Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 11, 2006

എന്ന് നിങ്ങളുടെ സ്വന്തം സു

ടീച്ചര്‍ ചോദ്യം തുടങ്ങി.

നിങ്ങള്‍ക്ക് ഭാവിയില്‍ ആരാകണം?

ഓരോരുത്തരായി ഉത്തരം പറഞ്ഞു.

“എനിക്ക് എഞ്ചിനീയര്‍ ആകണം.”

“എനിക്ക് നേഴ്സ് ആകണം.”

“എനിക്ക് വക്കീല്‍ ആകണം.”

“എനിക്ക് ടീച്ചര്‍ ആകണം.”

ഏറ്റവും ഒടുവില്‍ ടീച്ചര്‍ അവളുടെ അടുത്തെത്തി.

“എന്താ ഒന്നും ആകണ്ടേ?”

“ഉം”

“എന്താ?”

“എനിക്കൊരു മലയാളം ബ്ലോഗര്‍ ആവണം.”

അങ്ങനെ അവള്‍ വലുതായി ഒരു ബ്ലോഗ് തുടങ്ങി.

ഇങ്ങനെയൊന്നുമല്ല സംഭവിച്ചത്. സമയം പോക്കലിന്റെ വലിയൊരു ഉപാധി ആയിട്ടാണ് അവള്‍ ബ്ലോഗിങ്ങിനെ കണ്ടത്. സ്വാഗതം പറയാന്‍ പോലും ആരുമില്ലാത്ത ഒരു ക്ലാസ്സിലേക്കാണ് അവള്‍ ദൈവനാമവുമായി ഒന്നുമാലോചിക്കാതെ കടന്നുവന്നത്. ഒറ്റയ്ക്കിരുന്ന ആ ക്ലാസ്സിലേക്ക് ഒരു ലോകം മുഴുവന്‍ കൂട്ടായി വന്നപ്പോളാണ് ജീവിതത്തിന്, ലോകത്തിന് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്ന് കണ്ടത്. ഒരു ബ്ലോഗര്‍ ആയിരുന്നില്ലെങ്കില്‍, അവള്‍ അറിയാത്ത പല മുഖങ്ങളും അവള്‍ കണ്ടു. ഇങ്ങനെയും ആള്‍ക്കാരുണ്ടാവുമോ. അവള്‍ക്ക് അത്ഭുതം ഉണ്ടായിരുന്നു. ഉണ്ടാവും എന്ന് തെളിയിച്ചുകൊണ്ട്, അവള്‍ കണ്ടിരുന്ന പച്ചവേഷങ്ങള്‍ കൂടാതെ, ചുവപ്പും, കത്തിയും, ആയ വേഷങ്ങളും അവള്‍ക്ക് മുന്നില്‍ ആടിത്തകര്‍ത്തു. ഒരു പക്ഷെ ബ്ലോഗ് തുടങ്ങിയില്ലെങ്കില്‍ അവള്‍ കാണാന്‍ സാധ്യതയില്ലാത്ത പല മുഖങ്ങളും, പൊയ്മുഖങ്ങളും, അവള്‍ക്ക് മുന്നിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അവള്‍, പക്ഷെ, ഒഴുകിക്കൊണ്ടേയിരുന്നു. ചിരിച്ചും, കരഞ്ഞും, വിഷാദിച്ചും, വിഷമിച്ചും.


അങ്ങനെയങ്ങനെ പ്രോത്സാഹനവും, സ്നേഹവും, കരുതലും, മാത്രം ഊര്‍ജ്ജമാക്കി, അവഗണനകളും, തെറ്റിദ്ധാരണകളും, കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ച്, അവള്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
അവളുടെ, ബ്ലോഗ്, സൂര്യഗായത്രി, ഇന്ന് മൂന്നാംപടിയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. രണ്ടുവര്‍ഷം തികഞ്ഞ് മൂന്നാം‌വര്‍ഷത്തിലേക്ക്. എഴുതുന്നതൊന്നും, മാസ്റ്റര്‍പ്പീസുകളെല്ലെന്നും, വായിക്കാനും, വേണ്ടെങ്കില്‍ തള്ളാനും, എല്ലാവര്‍ക്കും അവകാശമുണ്ടെന്ന ബോധത്തോടെ, ഇനിയും, നന്നാക്കാന്‍ ശ്രമിക്കാം എന്നൊരു പ്രതീക്ഷയോടെ.

അനുഗ്രഹിക്കാം. അവഗണിക്കാം. അപമാനിക്കരുത്. ഓരോ മനുഷ്യരിലും മിടിക്കുന്നത് ഹൃദയം തന്നെയാണ്.



ഇതുവരെ പ്രോത്സാഹിപ്പിച്ച, തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തിയ, എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുന്ന, അഭിപ്രായം പറയുന്ന എല്ലാ സഹബ്ലോഗേഴ്സിനും, ബ്ലോഗില്ലാതെ, വായിച്ചുപോകുന്ന അനേകം പേര്‍ക്കും തരാന്‍ സ്നേഹം മാത്രമേയുള്ളൂ. ബ്ലോഗിങ്ങിനിടയ്ക്ക്, വളരെക്കുറച്ചുപേരെ കണ്ടു, വളരെക്കുറച്ച് പേരെ പരിചയപ്പെട്ടു. ബാക്കിയുള്ളവരെയൊക്കെ, കാണാനും, പരിചയപ്പെടാനും സാധിക്കും എന്നൊരു പ്രതീക്ഷയുണ്ട്.

ആര്‍ക്കെങ്കിലും ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ വയ്ക്കുന്ന കമന്റ് ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക. ഇനി മുതല്‍ വയ്ക്കുന്നതല്ല. ആരേയും, പരിഹസിക്കാന്‍ വേണ്ടി ഞാന്‍ കമന്റ് വയ്ക്കാറില്ല. വച്ച കമന്റ് ഏതെങ്കിലും, പരിഹാസമായിട്ട് തോന്നുകയോ, വിഷമിപ്പിക്കുകയോ ചെയ്തെങ്കില്‍ മാപ്പ്. തിരിച്ചെടുക്കാന്‍ പറ്റില്ല. ഇനി അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും.

നിങ്ങളെക്കൂടാതെ സ്നേഹം പങ്കിടാന്‍ ഒരാള്‍ കൂടെയുണ്ട്. ഞാന്‍ ഇതുവരെ കാണാത്ത, മോണിട്ടറില്‍, വെറും അക്ഷരങ്ങളും, വളരെ അപൂര്‍വ്വമായിട്ട്, ഫോണില്‍, മൊഴിയുമായി, പ്രത്യക്ഷപ്പെടുന്ന സുഹൃത്ത്. എനിക്ക് ബ്ലോഗ്ഗര്‍.കോം/സ്റ്റാര്‍ട്ട് എന്ന ലിങ്ക് തന്നയാള്‍. ബ്ലോഗിലിട്ട പോസ്റ്റ് വായിച്ച് “കൊള്ളാം” എന്ന് ആദ്യം അഭിപ്രായം പറഞ്ഞ ആള്‍.


ജോ എന്ന സുഹൃത്ത്.


സന്തോഷിന്റേയും, രേഷ്മയുടേയും, പോസ്റ്റില്‍ പറഞ്ഞതുപോലെ കാരുണ്യവാനായ അപരിചിതനായ പരിചിതന്‍.

ജോയ്ക്കും, എനിക്ക് ആദ്യം ബ്ലോഗ് വായിക്കാന്‍ തന്ന മോളുവിനും, ഒരുപാട് സ്നേഹം.

പിന്നെ, വരമൊഴിക്ക് സിബുവിന് ആശംസകള്‍.

വന്ന് അഭിപ്രായം പറഞ്ഞ് വരമൊഴിയുടെ ലിങ്ക് തന്ന drunkenwind-നേയും ഓര്‍മ്മിക്കുന്നു.

പിന്നെ, എല്ലാ ടെക്നിക്കല്‍ പുലികള്‍ക്കും നന്ദി.


ഇനിയെന്താ?

ഒന്നുമില്ല. ഒരു പാട്ട് എനിക്കുവേണ്ടി ആരെങ്കിലും പാടുമായിരിക്കും.


എല്ലാവരും ഇനിയും, പ്രോത്സാഹനവും, നല്ല വിമര്‍ശനവും (ബ്ലോഗ് എഴുതുന്നത് എഴുതിത്തെളിഞ്ഞ ഒരു സാഹിത്യകാരി അല്ല എന്ന തിരിച്ചറിവോടെ ഉള്ള വിമര്‍ശനം) നല്‍കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സൂര്യഗായത്രി മൂന്നാം‌വര്‍ഷത്തിലേക്ക്.

Labels:

105 Comments:

Blogger reshma said...

മൂന്നു വര്‍ഷങ്ങള്‍!
സൂര്യഗായത്രിക്ക് മൂന്നാം പിറന്നാള്‍ ആശംസകള്‍!ഇനിയും മുന്നോട്ട്, ഇനിയും ഉയരത്തില്‍, ഇനിയും ആഴത്തില്‍ ഒരു പാടുകാലം:)

മൂന്നു വര്‍ഷം ഇത്ര രെഗുലര്‍ ആയി ബ്ലൊഗെഴുതുക ചില്ലറ കാര്യല്ലാന്ന് മൂന്നു മാസത്തില്‍ രണ്ട് വരി എഴുതാന്‍ പാട്പെടുന്ന ഞാന്‍ ഡെസ്കിലടിച്ച് പറയുന്നു.ഈ പട്ടങ്ങളില്‍ വല്യ കാര്യല്ലെങ്കിലും, ഏറ്റവുമധികം പോസ്റ്റുകള്‍ വന്നത് സൂര്യഗായത്രിയില്‍ തന്നെയായിരിക്കുംന്ന് തോന്നുന്നു.
അഭിനന്ദനങ്ങള്‍ സൂ!

Mon Dec 11, 06:57:00 am IST  
Blogger ദിവാസ്വപ്നം said...

വൌ ! സൂ !! സല്യൂട്ട് സ്വീകരിച്ചാലും !!!

ആശംസകള്‍

Mon Dec 11, 07:17:00 am IST  
Anonymous Anonymous said...

പ്രിയപ്പെട്ട സൂ,
ഞാന്‍ ആദ്യം വായിച്ചത് സൂവിന്റെ ബ്ലോഗാണ്. സൂര്യഗായത്രിക്ക് കമന്റിടാന്‍ വേണ്ടി വരമൊഴി ഡൌണ്‍ലോഡ് ചെയ്തതും ഓര്‍ക്കുന്നു.
സൂര്യഗായത്രി ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കട്ടെ!
അഭിനന്ദനങ്ങള്‍!

Mon Dec 11, 07:17:00 am IST  
Anonymous Anonymous said...

അഭിനന്ദനങ്ങള്‍!

