പൂവാലിപ്പശുവും പുഴമീനും
പൂവാലിപ്പശുവിനു സ്വന്തം പുര കെട്ടാൻ സമയമായി. പുര മേഞ്ഞില്ലെങ്കിലോ? മഴ നനഞ്ഞു കിടക്കേണ്ടിവരും. അപ്പോ ആ നാട്ടിലെ കുരങ്ങച്ചാരു പറഞ്ഞു, ‘പുരയൊക്കെ ഞാൻ കെട്ടിമേഞ്ഞുതരും, പക്ഷേ അതിനു കൂലിയായിട്ട് പണം തന്നെ കിട്ടണം’ന്ന്. പാവം പൂവാലി. എവിടെയുണ്ട് പണം എടുത്തുകൊടുക്കാൻ? പക്ഷേ, പണമില്ലെന്നു പറഞ്ഞാലോ? കുരങ്ങച്ചാര് വീടു കെട്ടിക്കൊടുക്കാതെ വേറെ വഴിക്കു പോകും. ആലോചിച്ചാലോചിച്ച്, പൂവാലി പുഴയുടെ കരയ്ക്കെത്തി. പുഴയിൽ അധികം വെള്ളവുമില്ല, അവിടെയൊന്നും അധികം പുല്ലുമില്ല. പൂവാലി എന്നാലും വെയിലത്ത് വെറുതേ നിന്നു. കുറേ നേരം നിന്നപ്പോൾ പുഴയിൽ നിന്ന് ഒരു മീൻ പൊന്തിവന്നു. അതിനെ ഒരിക്കൽ കരയിൽ നിന്നു പിടയ്ക്കുമ്പോൾ വെള്ളത്തിലേക്കു തട്ടിയിട്ട്, പൂവാലിപ്പശു രക്ഷിച്ചിട്ടുണ്ട്.
അതു ചോദിച്ചു:-
“പൂവാലിപ്പയ്യേ പൂവാലിപ്പയ്യേ,
പുഴയുടെ കരയിൽ എന്തു കാര്യം?
വെള്ളവുമില്ല, പുല്ലുമിവിടില്ല,
വെയിലത്തു നിൽക്കാനെന്തു കാര്യം?”
അപ്പോ പൂവാലി പറഞ്ഞു:-
“പുര കെട്ടി മേയുവാൻ
കുരങ്ങച്ചാർ വന്നിടും.
ജോലിക്കു കൂലിയായ്
പണം തന്നെ നൽകണം.”
എന്റടുത്ത് എവിടുന്നാ പണം! പുര കെട്ടിയില്ലെങ്കിൽ നനഞ്ഞു കിടക്കേണ്ടിവരും. മഴക്കാലം തുടങ്ങാനായില്ലേ?”
അപ്പോ പുഴമീൻ പറഞ്ഞു. “ഞാനൊരു സൂത്രം പറഞ്ഞുതരാം. പണം കിട്ടും, പുര മേയുകയും ചെയ്യാം. ഇവിടുന്ന് കുറച്ച് വടക്കോട്ട് നടന്നാൽ, വഴിയരികിൽ വല്യൊരു മരം കാണും. അതിന്റെ വേരിന്റെ ചുവട്ടിൽ പണമുണ്ട്. ആവശ്യമുള്ളതേ എടുക്കാവൂ.”
പുഴമീൻ പറഞ്ഞതുകേട്ടപാടേ പൂവാലി നടന്നു. വേഗം വേഗം നടന്നു. മരം കണ്ടുപിടിച്ചു. നോക്കിയപ്പോഴോ? മരത്തിനു മുകളിൽ നിറയെ പക്ഷിക്കൂടുകൾ. അതിനു ചുവട്ടിൽ കുറേ മൃഗങ്ങൾ വെയിലു കൊള്ളാതെ നിൽക്കുന്നു. ഇതൊക്കെ കണ്ടപ്പോൾ പൂവാലിയ്ക്കു സങ്കടമായി. എല്ലാവർക്കും ഉപകാരമുള്ള മരം തള്ളിയിട്ട് എങ്ങനെയാ വേരിനടിയിൽ നിന്ന് പണം എടുക്കുക?
