Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, November 27, 2006

പാവം ദേവസ്സിച്ചേട്ടന്‍

ദേവസ്സിച്ചേട്ടന്‍, പതിവുപോലെ സൂര്യനെ വെല്ലുവിളിച്ചുകൊണ്ട്‌, പത്രം, സൂര്യനുനേര്‍ക്ക്‌ പിടിച്ചിരുന്നു. കാഴ്ച മങ്ങുമെങ്കിലും, വാര്‍ത്തകളൊക്കെ കാടിവെള്ളത്തിന്റെ അവസാനത്തുള്ളിയും നക്കിക്കുടിയ്ക്കുന്ന പശുവിന്റെ അതേ ഉഷാറോടെ ദേവസ്സിച്ചേട്ടനും വായിക്കണം. വായിച്ച്‌ വായിച്ച്‌ വിവരം വന്ന് തുടങ്ങിയപ്പോഴാണ് തയ്യല്‍ക്കാരന്‍ പീതാംബരന്‍, ഇടവഴിയില്‍ക്കൂടെ പോകുന്നത്‌ ദേവസ്സിച്ചേട്ടന്‍ കണ്ടത്‌. “പീതാംബരാ ഇന്നെന്തുണ്ട്‌ വിശേഷം?”

പീതാംബരന്റെ മുഖത്തിനു നല്ല ചുമപ്പുണ്ട്‌. ഇടിക്കുളച്ചേട്ടന്റെ, ഭാര്യയുടെ ബ്ലൌസിന്റെ അളവിത്തിരി കുറഞ്ഞുപോയതുകാരണം, പീതാംബരന് കുറച്ചധികം തന്നെ കിട്ടി. അതിന്റെ ഒരു ദേഷ്യം ഉണ്ട്‌.

"എന്ത്‌ വിശേഷം? എല്ലാം പതിവുപോലെത്തന്നെ."പതിവില്ലാത്ത ആ പറച്ചിലില്‍ ദേവസ്സിച്ചേട്ടന് എന്തോ ഒരു കുഴപ്പം തോന്നി. ദേവസ്സിച്ചേട്ടന്‍ പിന്നേം പത്രവുമായി സ്നേഹത്തിലാവുകയും, പീതാംബരന്‍ വായ വിട്ട വാക്ക്‌ പോലെ പറന്നുപോവുകയും ചെയ്തു.

ദേവസ്സിച്ചേട്ടനു ഇരുപ്പറച്ചില്ല. എണീറ്റ്‌ റെഡിയായി.

"ഞാനൊന്ന് കവലയില്‍ പോയി വരാം.” എന്ന് അകത്തേക്ക്‌ നോക്കി വിളിച്ചുപറയുകയും, ആ ശബ്ദത്തിനു ഒരു പ്രതികരണവും ഇല്ലാത്തതുകൊണ്ട്‌ ഇറങ്ങിനടക്കുകയും ചെയ്തു. കേട്ടാലൊരു നൂറു ജോലിയുണ്ടാകും എടുപ്പിക്കാന്‍.

ദേവസ്സിച്ചേട്ടന്‍ നടന്ന് നടന്ന് കവലയില്‍ എത്തിയപ്പോഴാണ്‌‍ പുതിയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിന്റെ മുന്നില്‍ ഒരു ആള്‍ക്കൂട്ടം. പരിചയക്കാര്‍ മുഴുവനും ഉണ്ട്‌. അന്വേഷിച്ചപ്പോഴാണ്‌‍ അറിഞ്ഞത്‌, റോഡിനരികിലുള്ള വൃക്ഷത്തില്‍ നിന്ന് ഇല കൊഴിഞ്ഞ്‌ സ്കൂളിലുണ്ടാക്കിയ കിണറില്‍ ഇല വീണ്‌‍ ചീയുന്നെന്ന്. സ്കൂള്‍ രണ്ടുമൂന്ന് ദിവസം അവധി ആയതിനാല്‍ സ്കൂളില്‍ അല്ലറ ചില്ലറ ജോലികള്‍ ചെയ്യുന്ന ലീലയാണ്‌ പറഞ്ഞത്‌.

