അതിരാണിപ്പാടത്ത് പോയീനും
കടപ്പാട് :- ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ട്. - ഡി സി. ബുക്സ്.
അതിരാണിപ്പാടത്തേക്കു പോയാൽ കൃഷ്ണൻ മാസ്റ്ററെ കാണാം. രണ്ടാം വിവാഹം നടത്തിക്കൊടുക്കാനും, സ്വത്ത് ഭാഗം വെച്ച് വീതം കൊടുക്കാനും ഒക്കെ വേണ്ടീട്ട്, ചേനക്കോത്തുതറവാട്ടിലെ കാരണവരായ ചേനക്കോത്തു കേളുക്കുട്ടിയ്ക്ക് കത്തും നോട്ടീസുമൊക്കെ അയച്ചു കാത്തിരിക്കുന്ന കൃഷ്ണൻ മാസ്റ്റർ. ഒന്നും നടന്നില്ല. കൃഷ്ണൻ മാസ്റ്റർ വീണ്ടും വിവാഹം കഴിച്ച്, ഭാര്യയേയും, അമ്മയേയും, മൂന്നു മക്കളേയും കൂട്ടിയെത്തുന്നത് പട്ടണത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി അതിരാണിപ്പാടം എന്നു വിളിച്ചുവരുന്ന സ്ഥലത്തേക്കാണ്. മൊയ്തുമാപ്പിളയുടെ പറമ്പും പുരയും വാങ്ങി കുടുംബത്തോടൊപ്പം താമസിക്കുന്ന കൃഷ്ണൻ മാസ്റ്റർ. “ഇമ്മാഷ്ടറ് ഇങ്കിരീസാണ്” എന്നാണ് പറങ്ങോടൻ, ഭാര്യ പെരിച്ചിയോടു പറയുന്നത്. മാസ്റ്ററുടെ ആദ്യഭാര്യയിലുണ്ടായ മക്കൾ - കുഞ്ഞപ്പു, ഗോപാലൻ, സൂക്കേടുകാരനായ രാഘവൻ - മാസ്റ്ററോടൊപ്പമുണ്ട്. പിന്നെ അമ്മയും ഭാര്യയും. കുഞ്ഞപ്പു മഹാവികൃതിയാണ്. രാഘവൻ അസുഖം അധികമായിട്ട് മരിക്കുകയാണ്. കുഞ്ഞപ്പു പട്ടാളത്തിൽ ചേരുന്നു. കൃഷ്ണൻ മാസ്റ്ററുടേയും കുട്ടിമാളുവിന്റേയും മകനാണ് ശ്രീധരൻ. ശ്രീധരൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ കുഞ്ഞപ്പു
പട്ടാളത്തിൽ നിന്നു മടങ്ങിവരുന്നു.
പല യുദ്ധങ്ങളും കണ്ടുവന്ന് അതിനെക്കുറിച്ച് നാട്ടുകാരുടെ മുന്നിൽ ‘വിളമ്പുന്ന‘ കുഞ്ഞപ്പുവിനെ കാണാം. ശ്രീധരന്റെ ജ്യേഷ്ഠനാണ് കുഞ്ഞപ്പു എന്നറിയാമല്ലോ. പട്ടാളക്കഥകളും പറഞ്ഞുനടന്ന് കൈയിലുള്ള കാശൊക്കെ തീർന്നപ്പോൾ അച്ഛനോടു പൈസ ചോദിച്ച് കിട്ടാഞ്ഞിട്ട്, തേങ്ങയിട്ട് അതും വിറ്റു കിട്ടിയ പൈസയൊക്കെ ശീട്ടുകളിച്ചു തീർത്ത കുഞ്ഞപ്പു.
