അപരിചിതര്‍
പ്രതിഷേധത്തില്‍ പങ്കാളിയാവൂ
ടി. വി. യില്‍ത്തെളിയുന്ന പഴയപാട്ടുകളില്‍ മുഴുകിയിരുന്ന്, ഉച്ചയ്ക്കത്തേക്കുള്ള തോരന്, കാബേജ് അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ല് കേട്ടത്. അല്‍പം മുഷിവ് തോന്നിയെങ്കിലും, ആരുടെ ശബ്ദമാണ് കേള്‍ക്കാന്‍ പോകുന്നതെന്നുള്ള ആകാംക്ഷയില്‍ അവള്‍ ടി. വി യുടെ ശബ്ദം കുറച്ചതിനു ശേഷം എണീറ്റു.
"ഹലോ."
"ഞാന്‍ കുറച്ച് ദിവസമായി ഇവിടെ എത്തിയിട്ട്. ഇവിടേക്ക് മാറ്റം കിട്ടി. ഷീന ഇവിടെയുണ്ടെന്ന്, അറിഞ്ഞിരുന്നു. പിന്നെ, ഓഫീസിലും ഉണ്ട് പലരും. ഷീനയെ പരിചയം ഉള്ളവര്‍. വീടിനടുത്താണെന്ന് പറഞ്ഞവര്‍. കൂടെപ്പഠിച്ചു എന്ന് പറഞ്ഞു അവരോടൊക്കെ."
രമ്യയ്ക്ക് ഒന്നും മനസ്സിലായില്ല. ജോലിത്തിരക്കോ, അസുഖങ്ങളോ ഒന്നും അലട്ടിയിരുന്നെങ്കിലും, ഇപ്പോള്‍ അയാള്‍ പറഞ്ഞത് ഒന്നും തന്നെ, അവളുടെ തലയിലേക്ക് എത്തിയില്ല.
"ഞാന്‍..."
അവള്‍ക്ക് ഒന്നും പറയാന്‍ കിട്ടിയില്ല.
"അറിയാം, ആരെങ്കിലുമൊക്കെ അവിടെ ഉണ്ടാവും അല്ലേ? സാരമില്ല. പിന്നെ, സമയം കിട്ടുമ്പോള്‍ വിളിക്കാം."
അയാള്‍ മിണ്ടുന്നത് നിര്‍ത്തിയിട്ടും, രമ്യ ഫോണും പിടിച്ച് നിന്നു. മേശപ്പുറത്തുള്ള കാബേജ് തരികള്‍ ഓരോന്നായി നിലത്തേക്കിട്ടു.
പഴയപാട്ടിലേക്ക് മുഖം തിരിച്ചിട്ടും ഒന്നും ശ്രദ്ധിക്കാതെ, കാബേജ് അരിയലിനിടയില്‍, അവള്‍ ആ ഫോണ്‍ വിളി ഓര്‍ത്തു.
ആരായിരിക്കും അയാള്‍? ആരായിരിക്കും ഷീന? ഇനി വെറുതെ ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുന്നതാവുമോ? അങ്ങനെ ആവില്ല. ആണെങ്കില്‍ത്തന്നെ നമ്പര്‍ നോക്കി അങ്ങോട്ട് വിളിച്ച് അന്വേഷിക്കാനുള്ള പരിപാടിയൊക്കെ ഉണ്ടെന്ന് ഇപ്പോ എല്ലാവര്‍ക്കും അറിയാം.
വൈകുന്നേരം, കുട്ടികള്‍ വന്ന്, ഭക്ഷണം കഴിച്ച് പഠനം തുടങ്ങുകയും, കുറച്ച് കഴിഞ്ഞ് കളിക്കാന്‍ മുറ്റത്തേക്ക് ഇറങ്ങുകയും ചെയ്തു. അവരുടെ കൂടെ ഒരാളായി മാറിയതുകൊണ്ട് അവള്‍ക്ക് രാവിലത്തെ കാര്യങ്ങള്‍ ഓര്‍മ്മിക്കാനേ പറ്റിയില്ല. അത്താഴം കഴിഞ്ഞ്, എല്ലാം ഒതുക്കി ഭംഗിയായി വെച്ച്, ടി. വിക്കു മുന്നില്‍, ഭര്‍ത്താവിനോടൊത്ത് ഇരിക്കുമ്പോഴാണ് ഫോണ്‍ കാര്യം വീണ്ടും ഓര്‍മ്മയില്‍ വന്നത്. അതും ടി. വി യില്‍ ഫോണ്‍ വരുന്നതായിട്ട് ഒരു പരിപാടിയില്‍ കണ്ടശേഷം.
"ഇന്നുച്ചയ്ക്ക് ഒരാള്‍ വിളിച്ചു. "
"ആരാ?" കാര്യം എന്താണെന്ന് പറഞ്ഞോ?"
"ഇല്ല. നിങ്ങളുടെ സുഹൃത്തുക്കളും, പരിചയക്കാരും ഒന്നും അല്ലിത്. എനിക്ക് തോന്നുന്നത് നമ്മള്‍ക്ക് അറിയുകയേ ഇല്ല. പോരാത്തതിനു അയാള്‍ ഒരു ഷീനയെ ആണ് വിളിച്ചത്."