കൂട്ടംകൂടി നിന്ന് ആലോചനയും, ചര്‍ച്ചയും മുറുകി. പഞ്ചായത്ത്‌ ആപ്പീസിലേക്ക്‌ എല്ലാവരും കൂടെ പരാതി ബോധിപ്പിക്കാന്‍ ചെല്ലാന്‍ തീര്‍ച്ചയാക്കി. സ്കൂളിലുള്ള ഉത്തരവാദിത്തമുള്ള ആരെങ്കിലും വന്നിട്ട്‌ പോരേന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും പലരും അനുകൂലിച്ചില്ല. ദേവസ്സിച്ചേട്ടനും അവരുടെ കൂട്ടത്തില്‍ വെച്ചുപിടിച്ചു. സമരവും വഴക്കും, തീരുമാനിക്കാമെന്നുള്ള പഞ്ചായത്ത്‌ ഓഫീസുകാരുടെ തീരുമാനമറിയിക്കലും, ഒക്കെക്കഴിഞ്ഞാണു ദേവസ്സിച്ചേട്ടനു വീടിനെപ്പറ്റി ബോധം വന്നത്‌. ദേവസ്സിച്ചേട്ടന്റെ ആരും പഠിക്കുന്നില്ല സ്കൂളില്‍. ബന്ധുക്കള്‍ പോലും. എന്നിട്ടും ദേവസ്സിച്ചേട്ടന്‍, സമരത്തിലും വഴക്കിലും ഒക്കെ ഉഷാറായി പങ്കുകൊണ്ടു. അല്ലെങ്കിലും എങ്ങനെയാ നാട്ടില്‍ ഒരു പ്രശ്നം വരുമ്പോള്‍ ദേവസ്സിച്ചേട്ടന്‍ മാത്രം മാറി നില്‍ക്കുക. ഒന്നുമില്ലെങ്കിലും നാട്ടുകാരെന്ത്‌ വിചാരിക്കും?

അങ്ങനെ, ദേവസ്സിച്ചേട്ടന്‍, വീട്ടിലെത്തുമ്പോള്‍ ഒരു നേരമായി. ഉമ്മറപ്പടിയില്‍ ഇരിക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ ദേവസ്സിച്ചേട്ടനു എന്തോ പന്തികേട്‌ തോന്നി.

"നിങ്ങളിതെവിടെപ്പോയി കിടക്കുകയായിരുന്നു" എന്ന് കേള്‍ക്കുകയും ചെയ്തപ്പോള്‍ കുഴപ്പ് തന്നെ എന്ന് ‌ ദേവസ്സിച്ചേട്ടനു തോന്നി.

"എന്താ?"

“ചെന്നു നോക്കീന്‍ അങ്ങോട്ട്” എന്ന് പറഞ്ഞ്‌ വീടിന്റെ പിന്‍വശത്തേക്ക്‌ കൈചൂണ്ടി ഭാര്യ മുഖം കനപ്പിച്ചു.


ചെന്ന് നോക്കിയപ്പോള്‍ ദേവസ്സിച്ചേട്ടന്‍ ശരിക്കും ഞെട്ടിപ്പോയി. പണ്ടെങ്ങോ മിന്നലടിച്ച്‌ തല പോയ തെങ്ങ്‌ നിന്നിരുന്നത്‌, പണ്ട്‌ പശു ഉണ്ടായിരുന്നപ്പോള്‍ കെട്ടിയ ആലയുടെ മുകളിലേക്ക്‌ വീണുകിടക്കുന്നു. അങ്ങോട്ട്‌ ചെരിയേണ്ടത്‌ കുറച്ചുകൂടെ സൈഡ്‌ മാറി വീണിരുന്നെങ്കില്‍, തന്റെ വീട്ടിനു മുകളില്‍ ആയിരുന്നെങ്കില്‍ എന്ന് ദേവസ്സിച്ചേട്ടന്‍ ഞെട്ടലോടെ ഓര്‍ത്തു. അത്‌ മുറിപ്പിക്കണം മുറിപ്പിക്കണംന്ന് ഭാര്യ പറയുമ്പോള്‍, നോക്കാം നോക്കാം എന്ന് പല്ലവി പാടിയ ദേവസ്സിച്ചേട്ടനാണ്‌‍, സ്കൂളിലെ കിണറ്റിലേക്ക്‌, ഇല വീഴുന്നത്‌ തടയാനുള്ള പ്രക്ഷോഭത്തില്‍ പങ്ക്‌ കൊണ്ടത്‌.

