ജ്യോതിർമയി
ജ്യോതിർമയിയ്ക്ക് അന്നെന്തോ പന്തികേട് തോന്നി. ‘വെയിലിന്റെ ചൂടിങ്ങോട്ട് വന്നോട്ടെ, എന്നിട്ടാവാം കുളി കുട്ടീ’ എന്നു പറയുന്ന അമ്മമ്മ, അന്ന് അവൾ എണീറ്റു വരുമ്പോഴേക്കും, കുളിച്ച് നാമം ചൊല്ലി ഇരിക്കുന്നുണ്ടായിരുന്നു.
“ചിന്നൂ വേഗാവട്ടെ, ഞാനെത്ര വിളിച്ചു? ഇതെന്താ സ്കൂളിൽ പോവണ്ടേ?” അമ്മ അടുക്കളയിൽ നിന്ന് എന്തോ പൊതിഞ്ഞുകെട്ടിക്കൊണ്ട് അമ്മമ്മയുടെ മുറിയിലേക്ക് പോയി. ജ്യോതിർമയി പടിഞ്ഞാറേ കോലായിയിലേക്കു നടന്നു. അവിടെ മുറ്റത്തേക്കുള്ള പൈപ്പിന്റെ അടുത്തുനിന്നാണ് പല്ലുതേയ്പ്. കാക്കകൾ മാത്രം പതിവുപോലെ പറമ്പിൽ നിൽക്കുന്നുണ്ട്. അവൾ പല്ലുതേയ്പും കുളിയുമൊക്കെ കഴിഞ്ഞ് എത്തിയപ്പോഴേക്കും അമ്മമ്മ ചായ കുടിക്കാൻ ഇരുന്നിട്ടുണ്ട്.
“നല്ലോണം തോർത്തീലേ തല?” അമ്മ തൊടാൻ വന്നപ്പോഴേക്കും അവൾ അമ്മമ്മയുടെ അടുത്ത് ഇരുന്നു. അമ്പലത്തിൽ പോകുന്നത് ഇഷ്ടമാണെങ്കിലും വൈകി എന്നു തോന്നിയതുകൊണ്ട് അവൾ പോകേണ്ടെന്നുവെച്ചു. അതുമല്ല, അമ്മമ്മയുടെ ധൃതി എന്താണെന്ന് മനസ്സിലായിട്ടുമില്ല. അമ്മ രണ്ടാൾക്കും ഇലവെച്ച് ഇഡ്ഡലിയും ചമ്മന്തിയും വിളമ്പി. ചമ്മന്തിയിലെ കറിവേപ്പിലയെടുത്ത് ‘ഇശ്ശ്’ എന്നും പറഞ്ഞ് അവൾ ഇലയുടെ ഒരുവശത്തേക്കിട്ടു.
അമ്മമ്മ സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു. “ഇശ്ശ് കിശ്ശ് എന്നൊന്നും പറയേണ്ട. മുടിയ്ക്ക് നല്ലതാ കറിവേപ്പില.”
“അമ്മമ്മ തിന്ന്വോ?”
“ഞാൻ ഇപ്പോ തിന്നില്ല. പണ്ടൊക്കെ, വറത്തിട്ട കറിവേപ്പില കളയില്ലായിരുന്നു."
"അമ്മമ്മ എന്താ ഇന്ന് നേരത്തെ?” അത് മറന്നുപോയിരുന്നല്ലോന്നുള്ള മട്ടിൽ അവൾ വേഗം ചോദിച്ചു.
“എന്ത് നേരത്തെ? ഇന്ന് അങ്ങനെ തോന്നി.”
“അതൊന്ന്വല്ല. എന്തോ ണ്ട്.”
“ചിന്നൂ, കഴിച്ചിട്ട് എണീക്കാൻ നോക്ക്. അല്ലെങ്കിൽത്തന്നെ ഇന്നു വൈകിയിട്ടാ ഒക്കെ.” അമ്മ അവളുടെ മുന്നിൽ ചായ തണുപ്പിച്ച് കൊണ്ടുവച്ചു.