ആദ്യമായി സൂര്യഗായത്രി കണ്ട ദിവസം കഥാപുസ്തകം കൈയില്‍ കിട്ടിയ കൊച്ചുകുട്ടിയെ പോലെ ഇല്ലാത്ത സമയമുണ്ടാക്കിയിരുന്ന് പഴയ പോസ്റ്റുകളെല്ലാം വായിച്ചുതീര്‍ത്തതോര്‍ക്കുന്നു.

ഇനിയും ഒരുപാടൊരുപാട് പ്രതീക്ഷിക്കുന്നു.

Mon Dec 11, 07:37:00 am IST  
Blogger evuraan said...

സൂ,

അഭിനന്ദനങ്ങള്‍.

ഇനിയും മുന്നോട്ട്, കൂടുതല്‍ മുന്നോട്ട്..!

Mon Dec 11, 07:42:00 am IST  
Blogger ബിന്ദു said...

ആദ്യമായി കണ്ട ബ്ലോഗ് സൂര്യഗായത്രി അല്ലെങ്കിലും തച്ചിനിരുന്നു വായിച്ച് ആദ്യമായി ഒരു കമന്റ് ഇട്ട ബ്ലോഗ് സൂര്യഗായത്രി തന്നെ.
ആശംസകള്‍ സൂ.. ഇനിയും വളരൂ..:)

Mon Dec 11, 07:46:00 am IST  
Blogger ഉമേഷ്::Umesh said...

അഭിനന്ദനങ്ങള്‍, സൂ. എത്ര പോസ്റ്റായി? 250? 300? 350?

സൂ എഴുതിയതില്‍ നിന്നു് സൂ രണ്ടു വര്‍ഷം പിന്നിട്ടു എന്നു മനസ്സിലാവുന്നു. കമന്റിട്ട പലരും അതു 3 വര്‍ഷം എന്നു തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.

Mon Dec 11, 08:15:00 am IST  
Blogger Peelikkutty!!!!! said...

സൂ ചേച്ചീ അഭിനന്ദനങ്ങള്‍...ലക്ഷം ലക്ഷം പിന്നാലെ..


സ്നേഹത്തോടെ,
പീലിക്കുട്ട്യമ്മു.

Mon Dec 11, 08:20:00 am IST  
Blogger reshma said...

ഹ ഹ. മണ്ടത്തരം ഇപ്പോ എന്റെ വീക്ക്നെസ്സായീന്ന് തോന്നുന്നു. പിറകേ വന്ന മാന്യകമന്റേര്‍സിനെ ആരെയെങ്കിലും വഴിതെറ്റിച്ചുവെങ്കില്‍ മാഫ് കീ ജി യേ.

(ഉമേഷ്ജീ, എത്ര ഡയപ്പറായി? 200? 250? 300?)

Mon Dec 11, 08:22:00 am IST  
Anonymous Anonymous said...

ബ്ലോഗെഴുത്തിന്റെ ലോകത്ത്‌ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സൂവിനു എല്ലാ ആശംസകളും നേരുന്നു...ഇനിയുമിനിയും എഴുത്തു തുടരട്ടെ..

Mon Dec 11, 08:22:00 am IST  
Blogger Unknown said...

സു,
ആശംസകള്‍!
എഴുത്തു തുടര്‍ന്നാലും.

Mon Dec 11, 08:27:00 am IST  
Blogger വിഷ്ണു പ്രസാദ് said...

ഒരു ഡയറിക്കുറിപ്പു പോലെ നിങ്ങള്‍ വരച്ചിടുന്ന ഈ വാങ്മയങ്ങളില്‍ വെളിച്ചപ്പൊട്ടുകള്‍ കണ്ട് ചിലപ്പോള്‍ അന്തിച്ചു.വീണ്ടും അതേ വെളിച്ചം തേടി വന്നപ്പോള്‍ ചിലപ്പോഴെങ്കിലും നിരാശനായിട്ടുമുണ്ട്.എങ്കിലും സൂ രണ്ടു വര്‍ഷങ്ങള്‍ ...!എഴുത്തിന്റെ നൈരന്തര്യവുമായി രണ്ടു വര്‍ഷങ്ങള്‍...! ബൂലോകത്ത് മൂന്നുമാസം മാത്രം പിന്നിട്ട ഒരുത്തന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ ....പിന്നെ ഈ ബൂലോകമാകെ നിറഞ്ഞുകിടക്കുന്ന ആ ചിരിയുണ്ടല്ലോ,അതിനിപ്പോള്‍ അനുകര്‍ത്താക്കള്‍ ഏറെയാണ്:))))))))))))))))

Mon Dec 11, 08:40:00 am IST  
Anonymous Anonymous said...

ആയിരമായിരമഭിവാദ്യങ്ങള്‍.

Mon Dec 11, 08:45:00 am IST  
Blogger അനംഗാരി said...

അഭിവാദ്യങ്ങള്‍.....
രണ്ടാം വാര്‍ഷികത്തിന്.മൂന്നാം വര്‍ഷത്തിലേക്ക് കൂടുതല്‍ കരുത്തുറ്റ കഥകളുമായി വരട്ടെ.

Mon Dec 11, 08:48:00 am IST  
Blogger Mubarak Merchant said...

ആള്‍ ദ് ബെസ്റ്റ് സൂ...

Mon Dec 11, 08:54:00 am IST  
Blogger Saha said...

സൂ,

സൂവിന്റെ സറ്റയറും, ഹ്യൂമര്‍ സെന്‍സും പലപ്പോഴും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌.
ആശംസിക്കട്ടെ, നന്മകള്‍...സ്വത്വത്തിന്റെ ഭാവനകള്‍... മൂടുന്ന പൊന്‍പാത്രങ്ങള്‍ക്കപ്പുറമുള്ള തിളക്കവും...

(കുറെ മുന്‍പ്‌, ട്രൈപ്പോഡ്‌-ല്‍ സൈറ്റ്‌ ഉണ്ടാക്കി, വരാന്‍ പോകുന്ന എന്തിനെയോ സ്വപ്നം കണ്ട്‌, ആ സ്വപ്നത്തിന്റെ പേര്‍ ബ്ലോഗ്‌ ആണെന്നു കണ്ട്‌, ഒരല്‍പ്പം ഊറിച്ചിരിച്ചിരിക്കുന്ന ഒരാള്‍)

Mon Dec 11, 08:57:00 am IST  
Blogger Visala Manaskan said...

ബൂലോഗത്തിന്റെ പ്രിയപ്പെട്ട സൂ വിന് ആശംസകള്‍.

ഇനിയും ഇനിയും ഒരുപാട് കഥകള്‍ എഴുതാന്‍ സൂവിന് കഴിയട്ടെ.

Mon Dec 11, 09:37:00 am IST  
Blogger Santhosh said...

ആശംസകള്‍...

Mon Dec 11, 09:37:00 am IST  
Anonymous Anonymous said...

സൂവേച്ചി
സൂവേച്ചിക്കറിയോ മിക്കവരും പ്രവാസിയായതുകൊണ്ടും നാട് ഒരുപാട് മിസ്സ് ചെയ്യുന്ന കൊണ്ടും മലായളത്തില്‍ എഴുതുന്നു. മറ്റു ചിലര്‍, ഒറ്റക്ക് ഒരു തുരുത്തില്‍ ഇരിക്കുന്ന കൊണ്ട് ബ്ലോഗുന്നു, വേറെ ചിലര്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്നില്‍ 18 മണിക്കൂറും ഇരിക്കുന്ന ജോലിയായതുകൊണ്ട് ബ്ലോഗുന്നു.
ഇതൊന്നും അല്ലാണ്ട് മലയാളത്തെ സ്നേഹിച്ച്, മലയാളത്തിന്റെ നടുവിലിരുന്ന് സൂവേച്ചി ബ്ലോഗുന്നു.
അതും എത്രയൊക്കെ അനോണിമസുകള്‍ ശല്യപ്പെടുത്തിയിട്ടും സൂവേച്ചി വിഷമിച്ചിട്ടും ഒരു കയ്യ് കൊണ്ട് കണ്ണ് തുടച്ചാലും മറ്റേ കൈ കൊണ്ട് ബ്ലോഗുന്നു. ഒരു തികഞ്ഞ വീട്ടമ്മയായിട്ടും ഇവിടെയുള്ള എത്ര ടെക്ക് ആന്റ് സാഹിത്യ പുലികളുണ്ടായിട്ടും അവരേക്കാളും മുന്നേ, അവരെക്കാളും ഫ്രീക്ക്വന്റ് ആയി എല്ലാ‍വര്‍ക്കും ഒരു പ്രചോദനമായി ഇനിയും വരുന്ന തലമുറക്ക് ഒരു പ്രചോദനമായി സൂവേച്ചി ബ്ലോഗുന്നു.

ആ വളയിട്ട, ചട്ടുകം പിടിക്കുന്ന, ബ്ലോഗുന്ന കൈകള്‍ക്ക് എന്റെ കൂപ്പ് കൈ! ആയിരമായിരം കൂപ്പ് കൈ!

Mon Dec 11, 09:43:00 am IST  
Blogger പരാജിതന്‍ said...

സുവിനെപ്പറ്റി മുമ്പൊരിക്കല്‍ വിശ്വവും ദാ ഇപ്പോള്‍ ഇഞ്ചിപ്പെണ്ണും പറഞ്ഞു. ഇതിനെക്കാള്‍ നന്നായി പറയാന്‍ പറ്റില്ല. ആരൊക്കെ നിര്‍ത്തിയാലും സുവിന്റെ ബ്ലോഗെഴുത്ത്‌ മാത്രം നില്‌ക്കരുതേയെന്ന് ആഗ്രഹിക്കുന്നു. അത്രയ്ക്ക്‌ പ്രസന്നവും പ്രസക്തവുമാണ്‌ ആ സാന്നിദ്ധ്യം.

Mon Dec 11, 09:56:00 am IST  
Blogger തറവാടി said...

സൂചേച്ചീ ,,

അഭിനന്ദനങ്ങള്‍
ആശംസകളും

Mon Dec 11, 09:58:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

പിറന്നാളിനു പായസമില്ലേ?

ശ്ശോ മറന്നു..ആദ്യം പറയേണ്ടത്.

സൂചേച്ചീടെ ഗായത്രിക്കുട്ടിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍

Mon Dec 11, 10:04:00 am IST  
Anonymous Anonymous said...

ഭാവുകങ്ങള്‍,(കറിവേപ്പില - എഴുതുന്നതെല്ലാം പരീക്ഷിച്ചു നോക്കുന്നുണ്ടു.)

Mon Dec 11, 10:05:00 am IST  
Anonymous Anonymous said...

ഭാവുകങ്ങള്‍,(കറിവേപ്പില - എഴുതുന്നതെല്ലാം പരീക്ഷിച്ചു നോക്കുന്നുണ്ടു.)