കഷ്ടം!

മൂന്നു നാലു ദിവസം കഴിഞ്ഞപ്പോള്‍ സ്കൂള്‍ തുറക്കുകയും, എവിടെയോ പോയിരുന്ന, അതിന്റെ മാനേജര്‍ വന്ന്, കിണറിനു വലകെട്ടിക്കുകയും ചെയ്തു എന്നറിഞ്ഞപ്പോള്‍ ദേവസ്സിച്ചേട്ടന്‍ അയ്യടാന്നായി.

പോരാത്തതിന്‌ തകര്‍ന്നു പോയ ആലയോട്‌ നാട്ടുകാര്‍ക്കുള്ള സഹതാപവും കൂടെ ആയപ്പോള്‍ ദേവസ്സിച്ചേട്ടന്‍, വീട്ടിലെ ആനക്കാര്യം വിട്ട്‌ നാട്ടിലെ ചേനക്കാര്യം നോക്കി ആളാവാന്‍ പോയതില്‍ പരിതപിച്ചു. ദേവസ്സിച്ചേട്ടനു അതുകൊണ്ടൊരു ഗുണമുണ്ടായി കേട്ടോ.

ഒരു പഴംചൊല്ലു പഠിച്ചു. നാട്ടുകാരിലാരോ പറഞ്ഞത്‌ കേട്ട്‌.

‘ചോറ്റില്‍ കിടക്കുന്ന കല്ലെടുത്തുണ്മാന്‍ വയ്യാ, ഗോപുരം കെട്ടാന്‍ കല്ലു ചുമക്കാം പോലും.’ എന്ന്.

Labels:

22 Comments:

Blogger ബിന്ദു said...

പാവം ദേവസ്സിചേട്ടന്‍!:) ഞാനും പഠിച്ചു പഴംചൊല്ല്.അവനവന്റെ കണ്ണിലെ കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പോവുക എന്നൊരെണ്ണം.ശരിയാണോ? അല്ലേ? ആവോ?

Mon Nov 27, 09:27:00 pm IST  
Blogger വല്യമ്മായി said...

ഈ ആണുങ്ങളെല്ലെങ്കിലും അങ്ങനെയാ

Mon Nov 27, 09:32:00 pm IST  
Anonymous Anonymous said...

അങ്ങനെ എനിക്ക് മൊത്തം രണ്ട് പഴംചൊല്ല് പഠിഞ്ഞു
ഈ ആണുങ്ങളെല്ലെങ്കിലും അങ്ങനെയാണെന്നും മനസ്സിലായി

Mon Nov 27, 09:42:00 pm IST  
Blogger sandoz said...

മത്സരം കഴിഞ്ഞ ഉടനെ ദേവസ്സി ചേട്ടനും പഴഞ്ചൊല്ലുകളും.എന്തൊ,എവിടെയോ,എങ്ങനയോ-ഇല്ലെ സു

Mon Nov 27, 10:01:00 pm IST  
Blogger സു | Su said...

ബിന്ദൂ :) അങ്ങനെ ഒന്നുണ്ട്. പക്ഷെ ആ കഥയല്ല ഈ കഥ. ഇത് വേറെയാ ;)

വല്യമ്മായീ :) എങ്ങനെ? ദേവസ്സിച്ചേട്ടനെപ്പോലെയോ? ചില പെണ്ണുങ്ങളും അങ്ങനെ ഉണ്ട്. ;)

പയ്യന്‍ :) അത് നന്നായി. എന്തെങ്കിലും പഠിക്കുന്നത് നല്ലതാണ്.

സാന്‍ഡോസ് :) എന്തോ എവിടെയോ എങ്ങനേയോ ഒന്നും ഇല്ല. മത്സരം കഴിഞ്ഞു. അതിലെ വിദ്വേഷങ്ങളും, വിമര്‍ശനങ്ങളും അവിടെ തീര്‍ന്നു.

qw_er_ty

Mon Nov 27, 10:14:00 pm IST  
Blogger വിനോദ്, വൈക്കം said...

ഇനിമേല്‍ ഭാര്യ പറയുന്നതും കേട്ട്‌ ദേവസ്സി നല്ല കുട്ടിയായി ജീവിക്കാന്‍ തീരുമാനിച്ചു.
.....
അയ്യടാ.. അപ്പോഴെങ്ങിനാ ആണാവുന്നേ? അല്ലേ വല്യാന്റീ :)

Mon Nov 27, 11:31:00 pm IST  
Blogger ഇടിവാള്‍ said...