"ഹഹഹ. അതൊക്കെ ഒരു അടവാകും. ഷീനയല്ല എന്ന് പറഞ്ഞാല്‍ നിന്റെ പേരു ചോദിക്കാമല്ലോ."
"ഇതില്‍ അത്ര തമാശ ഉള്ളതായിട്ട് എനിക്ക് തോന്നിയില്ല. അയാള്‍ ശരിക്കും ഒരു ഷീനയെ ആണ് വിളിച്ചത്. അവര്‍ നല്ല പരിചയം ഉള്ളവരും ആണ് ".
"എന്തോ ആവട്ടെ. ശരിക്കുള്ള ഷീനയെ കിട്ടിക്കാണും."
പിന്നെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല അവര്‍. പിറ്റേന്ന് ജോലികള്‍ ഒക്കെ വേഗം കഴിഞ്ഞതിനാല്‍ ബ്യൂട്ടിപാര്‍ലറില്‍ പോകാമെന്ന് കരുതി ഇറങ്ങിയപ്പോഴാണ് ഫോണ്‍ ബെല്ല് കേട്ടത്. പെട്ടെന്ന് മനസ്സില്‍ വന്നതും, ഷീനയും അയാളും ആണ്.
"ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ. ഇന്നും വീട്ടില്‍ എല്ലാവരും ഉണ്ടോ? അല്ലെങ്കിലും നമ്മള്‍ കൌമാരക്കാര്‍ ഒന്നും അല്ലല്ലോ. പിന്നെ മിണ്ടിയാല്‍ എന്താ? "
"ഞാന്‍ ഷീനയല്ല."
"എന്നെ ഒഴിവാക്കാന്‍ വേണ്ടി ഇത്രയും വല്യ തമാശ പറയരുത്. നമ്പര്‍ എനിക്ക് നിന്റെ കൂട്ടുകാരിയില്‍ നിന്നാണ്‍ കിട്ടിയത്. അവള്‍ വിളിക്കാറൊന്നുമില്ല. ഓര്‍ത്ത് പറഞ്ഞതാണ്. ഇപ്പോ ഷീനയുടെ ശബ്ദം അല്‍പ്പം മാറിയിട്ടുണ്ട്. അതേ ഉള്ളൂ."
രമ്യ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു. ബ്യൂട്ടീഷ്യന്റെ അടുത്ത് സമയം വൈകിച്ചെന്നാല്‍ അവിടെ വേറെ ആളെത്തിയിട്ടുണ്ടാകും. പറഞ്ഞ സമയത്തിന് ചെന്നില്ലെങ്കില്‍പ്പിന്നെ നീണ്ട കാത്തിരിപ്പാവും. എന്നാലും അവള്‍ ആലോചിച്ചുകൊണ്ടിരുന്നു. ഇയാള്‍ ആരാവും? ഷീന ആരാവും? അങ്ങനെ രമ്യയുടെ ജീവിതത്തിലേക്ക് രണ്ട് അപരിചതര്‍ കൂടെ അവള്‍ ക്ഷണിക്കാതെ തന്നെ കടന്നു വന്നു.
വൈകുന്നേരം കുട്ടികളോടൊത്ത് കൂട്ടുകൂടുമ്പോഴും, ഭര്‍ത്താവിനോട് എന്തെങ്കിലും പറയുമ്പോഴും അവള്‍ക്ക് ആ രണ്ട് കഥാപാത്രങ്ങളും ഓര്‍മ്മയില്‍ വന്ന് തുടങ്ങി. ഫോണ്‍ നമ്പര്‍ നോക്കി വിളിച്ചിട്ട് കിട്ടിയത് ഒരു ഓഫീസിലാണ്. അയാളുടെ പേരു പറയാതെ ആരുടെ കാര്യം ചോദിക്കാനാണ് അവള്‍? ഓഫീസില്‍ പോയിട്ടും രക്ഷയില്ല. നമ്പര്‍ തെറ്റിയിരിക്കാന്‍ സാധ്യത ഉണ്ട്. അവള്‍ക്ക് നമ്പര്‍ കണ്ടുപിടിച്ച് വിളിച്ചുനോക്കാനും പറ്റിയില്ല. എല്ലായിടത്തും വിളിച്ച് ഷീനയുണ്ടോയെന്ന് ചോദിക്കുന്നതില്‍ എന്തോ ഒരു അപാകതയുണ്ടെന്ന് അവള്‍ക്കറിയാം. പിറ്റേന്നാണ് അവള്‍ സൂത്രം പ്രയോഗിച്ചത്. ഫോണ്‍ വന്നപ്പോള്‍ ശബ്ദം കഴിയുന്നത്ര മാറ്റി, ഷീന വീട്ടില്‍ ഇല്ല. ആരു വിളിച്ചുവെന്ന് പറയണം എന്ന് ചോദിച്ചത്.
"ഞാന്‍..." എന്നും പറഞ്ഞ് അയാള്‍ പരുങ്ങിയപ്പോള്‍ അവള്‍ പിന്നേയും പറഞ്ഞു.
" ആരു വിളിച്ചുവെന്ന് പറഞ്ഞില്ലെങ്കില്‍ മനസ്സിലായില്ലെങ്കിലോ?"