Mon Dec 11, 10:05:00 am IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എഴുതിത്തെളിഞ്ഞു എന്നവകാശപ്പെടുന്നവരുടെ പലരുടെയും പല കൃതികളെക്കാളും വായിക്കാന്‍ സുഖമുണ്ട്‌ സൂവിന്റെ ബ്ലോഗ്‌.
എല്ലാം വായിച്ചിട്ടില്ല എന്നാലും കുറെയൊക്കെ വായിച്ചു.
ഇനിയും തുടരുക.
ആശംസകള്‍

Mon Dec 11, 10:08:00 am IST  
Blogger ഇടിവാള്‍ said...

സൂവിനു ഒരു ലോഡ് ആശംസകള്‍ !(കിരീ‍ടം ജഗതി സ്റ്റൈല്‍)

Mon Dec 11, 10:14:00 am IST  
Blogger മുസാഫിര്‍ said...

സൂവിന്റെ ബ്ലോഗിനെപ്പറ്റി പലവട്ടം കമന്റുകളായി പറഞ്ഞിട്ടുള്ളത്കൊണ്ട് അതു ആവര്‍ത്തിക്കുന്നില്ല.
ആശംസകള്‍.ഇനിയും ഇനിയും ഒരു പാടു പൊസ്റ്റുകള്‍ വായിക്കാന്‍ ഞങ്ങള്‍ക്കു ഭാഗ്യമുണ്ടാവട്ടേ !
ഓ ; ടൊ .ആഘോഷതിന്റെ പായസം കൊടുത്തയക്കണ്മെങ്കില്‍ ഇവിടേക്കു തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ നാട്ടിലുണ്ടു.ആളെ വീട്ടിലെക്കു
വിടാം.പക്ഷെ ആള്‍ പ്യുപ്പ്യായായൊ,പുഴുവായോ,അമീബയായൊ,കുചേലനായൊ,സി ബി ഐ ഓഫീസറായൊ ഒക്കെ വീട്ടില്‍ വന്നേക്കാം.സൂക്ഷിച്ചിരിക്കുക. :-)

Mon Dec 11, 10:21:00 am IST  
Blogger ചില നേരത്ത്.. said...

സൂവിന് ഒരുപാടാശംസകള്‍.
ഞാന്‍ ബ്ലോഗ് തുടങ്ങുന്ന കാലത്ത് സജീവമായി ബ്ലോഗില്‍ ഉണ്ടായിരുന്നവരില്‍
കലേഷ്, അനിലേട്ടന്‍, പെരിങ്ങോടന്‍,രേഷ്മ(rediff), സൂ എന്നിവരായിരുന്നു.
എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ഉടന്‍ പ്രോത്സാഹിപ്പിക്കുന്ന കമന്റുകളുമായി
സൂവും കലേഷും അനിലേട്ടനും വരുമായിരുന്നു. പോസ്റ്റ് ഇഷ്ടപ്പെടുകയോ തിരുത്തപ്പെടേണ്ട,
ചില പ്രസ്താവനകളുണ്ടെങ്കില്‍ പെരിങ്ങോടനും കമന്റിടുമായിരുന്നു.
പോകെ പോകെ നിരവധി ബ്ലോഗര്‍മാര്‍ നിറയുകയും ചിലര്‍ കൊഴിയുകയും ചെയ്തു.
നിരന്തരമായ സാന്നിദ്ധ്യത്തിലൂടെ ‘സൂര്യഗായത്രി‘ ഇ - സാഹിത്യ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.
ജോലിയും വിശ്രമവുമെന്ന, എന്നെ പോലെയുള്ള ‘സാദാഗള്‍ഫു‘കാരന്റെ ജീവിതത്തിന് നിരവധി നല്ല മനുഷ്യരെ പരിചയപ്പെടാന്‍ സാധിച്ചത് ബ്ലോഗ് കാരണമാണ്.
അതിന്റെ ശൈശവദശയില്‍ ജാഗ്രതയോടെ പരിചരിച്ച ‘സൂ‘ വിനോട് നന്ദിവാക്കുകള്‍ക്കതീതമായൊരു
സ്നേഹം ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്, എല്ലായ്പ്പോഴും.

Mon Dec 11, 10:22:00 am IST  
Blogger nalan::നളന്‍ said...

ആശംസകളോടെ.

Mon Dec 11, 10:30:00 am IST  
Blogger ദേവന്‍ said...

സൂ അഭിനന്ദനങ്ങള്‍.
ഒരു പോസ്റ്റിടാന്‍ ആര്‍ക്കും പറ്റും, ഒരുമാതിരി പോസ്റ്റിടാന്‍ ഒരുമാതിരിപ്പെട്ടവര്‍ക്കെല്ലാം പറ്റും. ഒരേ ഫോമില്‍ മൂന്നു കൊല്ലം നിന്നു പോസ്റ്റാന്‍ സൂവിനേ പറ്റൂ. കോണ്‍സിസ്റ്റന്‍സി കോണ്‍സിസ്റ്റന്‍സി എന്നു പറയണത്‌ ചില്ലറക്കാരി ആന്‍സി അല്ല.

Mon Dec 11, 10:42:00 am IST  
Anonymous Anonymous said...

സൂവിന്റെ പതിവ്‌ വായനക്കാരനാണ്‌ ഞാന്‍. എഴുത്തിലെ സുതാര്യതയും നര്‍മ്മവും പ്രസന്നതയും ഒക്കെ എനിക്കിഷ്ടമാണ്‌. നേരിട്ട്‌ കണ്ടില്ലെങ്കിലും എന്റെ കുടുമ്ബത്തിലെ ഒരു അംഗം തന്നെയാണ്‌ സൂ.
നന്ദിയും ആശംസയുമൊക്കെ പറഞ്ഞ്‌ ബോറടിപ്പിക്കുന്നില്ല.
മംഗളം ഭവന്തു!
-സു-

Mon Dec 11, 10:44:00 am IST  
Anonymous Anonymous said...

..സൂ-വിന്‌ ആയിരമായിരം ആശംസകള്‍....

ബ്ലോഗ്‌ ഉലകത്തെ പ്രചോദനത്തിന്റേയും സാഹോദര്യത്തിന്റേയും സാന്ത്വനത്തിന്റേയുമെല്ലാം പ്രതീകമായ താങ്കള്‍, എഴിതിത്തുടങ്ങുന്നവര്‍ക്കും നവാഗതര്‍ക്കും തണലായി, ഓര്‍മ്മച്ചെപ്പിലെ അക്ഷയപാത്രത്തില്‍ നിന്നും ഇനിയും ഇനിയും പുതിയ പോസ്റ്റുകളുമായി വര്‍ത്തിയ്ക്കാന്‍ ഇടയാവട്ടെ എന്ന് ആത്‌മാര്‍ത്‌ഥാമായി ആഗ്രഹിയ്ക്കുന്നു.....

ഒന്നരമാസത്തെ ബ്ലോഗ്‌ ലോകത്തെ ജീവിതത്തിന്‌ പ്രധാന കാരണം താങ്കളുടെ ആദ്യ കമന്റു തന്നെ.....

----ഒരിയ്ക്കല്‍ക്കൂടി വാര്‍ഷികാശംസകള്‍.........

Mon Dec 11, 10:48:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

ഏകദേശം ഒന്നര വര്‍ഷം മുന്‍പു ഞാന്‍ എന്റെ ആദ്യ തോന്ന്യാസ പോസ്റ്റ് ആയ “അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!...“ എഴുതുമ്പോള്‍ ആദ്യ കമന്റ് വച്ചത് രാത്രിഞ്ചരന്‍ ആണ് (ഇപ്പോള്‍ എവിടെയാണാവോ?)
അടുത്ത കമന്റ് വച്ചത് രണ്ടു ചോദ്യ ചിഹ്നങ്ങളും. ആ കമന്റ് ഇങ്ങനെ
“വായനക്കാര്‍ക്ക് ശനിദശയാണോ?“
ഇതാരെടാ ഈ ചോദ്യ ചിഹ്നങ്ങള്‍? അതില്‍ ക്ലിക്ക് ചെയ്തു പോയപ്പോള്‍ കണ്ടു
“സു / Su, വീട്ടമ്മ, കേരളം”

അന്ന് മലയാളംബ്ലോഗുകളില്‍ ഉണ്ടായിരുന്നത് വെറും മുപ്പതോ നാല്‍പ്പതോ പേര്‍. അതില്‍ അന്ന് ഒരു സജീവ സാന്നിദ്ധ്യം ആയിരുന്നു സൂ.
ഇന്ന് ആ സമൂഹം വളര്‍ന്ന് 400 കഴിയുമ്പോഴും സൂ സജീവമാണ് മലയാളം ബ്ലോഗുകളില്‍
ആശയ ദാരിദ്ര്യം ഇല്ലാതെ, ഇനി അഥവാ അങ്ങനെ ഒന്നുണ്ടെങ്കില്‍ അതിനെ തന്നെ വിഷയമാക്കി.
സൂ ശരിക്കും നിറഞ്ഞുനില്‍ക്കുകയായിരുന്നു.

ഈ ഒന്നര വര്‍ഷത്തിനിടയില്‍ ഒരുപാട് ചിരി ഞങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എണ്ണത്തില അതിലും കൂടുതലായി ഉടക്കുകള്‍, പിണക്കങ്ങള്‍ ഒക്കെ ഞങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്.


ഇവിടെ രണ്ടുവര്‍ഷം തികച്ച സൂവിനു ആശംസകള്‍.
ഇനിയും ഒരുപാട് വര്‍ഷങ്ങള്‍. ഒരുപാട് പോസ്റ്റുകള്‍ ഒരുപാട് കമന്റുകള്‍ കൊണ്ട് സൂര്യഗായത്രിയുടെ ബ്ലോഗുഗാത്രം നിറയട്ടെ എന്ന് ആശംസിക്കുന്നു.

(ഓ ടോ : ഒന്നര വര്‍ഷം കൊണ്ട് സൂവിനെങ്കിലും ഒരു ശനിദശയായി മാറാന്‍ ഈ തോന്ന്യാക്ഷരക്കാരനു കഴിഞ്ഞെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി ഒരു വീതിയുള്ള കൃതാവു വയ്ക്കാം)

ചിയേര്‍സ്!

Mon Dec 11, 10:50:00 am IST  
Blogger myexperimentsandme said...

സൂവിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും ഇനിയും ഇതുപോലെ ബ്ലോഗിലെ സജീവ സാന്നിദ്ധ്യമായി നില്‍ക്കാന്‍ സാധിക്കട്ടെ.

നാട്ടിലിരിക്കുമ്പോള്‍ നേരാംവണ്ണം ബ്ലോഗ്‌‌വായന പോലും നടക്കുന്നില്ല. അപ്പോള്‍ ഈ രണ്ടുകൊല്ലം സ്ഥിരമായി ബ്ലോഗ് എഴുതുകയും പുതുമയുള്ള കഥകളും മറ്റും എന്നും എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന സൂവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

Mon Dec 11, 11:06:00 am IST  
Anonymous Anonymous said...