ഇത്രയധികം വിശദീകരിക്കാന്‍ നിന്നതെന്തേ സൂ....


ഇതാണ്‌, ഇത്‌ പെണ്ണ്‌, ഇതവര്‍ക്കുണ്ടായ കുഞ്ഞ്‌, എന്ന മതിരിയായി പോയല്ലോ ... ;)

ആ തെങ്ങ്‌ അങ്ങേരടെ വീട്ടിന്റെ മണ്ടക്കു വീഴുകയും , അങ്ങേരു സ്കൂള്‍ പ്രശ്നവും കഴിഞ്ഞു വന്നു ഇതും കണ്ടു വടിയായി നില്‍ക്കയും ചെയ്യുന്നതായിരിക്കും എന്റെ ക്ലൈമാക്സ്‌ ;)

അല്ലാ... ഓരോരുത്തരുടെ ഓരോ സ്റ്റെയില്‍ അല്ലേ.. ;)

Mon Nov 27, 11:40:00 pm IST  
Blogger ദിവാസ്വപ്നം said...

agree with iTivaaL

:)

Tue Nov 28, 12:20:00 am IST  
Blogger sandoz said...

സു-ഒരു തമാശ പറഞ്ഞതല്ലേ.
പിന്നെ ഒരു ഉപകാരം ചെയ്യാമ്മോ.മലയാളം ബ്ലോഗിന്റെ തുടക്ക കാലത്തേക്കുറിച്ച്‌ അറിയാന്‍ താല്‍പര്യം ഉണ്ട്‌.എന്ന് വച്ചാല്‍ തുടങ്ങിയത്‌ ആരൊക്കെ ചേര്‍ന്ന്,ആദ്യകാല ബ്ലോഗര്‍ മാര്‍ ആരൊക്കെ,ബ്ലോഗേഴ്സിന്റെ ആദ്യകാല ടോപ്പിക്കുകള്‍ എന്തൊക്കെ ആയിരുന്നു,സാങ്കേതിക സഹായം ചെയ്തവര്‍ ആരൊക്കെ ഇങ്ങനെയുള്ള കാര്യങ്ങള്‍.
പല പുതുമുഖങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാനും വായിക്കാനും താല്‍പര്യം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നു.
കമന്റ്‌ ആയി അല്ലെങ്കില്‍ ഒരു പോസ്റ്റ്‌ ആയി എഴുതിയാലും മതി.

Tue Nov 28, 12:26:00 am IST  
Blogger കുറുമാന്‍ said...

സൂ, എനിക്കിഷ്ടായിട്ടോ ഈ കഥ, ഇതുപോലത്തെ എത്ര ദേവസ്സിചേട്ടന്മാര്‍.

കൊടുകൈ

Tue Nov 28, 12:43:00 am IST  
Blogger അനംഗാരി said...

എല്ലാവരും വീട്ടുകാര്യം നോക്കിയിരുന്നാല്‍ നാ‍ട്ടുകാര്യം നോക്കാന്‍ ആളില്ലാതാവില്ലേ? ആരെങ്കിലും വേണ്ടേ.അത്യാവശ്യം ദേവസ്സി ചേട്ടനെങ്കിലും?

Tue Nov 28, 08:43:00 am IST  
Blogger വേണു venu said...

ദേവസ്സിച്ചേട്ടന്‍ മഹാനാണു്,
ദേവസ്സിച്ചേട്ടന്‍ എല്ലാവരേയും മനസ്സിലാക്കാനും എല്ലാം ശരിയാക്കാനും ശ്രമിക്കുന്ന ഒരു പാവം.
സ്വന്തം കാര്യങ്ങളും മറന്നു ജീവിക്കുന്ന ഒരു നിഷ്ക്കളങ്കന്‍. ഈ ലോകത്തൊരധികപറ്റു പോലെ. ഈ കഥ എനിക്കിഷ്ടപ്പെട്ടു.
സൂ, എന്‍റെ ആശംസകള്‍.

Tue Nov 28, 08:57:00 am IST  
Blogger സൂര്യോദയം said...