"മോഹന്‍ വിളിച്ചുവെന്ന് പറയൂ."
"ഓക്കെ."
വെച്ചതും, തന്നെത്തന്നെ അഭിനന്ദിച്ച് അല്‍പസമയം നിന്നു, രമ്യ. പേരും ഓഫീസും കിട്ടി.
"നിനക്ക് വേറെ ജോലിയില്ലേ? നമ്പര്‍ കാണുമ്പോള്‍ എടുക്കാതിരുന്നാല്‍പ്പോരേ? എടുക്കാതെ ആയാല്‍, തനിയെ നിര്‍ത്തിക്കോളും വിളി."
പക്ഷെ, ഭര്‍ത്താവ് പറഞ്ഞത്ര ലാഘവമായിട്ട് എടുക്കാന്‍ അവള്‍ക്ക് തോന്നിയില്ല. ഒരു അന്വേഷണം ആവശ്യമാണ്. ഒരു മോഹന്‍, വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഷീനയെ വിളിക്കുന്നു. വെറുമൊരു പരിചയത്തിന്റെ പേരിലുള്ള വിളി ആയിട്ട് അവള്‍ക്ക് തോന്നിയില്ല. പക്ഷെ, പിറ്റേന്ന് ഫോണ്‍ ബെല്ല് കേട്ടില്ലെന്ന് അവള്‍ നടിച്ചു. അടുത്ത ദിവസം, വെള്ളിയാഴ്ച, സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോഴാണ് എതിരെ ആ ഓഫീസു അവള്‍ കണ്ടത്. ഒന്ന് പോയി നോക്കിയാലോ? ചോദിച്ചിട്ട്, അയാള്‍ എന്താ ആവശ്യം എന്നും പറഞ്ഞ് വന്നാലോ? എന്ത് പറയും?ആലോചിച്ച് നില്‍ക്കുമ്പോഴാണ് അവളുടെ സുഹൃത്തിന്റെ അനിയന്‍ ആരെയോ യാത്രയാക്കാന്‍ ഓഫീസ് വാതിലിലേക്ക് വന്നത്. അവനെ കണ്ടതും അവള്‍ക്ക് സന്തോഷമായി. വേഗം റോഡ് മുറിച്ച് കടന്ന്, അവനോട് എന്തെങ്കിലും മിണ്ടാന്‍ ചെന്നപോലെ ചെന്നു.
"ചേച്ചിയെന്താ ഒറ്റയ്ക്ക്?"
"ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്നതാണ്. ഒറ്റയ്ക്ക് പോന്നു."
കുറച്ചെന്തൊക്കെയോ ചോദിച്ചശേഷം, മോഹന്‍ എന്നയാളുടെ കാര്യം ചോദിച്ചു.
"ഉണ്ടല്ലോ. പക്ഷെ സാര്‍ നാട്ടില്‍ പോയിരിക്കുന്നു. ഇനി തിങ്കളാഴ്ച വരും."
"ചേച്ചിക്ക് എങ്ങനെ അറിയാം?"
അവള്‍, ഇല്ലാത്ത ഒരു കൂട്ടുകാരിയുടെ ഇല്ലാത്ത ചേട്ടന്റെ കാര്യം അവനോട് പറഞ്ഞു. പിന്നെ യാത്ര പറഞ്ഞ് നടന്നു. പകുതി ജയിച്ച പോലെ തോന്നി. ഇനി ഷീന ആരാണെന്നും കൂടെ കണ്ടുപിടിച്ചാല്‍ മതി. അവള്‍, പല രീതിയിലും അന്വേഷണം നടത്തി. ഒന്നും ഫലിച്ചില്ല. നമ്പര്‍ മാറ്റി മാറ്റി വിളിച്ച് നോക്കുന്നതില്‍ വലിയ കാര്യമില്ല. വെറുതെ സമയവും പണവും പോകും. പിന്നെ രണ്ട് ദിവസം അവധിത്തിരക്കില്‍ ആയി അവള്‍. തിങ്കളാഴ്ച എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍, അയാളുടെ കാര്യം ഓര്‍മ്മ വന്നു. കുറേ കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.
"ഹലോ"
"ഇത് ....... അല്ലേ?"
“ അതെ.”
"ഷീനയുണ്ടോ?"
"ഇല്ല. ഇവിടെ അങ്ങനെ ഒരാളില്ല. നിങ്ങളാരാ?"
"നമ്പര്‍ ശരിയല്ലേ?"
"അതേ."
"ഞാന്‍ .... ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്. മോഹന്‍ സാര്‍ മരിച്ചു. അദ്ദേഹം നാട്ടില്‍ പോകുമ്പോള്‍ തന്നിരുന്ന നമ്പര്‍ ആണിത്. ഈ നാട്ടില്‍ അദ്ദേഹത്തിന്റ് അടുത്ത സുഹൃത്ത് നിങ്ങള്‍ ആണെന്ന് പറഞ്ഞിരുന്നു.”
