Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 06, 2006

മനസ്സിനോടൊന്ന് ചോദിക്കൂ

മനസ്സ്‌...

നിനക്കുള്ളതും എനിക്കുള്ളതും ഒരുപോലെ.

നിന്റേത്‌ ഫ്ലവര്‍വാസില്‍ വയ്ക്കാനും, എന്റേത്‌ അടുപ്പിനുമുകളില്‍ വയ്ക്കാന്‍ ആണെന്നും തോന്നുന്നതില്‍ കുഴപ്പമില്ല.

അപ്രതീക്ഷിതമായത്‌ സംഭവിക്കുമ്പോള്‍ നിന്റെ മനസ്സ്‌ മാത്രം ചുരുങ്ങുമെന്നും, എന്റേത്‌ കല്ലാണെന്നും വിചാരിക്കുന്നതില്‍ പ്രശ്നമില്ല.

നിന്റെ മനസ്സിലെ ചിന്തകള്‍ ഒക്കെ എന്റെ മനസ്സില്‍ ഉണ്ടാവണമെന്നും, എന്റെ മനസ്സിലെ ചിന്തകള്‍ ഒഴിവാക്കപ്പെടേണ്ടവയാണെന്നും കരുതുന്നതില്‍ തെറ്റില്ല.

നിന്റെ മനസ്സിന്റെ വേദനയാണ്‌‍ വേദനയെന്നും, എന്റെ മനസ്സിലെ വേദന വെറും ഭ്രമം ആണെന്നും തോന്നുന്നതില്‍ അപാകതയില്ല.

ആഞ്ഞടിക്കുന്ന തിരമാലകള്‍ നിന്റെ മനസ്സില്‍ ഉണ്ടെന്നും, എന്റെ മനസ്സ്‌ ശാന്തമായി ഒഴുകുന്ന ഒരു പുഴയാണെന്നും വിശ്വസിക്കുന്നതില്‍ പരാതിയില്ല.

ഒന്ന് മാത്രം നിനക്ക്‌ നിഷേധിക്കാന്‍ ആവില്ല. എനിക്കൊരു മനസ്സുണ്ടെന്നും, അതിനുള്ളില്‍ നീയുണ്ടെന്നും.

അത്‌ നിഷേധിച്ചാല്‍പ്പിന്നെ നിനക്കൊരു മനസ്സേയില്ല എന്ന് എന്റെ മനസ്സ്‌ പറയും.

മനസ്സിനോടൊന്ന് ചോദിക്കൂ സത്യമല്ലേന്ന്?


(ബൂലോഗരേ അല്‍പ്പം കൂടെ ക്ഷമിക്കൂ. സഹിക്കൂ. ഞാന്‍ നേരെയായിക്കൊള്ളാം.)

43 Comments:

Anonymous Anonymous said...

സൂ...വളരെ നന്നായിട്ടുണ്ട്‌. ഹി ഹി.. സത്യത്തില്‍ ഞാനും ഇങ്ങനെ തന്നെയാണു. മറ്റുള്ളവരുടെ മനസ്സു ശാന്തം, എന്റെതൊരു സാഗരം...

Wed Dec 06, 08:13:00 pm IST  
Anonymous Anonymous said...

നാം എല്ലാവരും സ്വാര്‍ഥര്‍ തന്നെ. അതാണ് എല്ലാ ബന്ധങളുടെയും പ്രശ്നം..., അല്ലെ

Wed Dec 06, 08:56:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

"മാനസികം"? പകരും അല്ലേ?
:-))

Wed Dec 06, 09:30:00 pm IST  
Blogger വിശ്വപ്രഭ viswaprabha said...

സൂ,

നമുക്കൊരു ബുദ്ധപൂര്‍ണ്ണിമയോളം കാത്തിരിക്കാം...
അപ്പോഴേക്കും ഈ തപസ്സൊടുങ്ങും...

നിറഞ്ഞുതുളുമ്പി അന്നും തിരകളെത്തും...
ബോധിയുടെ വേരിറങ്ങിപ്പടര്‍ന്ന അഴിമുഖങ്ങളില്‍ പക്ഷേ അന്നവ ആര്‍ത്തലയ്ക്കില്ല. വെറുതെ, ഒന്നിനുമല്ലാതെ, ഇത്തിരിയോളങ്ങളായി അവ പരസ്പരം താളമിടുക മാത്രം ചെയ്യും.

പാലാഴി വേലിയേറിവരുന്ന അന്നാള്‍ നമുക്കെല്ലാം കടലിലേക്കൊത്തൊഴുകിയെത്താം. ഉപ്പു പുളിക്കാത്ത ഏറ്റുവെള്ളത്തില്‍ കരയുടെ കഴുത്തോളം എത്തിവലിഞ്ഞുനിന്നു ചാഞ്ചാടാം.

കുഞ്ഞുമനസ്സുകള്‍ കൊരുത്തുകൊരുത്തെടുത്ത്,
അതുവരെ നമുക്കീ പുഴകളായൊഴുകാം...

തുളുമ്പാത്ത പൂര്‍ണ്ണകുംഭങ്ങളായിമാറി വാവൊരുക്കത്തിന് അന്നു നമുക്കൊക്കെ സമഷ്ടിയുടെ പരപ്പില്‍ കണ്ടുമുട്ടാം‍...

Wed Dec 06, 09:47:00 pm IST  
Blogger ആനക്കൂടന്‍ said...

ആക്ച്വലി, ഇപ്പൊ നെരെയല്ലെ...

Wed Dec 06, 09:53:00 pm IST  
Blogger അതുല്യ said...

ഈ വിശ്വത്തിനെ ആയ കാലത്ത്‌ പ്രേമിച്ചിരുന്നുവെങ്കില്‍ എത്ര രോമാഞ്ച കഞ്ച കുഞ്ചുകമുള്ള പ്രേമലേഖനം കിട്ടിയേനെ എന്റെ ഭഗോതീ.. ഇപ്പോ തന്നെ ഇതൊക്കെ വായിച്ചിട്ട്‌ കോള്‍മയിര്‍ കൊണ്ട്‌ രോമമൊക്കെ എണീറ്റ്‌ നിക്കുന്നു. സെലോറ്റേപ്പിട്ട്‌ ഒട്ടിച്ചിട്ടാ ഒന്ന് അടങ്ങീത്‌.

സൂവേ മനസ്സ്‌ എന്ന ഒന്ന് ഉണ്ടോ? ഒക്കേനും ചിന്ത മാത്രം ! ബ്രേയിനിന്റെ അകത്ത്‌ പ്രവഹിയ്കുന്ന വൈദ്യുതികള്‍ മാത്രം. ബ്രേയിന്‍ മാപ്പിംഗ്‌ നടക്കും. മനസ്സ്‌ മാപ്പിംഗ്‌ (മനസ്സുണ്ടെങ്കില്‍) തന്നെ നടന്നാ.. ജയിലുകളും, കുടുംബ കോടതികളും ഒക്കെ പോരാണ്ടെ വരും.

Wed Dec 06, 10:01:00 pm IST  
Blogger വല്യമ്മായി said...

സൂ ചേച്ചിയെ,ഒരു സൌന്ദര്യ പിണക്കത്തിന്റെ മണം.

Wed Dec 06, 10:09:00 pm IST  
Blogger വിശ്വപ്രഭ viswaprabha said...

സൂക്ഷിച്ച്! ആ സെല്ലോടൈപ്പും ഡൈയും ഒക്കെ കൂടി ആകെ പിരിഞ്ഞുനാശാവും അതുല്യേ!

:-)

Wed Dec 06, 10:16:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

സൂ :))
സുജയാ, ചില ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നാം അങ്ങിനെ ആയാലേ പറ്റൂ! നമുക്ക് എല്ലാ‍വരുടേയും എല്ലാം ആകാന്‍ പറ്റില്ലല്ലോ, ചിലരുടെ ചിലത് ആകാം!

Wed Dec 06, 10:17:00 pm IST  
Blogger വിശ്വപ്രഭ viswaprabha said...

ഹ, ഹ!
സ്വാര്‍ത്ഥനും ഒരു സ്വാര്‍ത്ഥമായ ഫില്‍ട്ടര്‍ ഇട്ടിട്ടുണ്ട് അല്ലേ?

അമ്പട മിടുക്കാ!

വേര്‍ഡ് വെറി: palgoa!

Wed Dec 06, 10:21:00 pm IST  
Blogger അതുല്യ said...

വിശ്വഗുരുവേ.. നമോ നമ.. അതിനു രോമാഞ്ചം തലയിലാണോ?

Wed Dec 06, 10:34:00 pm IST  
Blogger ബിന്ദു said...

എന്റെ മനസ്സ് അഗാധതയിലേക്കാണ്ടു പോയി. :)
എനിക്കു വിശ്വംജി യുടെ കമന്റു കണ്ടിട്ട് മുന്‍പ് ഉമേഷ്ജി പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നത്. മരമെന്നോ ഏണിയെന്നോ ഒക്കെ.:)
( ങ്ങേ..എന്നെ വിളിച്ചോ? ഞാനിതാ വരുന്നു. അപ്പോ പിന്നെ കാണാം)

Wed Dec 06, 10:45:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ഈ പോസ്റ്റും ചില കമന്റുകളും എന്റെ ഉള്ളില്‍ മറ്റൊരു ചിത്രം വരയ്ക്കുന്നു. എന്താത്?

