എന്റെ കൂട്ടുകാര്‍
ജോണിനു ബൈക്ക് ഓടിക്കാന്‍ നല്ല പോലെ അറിയാം. ശനിയാഴ്ച ഉച്ചകളില്‍, പൊള്ളുന്ന ചൂടില്‍, ‘ഇക്കുട്ട്യോള്‍ക്ക് വെയിലത്ത് പൊരിയാന്‍ വട്ടുണ്ടോ?’ എന്ന് എല്ലാവരും കളിയാക്കുന്ന സമയത്ത്, ഞങ്ങളുടെ ജോലി കൂട്ടംകൂടി കളിച്ചു നടക്കലാണ്. ജോണിന്റെ പിന്നിലിരുന്ന് ബൈക്കില്‍ കറങ്ങുകയാണ് ആദ്യപടി. അവന്റെ ഡാഡി, ഉച്ചയുറക്കം കഴിയുമ്പോഴേക്കും ബൈക്ക് തിരിച്ച് ഏല്‍പ്പിക്കണം. മാന്തോപ്പില്‍ക്കൂടെ എല്ലാവര്ക്കും അഞ്ച് റൌണ്ടാണ് ജോണ്‍ സമ്മതിച്ചിട്ടുള്ളത്. എനിക്ക് മാത്രം ഏഴും. അഞ്ച് കഴിഞ്ഞ് ഇറങ്ങാന്‍ നോക്കുമ്പോള്‍ ജോണ്‍ പറയും, ചിത്ര ഇറങ്ങണ്ട, ഞാന്‍ പറയുംന്ന്.
സീനത്ത്, പുളിയോ, മാങ്ങയോ, ചാമ്പക്കയോ, കൊണ്ടുവരും. ചിലപ്പോള്‍ വെറും തേങ്ങാക്കൊത്തും വെല്ലവുമായിരിക്കും. അതിലും, അവള് കൂടുതല്‍ പങ്ക് എനിക്ക് തരും. അവളുടെ മുടി കോതിക്കെട്ടി, തട്ടം, തലയിലിട്ട്, രണ്ട് ഹെയര്‍പ്പിന്നും കുത്തിവെച്ച്, മൊഞ്ചത്തി ആയിട്ടുണ്ടേന്ന് പറയുമ്പോ, കൊന്ത്രമ്പല്ല് കാട്ടി സീനത്ത് ചിരിക്കും. അവളുടെ തലയിലെ ഒരുപാട് എണ്ണ എന്റെ കൈയില്‍ തിളങ്ങുന്നുണ്ടാവും അപ്പോഴേക്കും.
സീത എന്നും എന്റെ ഭാഗത്തായിരിക്കും. അവളുടെ ഒരുകാലു ശോഷിച്ചുപോയിട്ടുണ്ട്. അതുകൊണ്ട് അവളെ താങ്ങിപ്പിടിച്ച് ഓടാന്‍ എനിക്ക് മാത്രേ കഴിയൂ എന്ന് അവളും മറ്റുള്ളവരും ചിന്തിക്കാറുണ്ട്. അവളുടെ അച്ഛന്റെ കടയില്‍ നിന്ന്, തിന്നിട്ട്, പല്ലുകൂട്ടി, ശ്..ശ്.. എന്നു വലിക്കുമ്പോള്‍, തണുപ്പ് വരുന്ന, വെളുത്ത സൂരുമിട്ടായിയും കൊണ്ടാണ് എന്നും വരുക. പിന്നെ, കടലാസ്സ് കളഞ്ഞ് കുറച്ച് നേരം വെച്ചാല്‍ കൈയില്‍ പറ്റിപ്പിടിക്കുന്ന കറുത്ത മിട്ടായിയും. അതും എനിക്ക് കുറച്ച്, എണ്ണക്കൂടുതലായിട്ട് തരും.
