സ്ത്രീകള്‍ക്ക് ആഭരണഭ്രമം
സ്ത്രീകള്‍ക്ക് ആഭരണഭ്രമമാണത്രേ! പറയുന്നതാര്? ആനച്ചങ്ങല പോലെ കഴുത്തിലൊരു മാലയും, കൈവിരലുകളില്‍ മോതിരവും, കൈയിലൊരു വളയും, ബ്രേസ്ലറ്റും, പിന്നെ ഇപ്പോ ഫാഷന്റെ പേരില്‍ ഒറ്റയോ ഇരട്ടയോ കമ്മലും ഇട്ടിരിക്കുന്ന പുരുഷന്മാര്. അവരങ്ങനെ പറയാന്‍ പാടില്ലെങ്കിലും സംഗതി സത്യം തന്നെ. അല്ലെങ്കില്‍ ഈ കൊച്ചുകേരളത്തില്‍ ഇത്രേം വലിയ ആഭരണക്കടകള്‍ പൊങ്ങുമോ? മുക്കിലും മൂലയിലും ആഭരണക്കടകള്‍ തട്ടിയിട്ട് നടക്കാന്‍ പറ്റില്ല. സ്വര്‍ണ്ണവും വെള്ളിയും വജ്രവും ഒന്നുമല്ലാതെ ഇമിറ്റേഷന്‍ ആണെങ്കില്‍ അതും കുറേ. എവിടെയെങ്കിലും ചെന്നാല്‍, മറ്റുള്ളവര്‍ ഇട്ടിരിക്കുന്നതിന്റെ ഭംഗി നോക്കാതേയും, ഇതെവിടുന്നാ എന്ന ചോദ്യം ചോദിക്കാതേയും, സ്വയം അണിഞ്ഞതിന്റെ പൊങ്ങച്ചം പറയാതേയും സ്ത്രീകളാരും ഇരിക്കില്ല. ഇപ്പറയുന്ന ഞാനും, ഇതൊക്കെത്തന്നെയാവും കൂട്ടുകാരികളോടൊക്കെ ചോദിക്കുന്നതും പറയുന്നതും. ഏറ്റവും കൂടുതല്‍ തിരക്കുള്ളതും ആഭരണക്കടകളില്ത്തന്നെ. ചടങ്ങുകളിലൊക്കെ ഞാനോ നീയോ കേമം എന്ന മട്ടിലാണ് ആഭരണങ്ങളും ഇട്ടിറങ്ങുക.
സ്ത്രീകള്‍, ആഭരണത്തില്‍ ഇത്രയേറെ ഭ്രമിക്കാന്‍ എന്താവും കാരണം?
അയല്‍വക്കത്തെ ചേച്ചി, അഞ്ചുപവന്റെ ഒരു മാലയിട്ടിട്ടുണ്ടെങ്കില് നമ്മള് അഞ്ചേകാലെങ്കിലും ഇടണം. ഇല്ലെങ്കില്‍ മോശം.
പുതിയ പുതിയ ഡിസൈന്‍ ഇറങ്ങുമ്പോള്‍ അത്തരം എന്റെ കൈയിലും ഉണ്ട് എന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ലല്ലോ.
കല്യാണത്തിന് കുറേ അണിയിച്ച്, പൈസയുടെ ഗമ നാട്ടുകാരെ കാണിക്കാന്‍.
സ്വര്‍ണ്ണം വേണം. വില കൂടിക്കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വര്‍ണ്ണമൊക്കെ വാങ്ങിവയ്ക്കുന്നത് ഭാവിയിലേക്ക് ഉപകരിക്കും. ആഭരണങ്ങളും വേണം. പെണ്ണ് പൊന്നിട്ടോ, ഒരു മാലയും വളയുമൊക്കെയിട്ടോ കാണാന്‍ തന്നെ ഭംഗി. എന്നുവെച്ച് ആഭരണക്കടയുടെ പരസ്യം പോലെ ആകരുത്. പരസ്യം ചെയ്യുന്നവള്‍ക്ക് അതിന്റെ ഷൂട്ടിംഗ് വരെയേ ഇടേണ്ടൂ. അതുകഴിഞ്ഞ് ആ മോഡലുകളൊക്കെ ഇതൊക്കെയിട്ട് നടക്കും എന്നാരെങ്കിലും കരുതാമോ?