“മനസ്സിനോടൊന്ന് ചോദിക്കൂ സത്യമല്ലേന്ന്?“

Wed Dec 06, 11:03:00 pm IST  
Blogger സു | Su said...

സാരംഗീ :) ഞാന്‍ മറ്റുള്ളവരുടെ മനസ്സ് കാണാന്‍ ശ്രമിക്കുന്നു. എന്റെ കണ്ണില്‍ മൂടലാണ്. മനസ്സിലും. അതുകൊണ്ട് ഒന്നും തിരിച്ചറിയുന്നില്ല എന്ന സത്യത്തില്‍ എത്തിനില്‍ക്കുന്നു.

സുജയയ്ക്ക് സ്വാഗതം :) ബന്ധങ്ങളില്‍ സ്വാര്‍ത്ഥത ഉള്ളതാണോ പ്രശ്നം?

ജ്യോതീ :) പകരും. ഓടിക്കോ. പക്ഷേ ഏട്ടിലെ പ്രേതം ആളെ പിടിക്കില്ല എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടോ ;)

വിശ്വം :) ഹിഹിഹി. അതുല്യേച്ചി പറഞ്ഞപോലെത്തന്നെ കമന്റ് മനസ്സില്‍ കൊണ്ടു. ഇതില്‍ പറഞ്ഞിടത്തൊന്നും കണ്ടില്ലെങ്കിലും അടുത്ത ബ്ലോഗ് മീറ്റില്‍ കണ്ടുമുട്ടാം ;)

അതുല്യേച്ചീ :) ഈ ആയകാലത്ത് എന്നുവെച്ചാല്‍ ഇപ്പോ ആവില്ലാത്ത കാലം ആണോ? ;)

ആനക്കൂടാ :) നേരെയാവും, നേരെയല്ലാതെ ആവും. മനസ്സല്ലേ.


വല്യമ്മായീ :) പിണക്കം എന്നും എന്റെ മനസ്സിനോട് മാത്രമേ ഉള്ളൂ. വേറൊന്നിനോടും ആരോടും ഇല്ല.

സ്വാര്‍ത്ഥന്‍ :)

ബിന്ദൂ :) എന്റെ മനസ്സും എവിടെയോ ആണ്ടുപോയി. ബിന്ദുവിന്റെ മനസ്സ് പോയിടത്തേക്കാവും. ഹിഹി.

കുമാര്‍ :) ചുമരില്ലാതെ ചിത്രം വര്യ്ക്കല്ലേ. പിന്നെ ചുമര്‍ വയ്ക്കാന്‍ പാടുപെടേണ്ടിവരും. ഹിഹിഹി.

പട്ട്പാവാട എന്ത് മനോഹരമായിരുന്നു. അതിന്റെ തിളക്കം പോയാല്‍ മനസ്സും വാടും. എന്ത് ചെയ്യാന്‍. പറഞ്ഞാല്‍ കേള്‍ക്കാത്ത മനസ്സല്ലേ മനുഷ്യനുള്ളത്. :(

Wed Dec 06, 11:30:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

സൂ, ചുവരില്ലാത്ത ഒരുപാട് ചിത്രങ്ങളുണ്ട്.
അതിലൊന്നും ആരും പിന്നെ ചുവര്‍ കൊണ്ട് പിടിപ്പിക്കാറില്ല. ഒരു ചുവര്‍ ആ ചിത്രത്തിനു ഒരിക്കലും ചേരില്ല. കാരണം അതൊന്നും പച്ചിലയും പൊടികളും ചേര്‍ത്തുവരയ്ക്കുന്ന ചുവര്‍ ചിത്രങ്ങള്‍ അല്ല. അതു വരയ്ക്കാന്‍ ചിന്തയുടെ നാരുകളില്‍ തീര്‍ത്ത ബ്രഷുകളും വേണ്ട.

അറിയുന്ന മനസുമതി. മനസറിയാന്‍ കഴിയുന്ന അറിവുമതി.

“മനസ്സിനോടൊന്ന് ചോദിക്കൂ സത്യമല്ലേന്ന്?“

Wed Dec 06, 11:54:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ഞാനൊന്നു ചേര്‍ക്കാന്‍ വിട്ടു. “ഹിഹിഹി.“

Wed Dec 06, 11:55:00 pm IST  
Blogger reshma said...

മനസ്സ്, ചുവര് , ചിത്രം- എനിക്കൊന്നും പിടികിട്ട്ണില്ല:|

qw_er_ty

Wed Dec 06, 11:59:00 pm IST  
Blogger സു | Su said...

കുമാര്‍ :) സീരിയസ് ആവാതിരിക്കാന്‍ ഒരു പോസ്റ്റ് വെച്ചതാ. വെറുതെ. മനസ്സില്‍ തോന്നിയത്.

രേഷ് :) എനിക്കും.
qw_er_ty

Thu Dec 07, 12:04:00 am IST  
Blogger വേണു venu said...

The concept of "what is mind” still remains controversial and to some impossible to define within the limitations of language.
സൂ എനിക്കു മനസ്സിലായി എന്നു ഞാന്‍ പറഞാല്‍ സൂ എന്നെയും മനസ്സിലാക്കി എന്നു കരുതാന്‍ മനസ്സിനു മനസ്സില്ലെങ്കിലോ.മനസ്സൊരു മഹാ പ്രഹേളികയല്ലേ.
പൂര്‍ണ മനസ്സോടെ ഇതു മനോഹരം എന്നു ഞാന്‍ മനസ്സു കൊണ്ടു പറയട്ടെ.‍

Thu Dec 07, 12:17:00 am IST  
Anonymous Anonymous said...

മനസ്സ് ഒരു ദീപമല്ലേ? സൌഭാഗ്യങ്ങള്‍ തെളിച്ചം കൂട്ടുകയും ദൌര്‍ഭാഗ്യങ്ങള്‍ മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന ദീപം.

Thu Dec 07, 07:37:00 am IST  
Blogger Adithyan said...

അവള്‍ക്കൊരു മനസുണ്ടെന്നും ഞാന്‍ അതിനെ ഇടക്കിടയ്ക്ക് എന്റെ വാക്കുകളും പ്രവര്‍ത്തികളും കൊണ്ട് ചവിട്ടിമെതിക്കറുണ്ടെന്നും എന്നെ ഇടക്കിടക്ക് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്ന, ഒടുക്കം എന്റെ മനസിനൊരു ഉണങ്ങാത്ത മുറിവും സമ്മാനിച്ച് എന്നെ ഒന്നുമില്ലായ്മയുടെ നടുവില്‍ തനിച്ചാക്കിപ്പോയ എന്റെ കൂട്ടുകാരിയെ ഓര്‍ത്തു :)

Thu Dec 07, 07:53:00 am IST  
Blogger ദിവാസ്വപ്നം said...

മനസ്സിന്റെ കാര്യം മനസ്സിലാകാതെ മനസ്സിലായെന്നു പറഞ്ഞാല്‍ മനസ്സിലായതും (ഹോ കൈ കഴച്ചൊടിയാറായി)

:-)

ചുമ്മാ ഒരു കുസൃതി തോന്നിയതാണു സൂവേച്ചിയേ

Thu Dec 07, 08:06:00 am IST  
Blogger Peelikkutty!!!!! said...

മനസ്സ്...ഒരു മാന്ത്രികക്കൂട്..

Thu Dec 07, 09:36:00 am IST  
Blogger Sona said...

സുചേച്ചി..എന്തുപറ്റി?ഈ ചിലര്‍ അങനെയാ...സ്വന്തം feelings നെ കുറിച്ചുമാത്രെ ചിന്തിക്കൂ..സ്വാര്‍ത്‍ഥര്‍..

Thu Dec 07, 10:19:00 am IST  
Blogger സു | Su said...

വേണു :)മനസ്സിലായി എന്ന് മനസ്സിലാക്കുന്നു.

തനിമേ :) തെറ്റാണ് എന്ന് തോന്നുന്നു. മനസ്സില്‍ സൌഭാഗ്യങ്ങള്‍ കൂടുമ്പോള്‍ അതിന്റെ വെളിച്ചത്തില്‍, മനസ്സിന് മങ്ങല്‍ ഏല്‍ക്കുന്നു. ദൌര്‍ഭാഗ്യങ്ങള്‍ കൂടുമ്പോള്‍ മനസ്സ് ഉരുകിയുരുകി പാകപ്പെട്ടു വരുന്നു.

ആദീ :) മനസ്സ് ചവിട്ടിമെതിച്ചിട്ട് കടന്നുപോകുന്നവരെ കാത്ത് , വിജനമായ ഇടനാഴികള്‍ കാവല്‍ നില്‍പ്പുണ്ടാകും. എന്നെങ്കിലും അതിലൂടെ നടക്കേണ്ടി വരും. ചവുട്ടി മെതിച്ച മനസ്സിന്റെ ഓര്‍മ്മ മാത്രമേ അന്ന് കൂടെ ഉണ്ടാകൂ.