പൂവാലി, പുഴയുടെ കരയിലേക്ക് തിരിച്ച്നടന്നു. അവിടെയെത്തിയപ്പോ പുഴമീൻ വീണ്ടും വന്നു.
“എന്താ പൂവാലി പണം കിട്ടിയില്ലേ? ഇനി പുര കെട്ടി മേഞ്ഞൂടേ?” പുഴമീൻ ചോദിച്ചു.
പൂവാലി പറഞ്ഞു. “പണം കിട്ടിയില്ല. മരം തള്ളിയിട്ട് പണം എടുക്കാൻ മനസ്സുവന്നില്ല.”
“അതെയോ?” പുഴമീൻ കുറച്ചുനേരം ആലോചിച്ച് പറഞ്ഞു. “എന്നാൽ വേറൊരു സ്ഥലം പറഞ്ഞുതരാം. അവിടെപ്പോയാൽ ആവശ്യത്തിനു പണം കിട്ടും.”
“പോയി നോക്കാം.” പൂവാലി പറഞ്ഞു.
“ആ മരത്തിന്റെ അടുത്തുകൂടെ കുറച്ചുനടന്നാൽ മണ്ണുകൊണ്ടുണ്ടാക്കിയ ഒരു വീട് കാണാം. ആ വീട് പൊളിച്ച്, അത് നിന്നിടത്ത് കുഴിച്ചാൽ പണം കിട്ടും.”
പുഴമീൻ പറഞ്ഞതും കേട്ട് പൂവാലി വേഗം വേഗം നടന്നു. മരവും കഴിഞ്ഞ് നടന്ന്, മൺവീടിന്റെ അടുത്തെത്തി. പൂവാലിയ്ക്ക് ഒരു കാലുകൊണ്ട് തട്ടിക്കളയാനേ ഉള്ളൂ ആ മൺവീട്. സൂക്ഷിച്ചുനോക്കിയപ്പോഴോ? കുറേ ഉറുമ്പുകൾ പഞ്ചാരത്തരികളും അരിമണികളും ഒക്കെയെടുത്ത് ആ മൺവീടിന്റെ ഉള്ളിലേക്ക് പല ഭാഗത്തുനിന്നും പോകുന്നു. ഉറുമ്പുകളുടെ വീടായിരിക്കും അതെന്ന് പൂവാലിക്കു തോന്നി. പാവം ഉറുമ്പുകൾ. അവയെ നശിപ്പിച്ചിട്ട് എങ്ങനെയാ പണം എടുക്കുക? അതൊന്നും പറ്റില്ലെന്നുവെച്ച് പൂവാലി തിരിച്ചു നടന്നു.
പുഴയുടെ കരയിലെത്തി. പുഴമീൻ പൊന്തിവന്നു.
“ഞാനവിടുന്ന് പണമെടുത്തില്ല. അവിടെ ഉറുമ്പുകളുടെ വീടല്ലേ. അതിനെയൊക്കെ ദ്രോഹിച്ചിട്ട് പണമെടുക്കാൻ കഴിയില്ല.” പൂവാലി പറഞ്ഞു.
“ഓ...”മീൻ ആലോചിച്ചു. എന്നിട്ടു പറഞ്ഞു. “ആ മൺവീടിന്റെ അടുത്തുനിന്ന് കുറച്ചുകൂടെ പോയാൽ, തല പോയ ഒരു തെങ്ങുകാണാം. അതിന്റെ ചോട്ടിൽ പണമുണ്ട്. എടുത്തോ.”