ഓരോരുത്തര് ട്രെയിനിലും, ബസ്സിലുമൊക്കെ സ്വര്‍ണ്ണക്കടയുടെ പരസ്യം പോലെ ഇരിക്കുമ്പോള്‍ എനിക്ക് ചിരിവരും. നിങ്ങളെന്തിനാ ഉള്ളതുമുഴുവന്‍ ഇട്ട് ഇറങ്ങിയിരിക്കുന്നത് എന്ന് ഞാന്‍ ചോദിക്കുന്നു എന്നു വയ്ക്കൂ. ദരിദ്രവാസി, നിനക്ക് ഇല്ലാത്തതുകൊണ്ടല്ലേ ഈയൊരു ചോദ്യം എന്ന മട്ടില്‍ അവരെന്നെ
നോക്കുമെന്നുറപ്പ്.
പണ്ടൊക്കെ, വെറുതെ സ്വര്‍ണ്ണമിട്ട് ഇറങ്ങിയാല്‍ അച്ഛന് ചോദിക്കുമായിരുന്നു, വല്ല മുത്തിന്റേം മാലയൊക്കെ ഇട്ടാല്‍പ്പോരേ എന്ന്. ഇപ്പോ ചോദിക്കാറില്ല. ഓടുന്ന നാടിന്റെ കൂടെ ഓടട്ടെ എന്ന് വിചാരിക്കുന്നുണ്ടാവും. വിശേഷാവസരങ്ങളില്‍ അമ്മയുമായി കശപിശയും ഇക്കാര്യത്തില്‍ത്തന്നെ. ഇട്ടോ ഇട്ടോ എന്നു പറയും. ഞാനിതൊന്നും ഇട്ടിറങ്ങില്ല എന്ന് പറയും. പിന്നെയെന്തിനു വാങ്ങി എന്നു ചോദിക്കും. അമ്മയ്ക്ക്, മറ്റുള്ളവര്‍ എന്തുപറയും എന്ന തോന്നലായിരിക്കും. വല്ലിടത്തും ചടങ്ങിനു പോകുമ്പോള്‍, ചേട്ടനോട് ചോദിക്കാറുണ്ട്, ഞാനിതൊക്കെ ഇട്ടാല്പ്പോരേയെന്ന്. എന്താ അങ്ങനെയൊരു ചോദ്യം എന്ന് ചേട്ടന് ചോദിക്കും. അല്ലാ, ഇവള്ക്കൊന്നുമില്ലേന്ന് ആരെങ്കിലും വിചാരിച്ചാലോന്ന്. ആള്‍ക്കാര്‍ക്ക് വിചാരിക്കാന്‍ പാടില്ലാത്തതൊന്നുമില്ലെന്ന് ചേട്ടനും പറയും.