ഇതുപോലത്തെ ദേവസ്സ്യേട്ടന്മാരെ ഒരുപാട്‌ കാണാം നാട്ടില്‍...

Tue Nov 28, 12:17:00 pm IST  
Blogger asdfasdf asfdasdf said...

സൂ : കഥ യ്ക്ക് ഇഷ്ടായി. പാവം ദേവസ്സിചേട്ടന്‍..

Tue Nov 28, 02:41:00 pm IST  
Blogger തറവാടി said...

പാവം നിഷ്കളങ്കനായ ദേവസ്സിചേട്ടന്‍ , എല്ലവരും സ്വാര്‍ഥന്‍മാരാ ,

സു, കഥയുടെ കഥ എനിക്കിഷ്ടായി

Tue Nov 28, 03:33:00 pm IST  
Blogger സു | Su said...

വൈക്കാ :) ഇതില്‍ ഭാര്യ പറയുന്നത് കേള്‍ക്കാന്‍ ഒന്നുമില്ല. വീട്ടുകാര്യം നോക്കാന്‍ പഠിക്കണം എന്നേയുള്ളൂ.

ഇടിവാള്‍ :) ഹി ഹി ഹി. അത്രേം മതിയായിരുന്നു അല്ലേ?

ദിവാ :)

സാന്‍ഡോസ് :) വിശ്വം ഓഫ് യൂണിയനില്‍ കുറച്ച് കമന്റായി ഇട്ടിട്ടുണ്ട്. നോക്കൂ. http://offunion.blogspot.com/2006/09/blog-post_08.html
ബാക്കി പിന്നെ എഴുതാം.


കുറുമാന്‍ :) നന്ദി.

അനംഗാരീ :) പിന്നില്ലാതെ. അങ്ങനേം വേണ്ടേ ചിലര്‍.

വേണൂ :) അതെ ദേവസ്സിച്ചേട്ടന്‍ ഒരു നല്ല മനുഷ്യന്‍ ആണ്. നന്ദി.

സൂര്യോദയം :) അതെ അതെ.

താരേ :) കണ്ടുപഠിക്കൂ എന്ന് പരസ്യം വെച്ചു അല്ലേ?

കുട്ടമ്മേനോന്‍ :) നന്ദി. പാവം ചേടത്തി.

തറവാടി :) നന്ദി. കഥയുടെ കഥയാണ് ഇഷ്ടമാവേണ്ടത്.

Tue Nov 28, 04:16:00 pm IST  
Blogger Kiranz..!! said...

ശ്ശേടാ..ദേവസിച്ചേട്ടന്‍ നാടൊന്നു നന്നാക്കാനും സൂച്ചി സമ്മതിക്കത്തില്ലേ ??അയ്യടി, അവസാനം ഭാര്യ പറഞ്ഞതു കേട്ട് നന്നാവാന്‍ തീരുമാനിച്ചുപോലും.:)

Tue Nov 28, 09:06:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

:-))
qw_er_ty

Wed Nov 29, 10:07:00 am IST  
Blogger സു | Su said...

കിരണ്‍സ് :) എന്തും വീട്ടില്‍ നിന്ന് തുടങ്ങണം എന്ന് കേട്ടിട്ടില്ലേ? ;)

ജ്യോതീ :)

qw_er_ty

Wed Nov 29, 12:53:00 pm IST  
Anonymous Anonymous said...

സൂവേച്ചി
ഹഹഹ..ഇങ്ങിനത്തെ ചിന്താവിഷ്ടയായ ശ്യാമളന്മാര് ഇഷ്ടം പോലെയുണ്ടല്ലെ? :)

Thu Nov 30, 08:18:00 pm IST  
Blogger Unknown said...

ഇതിന്റെ ഗുണപാഠം സ്കൂളിലെ വെള്ളം ചീഞ്ഞാല്‍ ജന്മത്ത് നോക്കാന്‍ പോകരുത്, തെങ്ങ് വീടിന്റെ മുകളില്‍ വീഴും എന്നല്ലേ സൂ ചേച്ചീ?

Thu Nov 30, 08:58:00 pm IST  
Blogger സു | Su said...

ഇഞ്ചിപ്പെണ്ണേ :) ഉണ്ടല്ലോ.

ദില്‍ബൂ :) അതെ. അതെ. അങ്ങനേം പറയാം.

qw_er_ty

Fri Dec 01, 11:02:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home