ഇവിടെ ജിഗ്നാസ ഇല്ലാഞ്ഞത് നന്നായി. ;)

ദിവാ :) മനസ്സിലാവാത്തത് മനസ്സിലായീന്ന് പറഞ്ഞാല്‍ മനസ്സിലായതും കൂടെ മനസ്സില്‍ നിന്ന് പോവും ;)

പീലിക്കുട്ടീ :) മനസ്സ് ഒരു മാന്ത്രികക്കൂട്, മായകള്‍ തന്‍ കളിവീട്. കളിവീട്ടിലെ ഈ പാട്ട് എനിക്ക് വല്യ ഇഷ്ടാ. (ഈ പറച്ചില്‍ കേട്ടാല്‍, ചേട്ടന്‍ ചോദിക്കും, നിനക്കിഷ്ടം ഇല്ലാത്തത് വല്ലതും ഉണ്ടോ ഈ ലോകത്ത് എന്ന് ;) എന്നും ഒരു പ്രാവശ്യമെങ്കിലും ചോദിക്കേണ്ടി വരും .)


സോന :)ഒന്നും പറ്റിയില്ല. വെറുതേ മനസ്സില്‍ തോന്നിയത് പോസ്റ്റി. അത്രേ ഉള്ളൂ. അല്ലെങ്കിലും പറ്റാനുള്ള കാലം ഒക്കെ കഴിഞ്ഞുപോയി. അപ്പോ പറ്റിയില്ല. പിന്നെയാ ഇപ്പോ ;)

Thu Dec 07, 11:13:00 am IST  
Anonymous Anonymous said...

സൂ...ച്ചീ,

ദേ കിടക്കുന്നു:

“ഒന്നും പറ്റിയില്ല. വെറുതേ മനസ്സില്‍ തോന്നിയത് പോസ്റ്റി. അത്രേ ഉള്ളൂ. അല്ലെങ്കിലും പറ്റാനുള്ള കാലം ഒക്കെ കഴിഞ്ഞുപോയി. അപ്പോ പറ്റിയില്ല. പിന്നെയാ ഇപ്പോ ;)“

സോനാ, സോ‍നാ...!!

Thu Dec 07, 12:33:00 pm IST  
Blogger ടി.പി.വിനോദ് said...

സൂവേച്ചി..നിങ്ങളുടെ എഴുത്ത് ഒരുപാട് നേരെയുള്ളതാണ് .ഒരുപാട് നേരെയുള്ളത് എന്ന് പറയുന്നതില്‍ അപാകതയുണ്ട് കാരണം ഏറ്റവും നേരെയുള്ളതാവാന്‍ ഒരേയൊരു വിധത്തില്‍ മാത്രമേ സാധിക്കയുള്ളു.വളഞ്ഞതാവാന്‍ മാത്രമാണ് ഒരുപാട് വഴികളുള്ളത്.ഋജുവായിരിക്കുന്നതിന്റെ ലാവണ്യം നിങ്ങളുടെ അക്ഷരങ്ങളില്‍ നിന്ന് ഒരിക്കലും വേര്‍പെടാതിരിക്കട്ടെ...

Thu Dec 07, 12:59:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂ ചേച്ചീ ഞാന്‍ ഒരു സ്ത്രീവിദ്വേഷിയോ മുഴുവന്‍ പുരുഷപക്ഷവാദിയോ അല്ല. എന്നാലും ഈ വാക്കുകള്‍ ഒരാണ് പെണ്ണിനോട് പറയുന്നതായേ സങ്കല്‍പ്പിക്കാന്‍ പറ്റുന്നുള്ളൂ..ശരിയല്ലേ???

കമന്റടിട്ട ഭൂരിപക്ഷം എന്നെ തല്ലാന്‍ ചൂലുമായിട്ടിറങ്ങുമെന്നറിയാം...
വഴി പറഞ്ഞു കൊടുത്തേക്കല്ലേ..

Thu Dec 07, 02:03:00 pm IST  
Blogger സു | Su said...

കൈതമുള്ളേ :) ഒക്കെ മനസ്സിലായി അല്ലേ?

ലാപുട :) നല്ല വാക്കിന് നന്ദി.

നേര്‍വഴിക്കു പോകിലും ലക്‍ഷ്യമെത്തീടും, കുറുക്കുവഴിക്ക് പോകിലും ലക്‍ഷ്യമെത്തീടും. പക്ഷെ നേര്‍വഴിയില്‍ ഭയമില്ല. അതിനൊരു വഴി മാത്രമേ ഉള്ളൂവെങ്കില്‍ ഒരിക്കലും തെറ്റില്ലല്ലോ.

കുട്ടിച്ചാത്താ :) ചാത്തനേറ് നടത്തും ഞാന്‍. ഇത് ആര്‍ക്കും ആരോടും പറയാം എന്നതാണ് ഇതിന്റെ പ്രത്യേകത.

Thu Dec 07, 02:13:00 pm IST  
Blogger ചില നേരത്ത്.. said...

‘മനസ്സിങ്ങനെ’ വാചകങ്ങളില്‍ ഉരുക്കി ചേര്‍ത്ത വൈഭവമെനിക്കിഷ്ടപ്പെട്ടു.
എന്നോടാരെങ്കിലും ദേഷ്യം പ്രകടിപ്പിക്കുമ്പോഴാണ് എന്റെ മനസ്സ് തകൃതിയായി എന്നോട് ഇതുപോലെയൊക്കെ പിറുപിറുക്കുന്നത്.കുറച്ച് നേരത്തെ പിറുപിറുക്കലിനൊടുവില്‍ അവാച്യമായൊരു ശാന്തത കിട്ടുന്നത് പോലെ തന്നെ ഈ പോസ്റ്റ് വായിച്ചപ്പോഴും കിട്ടി.
നന്ദി.
(എനിക്കിത് വായിച്ചപ്പോള്‍ ദേഷ്യം വന്നുവെന്നല്ല ദേഷ്യം വരുമ്പോഴുണ്ടാകുന്ന വിചാരമെന്ന നിലക്കാണുദ്ദേശിക്കുന്നത്)

Thu Dec 07, 02:14:00 pm IST  
Blogger മുസാഫിര്‍ said...

സൂ,
രണ്ടു മനസ്സും ഒരേ പോലെയായാല്‍ അതു ഒന്നു ചേര്‍ന്നു കൂടല്‍ മാണിക്യം പോലെയാവും.പിന്നെ ചുറ്റും അമ്പലം പണിത് പൂജിക്ക്യാന്‍ മാത്രമേ പറ്റുകയുള്ളൂ.

Thu Dec 07, 03:21:00 pm IST  
Blogger വിചാരം said...

മനസ്സ് മനസ്സിനോടുള്ള സല്ലാപം മനോഹരമായിരിക്കുന്നു ഇബ്രു പറഞ്ഞ പോലെ .. വിശ്വേട്ടന്‍ എഴുതിയത് പോലെ... എല്ലാവരുടേയും കമന്‍റ് പോലെ ...

Thu Dec 07, 04:01:00 pm IST  
Anonymous Anonymous said...

സു,
ഇതാണ് ഉദ്ദേശിച്ചത്:

പൊരുത്തത്തെ (symmetry) സംബന്ധിയ്ക്കുന്നതാവും സൌന്ദര്യം എന്നത്. അവയവപ്പൊരുത്തമില്ലെങ്കില്‍, പാര്‍ശ്വഭാഗങ്ങള്‍ തമ്മില്‍ പൊരുത്തമില്ലെങ്കില്‍, അവയ്ക്ക് നീളത്തോടും തൂക്കത്തോടും പൊരുത്തമില്ലെങ്കില്‍ സൌന്ദര്യമുണ്ടാവില്ല. എങ്കിലെന്ത്, അവയ്ക്കും ജീവിച്ചു പൊയ്ക്കൂടേ! ഓ! തീര്‍ച്ചയായുമാവാമല്ലോ. പക്ഷെ, ‘സുന്ദരം’ എന്നു ‘കുറ്റപ്പെടുത്തരുത്’!

‘പട്ടുപാവാട’, ആ കണക്കില്‍, പട്ടുപോയ ഇനങ്ങളില്‍ ചെന്നുവീണ്‌ കൂമ്പടിയുന്നുണ്ട്. ചിരുതേയിയുടെ ഇപ്പൊഴത്തെ അവസ്ഥയും അവരുടെ യജമാനഗൃഹത്തിലെ പെരുമാറ്റവും പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടുകളെ ഭയക്കുന്നതു കൊണ്ടുകൂടിയാണ്‌ ചിരുതേയിമാര്‍ പൂര്‍വ-യജമാനഗൃഹങ്ങള്‍ അധികമൊന്നും സന്ദര്‍ശിക്കാത്തതും. അഥവാ, മുതിര്‍ന്നെങ്കില്‍ അവര്‍ക്കു വടക്കുപുറത്തെ തിണ്ണയിലോ അടുക്കളത്തിണ്ണയിലോ ഇരിക്കേണ്ടിവരുന്നതും. അപ്പോള്‍, അതിനു യോജിക്കുന്ന മട്ടില്‍ കഞ്ഞിവെള്ളം ചോദിച്ചുവാങ്ങി കുടിക്കേണ്ടി വരും. എങ്കില്‍ ആ നിവൃത്തികേടിനോട് യോജിക്കുന്ന സമ്മാനമല്ലേ കൊടുക്കുവാനുമാകൂ. സ്വന്തം തൊടിയില്‍ വിളയിച്ച ഒരു മൂട് പൂളക്കിഴങ്ങോ (മരച്ചീനി) രണ്ടു ചീര്‍പ്പ് രസകദളിയോ ആവില്ല ചിരുതേയി തന്റെ മുന്‍‌യജമാനര്‍ക്ക് സമ്മാനിക്കുക. വിലകൊടുത്തു വാങ്ങിച്ച ഒരു പട്ടുപാവാടയാണ്‌. പട്ടുപാവാടയെ പോലുള്ളവ സമ്മാനിക്കുക അടുക്കളത്തിണ്ണയിലിരുന്ന്‍ കഞ്ഞിവെള്ളം കുടിച്ചാവുമോ? (സുഖമില്ലായ്മ വരുന്നു...) ഉമ്മറത്തെ സോഫയില്‍ ചാടിക്കയറിയിരുന്ന് ആത്മവിശ്വാസത്തോടെ പ്രഭ ചൊരിഞ്ഞാവണം, വേണ്ടേ!