സൂ-വിന്റെ ബ്ലോഗിന്‌ മൂന്നാം പിറന്നാളാശംസകള്‍. തുടര്‍ച്ചയായി നന്നായി ബ്ലോഗുന്ന സൂര്യഗായത്രിക്ക്‌ മംഗളാശംസകള്‍. ഇനിയും മുന്നേറട്ടെ.

കൃഷ്‌ | krish

Mon Dec 11, 11:12:00 am IST  
Blogger asdfasdf asfdasdf said...

സൂവിന് ആശംസകള്‍.

Mon Dec 11, 11:20:00 am IST  
Blogger അതുല്യ said...

സൂവിനു അല്‍പം മധുരം ഉണ്ടാക്കിയിട്ടുണ്ട്‌. എന്റെ ബ്ലോഗ്ഗിലു.

Mon Dec 11, 12:19:00 pm IST  
Blogger Kalesh Kumar said...

സൂ, ആശംസകൾ!

2 വർഷം പോയ പോക്കേ!

സൂന്റെ എഴുത്ത് കണ്ടാണ് ഞാൻ സത്യം പറഞ്ഞാൽ ബ്ലോഗറായത്.

ഈയിടെയായിട്ട് പഴയതുപോലെ ഓടിനടന്ന് കമന്റിടാൻ സമയം കിട്ടുന്നില്ല - തിരക്ക് / പ്രശ്നങ്ങൾ.... സൂ എഴുതുന്നതെല്ലാം ഞാൻ വായിക്കാറുണ്ട്.

ഇനിയും ഒരുപാടൊരുപാട് പോസ്റ്റുകൾ എഴുതാൻ ദൈവം സൂനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

(പി.എസ്: സൂ തീർച്ഛയായും എന്റെ ബ്ലോഗിൽ ഞാനെന്തേലും എഴുതുമ്പോൾ വരണം, വായിക്കണം, കമന്റുകളിടണം...)

Mon Dec 11, 12:42:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗുകളുടെ ലോകത്തെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ബ്ലോഗ് സൂര്യഗായത്രിയായിരുന്നു. കഥകളാകട്ടെ, കവിതയാകട്ടെ അല്ലെങ്കില്‍ കറിവേപ്പിലയിലെ പാചക കുറിപ്പുകളാകട്ടെ, സൂവിന്റെ പോസ്റ്റുകളൊക്കെ തന്നെ ഈ ബൂലോഗത്തിന്റെ വളര്‍ച്ചയ്ക്ക് ഒരുപാടുപകരിച്ചുവെന്നതില്‍ സംശയമില്ല. ബ്ലോഗിംഗ് തുടങ്ങി 2 വര്‍ഷം പൂര്‍ത്തിയാക്കിയ സൂവിന്റെ കുറിപ്പ് എന്നെ ചിന്തിപ്പിക്കുന്നു. “ആര്‍ക്കെങ്കിലും ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ വയ്ക്കുന്ന കമന്റ് ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക. ഇനി മുതല്‍ വയ്ക്കുന്നതല്ല.“ സൂ ഒരിക്കലും ഇങ്ങിനെ പറയരുത്. മറ്റെതു മാധ്യമത്തെക്കാളും ബ്ലോഗിംഗിനെ ഉത്കൃഷ്ടമാക്കുന്നത് അതില്‍ അഭിപ്രായങ്ങള്‍ എഴുതാനും, അതിനെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നതുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സൂവിന്റെ എല്ലാ രചനകളും വായിച്ചിട്ടില്ലെങ്കിലും ഇത്രയധികം എഴുതാനും, അതുപോലെ മറ്റുള്ളവരുടെ ബ്ലോഗിലെല്ലാം ആരെയും വേദനിപ്പിക്കാതെ കമന്റുകളെഴുതാനും എങ്ങിനെ സാധിക്കുന്നുവെന്നു ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ചിലരുടെ അഭിപ്രായങ്ങളെങ്കിലും താങ്കളെ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. അതിലൊന്നും അടിപതറാതെ, ആത്മവിശ്വാസത്തോടെ വീണ്ടും വീണ്ടും എഴുതുക. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു ഒപ്പം ഇനിയും നൂറായിരം പോസ്റ്റുകള്‍ എഴുതാന്‍ കഴിയുമാറകട്ടെ..എല്ലാവിധ ആശംസകളോടെ...

Mon Dec 11, 12:49:00 pm IST  
Anonymous Anonymous said...

സൂ,

അടുത്ത കാലത്താ വന്നത്,
കണ്ണ്ടത്,
പരിചയപ്പെട്ടത്(?).

-ആള്‍ക്കൂട്ടത്തിന്നടയിലും സ്വന്തം സത്വം പ്രോജ്വലിപ്പിക്കുന്ന ഒരു വ്യക്തിത്വമായി ‘സൂ’വിനെ കാണുന്നു, സമീപനത്തിലും,വിഷയങ്ങളിലും!

എല്ലാ നല്ല ആശംസകളും!!

Mon Dec 11, 01:00:00 pm IST  
Blogger സുല്‍ |Sul said...

മൂന്നു വയസ്സായ സു വിന് ഈ മൂന്നു മാസം പ്രായം മാ‍ത്രമുള്ള ഈ കൊച്ചനിയന്റെ അഭിനന്ദനങ്ങള്‍.

-സുല്‍

Mon Dec 11, 01:12:00 pm IST  
Blogger Obi T R said...

സു, ആശംസകള്‍.
ഇനിയും നല്ല നല്ല കുറിപ്പുകള്‍/കഥകള്‍ കൊണ്ടു ഈ ബ്ലോഗ് നിറയട്ടെ,

Mon Dec 11, 01:29:00 pm IST  
Blogger Abdu said...

ചില വാക്കുകളോട് വല്ലാത്ത ഒരു ശത്രുതയുണ്ട് എന്റെ വിരലുകള്‍ക്കും ചെവിക്കും. അതിലൊന്നാണ് ആശംസകള്‍, പക്ഷെ ചിലപ്പോഴൊക്കെ എത്ര മസിലുപിടിച്ചാലും അതു പറഞ്ഞേ തീരൂ എന്ന ചില അനിവാര്യതകളുണ്ട്. ആ അനിവാര്യതകളില്‍ അധികവും ഞാനനുഭവിച്ചത് ബ്ലൊഗിലൂടെയാണ്,
നഷ്ടപ്പെടുത്താന്‍ കഴിയാത്ത അപൂര്‍വം തുരുത്തുകളിലൊന്നായി ഈ ലോകവും അതിലൂടെ എനിക്ക് കിട്ടിയ സൌഹൃതങ്ങളും എന്റെ കൂടെവരികയായിരുന്നു, പലപ്പോഴും ഞാന്‍ വിളിക്കുക പോലും ചെയ്യാതെ.

ഒരിക്കല്‍ കൂടി എന്റെ വിരല്‍ തോല്‍ക്കുന്നു,

സൂ ചേച്ചീ, ഹൃദ്യമായ ആശംസകള്‍,

അഭിനന്ദനങ്ങള്‍.

Mon Dec 11, 01:49:00 pm IST  
Anonymous Anonymous said...

സൂ,

ഒരു പൊസ്റ്റുപോലും വിടാതെ വായിക്കാറുണ്ട്. അതുല്യചേച്ചി പറഞ്ഞതുപോലെ മിക്കവരും ഓഫീസുകളില്‍ നിന്നാണ് ബ്ലൊഗ് സന്ദര്‍ശനം നടത്തുന്നത്. വീട്ടില്‍ ഇരുന്ന് ഇത്രയും നന്നായി ബ്ലൊഗ്ഗിങ്ങ് ചെയ്യുന്ന സൂവിന് അഭിനന്ദനങ്ങള്‍.
സൂവിന്റെ പോസ്റ്റില്‍ ഈയിടെയായി വരുന്ന അനാവശ്യമായ കമന്റുകള്‍ കണ്ടു ശരിക്കും വിഷമം ഉണ്ടായി. നന്നായി നടക്കുന്നവ നശിപ്പിക്കാനാണ് പലര്‍ക്കും ഇഷ്ടം.

പല പോസ്റ്റുകളും വായിക്കുന്നതു തന്നെ സുവിന്റെ കമന്റ് കണ്ടിട്ടാണ്. പുതുതായി വരുന്ന ബ്ലൊഗര്‍മാരെ ഇത്രയും നന്നായി സ്വാഗതം ചെയ്യുന്നവര്‍ കുറവാണിവിടെ.

ഇനിയും ധാരാളം എഴുതണം, അതൊക്കെ വായിക്കാന്‍ ഇഷ്ടമുള്ളവര്‍ ഒത്തിരി പേരുണ്ട്. പിന്നെ സൂവിന്റെ ചേട്ടനും അഭിനന്ദനങ്ങള്‍, നന്നായി സപ്പോര്‍ട്ട് ചെയ്യുന്നതിന്.

Mon Dec 11, 01:53:00 pm IST  
Blogger ശിശു said...

മൂന്നു കൊല്ലമായ്‌ ബ്ലോഗുന്ന സുവിന്‌
ബ്ലോഗിലെല്ലാം ചിരിക്കുന്ന സുവിന്‌,
നൂറുകൊല്ലങ്ങള്‍ ബ്ലോഗാന്‍ കഴ്യട്ടെ എന്നാശംസിക്കുന്നു.

;))))))

Mon Dec 11, 02:12:00 pm IST  
Blogger ഏറനാടന്‍ said...

മൂന്നല്ല മുന്നൂറായിരം ആണ്ടുകള്‍ സൂ-വിന്റെ ബ്ലോഗുള്ളടക്കങ്ങള്‍ അനശ്വരമായി നിലനില്‍ക്കട്ടെയെന്ന് ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു..

Mon Dec 11, 02:15:00 pm IST  
Blogger Sona said...

സുചേച്ചി..എന്റെ എല്ലാവിധ ആശംസകളും നേരുന്നു.നെഗറ്റീവ് കമന്റ്സിലൊന്നും തളരാതെ,അതെല്ലാം പോസറ്റീവ് എനര്‍ജിയാക്കി,സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ,ഇനിയും ഒത്തിരി സ്രഷ്ടികള്‍ ഉണ്ടാവട്ടെ.

Mon Dec 11, 02:33:00 pm IST  
Blogger മുസ്തഫ|musthapha said...

സൂ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ :)

നിറഞ്ഞ സ്നേഹത്തോടെ

- അഗ്രജന്‍ -

Mon Dec 11, 02:38:00 pm IST  
Blogger രാജ് said...

സൂര്യഗായത്രിക്കു് ആശംസകള്‍. രണ്ടു കൊല്ലത്തിനു ശേഷവും സൂവിനു് ഒരു disclaimer -ന്റെ അകമ്പടിയോടെ വേണം വാര്‍ഷികാറിയിപ്പ് ഇടേണ്ടി വന്നതെങ്കില്‍ നമ്മുടെ ബ്ലോഗ് കമ്യൂണിറ്റിക്കെന്തോ കുഴപ്പമുണ്ടെന്നു വേണം ധരിക്കുവാന്‍.