വട്ടമുഖത്തിനു ചേരുന്നത്, നീളന്‍ മുഖത്തിനു ചേരുന്നത് എന്നൊക്കെപ്പറഞ്ഞ് പരസ്യം വരുമ്പോള്‍ മുഖം വിടരുന്ന ഒരു കൂട്ടരുണ്ട്. കള്ളന്മാര്. അവരു വിചാരിക്കും, വാങ്ങിക്കൂട്ടിക്കോ, വാങ്ങിക്കൂട്ടിക്കോ, അടിച്ചെടുക്കുന്നത് ഞങ്ങളേറ്റു എന്ന്. മാലയും തട്ടിപ്പറിച്ചോടിയ കള്ളനെ ഓടിപ്പിടിച്ച് മാല വാങ്ങിയെടുത്ത കൂട്ടുകാരി എനിക്കുണ്ട്. അവള്‍ക്ക് ഓടാന്‍ കഴിഞ്ഞതിലും അതിനുള്ള ധൈര്യം തോന്നിയതിലും അവളുടെ ഭാഗ്യം. എന്റെ എത്രയോ ബന്ധുക്കളുടെ വീട്ടില്‍, കള്ളന് കയറി, കുറെ സ്വര്‍ണ്ണം അടിച്ചെടുത്തിട്ടുണ്ട്. ഉപദ്രവിക്കാഞ്ഞത് അവരുടെ ഭാഗ്യം.
കുറച്ചൊക്കെ ആണെങ്കില്‍ ഒരു രസമൊക്കെയുണ്ട്. ഉള്ളതുമുഴുവന്‍ വാങ്ങിക്കൂട്ടുക, അതുമുഴുവന്‍ ഒരുമിച്ച് ഇട്ടിറങ്ങുക. ഇതൊക്കെ ചെയ്യുമോ ആരെങ്കിലും? ഇപ്പോഴാണെങ്കില്‍ ഡിസൈനര്‍ ജ്വല്ലറി ആണ്. ഡ്രസ്സിനും, സാരിക്കും ചേരുന്നത്. വല്ല ചടങ്ങുകള്‍ക്കോ, കല്യാണം, ആഘോഷം എന്നിവയ്ക്കോ ഇടുന്നതുകൊണ്ട് തകരാറൊന്നുമില്ല.
ആശുപത്രിയിലും, ട്രെയിനിലും, സിനിമാതീയേറ്ററിലും ഒക്കെ ആഭരണക്കടയുടെ പരസ്യം പോലെ നടക്കുന്നത്, മഹാബോറാണ്, സഹോദരിമാരേ മഹാബോറാണ്. നിങ്ങള്‍ക്ക് അത്രയ്ക്കും പൊങ്ങച്ചം വേണമെങ്കില്‍ ലോക്കറിന്റെ ഒരു ഫോട്ടോ എടുത്ത് ഒരു ചരടില്‍ക്കെട്ടി, കഴുത്തില്‍ തൂക്കിക്കൂടേ? ;) ആള്‍ക്കാരൊക്കെ നിങ്ങള്‍ കാശുകൊടുത്ത് വാങ്ങിക്കൂട്ടിയിട്ടിട്ടുള്ള ആഭരണങ്ങളൊക്കെ കാണുകയും ചെയ്യും, കള്ളന്മാര് അടിച്ചെടുക്കുകയുമില്ല, കാണുന്നവര്‍ക്ക് ബോറുമില്ല.
Labels: സ്വര്‍ണ്ണം. ആഭരണം
17 Comments:
“നിങ്ങള്‍ക്ക് അത്രയ്ക്കും പൊങ്ങച്ചം വേണമെങ്കില്‍ ലോക്കറിന്റെ ഒരു ഫോട്ടോ എടുത്ത് ഒരു ചരടില്‍ക്കെട്ടി, കഴുത്തില്‍ തൂക്കിക്കൂടേ?“
അതു നല്ല ഒരു ഐഡിയ ആണ്.
ഞാന്‍ പൊങച്ചം പറയുവാണെന്നു കരുതരുത്, ഒരാളെ കണ്ടാല്‍ ഞാനിതൊന്നും ശ്രദ്ധിക്കാറില്ല. കൂട്ടുകാര്‍ അവരുടെ മാല കണ്ടാരുന്നോ വളയുടെ ഡിസൈന്‍ നല്ലതല്ലേ എന്നൊക്കെ ചോദിക്കുംപോള് ഞാന്‍ വായും പൊളിച്ചു നില്ക്കും. ക്രമേണ ഞാന്‍ പെണ്ണു തന്നാണോ എന്നു എനിക്കും സംശയമായി തുടങ്ങി.എന്തായാലും കുട്ടികള്‍ രണ്ടായതോടെ ആ സംശയം മാറി കിട്ടി. ;)
സ്വര്‍ണ്ണത്തിന്റെ വിലകൂടി കൂടി നമ്മള് ലോകത്തിലെ വലിയ ധനവാന്മാരാകുന്ന ദിനം അത്ര അകലെയല്ല.....