പൂവാലി വേഗം വേഗം നടന്നു. തല പോയ തെങ്ങുകണ്ടു. ഉയരത്തിലൊന്നുമല്ല. പൂവാലിയ്ക്ക് എത്തിനോക്കാനുള്ള ഉയരമേ ഉള്ളൂ. അതിനുമുകളിൽ. ഒരു കൂടുകണ്ടു പൂവാലി. എത്തിനോക്കിയപ്പോഴോ? കുരുവികളും കുഞ്ഞുങ്ങളും. അയ്യോ! ഇവിടുന്നും പണമെടുക്കാൻ പറ്റില്ല. പൂവാലി സങ്കടത്തോടെ തിരിച്ചുനടന്നു.
പുഴയുടെ കരയിലെത്തി. പുഴമീനിനെ കണ്ടു കാര്യം പറഞ്ഞു. പണം കിട്ടിയില്ലെങ്കിലും പുരമേഞ്ഞില്ലെങ്കിലും ആരേം ദ്രോഹിക്കില്ലെന്നു പറഞ്ഞു.
അപ്പോ മീൻ പറഞ്ഞു. “പൂവാലീ, ഞാൻ നിന്നെ പരീക്ഷിച്ചതായിരുന്നു. എന്നോടൊരിക്കൽ ഉപകാരം കാട്ടിയതു പോലെ എല്ലാവരേം സ്നേഹമുണ്ടോന്നു നോക്കിയതാ. അവിടെ എവിടേം പണമില്ല. എല്ലാത്തിനും കാവലായിട്ട് പാമ്പുകൾ ഉണ്ടുതാനും. ദ്രോഹിച്ച് പണമെടുക്കാൻ വിചാരിച്ചാൽ, അവ ഓടിച്ചുവിടും. അവരെല്ലാം വളരെ കൂട്ടായിട്ടും സ്നേഹമായിട്ടും കഴിയുന്നവരാണ്. ഇപ്പോ നീയും വളരെ സ്നേഹമുള്ളവളാണെന്ന് മനസ്സിലായി.”
“അയ്യോ!“ പാമ്പുകൾ എന്നുകേട്ട്, പൂവാലി പേടിച്ചു. എന്നിട്ട് പണം എങ്ങനെ കിട്ടും എന്ന് വീണ്ടും ആലോചിച്ച് സങ്കടത്തോടെ നിന്നു.
പുഴമീൻ പുഴയ്ക്കുള്ളിലേക്കു പോയി. മീനും കൂട്ടുകാരും കൂടെ ഒരു ചെറിയ സഞ്ചി കൊണ്ടുവന്നു പൂവാലിയ്ക്കു കൊടുത്തു. എന്നിട്ടു പറഞ്ഞു:-
“പൂവാലിപ്പയ്യേ, പാവം പയ്യേ
പണമിതെടുത്ത് പൊയ്ക്കോളൂ,
കുരങ്ങച്ചാർക്കു പണം നൽകീട്ട്
പുര നന്നായി മേഞ്ഞോളൂ.”
പണം കിട്ടിയപ്പോൾ പൂവാലിയ്ക്ക് സങ്കടമെല്ലാം മാറി. എപ്പഴെങ്കിലും തിരിച്ചുകൊടുക്കാംന്നും പറഞ്ഞ്, പണവുമെടുത്ത്, മീനുകൾക്ക് നന്ദിയും പറഞ്ഞ് പൂവാലി വേഗം കുരങ്ങച്ചാരെ കാണാൻ നടന്നു.
Labels: കുട്ടിക്കഥ
12 Comments:
അന്ന് ഈ കഥ എഴുതിയിട്ട് ജ്യോതിര്‍മ്മയി എന്ന് പേരിട്ടിരുന്നെകിലോ. അന്നതെതു വായിച്ചതിന്റെ കലി ഇനിയും മാറിയിട്ടില്ല
നല്ല കഥ.
ഏതോ നാടന്‍ കഥ അടിച്ചുമാറ്റിയെന്നു അസൂയപ്പെട്ടു പറയാന്‍ തോന്നുന്ന സിമ്പ്ലിസിറ്റി.
ചെറിയ കുട്ടികള്‍ക്ക് പവര്‍കട്ടുകൊണ്ട് സീരിയല്‍ കാണാന്‍ പറ്റാതെ വരുമ്പോഴെങ്കിലും ഇന്നത്തെ അമ്മമാര്‍ ഇത്തരം കഥകള്‍ വായിച്ചുകൊടുക്കും, എന്ന് വെറുതെ ആശിക്കട്ടെ!
