മീര, പിന്നെ കിഷനും രാധയും
ഒന്ന്
ആകാശത്തിന്റെ മനസ്സിലെ സന്തോഷമാണോ, മഴവില്ലായി തെളിയുന്നത്! മീരയ്ക്ക് അങ്ങനെ തോന്നി. നിറങ്ങളെല്ലാം സന്തോഷത്തിന്റേത് ആവും. എല്ലാ നിറങ്ങളും ഒരുമിച്ചാണെങ്കിലോ?
ആരെങ്കിലും ഉണ്ടെങ്കില്‍ അങ്ങോട്ട് വെറുതെ വരരുത്. കിഷന് പറഞ്ഞുവെച്ചിട്ടുണ്ട്. അവന്റെ വീട് ഇവിടെ ഇരുന്നു നോക്കിയാല്‍ കാണാം. ആരെങ്കിലും എന്ന് അവന് പറഞ്ഞെങ്കിലും, രാധ വരുമ്പോള്‍ മാത്രം വരേണ്ട എന്നാവും അവന് ഉദ്ദേശിച്ചത്. രാധയുള്ളപ്പോഴുള്ള കൂടിക്കാഴ്ചകളൊന്നും അത്ര രസത്തിലായിരുന്നില്ല. അവള്, എന്തൊക്കെയായിരിക്കും കിഷനോട് പറയുന്നത്? അവന്, ഒന്നും ഒളിക്കാറില്ലെങ്കിലും അവള്‍ക്ക്, രാധ പറഞ്ഞുകുട്ടുന്നതിനെക്കുറിച്ച് എന്നും വേവലാതിയുണ്ട്.
വാതില്ക്കല് ആരോ ഉണ്ട്.
"കിഷന് നിന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടോ?" രാധ ചോദിക്കുന്നു. ഒന്നും പറയാനായില്ല, മീരയ്ക്ക്.
"കിഷന് വിവാഹം കഴിക്കുന്നത് എന്നെ ആയിരിക്കും."
മീരയിലേക്ക്, പകപ്പിന്റെ ഒരു വലിയ തുണ്ട് എറിഞ്ഞുകൊടുത്ത് രാധ മറഞ്ഞു. മീര കിഷന്റെ വീട്ടിലേക്ക് വെറുതെ നോക്കി. അവനെ കണ്ടില്ല. ആ പകപ്പിന്റെ തുണ്ട് അവള്, കിഷനു കൊടുത്തപ്പോള്‍, അവന് പറഞ്ഞു. “ നിനക്ക് എന്നോടിത് ചോദിക്കേണ്ട കാര്യം പോലുമില്ലായിരുന്നു. അവള് പറയാറുള്ളതൊക്കെ നിന്നോട് പറയാറുണ്ടല്ലോ.”
ഒടുവില്‍ എന്നായിരുന്നു, അതിനെക്കുറിച്ച് മിണ്ടിയതെന്നോര്മ്മയില്ല. പക്ഷെ, അതിന്റെ ഒടുക്കം, എന്തിന്റെയൊക്കെയോ തുടക്കമായിരുന്നു.
"ഇല്ല കിഷന്, എനിക്കതിനാവില്ല."
"രാധയെ ഞാന്‍ വിവാഹം കഴിക്കില്ല."
"അത് കിഷന്റെ ഇഷ്ടം."
പതിവുപോലെ പറഞ്ഞുമടുത്ത് കിഷന് ദേഷ്യത്തില്‍ ഇറങ്ങിപ്പോയി. ഇത് സ്നേഹമാണോ? എന്നും കലഹിച്ചാല്‍ അത് സ്നേഹമാണോ? എന്നാലും...
"അവള് ഹോസ്റ്റലിലേക്ക് മാറി." മീരയുടെ അമ്മ- രണ്ടാനമ്മ- കിഷനോട് പറഞ്ഞു.
"ഏത് ഹോസ്റ്റലില്‍?"
"അത് അവളുടെ അച്ഛനേ കൃത്യമായി അറിയൂ. അദ്ദേഹം വന്നിട്ട് ചോദിച്ചറിയൂ."
