്ഷിക്കാത്തു സംഭവിച്ചപ്പോള്‍ പ്രത്യേകിച്ചും.
സ്നേഹവും വിശ്വാസ്യതയും തമ്മില്‍ ഒരു പിടിവലി.
സുമാത്ര പറഞത്
(സൂ ചേച്ചി നന്നായി. ക്ക് ഷ്ടായീ.. എന്നാലും ഒരു ഷര്‍ട്ടിനകത്ത് ഒരു സാരി ഒളിപ്പിക്കാന്‍ കഴിഞ്ഞതെങ്ങനെ .. എന്നോര്‍ക്കുകയായിരുന്നു)
പറഞു കൊടുക്കല്ലെ സു. എന്നാല്‍ പിന്നെ അതെരു തൊഴിലാവും.
കഥ നന്നായി. ഇഷ്ടപ്പെട്ടു.
മുല്ലപ്പൂ :) അപ്പോ നിര്ത്തിപ്പോകണ്ടാ അല്ലേ? നന്ദി.
സുമാത്രേ :) ഒരു സാരീന്നു വെച്ചാല്‍ ഒരു ആനയാണോ? തീപ്പെട്ടികൂടിനുള്ളില്പ്പോലും വെക്കാന്‍ പറ്റുന്ന സാരികള്‍ ഇന്ത്യയില്‍ ഒരു കാലത്ത് ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. പിന്നെ കള്ളുംകുപ്പി വെക്കാമെങ്കില്‍ ഒരു സാരിയ്ക്കാണോ സ്ഥലമില്ലാത്തത്?
കരീം മാഷ് :) നന്ദി. ഇഷ്ടപ്പെട്ടതില്‍ സന്തോഷം. കോളാമ്പിക്കഥ എനിക്കും ഇഷ്ടപ്പെട്ടു. പുലികളൊക്കെ അഭിപ്രായം പറഞ്ഞിടത്ത് കേറി ഒന്നും പറയേണ്ട എന്ന് വിചാരിച്ച് കമന്റ് വെക്കാഞ്ഞതാണ്.
Post a Comment
Subscribe to Post Comments [Atom]
<< Home