മോഹന വരുന്നത്, അരിമുറുക്കും, പപ്പടവും ആയിട്ടായിരിക്കും. അവളുടെ കൈ സാമ്പാര്‍ മണക്കുന്നുണ്ടാവും മിക്കപ്പോഴും. മുറുക്ക് റൌണ്ട് പൊട്ടിക്കാതെ കടിച്ച് കടിച്ച് തിന്നുകയാണ് എല്ലാവരുടേം ഹോബി. ഞാന്‍ ആദ്യം തിന്ന് തീരുന്നതുകൊണ്ട്, ബാക്കിയുള്ള മുറുക്ക് ചിത്രയെടുത്തോന്നും പറഞ്ഞ് എണ്ണയുള്ള, പത്രക്കടലാസ്സ് പൊതി എനിക്ക് നീട്ടും. അതിലുള്ള തരി വരെ ഞാന്‍ കളയാതെ തിന്നും.
ബൈക്ക് സവാരി കഴിയുമ്പോഴേക്കും, നല്ല മാങ്ങ നോക്കി ഇട്ടുതരുന്നത് സുരേഷ് ആണ്. അവന് ഓരോ മരത്തിലും പതുക്കെക്കയറി മാങ്ങയിട്ടു തരും. എന്നിട്ട് എല്ലാവരും കൂടെ ഇരിക്കുമ്പോള്‍, ഉപ്പുപൊതിയും തുറന്ന് വെച്ച്, ഒരു വല്യ കല്ലില്‍ മാങ്ങ അടിച്ച് പൊട്ടിച്ച്, ഓരോരുത്തര്‍ക്കും തരും. പുളിമാങ്ങയാവുമ്പോള്‍, ഓരോരുത്തരും കണ്ണും വായയും വക്രിച്ച് കാണിക്കും. "ആ മാവില്‍ കേറണ്ടാന്ന് പറഞ്ഞതല്ലേ സുരേഷേ"ന്നും ചോദിക്കും. അവന് വല്യ മുതലാളി ഭാവം കാണിക്കും അപ്പോ.
കാര്‍ത്തിക, പാമ്പും ഏണിയും കളിക്കുന്ന കടലാസ്സും കൊണ്ട് വരും. എല്ലാവരും, മാങ്ങ തീറ്റിയും കഴിഞ്ഞാല്‍ ഉഷാറോടെ ഇരിക്കും, മാവിന് ചുവട്ടില്‍. കാര്‍ത്തിക, ഉത്സവത്തിനു പോകുമ്പോള്‍, പെറുക്കിയെടുക്കുന്ന വളപ്പൊട്ടൊക്കെ കുപ്പിയില്‍ ഇട്ട് കൊണ്ടുവരും. അതാണു എല്ലാവരും പാമ്പും ഏണിയിലും കളിക്കാന്‍ വെക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ കളര്‍.
കണ്ണന്, മുങ്ങിക്കിടക്കാന്‍ വിദഗ്ദ്ധന് ആണ്. കളിയൊക്കെ കഴിഞ്ഞ് തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ എണ്ണേണ്ടത് ഞാനാണ്. തിരക്കിട്ട് ശ്വാസം പോലും വിടാതെ എണ്ണുന്നത് കണ്ടുംകൊണ്ട് മറ്റുള്ളവര്‍ ഇരിക്കും. വേഗം എണ്ണുന്നത്, ഞാന്‍ ആയതുകൊണ്ടാണ് കണ്ണന് എന്നെ ഏല്‍പ്പിക്കുന്നത്. കണ്ണന്, അമ്പലത്തിലെ പായസം, ഇലയില്‍ പൊതിഞ്ഞ് കൊണ്ടുവരും. എല്ലാവരും പ്ലാവിലയില് വീതിച്ച് കഴിക്കും.
ഞാന്‍ പക്ഷെ ഒന്നും കൊണ്ടുവരാറില്ല. ആരും ഒരിക്കലും ചോദിക്കാറുമില്ല.