ഇനി ചോദ്യവും ഉത്തരവുമൊന്നും ഇല്ലെന്ന് അമ്മയ്ക്ക് വാക്കുകൊടുത്തിട്ടാണു കിഷന് വന്നത്. മീരയേയും കൂട്ടി അമ്മയുടെ അടുത്തേക്കെന്നുറപ്പിച്ച്. പക്ഷെ, മീര പിടിതരാതെ വീണ്ടും. കിഷനു ദൈന്യത തോന്നി.
രണ്ട്
കണ്ണാടിയിലെ രൂപവും, നിറം മങ്ങിയ ആല്‍ബത്തിലെ ചിത്രത്തിലെ രൂപവും തമ്മില്‍ നേരിയ സാമ്യം മാത്രമേയുള്ളൂവെന്ന് മീരയ്ക്ക് തോന്നി. നിറം മങ്ങാതെ സൂക്ഷിക്കുന്നത് മനസ്സുമാത്രം. വര്‍ഷങ്ങള്‍ ഓരോ ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങള്‍. നിറമുള്ള ജനാലച്ചില്ലുകളും നോക്കി അവളിരുന്നു. പല നിറത്തിലുള്ള ചില്ലുപോലെ, പലരുടേയും ജീവിതത്തിനും അങ്ങനെ പല നിറങ്ങള്‍ ആവുമെന്ന് അവള്‍ക്കു തോന്നി. മങ്ങിയതും, തെളിഞ്ഞതും ഒക്കെ.
ഇന്ന് കിഷന് വരുമായിരിക്കും.
വന്നത് രാധയാണ്. കുട്ടികളും.
"കിഷന് സ്ഥലത്തില്ല. നാലഞ്ച് ദിവസം കഴിഞ്ഞേ വരൂ."
കളിക്കാന്‍ തുടങ്ങിയ കുട്ടികളെ വാത്സല്യത്തോടെ നോക്കി മീര ഇരുന്നു. കിഷന്റെ കുട്ടികള്‍. രാധയുടെ കുട്ടികള്‍. തന്റെയും???
"മീര ഞങ്ങളുടെ വീട്ടില്‍ വരൂ. കിഷന് വരുന്നതുവരെ." ഒന്നും പറഞ്ഞില്ല. രാധയോടുള്ള അകല്‍ച്ച എന്നാണ് മാറിയതെന്നറിയില്ല. അവള്, കിഷനെ വിവാഹം കഴിച്ചപ്പോഴാകും. പ്രിയപ്പെട്ടവരുടേതെന്തും, പ്രിയമുള്ളതാവുമായിരിക്കും.
"ഇനിയും വൈകിയിട്ടില്ലെന്ന് ഇന്നലെയും അമ്മ പറഞ്ഞു. എനിക്കും കുറ്റബോധം ഉണ്ട്." രാധ പറഞ്ഞപ്പോള്‍, മീര ചിരിക്കാന്‍ ശ്രമിച്ചു.
"സാരമില്ല. വിട്ടുതന്നിട്ടേയുള്ളൂ. രാധ തട്ടിപ്പറിച്ചിട്ടില്ല." പറയാനുള്ളത് മനസ്സിലേ പറഞ്ഞുള്ളൂ, മീര.
"കിഷനും, ചിലപ്പോള്‍ പറയാറുണ്ട്." രാധ വീണ്ടും. എന്താണിങ്ങനെ!
മീര ഒന്നും മിണ്ടിയില്ല.
"അമ്മ, പറഞ്ഞു, പറ്റുമെങ്കില്‍, വീട്ടിലും ഒന്നു ചെല്ലണമെന്ന്."
അമ്മ!
ആദ്യം, രാധയുടെ അമ്മ. അതുകഴിഞ്ഞേ തന്റെ അമ്മയായുള്ളൂ. അതുകൊണ്ടാവും രണ്ടാനമ്മയെന്ന് പറയുന്നതെന്ന് മീര തമാശയോടെ ഓര്‍ത്തു. ബന്ധിപ്പിക്കാന്‍, ആ അമ്മയുള്ളതുകൊണ്ടാണ്, കിഷനും ഒടുവില്‍ സമ്മതിക്കേണ്ടിവന്നത്. അല്ലെങ്കില്‍ കിഷനും! മീരയ്ക്ക് ഇനി തിരിച്ചുപോകണമെന്നുണ്ടോ? മഠത്തിന്റെ ഹോസ്റ്റലില്‍ ആണെങ്കിലും, മഠത്തിലെ അന്തേവാസിനിയായി, മനസ്സുകൊണ്ട്, എന്നും സങ്കല്‍പ്പിക്കാറുണ്ട്. ഇനിയൊരു തിരിച്ചുപോക്ക് വേണോ? ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍, ആലോചിക്കാമെന്നേ ഇതുവരെ കരുതിയിട്ടുള്ളൂ.