Mon Dec 11, 02:58:00 pm IST  
Anonymous Anonymous said...

ബ്ലൊഗിലെ സജീവ സാന്നിദ്ധ്യമായ സൂര്യഗായത്രിക്ക്‌ രണ്ടാം പിറന്നാള്‍ ആശംസകള്‍ !!!!

Mon Dec 11, 03:21:00 pm IST  
Blogger വേണു venu said...

സൂര്യഗായത്രിക്കു് ആശംസകള്‍. ഒരമ്മയുടെയും,ചേച്ചിയുടെയും,
സഹോദരിയുടെയും, അനിയത്തിയുടേയും ഒക്കെ ഭാഷയിലുള്ള കൊച്ചു കൊച്ചു കമന്‍റുകളുമായി ഒരു ചിത്രശലഭം പോലെ കടന്നു പോകുന്നതു കാണാറുണ്ടു്.സൂര്യഗായത്രിയുള്‍പ്പെടുന്ന ഈ ബൂലോകം എന്ന ധന്യതയിലെ കൊച്ചരംഗമാണു് ഞാനും എന്നു് ഓര്‍ത്തു് അഭിമാനിക്കാറുമുണ്ട്.
ഇനിയും ഈ ബൂലോകത്ത് എഴുതുകയും
എഴുതാന്‍ മറ്റുള്ളവര്‍ക്കും ഒരു പ്രേരണയായ ആല്‍മവിശ്വാസമായി മാറാന്‍ സുവിനു കഴിയട്ടെ. ഇനിയുമൊത്തിരി സൃഷ്ടികള്‍ ഉണ്ടാവട്ടെ. സ്നേഹം നിറഞ്ഞ ആശംസകള്‍.
വേണു.

Mon Dec 11, 04:13:00 pm IST  
Blogger ആനക്കൂടന്‍ said...

ഒരു വര്‍ഷമായി എന്നു തോന്നുന്നു ഞാന്‍ ബൂലോകത്തെത്തിയിട്ട്. തുടക്കത്തില്‍, ഒരു ജോലിയുടെ ഭാഗമായി വായിച്ചു നോക്കിയ 60 ബ്ലോഗുകളില്‍ പലതും ഇപ്പോള്‍ കാണാനില്ല. ചിലതിന്‍റെ രൂപം മാറി, ചിലര്‍ പേരുതന്നെ മാറ്റി. പക്ഷെ, അന്നത്തെ അത്രതന്നെ സജീവമായി നില്‍ക്കുന്നു സൂര്യഗായത്രി. അഭിനന്ദനങ്ങള്‍. ആശംസകള്‍

Mon Dec 11, 04:31:00 pm IST  
Blogger ചീര I Cheera said...

സു..
ഞാന്‍ സൂനെ വായിച്ചു തുടങിയിട്ട് അധികമായില്ല..[സുനെ മാത്രമല്ല,എല്ലാവരെയും]
എങ്കിലും,എന്നെ അതിശയിപ്പിയ്ക്കാറുള്ള ഒരു കാര്യമുണ്ട്-എങിനെ ഇത്ര frequent ആയി സൂന് ബ്ലോഗ്ഗാന്‍ പറ്റുന്നു എന്ന കാര്യം.എന്തായാലും,ആ time management ചില്ലറ കാര്യമല്ല ട്ടൊ.

എന്തായാലും എല്ലാ ആശംസകളും നേരുന്നു...സധൈര്യം മുന്നേറുക!

Mon Dec 11, 05:52:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂര്യഗായത്രിയ്ക്‌ക്‍ രണ്ടാം വാര്‍ഷികാശംസകള്‍!!

സൂര്യഗായത്രി വായിച്ചുവായിച്ചാണ്‌, ഞാനും ഈലോകത്തെത്തിയത്‌.

സ്നേഹം വെളിച്ചമാക്കുന്ന വിളക്കുപോലെ സൂര്യഗായത്രി ഇവിടെ പ്രകാശം പരത്തിനില്‍ക്കട്ടെ, എന്നുമെന്നും

ആശംസകളോടെ,
ജ്യോതി

Mon Dec 11, 08:06:00 pm IST  
Blogger Kiranz..!! said...

സൂച്ചി നിങ്ങള്‍ക്കു വേണ്ടി ഒരു പാട്ട് ഇതാ വരുന്നു..കൊഞ്ചം വെയ്റ്റ് പാറുങ്കോ ,ലവന്‍ ഒന്നു ഓഡിയോയിലോട്ടോഡിക്കയറുന്ന താമസം ഇവിടെ ലിങ്കിട്ടിരിക്കും ,ഇത് സത്യം,സത്യം,സത്യം..!

Mon Dec 11, 08:27:00 pm IST  
Blogger Unknown said...


മൂന്നാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന സൂര്യഗായത്രിക്ക് ആശംസകള്‍!

Mon Dec 11, 08:36:00 pm IST  
Blogger ഡാലി said...

ആശംസകള്‍ സൂവേച്ചി.
നീണ്ട രണ്ട് കൊല്ലം! ഇനിയും ഒരുപാട് ഒരുപാട് വര്‍ഷങ്ങളിലൂടെ ഈ ബ്ലോഗ് കടന്ന് പോകട്ടെ.

Mon Dec 11, 08:49:00 pm IST  
Anonymous Anonymous said...

ആശംസകള്‍.............

Mon Dec 11, 08:51:00 pm IST  
Blogger Unknown said...

ങാ.. ഒടിഞ്ഞ് ബാ... ങാ പോരട്ടേ.
സെയിഡ് നോക്കി.. സെയിഡ് നോക്കി.. ഒടിഞ്ഞ് പോരട്ടെ..ങാ.. ഒരനക്കം കൂടെ.. ങാ.. മതി.. നില്‍ക്കട്ടെ.

ഹാവൂ.. ഒരു ലോഡ് അഭിനന്ദനത്തിന്റെ പൂച്ചെണ്ടിറക്കാന്‍ വിളിച്ച ലോറി റിവേഴ്സെടുത്തതാ. ഇനി പൂക്കള്‍ താഴെ തട്ടാന്‍ ലോക്കല്‍ അട്ടിമറി ടീമിനെ കൊണ്ട് ഇപ്പൊ വരാം. അപ്പൊ കങ്കാരു ഗ്രാജുവേഷന്‍ :-)

Mon Dec 11, 09:04:00 pm IST  
Blogger കരീം മാഷ്‌ said...

മൂന്നാം വര്‍ഷത്തിലേക്കു കऽക്കുന്ന സുവിന്നു ഒരു സുവചനം.
നീളാല്‍ എഴുതട്ടെ! വായിക്കാന്‍ ഞങ്ങള്‍ക്കും ഭാഗ്യമുന്‍ടാവട്ടെ!

Mon Dec 11, 09:46:00 pm IST  
Blogger sreeni sreedharan said...

സാറേ പൂക്കളിവിടിറക്കിക്കോട്ടെ,ഈ സൂര്യഗായത്രിയില്‍??
ഞാന്‍ തന്നെ അട്ടിമറിച്ചോളാം...

(സൂചേച്ചീ ലോഡ് ദില്‍ബന്‍റെയാണേലും തന്നത് ഞാനാ :)

Mon Dec 11, 09:55:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ചെറിയ ചിന്തകളിലൂടെ വലിയ ലോകത്തിന്റെ മനസ്സില്‍ സ്ഥാനം പിടിച്ച സൂര്യഗായത്രിക്കും സു എന്ന പ്രതിഭാസത്തിനും, ചേട്ടനും അഭിനന്ദനങ്ങള്‍.

അവര്‍ണ്ണനീയമീ വനസൌന്ദര്യമെങ്കിലും,
പാലിച്ചിടാനായ് കിടക്കുന്നു വാക്കുകള്‍
പോകുവാനേറെ ദൂരമിനിയും കിടക്കുന്നു,
തലചായ്ച്ചിടും മുന്‍പേയെന്‍ പ്രിയസഖീ..
- റോബര്‍ട്ട് ഫ്രോസ്റ്റ്

സുസാന്നിദ്ധ്യം ഈ ബൂലോകത്തില്‍ എക്കാലവും ഉജ്ജ്വല ശോഭയോടെ കാണണമെന്ന ആഗ്രത്തോടെ...

സസ്നേഹം.
:)

Mon Dec 11, 10:05:00 pm IST  
Blogger വല്യമ്മായി said...

സൂ ചേച്ചി ഓഫിനു മാപ്പ്:

പച്ചാളം,ഞാന്‍ രണ്ടു ദിവസം മുമ്പ് ഒരു സ്വപ്നം കണ്ടു,ശ്രീജിത്തിന്റെ വീടിന്റെ മുറ്റത്തെ കവിതാ വല്ലരി പൂത്തു നില്ക്കുന്നതും അതിനു പച്ചാളം വെള്ളമൊഴിക്കുന്നതും.

Mon Dec 11, 10:07:00 pm IST  
Anonymous Anonymous said...

ഏ? റോബര്‍ട്ട് ചേട്ടന്‍ മലയാളത്തില്‍ എഴുതി തുടങ്ങിയൊ? എപ്പൊ ? :) :)

Mon Dec 11, 10:08:00 pm IST  
Blogger മാവേലികേരളം(Maveli Keralam) said...

സൂര്യഗായതിയ്ക്
വിജയകരമായ രണ്ടു ബ്ലോഗു വര്‍ഷങ്ങള്‍ കഴിഞ്ഞു മൂന്നാമതിലേക്കെത്തി നില്‍ക്കുന്ന ഈ ദിവസം ഇനിയും വിജയകരമായ അനേകം ബ്ലോഗു വര്‍ഷങ്ങള്‍ ഉണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.

Tue Dec 12, 12:55:00 am IST  
Anonymous Anonymous said...

സൂര്യനും ഗായത്രിയും...സത്യം പറഞ്ഞാന്‍ സുവിനെ പോലെയുള്ള വരുടെ ബ്ലോഗാണ്‌ എനിക്ക്‌ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പ്രചോദമായതുതന്നെ. സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വരാറുണ്ട്‌.ഈ മൂന്നു വര്‍ഷങ്ങളുടെ ആഘോഷവേളയില്‍ എന്റെ വക ഒരു ചെറിയ നന്ത്യാര്‍വട്ടപ്പൂവ്‌...

Tue Dec 12, 02:03:00 am IST  
Blogger ജേക്കബ്‌ said...

ആശംസകള്‍...