ചായ കഴിഞ്ഞ് കൈ കഴുകി, അവൾ ചെന്ന് ബാഗൊക്കെ ഒരുക്കിവെച്ചു. പോകാനും തയ്യാറായി. ബാഗിൽ ലഞ്ച് ബോക്സും വെള്ളവും എടുത്തുവയ്ക്കണം. അതേയുള്ളു, രാവിലെ ഒരുക്കം. ബാക്കിയൊക്കെ രാത്രി തന്നെ എടുത്തുവയ്ക്കും. ബാഗ്, ഉമ്മറത്ത്, ഏട്ടന്റെ ബാഗിനടുത്തു കൊണ്ടുവെച്ചു. അച്ഛൻ പത്രം വായിക്കുന്നുണ്ട്. ഏട്ടൻ പത്രത്തിന്റെ ഒരു പേജെടുത്തുവെച്ച് ചിത്രം നോക്കുന്നുണ്ട്. അച്ഛനാണ് സ്കൂളിൽ കൊണ്ടുവിടുക. ഇനിയും സമയമുണ്ട്. എന്തോ ഓർമ്മവന്നതുപോലെ അവൾ അമ്മമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്നു. അവിടെ കട്ടിലിൽ മടക്കിവെച്ച കിടക്കയുടെ അടുത്ത് ഒരു ബാഗ്. അതിനടുത്ത് മടക്കിവെച്ച് കുറച്ചുതുണികൾ. അതിനൊപ്പം ബ്ലൌസുകൾ കണ്ടപ്പോൾ, അത് അമ്മമ്മ പുതുതായി തയ്പ്പിച്ചതാണെന്ന് അവൾക്ക് മനസ്സിലായി. അമ്മ കൊണ്ടുവെച്ച പൊതി കണ്ട് അവൾ എടുത്തുനോക്കി. പഴം ആണെന്ന് തോന്നുന്നു.
‘ഉം...മനസ്സിലായി. അമ്മമ്മ എങ്ങോട്ടോ പോകാൻ ഒരുങ്ങുന്നു.’
“അതവിടെ വയ്ക്കൂ ചിന്നൂ, അത് പഴാണ്.” അമ്മമ്മ വന്നു. അവളത് അവിടെയിട്ടു.
“ആയ്..ന്റെ കണ്ണടയുണ്ടോന്ന് നോക്കൂ അവിടെ. അതിന്റെ മേലേയ്ക്കാണോ ഇട്ടത്?” ബാഗിന്റെ അടുത്തുനിന്ന് അവൾ കണ്ണടക്കൂട് അമ്മമ്മയ്ക്ക് എടുത്തുകൊടുത്തു.
“എങ്ങോട്ടാ?”
“എങ്ങോട്ട്?”
“അമ്മമ്മ എങ്ങോട്ടാ പോണേന്നാ ചോദിച്ചത്.”
“അതോ. അത്... ഞങ്ങളൊക്കെക്കൂടെ ഒന്ന് ഗുരുവായൂർക്ക് പോക്വാ. മറ്റന്നാളിങ്ങു വരും.”
ഞങ്ങളൊക്കെ എന്നു പറഞ്ഞാൽ അമ്മമ്മയുടെ കൂട്ടുകാരികളായിരിക്കും. ഇടയ്ക്ക് പോകാറുണ്ട്, അമ്മമ്മ.
“ഞാനും വരും.”
“കുട്ടിയ്ക്ക് സ്കൂളില്ലേ?”
“ഞാനും വരും. വെള്ളിയാഴ്ച ആയില്ലേ. നാളേം മറ്റന്നാളും സ്കൂളില്ലല്ലോ.”
“ഇന്നുണ്ടല്ലോ.”
“ഞാൻ അമ്മമ്മേടെ കൂടെ വരും.”
അവൾ അമ്മേന്നും വിളിച്ച് അടുക്കളയിലേക്കു പോയി.
“എന്താ ഒരുങ്ങിയില്ലേ?”
“ഞാൻ അമ്മമ്മേടെ കൂടെയാ പോവുന്നേ.”
“ങ്ങേ...അപ്പോ സ്കൂളോ?”
“പോണില്ല.”
“സ്കൂളിൽ പോകാതെയിരിക്കാനോ?”
“ഞാൻ അമ്മമ്മേടെ കൂടെ പോകും. ഏട്ടൻ ടീച്ചറോട് പറഞ്ഞോളും.”
