Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, May 05, 2011

അക്ഷയതൃതീയ വരുന്നൂ

പ്രിയപ്പെട്ട ചേട്ടാ,

പുത്യേ സീരിയലുകളു തുടങ്ങിയേപ്പിന്നെ കത്തെഴുതാനേ സമയമില്ല. ഒരു പത്തുപതിനഞ്ച് എപ്പിസോഡ് വരെ കഥയൊരു പാച്ചിലു പായും. പിന്നെ ഗുഡ്സ് ട്രെയിൻ പോകുന്നതുപോലെ ചച്ചാം പിച്ചാം ചച്ചാം പിച്ചാം എന്ന മട്ടിൽ ഇഴയും. തിങ്കളാഴ്ച വെഷക്കുപ്പി എടുത്താലും വെള്ളിയാഴ്ചയേ കഴിക്കൂന്ന് എല്ലാവർക്കുമിപ്പോ അറിയാം. പിന്നെ ഒരുമാസം ആശുപത്രി എപ്പിസോഡും. എന്നാപ്പിന്നെ കാണാതിരിക്കാമെന്നുവെച്ചാലും ആൾക്കാരു സമ്മതിക്കൂല. മഹിളാസമാജം മീറ്റിംഗിനു മുഖ്യ അജണ്ട തന്നെ ഇതല്ലേ. ഒരെപ്പിസോഡ് മിസ്സായാപ്പിന്നെ എൻ‌ട്രൻസ് പരീക്ഷയ്ക്ക് തോറ്റപോലത്തെ ചമ്മലാ.

ഇപ്പോ കത്തെഴുതാൻ തോന്നിച്ചത് എന്താന്നറിയ്യോ? അക്ഷയതൃതീയ വരുന്നു. ഞാനവിടെയുള്ളപ്പോ ഈ തൃതീയയൊന്നും കണ്ടില്ലല്ലോന്ന് ചേട്ടൻ വിചാരിക്കും. ഞാനും ഇപ്പോഴാ ചേട്ടാ അറിയുന്നത്. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നത്രേ. അക്ഷയതൃതീയയ്ക്ക് എന്താ വാങ്ങുന്നേന്ന് എന്നോട് ആദ്യം ചോദിച്ചത് ഷൈലാമ്മയാണ്. അപ്പോ ഞാൻ വിചാരിച്ചത്, വടക്കേവീട്ടിലെ കരുണാകരന്റെ മോൾക്ക് കല്യാണത്തിനു കൊടുക്കാൻ എന്താ വാങ്ങുന്നേ എന്നാ ചോദിച്ചത് എന്നാണ്. അവൾടെ പേരും അങ്ങനെയെന്തോ ആണ്. അപ്പോ ഷൈലാമ്മയാണ്
അക്ഷയതൃതീയയെപ്പറ്റി പറഞ്ഞുതന്നത്. അക്ഷയതൃതീയയുടെ ദിവസം സ്വർണ്ണോം വെള്ളീം, പിന്നെ മറ്റുള്ളവയും ഒക്കെ വാങ്ങി വീട്ടിൽക്കൊണ്ടുവെച്ചാൽ ഐശ്വര്യം കൂടുമത്രേ. ഷൈലാമ്മയായതുകൊണ്ട് ആരുടെ ഐശ്വര്യംന്ന് ഞാൻ ചോദിച്ചില്ല. ഇതൊക്കെ വിക്കുന്ന കടക്കാരുടേതാണെന്ന് മനസ്സിലാക്കാൻ എനിക്കുപോലും കഴിയും.

എന്തായാലും സ്വർണ്ണവും വെള്ളിയുമൊന്നും വാങ്ങി, കള്ളന്മാരുടെ ഐശ്വര്യം വർദ്ധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ലാത്തതുകൊണ്ട്, ചേട്ടാ, ഞാൻ പത്ത് പശൂനെ വാങ്ങി. നല്ലൊരു ദിവസമാണെങ്കിൽ‌പ്പിന്നെ എന്തു വാങ്ങിയാലും ഐശ്വര്യം കൂടുമല്ലോ. ഇനിയിപ്പം വർഷം മുഴുവൻ പാലിനു പാല്, ചെടികൾക്കിടാൻ ചാണകത്തിനു ചാണകം. പിന്നെ ചേട്ടന്റെ അമ്മയ്ക്കും എന്തെങ്കിലും പണിവേണ്ടേ? അക്ഷയതൃതീയയ്ക്കു വാങ്ങിയ പശുക്കളാണ് എന്നു പറഞ്ഞിട്ടും അമ്മേടെ മുഖത്ത് ചതുർത്ഥിയായിരുന്നു. പാലിനു വില കൂട്ടും വിലകൂട്ടും എന്നുപറഞ്ഞ് നമ്മളെപ്പോലെയുള്ള പാവങ്ങളെപ്പറ്റിയ്ക്കാൻ ഇനി ആർക്കും പറ്റൂലല്ലോ അമ്മേന്ന് പറഞ്ഞപ്പോഴാണ് അമ്മേടെ മുഖം ലേശം തെളിഞ്ഞത്. കണികണ്ടുണരാനുള്ള നന്മ ഇനി നമ്മുടെ ആലേൽ ഉണ്ടാവുമല്ലോ.