രമ്യ ലോകം മുഴുവന്‍, മറന്നപോലെ നിന്നു. ഞടുക്കം മാറിയപ്പോള്‍ അവള്‍ക്ക് മനസ്സിലായി. ഇത്രയും നാളത്തെപ്പോലെ നിസ്സാരമല്ല കാര്യങ്ങള്‍. എവിടെ നിന്നായാലും, എങ്ങനെയെങ്കിലും ഒരു ഷീനയെ കണ്ടുപിടിച്ചേ തീരൂ. അപ്പുറത്ത് അയാള്‍ ഫോണ്‍ വെച്ചു കഴിഞ്ഞിരുന്നു. അല്‍പസമയം ആലോചിച്ചപ്പോള്‍ അവള്‍ക്ക് ഒരു ഉപായം കിട്ടി. മഹിളാസമാജം പ്രസിഡന്റ്, ഏലിയാമ്മച്ചേടത്തി. എന്തെങ്കിലും ഒന്നു ചോദിച്ചാല്‍, അതിന്റെ മുഴുവന്‍ ജാതകവും കൊടുക്കണം എന്നൊരു കാര്യമുണ്ടെങ്കിലും, എന്ത് സഹായത്തിനും തയ്യാര്‍. സമാജം യോഗത്തിനൊന്നും പോവാത്തതുകൊണ്ട്, എവിടെയെങ്കിലും കാണുമ്പോള്‍ അല്‍പം പരിഭവം പറയുമെങ്കിലും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത് എന്ന് പറഞ്ഞാണ് നിര്‍ത്തുക. നമ്പര്‍ നോക്കി കണ്ടുപിടിച്ചു.
"ഹലോ..."
"ഹലോ, ഞാന്‍ രമ്യയാണു ചേച്ചീ.”
കുറേ പരിഭവങ്ങള്‍ക്ക് ശേഷമാണ് പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാന്‍ രമ്യക്ക് അവസരം കിട്ടിയത്.
"ഷീന അല്ലേ? പല ഷീനയും ഉണ്ടല്ലോ കുട്ടീ. അതില്‍ നിന്ന് എങ്ങനെ കണ്ടുപിടിക്കും?"
അവരുടെ ചോദ്യം ആശങ്ക നിറഞ്ഞതാണെങ്കിലും രമ്യയ്ക്ക് അതൊരു ഉത്തരം കിട്ടിയപോലെ ആയി. മോഹന്‍ എന്നൊരാളെ പരിചയം ഉള്ള ഷീനയെ കണ്ടുപിടിക്കാന്‍ എന്താ വിഷമം? അതും ഒരു ഓഫീസ് കൃത്യമായി അറിയുകയും ചെയ്യാം.
ചേച്ചി പറഞ്ഞ ഒന്‍പത് ഷീനമാരുടേയും നമ്പര്‍ നോക്കി രമ്യ ഫോണ്‍ ചെയ്യാന്‍ ആരംഭിച്ചു. ചിലതൊക്കെ അടുത്തായതുകൊണ്ടു തന്നെ നമ്പറില്‍ അല്‍പ്പം വ്യത്യാസമേയുള്ളൂ. നാലു ഷീനമാരെക്കിട്ടി. ഒരാള്‍ രമ്യയുടെ കൂടെ പഠിച്ചയാള്‍ തന്നെയാണേന്നറിഞ്ഞ് രമ്യയ്ക്ക് സന്തോഷമായി. പിന്നെ വിളിക്കാം, ഒക്കെപ്പറയാന്‍ എന്നും പറഞ്ഞിട്ടാണ്, അടുത്ത നമ്പര്‍ നോക്കി വിളിക്കാന്‍ തുടങ്ങിയത്. നോക്കിയപ്പോള്‍ അവളുടെ അതേ നമ്പര്‍ പോലെ തോന്നി, ഒരുനിമിഷം അവള്‍ക്ക്. ഒന്നുകൂടെ നോക്കിയപ്പോള്‍ കാര്യങ്ങള്‍ പിടികിട്ടി. നാലും നാലും, അവളുടേത് നാലും അഞ്ചും. എന്തായാലും നോക്കാം.
"ഹലോ."
"ആരാ?"
ഒരു പതിഞ്ഞ സ്വരം.
"ഷീന ഉണ്ടോ?"
നിശ്ശബ്ദതയ്ക്ക് ശേഷം അവളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ്, ഫോണ്‍ എടുത്തയാള്‍ പറഞ്ഞു.
"ഷീനയ്ക്ക് കൊടുക്കാം."
കുറച്ചുനേരം ഫോണ്‍ പിടിച്ച് വെറുതേ നില്‍ക്കേണ്ടിവന്നു അവള്‍ക്ക്.
"ഹലോ."
രമ്യ ശരിക്കും ഞെട്ടി. അവളുടെ അതേ സ്വരം.
"ഞാന്‍..."
"എന്താ പറയൂ. അമ്മ പറഞ്ഞു. മെയിന്‍ റോഡില്‍ നിന്ന് കോളനിയിലേക്ക് കടക്കുന്ന റോഡില്ലേ? അവിടെയാണ് ഈ വീട്. ഞാന്‍ രമ്യയെ കണ്ടിട്ടുമുണ്ട്."
"ഞാന്‍, ഏലിയാമ്മച്ചേച്ചിയോട് ചോദിച്ചിട്ടാ നമ്പര്‍ വാങ്ങിയത്."
"അതിനെന്താ? കാര്യം പറയൂ."