ശരിയാ, സു സത്യം പറഞ്ഞു, ഇനിയെങ്കിലും ഇങ്ങനെ ആഭരണമിട്ടു ജാഡ കാണിക്കാതെ നടക്കു പിള്ളാരെ, വല്ലാത്ത ബോറിംഗ് ആണിതു. ഇതൊക്കെ കൊണ്ട് ലോക്കറില്‍ കൊണ്ട് വച്ചു ഒരു ചെറിയ മാലയൊ വളയൊ ഒക്കെ ആണെല് പെമ്പിള്ളാരെ കാണാനും ഒരു രസമുണ്ട്. അല്ലാതെ ഇതെല്ലാം ചുമന്നു ചുമ്മ പരസ്യം കാണിക്കേണ്ട കാര്യമുണ്ടൊ? അല്ലെങ്കിലെ ഇതൊക്കെ കാണുമ്പോ തോന്നുന്നതു ഏതൊ ഉത്സവത്തിനു കെട്ടുകാഴ്ച്ചക്കു പോകുന്നതായിട്ടാണ്.
അതു പോലെ അത്ര നിര്‍ബന്ധമാണെല്‍ ഫോട്ടോ എടുത്തു കഴുത്തില്‍ കെട്ടിയിട്ടു നടക്കു. പക്ഷെ എടുക്കുമ്പോള്‍ അതു 12/8 ആയിരിക്കണം അളവു, എന്നാലല്ലേ കാണാന്‍ പറ്റു..[;)]
അതു കലക്കി സൂവേച്ചീ... അവസാനത്തെ ആ വരിയ്ക്ക് ഫുള്‍ മാര്‍ക്ക്.
ഉണ്ടെന്ന് കാണിച്ചാല്‍ പോരേ? കൊള്ളാം.
:)
ഇതൊക്കെ പഴേ ഫാഷനല്ലേ? ഒരുമാലയില്‍ കൂടുതല്‍ ഇടുന്നവര്‍ ചുരുക്കമല്ലേ, ഇപ്പോള്‍? കമ്മലിന്റെ കാര്യം അതല്ല, രണ്ടോ മൂന്നോ ജോഡിക്കമ്മലുകള് ഒരുമിച്ചിടാന്‍ കാതുതുളയ്ക്കുന്നവര് കൂടിയിരിയ്ക്കുന്നു.
മൂക്കുകയറിടാന്‍ മൂക്കും തുളയ്ക്കേണ്ട കാലം വരുമോ ആവോ :( ഒരു ഡിസൈനര്‍ മൂക്കുകയര്‍ ആണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു!
:)
മാദ്ധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍, സ്വര്ണ്ണക്കടകളുടേതാണല്ലോ ഏറിയപങ്കും.(ഇപ്പോള്‍ പിന്നെ ഫ്ലാറ്റുകളുടേയും)
കൂടുതല്‍ വില്‍പ്പന നടത്തിപ്പിനായ് സ്വര്‍ണ്ണകടക്കാര്‍ പരിശുദ്ധി, പണിക്കൂലി, പാരമ്പര്യം എന്നൊക്കെ വിളിച്ച് പറഞ്ഞ്, മനുഷ്യജീവിതത്തിന് തീരെ ആവശ്യമില്ലാത്ത ഈ സാധനം എങ്ങനെയെങ്കിലും വാങ്ങിക്കൂട്ടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു.