(അയ്യോ വയ്യ! ചിരുതേയി പണ്ടവിടെ പണിക്കു നിന്നിരുന്നവളാണ് ! )‍

ചിരുതേയിയുടെ സമ്മാന-കൃത്യം ഒരുതരം പ്രതികാരകര്‍മ്മമായിരുന്നു എന്ന് മിക്ക വായനക്കാരും മനസ്സിലാക്കുന്നുണ്ട്. (കുറേക്കാലം വാങ്ങിച്ചതല്ലേ; ഇനി ശകലം pay back ആവാം!) കഠിനമായി ആക്ഷേപിച്ചു തിരസ്കരിക്കുമോ എന്നു ഭയന്നിട്ടും പ്രലോഭനീയമായിരിക്കുന്ന പ്രതികാരരസമാണത്. ചിരുതേയി, നന്നേ വൈകിപ്പോയ ഒരു വയസ്സില്‍, ടിവി സീരിയലുകള്‍ കണ്ടമാനം തിന്നുതീര്‍ക്കുന്നതു കൊണ്ടു വന്നുപെട്ട കുനുഷ്ടുബുദ്ധി കൂടിയാകാം!

പക്ഷെ ഇത്തരം പ്രതികാരകര്‍മ്മങ്ങള്‍ ഫലവത്താകുവാന്‍ മറുപക്ഷം കുനിഞ്ഞുകൊടുക്കുക കൂടിവേണ്ടേ. അതും കഥാകൃത്ത് ഒപ്പിച്ചുതരുന്നു. പ്രൌഢകളായ യജമാനത്തികളെ കുനിച്ചുനിറുത്തി മുതുകത്തു കലശലായി പെരുമാറിക്കൊണ്ടു തന്നെ കഥ വിളയിച്ചെടുക്കുന്നു കഥാകാരി.

Stockholm Syndrome എന്നു കേട്ടിട്ടില്ലേ? അതാണ് -- അതെന്താവാം എന്നതറിയാതെ പോലും -- ഇക്കഥയുടെ വ്യാധിയിലേയ്ക്ക് ഈട്ടം കൂട്ടുക. ധനികയായിത്തീര്‍ന്ന ഒരു പഴയ വേലക്കാരി ഒന്നു വിസ്തരിച്ചു ‘സമ്മാനിച്ചു’ കളയാം എന്നു മോഹിച്ചാല്‍ അതില്‍ ഗംഭീരമായ അബദ്ധങ്ങളൊന്നും ആരോപിയ്ക്കാന്‍ വയ്യ. മറുപക്ഷത്ത് അധികാരക്കളിയിലെ സാമര്‍ത്ഥ്യമാണ് പ്രഭുത്വത്തെ അങ്ങിനെ നിലനിറുത്തുന്നതു പോലും. ഇങ്ങിനെയൊരു പ്രതിസന്ധിഘട്ടത്തില്‍‍ വിനയനാട്യത്തോടെയുള്ള ഒരു പുഞ്ചിരിയോടെ, അവര്‍, നേരിടേണ്ടിവന്ന ചമ്മലിനെ മറികടക്കും. അവരിലെ കുലീനരുടെ കാ‍ര്യമാണ് പറഞ്ഞത്; കുലീന-നാട്യക്കാരുടെ കാര്യമല്ല. പട്ടുപാവാട പൊതിഞ്ഞുകെട്ടി എവിടെയെങ്കിലും തിരുകിവെയ്ക്കുകയും ചെയ്യും --അടുത്ത ഓണത്തിന്‌ വീട്ടുപണിക്കാര്‍ക്ക് ആര്‍ക്കെങ്കിലും സമ്മാനിക്കാനായി. മറിച്ച്, അതിനെ കഥയിലെ കുട്ടിയുടെ ഒന്നാം ഓണക്കോടിയാക്കുന്നത് കഥാകൃത്ത് Stockholm Syndrome-ത്തിനു സ്വയം വിധേയയാവുന്നതു കൊണ്ടാവും.

ആ ദുര്‍വിധി മലയാളിയുടെ സാം‌സ്ക്കാരിക രാഷ്ട്രീയം വരുത്തിവെച്ചതുമാണ്. എല്ലാവരും തുല്യരാണ് എന്ന ബൃഹത്തായ വാചകമടിയുടെ അനന്തരഫലമാണത്. ആരും ഒന്നിലും തുല്യരല്ല എന്ന ഭീകരമായ യാഥാര്‍ത്ഥ്യത്തെ കണ്ണില്‍ തുറിച്ചുനോക്കാന്‍ ഭയന്ന് സ്വപ്നമെങ്കിലും കണ്ടോട്ടെ എന്നു യാചിക്കുന്നവരുടെ കാര്യമാണത്. ആ ധ്യാനത്തില്‍ നങ്കൂരമിട്ട് കഥയ്ക്കു തുനിഞ്ഞാല്‍, തേന്‍‌കുഴമ്പന്‍ ആസ്വാദനങ്ങളോടൊപ്പം കഠിന സ്വരത്തിലുള്ള വിമര്‍ശനങ്ങളും പുറപ്പെടും.

സാരമില്ല. കഥയെഴുതി ശീലമാവുമ്പോള്‍ വിമര്‍ശനവും സഹ്യമായ്ക്കോളും.

പക്ഷെ ഈ കഥയായിരുന്നില്ല എന്റെ കമന്റിനു കാരണം --കഥയ്ക്കു വന്നുപെട്ട ആസ്വാദക ദുര്യോഗമാണ്.

പൊരുത്തക്കേടുകളാല്‍ സൌന്ദര്യത്തിന്റെ കുസുമാഘാതത്തെ തടഞ്ഞുനിറുത്തിയ ഈ കഥയെ ഒരുകൂട്ടം ആസ്വാദകര്‍ ആര്‍പ്പുവിളിയോടെ തോളിലേറ്റുന്നു. ചെറുതൊന്നുമല്ല; ഒരു വമ്പിച്ച blogger ജനാവലിതന്നെ. കഥാകൃത്തോ, എണ്ണിയെണ്ണി ‘താങ്ക്സ്’ ചൊരിയുന്നു.

എന്തൊരു പതനം എന്നൊര്‍മ്മിപ്പിച്ച് നടുക്കമുണ്ടാക്കുന്ന പെരുമാറ്റം.

‘പട്ടുപാവാട’-യെ വാഴ്ത്തിയവരില്‍ മിക്കവരും അതെങ്ങിനെയാണവരെ രസിപ്പിച്ചതെന്നു പറയുകയില്ല. അത് വിശദീകരിക്കുവാന്‍ പോലും അശക്തരായ മട്ടില്‍ പ്രകമ്പനം കൊള്ളിക്കുന്ന ഒന്ന് ആ കഥയിലുണ്ടെന്ന് -- എന്നാല്‍പ്പോലും -- അവര്‍ മണക്കും. ഗൃഹാതുരതയെ ഉണര്‍ത്തി എന്നു ചിലര്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഓര്‍ക്കേണ്ടത് ‘ഗൃഹാതുരത’ എന്ന വാക്കില്‍ കുരുങ്ങിയ ഏക്കല്‍ മണ്ണ് അതിന്റെ nostalgia എന്ന ആംഗലേയ പരിഭാഷയ്ക്ക് സമാന്തരമായി ഓടുകയില്ല എന്ന കാര്യമാവും. ‘ഗൃഹാതുരത’ കൊണ്ടുവന്ന അര്‍ത്ഥപ്പടര് നമ്മുടെ ഒരു കാലത്തെ സാഹിത്യത്തെയമ്പെ നക്കിനനച്ചു. അതഴിച്ചുവിട്ട സങ്കുചിതാവബോധം, നമ്മുടെ വൈജ്ഞാനിക പരീക്ഷണങ്ങളെ, തുറവുകളെ, ചങ്കുറപ്പുകളെ, മുന്നേറ്റങ്ങളെ, പെണ്ണിനെ കുറിക്കുന്ന ആണ്‍ബോധങ്ങളെ, സാമൂഹികമായ ശ്രേണീബദ്ധതയെ സപ്രമഞ്ച കട്ടില്‍ക്കാലുകളില്‍ കെട്ടിയിട്ടു. ‘ഗൃഹാതുരത‘, അങ്ങാടിയില്‍ തോല്‍‌വി പ്രതീക്ഷിക്കുന്നവരുടെ അഭയകേന്ദ്രമായി മാറി. അതിലെ ‘പേടിച്ചുതൂറല്‍’ ഘടകത്തെ സമര്‍ത്ഥമായി മറച്ചുകൊണ്ട്, ഒരുതരം മിഴുമിഴാ കാല്‍പ്പനികതയും അത് കൂടെ കൊണ്ടുനടന്നു.