ഞണ്ടുപിടിത്തവും അതിനിടയ്ക്കു തുടങ്ങി. പിന്നൊരു ദിവസം പെയിന്ററായി മാറിയ കുഞ്ഞപ്പു. പെയിന്ററായി മാറിയതിനു ഒരു കാരണമുണ്ട്. അതിരാണിപ്പാടത്തെ പെയിന്റർ സ്തേവയ്ക്ക് അഞ്ചു രൂപ കൊടുത്തിരുന്നു കുഞ്ഞപ്പു. തിരിച്ചു ചോദിച്ചപ്പോൾ സ്തേവ ഓരോ അവധി പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയൊരു ദിവസം സ്തേവയുടെ പെയിറ്റ് വകകളൊക്കെ എടുത്തോണ്ടു പോന്നു. എന്നിട്ടോ? സ്വന്തം വീട്ടിലെ മരം കൊണ്ടുണ്ടാക്കിയ സകല വസ്തുക്കളും ചായം പൂശി. അങ്ങനെ ചിരവയും, ഉലക്കയും, ഉരലും ജനലുകളും തൂണുകളും ഒക്കെ നിറം മാറി. അപ്പോൾ സ്തേവ പൈസയും കൊണ്ടു വന്നു. സ്തേവയ്ക്കു കൊടുക്കാൻ പെയിന്റില്ല ബാക്കി. ആ അഞ്ചുരൂപ സ്തേവയ്ക്കു തന്നെ കിട്ടി. പിറ്റേന്നു മുതൽ ബസ്രാ കുഞ്ഞപ്പു (ബസ്രാ മരുഭൂമിയിലെ പട്ടാളക്കഥകൾ പറഞ്ഞുകേട്ട നാട്ടുകാർ കൊടുത്തതാണ് ഈ പേര്) പെയിന്റർ കുഞ്ഞപ്പു ആയി.
ഇലഞ്ഞിപ്പൊയിലിൽ ഉള്ളത് ശ്രീധരന്റെ അമ്മവീടാണ്. ഇടയ്ക്ക് മുത്തച്ഛൻ വന്ന് ശ്രീധരനെ അങ്ങോട്ടു കൂട്ടിക്കൊണ്ടു പോകും. അവിടെ ശ്രീധരന്റെ കൂട്ടുകാരനെ കാണാം. അപ്പു. അപ്പുവിന്റെ വീട്ടിൽ അമ്മയും, വയ്യാതെ കിടക്കുന്ന പെങ്ങൾ നാരായണിയുമാണുള്ളത്. നായ്ക്കുരണച്ചെടി കാണിച്ചുകൊടുത്തതും, ചീങ്കണ്ണിയെ കാണിച്ചുകൊടുത്തതും, നീലക്കൊടുവേലി കൈയിൽ വെച്ച്
മനസ്സിൽ എന്തു വിചാരിച്ചാലും നടക്കുമെന്നു പറഞ്ഞുകൊടുത്തതും അപ്പുവാണ്. നീലക്കൊടുവേലി കിട്ടിയാൽ ശ്രീധരനും കൊടുക്കാമെന്നും അപ്പു പറഞ്ഞിട്ടുണ്ട്. ശ്രീധരനു ഇലഞ്ഞിപ്പൊയിലിൽ കറങ്ങി നടക്കാൻ വല്യ ഇഷ്ടമാണ്. കാട്ടിൽ പോകാം, പുഴവക്കത്തു പോകാം, മരത്തിൽ കയറാം. കുറച്ചുവലുതായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയാലും അപ്പുവിനെ കൂട്ടിനു കിട്ടാതെ ആയി ശ്രീധരന്. അപ്പുവും അവിടെയുള്ള അപ്പുണ്ണിയും ചേർന്ന് കക്കിരി കൃഷി തുടങ്ങിയിരുന്നു. അപ്പുവിനു കുറേ ജോലിയുണ്ടായിരുന്നു അതുകൊണ്ട്.