Tue Dec 12, 05:15:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

വല്യമ്മായീ, അതു കലക്കി.. ശ്രീജിത്തിന്റെ കവിതക്ക് പച്ചാളത്തിന്റെ ശബ്ദതാരാവലി കലക്കിയ വെള്ളം..ശ്രീജിത്ത്, എഴുത്തച്ഛനു ഒരു എതിരാളിയാവണ ലക്ഷണം കാണുന്നുണ്ട്.. :))

ഇഞ്ചിയേ, റോബര്‍ട്ട് , മാവോ, ലെനിന്‍, സ്റ്റാലിന്‍, വേഡ്സ്‌വര്‍ത്ത് തുടങ്ങി ഒരുപാടു പേര്‍ മലയാളം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ടല്ലോ? :)എന്തായാലും ഞാന്‍ വിളിച്ചു ചോദിക്കാം ട്ടാ..
(മേല്‍പ്പറഞ്ഞവരൊക്കെ എന്റെ സ്കൂളിലും കോളേജിലും, നാട്ടിലും ഒക്കെ ഉണ്ടായിരുന്നവരാണ് :))

Tue Dec 12, 06:06:00 am IST  
Blogger ടി.പി.വിനോദ് said...

അനുമോദനങ്ങള്‍, ആശംസകള്‍....

Tue Dec 12, 06:17:00 am IST  
Blogger evuraan said...

തലചായ്ച്ചിടും മുന്‍പേയെന്‍ പ്രിയസഖീ..

ഏ..? സഖിയോ? ഫ്രോസ്റ്റും കുതിരയും മാത്രമല്ലായിരുന്നോ? അതിലീ സഖി എവിടുന്നു വന്നു?

കുതിരയെ ആവും ശനിയന്‍ സഖിയെന്നു വിളിച്ചത് എന്നാവുമോ?

Tue Dec 12, 07:34:00 am IST  
Anonymous Anonymous said...

ഓ, ആദീന്റെ കഥയിലെ ആ കുതിര മുഖമുള്ള സഖിയാണാവോയിനി? :)

Tue Dec 12, 07:59:00 am IST  
Blogger റീനി said...

ബൂലോഗത്തിലെ സൂര്യകാന്തിയായി സൂര്യഗായത്രി വിളങ്ങട്ടെ!

Tue Dec 12, 08:41:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

നിരന്തരമായ സു-ടച്ച്‌ ഇടപെടലുകളുമായി ഇനിയുമിനിയും മുന്നോട്ട്‌ പോവുക.

അഭിനന്ദനങ്ങള്‍, ആശംസകള്‍.

Tue Dec 12, 09:05:00 am IST  
Anonymous Anonymous said...

സൂര്യഗായത്രിയ്ക്ക്‌ എന്റെ പിറന്നാളാശംസകള്‍

Tue Dec 12, 10:19:00 am IST  
Blogger സ്നേഹിതന്‍ said...

അഭിനന്ദനങ്ങള്‍ സു!

ഇനിയും അനേകം സൃഷ്ടികള്‍ ഇവിടെ വിരിയട്ടെ!

Tue Dec 12, 11:50:00 am IST  
Blogger കണ്ണൂസ്‌ said...

Congrats, Su.

Tue Dec 12, 12:31:00 pm IST  
Anonymous Anonymous said...

മനം നിറഞ്ഞ അഭിനന്ദനങ്ങള്‍

Tue Dec 12, 01:01:00 pm IST  
Blogger Siju | സിജു said...

ആശംസകള്‍
എല്ലാവരും സമ്മാനം കൊടുക്കുന്നതു കണ്ടപ്പോളെനിക്കുമൊരാഗ്രഹം
എന്റെ വക ഒരു ചെമ്പനീര്‍പ്പൂവ്

Tue Dec 12, 02:45:00 pm IST  
Blogger സു | Su said...

രേഷ് :) ആശംസാതേങ്ങയ്ക്ക് നന്ദി.

ദിവാ :)

തനിമ :)

ആര്‍ പി :)

ഏവൂരാന്‍ :)

ബിന്ദൂ :)

ഉമേഷ്ജീ :) പോസ്റ്റുകള്‍ കുറേയുണ്ട്. നല്ലത് ഏതൊക്കെയാണെന്ന് നിങ്ങളൊക്കെ പറയണം.

പീലിക്കുട്ട്യമ്മൂ :) ഫോട്ടോയില്‍ കുറച്ചു കണ്ടു.

സാരംഗീ :)

യാത്രാമൊഴീ :)

വിഷ്ണുപ്രസാദ് :) ഉവ്വ്. ചില പോസ്റ്റുകള്‍ ശരിയായില്ല എന്ന് പലരും പറയാറുണ്ട്.

ഷാജീ :)

അനംഗാരീ :)

സാഹാ :) ദിവ്യത്വം കഴിഞ്ഞിട്ട് ഇപ്പോഴാണോ വരുന്നത്? എന്തായാലും സ്വപ്നമായി ബ്ലോഗ് വരട്ടെ.

ഇക്കാസേ :)

വിശാലാ :) രണ്ട് ബുക്ക് ഫ്രീ തരണേ.

സന്തോഷ് :)

ഇഞ്ചിപ്പെണ്ണേ :) ഇത്രയ്ക്കൊന്നും ഇല്ലാട്ടോ. ഞാനും നിങ്ങളെപ്പോലെ തന്നെ. ചട്ടുകം മാത്രമല്ല, ചൂലും പിടിക്കാറുണ്ട്. എനിക്ക് ജോലിക്കാരിയൊന്നുമില്ല. എന്റെ വീട്ട് കാര്യം കഴിഞ്ഞേ ഉള്ളൂ എന്തും. ബ്ലോഗിലായാലും വീട്ടിലായാലും മാറാല പിടിക്കുന്നത് എനിക്കിഷ്ടമല്ല.

ഹരിയപരാജിതാ‍ :) അവരൊക്കെ അങ്ങനെയൊക്കെ പറയും. ഞങ്ങളൊക്കെ അയല്‍ക്കാര്‍ അല്ലേ.;)

തറവാടീ :)

കുട്ടിച്ചാത്താ :) പായസം വെച്ചില്ല. വേണം എന്നുണ്ടായിരുന്നു. പായസത്തേക്കാള്‍ മധുരം നിങ്ങളൊക്കെ തരും എന്ന് എനിക്കറിയാമായിരുന്നു.

ബയാന്‍ :) പരീക്ഷിക്കൂ. സന്തോഷം.

ഇന്ത്യാഹെറിറ്റേജ് :)

ഇടിവാള്‍ :)

തുളസീ :)

മുസാഫിര്‍ :) സൂക്ഷിച്ചിരിക്കാം.

ഇബ്രൂ :)

നളന്‍ :)

വല്യമ്മായീ :)

ദേവാ :)

സുനില്‍ :) കുറേ നാളായല്ലോ കണ്ടിട്ട്. ഇങ്ങോട്ട്.

കൊച്ചുഗുപ്തന്‍ :)

കുമാറേ :) ശനിദശയൊക്കെ തീര്‍ന്നോ? നമ്മളു തുടക്കം മുതലേ വല്യ സുഹൃത്തുക്കള്‍ ആയിരുന്നു അല്ലേ. അതൊക്കെ എപ്പോഴും എപ്പോഴും പറയേണ്ടേ. ഇല്ലെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍ ആവില്ലേ. ;) അല്ലാ...നമ്മള്‍ വഴക്കിട്ടിട്ട് എത്ര നാള്‍ ആയീ. എനിക്കിപ്പോ തീരെ സമയം ഇല്ല. ;)

വക്കാരീ :)

കൃഷ് :)

കുട്ടമ്മേനോന്‍ :)

അതുല്യേച്ചീ :) അതും എന്റെ പ്രിയതാരം മൈസൂര്‍പ്പാക്ക്. എനിക്കിഷ്ടായി.

കലേഷേ :) എന്നാലും കലേഷിന്റെ കല്യാണം മിസ്സായി. ചേട്ടന്‍ പറഞ്ഞു എന്തായാലും പോകാമെന്ന്. പക്ഷെ തീരെ സുഖമില്ലാതായിപ്പോയി.

കണ്ണൂരാന്‍ :) കമന്റിന്റെ കാര്യം വെറുതെ ഒന്ന് പറഞ്ഞതാ. നിങ്ങളെല്ലാവരും ആശംസ പറയാന്‍ വന്നപ്പോള്‍ തോന്നി, അത് വേണ്ടായിരുന്നു എന്ന്.

കൈതമുള്ളേ :) വന്നു; കണ്ടു; കഷ്ടപ്പെട്ടു എന്നായില്ലല്ലോ ഭാഗ്യം.;)

സുല്‍ :) കുറേ തേങ്ങ സുല്ലിന്റെ പിന്നാലെ ബ്ലോഗിലൊക്കെ നടന്ന് വാരിക്കൂട്ടി.

ഒബീ :)

ഇടങ്ങള്‍ :)

ശാലിനീ :) ചേട്ടനെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ശിശൂ :)

ഏറനാടന്‍ :)

സോന :)

താരേ :)

അഗ്രജന്‍ :)

പെരിങ്ങോടാ :) കമ്യൂണിറ്റിയ്ക്ക് കുഴപ്പമില്ല എന്നെനിക്ക് മനസ്സിലായി, ആശംസകള്‍ കണ്ടപ്പോള്‍. പക്ഷെ എന്തോ ഒരു കുഴപ്പമുണ്ട്. ചിലരൊക്കെ വെറുതേ കഷ്ടപ്പെടുന്നുണ്ടോ എന്നൊരു തോന്നല്‍ ;)

ചിത്രകാരാ :)

ആനക്കൂടാ :) ദക്ഷയേയും, നകുവിനേയും എനിക്ക് ഓര്‍മ്മയുണ്ടേ.

പി ആര്‍ :)

ജ്യോതീ :)

കിരണ്‍സ് :) എന്റെ ഇഷ്ടഗാനം തന്നെ ആയി അത്.

സപ്തവര്‍ണം :) പൂക്കള്‍ ഇഷ്ടപ്പെട്ടു.

ഡാലീ :)

നവന്‍ :)

ദില്‍‌ബാസുരാ :) ഏതോ പ്രേതം വീട്ടിലുണ്ടെന്ന് പറയുന്നത് കേട്ടു. പൂവൊക്കെ അത് കൊണ്ടുവെച്ചതാണോ? അതും ചോദിച്ച് ഇങ്ങോട്ട് വരുമോ?

കരീം മാഷേ :)

പച്ചാളം :) അട്ടിമറിക്കൂ.

ശനിയാ :) ചേട്ടനോട് പറഞ്ഞു. അഭിനന്ദനം.

മാവേലി കേരളം :)

സിജീ :)

ജേക്കബ് :)

ലാപുട :)

റീനീ :)

പടിപ്പുര :)

വേണു :)

ചേച്ചിയമ്മേ :)

സ്നേഹിതാ‍ :)

കണ്ണൂസേ :)

പയ്യന്‍ :)

പിന്‍‌മൊഴീ :)

സിജൂ :)

ആശംസകള്‍ പറഞ്ഞവര്‍ക്കും, സൂര്യഗായത്രിയിലെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്കും നന്ദി. വക്കാരി, സപ്തന്‍, അതുല്യേച്ചി, കിരണ്‍സ്, സിജു എന്നിവര്‍ നല്‍കിയ സമ്മാനത്തിനും നന്ദി.