ഇതില്‍നിന്നു കിട്ടിയ കയ്യടിയാണ് കഥാകൃത്തിനെ കൈ മുത്തുവോളം വിനയാന്വിതയാക്കി ‘താങ്ക്സ്’ വിളമ്പിച്ചത്. വിനയം ഒരു നല്ല് ഏര്‍പ്പാടാണെന്ന് നാട്ടുകാര്‍ പറയാത്തതൊന്നുമല്ല. സാമൂഹികമാവുന്നതിലേയ്ക്ക് അതൊരു ഉപകരണമാണ്. കാര്യങ്ങള്‍ മര്യാദയ്ക്കു നടക്കണം എന്നാണതിന്റെ അന്തരേച്ഛ തന്നെ. പക്ഷെ കഥാസ്വാദനത്തില്‍ അതിനു റോള്‍ കാണുമോ? സദാ നല്ല വാക്കുകള്‍ മാത്രം പറയുന്നവരോട്, എല്ലായ്പ്പോഴും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരോട് ‘താങ്ക്സ്’ മൊഴിയുന്നതില്‍ ഒരു Kindergarten യാന്ത്രികത ഉള്‍ച്ചേരുന്നില്ലേ. എങ്കില്‍, ഈ യാന്ത്രിക വിനയം, മറ്റൊരിക്കല്‍, മറ്റൊരു സന്ദര്‍ഭത്തില്‍, അഹിതമായി ഇടപെടുന്നവരോട് കണിശമായും കര്‍ശനമായും പെരുമാറുന്നതിന് വളമേകും. കാരണം അത്രയും മദം നിറയ്ക്കൂന്ന സൌഹൃദങ്ങള്‍ ചുറ്റും ‘നിരയ്ക്കവേ കുത്തി’ നില്‍ക്കുന്നു.

കഥാ-പ്രളയബാധിതരായ ഈ ആസ്വാദകര്‍ ചില്ലറക്കാരാവാന്‍ വഴിയൊന്നും കാണുന്നില്ല. വിദ്യാസമ്പന്നരും വിവരസാങ്കേതിക വിദ്യയില്‍ ശരാശരിയ്ക്കു മേലെ നിലകൊള്ളുന്നവരെങ്കിലുമായിരിക്കണം, അവര്‍. അതേസമയം അതിനോട് പൊരുത്തമുള്ള ഒരു കലാസ്വാദന ശേഷിയ്ക്ക് അപ്രഗത്ഭരുമായിരിക്കുന്നു! കാരണമായി എനിയ്ക്കു തോന്നുക, കലാവിഷ്ക്കാര‍ങ്ങളെ ഇവര്‍ വെറുമൊരു വിനോദമായി തള്ളിയിരിക്കുന്നു എന്നാവും. കരച്ചിലും പിഴിച്ചിലും സ്നേഹം കുത്തിനിറയ്ക്കലും സമാധാനിപ്പിക്കലും. കഥയും കവിതയും ഇവര്‍ക്ക് വാസ്തവത്തില്‍ stress relievers ആയിരിക്കുമോ?

ഈ നിരീക്ഷണം ശരിയാവരുതേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ, ശരിയാവുകയാണെങ്കില്‍ എന്റെ ശ്രമം വ്യര്‍ത്ഥമായിത്തീരുമെന്നും അറിയുന്നുണ്ട്. കാരണം, എനിക്കറിയാം, ഇക്കൂട്ടര്‍ ചെറുകഥയുടെ ഏത് genre-ല്‍ നിന്നാവാം തങ്ങളുടെ ആസ്വാദന നിലവാരം തട്ടിക്കൂട്ടിയെടുത്തിരിക്കുന്നത് എന്ന് ! --അതിനെ എത്രയോ അയിത്തദൂരത്തില്‍ നിറുത്തേണ്ടതാണെന്നും!

എന്നെ പേടിപ്പിക്കുന്നത് ഏകതാനതയില്‍ ഉയരുന്ന ഇവരുടെ കയ്യടികളാണ്. അന്യോന്യം ശ്ലാഘിയ്ക്കുന്ന ഒരു ദുരാചാരം, അന്യോന്യം യാചിക്കുന്ന ഒരു recognition വ്യഥ, ആ കൂട്ട ‘ബലേ ഭേഷ് ’ -ലൂടെ അവര്‍ പങ്കുവെച്ചു. അതിലെ അപായ മണിയടി ചെകിടടപ്പന്‍ ഒലിയോടെ ചെറുകഥയെ സ്നേഹിക്കുന്നവരെ വിരട്ടുവാന്‍ പേശീബലം കാണിക്കുന്നു.

ചെറുകഥയെ പറ്റി ഒരു ചുക്കുമറിയാത്തവരാണിവര്‍ എന്നു കരുതുവാന്‍ മാത്രം അഹന്തയെ പാര്‍പ്പിക്കുന്നവനല്ല, ഇവന്‍. അറിയപ്പെടുന്ന ഒരിരുപത്തഞ്ചു കഥകള്‍ വായിച്ചാല്‍ കിട്ടുന്ന കലാമര്‍മ്മ സാധാരണീയതയെ ചെറുകഥയ്ക്കുള്ളു. അല്ലെങ്കില്‍ ഏതു വിഷയത്തിനുമുള്ളു.

എന്നിട്ടും....

***

നിരുപദ്രവമായേക്കാവുന്ന ഒരു തമാശ കൂടി പറഞ്ഞ് ഒടുക്കാമെന്നു തോന്നുന്നു:

വേനല്‍ക്കാലം. പള്ളിയേലില്‍ ഏരി മാടി, തിടമെടുത്ത്, പന്തലിട്ട് ഒരു കായ്‌കറി കൃഷിയിടം. എട്ടു-പത്ത് വയസ്സുള്ള ഒരു മോണ്‍സ്‌റ്റര്‍ പയ്യന്‍സ് പന്തലിനകത്ത് കുത്തിയിരുന്ന് പ്രകൃതിയുടെ വിളി സശ്രദ്ധം കേള്‍ക്കുകയാണ്. ഇടക്കൊന്ന് ബോറടിച്ചപ്പോള്‍ ഇഷ്ടന്‍ ഒരു വെള്ളരിയ്ക്കാപൂവല്‍ പറിച്ചെടുത്ത് തിന്നാന്‍ തുടങ്ങി.

അതിലൂടെ പോവാന്‍ ഇടയായ ഒരു വഴിപോക്കന്‍, ചെക്കന്റെ ഇരിപ്പും തീറ്റയും കണ്ട് ഒന്നന്ധാളിച്ചു. അയാള്‍ മൂക്കത്ത് വിരല്‍ വെച്ച് ഇങ്ങിനെ പറഞ്ഞു: “ഔ! ന്റെ കുട്ട്യേ... ഏതെങ്കിലും ഒരു കാര്യം ഒരു നേരത്തു ചെയ്യ്യാ....”

മോണ്‍സ്‌റ്റര്‍, എന്നാല്‍, അതുകേട്ടപാടെ ക്രൂദ്ധനായി. അവന്‍ വെള്ളരിക്കാപൂവല്‍ ‘ചട്ണി’യില്‍ മുക്കി കടിച്ചുകൊണ്ട് ഉടന്‍ തിരിച്ചടിച്ചു: “എനിക്കിപ്പിതാ തൊരം ന്ന് ച്ചാലോ...?”

***

ഇതിനു മുമ്പിട്ട കമന്റുകള്‍ മുഴുവനും മനസ്സിലായില്ലെന്ന് സൂചിപ്പിച്ചതിനാല്‍ വിശദമായി വീണ്ടുമെഴുതിയതാണ് --ഇവിടത്തെ മലയാളമെഴുതാന്‍ കുറച്ചു അങ്കലാപ്പുണ്ടായിരുന്നു. ഇതോടുകൂടി നിറുത്തണമെന്നും പ്രതിജ്ഞയുണ്ട്.

Thu Dec 07, 06:06:00 pm IST  
Blogger അതുല്യ said...