കുട്ടികളെ ശാസിച്ച് അടക്കിയിരുത്തുന്ന രാധയെ നോക്കിനില്ക്കുമ്പോള്, മീര ഓര്‍ത്തത്, ത്യാഗങ്ങളിലൂടെ കിട്ടുന്ന നോവുകള്‍ക്ക് മധുരമേയുണ്ടാവൂ എന്നതാണ്. അച്ഛനും അമ്മയും, രാധയും, സന്തോഷിക്കുമ്പോള്‍, അവള്‍ക്കും കിഷനും ദുഃഖിക്കാനാവില്ലല്ലോ.
രാധയോടൊപ്പം ഒന്നുപോയി വരാം. വരും, തീര്‍ച്ചയായിട്ടും, തിരിച്ച്. ഇവിടെ മതി, ഇനി ജീവിതം. നിറമുള്ള ചില്ലുകളിലൂടെ നിറമുള്ള ആകാശവും ഭൂമിയും നോക്കിക്കാണാം. ജീവിതത്തിന്റെ നിറം മങ്ങുന്നതിനെക്കുറിച്ചോര്‍ക്കാന്‍ നേരമുണ്ടാവില്ലപ്പോള്‍.
Labels: കഥ
11 Comments:
:)
സൂവേച്ചീ...
ഈ കൊച്ചു കഥ നന്നായി ഇഷ്ടപ്പെട്ടു. ചില വാചകങ്ങളും.
"പ്രിയപ്പെട്ടവരുടേതെന്തും, പ്രിയമുള്ളതാവുമായിരിക്കും."
അതു പോലെ, ത്യാഗങ്ങളിലൂടെ കിട്ടുന്ന നോവുകള്‍ക്ക് എന്നും മധുരമായിരിക്കും.
:)
മീര, കിഷന് , രാധ - കൊച്ചു കഥയും അതിലെ കഥാപാത്രങ്ങളുടെ മനോവിചാരങ്ങളും ഇഷ്ടമായി..!
ആശംസകള്‍
:)
എനിക്കു വട്ടായി... :P
"പ്രിയപ്പെട്ടവരുടേതെന്തും, പ്രിയമുള്ളതാവുമായിരിക്കും." ഇതുമാത്രം മനസിലായി...
--
“നിറമുള്ള ചില്ലുകളിലൂടെ നിറമുള്ള ആകാശവും ഭൂമിയും നോക്കിക്കാണാം. ജീവിതത്തിന്റെ നിറം മങ്ങുന്നതിനെക്കുറിച്ചോര്‍ക്കാന്‍ നേരമുണ്ടാവില്ലപ്പോള്‍.“
:)
ദീപൂ :)
ശ്രീ :) നന്ദി.
അലിഫ് :) നന്ദി.
ഹരീ :) ഇതൊരു സാദാ കഥയല്ലേ? ഇതു മനസ്സിലായില്ലേ? എന്റെ എഴുത്തിന്റെ കുറ്റം.
മയൂര :)
നന്നായി ഇഷ്ടപ്പെട്ടു.
സൂ...
അഭിനന്ദനങ്ങള്‍....വളരെ നന്നായിരിക്കുന്നു ശൈലി
നന്മകള് നേരുന്നു
പ്രിയ :)
മഴത്തുള്ളിക്കിലുക്കം :)
നന്ദി.
വായിച്ചവര്‍ക്കും നന്ദി.
ചേച്ച്യേ..നന്നായിട്ടോ
:)
ശ്ശെഡാ. ഈ ഹിന്ദിക്കാരന് കൃഷ്ണനെ തല്ലണമല്ലൊ. പാവം മീര. പാവം രാധ. പാവം രുക്മിണി. പാവം സത്യഭാമ. പാവം ജാംബവതി. പാവം പതിനാറായിരത്തിനൂറ്റിയെട്ട്...
Post a Comment
Subscribe to Post Comments [Atom]
<< Home