"ഞാന്‍ അങ്ങോട്ട് വന്നിട്ട് പറയാം. വീടെനിക്ക് മനസ്സിലായി. അവിടെ അധികം ആരേയും പരിചയം ഇല്ല. അതാണ് ഇതുവരെ പരിചയപ്പെടാഞ്ഞത്."
"അത് സാരമില്ല. ഇവിടെ അച്ഛനും അമ്മയും ഞാനും മാത്രമേയുള്ളൂ. അവര്‍ എവിടേയും പോകാറില്ല."
"ഞാന്‍ ഒരു പതിനഞ്ച് മിനുട്ടിനുള്ളില്‍ വരാം."
"ശരി."
അവള്‍ക്ക്, ഭര്‍ത്താവിനെ വിളിച്ച് പറയേണ്ട സമയമേ ചെലവാക്കാന്‍ ഉണ്ടായിരുന്നുള്ളൂ. പുറത്തുപോകുന്നു എന്ന് മാത്രമേ പറഞ്ഞുള്ളൂ. ഒന്നും ചോദിക്കാന്‍ അവസരം കൊടുത്തില്ല.
കുറച്ച് പഴയൊരു വീട്. ചെല്ലുമ്പോള്‍, ഷീനയുടെ അമ്മയാവണം, അവളെ പ്രതീക്ഷിച്ച പോലെ നില്‍പ്പുണ്ട്. അവര്‍ അവളോട് പരിചയത്തില്‍ മിണ്ടിയശേഷം, വീടിനുള്ളില്‍ കടന്ന് മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നു ഷീന! ഒരു വീല്‍ ചെയറില്‍, ശരിക്കും എണീക്കാനാവാതെ. രമ്യയ്ക്ക് വല്ലായ്മ തോന്നി.
"വരൂ. വര്‍ഷങ്ങളായിട്ട് ഇങ്ങനെയാണ്. ബസ് അപകടമായിരുന്നു. ഞാന്‍ ഇവിടെയിരുന്നാണ് എല്ലാവരേയും കാണാറുള്ളത്. രമ്യ നടന്നുപോകുമ്പോഴാണ് വേലക്കാരിക്കുട്ടി പറഞ്ഞു തന്നത്. ഇന്നയിടത്താണെന്നും ഇന്ന ആള്‍ ആണെന്നും ഒക്കെ."
കോളനിയിലെ എല്ലാ വീട്ടിലും ജോലി ചെയ്യുന്ന ആ കുട്ടിയെ രമ്യയ്ക്കും അറിയാം.
"ഇരിക്കുന്നില്ലേ? "മുന്നിലെ ഇരിപ്പിടം കാണിച്ച് അവര്‍ പറഞ്ഞപ്പോള്‍ രമ്യ ഇരുന്നു. ഇരിക്കാനൊന്നും നേരമില്ല എന്ന മട്ടില്‍ ആണ് വന്നതെങ്കിലും. അമ്മ താഴേക്ക് തന്നെ പോയിരുന്നു.
"ഞാന്‍..."
ഇതൊക്കെ കണ്ടുപിടിക്കാന്‍ ഇറങ്ങേണ്ടായിരുന്നു എന്ന് രമ്യയ്ക്ക് തോന്നി. അറിയാത്ത ഭാവത്തില്‍ ഇരുന്നാല്‍ മതിയായിരുന്നു.
"മോഹന്‍ എന്നൊരാള്‍..."
ഷീനയുടെ കണ്ണില്‍ ഒരു നിസ്സഹായത കണ്ടു അവള്‍.
"ഞാന്‍ അറിഞ്ഞു."
ടീപ്പോയിയിലെ പത്രത്തിലേക്ക് വിരല്‍ ചൂണ്ടി അവള്‍.
"മിനിയാന്ന് വൈകുന്നേരം."
ശനിയാഴ്ച വൈകുന്നേരം! അതുതന്നെയാണ്, താന്‍ അറിയാന്‍ തിങ്കളാഴ്ച ആയത്. ഓഫീസ് ഇല്ലല്ലോ, ശനിയും, ഞായറും.
"എങ്ങനെ അറിയാം?" ഭര്‍ത്താവിന്റെ സുഹൃത്താണോ?"
"അല്ലല്ല." രമ്യയ്ക്ക് ശബ്ദം തന്നെ ഉണ്ടായിരുന്നില്ല. ഒരു വിഷമം പോലെ.
"ഫോണ്‍ ചെയ്തിരുന്നു, അങ്ങനെയാണ് ഓഫീസ് കണ്ടുപിടിക്കേണ്ടി വന്നത്."
"ആരു? മോഹനോ? എന്തിനു? നിങ്ങള്‍ പരിചയം എന്തെങ്കിലും?"
"ഇല്ല, നമ്മുടെ നമ്പര്‍ സാമ്യം ഉണ്ട്. ഒരു അക്കമല്ലേ വ്യത്യാസം. നാലും നാലും, നാലും അഞ്ചും. തെറ്റിക്കൊടുത്തുകാണും."
"ഓഹ്..."
"എനിക്ക് വരേണ്ട കോള്‍ ഒക്കെ അവിടെ വന്നു അല്ലേ? മോഹന്‍ എന്തെങ്കിലും പറയാറുണ്ടായിരുന്നോ?"