സുദേഷിനു,

ഇവിടെ കഥയെന്നോ നോവലെന്നോ കവിതയെന്നോ ഒന്നും ഉദ്ദേശിച്ചല്ല എന്തെല്ലാമോ കുത്തി കുറിച്ചിടാറു. മലയാളത്തിലേ എല്ലാ അക്ഷരവും അറിയാം എന്നത്‌ മാത്രമുള്ള ഹുങ്ക്‌ ഒന്നു മാത്രമാണു എന്നെ പോലെ പലരും ഇവിടെ കാട്ടാറു. സൂ വും ഞാനും ഒക്കെ അത്‌ പോലെ തന്നെ. (സാഹിത്യം/ഭാഷാ നൈപുണത/അറിവ്‌ എന്നിവയൊക്കെ അറിയുന്നവരും ഉണ്ട്‌) അത്‌ കൊണ്ട്‌ എന്തെങ്കിലും ഒരു സീന്‍ മനസ്സ്സില്‍ തോന്നുമ്പോ ഇത്‌ 22ആം നൂറ്റാണിനു ചേരുമോ അല്ലെ, 1915ല്‍ ഇത്‌ പോലെ നടന്നിട്ടുണ്ടാവുമോ ചരിത്രത്തേ വളച്ചോടിയ്കലാവുമോ എന്ന് ഒന്നും ആരും അത്രമേല്‍ ചിന്തിയ്കാറില്ല. വക്കാരിയിട്ട ഒരു അനിയന്റെ ചിത്രവും, ഇന്ന് ശ്രീജിത്ത്‌ കരുതിക്കുട്ടിയിട്ട കവിതയുമൊക്കെ ഒട്ടും സീരയസ്സായി എടുക്കാതെ തന്നെ, അപ്പീസിലിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോഴോ പല സൈറ്റുകള്‍ മാറ്റുമ്പോഴോ ഒക്കെ, ജനലിന്‍ അപ്പുറത്ത്‌ കാണുന്ന ചീറിപായുന്ന അനേകായിരം കാറുകള്‍ എന്ന ഒരു കേവല കാഴ്ചയിലൂടെയെ മിക്കവരും കാണുന്നുള്ളു. ഈ ബൂലോഗവും അതിലെ കുത്തിക്കുറിയ്കലുമൊക്കെ ഇത്രേം സീരിയസ്സായിട്ട്‌ താങ്കള്‍ എടുത്തതില്‍ അല്‍ഭുതം തോന്നുന്നു. ഒരുപക്ഷെ കലാകൗമുദിയിലോ മറ്റോ വന്ന ഒരു ആര്‍ട്ടിക്കിള്‍ ആയിരുന്നെങ്കില്‍ താങ്കളുടെ ഈ വിശകലനം ശരിയ്കും ഒരു കണ്ണുതുറപ്പന്‍ തന്നെ. നിങ്ങള്‍ ഇത്‌ എഴുതാന്‍ എടുത്ത തട്ടകം മാറി പോയി എന്ന ഖേദം എനിക്കുണ്ട്‌.

ഇവിടെ എന്നെ സംബദ്ധിച്ച്‌, ഈ മോണിറ്ററില്‍ ഇംഗ്ലീഷ്‌ അടിയ്കുമ്പോ തെളിയുന്ന മലായാളം ഒരു അല്‍ഭുത വസ്തു പോലെ അറിയാതെ കിട്ടുന്ന അമൃത്‌ പോലയാണു. പ്രായത്തിനോ/ലിംഗത്തിനോ/രാജ്യത്തിന്റെ അതിര്‍ത്തി രേഖയ്കോ ഒക്കെ അതീതമായ ഒരു സാമ്രാജ്യം. പാല്‍പ്പായസം ചിലപ്പോ പാലില്ലാതെ ചിലര്‍ വെച്ച്‌ നോക്കുന്നു, വിത്തിടാതെ മുളവരുമോ എന്ന് മറ്റു ചിലര്‍, അങ്ങനെയെങ്ങനെ ഒരുപാട്‌ ചരടില്ലാതെ ആടുന്ന പാവകളാണു ഞങ്ങള്‍. പാലില്ലാതെ വിളമ്പിയാലും, വിത്തില്ലാതെ മുള നോക്കിയാലും, ഞങ്ങള്‍ കൈയടിയ്കും, കൊറ പറയും, തോണ്ടും പിച്ചും ഒക്കേനും ചെയ്യും. അതികം ചോരപൊടിയാതെ നോക്കും അത്ര തന്നെ. കല്ല്യാണ പന്തലിലേ കല്ല്യാണം കഴിഞ്ഞ്‌ നീല്‍കമല്‍ കസേരയില്‍ കൂടിയിരുന്ന് വാചകമടിയ്കുന്ന അത്ര പ്രസക്തിയേ ഉള്ളു മിക്ക പോസ്റ്റുകള്‍ക്കും. നിലവാരമുള്ള പോസ്റ്റുകള്‍ക്ക്‌ ബൂലോഗത്ത്‌ സ്ഥാനമില്ലാ എന്നല്ലാ. അപ്പീസിലിരുന്ന് മോണിറ്റര്‍ തുറക്കുമ്പോള്‍ അത്രേയേ കാര്‍ക്കശ്യം ഇതിനോട്‌ കാണിക്കേണ്ടു എന്ന് ചിന്താ ഗതിക്കാരിയാണു ഞാന്‍. ചിലപ്പോ എന്തെങ്കിലും കാര്യത്തിനും ചങ്കിടിഞ്ഞ്‌ ചോര പൊടിയുമ്പോഴാവും, വക്കാരീടെ പോസ്റ്റില്‍ ഞാനൊരു തമാശ കമന്റോ തര്‍ക്കുത്തരമോ പറയാറു.

അത്‌ കൊണ്ട്‌ ദയവായി ഈ വക കീറി മുറിയ്കലിനു ഞങ്ങളുടെ പോസ്റ്റുകളിലേയ്ക്‌ വരാതിരിയ്കുക. പല സിനിമയും പണം ചിലവാക്കി കണ്ട്‌, ഇളഭ്യരായി ഇറങ്ങുന്ന നമ്മള്‍, കഥാകാരന്റെ വീട്ടിലോ സംവിധായകന്റെ വീട്ടിലോ കേറി പോയി തെറി പറയാന്‍ നില്‍ക്കാറില്ലല്ലോ അല്ലേ. അത്‌ പോലെ പോസ്റ്റുകളേയും കാണുക.

ഇനി, മേല്‍ പറഞ്ഞവ ഒക്കെ നിലവിലുള്ളപ്പോള്‍ തന്നെ, മറ്റ്‌ ഒരു കാര്യം കൂടി. താങ്കളുടെ ഭാഷ പ്രാവീണ്യം എന്നെ വിസ്മയപെടുത്തുന്നു. ഇംഗ്ലീഷ്‌ കമന്റ്‌ ഞാന്‍ കണ്ടിരുന്നു. അത്‌ ഈ പരുവത്തില്‍ മലയാളത്തിലേയ്ക്‌ ഒട്ടും ഗാംഭീര്യം ചോര്‍ന്ന് പോകാതെ എഴുതണമെങ്കില്‍ താങ്കള്‍ ഒരുപാട്‌ അഭിനന്ദനമര്‍ഹിയ്കുന്നു. തീര്‍ച്ചായായും താങ്കളുടെ ഒരു പോസ്റ്റോ അല്ലെങ്കില്‍ എതെങ്കിലും ഒരു വിഷയത്തേ കുറിച്ച്‌ ഒരു ലേഖനമോ വായിയ്കാന്‍ എനിക്കാഗ്രഹമുണ്ട്‌. വിരോധമില്ലെങ്കില്‍ ഇമെയില്‍ വഴിയോ മറ്റോ വേണ്ടത്‌ ചെയ്യുക.

Thu Dec 07, 06:40:00 pm IST  
Blogger സു | Su said...

ഇബ്രൂ :) നന്ദി.

താരേ :) ഞാന്‍ നേരെ ആയിട്ട് താര നേരെയാവില്ല.

എന്നെ ആരും പ്രോത്സാഹിപ്പിക്കല്ലേ. നന്ദി പറഞ്ഞാല്‍ തലയും കൊണ്ട് പോകും. പോരാത്തതിന് ബ്ലോഗിലെഴുതിയിട്ട് എനിക്ക് കുറേ അവാര്‍ഡ് വാങ്ങാന്‍ ഉണ്ട്. പട്ട് പാവാട എന്ന കഥ ഞാന്‍ ജ്ഞാനപീഠത്തിനും, ബുക്കര്‍ പ്രൈസിനും ഒരുപോലെ അയയ്ക്കാന്‍ തീരുമാനിച്ചിട്ട് എഴുതിയതാ. ബുക്കര്‍ പ്രൈസ് മലയാളത്തിനു കിട്ടുമോ ആവോ. ഇല്ലെങ്കില്‍ ഡിക്‍ഷണറി നോക്കി ഇംഗ്ലീഷില്‍ ആക്കിയെടുക്കണം. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ. സമ്മാനം എനിക്ക് തന്നെ കിട്ടാന്‍.

Thu Dec 07, 06:50:00 pm IST  
Blogger സു | Su said...

മുസാഫിര്‍ :) അതാവും നല്ലത്.

വിചാരം :)നന്ദി.

Thu Dec 07, 06:55:00 pm IST  
Blogger ദേവന്‍ said...

സുദേഷ്‌,
പെട്ടെന്നൊരജ്ഞാതന്‍ ദൈര്‍ഘ്യമേറിയ ഒരു പരിഹാസ പോസ്റ്റ്‌ ഇട്ടതു കണ്ട്‌ അതൊരു സ്ഥിരം മുഖം ധൈര്യമില്ലായ്മയാല്‍ എടുത്തണിഞ്ഞ മുഖം മൂടിയെന്നേ ധരിച്ചിരുന്നുള്ളു ഇതുവരെ. അതുകൊണ്ടു തന്നെ ഞാന്‍ അതിനെ പരിഹസിച്ച്‌ മറ്റൊരണോണിമസ്‌ കമന്റ്‌ താഴെ ചേര്‍ക്കുകയും ചെയ്തിരുന്നു ഇന്നലെ.

സുദേഷിവിടെ പുതിയതെന്ന് ഇപ്പോള്‍ തോന്നുകയാല്‍ ബൂലോഗം എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് വിശദീകരിക്കാം. കമന്റുകള്‍ എന്നാല്‍ നിരൂപണക്കുറിപ്പുകളാണെന്ന തെറ്റിദ്ധാരണയും മാറിക്കിട്ടും അതോടെ.