അതിരാണിപ്പാടത്തു പിന്നാരൊക്കെയുണ്ട്? ഒരാളെ കൊന്നതിന് അന്തമാൻ ദ്വീപിലേക്കു നാടുകടത്തപ്പെട്ട്, അവിടെ ജീവിച്ച് തിരിച്ചെത്തിയ അന്തമാൻ ചാത്തപ്പനുണ്ട്. അന്തമാനിൽ ജീവിച്ച കഥകളൊക്കെ ശ്രീധരന്റെ വീട്ടിലിരുന്ന് പറയും ചാത്തപ്പൻ. പിന്നെയുള്ളത് കിട്ടൻ റൈറ്റർ ആണ്. കിട്ടൻന്നുള്ള പേരിനു കൂട്ടായി റൈറ്റർ എന്നു ചേർത്തുവെന്നല്ലാതെ യാതൊരു ജോലിയും ഈ റൈറ്റർക്കില്ല. ചായ കുടിക്കാൻ നേരത്ത് ഏതെങ്കിലും വീട്ടിൽ ചെന്നിരിക്കും. ചായ കുടിച്ച് കഥകളൊക്കെ പറഞ്ഞ് ഇരുന്നു അവിടെനിന്ന് ഊണും കഴിച്ചിട്ടേ റൈറ്റർ തിരിച്ചുപോകൂ. റൈറ്റർക്ക് സഹായി ആയിട്ട് ഒരു തുപ്രനും ഉണ്ട്.
അതിരാണിപ്പാടത്തും ലഹളയുടെ കാലം വന്നു, പട്ടാളക്കാർ വന്നു. പല കഥകളും കേട്ടു. ലഹള തീരുകയും ചെയ്തു. കുറേപ്പേരെ ഒടുക്കിക്കൊണ്ട്.
അതിരാണിപ്പാടത്ത് ഒരു അപ്പക്കാരത്തി അമ്മയുണ്ട്. വെള്ളേപ്പം ഉണ്ടാക്കി വിൽക്കുന്ന അപ്പക്കാരത്തി. പെയിന്റർ സ്തേവയുടെ അമ്മയാണ് ഈ അപ്പക്കാരത്തി. ഒരിക്കൽ ഇവിടെനിന്ന് അപ്പവും വാങ്ങി പോകുമ്പോഴാണ് ശ്രീധരനെ പരുന്തു കൊത്തിയത്.
അതിരാണിപ്പാടത്ത് കൂനൻ വേലുവുണ്ട്, ഭാര്യ ആച്ചയുണ്ട് (ലഹളക്കാലത്ത് ആച്ച കുറേ സ്വരണ്ണാഭരണങ്ങളൊക്കെ എവിടുന്നോ കൊണ്ടുവന്ന് ഇട്ട്, അതു പോലീസ് കേസായി മാറിയിരുന്നു), ചന്തുമൂപ്പരുണ്ട്, ‘ഈറ്റ’ക്കേളുവുണ്ട്, ശങ്കുണ്ണിക്കമ്പൌണ്ടറുണ്ട്.
ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാം ക്ലാസ്സിലെത്തിയപ്പോൾ (“ ആദ്യ ദിവസങ്ങളിൽ ആ ഹൈസ്കൂൾ ഒരു മൃഗശാലയാണോ എന്നുകൂടി ശ്രീധരനു തോന്നിപ്പോയി. അദ്ധ്യാപകന്മാരിൽ അധികം പേരും അവരുടെ പരിഹാസപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ‘എരുമപ്പട്ടർ’, ‘കാണ്ടാമൃഗം’, ‘കുറുക്കൻസ്വാമി’, ‘പെരുച്ചാഴി’, അങ്ങനെയൊക്കെയായിരുന്നു അവർക്കു നൽകപ്പെട്ട നാമധേയങ്ങൾ. വിദ്യാർത്ഥികളെ ഭരിക്കുന്നതും നയിക്കുന്നതും തലമുതിർന്ന വികൃതിക്കുട്ടന്മാരായിരുന്നു.”) പെയിന്റർ കുഞ്ഞപ്പുവിനെ, ശല്യക്കാരനായി നടക്കുന്നത് സഹിക്കാതെ, അച്ഛൻ റെയിൽവേയിൽ ജോലിക്കു പറഞ്ഞയച്ചു. അങ്ങനെ ശ്രീധരന്റെ ഏട്ടൻ, ബസ്ര കുഞ്ഞപ്പു, പെയിന്റർ കുഞ്ഞപ്പു, ഫിറ്റർ കുഞ്ഞപ്പുവായി.