നാളെ വിലകൂടും,വിലകൂടും,പിന്നീട് ആവശ്യം വരുമ്പോള്‍ വില്‍ക്കാം എന്നൊക്കെ പറഞ്ഞ് കുറെപ്പേര് ഈ മഞ്ഞലോഹം വാങ്ങി സൂക്ഷിച്ചുവയ്ക്കുന്നു. അവര്‍ ഒരുകാലത്തും അത് വില്‍ക്കുകയില്ല, വില്ക്കാന് സമ്മതിക്കുകയും ഇല്ല.
“ആശുപത്രിയിലും, ട്രെയിനിലും, സിനിമാതീയേറ്ററിലും ഒക്കെ ആഭരണക്കടയുടെ പരസ്യം പോലെ നടക്കുന്നത്, മഹാബോറാണ്, സഹോദരിമാരേ/ ആനച്ചങ്ങലപോലെ കയ്യിലും കഴുത്തിലും ഇട്ട് നടക്കുന്ന സഹോദരന്മാരേ ഇത് മഹാബോറാണ്.“
എന്റെ പൊന്നേ, പ്രണയമൂര്ച്ഛകളില് ഒരു മൃതലോഹത്തിന്റെ പേരിലാണല്ലോ നിന്നെ വിളിക്കുന്നത് എന്നത് നിന്നെ ഭയപ്പെടുത്തുന്നില്ലേ എന്ന് എഴുതിയിട്ടുണ്ട് മലയാളത്തിലെ ഒരു കവി
ഹഹ! എനിയ്ക്കിഷ്ടായി ഈ പോസ്റ്റ് സൂവേ..
ആരെങ്കിലും ഒന്നു പറഞ്ഞൂലോ, (എനിയ്ക്ക് തിരക്കാണേയ്.. ഹി,ഹി..)
എല്ലാം സൂ വ്യക്തമായി പറഞ്ഞിട്ടുണ്ട്, കൂടുതലൊന്നും പറയുന്നില്ല.. :))
എല്ലാവരും സു എന്ന് വിളിക്കുന്നത് കൊണ്ടു ഞാനും അങ്ങനെ വിളിക്കാം. ബ്ലോഗിങ്ങ് ലോകത്തെ ഒരു പുതിയ മെമ്പര്‍ ആണ് ഈയുള്ളവന്. സാമ്പിള്‍ തപ്പി വന്നപ്പോള്‍ ആദ്യമായി എത്തിപ്പെട്ടത് സു വിന്റെ സുരിയ ഗായത്രിയില്‍. തുടക്കം തന്നെ മോശമായില്ല. എതായാലും സു എനിക്കൊരു പ്രോചോദനം ആയി എന്ന് അറിയിക്കട്ടെ. എന്നേക്കുടി താങ്കളുടെ ബ്ലോഗിലെ ഒരു സ്ഥിരം സന്ദര്‍ശകനായി അഗീകരിക്കണം എന്ന ഒരു ചെറിയ അപേക്ഷ.
പെണ്ണിനു പൊന്നെത്രയുണ്ട്,?
കാണാനും കാണിക്കാനും ലോക്കറില്‍ ഇരുന്നാല്‍ പോരാ.
എന്റെ പൊന്നേ.
കൊല്ലം കണ്ടാല്‍ ഇനി പൊന്നു വേണമെന്ന മുകേഷിന്റെ പരസ്യം കഴിഞ്ഞില്ല. കൊല്ലത്തു തന്നെ ഇന്നു വേറൊരു പൊന്നു കട ഉത്ഘാടനം ചെയ്യപ്പെട്ടു എന്നു സുഹൃത്തു പറഞ്ഞറിഞ്ഞു.