"നിങ്ങള്‍, പരിചയം ഉണ്ടെന്ന് തോന്നി."
അടുപ്പത്തില്‍ ആയിരുന്നു അല്ലേന്ന് ചോദിക്കാന്‍ രമ്യയ്ക്ക് തോന്നിയില്ല.
"ഉവ്വ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. മോഹന്റെ നാട്ടിലായിരുന്നു അച്ഛനു ജോലി. അവിടെ നിന്ന് പരിചയം ആയി. വീട്ടുകാര്‍ തീരുമാനിച്ചിരുന്നു വിവാഹം. അതിനു കുറച്ച് ദിവസം മുമ്പാണു അപകടം."
അവരുടെ കണ്ണില്‍ നിസ്സഹായതയ്ക്ക് പകരം ഒരു ധൈര്യം വന്നപോലെ അവള്‍ക്ക് തോന്നി.
"പിന്നെ ഞങ്ങള്‍ ഇങ്ങോട്ട് പോന്നു. അറിയാതെ തന്നെ. ഒളിച്ചുകഴിഞ്ഞു. പക്ഷെ മോഹന്‍ വിവാഹം കഴിച്ചില്ല എന്നറിഞ്ഞു. അങ്ങോട്ടൊന്നും അറിയിക്കാതെ തന്നെ, കൂട്ടുകാര്‍ വഴി ഒക്കെ അറിയുന്നുണ്ടായിരുന്നു ഞങ്ങള്‍. അവസാനം ഇവിടെ എത്തിയത് വരെ. ഫോണ്‍ നമ്പര്‍ കിട്ടിയത് അറിഞ്ഞില്ല. ഞങ്ങള്‍ ഇവിടെയുള്ളത് അറിയില്ലേ എന്ന് വിചാരിച്ചു."
"എന്നും വിളിക്കുമായിരുന്നു."
"എന്റെ സ്വരവും രമ്യയുടെ സ്വരവും സാമ്യം ഉണ്ട്."
"ഉവ്വ്. അതുകൊണ്ടാവും, ഒന്നും അങ്ങോട്ട് പറയാന്‍ സമ്മതിച്ചിരുന്നില്ല. ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ മിണ്ടണം എന്നില്ല, ഞാന്‍ മിണ്ടിക്കോളാം എന്ന് പറയുമായിരുന്നു."
"എന്നെപ്പറ്റി എന്ത് വിചാരിച്ചിരുന്നോ ആവോ?"
"ശബ്ദത്തില്‍ വിരോധം ഒന്നും ഇല്ലായിരുന്നു. എന്നാലും വീട്ടില്‍ വേറെ ആരെങ്കിലും ഉണ്ടാവുമോന്ന് ഒരു ചിന്തയുള്ളത് പോലെ തോന്നി."
"പോയിക്കാണണം എന്നുണ്ടായിരുന്നു. അച്ഛനു വയ്യ. പിന്നെ സുഹൃത്തുക്കള്‍ ആണെങ്കിലും, ബുദ്ധിമുട്ടാവില്ലേ അവര്‍ക്ക്. എനിക്ക് ഒറ്റയ്ക്ക് പറ്റില്ലല്ലോ."
"ഉം..."
"ഞാന്‍ പോട്ടെ? ഇനി?"
"ഇടയ്ക്ക് വരൂ, സമയം കിട്ടുമ്പോള്‍."
"തീര്‍ച്ചയായും." രമ്യ എണീറ്റ് അവരുടെ കൈ പിടിച്ചു.
ആ കൈയിലെ നൊമ്പരത്തിന്റെ ചൂട് പറയുന്നുണ്ടായിരുന്നു, അവര്‍ മോഹനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്.
രമ്യ ഇറങ്ങി നടന്നു.
ദൈവം ഒരു ചരടില്‍ കെട്ടി, അമ്മാനമാട്ടി രസിക്കുന്ന ജീവിതങ്ങളെ ഓര്‍ത്ത്. വീണുപോകുന്നവരെ ഓര്‍ക്കാന്‍ ദൈവത്തിനു സമയം ഇല്ലല്ലോ.
Labels: ടൈം പാസ് കഥ
33 Comments:
:(
ശരിക്കും ഇങ്ങിനെ അപരിചിതര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുവാന്‍ സാധ്യതയുണ്ടോ? മോഹന്റെ ശബ്ദം! അതാണല്ലോ, രശ്മിക്ക് ഇത് കളിയല്ല, കാര്യം തന്നെ എന്ന് തോന്നിപ്പിച്ചത്. മോഹനെങ്ങിനെയാണ് മരിച്ചത്? ഷീനയ്ക്കുണ്ടായ അപകടം മോഹനറിഞ്ഞിരുന്നില്ലേ?
വല്ലാതെ ഡിസ്റ്റര്‍ബ് ചെയ്തൊരു കഥ...
കഥ എനിക്കിഷ്ടമായി... :)
--
ഒരു സസ്പെന്‍സ് ത്രില്ലര്‍ പോലെ തോന്നി ആദ്യം. ഇതായിരിക്കും, എന്തിനായിരിക്കും എന്നൊക്കെ. :)
ഹരിയെ... ആരാ രശ്മി?? ;)
പത്ത് പന്ത്രണ്ട് ദിവസായി സൂ-നെ കാണാനില്ലല്ലോന്ന് വിചാരിക്കാരുന്നു. ഇത്രയും ദിവസം ഇരുന്ന് സീരിയല്‍ കണ്ടതാ? ഡോണ്ടൂ ഡോണ്ടൂ ട്ടോ:)
സജിത്ത് :)
ഹരിക്കുട്ടാ :) കഥ ഇഷ്ടമായതില്‍ സന്തോഷം.