പിന്നെ മക്കളു നന്നായിട്ടൊക്കെ പഠിക്കുന്നുണ്ട്. മോളു പറഞ്ഞു, കോളേജിലെ കൂട്ടുകാരികളൊക്കെ അക്ഷയതൃതീയയ്ക്ക് എന്താ വാങ്ങിയതെന്നു ചോദിക്കുംന്ന്. അമ്മേടെ എളേപ്പന്റെ മോന്റെ ഭാര്യ മരിച്ചതോണ്ട് നമ്മൾക്ക് ഇക്കൊല്ലം അക്ഷയതൃതീയ ആഘോഷിക്കാൻ പറ്റൂലാന്ന് പറഞ്ഞാമതി എന്നു ഞാൻ പറഞ്ഞു. ചോദിക്കണോർക്ക് ചോദിച്ചാ മതി. എന്തെങ്കിലും മേടിക്കാൻ പോകുമ്പോ പൈസ നമ്മളല്ലേ കൊടുക്കേണ്ടത്?

പിന്നെ നിങ്ങൾടെ അനിയൻ, ടൈയൊക്കെ കെട്ടി ദിവസോം പുറപ്പെട്ടു പോകുന്നുണ്ട്. ആരുടെയൊക്കെ കഴുത്തിലാണ് കുരുക്കിട്ടുവരുന്നതെന്ന് എന്നറിയില്ല. അക്ഷയതൃതീയയ്ക്ക് സ്വർണ്ണം വാങ്ങാൻ പോകണ്ടേ ചേച്ച്യേന്ന് ചോദിച്ചു. നീ കൊണ്ടുപോയി പണയം വെച്ച സ്വർണ്ണമൊക്കെ എടുത്തുതന്നാൽത്തന്നെ എനിക്കു എന്നും തൃതീയ ആണെന്ന് പറഞ്ഞു. ഇപ്പോ അവന്റെ ഭാര്യേടടുത്ത് ഉണ്ടല്ലോ സ്വർണ്ണം. പണയം വെക്കാനൊക്കെ അവളു കൊടുക്കുമെന്ന് എനിക്കു തോന്നുന്നില്ല. എല്ലാവരും എന്നെപ്പോലെയായിരിക്കുമോ?

അക്ഷയതൃതീയ ഒന്ന് കഴിഞ്ഞുകിട്ട്യാമതിയായിരുന്നു. സ്വർണ്ണം ചേട്ടൻ വാങ്ങിവെക്കുംന്ന് പറഞ്ഞാണ് ഞാനെല്ലാവരുടേം മുന്നിൽ പിടിച്ചുനിൽക്കുന്നത്. അക്ഷയതൃതീയ കണ്ടുപിടിച്ചവനെയൊക്കെ സുനാമി പിടിക്കണം. എന്നാലേ അവനൊക്കെ പഠിക്കൂ.

എഴുതിയെഴുതി സമയം പോയി. റിയാലിറ്റി ഷോ തുടങ്ങാൻ സമയമായി.

ചോദിക്കാൻ ഇപ്പോ മറന്നുപോയേനെ. ചേട്ടനു സുഖം തന്നെയല്ലേ? അക്ഷയതൃതീയയിലൊന്നും വിശ്വാസമില്ലെങ്കിലും ചേട്ടൻ ഇടയ്ക്കിടയ്ക്ക് സ്വർണ്ണം വാങ്ങിവെക്കണം കേട്ടോ.


എന്തായാലും ചേട്ടനു നൂറ് അക്ഷയതൃതീയ സ്പെഷൽ ഉമ്മകൾ.

എന്ന് ചേട്ടന്റെ സ്വന്തം ഭാര്യ തങ്കമ്മ.

Labels: ,

16 Comments:

Blogger Haris said...

സൂ... വിശ്വസിച്ചാലും ഇല്ലെങ്കിലും സ്വര്‍ണം വാങ്ങണം. അല്ലേ...

Thu May 05, 03:07:00 pm IST  
Blogger upsilamba said...

kalaki, Sue :)

Thu May 05, 11:37:00 pm IST  
Blogger ദൈവം said...

പിന്നെ ചേട്ടന്റെ അമ്മയ്ക്കും എന്തെങ്കിലും പണിവേണ്ടേ? :):):):):):)
ഹൊ, എത്ര കാലത്തിനു ശേഷാ സൂ, ഇതുപോലൊന്ന് :)
ഉഷാറാക്കീട്ട്ണ്ട് ട്ടാ :)

Fri May 06, 08:06:00 pm IST  
Blogger HASSAINAR ADUVANNY said...