അമ്മ ഉമ്മറത്തേയ്ക്ക് പോയി. അച്ഛനോട് പറയാനാവും. അവൾ പോയില്ല. അമ്മ തന്നെ ചോദിച്ചിട്ടു വരട്ടെ. അവൾ പതുങ്ങിപ്പതുങ്ങി വാതിലിന്റെ പിറകിൽ പോയി നിന്നു.
*****************************************
കാർ വന്നപ്പോൾ അവൾ അമ്മമ്മയുടെ കൂടെ ഗേറ്റിലേക്കു ചെന്നു. അമ്മ അവരുടെ ബാഗും പിടിച്ച് പിന്നാലെ വന്നു. കാറിലേക്ക് കയറാൻ നോക്കുമ്പോൾ ശാരദാമ്മ ചോദിച്ചു.
“ചിന്നൂം വരണുണ്ടോ? സ്കൂളില്ലേ ഇന്ന്?”
“സ്കൂളൊക്കെയുണ്ട്. അവളും വരുന്നെന്നു പറഞ്ഞു. നാലാം ക്ലാസ്സിലല്ലേ ആയുള്ളൂ. സാരമില്ലെന്നുവെച്ചു.”
“മാളൂം പുറപ്പെട്ടിരുന്നു. പക്ഷേ മാലിനി പറഞ്ഞു ജലദോഷമുണ്ട്, പനിയെങ്ങാൻ വന്നാൽ അമ്മ വിഷമിക്കുംന്ന്.”
“വൈകുന്നേരം തൊഴാൻ പറ്റുമോന്ന് നോക്കാം അല്ലേ? നല്ല തിരക്കായിരിക്കും.”
“പോയി ഒന്നു വിശ്രമിച്ചിട്ട് രാവിലെ കുളിച്ചു തൊഴാം. അതാ നല്ലത്. ഏർപ്പാടൊക്കെ ഇവൻ പോയി അന്വേഷിച്ചു ചെയ്തോളും.” ഡ്രൈവറെ നോക്കി ശാരദാമ്മ പറഞ്ഞു. അവരുടെ വീട്ടിലേതാണ് കാർ. മാളുവും വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് അവൾക്കു തോന്നി. വേറെ രണ്ടു പേരു കൂടെയുണ്ടായിരുന്നു അവരുടെ കൂടെ. അമ്മമ്മയുടെ കൂട്ടുകാരികൾ.
തിരക്കുകണ്ട് ജ്യോതിർമയി പേടിച്ചു.
“ശനിയാഴ്ചയല്ലേ. ഒഴിവിന്റെ തിരക്കാവും.” അമ്മമ്മ പറഞ്ഞു. അവൾ അമ്മമ്മയോട് ഒട്ടി നിന്നു. എത്രയോ നേരത്തേ എണീറ്റ് കുളിച്ചു പുറപ്പെട്ട് വന്നിരിക്കുകയാണ്. അവളുടെ ഉറക്കപ്പിച്ച് ഇനീം പോയിട്ടില്ല.
മുന്നോട്ട് നീങ്ങി നീങ്ങി അവർ അമ്പലത്തിനുള്ളിൽ കടന്നു. കണ്ണനെ കണ്ട് നന്നായി തൊഴുതിട്ടേ അവൾ മുന്നോട്ട് നീങ്ങിയുള്ളൂ.
‘പ്രദക്ഷിണം വയ്ക്കാം കുട്ടീ എന്നും പറഞ്ഞ് അമ്മമ്മ അവളുടെ കൈയും പിടിച്ചുനടന്നു. അവൾ ചുറ്റുമുള്ള കാഴ്ചകളും ആൾക്കാരേയും കണ്ട് നടന്നു. എപ്പോഴാണ് പിടിവിട്ടുപോയതെന്ന് അറിയില്ല. അവൾ ചുമരിലെ ചിത്രങ്ങൾ നോക്കിയിട്ട് തിരിഞ്ഞപ്പോൾ അമ്മമ്മയേയും കൂട്ടുകാരികളേയും കണ്ടില്ല.
*****************************************
“ദേ..നോക്കൂ.. ആ കുട്ടി കരയുന്നു.” ശ്രീദേവി, രാമകൃഷ്ണനോടു പറഞ്ഞു. അയാൾ നോക്കുമ്പോൾ അവിടെനിന്നു കരയുന്നുണ്ട് ഒരു കുട്ടി. രണ്ടാളും അവളുടെ അടുത്തേക്കു ചെന്നു.