ബിന്ദൂ :) ഹി ഹി ഹി. സസ്പന്‍സ് തല്ലല്‍ :|
രേഷ് :D ലേബല്‍ ഒട്ടിച്ചത് കണ്ടില്ലേ?
സോറീട്ടോ...
രശ്മി എന്നുദ്ദേശിച്ചത് രമ്യയെയാണേ... :)
ശ്ശോ... അതും കണ്ടുപിടിച്ചോ... എന്തിനാ, കമന്റൊക്കെ വായിക്കാന്‍ പോണേ... കഥവായിച്ചാല്‍ പോരേ? ഇതിനാണ് പറയുന്നത് എഴുതാപ്പുറം വായിക്കുക എന്ന്... ഹി ഹി ഹി :D
--
അവിചാരിതമായി ജീവിതത്തിലേയ്ക്ക് കടന്നെത്തുന്ന അപരിചിതര്‍്..
കഥ നന്നായിട്ടുണ്ട് ,സൂ.
അവിചാരിതമായി ജീവിതത്തിലേയ്ക്ക് കടന്നെത്തുന്ന അപരിചിതര്‍്..കഥ നന്നായിട്ടുണ്ട് ,സൂ.
നല്ല കഥ...ഒരു സിനിമാക്കഥയ്ക്കുള്ള സ്കോപ് കാണുന്നു...
അപരിചിതരെ ചരടില്‍ കെട്ടി പരിചയപ്പെടുത്തുന്നതും ദൈവത്തിന്റെ ഹോബി.
നല്ല കഥ.
അപരിചിതര്‍ ടെന്‍ഷനോടെയാ വായിച്ചെ! :)
സൂ-
ടൈം പാസിനെഴുതുമ്പോള്‍ ഇനി ഇതു പോലെ വിഷമിപ്പിക്കുന്ന കഥ എഴുതരുതെന്നപേക്ഷ. മനസ്സിനൊരുന്മേഷം കിട്ടണമെന്നു വിചാരിച്ചാണ് വായിക്കാന്‍ തുടങ്ങുന്നത് അതു കുളമായിക്കിട്ടി
ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ത്തു.നല്ല കഥ.(കുറച്ച് തിരക്കിലാണേ..)
ഹരിക്കുട്ടാ :) രശ്മി ആരാണെന്ന് പറയാത്തിടത്തോളം ഞങ്ങള്‍ കൂട്ടിവായിക്കും. ഹിഹിഹി.
ആമീ :) നന്ദി.
സുന്ദരാ :) സ്വാഗതം. സിനിമ സാരമില്ല. നാടകം ആവാതിരുന്നാല്‍ മതി.
സ്നേഹിതാ :) നന്ദി.
പീലിക്കുട്ട്യമ്മൂ :) ടെന്‍ഷന്‍ എന്നൊക്കെപ്പറയുന്നത് ചോക്ലേറ്റ് ഐസ്ക്രീം തട്ടാനുള്ള പരിപാടിയല്ലേ. ;)
പണിക്കര്‍ജീ :) ഇനി ശ്രദ്ധിക്കാം. ടൈം പാസിന് കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ടിവന്നു. ഒന്നും കരുതി എഴുതിത്തുടങ്ങിയതൊന്നുമല്ല. ഇങ്ങനെയൊക്കെ ആയിപ്പോയി.
ചേച്ചിയമ്മേ :) നന്ദി. എന്താ അവിടെ ഒരു തിരക്ക്?
കഥ ഇഷ്ടായി.
-രണ്ടാം വായനയില്‍ തോന്നിയ ഒരു കാര്യം പറയട്ടേ:
മാറ്റര്‍ ഒന്നു കൂടി ക്രോപ് ചെയ്യാമായിരുന്നു, എന്നിട്ട് ആ റ്റൈം പാസ് എന്ന ലേബലും മാറ്റായിരുന്നു.
:)
ഒരു നൊമ്പരം ഈ കഥ തന്നു. ഷീനയുടെ അവസ്ഥയില്‍
കൈതമുള്ളേ :) മാറ്റാം.
ചന്ദ്രേട്ടാ :)
ചിത്രകാരന്,
ഇത് പരസ്യം പതിക്കാനുള്ള മതില്‍ അല്ല. ഒളിച്ചുകളി നടത്തി, എന്നെ അപമാനിക്കാമെന്നുള്ളതും കുറച്ച് കാലത്തേക്ക് മാത്രമാണ്. ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയെപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം കമന്റ് വെക്കുക.
സുചേച്ചി..നല്ല കഥ
എന്നാലും ഈ അപരിചിതരുടെ ഒരു കാര്യം. വെറുതെ ഇരിക്കുന്ന മനുഷ്യരെ പിടിച്ചു ടെന്‍ഷനടിപ്പിച്ചു കളയും :(.