എന്താ രസം
എനിക്കറിയുന്ന കുട്ടികള്‍ക്കൊക്കെ ഞാനീ കഥ പറഞ്ഞ് കൊടുക്കും
സൈബര്‍സിറ്റിയും എക്സ്പ്രസ് ഹൈവേയും പണിയാന്‍ വേണ്ടി
മുന്നും പിന്നും നോക്കാതെ പാവങ്ങളെ വീടുകളില്‍ നിന്ന് ആട്ടിപ്പായിക്കുന്ന
തമ്പുരാക്കന്‍മാര്‍ക്ക് ഈ ലിങ്ക് ഒന്ന് ഫോര്‍വേര്‍ഡ് ചെയ്ത് കൊടുക്കുകയും വേണം
പണിക്കർ ജീ :) ഒന്നും പറയാനില്ല.
സഹ :) എവിടുന്നേലും അടിച്ചുമാറ്റിയെന്ന് അസൂയപ്പെട്ടു പറഞ്ഞാൽ ആ കഴുത്തിങ്ങോട്ടു നീട്ടൂ എന്നു ഞാൻ പറയും. ഇതെന്റെ നാടൻ മനസ്സിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ്. (എവിടെ ആയിരുന്നു? കുറേ നാളായല്ലോ കണ്ടിട്ട്?)
ഒരുമയുടെ തെളിനീർ :) അറിയാവുന്ന കുട്ടികൾക്കൊക്കെ പറഞ്ഞുകൊടുക്കും എന്നു പറഞ്ഞതിൽ നന്ദി. ഇത് കുട്ടികൾക്കുള്ള കഥ തന്നെയാണല്ലോ.
അപ്പോള്‍, ഈ നാടന്‍ മനസ്സുകള്‍ക്ക് ഒരു “കഥയില്ലായ്മ“ ഉണ്ടെന്നൊക്കെ വെറുതെ പറയുന്നതാണല്ലേ? :)
ഇലക്‍ഷന്‍കാലത്ത്, നോട്ടുമാലകിട്ടാനല്ലേ കഴുത്തുനീട്ടിത്തരേണ്ടത്, സൂ?!
(പിന്നെ, ഒത്തിരി വേഷങ്ങള്‍ കെട്ടിയാടുമ്പോള്‍ ഈ വഴി അധികം വരാന്‍ പറ്റിയിരുന്നില്ല്ല!)
സഹ :) ചില “ഡ്രാമാക്കമ്പനികളെ” കാണുമ്പോൾ കഥയില്ലാത്ത നാടൻമനസ്സുകൾ എത്രയോ ഭേദം എന്നുതോന്നിയിട്ടുണ്ട്. നോട്ടുമാല...അതിമോഹം... വിഷുവിനു കൈനീട്ടം കൊടുക്കാൻ വെച്ചതിലെ ഒരുറുപ്പ്യനോട്ടിൽ നിന്ന് ഒന്നെടുത്ത് ഒരു കയറിൽ കെട്ടിത്തരാം. ;) (സമയം കിട്ടുമ്പോൾ വായിക്കാൻ വരൂ).
nalla katha :)
ദിയ :)
Su,
I take print outs of your katha and read it to my first born in the night before he sleeps.
somehow, being in USland, I miss those stories that my ammuma told so many times to my sister and me --- with your posts, I am able to recreate a lil bit of my chilhood for my lil ones. Thank you!
upsilamba :)ബ്ലോഗ് വായിക്കുന്നതിലും, കഥ പറഞ്ഞുകൊടുക്കുന്നതിലും സന്തോഷം.
കുഞ്ഞായിരുന്നപ്പൊൾ കേട്ട കഥകളിലെ ലാളിത്യമുണ്ടിതിനും.....
രാജേഷ് :) വായിക്കാൻ വന്നതിൽ നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home