എന്റെ പൊന്നേ..:)
അതന്നേ മഹാബോറ് :)
പെണ്ണുങ്ങള് മാത്രമല്ല കുട്ടിക്കാലത്ത് കണ്ടിട്ടുള്ളത് ചില ആണ്ഊങ്ങള് സ്വര്ണ്ണമാലയിട്ടിട്ട് ഷര്‍ട്ടിലെ രണ്ടു മൂന്ന് ബട്ടണ്‍ ഇടൂല്ല. മറ്റുള്ളവരെ കാണിക്കാനേ :))
അതു നന്നായി.
ഇവിടെ ബാംഗ്ലൂരില്‍ സ്വര്ണ്ണമിട്ട ഒരുത്തിയേയും ഒരുത്തനേയും കാണാറില്ല. അഥവാ കണ്ടാല്‍ ഉറപ്പിക്കാം ലവന്/ലവള് മലയാളി തന്നെ. ഇവിടത്തെ സ്വര്‍ണ്ണക്കടകള്‍ ഏറിയതും മലയാളിയുടെ..
ഈ ഭ്രമം മൂത്ത് എന്നാണാവൊ മതിഭ്രമമാകുന്നത്??!
എന്റെ അയല്‍ വാസി ഒരു മൊയ്തുക്ക ഉണ്ടായിരുന്നു.. പുള്ളി പറയുന്ന ഒരു തമാശയുണ്ട്... കാതിലെ ചിറ്റുകള്‍ കിലുക്കി ഒരു സ്ത്രീ മറ്റവളോട് “ചോറായില്ലേ... ചോറായില്ലേ...“ ന്ന് ചോദിച്ചെത്രെ അപ്പോ കൈകള്‍ ഉയര്‍ത്ത് വള കിലുക്കി... “ആയിട്ടില്ലാ... ആയിട്ടില്ലാ..” എന്ന് പറയുന്ന ഗ്രാമീണ സ്ത്രീകളെ കുറിച്ച് ആയിരുന്നു ആ തമാശ. ഇപ്പോള്‍ ചിലപ്പോഴൊക്കെ പുരുഷന്മാര്ക്കും ഈ തമാശ ചേരും എന്ന് എനിക്കും തോന്നുന്നു.
സഞ്ചരിക്കുന്ന ജ്വല്ലറികളുടെ നാടേ കേരളം...
ഈ പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
ആഭരണം എന്നു കേള്‍ക്കുമ്പോഴെ മനസ്സിലെത്തുന്നത് ഹിന്ദിപ്പാട്ട് കമ്പോസര്‍/ഡയറക്റ്റര്‍ ബപ്പി ലാഹിരിയെ ആണ്. മലയാളികള്‍ എത്ര ആഞ്ഞ് ശ്രമിച്ചാലും അത്രയ്ക്കെത്തുമെന്ന് തോന്നുന്നില്ല.
:)
പോസ്റ്റ് ഇഷ്ടമായി സു.
സാരംഗി :) അതെയതെ. ബാപ്പി ലഹിരി ആഭരണങ്ങള്‍ ഇടുന്നത് നോക്കിയാല്‍ സ്ത്രീകളുടെ ഭ്രമം കുറവാണെന്നു തോന്നും.
ഞങ്ങള്‍ തളിക്കുളംക്കാര് ആഭരണ പ്രിയരാണ്...ഓരോ ചെറിയ കുട്ടികളും തടിച്ച മാലകള്‍ ഇട്ടാണ് നടക്കുക, ഒരു കല്യാണത്തിന് പോയാല്‍ ഈ പറഞ്ഞ ലോക്കര്‍ കാഴ്ചകള്‍ കാണാം...ഒരു കുഞ്ഞു കമ്മല്‍ മാത്രമിട്ടു കല്യാണത്തിനു പോകുന്ന എന്നെ പോലുള്ളവര്‍ക്ക് ഇവര്‍ ചോദ്യങ്ങള്‍ കൊണ്ട് മനസമാധാനം തരാറില്യ
.നന്നായിരിക്കുന്നു ആ ചോദ്യം...
Post a Comment
Subscribe to Post Comments [Atom]
<< Home