വളരെയൊന്നും മുന്നേയല്ലാത്ത ഒരു കാലത്ത്‌ വാരികകളെല്ലാം ഒന്നാം തരം നോവലുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നെന്നും ഇന്ന് വല്ലപ്പോഴും വരുന്ന ശരാശരി ചെറുകഥകളില്‍, അതും അമ്പതുകള്‍ താണ്ടിക്കഴിഞ്ഞ എഴുത്തുകാരുടെ കഥകള്‍ മാത്രമായി ചുരുങ്ങിയെന്നും ഞാന്‍ പറഞ്ഞ്‌ അറിയേണ്ട കാര്യമില്ലല്ലോ. ഒരദ്ധ്യാപന വൃത്തിക്കു വേണ്ട യോഗ്യത എന്നു കരുതി മലയാളം പഠിക്കുന്നവരൊഴികെയുള്ളവര്‍ ചുരുക്കം ഇക്കാലത്ത്‌. നാളെ എഴുത്തിലെ മലയാളം മൊത്തമായി ഇല്ലാതാകും. ലിപിയില്ലാതെയായി പിന്നെയതൊരു മൃതഭാഷയാകും.

ആ നാളെ വരാതിരിക്കാന്‍ ശ്രമിക്കുകയാണ്‌ ബൂലോഗം നിര്‍മ്മിക്കുന്നവര്‍. ഇവിടെ വരാന്‍ വേണ്ടി മലയാളം പഠിച്ചവരും ഇവിടെ വന്നതിനു ശേഷം ആദ്യമായി മലയാളം എഴുതുന്നവരും
ഇവിടെയിരുന്ന് എഴുത്തും വായനയും പഠിപ്പിക്കുന്നവരുമൊക്കെത്തന്നെ കൂടുതലും. എട്ടു വയസ്സിനു ശേഷം ഒരിക്കലും നാലക്ഷരം മലയാളമെഴുതാതെ മുപ്പതുകള്‍ കടന്ന ഞാന്‍ മുതല്‍ ഇരുപത്തഞ്ചു വയസ്സില്‍ ആദ്യമായൊരക്ഷരം കുറിച്ച കൈപ്പള്ളി വരെ. ഭാഷാപണ്ഡിതരല്ലാത്ത എഴുത്തൊരു തൊഴിലാക്കത്ത , എഴുതാന്‍ മറ്റൊരു സാഹചര്യവുമില്ലാത്തവരോ ആയ ഞങ്ങളില്‍ നിന്നാണ്‌ അടുത്ത നവോത്ഥാനമുണ്ടാവേണ്ടത്‌. എന്റെ അടുത്ത തലമുറക്ക്‌ ഏഷ്യാനെറ്റിലെ പ്രാകൃതഭാഷയല്ലാതെ മറ്റു മലയാളമൊന്നുമറിയില്ല. അവര്‍ എഞ്ജിനീയറും ഡോക്റ്ററുമല്ലാതെ മനുഷ്യനു മറ്റൊന്നുമാവാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തില്‍ അദ്ധ്വാനിക്കുന്നു. അവരിവിടെ വരുമ്പോഴേക്ക്‌ വായിക്കാന്‍ നാലു വരി ഉണ്ടാവണം മലയാളത്തിന്‌. "മൃതവൃക്ഷങ്ങളരച്ചു പരത്തി അതിന്മേല്‍ പണ്ടുള്ളവര്‍ പതിച്ചു വച്ചത്‌ ഉപയോഗശൂന്യമായിപ്പോകുന്നു, നാളത്തെ മനുഷ്യനത്‌ തിരയില്ല, വിരലാല്‍ ബട്ടണ്‍ തട്ടി ഇവിളിച്ചാല്‍ മുന്നിലെത്തുന്ന അറിവായി മാറ്റുക നമ്മള്‍മലയാളത്തെ." ഈയടുത്ത സമയത്തെ യു ഏ ഇ ബ്ലോഗ്ഗേര്‍സ്‌ മീറ്റില്‍ ഒരാള്‍ പ്രസംഗിച്ചതിങ്ങനെ.

ഇന്ന് ഈ ചാരം ഇളക്കി ബാക്കി വന്ന ആരും കാണാതെ പോയ, സ്വയം ജ്വലിക്കാന്‍ ചുറ്റുപാടില്ലാത്ത കനലുകളെ കാറ്റു തട്ടിച്ചില്ലെങ്കില്‍ നാളെ എരിയാന്‍ തീയുണ്ടാവില്ല, എത്ര
വിറകിട്ടാലും.

ഇത്‌ സാധാരണക്കാരനെ സാഹിതീനാഥരാക്കും ജനകീയോത്സവം. 400 കവികള്‍ കൂടി അകപ്പൊരുള്‍ തീര്‍ത്ത സംഘകാലം ഉരുത്തിരിച്ച പശും പൊന്‍ തമിഴിനെക്കാള്‍ മിന്നുന്നൊരു മലയാളം തീര്‍ക്കാനുള്ള ദൈര്‍ഘ്യവും വൈഷമ്യവും നിറഞ്ഞ വിപ്ലവം. താങ്കള്‍ക്കതിലൊരു പങ്കാളിയാകാന്‍ കഴിയും. ഒരക്ഷരം ഒരാളെക്കൊണ്ട്‌ മലയാളമെഴുതിക്കുകയേ വേണ്ടൂ. അതൊരു കഥയോ കവിതയോ തമാശയോ ലേഖനമോ ആവട്ടെ. ഇവിടെ കയ്യടിയൊച്ച കേള്‍ക്കാം.

ഭാഷയില്‍ നല്ല വൈദഗ്ദ്ധ്യമുള്ളവരും സെലിബ്രിറ്റി എഴുത്തുകാരും ഒക്കെ ഇവിടെയും ഒരു ന്യൂനപക്ഷമായെങ്കിലും ഉണ്ട്‌. അവരും ഈ കൊച്ചു ശ്രമങ്ങള്‍ക്കുമേല്‍ വലിയ സ്വപ്നം നെയ്യുന്നു ബൂലോഗത്ത്‌.

ഇവിടെ നിന്ന് എവിടെവരെ എത്താന്‍ കഴിയുമെന്ന് സംശയമുണ്ടോ? എനിക്കില്ല. ഇതുവരെ ഉണ്ടായിരുന്നയത്രപോലുമില്ല. കുട്ടിത്തമാശകള്‍ എഴുതാനായി ബ്ലോഗ്‌ തുടങ്ങിയ ഒരാള്‍ ഇന്നൊരു എണ്ണം പറഞ്ഞ നോവലെഴുതുന്നു. ആളിന്റെ പേരു പറഞ്ഞ്‌ തല്‍ക്കാലം അയാളില്‍ അമിതമായ പെര്‍ഫോര്‍മന്‍സ്‌ ആങ്ക്സൈറ്റി ഉണ്ടാക്കുന്നില്ല.

Thu Dec 07, 07:45:00 pm IST  
Blogger അതുല്യ said...

ദേവന്‍ എന്ത്‌ കൊണ്ട്‌ എന്നെ സ്പെഷലായിട്ട്‌ മെന്‍ഷന്‍ ചെയ്തില്ല? 1987 ല്‍ മലയാളം മമ്നൂന്‍ ആയിട്ട്‌, ക്‌ ഒാര്‍ മാ ന്ന് ഒരക്ഷരം മിണ്ടാതെ, മലയാള സിനിമാ പോസ്റ്റര്‍ പോലും നോക്കാന്‍ ഇല്ല്യാണ്ടെ യു.പി യില്‍ കടുകെണ്ണെയില്‍ വരണ്ട്‌ ഉണങ്ങിയ എന്നെ ആ ഈ തറ പറ എന്നൊക്കെ 18 കൊല്ലത്തിനു ശേഷം കാട്ടി തന്നതും (ഫുള്‍ ക്രേഡിറ്റ്‌ റ്റു കലേഷ്‌.....) വായിയ്കുന്നതും ഞാന്‍ ഈ ബ്ലോഗിലൂടെയാണു. ഇപ്പോഴും വീട്ടില്‍ മലയാള ചാനലോ പേപ്പറോ, മിണ്ടാനോ നോ വഴി. അതോണ്ട്‌ ബ്ലോഗും അതിലെ അക്ഷരങ്ങളും എനിക്ക്‌ ശ്വാസം പോലെയാണെന്ന് ദേവന്‍ പറഞ്ഞേ പറ്റു. പ്ലീസ്‌....

Thu Dec 07, 10:51:00 pm IST  
Blogger വേണു venu said...

This comment has been removed by a blog administrator.

Thu Dec 07, 10:58:00 pm IST  
Blogger Adithyan said...