പത്താം ക്ലാസ്സ് പാസായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയി. അപ്പോഴാണ് അപ്പുവിന്റെ അമ്മയും പെങ്ങൾ നാരായണിയും മരിച്ചുപോയതായി ശ്രീധരൻ അറിയുന്നത്.
അതിരാണിപ്പാടത്ത്, ഈർച്ചപ്പൊടിക്കൊട്ടയും തലയിൽ വെച്ച് പാട്ടും പാടി (“ഇപ്പം വന്ന കപ്പലിലങ്ങെന്തെല്ലാം ചരക്കുണ്ട്? ഇഞ്ചി, ചുക്ക്, ചുക്കടയ്ക്ക, കത്തി, കരണ്ടങ്ങൾ...”) നടക്കുന്ന ചാത്തുണ്ണിയുണ്ടായിരുന്നു. ഇലഞ്ഞിപ്പൊയിലിൽ വെച്ച് അമ്മ പറഞ്ഞാണ് ശ്രീധരൻ, കൂട്ടുകാരനായ ചാത്തുണ്ണി മരിച്ചതറിഞ്ഞത്.
അതിരാണിപ്പാടത്ത് പുതുതായി, കോരൻ ബട്ളറുടെ ചായക്കടയുണ്ട്. ചന്തുമൂപ്പന്റെ മരുമകൻ വാസുവും (വെടിവാസു), പറങ്ങോടന്റെ അനിയൻ കിട്ടുണ്ണി എന്നിവരും അതിരാണിപ്പാടത്ത് എത്തിച്ചേർന്നിട്ടുണ്ട്.
കോളേജിൽ എത്തിയപ്പോൾ കവിതയെഴുത്തും കഥയെഴുത്തും ഗംഭീരമായി നടത്തുന്നുണ്ട് ശ്രീധരൻ. തന്റെ കഥയും കവിതയുമൊന്നും പ്രസിദ്ധീകരിക്കാതെ നിരസിക്കുന്ന പത്രാധിപവർഗ്ഗത്തെ ശത്രുക്കളായും കണ്ടുകഴിഞ്ഞിരുന്നു. (മൂന്നു ശത്രുക്കളുണ്ട് ശ്രീധരന് - കൃഷ്ണപ്പരുന്ത്, കണക്ക്, പത്രാധിപന്മാര്).
സപ്പർസർക്കീട്ട്സെറ്റിനെയും അതിരാണിപ്പാടത്തു കാണാം. (“സപ്പർ സർക്കീറ്റ് സെറ്റ് എന്നൊരു ഗൂഢസംഘത്തിന്റെ സൂത്രധാരനായിരുന്നു ഭരതൻ. ആശ്ചയിൽ രണ്ടു തവണ സംഘാംഗങ്ങൾ തടിച്ചി കുങ്കിയമ്മയുടെ വീട്ടിൽ ഒത്തുചേരും. വരിപ്പണമെടുത്ത് ഒരു സപ്പർ (അത്താഴവിരുന്ന്) ഏർപ്പെടുത്തും. സപ്പറിനുശേഷം പ്രച്ഛന്നവേഷത്തിൽ പട്ടണമൂലകളിൽ ചുറ്റിക്കറങ്ങി പല നേരമ്പോക്കുകളും കാണിക്കും”). ഇവരുടെ കൂടെ ശ്രീധരനും ചേർന്നു.