“എന്താ എന്തുപറ്റീ? അമ്മയെവിടെ മോൾടെ?”
“അമ്മമ്മ...” അവൾക്കു മുഴുവൻ പറയാൻ പറ്റിയില്ല. ഏങ്ങലടിച്ചു.
“അമ്മമ്മയാണോ കൂടെയുള്ളത്?”
“ഉം..”
“വാ...നമുക്കു കണ്ടുപിടിക്കാം.
“നമ്മളെങ്ങോട്ടു പോവുന്നു?” ശ്രീദേവി ചോദിച്ചു.
“ഇവൾടെ കൂടെയുള്ള ആരെയെങ്കിലും കണ്ടുപിടിയ്ക്കേണ്ടേ.”
“കൃഷ്ണേട്ടാ, ചെലപ്പോ ഉണ്ണിക്കണ്ണൻ നമുക്കു തന്നതാണെങ്കിലോ?”
“ഇത്രേം വളർത്തിവലുതാക്കീട്ടോ?” അയാൾ അവൾ പറഞ്ഞത് തമാശയാക്കിയെടുത്ത് ഉറക്കെച്ചിരിച്ചു. അവൾക്കു ദേഷ്യം വന്നു.
“ഇത്രേം ആളുണ്ടായിട്ട് നമുക്കല്ലേ ഇവളോട് മിണ്ടാൻ തോന്നിയത്.”
“ആദ്യം കണ്ടത് നീയാവും. നമ്മൾ രണ്ടാളും മിണ്ടുന്നതുകണ്ടാൽപ്പിന്നെ വേറെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കേണ്ട കാര്യമുണ്ടാവുമോ? നീ വേഗം നടക്ക്. അവരെ കണ്ടുപിടിച്ച് ഏൽപ്പിച്ചേക്കാം. ഇല്ലെങ്കിലേ, കേസാവും. അതിന്റെ പിന്നാലെ പോകേണ്ടിവരും.”
“അതൊന്നും ഇല്ല. പുറത്തെങ്ങാൻ നിൽക്കുന്നുണ്ടാവും. അവരുടെ കൂട്ടത്തിൽ കുറേപ്പേരുള്ളതുകൊണ്ട് കൂടെയുണ്ടാവും എന്നുവിചാരിച്ചുകാണും.”
“ഉം..വേഗം പോകാം.”
“അമ്മമ്മയെ കണ്ടുപിടിക്കാംട്ടോ. മോളു വിഷമിക്കേണ്ട.”
അവളോട് പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു.
പുറത്തേയ്ക്കിറങ്ങി നോക്കുമ്പോൾ അവിടെ അകത്തുനിന്ന് വരുന്നവരേയും നോക്കിനില്ക്കുന്നുണ്ട്, അവളുടെ അമ്മമ്മയും കൂട്ടുകാരിയും.
“ദാ..അമ്മമ്മ.” അവൾ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. “ഈശ്വരാ” ന്നും വിളിച്ച് അവളെ അമ്മമ്മ കെട്ടിപ്പിടിച്ചു.
“വന്ന്വോ? ഞങ്ങൾ ഉള്ളിലൊക്കെ നോക്കിയിട്ട് വര്വായിരുന്നു.” ശാരദാമ്മയും കൂട്ടുകാരിയും ചിന്നുവിന്റെ പിന്നാലെ വന്നു.
“ഞാൻ പേടിച്ചുപോയി.” അമ്മമ്മ അവളെ പിന്നേം ചേർത്തുപിടിച്ചു.
“പേടിക്കാനൊന്നൂല്ലാന്ന് ഞാൻ പറഞ്ഞതല്ലേ. കൃഷ്ണനൊന്ന് പരീക്ഷിച്ചതായിരിക്കും.”
“അമ്മമ്മയാണല്ലേ? അവിടെനിന്ന് കരയ്യായിരുന്നു മോൾ.” രാമകൃഷ്ണൻ പറഞ്ഞു. അവർ പരിചയപ്പെട്ടു. പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു.
*********************************
യാത്രകളൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൂന്നുപേരും കാത്തുനിൽപ്പുണ്ടായിരുന്നു.