അഭിപ്രായം പറയാന്‍ ആരെങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയൊന്നും ബ്ലോഗ് തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നില്ല. എല്ലാവരേയും ബ്ലോഗിലൂടെ കാണാനും, ചിലരെയൊക്കെ നേരില്‍ കാണാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനിയും മീറ്റ് ഒക്കെ ഉണ്ടാകുമ്പോള്‍ ബാക്കിയുള്ളവരേയും കാണാമെന്ന് കരുതുന്നു. പോസ്റ്റുകളെപ്പറ്റി അഭിപ്രായം ഇനിയും എല്ലാവരും പറയണം. നല്ലത്, കിടിലന്‍ എന്നൊക്കെ മാത്രമല്ല. നല്ല രീതിയില്‍ ഉള്ള വിമര്‍ശനവും സ്വീകരിക്കുന്നതാണ്.

Tue Dec 12, 03:11:00 pm IST  
Blogger thoufi | തൗഫി said...

ഒന്നില്‍നിന്ന് മറ്റൊന്നിലെക്ക്
മധുതേടി പറക്കുന്ന ചിത്രശലഭത്തെപ്പോലെ ബ്ലോഗുലകത്തില്‍ പുഞ്ചിരിതൂകി പാറിനടക്കുന്ന സൂച്ചേച്ചിയുടെ ബ്ലോഗ് പ്രവേശനത്തിന്റെ
മൂന്നാം വാര്‍ഷികത്തിന് ഹൃദ്യമായ ആശംസകള്‍

Tue Dec 12, 05:57:00 pm IST  
Blogger പരസ്പരം said...

ഒരു പക്ഷേ ബൂലോഗത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റിട്ടതിന്റെ ക്രെഡിറ്റ് സൂവിനു തന്നെ. ദിവസവും ഇങ്ങനെ പോസ്റ്റിട്ട് എല്ലാവരേയും അമ്പരിപ്പിക്കുന്ന സൂവിന് ആശംസകള്‍. കൂടുതല്‍ കൂടുതല്‍ പോസ്റ്റുകളിടുവാനും ഈ ബൂലോഗത്തില്‍ നൂറ് വയസ്സ് തികയ്ക്കുവാനും ഇടയാകട്ടെ..(നൂറ്റിഅന്‍പത് വയസ്സ് വരെ ജീവിച്ചാല്‍ ഗിന്നസ്സ് ബുക്കിലും ഇടം നേടാം!)

Tue Dec 12, 06:16:00 pm IST  
Anonymous Anonymous said...

ഇവിടെ അധികം വാക്കുകള്‍ക്ക് പ്രസക്തിയില്ല ആശംസകള്‍:)
നന്ദു.

Tue Dec 12, 06:56:00 pm IST  
Blogger സു | Su said...

മിന്നാമിനുങ്ങേ :)

പരസ്പരം :) അയ്യോ. ഞാന്‍ ഏറിയാല്‍ ഒരു പത്ത്-പതിനഞ്ച് കൊല്ലം കൂടെ ഇരിക്കാമെന്ന് വിചാരിക്കുന്നു. ദൈവം സഹായിച്ചാല്‍. ഹിഹി . നന്ദി.

നന്ദു :) നന്ദി.

Tue Dec 12, 08:23:00 pm IST  
Blogger വിനോദ്, വൈക്കം said...

സൂര്യന്റെ തേജസ്സും നക്ഷത്രങ്ങളുടെ തിളക്കവും ചന്ദ്രന്റെ നൈര്‍മല്യവും കൂടിച്ചേരുന്ന സൂ.. വിന് ആയിരം ആശംസകള്‍...
താങ്കളുടെ കമന്റുകള്‍ക്ക് പതിനായിരം നന്ദിയും..
പറഞ്ഞാലറിയുന്ന പലരിലൊരാളായി ഞാനുമാവട്ടെയെന്ന് ..
സസ്നേഹം വൈക്കന്‍

Tue Dec 12, 11:11:00 pm IST  
Anonymous Anonymous said...

Su
Congrats!! Continue writing.....:-)

Wed Dec 13, 06:38:00 am IST  
Blogger സു | Su said...

വൈക്കന്‍ :)

യാമിനി :)

നന്ദി.

qw_er_ty

Wed Dec 13, 10:53:00 am IST  
Blogger അമല്‍ | Amal (വാവക്കാടന്‍) said...

സൂ ചേച്ചി,
ഞാന്‍ ചേച്ചീടെ മൂന്നാം വാര്‍ഷികത്തിന്റെ പോസ്റ്റ് കണ്ടില്ല..
ഇപ്പോഴാ കണ്ടത്..

ഏച്ചിക്ക് ഈ അനിയന്റെ ആശംസകള്‍ ..

അഭിനന്ദനങ്ങള്‍!!
qw_er_ty

Wed Dec 13, 12:14:00 pm IST  
Blogger സു | Su said...

വാവക്കാടാ :) നന്ദി. രണ്ടാം വാര്‍ഷികം ആണ്.

qw_er_ty

Thu Dec 14, 12:56:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഡും ..ഡും ...ഡും ... :( ...ഇവിടെ ആരും ഇല്ലെ.... പിറന്നാള്‍ ആഘോഷം കഴിഞ്ഞു... സദ്യയും കഴിഞ്ഞു .. എന്തിനു പറയുന്നു .. വടക്കെപുറത്തേക്കെറിഞ്ഞ ഇലയ
ടക്കം കരിഞ്ഞു... എന്നിട്ടാരപ്പാ.. ഇതിവിടെ കൊട്ടിവിളിക്കണെ... ഇതു..ഞാനാ..ഇട്ടിമാളൂ... അല്ലേലും ഈ ഇട്ടിയുടെ കാര്യം ഇങ്ങനെയാ.. .. എപ്പൊഴും എല്ലയിടത്തും ആളും ആരവവും ഒക്കെ അടങ്ങുമ്പൊഴെ എത്തുള്ളു.. .. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല...ബ്ലൊഗെഴുത്തല്ല..തലേലെഴുത്ത് ..അല്ലാതെന്താ...
അപ്പൊ... പറഞ്ഞുവന്നത്... ഞാന്‍ ഇവിടെ ആദ്യമാ... എന്നുവെച്ചാല്‍... മിക്കവാറും പോസ്റ്റുകള്‍ വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും കമെന്റിയിട്ടില്ല.. കാര്യം ഇത്തിരി കഷ്ടമാ.... ഞാനും ഈ മലയാളം ടൈപ്പിങും തമ്മില്‍ ഇപ്പൊഴും അത്ര നല്ല സ്വരചേര്ച്ചയില്‍ അല്ല... അതു തന്നെ പ്രശ്നം ... എനിക്ക് പറയാനുള്ളതൊക്കെ പറയണമെങ്കില്‍ ... ഓഫീസ് ബ്ലോഗെര്‍ ആണെ..മനസ്സിലാവുമല്ലോ?
ഞാന്‍ സൂ വിനെ ശ്രദ്ധിച്ചതു :) ഇതുകൊണ്ടുതന്നെ.. പിന്നെ ഒരിക്കല്‍ ... എനിക്ക് കിട്ടിയ ഒരു കമെന്റുകൊണ്ടും ... ഒരു ചിരികൊണ്ട് എല്ലാവരെയും സ്വന്തം സാന്നിധ്യമറിയിക്കുന്ന സൂ വിനും ... സൂവിന്റെ ബ്ലോഗിനും .. ഒരിത്തിരി വൈകിയാണെങ്കിലും .. എന്റെ ആശംസകള്കൂടി..

Thu Dec 14, 05:15:00 pm IST  
Blogger സു | Su said...

ഇട്ടിമാളു വന്നല്ലോ. സന്തോഷം. മരണം ഉലക്കയാണെന്ന് എഴുതിയിട്ട് എന്നെ തല്ലാന്‍ ഉലക്ക എടുക്കാന്‍ പോയോന്ന് വിചാരിച്ചു.

നന്ദി. :)

qw_er_ty

Sat Dec 16, 10:27:00 am IST  
Blogger mydailypassiveincome said...

സൂ,

എനിക്ക് തോന്നുന്നത് ഞാനാദ്യമായാണ് ഇതില്‍ കമന്റിടുന്നതെന്നാണ്. ഞാന്‍ കുറെ പോസ്റ്റുകള്‍ തിരക്കിനിടക്ക് വായിച്ചൂ. എല്ലാം വളരെ രസകരം. അഭിനന്ദനങ്ങള്‍! ആശംസകള്‍!

ജോ-യെ എനിക്കും അറിയാം കഴിഞ്ഞ 2 വര്‍ഷമായി. എന്റെ വളരെ നല്ല ഒരു സുഹൃത്താണ് ജോ. മിക്കവാറും ഞങ്ങള്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെങ്കിലും ഈയിടെ അതിനും സമയം കിട്ടാറില്ല. ഇടയ്ക്ക് ഇമെയില്‍ ചെയ്യാറുണ്ട്.

സൂവിന് വീണ്ടും ആശംസകള്‍.

Sat Dec 16, 04:16:00 pm IST  
Blogger സു | Su said...

മഴത്തുള്ളീ :) നന്ദി. മഴത്തുള്ളിയ്ക്ക് അറിയാവുന്ന ജോ ആണോ ഇതെന്ന് അറിയില്ലാട്ടോ.

qw_er_ty

Sun Dec 17, 08:04:00 am IST  
Blogger തത്തമ്മ said...

This comment has been removed by a blog administrator.

Mon Dec 18, 05:44:00 am IST  
Blogger തത്തമ്മ said...

എന്നും ഇവിടെ വന്ന് കുറേ വായിക്കാന്‍ നോക്കാറുണ്ട്. ഇതുവരെ മുഴുവന്‍ കഴിഞ്ഞില്ല. അതുകഴിഞ്ഞ് കമന്റാമെന്നു വെച്ച് ഇരുന്നു.

ഇങ്ങനെയൊക്കെ എഴുതാന്‍ നല്ല കഴിവു വേണം. സമ്മതിച്ചുതന്നിരിക്കുന്നു.
ആശംസകള്‍! ഇനിയുമെഴുതണം

Mon Dec 18, 05:47:00 am IST  
Blogger വിശ്വപ്രഭ viswaprabha said...

നൂറാമത്തെ കമന്റാണിതിവിടെ!
ഇങ്ങനെ ഒരാശയുണ്ടായിരുന്നു, എനിക്കവകാശപ്പെട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്ന ഈ ഊഴം സ്വായത്തമാക്കാന്‍.

ഉത്സവം കാണാന്‍ ഈ വഴി പോകുന്ന ആള്‍ക്കൂട്ടങ്ങളെയും നോക്കി അരയാലിന്‍ കൊമ്പത്തെ എന്റെ കൊച്ചുപോടില്‍ മിണ്ടാതെ, അനങ്ങാതെ,

ഞാന്‍ ഇതും കാത്തിരിക്കുകയായിരുന്നു...
അപ്പുറത്ത് എനിക്കാ കാവുകാണാം.
അവിടെ എന്നും വിളക്കുവെക്കാന്‍ വരുന്ന ആ പെണ്ണിനെയും കാണാം.