കഥയെഴുതുന്ന ഇബ്രാഹിമിനെ കാണാം (ശ്രീധരന്റെ കൂട്ടുകാരൻ ദാമു പരിചയപ്പെടുത്തിയതാണ്). കോരപ്പൻ മീനാക്ഷി ദമ്പതികളേയും, അവരുടെ മകൾ സൌദാമിനിയേയും, അവരുടെ വീടായ കോർമീനായും കാണാം. കോരപ്പൻ മീനാക്ഷി എന്നീ പേരുകളിൽ നിന്നാണ് വീടിനു പേരിട്ടത്.
ശ്രീധരന്റെ ഏട്ടൻ ഗോപാലൻ അസുഖം വന്നു കിടക്കുന്നതു കാണാം. പിന്നെ മരിച്ചുപോകുന്നതും. ചികിത്സ പലതും നോക്കിയെങ്കിലും ഒന്നും ഏറ്റില്ല. അസുഖം ചികിത്സിക്കാൻ വന്ന ആൽത്തറ സന്യാസിയെ കാണാം. അയാളും ശിഷ്യനും പിന്നെ ഒളിച്ചോടിപ്പോയി. (“കന്നിപ്പറമ്പിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കുതിച്ചുകേറി വരുന്നൂ. ആര്? - ആൽത്തറ സന്യാസി! കൃഷ്ണൻ മാസ്റ്റർ ഡയറി ദൂരെയെറിഞ്ഞ് ചാടിയെണീറ്റു. “ഹമാരാ ഭാണ്ഡ് കിധർ ഹൈ? ലാവോ-“ ഒരു സിംഹഗർജ്ജനം. സന്യാസിയുടെ ഭാണ്ഡം കാണാനില്ലത്രേ.”)
അതിരാണിപ്പാടത്തെ തിരുവാതിരയും, തിരുവാതിരക്കാലത്ത് ആദ്യമെത്തുന്ന, “ചെപ്പിത്തോണ്ടി തൊട്ട് ചൂഡൻ കർപ്പൂരം വരെയും, മുടിപ്പൂരണം മുതൽ ഒറ്റക്കൊമ്പിൽ ഇരട്ടത്തൂക്കം പാട്ടുപുസ്തകം വരെയുള്ള” പീഞ്ഞപ്പെട്ടിയുമായെത്തുന്ന കുഞ്ഞാലിമാപ്പിളയെ കാണാം. തിരുവാതിരനാൾ സൂര്യൻ മറഞ്ഞാൽ വേഷം കെട്ടി എത്തുന്ന പൊറാട്ടുനാടകക്കാരേയും കാണാം.
ഇന്റർമീഡിയറ്റു പരീക്ഷയിൽ ശ്രീധരൻ തോൽക്കുന്നു. പ്രശസ്തവാരികയിൽ ശ്രീധരന്റെ “മിന്നൽപിണറുകൾ’ എന്ന കഥ വരുന്നുണ്ട്.
ശ്രീധരൻ ആദ്യം ഒരു പ്രേമലേഖനം ഒരു കുട്ടിയ്ക്ക് അയയ്ക്കുകയും ടീച്ചർ കണ്ടുപിടിക്കുകയും, അതു കൃഷ്ണൻ മാസ്റ്ററുടെ അടുത്തു എത്തുകയും അച്ഛനോടു ശ്രീധരനു വഴക്കു കിട്ടുകയും ഒക്കെയുണ്ട്. ഇതേ പ്രേമലേഖനത്തിന്റെ പേരിൽ പിന്നീടൊരിക്കൽ ശ്രീധരൻ തെറ്റിദ്ധരിക്കപ്പെടുകയും, അത് ആണ്ടി ഗുമസ്തൻ ശ്രീധരൻ എഴുതിയപോലെ എഴുതിയത് ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നതും ഒക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ഉണ്ട്.