ഒന്നു കൂടി ചുരുക്കിപ്പറയാമായിരുന്നില്ലേന്നൊരു സംശയം.
നന്നായിരിക്കുന്നു. :)
ഇത്തിരി നീണ്ടതിനാല്‍ ഒരു “സു”വിയന്‍ ടച്ചു പോയി. എന്നാലും ആശയ സമ്പന്നം. നന്നായിട്ടുണ്ട് എന്നല്ല വളരെ നന്നായിട്ടുണ്ട്.
സോനയ്ക്ക് നന്ദി.
നൌഷര്‍ :)
കരീം മാഷേ :)
സു,
കഥ നന്നായിരിക്കുന്നെന്നു പറയേണ്ടല്ലൊ. വായിക്കാന്‍ വൈകി. സ്കൂളില്ലായിരുന്നു. :) അവധി ദിവസങ്ങള്‍. നമ്മള്‍ ഒന്നും അറിയാറില്ലല്ലൊ. പിന്നിന്നാണ് എല്ലാം അറിഞ്ഞത്. വായിച്ചപ്പോള്‍ സങ്കടം തോന്നി.
നാമറിയാതെ പതിഞ്ഞ കാല് വെപ്പുകളോടെ നമ്മിലേക്കു കടന്നു വരുന്ന അപരിചിതര്‍, നമ്മില്‍ കുറെകാലത്തേക്കൊരു മുറിവിന്റെ വേദനായായ് തുടരുന്നത് നാമറിയുന്നില്ലല്ലൊ.
-സുല്‍
കഥ ഇഷ്ടമായി സൂ. ഇനിയും നല്ല നല്ല കഥകള്‍ പോരട്ടെ..
സൂ... എവിടെയോ ഒരു പിടച്ചില്‍ ... എടുക്കാതെ പോവുന്ന മിസ്‌കാളുകള്‍ക്ക് പുറകിലും ഇങ്ങനെ വല്ല കഥകളും ഉണ്ടാവുമോ...
സുല്‍ :) അപരിചിതര്‍, പരിചിതര്‍ ആവുമ്പോഴേക്കും, ലോകം അപരിചിതമാവുന്നു.
സാരംഗീ :)
ഇട്ടിമാളൂ :) കോള്‍ ഒന്നും മിസ്സ് ആക്കല്ലേ. ;)
ആ കൈയിലെ നൊമ്പരത്തിന്റെ ചൂട് പറയുന്നുണ്ടായിരുന്നു, അവര്‍ മോഹനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്.
:)
കുറച്ചു നാളായി ഞാനും ഒരു വായനക്കരിയാണ് സു ചേച്ചിയുടെ.
കഴിഞ്ഞ മാസം എനിക്കും കുറെ കാള്‍സ് കിട്ടിയിരുന്നു.ഏതോ ഒരു പെണ്‍കുട്ടിയുടെ. പക്ഷേ അവള്‍ ഏതോ ഒരു ജോസേട്ടനെയാണു ഇങ്ങേതലയ്ക്കല്‍ പ്രതീക്ഷിരിച്ചുന്നത്.
അതിനു പിന്നിലും ഇതുപോലെ അത്ര സന്തോഷകരമല്ലാതത ഒരു കഥ ഉണ്ടാവും എന്നു തോന്നിയിരുന്നു.
എവിടുന്നോ കിട്ടിയ ഒരു wrong number-ല്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഒരു പാവം പെണ്‍കുട്ടി.
ഇത്തിരിവെട്ടം :)
വിദ്യയ്ക്ക് സ്വാഗതം.
സൂ കഥ ഇഷ്ടപ്പെട്ടു.
നല്ല കഥനം സൂ, ഇനിയും എഴുതുക!
കൃഷ് :)
നിര്‍മ്മലയ്ക്ക് സ്വാഗതം :)
എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും,
എന്റെ ലോഗിന്‍ നെയിം സു | Su എന്നാണ്. ലോഗിന്‍ ചെയ്യാതെ ഞാന്‍ ഇപ്പോള്‍ ഒരിക്കല്‍പ്പോലും കമന്റ് വെക്കാറില്ല. അതുകൊണ്ട് വേറെ ആരെങ്കിലും ലോഗിന്‍ ചെയ്യാതെ കമന്റ് വെച്ച് ആ പേരിട്ടാലോ, അതിനോട് സാമ്യമുള്ളതോ ആയ പേരിലോ കമന്റ് വെച്ചാലോ അത് ഞാന്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്.
ഈ -സു- ഞാന്‍ അല്ല. സുനില്‍ ആണ്. അദ്ദേഹത്തോട് ഈ കാര്യം പണ്ടും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറഞ്ഞു.
ചാത്തനേറ് : ഇത്തിരി വൈകി നാട്ടിലായിരുന്നു. കമ്പ്യൂട്ടര്‍ റിപ്പയറ്,ശരിയാക്കിയപ്പോള്‍ നെറ്റ് വന്‍ സ്ലോ. എന്തായാലും കഥ ഇഷ്ടപ്പെട്ടില്ലാ.. ഒരു സിനിമാക്കഥ പോലേന്നു മാത്രം...
എന്നാലും വന്നല്ലോ ചാത്തന്‍ :) സന്തോഷമായി.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home