ജോണിന്റെ ബൈക്ക്, തോട്ടിനരികില്‍ വെച്ചാല്‍ കഴുകിക്കൊടുക്കുന്നതും, കണ്ണന്, അമ്പലത്തിലേക്ക് ഇലയൊക്കെ പറിച്ചുകൊടുക്കുന്നതും, സീനത്ത്, മറ്റുള്ളവര്‍ക്ക് മെയിലാഞ്ചിയിട്ടുകൊടുക്കുമ്പോള്‍, കൈ വിറയ്ക്കാതെ പിടിച്ചുകൊടുക്കുന്നതും, മോഹനയ്ക്ക്, അരിപ്പപ്പടം ഉണ്ടാക്കി മുറ്റത്തിടുമ്പോള്‍ കാക്ക വരാതിരിക്കാന്‍ നോക്കിയിരിക്കുന്നതും, സീതയെ, താങ്ങി ഇടവഴി മുഴുവന്‍ നടന്ന് വീട്ടിലെത്തിക്കുന്നതും, സുരേഷ് മാങ്ങ പറിക്കാന്‍ കയറുമ്പോള്‍ ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കാന്‍ നില്ക്കുന്നതും, കാര്‍ത്തികയ്ക്ക്, എവിടുന്നെങ്കിലും വളപ്പൊട്ട് കിട്ടിയാല്‍ കൊടുക്കുന്നതും ഞാനല്ലേ? അതുപോരേ? എന്നെക്കൊണ്ട് അത്രയൊക്കെയേ പറ്റൂ ചെയ്യാന്‍. അതിനവര്‍ക്ക് ഒരു വിരോധവും ഇല്ലല്ലോ എന്നെ കൂട്ടത്തില്‍ക്കൂട്ടാന്‍.
അല്ലെങ്കിലും, നേരം വൈകിയെത്തുന്നതിനു, വഴക്കൊക്കെ കഴിഞ്ഞ്, ഉള്ള കഞ്ഞിവെള്ളവും കുടിച്ച്, കിടക്കാന്‍ നോക്കുമ്പോള്‍, അമ്മയും പറയാറുണ്ട്, സ്നേഹം, കഞ്ഞിയില്‍ ഇട്ടാല്‍ മുകളില്‍ കാണുന്ന, നെയ്യ് പോലെയോ, തേങ്ങ പോലെയോ ഒക്കെ തെളിഞ്ഞ് കാണണമെന്ന്. അല്ലാതെ, കഞ്ഞിക്ക് അടിയിലെ, വെള്ളം മുഴുവന്‍ കുടിച്ച് തീര്‍ന്നാല്‍, കാണുമോ ഇല്ലയോന്നറിയാത്ത വറ്റുപോലെ ആവരുതെന്ന്.
25 Comments:
sundaramaya vivaranam sulji.. balyakaala smaranakal iniyum continue cheyyumallo
special oto
സ്നേഹം, കഞ്ഞിയില്‍ ഇട്ടാല്‍ മുകളില്‍ കാണുന്ന, നെയ്യ് പോലെയോ, തേങ്ങ പോലെയോ ഒക്കെ തെളിഞ്ഞ് കാണണമെന്ന്.
:)
വെറുതേയെങ്കിലും.. കുട്ടിക്കാലം ഓര്‍മിപ്പിച്ചു..
(വായിക്കണ്ടായിരുന്നുവെന്നു ഇപ്പൊ തോന്നുന്നു..)
കഴിഞ്ഞു പോയ കാലങ്ങളുടെ ഓര്മ ഉള്ളീല് തേങ്ങല്‍ ഉയറ്ത്തുന്നു...
zariyaaa... soooooooo.. prakatippikkaaththa snehaththinu oru vilayumilla..
ചാത്തനേറ്:: ഇങ്ങനൊന്നും ചെയ്തു കൊടുത്തില്ലേലും ആരെയും അങ്ങോട്ടുപദ്രവിക്കാതിരുന്നാല് തന്നെ ഒരുപാട് നല്ല കൂട്ടുകാരുണ്ടാവും. ഇല്ലേ?
പലരും പക്ഷേ പ്രതീക്ഷിക്കുന്നത് അടിയില്‍ കാണാന്‍ കൊതിക്കുന്ന വറ്റല്ലേ സൂ?
നെയ്യ് കൊണ്ട് വിശപ്പടക്കാന്‍ ആവില്ലല്ലോ!
ഓര്‍മ്മകള്‍........
മനു :) സുല്‍ജി ആക്കിയോ എന്നെ? ഹിഹി. ആദ്യത്തെ കമന്റിന് നന്ദി.
സാജന് :) സ്വാഗതം.
ഇട്ടിമാളൂ :) അല്ലേ? എനിക്കറിയാം അത്.
കുട്ടിച്ചാത്താ :)ആര്‍ക്കറിയാം?