അതിരാണിപ്പാടത്തെ ചായപ്പീടികയിൽ (കുമാരന്റെ ഭാരതമാതാ ടീഷാപ്പ്) കുതിരബിരിയാനി കാണാം. (പുട്ട്, പഴം, പപ്പടം ഇവ മൂന്നും കൂട്ടിച്ചേർത്താൽ കുതിരബിരിയാനി ആയി).
പൂവരശുക്കാവിലെ കീരൻ പൂശാരിയെ കാണാം. (“കാവിലെ പുരോഹിതൻ എന്ന പദവിയിൽ മാത്രമല്ല, മന്ത്രവാദി, വൈദ്യൻ, ജ്യോതിഷി, സാമുദായികനിയമോപദേഷ്ടാവ് എന്നീ നിലയിലും ചെറുമക്കളുടെയിടയിലെ ഒരു പ്രമുഖവ്യക്തിയാണ് കീരൻ”.).
അമ്മുക്കുട്ടി എന്നൊരു പെണ്ണിനെ കാണുന്നു, ശ്രീധരൻ. പിന്നെ, മാസങ്ങൾ കഴിഞ്ഞാണ് അമ്മുക്കുട്ടിയെക്കുറിച്ചെന്തെങ്കിലും അറിയുന്നത്. അമ്മുക്കുട്ടിയുടെ അനിയൻ, ഉണ്ണി, ശ്രീധരന്റെ കൈയിൽ, അമ്മുക്കുട്ടി എഴുതിയ കവിതകളുടെ പുസ്തകം കൊടുക്കുന്നു. അമ്മുക്കുട്ടി മരിയ്ക്കും മുമ്പ് ഏൽപ്പിച്ചതാണെന്നു പറയുന്നു.
ചങ്ങാതിയായ കൃഷ്ണൻ മാസ്റ്ററെ കാണാനെത്തുന്ന മുക്കുവൻ എരപ്പനെ അതിരാണിപ്പാടത്തു കാണാം. മീനും കൊണ്ടാണ് എരപ്പൻ, ശ്രീധരന്റെ വീട്ടിൽ ചെല്ലുന്നത്. കടലിലെ കഥകളും പറഞ്ഞുകൊടുക്കും.
ഒടുവിൽ, കൃഷ്ണൻ മാസ്റ്റർ മരിച്ചു കഴിഞ്ഞ്, സ്വത്തുക്കൾ ഭാഗം വെച്ച് ഏട്ടൻ കുഞ്ഞപ്പു (കല്യാണം കഴിഞ്ഞിരുന്നു. കുട്ടികളും ഉണ്ട്.) പോയപ്പോൾ, അമ്മയേയും കൂട്ടി അതിരാണിപ്പാടം വിട്ട് ഇറങ്ങുന്ന, ശ്രീധരൻ, അമ്മയെ ഇലഞ്ഞിപ്പൊയിലിലാക്കി ബോംബെയ്ക്ക് പോകുന്നു.
പിന്നെയും കുറേക്കാലം കഴിഞ്ഞൊരിക്കൽ ശ്രീധരൻ അതിരാണിപ്പാടം കാണാൻ തിരിച്ചുവരുന്നു.
ഇതൊക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ചിലതു മാത്രമാണ്. അതിരാണിപ്പാടത്ത് ഒരുപാടു കാഴ്ചകൾ ഉണ്ട്, പരിചയപ്പെടാൻ ഒരുപാടുപേരുണ്ട്. അവരുടെയൊക്കെ ജീവിതമുണ്ട്.
എന്റെ കാഴ്ചകളിൽ വളരെക്കുറച്ചു മാത്രമാണ് ഇവിടെയുള്ളത്.
ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ടിന്, 1973- ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും, 1980-ൽ ജ്ഞാനപീഠപുരസ്കാരവും, ലഭിച്ച കൃതി.