ആഘോഷങ്ങള്‍ എന്തായാലും അത് നമ്മള്‍ മറന്നാലും സ്വര്‍ണ്ണ കടക്കാര്‍ ഓര്‍മ്മിപിക്കുമല്ലോ

Sat May 07, 11:37:00 am IST  
Blogger aneel kumar said...

ഗുഡ്സ് ട്രെയിൻ ആവില്ല പാസഞ്ചർ ആണ് ചച്ചാം പിച്ചാം ...

Sat May 07, 02:16:00 pm IST  
Blogger സു | Su said...

koomz:) പരമാവധി സ്വർണ്ണം വാങ്ങുക എന്നതായിരിക്കണം ഓരോരുത്തരുടേയും ജീവിതലക്ഷ്യം. ;)

upsilamba :)

ദൈവമേ :) കുറേ നാളായല്ലോ കണ്ടിട്ട്? (ദൈവം പിന്നെ എപ്പോഴും തിരക്കിലായിരിക്കുമല്ലോ.)

ഹസ്സൈനാർ :) അതെ. അവർ ഓർമ്മിപ്പിക്കും.

അനിലേട്ടാ :) ആയിരിക്കും. ഞാൻ ജനിച്ചമുതൽക്കു തന്നെ “മെഴ്സിഡ്രസ്സിൽ” സഞ്ചരിക്കുന്നതുകൊണ്ട് ട്രെയിനിന്റെ കാര്യങ്ങൾ അധികം അറിയില്ല. ;) (ഓടാൻ പഠിക്കാമായിരുന്നു).

Mon May 09, 12:18:00 pm IST  
Blogger appu said...

Sarikkum nannayittndu

Sat May 14, 09:57:00 pm IST  
Blogger Visala Manaskan said...

കൊള്ളാം സു.

“തിങ്കളാഴ്ച വെഷക്കുപ്പി എടുത്താലും വെള്ളിയാഴ്ചയേ കഴിക്കൂന്ന് എല്ലാവർക്കുമിപ്പോ അറിയാം!” അപ്പോള്‍ കേരളത്തിലെ സ്ത്രീകളെല്ലാം പ്രബുദ്ധരായിപ്പോയിന്ന്... ഗുഡ്, ഗുഡ്! ;)

എന്നാലും...പത്തുപശു ഇത്തിരി കൂടിപ്പോയി. എന്തെങ്കിലും കുറക്കണം.

Sun May 15, 01:07:00 pm IST  
Blogger സു | Su said...

ഷിഹാബ് :)

അപ്പു :)

വിശാലമനസ്കൻ :)

വായിക്കാൻ വന്നതിനു മൂന്നുപേർക്കും നന്ദി.

Tue May 24, 10:26:00 am IST  
Blogger Prabhan Krishnan said...

“പിന്നെ ചേട്ടന്റെ അമ്മയ്ക്കും എന്തെങ്കിലും പണിവേണ്ടേ?“
-പത്ത് പശൂനെ ഒരുമിച്ചു വാങ്ങി അമ്മക്കു ‘പണി’ കൊടുത്തതു മോശമായിപ്പോയി..! (ഒരുപശുവെങ്കില്‍ കുറച്ചൂടെ ലോജിക് ആയേനെ..)

എന്തായാലും സംഗതി കലക്കി...
ആശംസകള്‍...!!

Wed May 25, 09:34:00 am IST  
Blogger Manoraj said...

അമ്മായിയമ്മക്കിട്ട് പത്ത് പശുവിനെ വാങ്ങിയത് വിശാല്‍ജി പറഞ്ഞപോലെ ഇത്തിരി കൂടുതലാട്ടോ.. പണി ഇഷ്ടായി..:):)

Sat May 28, 09:50:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

പത്തു പശു ഒട്ടും കുറവല്ല, സൂ. ഞാനടക്കം വാങ്ങിച്ചു ഒരു പശൂനെ.(മില്‍മക്കാരു എന്നെക്കൊണ്ടു വാങ്ങിപ്പിച്ചു) പിന്നല്ലെ തങ്കമ്മ

Thu Jun 02, 02:19:00 pm IST  
Blogger Unknown said...

യ്യോ ഈ പോസ്റ്റെങ്ങനെ മിസ്സായി..
സു-ന്റെ ആദ്യകാല കഥകളെ ഓർമ്മിപ്പിക്കുന്ന തമാശ :)

Wed Jun 08, 07:35:00 pm IST  
Blogger സു | Su said...

പ്രഭനും മനോരാജിനും ജ്യോതിയ്ക്കും കുഞ്ഞൻസിനും നന്ദി.

ജ്യോതീ, പുല്ലും പിണ്ണാക്കും വാങ്ങി, പശുവിനെ കാണാൻ വരണോ?

Wed Jun 08, 08:03:00 pm IST  
Blogger santhosh said...

good post

Sun Jun 26, 08:32:00 pm IST  
Blogger സു | Su said...

സന്തോഷ് :)നന്ദി.

Mon Jun 27, 05:40:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home