സ്വാര്‍ത്ഥന്‍ :) പക്ഷെ അത് കാണുമ്പോഴേക്കും നേരം വൈകും. നെയ്യാണല്ലോ തേങ്ങയാണല്ലോ ആദ്യം കാണുക എന്ന് പറയുമ്പോള്‍ത്തന്നെ അതിനൊരു ഉറപ്പുണ്ടല്ലോ. ഇത് ഉണ്ടോ ഇല്ലയോ എന്നും നോക്കി, പിന്നെ ഇല്ലായെന്ന് വന്നാല്‍, ശരിയാവില്ലല്ലോ.
കണ്ണൂരാന്‍ :)
അയ്! ഇതെന്താ തീറ്റഗഡീസോ?! രസിച്ചു വായിച്ചു:) സ്നേഹം വറ്റാണോ , നെയ്യണോന്നൊന്നും ഇപ്പോ തലേകേറൂല. ചാമ്പക്കയും തേങ്ങകൊത്തും കല്ലിലിട്ടുടച്ച മാങ്ങയും - അതന്നെ സംഭവം.
പണ്ടൊക്കെ എല്ലാര്ക്കും ഉണ്ടാവും ഇതുപോലെ ചില കൂട്ടുകാര്‍.
അവരെയൊക്കെ ഓര്‍ക്കുന്നതു തന്നെ നല്ലൊരു ഗുണമാണ്.
ഓര്‍മ്മകള്‍ ചികയുന്നതു നല്ല സുഖമാണ്.
പുളിയായിരുന്നു എന്റെ വക. സഫിയയുടെ വീതം ശീമനെല്ലിക്ക. വേറെ ആരുടേയും വീട്ടില്‍ ഇല്ലാത്തതുകൊണ്ട് കൊതി മാറാന്‍ മാത്രം ഒന്നും കിട്ടില്ല, കൂടുകയേ ഉള്ളൂ. ജയശ്രി കൊണ്ടു തരുന്ന ഒരു പകുതി ജാതിക്ക ബെല്ലടിക്കുന്നതിനു മുന്‍പു തന്നെ തിന്നു തീര്‍ക്കും, ടീച്ചര്‍ കണ്ടു തല്ലു കിട്ടിയാല്‍ നാണക്കേട്. :)
രേഷ് :) അതെ. വേറെന്താ ജോലി.
കരീം മാഷേ :)
ബിന്ദൂ :)
very nice Su chechi...
“പുളിമാങ്ങയും ചാമ്പക്കയും കൊണ്ടുവരുന്ന സീനത്തോ,കയ്യിലൊട്ടുന്ന മിഠായി തരുന്ന സീതയോ,
മുങ്ങിക്കിടക്കുന്ന കണ്ണനോ, ഒന്നും കൊടുക്കാത്ത ഞാനോ”, ഇതിലേതാണു ഞാനെന്നു തിരയാന്‍
പണിപ്പെടുന്ന ഞാനും.
വിഭവമേതായാലും കണ്ണടച്ചു വായിക്കാന്‍ കൂട്ടുകാരീ, ഇനിയും ഒരുപാടെഴുതുക,
എനിക്ക് കഞ്ഞിയിലിട്ടാന് പൊങ്ങികിടക്കുന്ന നെയ്യ് പോലെയുള്ള സ്നേഹമാണ് ഏറെ ഇഷ്ടം. പക്ഷേ ഇപ്പോള്‍ എല്ലാവരും അടിയില്‍ കിടക്കുന്ന പറ്റുപോലെയാണെന്നു തോന്നുന്നു സ്നേഹം പ്രകടിപ്പിക്കുന്നത്. രണ്ടായാലും സ്നേഹം ഉണ്ടായാല്‍ മതി.
ഈ പഴയ“മാന്തോപ്പ് മേറ്റ്സി”നെയൊക്കെക്കൂടി വിളിച്ചു വരുത്തി ഒരു “മീറ്റ്”നടത്താമോ, സൂ?
-എന്നിട്ടാ വിവരണം കേള്‍ക്കാന്‍ (വായിക്കാന്‍) ഒരു കൊതി!
suvechi, valare ishtappettu baalyakaala smaranakal. I think you remeber all these things when April is here once again, (the two months summer holidays) Enikkum ignae ezhuthaan orupaadu oormakal undu. But,...... I will write one day.