Labels: പുസ്തകങ്ങൾ, വായന
9 Comments:
പണ്ട് പത്താം ക്ളാസ്സിലെ പാഠപുസ്തത്തിന്റെ അടിയില്‍ നിന്നും അമ്മ ശകാരത്തോടെ വലിച്ചെടുത്ത തടിച്ച പുസ്തകത്തില്‍നിന്നും ഇറങ്ങിയോടിയ അതേകഥാപാത്രങ്ങള് …………
മായാവിലാസ് :) വായന(പുസ്തകങ്ങൾ) നിർത്തിയിട്ടില്ലെന്നു കരുതുന്നു.
ഒരിക്കലുമില്ല. അതിനൊരു കുഞ്ഞു തെളിവാണ് സൂവിന്റെ ഈ ബ്ളോഗ്. 2004 ഡിസംബര്‍ 20 ന് ഉണ്ണിക്കണ്ണനില്‍ തുടങ്ങി 2013 മാര്‍ച്ച് 20 അതിരാണിപ്പാടത്ത് പോയീനും വരെ ഒരു വര്‍ഷം കൊണ്ട് ഒരൊറ്റ പോസ്റും ഒരൊറ്റ കമന്റും വിടാതെ വായിച്ചു തീര്‍ത്തു.2006 നവംബര്‍ 25 ന് മത്സരം എന്ന പേരില്‍ സൂ നല്കിയ ഒരു പോസ്റില്‍ രാജു ഇരിങ്ങല്‍ എന്ന സുഹൃത്തിന് മറുപടി പറഞ്ഞതിലുള്ള പോലേ ഞാന്‍ ജനിച്ചപ്പോള്‍ ഒരു കൈയ്യില്‍ പൂസ്തകം ഉണ്ടായിരുന്നു എന്നാണ് എന്റെ ചെറിയൊരു ഓര്‍മ്മ. പൂസ്തകങ്ങളും യേശുദാസിന്റെ പാട്ടുകളും ഉണ്ടെങ്കില്‍ ആയിരം ജനനങ്ങള്‍, സഞ്ചാരികള്‍ ചവുട്ടി മെതിച്ചു കടന്നു പോകുന്ന ഒരു പുല്‍ക്കൊടിയായെങ്കിലും, എനിയ്ക്ക് വേണം.
എസ്. കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ യില്‍ അയല്പക്കത്തെ രണ്ടു സ്ത്രീകളു ടെ പരസ്പരമുള്ള വഴക്ക് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് എതോ ഒരു അദ്ധ്യായത്തില്‍.
കഥാപാത്രങ്ങളുടെ പരസ്പരബന്ധം സജീവമായി മനസ്സില്‍ നിലനിര്‍ത്തുന്ന ഒരു വായനക്കാരനുമാത്രമേ ഇത്തരം ഒരാസ്വാദനം എഴുതാന്‍കഴിയൂ…
കഥാപാത്രങ്ങളുടെ പരസ്പരബന്ധം സജീവമായി മനസ്സില്‍ നിലനിര്‍ത്തുന്ന ഒരു വായനക്കാരനുമാത്രമേ ഇത്തരം ഒരാസ്വാദനം എഴുതാന്‍കഴിയൂ…
മായാവിലാസ് :) സമയം കിട്ടുമ്പോൾ എന്റെ ബ്ലോഗും വായിക്കുക. ഇതുവരെയുള്ളതൊക്കെ വായിച്ചുവെന്നറിഞ്ഞതിൽ സന്തോഷമുണ്ട്.
ജമന്തിപ്പൂക്കൾ :) വായിക്കാൻ വന്നതിനു നന്ദി. സമയം കിട്ടുമ്പോൾ വായിക്കാൻ എത്തുമെന്നു കരുതുന്നു.
വിജി ഗോപി :) ബ്ലോഗിൽ വന്നതിനു നന്ദി. സമയം കിട്ടുമ്പോൾ ബ്ലോഗ് വായിക്കാനെത്തുമെന്നു കരുതുന്നു.
കൊള്ളാം
കൊള്ളാം
Post a Comment
Subscribe to Post Comments [Atom]
<< Home