ഒരു നാള്‍ കൊച്ചൊരു തിരിയുമായി,
പിറ്റേന്ന് തെങ്ങോലത്തൂപ്പു തിന്നുന്ന തീയുമായി,
പിന്നൊരിക്കല്‍ ലോകം ചുട്ടെരിക്കാന്‍ പോന്ന ബഡവാഗ്നിജ്വാലയുമായി,
പിന്നെ വീണ്ടും പ്രസാദവതിയായി, പൊട്ടിച്ചിരിക്കുന്ന വെറുമൊരു പൂത്തിരിക്കമ്പിയുമായി,
ഒരു കീറു വെളിച്ചത്തിന്റെ എന്തെങ്കിലും ഒരു തുണ്ടുമായി
എന്നും അവള്‍ വരും...


ഏകമായി, നിരാലോകമായി, നിസ്വമായി ഞാന്‍ ഇപ്പൊഴും കാത്തിരിക്കുന്നു...
അവള്‍ ഇനിയും വരുന്നതും കാത്ത്...
ഇനിയുമിനിയും....

മുമുക്ഷുവായ് ഞാനൊഴിയേണ്ട നാള്‍ വരെ...

Mon Dec 18, 05:53:00 am IST  
Blogger ദിവാസ്വപ്നം said...

ഇന്ന് വൈകിട്ട് വെറുതെ mall-ലൂടെ ചുറ്റിക്കറങ്ങാന്‍ പോയ വഴി, ഒരു ബുക്ക് ഷോപ്പില്‍ വച്ച് ഒരു പുസ്തകം മറിച്ചുനോക്കിക്കൊണ്ടിരുന്നപ്പോള്‍, സൂവിനെ ഓര്‍മ്മ വന്നു.

വീട്ടമ്മയായ ഒരു അമേരിക്കന്‍ വനിത, അവരുടെ (നോവലിസ്റ്റായ) ഭര്‍ത്താവറിയാതെ എഴുതിയിട്ട ചില നുറുങ്ങുകള്‍ ഒന്നിച്ചുകൂട്ടി പിന്നീടെപ്പോഴോ അവരുടെ ഭര്‍ത്താവിന്റെ പബ്ലിഷേഴ്സ് പുസ്തകമാക്കിയതാണ്.

ബെസ്റ്റ് സെല്ലിംഗ് ഓഥര്‍ ആയ ഭര്‍ത്താവിന്റെ പുസ്തകങ്ങളുടെയൊപ്പം ചിലവ്, ഈ വീട്ടമ്മയുടെ ഈയൊരൊറ്റ പുസ്തകവും നേടിയത്രേ.

പ്രോത്സാഹനം (ആപേക്ഷികമായി) കുറഞ്ഞുപോകുന്നു എന്ന കാരണത്താല്‍ കലാപരമായ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിച്ചിരിക്കുന്ന ധാരാളം വീട്ടമ്മമാര്‍, എഴുത്തിന്റെ കാര്യത്തിലെങ്കിലും സൂച്ചേച്ചിയെ മാതൃകയാക്കേണ്ടതാണെന്ന് തോന്നുന്നു.

പല എഴുത്തുകാരും നന്നേ കഷ്ടപ്പെട്ട് പറഞ്ഞ് ഫലിപ്പിക്കുന്ന ആശയങ്ങളൊക്കെ, നിസ്സാരമായി രണ്ടോ നാലോ പാരഗ്രാഫില്‍ പ്രകാശിപ്പിക്കാന്‍ സൂച്ചേച്ചിയ്ക്ക് കഴിയുന്നു. ചുരുക്കിയെഴുതാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് നീട്ടിവലിച്ചെഴുതുന്ന എന്നെപ്പോലുള്ളവര്‍ക്കറിയാം. സൂവിന്റെ ഏറ്റവുമൊടുവിലത്തെ പോസ്റ്റിലെ, “മുത്തുച്ചിപ്പി“യുടെ കാര്യം തന്നെ ഉദാഹരണം.

ഒരിക്കല്‍ കൂടി ആശംസകള്‍.

വിശേട്ടന്റെ കമന്റ് വളരെയധികം ഇഷ്ടപ്പെട്ടു. ആ കവിഭാവന അസൂയാതുല്യമായ അത്ഭുതമുളവാക്കുന്നു. നമോവാകം.

Mon Dec 18, 07:26:00 am IST  
Blogger സു | Su said...

തത്തമ്മേ :) നന്ദി.

വിശ്വം :) നൂറടിക്കാന്‍ കാത്തുനിന്നതാണോ? എന്തായാലും നന്ദി. നിറയെ മുത്തുച്ചിപ്പികള്‍ ഉള്ള ആ കടല്‍ ഇതിലൂടെ ഒഴുകി ഒരു മുത്ത് തന്ന് പോയതിന്. അതില്‍ കുറച്ച് അഹങ്കരിക്കണോ? അതോ കടലും നോക്കിയിരിക്കണോ? തീരുമാനിക്കാന്‍ പറ്റുന്നില്ല. കടലിന് ഒഴുകിയല്ലേ തീരൂ. എല്ലാ തീരത്തും ഓരോ മുത്തുച്ചിപ്പികള്‍ സമ്മാനിച്ചല്ലേ പറ്റൂ. ഓരോ തീരത്തും പോയി മുത്തുകള്‍ തേടിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ദിവാ :) നന്ദി. ഒരുപാട് പേരുണ്ട്. സാഹചര്യം ഇല്ലാതെ, അറിവുകള്‍ കൂട്ടിവെച്ച്, ഒടുവില്‍ ഒന്നുമില്ലാതെ പോകുന്നവര്‍. ഞാന്‍ എഴുതുന്ന വരികള്‍ ഇഷ്ടമാവുന്നെന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ഇടയ്ക്ക് പൊട്ടത്തരങ്ങളും സഹിക്കുന്നതില്‍ നന്ദിയുമുണ്ട്. എഴുത്ത് ഇനിയും നന്നാക്കണം എന്ന് വിചാരിക്കുന്നതുതന്നെ, അഭിപ്രായം പറയുന്നതിനെ ബഹുമാനിച്ചാണ്.

Mon Dec 18, 10:42:00 am IST  
Anonymous Anonymous said...

സൂ...അഭിനന്ദനങ്ങള്‍!!! വര്‍ഷങ്ങള്‍, നിര്‍ത്താതെ ഇത്രയേറെ ബ്ലോഗുകള്‍, വീണ്ടും അഭിനന്ദനങ്ങള്‍!!!ഇനിയുമിനിയും തുടരെ തുടരെ ബ്ലോഗുക.

സസ്നേഹം
ദൃശ്യന്‍

Fri Dec 29, 01:47:00 am IST  
Blogger sandoz said...

സു-ഇത്‌ ഞാന്‍ കണ്ടിരുന്നില്ല.മൂന്നാഴ്ച ബ്ലോഗില്‍ നിന്നും മാറി നിന്നപ്പോള്‍ മൂന്ന് വര്‍ഷം ബൂലോഗത്തെ പരിപാലിച്ച,സ്നേഹിച്ച,വഴികാട്ടിയ സുവിനു ഒരു ആശംസ അര്‍പ്പിക്കാനുള്ള അവസരം ഞാന്‍ നഷ്ടപ്പെടുത്തി.ഇനിയുമൊരുപാടു കൊല്ലം ബ്ലോഗിന്റെ വെളിച്ചമായി നിറഞ്ഞ്‌ നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

Mon Jan 01, 10:12:00 pm IST  
Blogger സു | Su said...

ദൃശ്യനും സാന്‍ഡോസിനും നന്ദി. :)

qw_er_ty

Fri Jan 19, 02:29:00 pm IST  
Blogger ജിസോ ജോസ്‌ said...

സൂ,

ആശംസകള്‍, അല്ലേല്‍ കണ്ണുര്‍ സ്റ്റെലില്‍ ഒരു ലാല്‍ സലാം ആയാലോ ? :)

മൂന്നു വര്‍ഷങ്ങള്‍! ഇത്രയധികം പോസ്റ്റൂകള്‍ !! ബ്ലോഗു തുടങ്ങി ഇതുവരെ ഒരു പോസ്റ്റൂ പോലും ഇടാന്‍ പറ്റിയിട്ടില്ലാത്ത ഈ കൊച്ചനിയന്‍ ചേച്ചിക്കു മുന്‍പില്‍ ശിരസു നമിക്കുന്നു.....

അഭിനന്ദനങ്ങള്‍ !!!!

Tue Mar 13, 10:14:00 am IST  
Blogger ദമനകന്‍ said...

സൂവിന് ആശംസകളും നന്ദിയും..

Tue Mar 13, 11:05:00 am IST  
Blogger Kaithamullu said...

ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുന്നു, ഞാന്‍.

ഒന്ന് മത്രം ഓര്‍ക്കുക, എല്ലായ്പോഴും:“മാങ്ങയുള്ള മാവിലേ കല്ലേറ് വരൂ”

പട്ടികള്‍ കുരച്ചാലും സ്വാര്‍ഥവാഹകസംഘം മുന്നോട്ട്!

Tue Mar 13, 12:07:00 pm IST  
Blogger അഡ്വ.സക്കീന said...

സ്വാഗതമോതാനില്ലാത്ത ലോകത്തില്‍ ഒരുപാട് ആശംസകളുമായി മുന്നോട്ട് പോകുന്ന സൂവിന് അഭിനന്ദനങ്ങള്‍.
പിറന്ന് വീഴും മുമ്പേ കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ടവരുടേതു കൂടിയാണീ ലോകമെന്ന് മനസ്സിലാക്കിയിട്ടും
മരിക്കാന്‍ കൂട്ടാക്കാത്ത മനസ്സു പോലെ ബൂലോകത്തെ സ്നേഹിക്കുന്നവരുമുണ്ടിവിടെ. കൂടെ ഒഴുകുന്നതിനേക്കാള്‍ സുഖം നീന്തുന്നതല്ലേ.
ഒരുപാട് പിറന്നാളാഘോഷിച്ച് ഒത്തിരി വലിയ ഒരു ബ്ലോഗറായി ബൂലോകത്തൊരുപാട് കാലം നീണാള്‍ വാഴട്ടേ എന്നാശംസിക്കുന്നു.
സ്നേഹപൂര്‍വ്വം ഒരു സമാന ഹൃദയം.

Tue Mar 13, 04:07:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ചിക്ക്‌ അഭിനന്ദനങ്ങള്‍....എന്നാലും ഇത്രയും കാലം ഇത്രയും എഴുതിക്കൂട്ടിയല്ലോ... ;-)

Tue Mar 13, 06:07:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home