സൂ:)
ബാല്യകാലത്തിന്റെ ഗൃഹാതുരത്വം പകര്‍ന്ന് നല്ലൊരു ചിന്ത
ബൈക്ക് കഴുകല്‍-ക്ലീനര്‍
ഇലപറിച്ചുകൊടുക്കല്-സാമൂഹ്യസേവനം
കൈവിറക്കാതെ പിടിച്ചുകൊടുക്കല്‍/താങ്ങി വീട്ടില്‍ എത്തിക്കല്‍[താങ്ങല്..സഹായം എന്ന അര്‍ഥത്തില്‍ തന്നെ ആണല്ലോ അല്ലേ]-
ഹോം നഴ്സിംഗ്
കാക്ക വരാതെ നോക്കല്‍-ഗാര്‍ഡ്
മാങ്ങ പറിക്കാന്‍ കൂട്ടുനില്‍ക്കല്‍-കള്ളനു കഞ്ഞിവക്കല്
വളപ്പൊട്ട് ശേഖരണം-ആക്രിപെറുക്കല്‍
ചെറുപ്പത്തിലേ ഈപണിയൊക്കെ ചെയ്തിട്ടാണല്ലേ സ്നേഹം.... നെയ്യാണു..വറ്റാണു..തേങ്ങേണു..എന്നോക്ക് പറഞ്ഞ് നടക്കണത്......കഞ്ഞിവെള്ളത്തിന്റെ മുകളില്‍ തെളിഞ്ഞു കാണണ നെയ്യും തേങ്ങയും പാത്രം ഒന്നു ചരിഞ്ഞാന് ഒഴുകി പോകും...വറ്റ്..അത് ഉണ്ടെങ്കില്‍ അവിടെ തന്നെ കാണും..പക്ഷേ ഉണ്ടാകണം....
[ഞാന്‍ നാട്ടില്‍ ഇല്ലാ എന്നുള്ളത് പ്രത്യേകിച്ച് പറയണ്ടല്ലോ അല്ലേ...]
ഹായ് എന്റെ കൂട്ടുകാരെല്ലവരെയും കണ്ടതുപോലെ,, :) :)
ഓ ടോ:എന്നെപ്പറ്റി മാത്രം പറഞ്ഞില്ല :(
സൂവിന്റെ കൂട്ടുകാരെയെല്ലാം ഇഷ്ടമായി...വായിയ്ക്കാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു..
എനിക്കാ അവസാന പാരാഗ്രാഫ് ആണു ഇഷ്ടായത്. :)
മുംസി :)
അഡ്വ.സക്കീന :)
ശാലിനീ :) അതെ. രണ്ടായാലും സ്നേഹം ഉണ്ടായാല്‍ മതി.
കൈതമുള്ളേ :) അവരൊക്കെ ജീവിക്കാനുള്ള പോരാട്ടത്തില്‍ ആണ്. കാണുന്നതു തന്നെ അപൂര്‍വ്വം. ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. അവരുടെ തിരക്കുകള്‍. പാവങ്ങള്‍.
അപ്പൂ :) എഴുതൂ.
നന്ദൂ :)
സാന്ഡോസേ :) ഇതൊന്നും ഞാന്‍ ചെയ്തതല്ല. ഇതൊക്കെ ചെയ്തത് ചിത്രയല്ലേ? ഇത് ചിത്രയുടെ ഓര്‍മ്മകളാണ്. എനിക്കും ഉണ്ടായിരുന്നു കുറേ കളിക്കൂട്ടുകാര്‍.
കുസൃതിക്കുടുക്കേ :) ഈ കൂട്ടത്തില്‍ കുസൃതിക്കുടുക്കയുടെ റോള്‍ എന്താ?
സാരംഗീ :) എന്റെ കുട്ടിക്കാലം ഇതിലും രസമായിരുന്നു.
ആഷ :)
:)
പുളിയോ, മാങ്ങയോ, ചാമ്പക്കയോ, കൊണ്ടുവരും. ചിലപ്പോള്‍ വെറും തേങ്ങാക്കൊത്തും വെല്ലവുമായിരിക്കും. സൂചേച്ചി...ഇങ്ങനെ കൊതിപ്പിക്കണോ..
ഇത്തിരിവെട്ടം :)
സോന :) കുറച്ച്, തേങ്ങാക്കൊത്തും വെല്ലവും എടുത്ത്, തിന്നൂ.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home