മുകളില്‍ എഴുതിയിരിക്കുന്ന സുദേഷിനും പിന്നെ ബാക്കി വിമര്‍ശകര്‍ക്കും പൊതുവായി ഒരു മറുപടി - ഇവിടെ പല വിമര്‍ശകരും മുടിനാരിഴ കീറി ഒരു കല്ലും വിടാതെ ചികഞ്ഞ് വിമര്‍ശിക്കുന്നതു കാണുന്നു. പല വിമര്‍ശകരുടെയും പരാതി ബ്ലോഗില്‍ എഴുതുന്നവരൊന്നും മലയാളത്തിലെ മഹാ സാഹിത്യകാരന്മാരുടെ നിലവാരത്തില്‍ എഴുതുന്നില്ല എന്നാണ്. ഒന്നു പറഞ്ഞോട്ടേ, നിങ്ങള്‍ വിമര്‍ശകരുടെ നിലവാരം മഹാ വിമര്‍ശകരുടെ പോയിട്ട് ആവറേജ് വായനക്കാരന്റെ പോലും നിലവാ‍രത്തിലേക്ക് ഉയരുന്നില്ല. ശ്രീ എം കൃഷ്ണണ്‍ നായര്‍ എന്നൊരു മഹാ പണ്ഡിതന്‍ ചവറെഴുതുന്നവരെ നിര്‍ത്തിപ്പൊരിക്കുന്നു, ആ നിര്‍ത്തിപ്പൊരിക്കലിനെ തന്റെ പരന്ന വായന കൊണ്ട് സാധൂകരിക്കുന്നു എന്നത് കണ്ട് ചാടിയിറങ്ങി ഏതെങ്കിലും കൃതിയെ വെറുതെ ചീത്ത വിളിക്കുന്നത് കൊണ്ട് നിങ്ങള്‍ മഹാവിമര്‍ശകനാവുന്നില്ല.

അതു കൊണ്ട് ഇവിടുത്തെ വിമര്‍ശകരോട് എന്റെ അഭ്യര്‍ത്ഥന - നിങ്ങള്‍ നിങ്ങളുടെ കഴിവ് തെളിയിക്കൂ, എന്നിട്ട് ഒരു ബ്ലോഗ് തുടങ്ങൂ വിമര്‍ശിക്കാനായി. അവിടെ വിമര്‍ശിക്കപ്പെടണം എന്ന് ആഗ്രഹമുള്ളവര്‍ പോസ്റ്റുകള്‍ കൊണ്ടുവന്ന് തരാം. അതിനെ കീറി മുറിക്കുകയോ ചവിട്ടിയരയ്ക്കുകയോ എന്തു വേണേല്‍ ചെയ്യാം.

ഞാന്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം “നന്നായി”, “സൂപ്പര്‍” എന്നല്ലാതെ കമന്റുകള്‍ ഇടാന്‍ പാടില്ല എന്നല്ല. നിങ്ങള്‍ക്ക് തോന്നുന്ന അഭിപ്രായം എഴുതാം, പക്ഷെ അത് മറ്റൊരാളുടെ ‘വീട്ടില്‍’ ആണ് ചെയ്യുന്നതെന്ന ബോധ്യത്തോടെ സഭ്യമായ ഭാഷയില്‍ ആയിരിക്കണം. അല്ലാതെ വെറുതെ “ഈ ചവര്‍ എഴുതി വിടുന്നു, അതിനെ എല്ലാവരും പുകഴ്ത്തുന്നു, നിങ്ങള്‍ക്ക് വേറേ പണിയൊന്നുമില്ലേ” എന്ന രീതിയില്‍ പുച്ഛപ്രകനമാവരുത്. ഇങ്ങോട്ട് പുച്ഛിച്ചാല്‍ അങ്ങോട്ടും അതു തന്നെ തരാന്‍ ഞ്ങ്ങള്‍ക്കാര്‍ക്കും യാതൊരു മടിയും ഇല്ല, അതു കഴിഞ്ഞ് “വിമര്‍ശനത്തെ നേരെ സ്വീകരിക്കുന്നില്ല” എന്നും പറഞ്ഞ് മോങ്ങരുത്. ഇങ്ങോട്ട് എങ്ങനെയാണോ അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും...

കണ്‍സ്ട്രക്ടീവ് വിമര്‍ശനത്തെ ഇവിടെ ആരും തള്ളിപ്പറഞ്ഞിട്ടില്ല, സ്വാഗതം ചെയ്തിട്ടെയുള്ളൂ. 'വ്യത്തിഹത്തിയ' എന്തു വില കൊടുത്തും ഞങ്ങള്‍ എതിര്‍ക്കും.

ഒന്നു കൂടി - വിമര്‍ശിക്കാന്‍ വേണ്ടി ഓടി വന്ന് വിമര്‍ശിച്ചിട്ട് പോകരുത്. എന്താണിത്, എന്തിനു വേണ്ടി എന്നു ഒക്കെ നല്ലതു പോലെ അറിയാമെങ്കില്‍ മാത്രം വിമര്‍ശിക്കുക. ഈ വിമര്‍ശിച്ച സുഹൃത്തിന് ബ്ലോഗുകളുടെ സ്വഭാവത്തെപ്പറ്റി വലിയ ഐഡിയ ഒന്നും ഇല്ല എന്നു വ്യക്തം. അതു പോലെ പണ്ടൊരു വിമര്‍ശകന്‍ വിമര്‍ശനം എല്ലാം കഴിഞ്ഞ് പറഞ്ഞത് “ഓ ഇത് അനുഭവങ്ങളായിരുന്നോ? ഞാന്‍ കരുതി കഥയാണെന്ന്”... ആ മാതിരിയുള്ള പ്രഹസനങ്ങള്‍ ഒഴിവാക്കിക്കൂടെ?

Thu Dec 07, 11:37:00 pm IST  
Blogger സു | Su said...

ഇനി മറുപടി പറഞ്ഞില്ലാന്ന് വേണ്ട.

ശ്രീ സുദേഷ് സാറേ,

ഇംഗ്ലീഷില്‍ പറഞ്ഞപോലെയാണോ ഇവിടെ പറഞ്ഞത്? ഓക്കെ. സമ്മതിച്ചു. ഞാന്‍ കുറേ വര്‍ഷങ്ങളായിട്ട് കഥ എഴുതിക്കൊണ്ടിരിക്കുകയൊന്നും അല്ലായിരുന്നു. കഥാകാരി എന്നൊന്നും എന്നെ പറയാന്‍ മാത്രം ആയിട്ടും ഇല്ല. ഞാന്‍ എഴുതുന്നതൊക്കെ മഹത്തായ കൃതികള്‍ ആണെന്ന് എനിക്കിതുവരെ തോന്നിയിട്ടുമില്ല. പട്ട് പാവാട എന്ന കഥയെ താങ്കള്‍ ആദ്യം വിമര്‍ശിച്ച് കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. വിമര്‍ശിക്കാന്‍ പറ്റിയൊരു കഥ. വിമര്‍ശനം ഇഷ്ടമായില്ല എന്നുള്ളത് സത്യം. അതുകൊണ്ടാണ് ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചത്. അപ്പോ പിന്നേം വന്നല്ലോ നീണ്ട കമന്റ്. അത് വായിച്ച് മനസ്സിലാക്കുന്ന സമയത്ത് എനിക്കൊരു പത്ത് പോസ്റ്റ് ഇടാലോ എന്നാണ് വിചാരിച്ചത്. എന്നാലും എന്റെ ഒരു കഥ വായിച്ച്, കാര്യമായി വിമര്‍ശിച്ചതാണല്ലോന്ന് വിചാരിച്ചാണ് മറുപടി ഇട്ടത്. ഒരു പാവം കഥയെ ഇത്രയൊക്കെ കീറി മുറിക്കാന്‍ ഉണ്ടോ? അതുപോട്ടെ. എനിക്ക് കമന്റിട്ട എന്റെ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞതിനേം വിമര്‍ശിച്ചു കണ്ടു. ഇതൊക്കെ ചെയ്തിട്ട് താങ്കള്‍ എന്ത് നേടി? സന്തോഷമായോ.
ചില വാക്കുകള്‍ തിരിച്ചെടുക്കാന്‍ പോലും തോന്നില്ല. ഓര്‍ത്താല്‍ നല്ലത്.

കഥ ഒരു പൊട്ടക്കഥ ആയിരുന്നു. അതില്‍ താങ്കളുടെ കമന്റില്‍ പറഞ്ഞപോലെ പോരായ്മകളേ ഉള്ളൂ. സമ്മതിച്ചു. പോരേ? ഇവിടെ അത്തരം കഥകളേ ഉണ്ടാവൂ.

എല്ലാ ദിവസവും വന്ന് വായിച്ചുനോക്കൂ. പറഞ്ഞതൊക്കെ കുറച്ച് അധികം ആയില്ലേന്ന്. ഒന്നും ചെയ്യാന്‍ പറ്റില്ല.


പട്ട് പാവാടയ്ക്ക് കുറച്ച് തിളക്കം തോന്നിയിരുന്നു എഴുതി പോസ്റ്റിയപ്പോള്‍. അത് മങ്ങിപ്പോയി.


നന്ദി പറയാന്‍ മറന്നു.

നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി
നന്ദി


qw_er_ty

Fri Dec 08, 12:28:00 am IST  
Anonymous Anonymous said...

Dear Su and Supporters,
It's sad to see the response to constructive criticism. Please open your eyes and accept the limitations in your writing. If you can use blog as a medium to improve your skills, do that and respond positively to the comments. There is no point in telling that this is a time pass.... At least respect the time spent on reading and posting comments.

For those who don't know who sudesh is:

http://ayanam.com/home1.html
http://ayanam.com/derida1.html
http://ayanam.com/mulan1.html
http://ayanam.com/thulyar1.html

Sun Dec 10, 07:08:00 am IST  
Blogger ഗുപ്തന്‍ said...

ഗുഡ് ലക്കിന്: ഇങ്ങളേത് കൊമ്പനാണേലും ഉത്തരം മുകളിലുണ്ടപ്പാ... പോയി പണി നോക്ക്..


qw_er_ty

Tue May 22, 01:15:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home