“ചിന്നൂ, ടീച്ചറോട് ഞാൻ പറഞ്ഞു, അവൾ അമ്മമ്മേടെ കൂടെ യാത്ര പോയതാണെന്ന്. എന്താ ഞാനും പോവാഞ്ഞേന്നു ചോദിച്ചു.” ഏട്ടൻ പറഞ്ഞു.
അത്താഴം കഴിഞ്ഞ് ഇരിക്കുമ്പോൾ അമ്മമ്മ പറഞ്ഞു.
“ഞാനിത്രേം പേടിച്ചിട്ടില്ല. അമ്പലമാണ്. എന്നാലും എന്താ കഥ! നെറയെ ആൾക്കാര്. എവിടെപ്പോയി തെരയണം, ആരോടു ചോദിക്കണം. വെപ്രാളമായിപ്പോയി.” അവളുടെ അമ്മയും അച്ഛനും കേട്ടിരിക്കുന്നു.
അവൾ ഉറങ്ങുകയായിരുന്നു.
സ്കൂളിലേക്ക് പോകാനുള്ളതും, പഠിക്കാനുള്ളതും, വേർപെട്ടു പോയതും ഒന്നുമോർമ്മിക്കാതെ...
ഉണ്ണിക്കണ്ണനേം സ്വപ്നം കണ്ട്.
(കാക്കത്തൊള്ളായിരം പോസ്റ്റുകൾക്കും പേരിട്ടു കഴിഞ്ഞാൽ അടുത്തതിനു ജ്യോതിർമയി എന്നു പേരിടും എന്നു പറഞ്ഞിരുന്നു. കാക്കത്തൊള്ളായിരമൊന്നും ആയില്ലെങ്കിലും ഈ കഥയ്ക്ക് ആ പേരിട്ടു. ഇടാൻ ധൈര്യം കാണിച്ചു. ഞാനെന്റെ വാഗ്ദാനം ഇതാ പാലിച്ചിരിക്കുന്നു. ജ്യോതീ, നന്ദിയൊന്നും വേണ്ട. സമ്മാനം പോന്നോട്ടെ. (ഓടിയ്ക്കരുത്. ഒരു ഓട്ടർഷയെങ്കിലും വിളിച്ചുതരണം പ്ലീസ്).
Labels: കഥ
9 Comments:
:)
sammathichu.....
വഴിപോക്കൻ :)
കാക്കത്തൊള്ളായിരം പോസ്റ്റിന്റെയും പേരിന്റെയും ഗുട്ടൻസ് മനസ്സിലായില്ല.
കഥ തരക്കേടില്ല എന്നേയുള്ളു. അഭിപ്രായം തുറന്നുപറയാനാണെങ്കിൽ കഥക്കുവേണ്ടി എഴുതിയപോലെ ഒരു കഥ.
ചിതൽ :) അഭിപ്രായം തുറന്നുപറഞ്ഞത് നന്നായി.
മോശമായില്ല..:-)
സൂ!!!!!!!!!ജി :)
വാക്കുപാലിച്ചു അല്ലെ? ഇതു എത്രായിരാമത്തെ പോസ്റ്റാണു്?
ഞാന്‍ ഇപ്പോഴേ കണ്ടുള്ളൂ.. ഇനി വായിച്ചിട്ട് അഭിപ്രായം പറയാം ട്ടൊ
ജ്യോതിര്‍മയി (വാഗ്ജ്യോതി)
ഹായ്!... സന്തോഷമായി ട്ടോ സൂ!!!!ജി :)
എന്റെ കഥ കൊള്ളാം... ഉണ്ണിക്കണ്ണനും അമ്മയും അമ്മൂമ്മയും ഏട്ടനും ...ഒക്കെ എങ്ങനെ അറിഞ്ഞൂ!
വളരെ നന്ദി... വാക്കുപാലിച്ച വക ഒരു പാചകക്കുറിപ്പ് എന്റെ ബ്ലോഗില്‍ അധികം വൈകാതെ (ഇന്നല്ല) പോസ്റ്റ് ചെയ്യാം. എന്നാല്‍ മതിയോ? ഹി ഹി
മോഹനം :) നന്ദി.
ജ്യോതീ :) വായിക്കാൻ വന്നല്ലോ. സന്തോഷമായി. ഹും...പാചകക്കുറിപ്പ്. അതിന്റെ പ്രിന്റ് എടുത്ത് തിന്നോളാം. ;)
good
Post a Comment
Subscribe to Post Comments [Atom]
<< Home